Published on Sun, 12/11/2011 

 അധ്യക്ഷന്‍ തുനീഷ്യയില്‍ ഇടക്കാല ഭരണഘടനക്ക് അംഗീകാരം
തുനീഷ്യന്‍ പാര്‍ലമെന്‍റ് അധ്യക്ഷന്‍ മുസ്തഫ ബിന്‍ ജഅ്ഫര്‍ വോട്ടെടുപ്പിനിടെ അംഗങ്ങളുമായി ചര്‍ച്ച നടത്തുന്നു
തൂനിസ്: വിപ്ളവാനന്തര തുനീഷ്യയില്‍ ജനാധിപത്യ പ്രക്രിയകള്‍ക്ക് തുടക്കംകുറിച്ച്ഇടക്കാല ഭരണഘടനക്ക് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. അഞ്ചുദിവസം നീണ്ട ചര്‍ച്ചക്കൊടുവിലാണ്, രാജ്യത്ത് പുതിയ ഭരണകൂടം തെരഞ്ഞെടുക്കപ്പെടുന്നതുവരെ നിലനില്‍ക്കുന്ന ഭരണഘടനക്ക് അംഗീകാരം നല്‍കിയത്.217 അംഗ പാര്‍ലമെന്‍റില്‍ 141 പേര്‍ ഭരണഘടനക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 37 അംഗങ്ങള്‍ എതിരഭിപ്രായം പ്രകടിപ്പിച്ചു. പ്രതിപക്ഷത്തെ 39 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇടക്കാല ഭരണഘടനയെക്കുറിച്ച് ചര്‍ച്ച നടന്ന അഞ്ചുദിവസവും പാര്‍ലമെന്‍റ് മന്ദിരത്തിന് പുറത്ത് രാജ്യത്തെ ജനാധിപത്യ പ്രക്രിയകള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ സമാധാനപരമായി മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
ഇടക്കാല ഭരണഘടനക്ക് അംഗീകാരം ലഭിച്ചതോടെ രാജ്യത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനും പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിനും കളമൊരുങ്ങി. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറായിരിക്കും ഒൗദ്യോഗിക ഭരണഘടനക്ക് രൂപം നല്‍കുക.
‘ചരിത്ര നിമിഷം’ എന്നാണ് ഭരണഘടനക്ക് അംഗീകാരം ലഭിച്ചതിനെ പാര്‍ലമെന്‍റ് അധ്യക്ഷന്‍ മുസ്തഫ ബിന്‍ ജഅ്ഫര്‍ വിശേഷിപ്പിച്ചത്. പുതിയ തുനീഷ്യയുടെ തുടക്കമാണിതെന്നും അദ്ദേഹം പാര്‍ലമെന്‍റിലെ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു. പുതിയ നേതൃത്വം തിങ്കളാഴ്ച അധികാരമേല്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിലെ ധാരണയനുസരിച്ച് കോണ്‍ഗ്രസ് ഫോര്‍ ദ റിപ്പബ്ളിക് പാര്‍ട്ടിയുടെ മുന്‍സിഫ് മര്‍സൂഖിയെ പ്രസിഡന്‍റായും അന്നഹ്ദയുടെ ഹമദി ജബലിയെ പ്രധാനമന്ത്രിയായും നിയമിക്കും.
ഭരണഘടനയില്‍ പ്രസിഡന്‍റിനേക്കാള്‍ പ്രധാനമന്ത്രിക്ക് കൂടുതല്‍ അധികാരം അനുവദിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷ കക്ഷികള്‍ വോട്ടിങ് ബഹിഷ്കരിച്ചത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Tue, 12/13/2011 

മോണ്‍സെഫ് മര്‍സൗക്കി ടുണീഷ്യന്‍ പ്രസിഡന്റ്
ടുണിസ് : വിമത നേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മോണ്‍സെഫ് മര്‍സൗക്കി ടുണീഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ദശാബ്ദക്കാലമായി പാരീസിലായിരുന്ന മര്‍സൗക്കി ജനുവരിയില്‍ മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ ജനാധിപത്യ പ്രക്ഷോഭത്തിലൂടെ പുറത്താക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് ടൂണിഷ്യയില്‍ തിരിച്ചെത്തിയത്.
217 അംഗ അസംബ്ലിയില്‍ 153 വോട്ടുകളോടെയാണ് മര്‍സൗക്കി തെരഞ്ഞെടുക്കപ്പെട്ടത്. ടൂണീഷ്യയുടെ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുകയാണ് മര്‍സൗക്കിയുടെ ആദ്യ ചുമതല.
എന്നില്‍ വിശ്വാസമര്‍പ്പിച്ച് എനിക്ക് വോട്ടു ചെയ്ത അസംബ്ലിയിലെ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും അതോടൊപ്പം തന്നെ എനിക്ക് വോട്ടു ചെയ്യാതിരുന്നവര്‍ എനിക്ക് തന്ന സന്ദേശത്തെ സ്വീകരിക്കുന്നുവെന്നും മര്‍സൗക്കി പറഞ്ഞു. തന്റെ സര്‍വ്വശക്തിയും ഉപയോഗിച്ച് ടൂണിഷ്യന്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോക്ടറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മര്‍സൗക്കിയെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിന്‍ അലിയെ എതിര്‍ത്തതിന് 1994ല്‍ തടവിലാക്കിയിരുന്നു. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നാലു മാസത്തിനു ശേഷം വിട്ടയച്ചെങ്കിലും നിര്‍ബന്ധപൂര്‍വ്വം ഫ്രാന്‍സിലേക്കു നാടുകടത്തുകയായിരുന്നു. പിന്നീട് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണു നാട്ടില്‍ തിരിച്ചെത്തിയത്. രാജ്യത്ത് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ആദ്യ പ്രസിഡന്റാണ് മര്‍സൗക്കി.
 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


ഖലീലുര്‍റഹ്‌മാന്‍ മുട്ടില്‍

മുല്ലപ്പൂ വിപ്ലവത്തിന്റെ ഫലമായി തുനീഷ്യയിലെ ഏകാധിപത്യം അവസാനിച്ചു. പതിറ്റാണ്ടുകള്‍ തുനീഷ്യന്‍ സിംഹാസനത്തിനുടമയായ സൈനുല്‍ ആബിദീന്‍ ബിന്‍ അലി സ്ഥാനഭ്രഷ്‌ടനാക്കപ്പെടുകയും വിപ്ലവകാരികള്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഒക്‌ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിക പണ്ഡിതനായ റാഷിദ്‌ ഗനൂഷിയുടെ അന്നഹ്‌ദ പാര്‍ട്ടി ഭൂരിപക്ഷം നേടുകയുണ്ടായി. തെരഞ്ഞെടുപ്പിന്‌ ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: ``തുനീഷ്യ എല്ലാവരുടേതുമാണ്‌.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടും. ഇസ്‌ലാമിനെ ആരുടെ മേലും അടിച്ചേല്‌പിക്കുകയില്ല. സ്വതന്ത്ര തുനീഷ്യയാണ്‌ ഞങ്ങളുടെ ലക്ഷ്യം. മുസ്‌ലിംകള്‍ക്കും ഇതര മതസ്ഥര്‍ക്കും മതമില്ലാത്തവര്‍ക്കും തുല്യസ്വാതന്ത്ര്യം രാജ്യത്ത്‌ നിലവില്‍ വരും.'' തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി നടന്ന ക്രിസ്‌ത്യന്‍-മുസ്‌ലിം സംഘട്ടനങ്ങളെ പര്‍വതീകരിച്ചുകൊണ്ട്‌ സ്വേച്ഛാധിപത്യത്തിനു പകരം മതാധിപത്യമാണ്‌ വരുന്നതെന്നും തുനീഷ്യയിലെ മതന്യൂനപക്ഷങ്ങള്‍ ആശങ്കാകുലരാണെന്നുമുള്ള ആഗോള മാധ്യമങ്ങളുടെ പ്രചാരണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ഗനൂഷി.
ഇസ്‌ലാമിക ഭരണത്തിനു കീഴില്‍ അമുസ്‌ലിംകളുടെ ജീവിതം പരിതാപകരവും നരകീയവുമായിരിക്കുമെന്ന്‌ ഒരു ധാരണ അമുസ്‌ലിംകളുടെ മനസ്സില്‍ വേരോടിയിട്ടുണ്ട്‌. ഇസ്‌ലാമിക വിചാരങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്‌പിക്കുമെന്നും പര്‍ദപോലുള്ള വേഷവിധാനങ്ങള്‍ സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുമെന്നും താങ്ങാന്‍ കഴിയാത്ത ജിസ്‌യ ചുമത്തുമെന്നും ആരാധനാലയങ്ങള്‍ തകര്‍ക്കുമെന്നും അവര്‍ ആശങ്കിക്കുന്നു. ഇവിടെയാകുന്നു ഇസ്‌ലാമിക രാഷ്‌ട്രം അമുസ്‌ലിംകള്‍ക്ക്‌ നല്‌കുന്ന അവകാശങ്ങളും സുരക്ഷയും പഠനവിധേയമാകുന്നത്‌.
ഇസ്‌ലാമികരാഷ്‌ട്രം രൂപംകൊള്ളുന്നത്‌ പ്രധാനമായും രണ്ടു തരത്തിലാകുന്നു. ഒന്ന്‌: ആദര്‍ശ ശത്രുക്കള്‍ക്കെതിരെ പടപൊരുതി നേടിയെടുക്കുന്നത്‌. രണ്ട്‌: ജനകീയ വിപ്ലവത്തിലൂടെ അധികാരിവര്‍ഗത്തെ സ്ഥാനഭ്രഷ്‌ടമാക്കിക്കൊണ്ട്‌. പ്രവാചകനും ഖലീഫമാരും ആദര്‍ശ ശത്രുക്കള്‍ക്കെതിരെ പടപൊരുതിയാണ്‌ ഇസ്‌ലാമിക രാഷ്‌ട്രം പണിതത്‌. പ്രവാചകന്‍ മക്കയില്‍ നിന്നും മദീനയിലേക്ക്‌ നിര്‍ബന്ധിത പലായനം നടത്തിയതും മക്ക തിരിച്ചു പിടിച്ചതും തുടര്‍ന്നു നടന്ന യുദ്ധങ്ങളും ആദര്‍ശ ശത്രുക്കള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു. ഭൂപ്രദേശങ്ങള്‍ വെട്ടിപ്പിടിക്കലായിരുന്നില്ല ഈ പോരാട്ടത്തിന്റെ മുഖ്യ ലക്ഷ്യം. ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള ശത്രുത അവസാനിപ്പിക്കലായിരുന്നു. അതുകൊണ്ടാണ്‌ ശത്രുത അവസാനിപ്പിച്ച്‌ മുസ്‌ലിംകളോട്‌ വിധേയത്വം പുലര്‍ത്താന്‍ ആദര്‍ശവിരോധികള്‍ സന്നദ്ധമാവുന്നതോടു കൂടി അവര്‍ക്കെതിരിലുള്ള സകല സമരപരിപാടികളും പ്രവാചകന്‍ നിര്‍ത്തിവെച്ചിരുന്നത്‌.
ഇങ്ങനെ രൂപപ്പെട്ടുവരുന്ന രാഷ്‌ട്രത്തിലെ അമുസ്‌ലിം പൗരന്മാരും ജനകീയ വിപ്ലവത്തിലൂടെ രൂപപ്പെട്ടുവരുന്ന രാഷ്‌ട്രത്തിലെ അമുസ്‌ലിം പൗരന്മാരും രണ്ടു തരക്കാരായിരിക്കും. ഒന്നാമത്തെ രാഷ്‌ട്രത്തിലെ അമുസ്‌ലിംകള്‍ സ്വാഭാവികമെങ്കിലും ഇസ്‌ലാമിനോടും മുസ്‌ലിംകളോടും പകയും വിദ്വേഷവും ഉള്ളിലൊതുക്കി കഴിയുന്നവരായിരിക്കും. രണ്ടാം രാഷ്‌ട്രത്തിലെ അമുസ്‌ലിംകള്‍ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും പകയൊന്നുമില്ലാത്തവരാണെന്നു മാത്രമല്ല അവിടത്തെ മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയും ഒരേ ഒരു വികാരം മുന്‍ഭരണാധികാരിയോടും അയാളുടെ അനുയായികളോടുമുള്ള രാഷ്‌ട്രീയ വെറുപ്പ്‌ മാത്രമായിരിക്കും. ഈ രണ്ട്‌ രാഷ്‌ട്രങ്ങളിലെയും അമുസ്‌ലിം പൗരന്മാരോട്‌ രണ്ടു തരത്തിലുള്ള സമീപനമാണ്‌ ഇസ്‌ലാം വെച്ചുപുലര്‍ത്തുന്നത്‌.
ഒന്നാമത്തെ രാഷ്‌ട്രത്തിലെ മുസ്‌ലിം ആധിപത്യത്തിനു കീഴില്‍ കഴിയുന്ന അമുസ്‌ലിംകളില്‍ ശത്രുത വെച്ചുപുലര്‍ത്തുന്നവരും അല്ലാത്തവരും ഉണ്ടായിരിക്കും. ഇരുകൂട്ടരുടെയും സുരക്ഷ ഉറപ്പുവരുത്താനും അവകാശങ്ങള്‍ സംരക്ഷിക്കാനും ഇസ്‌ലാമിക രാഷ്‌ട്രം പ്രതിജ്ഞാ ബദ്ധമാണ്‌. അതില്‍ വീഴ്‌ച വരുത്തിയാല്‍ ദൈവത്തിന്റെ കടുത്ത വിമര്‍ശനത്തിനും മരണാനന്തര ജീവിതത്തില്‍ ആ ഭരണാധികാരികള്‍ നരകീയ ജീവിതത്തിനും വിധേയരാവേണ്ടി വരുമെന്നാണ്‌ പ്രവാചകന്‍ നല്‌കുന്ന മുന്നറിയിപ്പ്‌. `നിങ്ങളെല്ലാവരും ഭരണാധികാരികളാണ്‌. തങ്ങളുടെ പ്രജകളെക്കുറിച്ച്‌ ദൈവസന്നിധിയില്‍ ചോദ്യം ചെയ്യപ്പെടും' എന്ന പ്രവാചക വചനത്തിന്റെ പരിധിയില്‍ അമുസ്‌ലിം പൗരന്മാരുടെ കാര്യവും ഉള്‍പ്പെടും.
ഇസ്‌ലാമിക രാഷ്‌ട്രത്തോട്‌ വിധേയത്വം കാണിക്കാന്‍ നിര്‍ബന്ധിതരായ, ശത്രുത വെച്ചുപുലര്‍ത്തുകയോ ശത്രുവിനെ സഹായിക്കുകയോ ചെയ്‌തിരുന്ന അമുസ്‌ലിം പൗരന്മാര്‍ക്ക്‌ മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ഇസ്‌ലാമിക രാഷ്‌ട്രത്തിന്‌ അവരില്‍ നിന്നും സംരക്ഷണ നികുതി (ജിസ്‌യ) ഈടാക്കാന്‍ മതം അനുമതി നല്‌കുന്നുണ്ട്‌. ഇസ്‌ലാം വിരുദ്ധര്‍ ലോകത്തെ വളരെയധികം തെറ്റിദ്ധരിപ്പിച്ച കാര്യമാവുന്നു ജിസ്‌യ. മതനികുതി എന്നാണവര്‍ ജിസ്‌യക്കു നല്‌കിയ അര്‍ഥകല്‌പന. ഇസ്‌ലാമിനെ മനപ്പൂര്‍വം കരിവാരിത്തേക്കാനുള്ള ഒരു ശ്രമമായിരുന്നു ഈ അര്‍ഥ കല്‌പനയ്‌ക്കു പിന്നിലുള്ള ഗൂഢലക്ഷ്യം. ഇസ്‌ലാമിക രാഷ്‌ട്രത്തിലെ മതന്യൂനപക്ഷങ്ങള്‍ക്ക്‌ ജീവിതം നരകതുല്യമാണെന്നും വന്‍നികുതി ഒടുക്കാന്‍ തയ്യാറായില്ലെങ്കില്‍ മുസ്‌ലിംകള്‍ അവരെ വകവരുത്തുമെന്നും അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ മതം നിശ്ചയിച്ച ജിസ്‌യയുടെ സ്വഭാവവും തോതും പരിഗണിക്കുകയാണെങ്കില്‍ അത്‌ വെറും സംരക്ഷണ നികുതിയാണെന്ന്‌ മനസ്സിലാക്കാന്‍ കഴിയും. ശത്രുത വെച്ചുപുലര്‍ത്താത്ത അമുസ്‌ലിം പൗരന്മാരില്‍ നിന്നും ജിസ്‌യ ഈടാക്കുകയുമില്ല.
തെറ്റിദ്ധരിക്കപ്പെട്ട ജിസ്‌യ
ഭൂമിയിലെ മനുഷ്യോല്‌പത്തി മുതല്‍ തന്നെ യുദ്ധവും കീഴടക്കലുമുണ്ടായിരുന്നു. പുരാതന സമൂഹങ്ങളിലും ആധുനിക സമൂഹങ്ങളിലും വിജയിച്ചവന്‍ കീഴടങ്ങിയവനെ ശത്രുതാപരവും ക്രൂരവുമായ മര്‍ദനങ്ങള്‍ക്ക്‌ വിധേയമാക്കിയിരുന്നു. അതോടൊപ്പം ശത്രുപക്ഷത്തിന്റെ വസ്‌തുവകകള്‍ കണ്ടുകെട്ടുകയും വന്‍ കപ്പം ചുമത്തുകയും ചെയ്‌തിരുന്നു. ഈ നികുതികളുടെ പ്രത്യേകത അത്‌ കീഴടങ്ങിയവന്‌ ചുമക്കാന്‍ കഴിയാത്ത ഒരു ഭാരമായിരുന്നു എന്നതത്രെ. അതിനും പുറമെ കപ്പം നല്‌കിയാലും അവന്റെ ജീവന്‌ പോലും ഒരു സുരക്ഷിതത്വവുമില്ലായിരുന്നു. തീര്‍ത്തും ശത്രുതാപരമായ പകപോക്കലായിരുന്നു അവര്‍ ചുമത്തുന്ന കപ്പം. എന്നാല്‍ ഇസ്‌ലാം ചുമത്തുന്ന സംരക്ഷണ നികുതി (ജിസ്‌യ) ഇതില്‍ നിന്നെല്ലാം വിഭിന്നമാകുന്നു.
ജിസ്‌യ നല്‌കുന്നവര്‍ക്ക്‌ പൂര്‍ണ സുരക്ഷിതത്വം നല്‍കാമെന്ന വ്യവസ്ഥയോടുകൂടിയാണ്‌ ഇസ്‌ലാം ജിസ്‌യ ചുമത്തുന്നത്‌. അതുകൊണ്ടാണ്‌ ജിസ്‌യ ഒരു സംരക്ഷണനികുതിയാണെന്നു പറയുന്നത്‌. പ്രവാചകന്‍ ഒപ്പുവെച്ച ജിസ്‌യ കരാറുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇക്കാര്യം വ്യക്തമാകും. പ്രവാചകന്റെ ഇസ്‌ലാമിക രാഷ്‌ട്രത്തിന്നെതിരില്‍ അന്നത്തെ സാമ്രാജ്യ ശക്തിയായിരുന്ന റോമക്കാര്‍ നാല്‌പതിനായിരത്തിലേറെ പടയാളികളുമായി ഒരു സൈനിക നീക്കം നടത്തി. വിവരമറിഞ്ഞ പ്രവാചകനും അനുയായികളും മുപ്പതിനായിരത്തോളം വരുന്ന യോദ്ധാക്കളുമായി റോമിനെതിരില്‍ നീങ്ങി. പക്ഷെ, പ്രവാചകന്റെ വിവരമറിഞ്ഞ റോമന്‍ സൈന്യം ആഭ്യന്തര ഛിദ്രതമൂലം ഏറ്റുമുട്ടലിനു തയ്യാറാകാതെ ഉള്‍വലിഞ്ഞു. ഇതിനെത്തുടര്‍ന്ന്‌ റോമന്‍ സഖ്യകക്ഷികളില്‍ പലരും ജിസ്‌യ നല്‌കാമെന്ന വ്യവസ്ഥയില്‍ പ്രവാചകനുമായി സന്ധിയിലേര്‍പ്പെടുകയും ചെയ്‌തു. അവര്‍ക്കെല്ലാം പ്രവാചകന്‍ സമാധാനക്കരാര്‍ എഴുതി കൈമാറുകയും ചെയ്‌തു. ക്രിസ്‌ത്യന്‍ ഭരണ പ്രദേശമായ ഐലയിലെ ഭരണാധികാരി യൂഹ്‌നബിന്‍ മഅ്‌ബയ്‌ക്ക്‌ പ്രവാചകന്‍ നല്‌കിയ സമാധാനക്കരാര്‍ ഇങ്ങനെ വായിക്കാം:
``പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. ഐലാ നിവാസിയായ യുഹ്‌നബിന്‍ മഅ്‌ബയ്‌ക്ക്‌ അല്ലാഹുവില്‍ നിന്നും അവന്റെ പ്രവാചകനും ദൂതനുമായ മുഹമ്മദില്‍ നിന്നുമുള്ള സമാധാനക്കരാറാണിത്‌. കരയിലും കടലിലുമുള്ള അവരുടെ വാഹനങ്ങള്‍ക്കും കപ്പലുകള്‍ക്കും അല്ലാഹുവിന്റെയും പ്രവാചകനായ മുഹമ്മദിന്റെയും സംരക്ഷണ ബാധ്യത ഉറപ്പുനല്‌കുന്നു. അവരോടൊപ്പമുള്ള ശാം നിവാസികള്‍ക്കും സമുദ്രതീരങ്ങളിലുള്ളവര്‍ക്കും ഇതുപോലെ സംരക്ഷണമുണ്ടായിരിക്കുന്നതാണ്‌. ഇവരില്‍ ആരെങ്കിലും വല്ല നിയമവിധേയമല്ലാത്ത കാര്യങ്ങളും ചെയ്‌താല്‍ അവന്റെ സമ്പത്ത്‌ അവന്‌ സുരക്ഷിതത്വം നല്‌കുന്നതല്ല. അത്‌ ജനങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. ഇവര്‍ കുടിവെള്ളമെടുക്കുന്ന നീര്‍തടങ്ങള്‍ തടയാവതല്ല. കരവഴിയും കടല്‍വഴിയുമുള്ള അവരുടെ യാത്രയും തടസ്സപ്പെടുത്താവതല്ല.'' (അര്‍റഹീകുല്‍ മഖ്‌തൂം)
ജിസ്‌യ കൈപ്പറ്റുന്ന മുസ്‌ലിം ഭരണാധികാരികള്‍ക്ക്‌ ജിസ്‌യ നല്‌കുന്നവരുടെ സംരക്ഷണ ചുമതല പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ ഒടുക്കിയ ജിസ്‌യ തിരിച്ചുനല്‌കണമെന്നാണ്‌ സച്ചരിതരായ പ്രവാചകാനുയായികള്‍ പ്രയോഗികമായി പഠിപ്പിക്കുന്നത്‌. യര്‍മൂക്ക്‌ യുദ്ധത്തിന്‌ തൊട്ടുമുമ്പ്‌ അവിടെ വിട്ടുപോകേണ്ടി വന്നപ്പോള്‍ ആ നാട്ടുകാരില്‍ നിന്നും ഈടാക്കിയ ജിസ്‌യ തിരിച്ചുനല്‌കിക്കൊണ്ട്‌ ഖാലിദ്‌ബ്‌നുല്‍ വലീദ്‌(റ) ഇപ്രകാരം പറഞ്ഞു: ``സംരക്ഷണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പേരിലാണ്‌ നിങ്ങളോട്‌ ഞങ്ങള്‍ ജിസ്‌യ സ്വീകരിച്ചത്‌. ഞങ്ങളിപ്പോള്‍ നിങ്ങള്‍ക്ക്‌ സംരക്ഷണം നല്‌കുന്നതിന്‌ അശക്തരായതിനാല്‍ നിങ്ങളുടെ സമ്പത്ത്‌ ഇതാ നിങ്ങള്‍ക്കു തന്നെ തിരിച്ചേല്‌പിക്കുന്നു.'' (സമാധാനവും യുദ്ധവും ഇസ്‌ലാമില്‍ -ഡോ. മുസ്‌തഫസ്സിബാഈ)
പൂര്‍ണസുരക്ഷയ്‌ക്കു പകരമായി ജിസ്‌യ കരാറിലേര്‍പ്പെടുന്നവര്‍ വളരെ തുച്ഛമായ സംഖ്യയാണ്‌ ജിസ്‌യയായി നല്‌കേണ്ടത്‌. അമുസ്‌ലിമിന്റെ കഴിവിനനുസരിച്ച്‌ മാത്രമേ ജിസ്‌യ ചുമത്താന്‍ പാടുള്ളൂവെന്ന്‌ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്‌. വേദം നല്‌കപ്പെടുന്നവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്‌തുകൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ ജിസ്‌യ നല്‌കുന്നതുവരെ'' (9:29). ഇത്‌ ഒരു വര്‍ഷത്തില്‍ സമ്പന്നര്‍ക്ക്‌ 48 രൂപയും ഇടത്തരക്കാര്‍ക്ക്‌ 24 രൂപയും താഴെ തട്ടിലുള്ള തൊഴിലെടുക്കാന്‍ കഴിവുള്ളവര്‍ക്ക്‌ 12 രൂപയുമാണെന്ന്‌ ഇസ്‌ലാമിക കര്‍മശാസ്‌ത്ര പണ്ഡിതന്മാര്‍ നിര്‍ണയിച്ചിരിക്കുന്നു.
ഒരു ഇസ്‌ലാമിക രാഷ്‌ട്രത്തിന്‌ മുസ്‌ലിം പൗരന്മാര്‍ നല്‌കുന്ന സാമ്പത്തിക വിഹിതത്തെ അപേക്ഷിച്ച്‌ എത്രയോ നിസ്സാരമാണ്‌ അമുസ്‌ലിം പൗരന്മാര്‍ നല്‌കേണ്ട ജിസ്‌യയുടെ വിഹിതമെന്ന്‌ കാണാന്‍ കഴിയും. മുസ്‌ലിം പൗരന്മാരില്‍ നിന്നും പൊതുഖജനാവിലേക്കുള്ള സക്കാത്ത്‌ വിഹിതമായി പിടിച്ചെടുക്കുന്നത്‌ ജിസ്‌യയെ അപേക്ഷിച്ച്‌ ഭീമമായ തുകയാകുന്നു. പത്തു ലക്ഷം രൂപയ്‌ക്കുടമയായ മുസ്‌ലിം സമ്പന്നന്‍ സക്കാത്ത്‌ നിയമമനുസരിച്ച്‌ രണ്ടര ശതമാനമെന്ന തോതില്‍ ഇരുപത്തയ്യായിരം രൂപ ഒരു വര്‍ഷം പൊതുഖജനാവിലടയ്‌ക്കണം. എന്നാല്‍ എത്ര വലിയ സമ്പന്നനായാല്‍ പോലും അമുസ്‌ലിം പൗരന്‍ 48 രൂപ ജിസ്‌യയായി അടച്ചാല്‍ മതി. അമുസ്‌ലിംകളില്‍ നിന്നും ജിസ്‌യ പണം ഊറ്റിയെടുത്ത്‌ മുസ്‌ലിംകള്‍ കൊഴുക്കുകയാണെന്ന്‌ ജിസ്‌യ വിവാദത്തിലേര്‍പ്പെട്ട്‌ വിമര്‍ശിക്കുന്നവര്‍ സത്യത്തെ തമസ്‌കരിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരു പൗരന്‌ ഒരു വര്‍ഷത്തെ പൂര്‍ണ സംരക്ഷണം നല്‌കാന്‍ 48 രൂപ കൊണ്ട്‌ ഒരു ഭരണകൂടത്തിനും കഴിയുകയില്ലെന്നത്‌ ഒരു വസ്‌തുതയാണ്‌. അതിന്‌ രാഷ്‌ട്രം നല്‍കേണ്ടി വരുന്ന അധിക ബാധ്യത പൊതുഖജനാവില്‍ നിന്നാണ്‌ കണ്ടെത്തുന്നത്‌. ഒരു മുസ്‌ലിം രാഷ്‌ട്രത്തിലെ അമുസ്‌ലിം പൗരന്റെ സംരക്ഷണത്തിന്‌ ശരീഅത്തനുസരിച്ചുള്ള ഇസ്‌ലാമിക ഭരണകൂടം ഭീമമായ തുക ചെലവഴിക്കേണ്ടിവരുമെന്ന്‌ ഇതില്‍ നിന്നും ഊഹിക്കാവുന്നതേയുള്ളൂ.
ആദര്‍ശ ശത്രുക്കള്‍ക്കെതിരില്‍ പടപൊരുതി കൈവശപ്പെടുത്തിയ ഇസ്‌ലാമിക രാഷ്‌ട്രത്തിലെ അമുസ്‌ലിം പൗരന്മാര്‍ക്കു മാത്രമുള്ളതാണ്‌ ജിസ്‌യ. അവരുടെ മേല്‍ ആജീവനാന്ത കാലം ചുമത്തേണ്ടതല്ല ഈ സംരക്ഷണ നികുതി. അനുകൂല സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ അത്‌ പിന്‍വലിക്കാനും മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യം ഭരണാധികാരികള്‍ക്കുണ്ട്‌. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുത വെച്ചുപുലര്‍ത്തുകയോ ശത്രുവിനെ സഹായിക്കുകയോ ചെയ്‌തിരുന്ന അമുസ്‌ലിം പൗരന്മാരുടെ തലമുറയ്‌ക്കുശേഷം ജനിച്ചുവളരുന്ന അമുസ്‌ലിം പൗരന്മാര്‍ക്കും മുല്ലപ്പൂ വിപ്ലവം പോലുള്ള ജനകീയ വിപ്ലവങ്ങളിലൂടെ രൂപീകൃതമായ ഇസ്‌ലാമിക രാഷ്‌ട്രത്തിലെ അമുസ്‌ലിം പൗരന്മാര്‍ക്കും ജിസ്‌യ ബാധകമല്ല. എന്നാല്‍ ഇത്തരം രാഷ്‌ട്രങ്ങളിലെ മുസ്‌ലിം പൗരന്മാര്‍ക്ക്‌ സക്കാത്ത്‌ നിര്‍ബന്ധമായും ചുമത്തപ്പെടും.
ഇസ്‌ലാമിക നിയമമനുസരിച്ച്‌ ഇസ്‌ലാമിക രാഷ്‌ട്രത്തിലെ അമുസ്‌ലിം പൗരന്മാര്‍ രാഷ്‌ട്രത്തിനുവേണ്ടി സൈനിക സേവനമനുഷ്‌ഠിക്കേണ്ടതില്ല. കാരണം ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ സംരക്ഷണത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വരുന്നതിനെ വിശുദ്ധമായിട്ടാണ്‌ ഇസ്‌ലാം കാണുന്നത്‌. വിശുദ്ധ യുദ്ധത്തില്‍ മരണപ്പെട്ടാല്‍ യോദ്ധാവിന്‌ പരലോക ജീവിതത്തില്‍ അത്യുന്നതമായ സ്വര്‍ഗീയ ജീവിതം വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. പൂര്‍ണ ഇസ്‌ലാമിക വിശ്വാസത്തോടൊപ്പമുള്ള രക്തസാക്ഷിത്വത്തിനേ ഈ സമുന്നത പദവി ലഭിക്കുകയുള്ളൂ. അതുകൊണ്ട്‌ പാരത്രിക നേട്ടത്തിനു വേണ്ടി മുസ്‌ലിംകള്‍ തന്നെ ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ സംരക്ഷണത്തിനു വേണ്ടി പൊരുതി മരിക്കണമെന്നാകുന്നു മതത്തിന്റെ താല്‌പര്യം. ആധുനിക രാഷ്‌ട്രങ്ങള്‍ പോലും തങ്ങളുടെ അധികാരത്തിനു കീഴില്‍ അടിയറ വെച്ചു കഴിയുന്നവരെ നിര്‍ബന്ധിത സൈനിക സേവനത്തിനും മറ്റു പീഡനമുറകള്‍ക്കും വിധേയരാക്കുന്നുണ്ടെന്ന വസ്‌തുത അറിയുമ്പോള്‍ മാത്രമേ അമുസ്‌ലിം പൗരന്മാരോടുള്ള ഇസ്‌ലാമിക സമീപനത്തിന്റെ ഉദാരത ബോധ്യമാകുകയുള്ളൂ. രാഷ്‌ട്രം യുദ്ധമഭിമുഖീകരിക്കുമ്പോള്‍ പോലും സ്വജീവനെക്കുറിച്ച്‌ ഒട്ടും ആശങ്കിക്കാതെ കഴിയാന്‍ ഇസ്‌ലാമിക രാഷ്‌ട്രത്തിലെ അമുസ്‌ലിം പൗരന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കാണ്‌ സാധ്യമാവുക?
ആരാധനാലയങ്ങളുടെ സുരക്ഷിതത്വം
ആരാധനാലയങ്ങളുടെ സംരക്ഷണവും ആരാധനാ സ്വാതന്ത്ര്യവുമാണ്‌ അമുസ്‌ലിംകള്‍ ആശങ്കിക്കുന്ന മറ്റൊരു കാര്യം. ഇസ്‌ലാമിക രാഷ്‌ട്രം നിലവില്‍ വന്നാല്‍ തങ്ങളുടെ ആരാധനാലയങ്ങള്‍ തച്ചുതകര്‍ക്കുമെന്നും ദൈവങ്ങളെ തച്ചുടയ്‌ക്കുമെന്നുമവര്‍ ആശങ്കിക്കുന്നു. യഥാര്‍ഥ ശരീഅത്തനുസരിക്കുന്ന ഇസ്‌ലാമിക രാഷ്‌ട്രമാണ്‌ നിലവില്‍ വരുന്നതെങ്കില്‍ ഈ ആശങ്ക തീര്‍ത്തും അസ്ഥാനത്താകുന്നു. കാരണം നടേ സൂചിപ്പിച്ച പൗരാവകാശ സംരക്ഷണത്തില്‍ അതിപ്രധാനമാകുന്നു മതസ്വാതന്ത്ര്യം. പൗരന്മാരുടെ മതമനുസരിച്ച്‌ ജീവിക്കാനുള്ള സ്വാതന്ത്ര്യം നല്‌കുന്നതോടൊപ്പം നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ഇസ്‌ലാം വിലക്കുന്നുമുണ്ട്‌. `മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്നും വ്യക്തമായി വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു'' (വി.ഖു 2:256). എന്നു മാത്രമല്ല, മഠങ്ങളും ചര്‍ച്ചുകളും സംരക്ഷിക്കപ്പെടേണ്ടവയാണെന്ന്‌ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നതായി കാണാം.
അനിവാര്യ ഘട്ടത്തില്‍ ആയുധമേന്തേണ്ടി വരുന്നതിന്റെ യുക്തികളിലൊന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്‌ ഇങ്ങനെ വായിക്കാം: ``മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ പല സന്യാസിമഠങ്ങളും ക്രിസ്‌തീയ ദേവാലയങ്ങളും യഹൂദ ദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു'' (22:40). ഇവയൊന്നും തകര്‍ക്കപ്പെട്ടു കൂടെന്നാണ്‌ മതത്തിന്റെ താല്‌പര്യമെന്ന്‌ ഇതില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. രണ്ടാം ഖലീഫ ഉമര്‍(റ) ഒരിക്കല്‍ ഒരു ക്രിസ്‌തീയ രാജ്യം സന്ദര്‍ശിച്ചു. നമസ്‌കാര സമയമായപ്പോള്‍ അവരുടെ ദേവാലയത്തില്‍ നിന്നും നമസ്‌കരിച്ചുകൊള്ളാന്‍ അവര്‍ പറഞ്ഞു. അതിന്‌ മറുപടിയായി ഉമര്‍ ഇങ്ങനെ വ്യക്തമാക്കി: ഇന്നു ഞാന്‍ ഇവിടെനിന്നു നമസ്‌കരിച്ചാല്‍ ഭാവിയില്‍ മുസ്‌ലിംകള്‍ അവകാശവാദം ഉന്നയിച്ചേക്കാം. ഖലീഫ ഉമര്‍ നമസ്‌കരിച്ച പള്ളിയാണിത്‌ എന്നതിനാല്‍ അത്‌ മുസ്‌ലിംകള്‍ക്ക്‌ അവകാശപ്പെട്ടതാണെന്ന്‌ അവര്‍ വാദിച്ചേക്കും എന്നുപറഞ്ഞ്‌ ഉമര്‍ അവിടെ വെച്ച്‌ നമസ്‌കരിക്കാതിരുന്നു. ദീര്‍ഘ ദര്‍ശിയായ ഉമര്‍ ആ ദേവാലയത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയായിരുന്നു.
ഖലീഫ ഉമറിന്റെ(റ) കാലത്തു തന്നെയായിരുന്നു മുസ്‌ലിംകള്‍ ക്രിസ്‌തീയ രാജ്യമായ അലക്‌സാണ്ട്രിയ കീഴടക്കാനിറങ്ങിയത്‌. അലക്‌സാണ്ട്രിയക്കാര്‍ സന്ധിക്ക്‌ സന്നദ്ധരായതു കൊണ്ട്‌ ആയുധമേന്താതെ തന്നെ ആ നാട്‌ മുസ്‌ലിംകള്‍ക്ക്‌ കീഴടങ്ങി. അന്നെഴുതിയ സന്ധിയിലെ പ്രധാന വ്യവസ്ഥകളില്‍ ചിലത്‌: 1. ജിസ്‌യ നിര്‍ബന്ധമായവര്‍ വര്‍ഷംതോറും രണ്ടു ദീനാര്‍ വീതം നല്‌കുക. 2. ചര്‍ച്ചുകള്‍ സുരക്ഷിതമായി നിലനിര്‍ത്തുക. ക്രൈസ്‌തവരുടെ ആരാധനാ കാര്യങ്ങളില്‍ മുസ്‌ലിംകള്‍ ഇടപെടാതിരിക്കുക. 3. യഹൂദര്‍ക്ക്‌ അലക്‌സാണ്ട്രിയയില്‍ താമസിക്കാവുന്നതാണ്‌.
ഈ വ്യവസ്ഥയത്രയും മുസ്‌ലിംകള്‍ അംഗീകരിച്ചു. അന്യമതക്കാരുടെ മതസ്വാതന്ത്ര്യം ഹനിക്കലും ആരാധനാലയങ്ങള്‍ തകര്‍ക്കലുമാണ്‌ ഇസ്‌ലാമിന്റെ ഉന്നമെങ്കില്‍ ഖലീഫ അതിന്‌ തയ്യാറാകുമായിരുന്നില്ല. ഏതെങ്കിലും മുസ്‌ലിം ഭരണാധികാരികള്‍ ക്ഷേത്രങ്ങളും അമ്പലങ്ങളും ചര്‍ച്ചുകളും പൊളിച്ചുമാറ്റി അവിടെ പള്ളി പണിതിട്ടുണ്ടെങ്കില്‍ അത്‌ അവരുടെ മാത്രം നയത്തിന്റെ ഭാഗമാണ്‌. ശരീഅത്ത്‌ അതിന്‌ പ്രേരിപ്പിക്കുന്നില്ല.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


കെ. അശ്‌റഫ്
 
ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദ തുനീഷ്യയില്‍ അധികാരമേറ്റെടുക്കാന്‍ പോവുകയാണ്. റാശിദ് ഗനൂശിയെന്ന ഇസ്‌ലാമിക ദാര്‍ശനികനാണ് പ്രസ്ഥാനത്തിന്റെ ബൗദ്ധിക കരുത്ത്. അദ്ദേഹത്തിന്റെ പ്രായോഗിക സമീപനങ്ങളാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മറ്റു സംഘടനകളെ മുന്‍കടക്കാന്‍ അതിനെ പ്രാപ്തമാക്കിയത്. ഈ ഘട്ടത്തിലാണ് 2001-ല്‍ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച, ഇസ്‌ലാമിക പ്രവണതകളെക്കുറിച്ചുള്ള പഠനത്തില്‍ ഏറെ മുന്നോട്ടുപോയ അസ്സാം തമീമിയുടെ പുസ്തകത്തിന്റെ പരിചയം പ്രസക്തമാവുന്നത്. പുസ്തകത്തിന്റെ പേര് റാശിദ് ഗനൂശി: എ ഡമോക്രാറ്റ് വിതിന്‍ ഇസ്‌ലാമിസം (റാശിദ് ഗനൂശി: ഇസ്‌ലാമിസത്തിനകത്തെ ജനാധിപത്യ വാദി). രണ്ടു തലമാണ് പുസ്തകത്തിനുള്ളത്. ഒന്ന്, ഗനൂശിയുടെ വ്യക്തി ചിത്രം. രണ്ട്, ഗനൂശിയുടെ ബൗദ്ധിക ജീവചരിത്രം. ഗനൂശിയുടെ വ്യക്തിജീവിതവും ആക്ടിവിസവും ബൗദ്ധികജീവിതവും കൂടിക്കലര്‍ന്നാണുള്ളത്. മൗലാനാ മൗദൂദി, സയ്യിദ് ഖുത്വ്ബ് എന്നിവരെപ്പോലെ വിശദമായ ബൗദ്ധിക ചര്‍ച്ചകളോ തര്‍ക്ക-വിതര്‍ക്കങ്ങളോ ഗനൂശി ഉന്നയിക്കുന്നില്ല. വളരെ വ്യക്തതയോടെ മാത്രമേ ഗനൂശി എന്തിനെക്കുറിച്ചും സംസാരിക്കൂ. ഒന്നിനെയും പൂര്‍ണമായി തള്ളിക്കളയാനോ സ്വീകരിക്കാനോ ഗനൂശി തയാറാവുന്നില്ല. അതുകൊണ്ടുതന്നെ ആധുനിക ഇസ്‌ലാമിക രാഷ്ട്രീയ ചിന്ത ഇരുപതാം നൂറ്റാണ്ടില്‍ ഉദയം ചെയ്തതിനു ശേഷം നടന്നിട്ടുള്ള എല്ലാ ചര്‍ച്ചകളും ഗനൂശി പരിഗണിക്കുന്നു. അപ്പോള്‍ തന്നെ ഒരു നിശ്ചിതത്വവും (specifity) ആപേക്ഷികതയും(relativity)  ഗനൂശി കാത്തുസൂക്ഷിക്കുന്നു.
 
ഉദാഹരണത്തിന്, ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ അടിസ്ഥാനപരമായ ഒരു കാഴ്ചപ്പാടാണല്ലോ ഹാകിമിയ്യത്ത്. ലിബറല്‍ ജനാധിപത്യത്തെ സംബന്ധിച്ചേടത്തോളം ജനങ്ങളുടെ പരമാധികാരം എന്നത് ദൈവിക പരമാധികാരത്തെ തള്ളിക്കളയുന്നതാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ചിന്തകര്‍ ദൈവിക പരമാധികാരത്തെ തള്ളിക്കളയുന്ന ലിബറല്‍ ജനാധിപത്യത്തെ തള്ളിക്കളയുന്നു. എന്നാല്‍ ജനങ്ങള്‍ ആധുനിക ദേശരാഷ്ട്രത്തിനകത്ത് ദൈവിക പരമാധികാരത്തെ അംഗീകരിക്കുന്ന ഒരു കക്ഷിയെ തെരഞ്ഞെടുക്കുമ്പോള്‍ ഹാകിമിയ്യത്ത് അവിടെ സ്വയമവതരിക്കുന്നില്ല. മറിച്ച് ഒരു പ്രത്യേക തരത്തിലുള്ള മനുഷ്യ ഇടപെടല്‍ ആവശ്യമായി വരും. ഈ പ്രക്രിയയെ ഇജ്തിഹാദായാണ് ഗനൂശി കാണുന്നത്. മനുഷ്യ ഇടപെടലിലൂടെ സാക്ഷാല്‍ക്കരിക്കേണ്ട ഒന്ന്. എന്താണ് ഈ വിശദീകരണത്തിന് ചരിത്രപരമായ പ്രസക്തി? ഇസ്‌ലാം അല്ലാത്തതിനെയെല്ലാം നിരാകരിക്കുന്നു എന്ന് പറയുന്ന ഉട്ടോപ്യന്‍ വീക്ഷണത്തെ ഇന്നത്തെ ദേശരാഷ്ട്രവും ഭരണകൂടവും ഉള്‍പ്പെട്ട ഘടനകളുടെ വെളിച്ചത്തില്‍ കാണാനുള്ള ശ്രമം. ഇതിലൂടെ പ്രസ്തുത ആശയത്തിന്റെ സാക്ഷാത്കാരത്തിനു മുമ്പിലെ പ്രതിബന്ധങ്ങളെ കൂടി കണ്ടുകൊണ്ടുള്ള സമീപനം. ഈ സംജ്ഞയെ ചരിത്രപരമായി വ്യാഖ്യാനിക്കാന്‍ മൗദൂദിക്കും ഖുത്വ്ബിനും സാധിച്ചില്ലെന്നാണ് ഗനൂശിയുടെ ഒരു പ്രധാന വിമര്‍ശം. ഇതാണ് ഗനൂശിയുടെ ഇടപെടല്‍ രീതി. ഒരേസമയം ഹാകിമിയ്യത്തിന്റെ സാധ്യതയും പ്രതിബന്ധവും കാണാനുള്ള കരുത്ത് ഗനൂശി പ്രകടിപ്പിക്കുന്നു.
 
ഗനൂശിയുടെ കാഴ്ചപ്പാടുകള്‍ സൂക്ഷ്മമായി മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്. മതേതരത്വം, പൗരസമൂഹം, ജനാധിപത്യം, സ്റ്റേറ്റ് ഇവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഗനൂശി നടത്തുന്നുണ്ട്. ഇത്തരം ചര്‍ച്ചകളില്‍ പൊതുവെ കണ്ടുവരാറുള്ള ധാരണകളെ കശക്കിയെറിയാന്‍ ഗനൂശി തയാറാവുന്നു. എന്നാല്‍, ഇസ്‌ലാം/ പടിഞ്ഞാറ്, ആധുനികത/ ഇസ്‌ലാം തുടങ്ങിയ ദ്വന്ദ്വങ്ങളെ സവിശേഷമായി പഠിക്കുകയും തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി വിശദീകരിക്കുകയും ചെയ്യുന്നു. പലപ്പോഴും ആപേക്ഷികമായ തള്ളിക്കളയലും (relative rejectioni-sm) വസ്തുനിഷ്ഠ വിമര്‍ശനവും (objective interaction) തന്നെയാണ് ഗനൂശിയുടെ ശൈലി എന്നാണ് അസ്സാം തമീമി വിശദീകരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഗനൂശിയുടെ ബൗദ്ധിക ജീവചരിത്രമെന്നത് (ജനാധിപത്യം, മതേതരത്വം, പൗരസമൂഹം ഇവയെക്കുറിച്ച് ആത്മ വിമര്‍ശനപരമായ സമീപനങ്ങള്‍) ധാരാളം വിശദീകരണമാവശ്യപ്പെടുന്നതിനാല്‍ ഇപ്പോള്‍ അതിന് മുതിരുന്നില്ല. മറിച്ച് റാശിദ് ഗനൂശിയുടെ ജീവിതവും കാലവും എങ്ങനെയാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ രൂപവത്കരിച്ചതെന്ന് ലഘുവായി പരിചയപ്പെടുത്താന്‍ ശ്രമിക്കാം.
 
1941-ല്‍ ജനിച്ച റാശിദ് ഗനൂശി തെക്കു കിഴക്കന്‍ തുനീഷ്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് തന്റെ ബാല്യവും കൗമാരത്തിന്റെ ആദ്യ കാലവും പിന്നിട്ടത്. ഗ്രാമത്തിലെ പാരമ്പര്യ മതപഠന രീതിയില്‍ വളര്‍ന്ന ഗനൂശി കൊളോണിയല്‍ വിരുദ്ധനും അതിന്റെ ഫലമായി ഒരു നാസറിസ്റ്റും ആയിരുന്നു. അദ്ദേഹത്തിന്റെ അമ്മാവന്റെ സ്വാധീന ഫലമായിരുന്നു ഇത്. പതിനൊന്നാം വയസ്സില്‍ തുനീഷ്യയില്‍ നടന്ന ഫ്രഞ്ച് അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പിന് ഗനൂശി സാക്ഷിയായിരുന്നു. എന്നാല്‍ ഗനൂശിയുടെ വായനയും ചിന്തകളും വികസിക്കാന്‍ തുടങ്ങിയതോടെ പരമ്പരാഗതമായി കിട്ടിയ മതപരമായ വിജ്ഞാനം വെല്ലുവിളിക്കപ്പെട്ടു. വീടിനടുത്തുള്ള ജലസംഭരണിയുടെ മുകളില്‍ കയറി ടോള്‍സ്റ്റോയ്, ദസ്തയോവ്‌സ്‌കി തുടങ്ങിയവരെ വായിച്ചുതുടങ്ങിയപ്പോള്‍ തന്റെ ഹൃദയം കിഴക്കും പടിഞ്ഞാറുമായി വലിച്ചു കീറപ്പെട്ടുവെന്ന് ഗനൂശി വിശദീകരിക്കുന്നു. വിക്ടര്‍ ഹ്യൂഗോ, ഏണസ്റ്റ് ഹെമിംഗ്‌വേ, മാക്‌സിം ഗോര്‍ക്കി, ബര്‍ണാഡ് ഷാ തുടങ്ങിയവരെയും പതിനെട്ടു വയസ്സാവുമ്പോഴേക്കും ഗനൂശി പരിചയപ്പെട്ടിരുന്നു. ഇതോടു കൂടി പാരമ്പര്യ മതബോധം ഒലിച്ചുപോകാന്‍ തുടങ്ങി. മതാനുഷ്ഠാനങ്ങളൊക്കെ വലിയ ബാധ്യതയായി തോന്നിത്തുടങ്ങി. കാരണം, ഇസ്‌ലാമിന്റെ ലോകബോധം ഗനൂശിക്കന്യമായിരുന്നു.
 
1959-ല്‍ പതിനെട്ടാം വയസ്സില്‍ നഗരത്തിലെ അസ്സയ്തൂന എന്ന മതകലാലയത്തില്‍ ചേര്‍ന്നു. 1959-1962 വരെയാണ് ഗനൂശി അവിടെ പഠിച്ചത്. അക്കാലത്ത് ഫ്രഞ്ച് കൊളോണിയല്‍ സ്വാധീനം നഗരങ്ങളില്‍ വ്യാപകമായിരുന്നു. അന്നത്തെ തുനീഷ്യന്‍ പ്രസിഡന്റ് ഹബീബ് ബൂറഖീബ പാശ്ചാത്യവത്കരണത്തെ നന്നായി പിന്തുണച്ചിരുന്നു. അധികാരമുപയോഗിച്ച് മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിച്ചതിനാല്‍ പള്ളികളിലൊന്നും വിദ്യാര്‍ഥികളും ചെറുപ്പക്കാരും പോകാറുണ്ടായിരുന്നില്ല. ഔഖാഫ് ദേശസാല്‍ക്കരിക്കുകയും റമദാന്‍ മാസങ്ങളില്‍ ഗവണ്‍മെന്റ് ജോലികള്‍ക്ക് പോകുന്നവരോട് നോമ്പ് മുറിക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള അന്തരീക്ഷത്തില്‍ മതപഠനം ജോലി നേടാനും നഗര പരിചയത്തിനുമുള്ള വഴി മാത്രമായിരുന്നു. നഗര ജീവിതമാകട്ടെ മതബോധം ഇല്ലാതാക്കാനുള്ള ഒരു മാര്‍ഗവും.
 
തന്റെ പഠനത്തിന്റെ അവസാന ഘട്ടത്തില്‍ തത്ത്വചിന്തയില്‍ ആകൃഷ്ടനായ ഗനൂശി തന്റെ മതാധ്യാപകരെ ചോദ്യങ്ങള്‍ ചോദിച്ച് വട്ടം കറക്കി. താന്‍ യുക്തിവാദ ചിന്തയിലൂടെയും ദൈവനിരാസത്തിലൂടെയും കടന്നുപോവുകയാണെന്ന് ഇക്കാലത്ത് ഗനൂശിക്ക് തോന്നിയിരുന്നു. ഇസ്‌ലാമെന്നത് ഗനൂശിയെ സംബന്ധിച്ചേടത്തോളം ഒരു ചരിത്ര മ്യൂസിയമായിരുന്നു. അധ്യാപകര്‍ ആ മ്യൂസിയത്തെ ആശ്രയിച്ച് ജീവിക്കുന്ന ടൂറിസ്റ്റ് ഗൈഡുകളും. 1959-1962-ലെ അള്‍ജീരിയന്‍ വിപ്ലവം പുതിയൊരു ആവേശമാണ് ഗനൂശിയില്‍ ഉണ്ടാക്കിയത്. ജമാല്‍ അബ്ദുന്നാസിറിന് പുറമെ ആദ്യത്തെ അള്‍ജീരിയന്‍ പ്രസിഡന്റായ ബെന്‍ബെല്ലയും ഗനൂശിയുടെ ആരാധനാപാത്രമായി. അറബിസത്തിന്റെ വസന്തകാലമായിരുന്നു അത്. ഞങ്ങള്‍ അറബികള്‍ എന്ന് ജനം ആര്‍ത്തു വിളിച്ച സന്ദര്‍ഭം.
 
ഗനൂശി തുനീഷ്യന്‍ തെരുവുകളില്‍ പ്രകടനം നടത്തിയിരുന്നു. ഫ്രാന്‍സിനെതിരായ യുദ്ധത്തില്‍ പരിക്ക് പറ്റിയ ഒരു അള്‍ജീരിയന്‍ മുജാഹിദിന് സ്വന്തം മുറിയില്‍ വിശ്രമിക്കാന്‍ അവസരം നല്‍കി ഗനൂശി അറബിസത്തെ നെഞ്ചേറ്റി. അങ്ങനെയാണ് അറബിസത്തിന്റെ നടുമുറ്റമായ ഈജിപ്തിലേക്ക് ഗനൂശി പോകുന്നത്. 1964-ല്‍ കയ്‌റോ യൂനിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് അഗ്രികള്‍ച്ചറില്‍ ഗനൂശി ചേര്‍ന്നു. എന്നാല്‍ മഗ്‌രിബില്‍ നിന്ന് മശ്‌രിഖിലെത്തിയ ഗനൂശി നാസറും ബൂറഖീബയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജ്യം വിടാന്‍ നിര്‍ബന്ധിതനായി. ഇതോടെ അറബിസം എന്നത് മറ്റൊരു മര്‍ദക വ്യവസ്ഥയാണെന്ന് ഗനൂശി തിരിച്ചറിഞ്ഞു. മാത്രമല്ല, നാസറിന്റെ ജനപ്രിയ സ്റ്റണ്ടുകളുടെ കാപട്യവും നേരിട്ടറിഞ്ഞു. തന്നെയും സഹവിദ്യാര്‍ഥികളെയും ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് പുറത്താക്കുമെന്നറിഞ്ഞതോടെ കേട്ടറിഞ്ഞു മാത്രം പരിചയമുള്ള 'അല്‍ബേനിയ'യിലേക്ക് രക്ഷപ്പെടാന്‍ വിമാന ടിക്കറ്റെടുത്തു. അല്‍ബേനിയയിലെ ചുകപ്പന്‍ ഭരണകൂടം നാസറിന്റെ മാസ്റ്റര്‍ ബ്രെയ്‌നാണെന്ന വിവരം കിട്ടിയതോടെ ഗനൂശി സിറിയയിലേക്ക് രക്ഷപ്പെട്ടു. ദമസ്‌കസ് യൂനിവേഴ്‌സിറ്റിയില്‍ തത്ത്വചിന്ത പഠിക്കാന്‍ അവസരം ലഭിച്ചു. ആ യൂനിവേഴ്‌സിറ്റി അന്നത്തെ എല്ലാ സാമൂഹിക വൈരുധ്യങ്ങളെയും പ്രതിഫലിപ്പിച്ചിരുന്നു. ഈ നാലു വര്‍ഷത്തിനിടക്കാണ് നാസറിസ്റ്റുകളെയും ബഅ്‌സിസ്റ്റുകളെയും സെക്യുലരിസ്റ്റുകളെയും ഇസ്‌ലാമിസ്റ്റുകളെയും സലഫികളെയും സൂഫികളെയും ഇഖ്‌വാനികളെയും ഹിസ്ബുല്‍ തഹ്‌രീറുകാരെയും ഗനൂശി കണ്ടുമുട്ടുന്നത്. അക്കാലത്തെ ഇസ്രയേല്‍വിരുദ്ധ റാലികളില്‍ ഒരു നാഷനലിസ്റ്റ് എന്ന നിലയിലാണ് ഗനൂശി പങ്കെടുത്തത്. എന്നാല്‍, ഈ നാഷനലിസ്റ്റ് ചായ്‌വ് അവസാനിച്ചത് രണ്ട് കാരണങ്ങളാലാണ്. ഒന്ന്, തത്ത്വചിന്താ പഠനം. രണ്ട്, 1965-ല്‍ നടത്തിയ യൂറോപ്യന്‍ യാത്ര.
 
നാഷനലിസത്തോടുള്ള താല്‍പര്യം ക്ഷയിക്കുന്നതോടു കൂടി ഇസ്‌ലാമിസ്റ്റുകളുടെ പരിപാടികളിലും ഒന്നു പോയി നോക്കാമെന്നായി. നാല് പ്രധാന വിഭാഗങ്ങളെ അവിടെ കണ്ടുമുട്ടുന്നു.
 
1. ഇഖ്‌വാനികള്‍ (ഇഖ്‌വാനിയും സിറിയന്‍ പണ്ഡിതനുമായ മുസ്ത്വഫസ്സിബാഇ, ഗനൂശി ദമസ്‌കസില്‍ എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു).
 
2. നാസിറുദ്ദീന്‍ അല്‍ബാനിയുടെ പ്രഭാഷണം.
 
3. ഹിസ്ബുതഹ്‌രീര്‍
 
4. അദീബ് സ്വാലിഹ്, ശൈഖ് അല്‍ ബൂത്വി, ജൗദത് സഈദ് എന്നീ ബുദ്ധിജീവികള്‍.
 
എന്നാല്‍, സിറിയന്‍ പ്രവാസകാലത്ത് ഒരു പാര്‍ട്ടിയിലും ചേരുന്നില്ല. മുഹമ്മദ് ഇഖ്ബാല്‍, അബുല്‍ അഅ്‌ലാ മൗദൂദി, മുഹമ്മദ് ഖുത്വ്ബ്, ഹസനുല്‍ ബന്ന, മുസ്ത്വഫസ്സിബാഇ, മാലിക് ബിന്നബി, അബുല്‍ ഹസന്‍ അലി നദ്‌വി തുടങ്ങിയവരെ വായിക്കാനാരംഭിക്കുകയും ചെയ്തു. മാത്രമല്ല, ഇസ്‌ലാമിസ്റ്റുകള്‍ കമ്യൂണിസത്തെയും നാഷനലിസത്തെയും എതിര്‍ക്കാന്‍ കൂട്ടുപിടിച്ചിരുന്ന പാശ്ചാത്യ ബുദ്ധിജീവികളായ ആര്‍നള്‍ഡ് ടോയന്‍ബി, അലക്‌സിസ് കാറല്‍, ആര്‍തര്‍ കെസ്‌ലര്‍ ഇവരെയും പുസ്തകങ്ങളിലൂടെ പരിചയപ്പെട്ടു.
 
1965-ലെ യൂറോപ്യന്‍ യാത്ര ഗനൂശിയുടെ ചിന്തകളില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. ജര്‍മനിയില്‍ ടാക്‌സി ഡ്രൈവറായും ഫ്രാന്‍സില്‍ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരനായും ബെല്‍ജിയത്തില്‍ റെസ്റ്റോറന്റുകളില്‍ പാത്രം കഴുകിയും ഹോളണ്ടില്‍ മരപ്പണി ചെയ്തും ഗനൂശി ഉപജീവനമാര്‍ഗം കണ്ടെത്തി. തിരിച്ചുവന്ന ഉടനെ ഹദീസ്, ഖുര്‍ആന്‍, തഫ്‌സീര്‍ ഇവയിലൂടെയുള്ള വായന ആരംഭിച്ചു. ഇഖ്‌വാനികള്‍ വീണ്ടും വീണ്ടും ക്ഷണിച്ചെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നില്ല. എന്നാല്‍ നാസിറുദ്ദീന്‍ അല്‍ബാനിയുമായി വ്യക്തിബന്ധം സൂക്ഷിക്കുകയും സലഫിസത്തോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്തു.
 
ഇങ്ങനെയുള്ള ഒരു ബൗദ്ധിക യാത്രയുടെ ഭാഗമായാണ് 1968-ല്‍ ഗനൂശി ഫ്രാന്‍സിലേക്ക് പോവുന്നത്. സോര്‍ബോണില്‍ ഗവേഷകനായി (തത്ത്വചിന്ത) ചേര്‍ന്നു. 1968-ലെ പാരിസ് വിദ്യാര്‍ഥി കലാപത്തിന് തൊട്ടുടനെയുള്ള മാസങ്ങളിലാണ് ഗനൂശി അവിടെയെത്തുന്നത്. അവിടെ വെച്ച് തുനീഷ്യന്‍ വിദ്യാര്‍ഥികളെ പരിചയപ്പെട്ടു. അവര്‍ പ്രധാനമായും രണ്ട് ക്യാമ്പുകളിലാണ് ഉണ്ടായിരുന്നത്. ഒരു കൂട്ടര്‍ നാഷ്‌നലിസ്റ്റുകളും മറ്റൊരു കൂട്ടര്‍ മാര്‍ക്‌സിസ്റ്റുകളുമായിരുന്നു. ഇവരുമായി ഒത്തുപോകാനാവാതെ ഗനൂശി തുനീഷ്യക്കാരായ ഒരു സംഘം തബ്‌ലീഗുകാര്‍ക്കൊപ്പം പോകുന്നു. മാത്രമല്ല, പാരീസിലെ ഭൗതികതയുടെ അതിപ്രസരം മറികടക്കുന്നതിന് ഒരു കാത്തലിക് ചര്‍ച്ചില്‍ സ്ഥിരമായി പോകാനും തുടങ്ങി. അക്കാലത്തെ ഫ്രാന്‍സില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന മെഹ്ദി ബസര്‍ഗനെ പോലുള്ള ആധുനിക ഇറാനിയന്‍ ബുദ്ധിജീവികളെയും ഇക്കാലത്ത് ഗനൂശി കാണുന്നുണ്ട്. ഇറാനിയന്‍ വിദ്യാര്‍ഥികളിലൂടെ ശീഈ അവാന്തര വിഭാഗങ്ങളിലേക്കും ഗനൂശി ആകൃഷ്ടനാകുന്നുണ്ട്. ഇവരൊക്കെ ചേര്‍ന്ന് ഫ്രഞ്ചുകാരനും ഇന്ത്യന്‍ വംശജനുമായ ഡോ. മുഹമ്മദ് ഹമീദുല്ലയുടെ കീഴില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു.
 
നീണ്ട താടിയും പാകിസ്താനി തൊപ്പിയും ധരിച്ച് പാരീസിലെ തെരുവുകളില്‍ ദഅ്‌വത്തും തബ്‌ലീഗുമായി നടന്ന ഗനൂശിയുടെ ഭാവമാറ്റം കുടുംബത്തിനകത്ത് അത്ഭുതവും ആകാംക്ഷയുമുണ്ടാക്കി. ഒരു തനി ഭൗതികവാദിയായി തിരിച്ചുവരുമെന്നു കരുതിയയാള്‍ എല്ലാ കണക്കുകൂട്ടലുകളെയും തിരുത്തി ഇവിടെയിതാ അലഞ്ഞു നടക്കുന്നു. അപ്പോഴാണ് സഹോദരന്‍ മുഖ്താര്‍, ഉമ്മക്ക് അസുഖമാണെന്ന് പറഞ്ഞ് ഗനൂശിയെ തുനീഷ്യയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പാരീസിലെത്തുന്നത്. ഇസ്‌ലാമില്ലാത്ത തുനീഷ്യയിലേക്ക് താനില്ലെന്നായിരുന്നു ഗനൂശിയുടെ ആദ്യ പ്രതികരണം. മാത്രമല്ല, തബ്‌ലീഗ് പ്രവര്‍ത്തകനായി പാകിസ്താനിലേക്ക് പോകാനുള്ള ഒരുക്കത്തിലുമായിരുന്നു അദ്ദേഹം. ഒടുവില്‍ സഹോദരനോടൊത്ത് വീട്ടില്‍ പോയി ഉമ്മയെ കാണാന്‍ തീരുമാനിക്കുന്നു. സ്‌പെയിനിലൂടെയായിരുന്നു യാത്ര. തകര്‍ക്കപ്പെട്ട കൊര്‍ദോവയിലെത്തിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു നഷ്ടബോധം ഗനൂശിയെ അലട്ടാന്‍ തുടങ്ങി. കൊര്‍ദോവയിലെ ഗ്രാന്റ് മസ്ജിദിനുള്ളില്‍ വെച്ച് ഗനൂശിയും മുഖ്താറും അജ്ഞാതമായ ആ നഷ്ടബോധത്തെ പ്രതി കരഞ്ഞുപോയി. പാരീസിലേക്ക് തിരിച്ചുവരുമെന്ന് തന്നെയായിരുന്നു ഗനൂശി കരുതിയത്. അതിനാല്‍ തന്റെ വസ്തുവകകള്‍ അവിടെ ഉപേക്ഷിച്ചാണ് പാരീസിനോട് വിടപറയുന്നത്. എന്നാല്‍ 1969-1980 വരെയുള്ള കാലം തുനീഷ്യയില്‍ തന്നെ ഗനൂശി കഴിച്ചുകൂട്ടുകയാണുണ്ടായത്.
 
തുനീഷ്യയിലെത്തിയ ശേഷം അസ്സയ്ത്തൂന മസ്ജിദില്‍ ഗനൂശി വെറുതെയൊന്ന് കയറി നോക്കി. അവിടെ പള്ളിമൂലയില്‍ കുറച്ച് ചെറുപ്പക്കാര്‍ ഖുര്‍ആന്‍ ഓതുന്നത് കാണാനിടയായി. ഒരിക്കല്‍ ഒരു ചെറുപ്പക്കാരനും തിരിഞ്ഞു നോക്കാതെ പൊടി പിടിച്ചുകിടന്നിരുന്ന ആ പള്ളിമൂല ഇപ്പോള്‍ സജീവമായതെന്തുകൊണ്ടാണെന്ന് ഗനൂശി അന്വേഷിച്ചു. ഈ അന്വേഷണമാണ് അബ്ദുല്‍ ഫതാഹ് മോറോയെ പരിചയപ്പെടാനിടയാക്കിയത് (അബ്ദുല്‍ ഫതാഹ് മോറോയുമായി ചേര്‍ന്നാണ് പിന്നീട് ഇസ്‌ലാമിക് ടെന്‍ഡന്‍സി മൂവ്‌മെന്റ് ആരംഭിക്കുന്നത്). അങ്ങനെ തബ്‌ലീഗ് ജമാഅത്തിന്റെ തുനീഷ്യന്‍ പതിപ്പായ പള്ളിമൂലയിലെ ആ ചെറുപ്പക്കാരുടെ സംഘത്തില്‍ ഗനൂശി ചേര്‍ന്നു. 1970-ല്‍ തബ്‌ലീഗുകാരുടെ സംഘം അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ (ഇസ്‌ലാമിക് ഗ്രൂപ്പ്) എന്ന 'രഹസ്യ' സംഘടനക്ക് രൂപം നല്‍കി. അന്ന് തുനീഷ്യയില്‍ നിലനിന്നിരുന്നത് ഏക പാര്‍ട്ടി സംവിധാനമായിരുന്നതിനാല്‍ ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോം ആയ ഖുര്‍ആനിക പ്രിസര്‍വേഷന്‍ സൊസൈറ്റിയാണ് അവര്‍ ഉപയോഗപ്പെടുത്തിയത്.
 
തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തില്‍ ഗനൂശിയും സുഹൃത്തുക്കളും മാലിക് ബിന്നബി അള്‍ജീരിയയില്‍ സംഘടിപ്പിച്ചിരുന്ന സെമിനാറുകളിലേക്ക് മുടക്കമില്ലാതെ പോയിരുന്നു. അന്നത്തെ സുഹൃത്തുക്കള്‍ അബ്ദുല്‍ ഫതാഹ് മോറോ, സ്വാലിഹ് ബിന്‍ അബ്ദില്ല എന്നിവരായിരുന്നു.
 
ഗനൂശിയുടെ കാഴ്ചപ്പാടുകളെ അടിസ്ഥാനപരമായി സ്വാധീനിച്ചത് മാലിക് ബിന്നബിയാണ്. അതുവരെ ചിന്താപരമായി തന്നെ സ്വാധീനിച്ച മൗദൂദിയും ഖുത്വ്ബും യാഥാര്‍ഥ്യത്തെയും (reality) പാഠ(text)ത്തെയും വേര്‍തിരിച്ചു കണ്ട്, പാഠമാണ് യാഥാര്‍ഥ്യത്തെക്കുറിച്ച കാഴ്ചപ്പാട് ഉണ്ടാക്കുന്നത് എന്നായിരുന്നു ഗനൂശിയെ പഠിപ്പിച്ചത്. എന്നാല്‍ ബിന്നബി യാഥാര്‍ഥ്യത്തെ സൂക്ഷ്മമായി അപഗ്രഥിക്കുകയും ഈ അപഗ്രഥനത്തിലൂന്നി മതപാഠ(religious text)ത്തെ സംവാദവിധേയമാക്കുകയുമാണ് ചെയ്തത് (മാലിക് ബിന്നബി, അല്‍ഖദായ അല്‍ കുബ്‌റ, ബെയ്‌റൂത്ത്, ദാറുല്‍ ഫിക്ര്‍, 1991).
 
മാലിക് ബിന്നബിയെ റാശിദ് ഗനൂശി വിശേഷിപ്പിക്കുന്നത് ഇസ്‌ലാമിക ചിന്തയുടെ നെടുന്തൂണെന്നും ഇബ്‌നുല്‍ ഖല്‍ദൂന്റെ പിന്‍മുറക്കാരനെന്നുമാണ്. സിറിയയില്‍ പഠിച്ചിരുന്ന കാലത്ത് ബിന്നബി ഖുത്വ്ബിനെ നന്നായി വായിച്ചിരുന്നു. ബിന്നബിയുടെ ചിന്തകള്‍ തന്നെയാണ് 'മഗ്‌രിബ്' ചിന്താസരണയിലേക്കും 'മശ്‌രിഖ്' ചിന്താവിമര്‍ശനത്തിലേക്കും നയിക്കുന്നത്. മാത്രമല്ല, പാരീസില്‍ നിന്ന് വരുമ്പോള്‍ ഒരുതരം സലഫിസം ഗനൂശിയെ ബാധിച്ചിരുന്നു. ബിന്നബിയുടെ സെമിനാറുകളാണ് സലഫി ചിന്തയുടെ പരിമിതി ഗനൂശിയെ ബോധ്യപ്പെടുത്തിയത്. തുനീഷ്യയില്‍ കൊളോണിയല്‍ ആധുനികതയും ഇസ്‌ലാമിക പാരമ്പര്യത്തിലൂന്നിയ ഫിഖ്ഹ്, കലാം, സൂഫി ത്വരീഖത്ത് എന്നിവയും തമ്മിലെ സംഘര്‍ഷമാണ് ഗനൂശി കണ്ടത്. അതുകൊണ്ടുതന്നെ തന്റെ ചിന്താ പ്രവര്‍ത്തന പരിപാടികളെ മാലിക് ബിന്നബിയുടെ മഗ്‌രിബ് ചിന്തകളുടെ അടിസ്ഥാനത്തില്‍ അല്‍-ഖുസൂസിയ്യ അത്തൂനിസിയ്യ (Tunisian specificity) എന്ന രീതിയിലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു ഗനൂശി.
 
തുനീഷ്യന്‍ മാര്‍ക്‌സിസ്റ്റുകളുമായി ഗനൂശി സംഘര്‍ഷപ്പെടുന്നുണ്ട്. എന്നാല്‍ സാമ്പത്തിക ഘടകങ്ങളുടെ പ്രാധാന്യം ഗനൂശി ഒരിക്കലും തള്ളിക്കളയുന്നുമില്ല. ഇത് പാശ്ചാത്യ ചിന്തയോടുള്ള ഗനൂശിയുടെ സമീപനത്തിന്റെ പ്രത്യേകതയാണ്. അറബ് സെക്യുലരിസ്റ്റുകള്‍ കൊളോണിയല്‍ ആധുനികതയെ പൂര്‍ണമായും സ്വീകരിച്ചപ്പോള്‍ ഇസ്‌ലാമിസ്റ്റുകള്‍ പൂര്‍ണമായും തള്ളിക്കളയുന്നു. ഗനൂശിയുടെ സമീപനം ഇസ്‌ലാം/ പടിഞ്ഞാറ് എന്ന വിഭജനം നിലനില്‍ക്കുന്നില്ല എന്നാണ്. യൂറോപ്യന്‍ നവോത്ഥാനം തന്നെ ഇസ്‌ലാമിന്റെ സ്വാധീനഫലമായി ഉണ്ടായതാണ്. ഇന്നത്തെ കോളനിയാനന്തര സാഹചര്യത്തില്‍ പാശ്ചാത്യ സ്വാധീനമുണ്ടെങ്കില്‍ അതിനോട് സംവദിക്കുകയാണ് വേണ്ടതെന്നാണ് ഗനൂശി കരുതുന്നത്. 1973 വരെ 'തബ്‌ലീഗ്' രീതിയില്‍ അല്‍ ജമാഅ അല്‍ ഇസ്‌ലാമിയയില്‍ ഗനൂശി പ്രവര്‍ത്തിച്ചു. പുതിയ പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ഇതാണ് ഗനൂശിയുടെ ശ്രദ്ധ ഇഖ്‌വാനുല്‍ മുസ്‌ലിമീനിലേക്കും മൗദൂദിയിലേക്കും വീണ്ടും തിരിയാനിടയായത്. ഗനൂശിയെ സംബന്ധിച്ചേടത്തോളം ഇഖ്‌വാനെന്നത് ഒരു മാതൃകയും പ്രചോദന കേന്ദ്രവുമായി മാറി. ഇതിനെയാണ് 'മശ്‌രിഖ് സ്വാധീനം' എന്നു വിളിക്കുന്നത്.
 
സാഹചര്യത്തിനനുസരിച്ച് മാറുകയും തിരുത്തുകയും ചെയ്യുക എന്നതാണ് ഗനൂശിയുടെ രീതി. ഒരു പ്രത്യേക നിലപാട് പറ്റില്ല എന്നു തോന്നിയാല്‍ അത് സത്യസന്ധമായി തുറന്നു പറയാനുള്ള ബുദ്ധിപരമായ ആര്‍ജവം തന്നെയാണ് ഗനൂശിയുടെ കരുത്ത്. പലപ്പോഴും മറ്റു പല ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കുമില്ലാതെ പോയതും ഇതുതന്നെയാണ്.
 
തുനീഷ്യയില്‍ ആദ്യഘട്ടത്തില്‍ പാരമ്പര്യ ഇസ്‌ലാമിക ഘടകങ്ങളെ നിശിതമായി തന്നെയാണ് ഗനൂശി വിമര്‍ശിച്ചത്. കാരണം, കൊളോണിയലിസത്തോട് സംവദിക്കാനോ സംസാരിക്കാനോ ആ പാരമ്പര്യം മുസ്‌ലിമിന് കരുത്തേകുന്നില്ല. എന്നാല്‍, മാലികി മദ്ഹബിനോടും അശ്അരി ദൈവശാസ്ത്രത്തോടും സൂഫി ധാരകളോടും ഏറ്റുമുട്ടുന്നത് ശരിയല്ലെന്ന നിലപാടിലേക്ക് ഗനൂശി പിന്നീട് എത്തുന്നു. ഇത്തരം പാരമ്പര്യങ്ങളെ രചനാത്മകമായി പുനഃസംഘടിപ്പിക്കുന്ന ഒരു രാഷ്ട്രീയ വീക്ഷണമാണ് വേണ്ടതെന്നാണ് ഗനൂശി പിന്നീട് മനസ്സിലാക്കുന്നത്.
 
എന്നാല്‍, പാരമ്പര്യത്തോടുള്ള ഗനൂശിയുടെ മൃദുസമീപനം സംഘടനയില്‍ പിളര്‍പ്പുണ്ടാക്കി. ഇസ്‌ലാമിക ചിന്താ നവീകരണത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന മുഅ്തസിലി സരണിയും ഡോ. ഫത്ഹി ഉസ്മാന്റെ ഇഖ്‌വാന്‍ വിമര്‍ശനവും സമന്വയിപ്പിച്ച് ഒരു വിഭാഗം രംഗത്തുവരികയുണ്ടായി. അശ്അരി/ മുഅ്തസിലി സംഘര്‍ഷവും തഖ്‌ലീദ്/ ഇജ്തിഹാദ് ഇവയുടെ സാധ്യതയെക്കുറിച്ച ചര്‍ച്ചകളും തുനീഷ്യയിലെ ഗനൂശിയുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമാക്കി. മാത്രമല്ല, ഹസന്‍ ഹനഫിയുടെ 'ഇസ്‌ലാമിക ഇടതുപക്ഷം' എന്ന സംജ്ഞയും മുഅ്തസിലികള്‍ ഏറ്റുപിടിച്ചു. ഹാകിമിയ്യത്ത്, ജാഹിലിയ്യത്ത് ഇവയെക്കുറിച്ച് സയ്യിദ് ഖുത്വ്ബ് നടത്തിയ നിരീക്ഷണങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മുഅ്തസിലികള്‍ ഖുത്വ്ബിനെ തള്ളിക്കളയണമെന്നാണാവശ്യപ്പെട്ടത്. എന്നാല്‍, ഗനൂശി നിരീക്ഷിച്ചത് പത്തൊമ്പത്/ ഇരുപത് നൂറ്റാണ്ടുകളില്‍ ഉയര്‍ന്നുവന്ന ഇസ്‌ലാമിക ചിന്തയെ പരിഗണിച്ചുകൊണ്ടുള്ള വിമര്‍ശനമാണ് കൂടുതല്‍ പ്രസക്തം എന്നാണ്.
 
ഈ ചര്‍ച്ചകളെല്ലാം ഒരു പ്രത്യേക തരത്തിലുള്ള തുനീഷ്യന്‍ നിശ്ചിതത്വത്തെ (specifity) തിരിച്ചറിയാന്‍ ഗനൂശിയെ സഹായിക്കുകയായിരുന്നു. 1970 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ അഞ്ചു കാര്യങ്ങള്‍ ഗനൂശിയുടെ ചിന്തയെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളെയും സ്വാധീനിച്ചിരുന്നതായി അസ്സാം തമീമി പറയുന്നു.
 
ഒന്ന്, 1970-കള്‍ക്ക് ശേഷം തുനീഷ്യയില്‍ ശക്തിപ്പെട്ട ലിബറല്‍ ജനാധിപത്യം.
 
രണ്ട്, 1978-ല്‍ തൊഴിലാളി സംഘടനകളും ഗവണ്‍മെന്റും തമ്മില്‍ നടന്ന സംഘര്‍ഷം.
 
മൂന്ന്, കാമ്പസുകളില്‍ ഇസ്‌ലാമിസ്റ്റുകളും ലെഫ്റ്റിസ്റ്റുകളും തമ്മില്‍ നടന്ന സംവാദങ്ങള്‍.
 
നാല്, ഇറാന്‍ വിപ്ലവം.
 
അഞ്ച്, സുഡാനിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനകത്തുണ്ടായ സാമൂഹിക രാഷ്ട്രീയ ചിന്തകള്‍.
 
ജനാധിപത്യത്തെക്കുറിച്ചുള്ള ഗനൂശിയുടെ കാഴ്ചപ്പാടുകള്‍ ലിബറല്‍ ജനാധിപത്യത്തോടുള്ള വിമര്‍ശനത്തില്‍ നിന്നാണ് രൂപീകൃതമാവുന്നത്. കാരണം, ഏകാധിപത്യത്തേക്കാള്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ സംവദിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായും ഒരു പൊതുമിനിമം പരിപാടി എന്ന നിലയിലും ജനാധിപത്യത്തെ ഗനൂശി കാണുന്നു. 'ഏക' ഇസ്‌ലാമിനെതിരെ ഇസ്‌ലാമിന്റെ വ്യാഖ്യാനപരമായ ബഹുസ്വരതയെ കൂടുതല്‍ ഇടം നല്‍കുന്ന ഒരു 'ഇസ്‌ലാമിക ജനാധിപത്യ വ്യവഹാര'മായി അദ്ദേഹം മുന്നോട്ട് വെച്ചു. ട്രേഡ് യൂനിയനുകളെയും പാര്‍ട്ടികളെയും യോജിപ്പിച്ചു നിര്‍ത്തുന്ന ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിലും ജനാധിപത്യത്തെ കണ്ടു. ട്രേഡ് യൂനിയനുകളെ 1978-ല്‍ ഭരണകൂടം തകര്‍ക്കുന്നതോടുകൂടി അവശേഷിച്ച ഏക 'വിമതസ്ഥലം' പള്ളികളായി മാറി. പരമ്പരാഗത ഇടതുപക്ഷം പള്ളിക്കു പുറത്ത് തകര്‍ന്നടിഞ്ഞപ്പോള്‍ ഗനൂശി തുനീഷ്യയുടെ ഇസ്‌ലാമിക ചരിത്രത്തിലാദ്യമായി പള്ളി മിമ്പറുകളെ ജനാധിപത്യ പുനഃസ്ഥാപനത്തിന്റെ പ്രഭവകേന്ദ്രങ്ങളാക്കി മാറ്റി. പിന്നീട് ഇറാന്‍ ഇസ്‌ലാമിക വിപ്ലവം തുനീഷ്യയില്‍ പുതിയ ആവേശമുണ്ടാക്കി. അറബ് ഏകാധിപതികളെ മറിച്ചിടാന്‍ ഖുര്‍ആനും മസ്ജിദുകളും തന്നെ ധാരാളമാണെന്ന ആത്മവിശ്വാസമാണ് അത് ഗനൂശിക്ക് നല്‍കിയത്. ഖുമൈനി, ബന്ന, മൗദൂദി ത്രയത്തിന്റെ സ്വാധീനം ലോകമെങ്ങും ഗനൂശിക്ക് കാണാന്‍ കഴിഞ്ഞു. എന്നാല്‍ എല്ലാ ആഗോള വൈരുധ്യങ്ങളും അമേരിക്കയിലേക്ക് ചുരുക്കുന്ന ഇറാനെ പിന്നീട് 1990-കളില്‍ ഗനൂശി വിമര്‍ശിക്കുന്നുണ്ട്.
 
1979-ല്‍ സുഡാനില്‍ ഹസനുത്തുറാബിയുടെ നേതൃത്വത്തില്‍ നടന്ന ഇസ്‌ലാമിക ചലനങ്ങളും ഗനൂശിയെ സ്വാധീനിച്ചു. വിശിഷ്യാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് സുഡാനിലെ അനുഭവങ്ങള്‍ ഗനൂശി സ്വാംശീകരിക്കുന്നുണ്ട്. സുഡാനില്‍ നിന്ന് മടങ്ങിവന്ന ഉടനെ 1980-ല്‍ നടത്തിയ പ്രഭാഷണമാണ് അല്‍ മര്‍അ ഫില്‍ ഹറകത്തില്‍ ഇസ്‌ലാമിയ്യ (ഇസ്‌ലാമിക പ്രസ്ഥാനത്തിലെ സ്ത്രീ) എന്ന പുസ്തകമായത്. തന്റെ പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ച് ആത്മവിമര്‍ശനപരമായി തുറന്നു പറയാനും മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഗനൂശി തയാറാവുന്നു.
 
1979- മുതല്‍ അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ പുതിയൊരു സംഘടനയാവുന്നതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. 1981-ല്‍ ബൂറഖീബ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവത്കരിക്കാന്‍ അനുവാദം നല്‍കി. തുടര്‍ന്ന് 1981 ജൂണ്‍ ആറിന് ഇസ്‌ലാമിക് ട്രെന്റ്‌സ് മൂവ്‌മെന്റ് (എം.ടി.ഐ) പിറന്നു. ഒരു മാനിഫെസ്റ്റോയും പുറത്തിറക്കി. ഇതില്‍ ജനാധിപത്യം, അധികാര പങ്കാളിത്തം, ഭരണമാറ്റം, ഇലക്ട്രല്‍ സംവിധാനം ഇവ ഊന്നിപ്പറഞ്ഞു. എന്നാല്‍, സംഘടന രൂപവത്കരിക്കപ്പെട്ട് മാസങ്ങള്‍ക്കുള്ളില്‍ നേതാക്കള്‍ക്കൊപ്പം അഞ്ഞൂറോളം അനുയായികളും ജയിലിനകത്തായി. ഗനൂശി 1981-1984 വരെ ജയിലിലായിരുന്നു. ജയില്‍വാസക്കാലത്താണ് ഗനൂശി തന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെയും പഠനങ്ങളെയും വിമര്‍ശനാത്മകമായി വിലയിരുത്താനാരംഭിച്ചത്.
 
ജയിലിലിരുന്നാണ് ഗനൂശി ഖുര്‍ആന്‍ മനഃപാഠമാക്കിയത്. പിന്നെ തഫ്‌സീറുകള്‍ വായിക്കാന്‍ തുടങ്ങി. ഇബ്‌നു തൈമിയ്യ, ഇമാം ഗസ്സാലി, ഇബ്‌നു റുശ്ദ്, ഇബ്‌നു ഹസം, സമഖ്ശരി, ഇബ്‌നു ആശൂര്‍, ബാഖിര്‍ സദ്ര്‍ തുടങ്ങിയവരെയൊക്കെ വായിച്ചു. മാത്രമല്ല, തുനീഷ്യന്‍ സമൂഹത്തിന്റെ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവയെക്കുറിച്ച് ഒരു കരട് തയാറാക്കി ജയിലിലുള്ള സഹപ്രവര്‍ത്തകരുമായി ചര്‍ച്ചയാരംഭിച്ചു. സ്ത്രീകളെക്കുറിച്ച റജാ ഗരോഡിയുടെ പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. വിവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്നാണ് മാലിക് ബിന്നബിയുടെ ഇസ്‌ലാമും ജനാധിപത്യവും എന്ന പുസ്തകം.
 
ജയിലില്‍ വെച്ചുതന്നെയാണ് Public Liberties in the Islamic State എന്ന പുസ്തകത്തിന്റെ രചനയാരംഭിക്കുന്നത്. ജയിലിലായതിനാല്‍ പുറത്ത് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. മുആദ് അസ്സാബിര്‍ എന്ന തൂലികാ നാമത്തിലാണ് അക്കാലത്തെഴുതിയത്. ഫലസ്ത്വീനെക്കുറിച്ചും ഇറാനെക്കുറിച്ചും ആ പേരില്‍ ലേഖനങ്ങളെഴുതി.
 
'പബ്ലിക് ലിബര്‍ട്ടീസ്' എഴുതിത്തീരുന്നതിന് മുമ്പ് തന്നെ (1984-ല്‍) ഗനൂശി ജയില്‍ മോചിതനായി. അക്കാലത്ത് ലിബറല്‍ ജനാധിപത്യവാദികള്‍ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇസ്‌ലാമിക ജനാധിപത്യത്തിന് കരുത്തില്ല എന്നാണ് വാദിച്ചിരുന്നത്. ഗനൂശിയുടെ പുസ്തകം പ്രസ്തുത വിമര്‍ശനത്തെയാണ് ഖണ്ഡിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യം, മതപരിത്യാഗം തുടങ്ങിയ ലിബറലുകളുടെ സ്ഥിരം ചോദ്യങ്ങളും ഗനൂശി വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. മാത്രമല്ല, ഇതിന്റെ മറവില്‍ പാശ്ചാത്യ വിരുദ്ധത വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തെയും ഗനൂശി വിമര്‍ശിക്കുന്നു. ജയിലില്‍ നിന്നിറങ്ങി പുസ്തകം എഴുതിത്തീര്‍ത്തയുടനെ 1987- ആഗസ്റ്റില്‍ ഗനൂശിയും 89 മുതിര്‍ന്ന നേതാക്കളും വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഗനൂശിയെ ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിച്ചത്. ഇതുകൊണ്ട് കലിയടങ്ങാതെ തുനീഷ്യന്‍ ഏകാധിപതി ബൂറഖീബ ഗനൂശിയെ വധശിക്ഷക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പുനര്‍വിചാരണക്കൊരുങ്ങി. എന്നാല്‍, സൈനുല്‍ ആബിദീന്‍ ബിന്‍ അലി 1987- നവംബറില്‍ ബൂറഖീബയെ സ്ഥാനഭ്രഷ്ടനാക്കുകയും ഗനൂശിയടക്കമുള്ള തടവുകാരെ ജയില്‍ മോചിതരാക്കുകയും ചെയ്തു. 1988-ല്‍ ബിന്‍ അലി ബഹുപാര്‍ട്ടി സംവിധാനം നടപ്പിലാക്കി. പുതിയ സാഹചര്യത്തില്‍ ഇസ്‌ലാമിക ട്രെന്റ്‌സ് മൂവ്‌മെന്റിന്റെ നയപരിപാടികള്‍ പുനരാലോചിക്കുകയും പേര് മാറ്റി ഹിസ്ബുന്നഹ്ദ (Renaissance party) എന്ന പേരില്‍ 1988 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 1989 ഏപ്രിലില്‍ നടന്ന ഇലക്ഷനില്‍ 141 സീറ്റില്‍ 129-ലും അന്നഹ്ദ മത്സരിച്ചു. 15 ശതമാനം വോട്ട് നേടി ഏറ്റവും വലിയ പ്രതിപക്ഷമായി. ബിന്‍ അലിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയാണ് അധികരത്തിലേറിയത്. എന്നാല്‍, ഇലക്ഷനു തൊട്ടു മുമ്പ് കൊടുത്ത ,രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലുള്ള രജിസ്‌ട്രേഷന്‍ പൊതു തെരഞ്ഞെടുപ്പുകാരണം പൂര്‍ത്തിയായിരുന്നില്ല. അതുകൊണ്ടുതന്നെ രാജ്യത്തെ ഏകപ്രതിപക്ഷമെന്ന നിലയില്‍ അന്നഹ്ദ ഒരു ഭീഷണിയാവുമെന്ന് കണ്ട ഭരണകൂടം രജിസ്‌ട്രേഷനുള്ള അപേക്ഷ നിരസിച്ചു.
 
ഗനൂശി പറയുന്നത്, അന്നഹ്ദ മറികടക്കാന്‍ പാടില്ലാത്ത അതിരുകള്‍ മറികടക്കാന്‍ ധൃതി കൂട്ടിയെന്നാണ്. ജനപിന്തുണ ആത്മവിശ്വാസം കൂട്ടി. എന്നാല്‍, സുസ്ഥിരമായ രാഷ്ട്രീയ പോരാട്ടത്തിന് സമയമായിട്ടുണ്ടായിരുന്നില്ലേ എന്ന് തിരിച്ചറിയാന്‍ വൈകി. ഇലക്ഷന്‍ കഴിഞ്ഞ തൊട്ടടുത്ത മാസം (1989 മെയ്) ഗനൂശി രാഷ്ട്രീയ  പ്രവാസിയായി ലണ്ടനിലേക്ക് തിരിച്ചു. ഗനൂശിയുടെ പോക്ക് ബിന്‍ അലിയുടെ പ്രതികാര ദാഹം കൂട്ടി. 1991 ജനുവരിയില്‍ അബ്ദുല്‍ ഫത്താഹ് മോറോയെ അപകീര്‍ത്തി കേസില്‍ കുടുക്കി. 1991 ഫെബ്രുവരിയില്‍ ഭരണ പാര്‍ട്ടി ഓഫീസില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം അന്നഹദക്കാണെന്ന് പറഞ്ഞ് മാധ്യമങ്ങളിലൂടെ സെന്‍സേഷനല്‍ വാര്‍ത്തകള്‍ പുറത്തുവിട്ടു. അന്നഹ്ദ തുനീഷ്യയെ ഒരു മതരാഷ്ട്രമാക്കാന്‍ ആയുധമെടുക്കുന്നുണ്ടെന്ന പ്രചാരണങ്ങള്‍ ഭരണകൂടം തന്നെ ഏറ്റെടുത്തു. ആയിരക്കണക്കിന് അന്നഹ്ദ പ്രവര്‍ത്തകര്‍ ജയിലിലായി. ജയിലിനുള്ളില്‍ വെച്ച് പ്രവര്‍ത്തകരെ ക്രൂരമായി പീഡിപ്പിച്ചു. കസ്റ്റഡി മരണങ്ങള്‍ പതിവായി. നിരവധി പ്രവര്‍ത്തകര്‍ അണ്ടര്‍ഗ്രൗണ്ടിലായി. മിക്ക പ്രവര്‍ത്തകര്‍ക്കും കിഴക്കന്‍ യൂറോപ്പിലേക്ക് പ്രവാസികളായി പോകേണ്ടിവന്നു. അങ്ങനെ അന്നഹ്ദ പ്രവാസികളുടെ പ്രസ്ഥാനമായും പ്രവാസത്തിലുള്ള പ്രസ്ഥാനമായും മാറി.
 
ലണ്ടനില്‍ വെച്ചാണ് ഒരു മുഴുസമയ എഴുത്തുകാരനും പ്രഭാഷകനും എന്ന റോളിലേക്ക് ഗനൂശി മാറുന്നത്. അതിന് മുമ്പ് രാഷ്ട്രീയ പ്രവര്‍ത്തകനും സംഘാടകനും എന്ന നിലയിലുള്ള സമ്മര്‍ദങ്ങളുണ്ടായിരുന്നു. 1993-ല്‍ Public Liberties in the Islamic State എന്ന പുസ്തകം പുറത്തിറങ്ങി. സ്വാതന്ത്ര്യം, പൗരത്വം, അവകാശം, പരമാധികാരം, രാജ്യദ്രോഹം തുടങ്ങിയവയെ ഗനൂശിയുടെ പുസ്തകം സവിസ്തരം പ്രതിപാദിക്കുന്നു. ജനാധിപത്യത്തെക്കുറിച്ചുള്ള ചിന്തകളും പുസ്തകത്തിന്റെ ഭാഗമാണ്. തന്റെ രാഷ്ട്രീയ ജനാധിപത്യ പരീക്ഷണങ്ങളാണ് പുസ്തകത്തിന്റെ ഔട്ട്‌ലൈനെന്നാണ് ഗനൂശി പറയുന്നത്. ജോര്‍ദാനിലും യമനിലും കുവൈത്തിലും ലബനാനിലും മൊറോക്കോയിലും നടക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ജനാധിപത്യ ഇടപെടലുകളെ ഗനൂശി അനുഭാവ പൂര്‍വം വീക്ഷിച്ചു. എന്നാല്‍, ഇത്തരം പരീക്ഷണങ്ങളെ ഏകാധിപതികള്‍ തകര്‍ത്തെറിയുന്നത്- തുനീഷ്യ, അള്‍ജീരിയ, ഇറാഖ്, സുഡാന്‍- വലിയ പ്രശ്‌നമാക്കേണ്ടതില്ലെന്നാണ് 1996-ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കോണമിക്‌സില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ പറഞ്ഞത്. 'അവര്‍ തകര്‍ക്കാന്‍ പറ്റിയ സിദ്ധാന്തത്തിലാണുള്ളത്. അതുകൊണ്ട് തന്നെ ഏകാധിപത്യം തകര്‍ന്നുതരിപ്പണമായിക്കോളും' എന്നാണ് ഗനൂശി പറഞ്ഞത്. ഗനൂശിയുടെ റോള്‍ ചിന്തകന്‍ എന്ന നിലയിലാണോ, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലാണോ എന്ന് നിശ്ചയിക്കാന്‍ പ്രയാസമാണ്. തന്റെ പാര്‍ട്ടിയില്‍ 1995-ല്‍ നടന്ന പ്രസിഡന്റ് ഇലക്ഷനില്‍ അമ്പത്തിരണ്ട് ശതമാനം വോട്ടു നേടിയാണ് ഗനൂശി  പ്രസിഡന്റാവുന്നത്.
 
ഗനൂശിയുടെ അഞ്ചു പ്രധാന നേട്ടങ്ങള്‍ അസ്സാം തമീമിയുടെ പുസ്തകത്തില്‍ ഇങ്ങനെ സംഗ്രഹിക്കുന്നു:
 
ഒന്ന്, ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയില്‍ പൗരസമൂഹത്തിനു നല്‍കിയ പുനര്‍നിര്‍വചനം.
 
രണ്ട്, സെക്യുലറൈസേഷന്റെ പരിമിതിയെ കുറിച്ചുള്ള നിരീക്ഷണങ്ങളും പോസ്റ്റ് സെക്യുലര്‍ സിവില്‍ സൊസൈറ്റിയെക്കുറിച്ചുള്ള നിലപാടുകളും.
 
മൂന്ന്, ജനാധിപത്യവും ഇസ്‌ലാമും തമ്മിലുള്ള ബന്ധം. ഇസ്‌ലാമിനെ ഒരു ജീവിതവഴിയെന്ന നിലയില്‍ കാണുന്നതിന് ജനാധിപത്യ പ്രക്രിയക്കുള്ള പങ്ക്.
 
നാല്, സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചുമുള്ള ഇസ്‌ലാമിക കാഴ്ചപ്പാട്.
 
അഞ്ച്, നവലോകക്രമം എങ്ങനെയാണ് അറബ് പ്രദേശങ്ങളില്‍ ജനാധിപത്യം തടഞ്ഞതെന്ന വിശദീകരണം.
 
അന്വേഷണവും യാത്രയും ഇടപെടലുകളും സമ്പന്നമാക്കിയ ഗനൂശിയുടെ ജീവിതം തന്നെ വലിയൊരു പാഠപുസ്തകമാണ്. അസ്സാം തമീമിയുടെ പുസ്തകം ദീര്‍ഘകാലം ഗനൂശിയുമായുള്ള സഹവാസത്തിലൂടെ ഉണ്ടായതാണ്. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ഗനൂശിയുടെ വ്യക്തിചിത്രമാണ് ഈ വായനയിലൂടെ പരിചയപ്പെടുത്താന്‍ ശ്രമിച്ചത്. ഗനൂശിയുടെ ചിന്തകള്‍ (സെക്യുലറിസം, ജനാധിപത്യം, സിവില്‍ സൊസൈറ്റി, ഇസ്‌ലാമിക രാഷ്ട്രീയം എന്നിവയെ കുറിച്ച്) അധികം പരിചയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. വളരെ എളുപ്പത്തില്‍ അത് സാധ്യവുമല്ല. ഗനൂശിയുടെ ജീവചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് അദ്ദേഹത്തിന്റെ ബൗദ്ധിക ഇടപെടലുകള്‍ വായിക്കേണ്ടതെന്നാണ് മനസ്സിലാവുന്നത്. ലോകത്ത് ഇന്ന് നടക്കുന്ന മാറ്റങ്ങളുടെ ആദ്യ വെടി പൊട്ടിയത് തുനീഷ്യയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ഗനൂശിയെ അവഗണിക്കാന്‍ ആര്‍ക്കും സാധ്യമല്ല. സാഹസികരായ വായനക്കാര്‍ ഗനൂശിയുടെ ചിന്തകളെ അഭിമുഖീകരിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ഒരു നല്ല എഡിറ്റര്‍ പുസ്തകത്തിലെ ആശയങ്ങളുടെ ക്രമീകരണത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ കൂടുതല്‍ വായനക്ഷമമായേനെ. ഇസ്‌ലാമിക ചിന്തയിലെ പുതിയൊരു നാഴികക്കല്ലായി ഗനൂശിയുടെ ബൗദ്ധിക ജീവിതത്തെ നമുക്ക് കാണാന്‍ കഴിയേണ്ടതാണ്.
 
Rachid Ghannouchi: A Democrat within Islamism
 
- Azzam S. Tamimi
 
- Oxford University Press 2001
 
 

 
 

 
റാശിദ് ഗനൂശി പറഞ്ഞത്
 
മുഹമ്മദ് പാറക്കടവ്
 
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തുനീഷ്യയിലെ അന്നഹ്ദ പാര്‍ട്ടി നേതാവ് റാശിദ് ഗനൂശി ശാന്തപുരത്തെയും മറ്റും സന്ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി ഖത്തറിലെത്തിയപ്പോള്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംബന്ധിക്കുകയും സദസ്സുമായി വളരെ സമയം സംവദിക്കുകയും ചെയ്തിരുന്നു. ചടങ്ങിനു മുമ്പ് ടി.കെ ഇബ്‌റാഹീം സാഹിബുമായി സംസാരിക്കുന്നതും ഏറെ നേരം കുത്തിക്കുറിക്കുന്നതും കണ്ടിരുന്നു. എന്നാല്‍, പെരുന്നാളിന് അഞ്ചു ദിവസം മുമ്പ് നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് ദോഹ ഷെറട്ടോണ്‍ ലോബിയില്‍ കാണാന്‍ ചെന്നപ്പോള്‍ ഗനൂശി നല്ല തിരക്കിലായിരുന്നു. ഖത്തര്‍ അമീറിനെയും കിരീടാവകാശിയെയും അറബ് വിപ്ലവങ്ങള്‍ക്ക് ഇന്ധനം പകര്‍ന്ന ഡോ. ഖറദാവിയെയും മറ്റും കണ്ടതിന്റെ പിറ്റേന്നായിരുന്നു കൂടിക്കാഴ്ച. ലോകം മുഴുവന്‍ ശ്രദ്ധിച്ച ഒരു തെരഞ്ഞെടുപ്പില്‍ വിജയം വരിച്ച പാര്‍ട്ടിയുടെ നേതാവിന് ചുറ്റും കാമറയും നോട്ട്പാഡുമായി ചാനലുകാരുടെയും പത്രക്കാരുടെയും നിര. പോരാഞ്ഞിട്ട് വിപ്ലവനായകന് സുരക്ഷ നല്‍കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ പരിസരത്താകെ ജാഗ്രതയോടെ നിലകൊണ്ടിരുന്നു. എന്നാല്‍ ഈ ബദ്ധപ്പാടുകളൊന്നുമില്ലാത്ത ശാന്തമായ മുഖഭാവത്തിലായിരുന്നു ഗനൂശി. പരിചയപ്പെടുത്തിയ ഉടനെ ടി.കെ ഇബ്‌റാഹീം സാഹിബിന്റെയും ഡോ. അബ്ദുസ്സലാമിന്റെയും വിവരങ്ങള്‍ ആരാഞ്ഞു. രണ്ടു മൂന്നു ചോദ്യങ്ങള്‍ക്ക് അവസരം ലഭിച്ചു.
 
തുനീഷ്യ ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം തൊഴിലില്ലായ്മയാണ്. അത് പരിഹരിക്കാനുള്ള തീവ്ര ശ്രമമാണ് ഉടനെ നിലവില്‍ വരാന്‍ പോകുന്ന ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുക. കഴിഞ്ഞ ഭരണകൂടം നടത്തിയ കടുത്ത അഴിമതിയുടെ ഫലമായി രാഷ്ട്രം അഭിമുഖീകരിക്കുന്നത് കനത്ത കെടുതികളാണ്. അതിന് നിവാരണമുണ്ടാക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുക. തെരഞ്ഞെടുപ്പില്‍ നാല്‍പത്തിരണ്ട് ശതമാനം വോട്ടുകള്‍ നേടിയ അന്നഹ്ദയുടെ ജനപിന്തുണ മറ്റു കക്ഷികള്‍ അംഗീകരിക്കുന്നുണ്ട്. ഇപ്പോള്‍ നടന്നത് ഭരണഘടന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് മാത്രമാണ്. ഒരു വര്‍ഷം കഴിഞ്ഞാല്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. തുനീഷ്യയിലെ ഫലം ഈജിപ്തിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്നു ചോദിച്ചപ്പോള്‍ പരിസര രാഷ്ട്രങ്ങളിലെല്ലാം ഇതിന്റെ ശക്തമായ പ്രതിഫലനം കാണും എന്നായിരുന്നു മറുപടി. വിനോദ സഞ്ചാരം, സ്ത്രീസ്വാതന്ത്ര്യം തുടങ്ങിയ മേഖലകളില്‍ ഈ തെരഞ്ഞെടുപ്പ്ഫലം കാരണം രാഷ്ട്രം പിന്നോട്ട് പോകുമെന്ന പ്രചാരണം ചൂണ്ടിക്കാട്ടിയപ്പോള്‍ ഗനൂശി പറഞ്ഞതിങ്ങനെ: ''ഞങ്ങള്‍ ജനങ്ങളുടെ ഭക്ഷണ-വസ്ത്രധാരണ രീതികളില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയോ വ്യക്തിനിയമത്തില്‍ കൈകടത്തുകയോ ചെയ്യില്ല. രാജ്യത്ത് വനിതകളുടെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെടും.''
 
ഡോ. യൂസുഫുല്‍ ഖറദാവിയും അല്‍ജസീറ ചാനലും മാത്രമല്ല, ഖത്തര്‍ ഭരണകൂടം തന്നെയും അറബ് വിപ്ലവങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയിട്ടുണ്ട്. തുനീഷ്യ ഉള്‍പ്പെടെ അറബ് വസന്തം വിജയിച്ച എല്ലാ രാഷ്ട്രങ്ങളിലും വികസന പദ്ധതികള്‍ക്ക് വന്‍ നിക്ഷേപമിറക്കുമെന്ന് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഉറപ്പ് തന്നിട്ടുണ്ട്.
 
തെരഞ്ഞെടുപ്പ് ഫലത്തോട് പാശ്ചാത്യ ലോകത്തിന്റെ പ്രതികരണം എങ്ങനെ എന്ന ചോദ്യത്തിന്, അന്താരാഷ്ട്ര സമൂഹത്തിന്റെ പൂര്‍ണ നിരീക്ഷണത്തില്‍ നടന്ന ഇലക്ഷന്‍ ഫലത്തിനു നേരെ ആര്‍ക്കും കണ്ണടക്കാന്‍ സാധ്യമല്ലെന്നും അതിനാല്‍ അവരുടെ പ്രതികരണം യാഥാര്‍ഥ്യബോധത്തോടെ ഉള്ളതാണെന്നുമായിരുന്നു മറുപടി.
 
തുനീഷ്യന്‍ സേനയും തെരഞ്ഞെടുപ്പ് വിജയത്തില്‍ ഞങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. പഴയ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരോട് പകപോക്കല്‍ നയം സ്വീകരിക്കില്ല. എന്നാല്‍, വ്യക്തിപരമായ കുറ്റങ്ങള്‍ക്കുള്ള വിചാരണ നേരിടേണ്ടിവരും. ഭരണത്തില്‍ ഏതെങ്കിലും സ്ഥാനമോ ഇറാനിലേതുപോലെ ആത്മീയാചാര്യ പദവിയോ അലങ്കരിക്കുമോ എന്ന ചോദ്യം കേട്ട് പുഞ്ചിരിച്ച് പറഞ്ഞു: ''ഇല്ല, തെരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടിയുടെ നേതാവ് മാത്രമായിരിക്കും ഞാന്‍.''
 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

തുനീഷ്യ അവസാനമല്ല


Published on Mon, 01/17/2011 

തുനീഷ്യ അവസാനമല്ല
പി.കെ. നിയാസ്
ജനകീയ പ്രക്ഷോഭങ്ങള്‍ക്കു മുന്നില്‍ ഒരു ഏകാധിപതിക്കും നിലനില്‍പില്ലെന്ന ചരിത്രത്തിന്റെ ആവര്‍ത്തനമാണ് ഉത്തരാഫ്രിക്കന്‍ രാജ്യമായ തുനീഷ്യയില്‍ കഴിഞ്ഞ ദിവസം കണ്ടത്. ഇരുപത്തിമൂന്നു വര്‍ഷമായി രാജ്യത്തെ തറവാടുസ്വത്താക്കി ഭരണം നടത്തിയ സൈനുല്‍ ആബിദീന്‍ ബിന്‍ അലി ജനരോഷം ഭയന്ന് നാടുവിട്ട് സൗദി അറേബ്യയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. 1979 ലെ ഇറാന്‍ വിപ്ലവത്തിനുശേഷം ആദ്യമായാണ് ജനകീയ പ്രക്ഷോഭത്തിലൂടെ ഒരു മുസ്‌ലിംരാജ്യം ഏകാധിപതിയെ പുറന്തള്ളുന്നത്. ഒരു അറബ് രാജ്യത്താവട്ടെ, അപൂര്‍വമാണ് ഇത്തരമൊരു സംഭവം. ബിന്‍ അലിയും പത്‌നിയും ഭാഗ്യം കൊണ്ടാണ് ജനരോഷത്തില്‍നിന്ന് രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കില്‍ റുമേനിയയിലെ ചെഷസ്‌ക്യൂ ദമ്പതികളുടെയോ അഫ്ഗാനിസ്താനിലെ നജീബുല്ലയുടെയോ ഗതി ഇവര്‍ക്കും വരുമായിരുന്നു.
 പ്രക്ഷോഭത്തിന്റെ നാള്‍വഴി
തലസ്ഥാനമായ തൂനിസില്‍നിന്ന് 165 മൈല്‍ അകലെ സിദി ബൗസ് നഗരത്തില്‍ ഉന്തുവണ്ടിയില്‍ കച്ചവടം നടത്തി ഉപജീവനം തേടുന്ന മുഹമ്മദ് ബൂ അസീസി എന്ന ഇരുപത്താറുകാരന്റെ വണ്ടി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഡിസംബര്‍ 19ന് അധികൃതര്‍ പിടിച്ചെടുക്കുന്നതോടെയാണ് തുനീഷ്യയെ മാത്രമല്ല, അറബ്‌ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ സംഭവങ്ങളുടെ തുടക്കം. സര്‍വകലാശാല ബിരുദമുണ്ടായിട്ടും ജോലി ലഭിക്കാത്തതിനാല്‍ ഉന്തുവണ്ടിയില്‍ പഴവും പച്ചക്കറികളും വിറ്റ് ജീവിച്ചുവരുകയായിരുന്നു മുഹമ്മദ്. എന്നാല്‍, ലൈസന്‍സില്ലാതെ കച്ചവടം ചെയ്‌തെന്നാരോപിച്ച് സാധനങ്ങള്‍ കണ്ടുകെട്ടിയപ്പോള്‍ മനോവിഷമത്താല്‍ മുഹമ്മദ് ദേഹത്ത് തീകൊളുത്തി ആത്മാഹുതിക്ക് ശ്രമിച്ചു. ഇതോടെ ജനം ഇളകിവശായി. എന്നാല്‍, പട്ടാളത്തെ ഇറക്കി പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിച്ചത്. നാലു ദിവസത്തിനുശേഷം മറ്റൊരു ദാരുണസംഭവത്തിനു കൂടി സിദി ബൗസ് സാക്ഷ്യം വഹിച്ചു. ഹുസൈന്‍ നാജി ഫല്‍ഹി എന്ന ചെറുപ്പക്കാരന്‍ മുപ്പതിനായിരം മെഗാവാട്ട് വൈദ്യുതി പ്രവഹിക്കുന്ന കമ്പികള്‍ ദേഹത്ത് ചേര്‍ത്തുവെച്ച് ആത്മഹത്യ ചെയ്തു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഹമ്മദ് ജനുവരി ആദ്യവാരം അന്ത്യശ്വാസം വലിക്കുക കൂടി ചെയ്തതോടെ പ്രക്ഷോഭം ശക്തിപ്പെടുകയായിരുന്നു. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നിഗൂഢശക്തികളാണ് പ്രക്ഷോഭത്തിനു പിന്നിലെന്നാണ് ഭരണകൂടം പ്രചരിപ്പിച്ചത്. സിദി ബൗസിദ് നഗരത്തിന് 15 മില്യന്‍ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രക്ഷോഭം തണുപ്പിക്കാന്‍ ബിന്‍ അലി ശ്രമിച്ചെങ്കിലും ജനരോഷം വളരെ പെട്ടെന്ന് തലസ്ഥാനമായ തൂനിസിലേക്കും വ്യാപിക്കുകയായിരുന്നു.
പ്രക്ഷോഭം അടിച്ചമര്‍ത്താനായിരുന്നു ബിന്‍ അലിയുടെ ആദ്യ ഉത്തരവ്. കിട്ടിയ അവസരം മുതലെടുത്ത് സൈനികര്‍ ജനങ്ങളെ വെടിവെച്ചുകൊന്നു. അറുപതു പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. സര്‍ക്കാറിനെ പിരിച്ചുവിട്ടു, ആറുമാസത്തിനകം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്താമെന്നും 2014ലെ പ്രസിഡന്റ് ഇലക്ഷനില്‍ താന്‍ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചും ജനരോഷം തണുപ്പിക്കാമെന്ന ബിന്‍ അലിയുടെ നീക്കവും ഫലം കണ്ടില്ല. തന്റെ രാജിയാണ് ജനങ്ങള്‍ക്ക് ആവശ്യമെന്ന് വൈകിയാണെങ്കിലും ബോധ്യപ്പെട്ടപ്പോഴാണ് രാജ്യം വിടാന്‍ ഈ ഏകാധിപതി തീരുമാനിക്കുന്നത്. പ്രധാനമന്ത്രി മുഹമ്മദ് ഗനൂശിയെ ആക്ടിങ് പ്രസിഡന്റായി ജനങ്ങള്‍ മാത്രമല്ല, രാജ്യത്തെ പരമോന്നത കോടതിയും അംഗീകരിച്ചില്ല. കോടതി ഉത്തരവിനെ തുടര്‍ന്ന് ആക്ടിങ് പ്രസിഡന്റായി സ്ഥാനമേറ്റ സ്‌പീക്കര്‍ ഫുആദ് മെബാസ 60 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യകക്ഷി സര്‍ക്കാര്‍ രൂപവത്കരണത്തിന് പ്രതിപക്ഷം സന്നദ്ധത പ്രകടിപ്പിച്ചതിനാല്‍ ക്രമസമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ബിന്‍ അലി ഭരണത്തിലെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ജനങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാക്കിയിരുന്നെങ്കിലും പ്രക്ഷോഭമായി രൂപപ്പെട്ടിരുന്നില്ല. തൊഴിലില്ലായ്മ 13 ശതമാനമാണെന്നാണ് ഔദ്യോഗികകണക്കെങ്കിലും യാഥാര്‍ഥ്യം ഇതിലുമപ്പുറത്താണ്. സിദി ബൗസിദില്‍ മാത്രം 25 ശതമാനം ബിരുദധാരികളും 44 ശതമാനം ബിരുദധാരിണികളും തൊഴില്‍രഹിതരാണ്. ഭരണകൂട ഭീകരതക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയ ഇസ്‌ലാമിസ്റ്റുകളും  മനുഷ്യാവകാശപ്രവര്‍ത്തകരും ഏറെക്കാലമായി ജയിലുകളിലാണ്. അന്നഹ്ദ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന റാശിദ് ഗനൂശിയെപ്പോലുള്ള നേതാക്കള്‍ വിവിധ രാജ്യങ്ങളിലായി പ്രവാസികളായും കഴിയുന്നു. ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതുകൊണ്ടു മാത്രം അമേരിക്കയുടെയും ഫ്രാന്‍സിന്റെയും മറ്റും പിന്തുണ ബിന്‍ അലി നേടിയെടുത്തിരുന്നു. എന്നാല്‍, ഫ്രാന്‍സില്‍ അഭയം കിട്ടുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ബിന്‍അലിയെ സ്വീകരിക്കാന്‍ സാര്‍കോസി കൂട്ടാക്കിയില്ലെന്നത് അറബ് ഏകാധിപതികള്‍ക്കൊക്കെ പാഠമാണ്. ഡിസംബര്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് ബിന്‍ അലിയെ സംരക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്ന് വ്യക്തമാക്കി തൂനിസിലെ അമേരിക്കന്‍ അംബാസഡര്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ച സന്ദേശം വിക്കിലീക്‌സും പുറത്തുവിടുകയുണ്ടായി. അഴിമതിയും ജനവിരുദ്ധ നിലപാടുകളും പ്രായാധിക്യവുമാണ് ബിന്‍ അലിയുടെ പ്രതികൂല ഘടകങ്ങളായി സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
ബിന്‍ അലിയുടെ രണ്ടാം ഭാര്യ ലൈലയാണ് അഴിമതി ഭരണകൂടത്തിലെ നെടുംതൂണായി വര്‍ത്തിച്ചത്. ഒരു ബ്യൂട്ടീഷ്യന്‍ മാത്രമായിരു ലൈല തുനീഷ്യയിലെ ഇമല്‍ഡ മാര്‍ക്കോസ് ആയാണ് അറിയപ്പെടുന്നത്. ഫിലിപ്പൈന്‍സിലെ മുന്‍ പ്രഥമ വനിതയായിരുന്ന  ഇമല്‍ഡക്ക് ആഡംബര ചെരിപ്പുകളോടും ഷൂകളോടുമായിരുന്നു പ്രിയമെങ്കില്‍ വില്ലകളും ഷോപ്പിങ്മാളുകളും പരമാവധി സ്വന്തം പേരിലാക്കുന്നതിലായിരുന്നു ലൈലക്ക് താല്‍പര്യം. അതിനനുസരിച്ച് അവരുടെ ബാങ്ക് ബാലന്‍സിലും അഭൂതപൂര്‍വമായ വര്‍ധനവുണ്ടായി. അറബ് രാജ്യങ്ങളിലെ വനിതകളുടെ ഉയര്‍ച്ചക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന അറബ് വിമന്‍സ് ഓര്‍ഗനൈസേഷന്‍ അധ്യക്ഷയെന്ന നിലയില്‍ ഏറ്റവും സ്വാധീനമുള്ള 50 അറബ് പ്രമുഖരുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ച ലൈല ദുബൈയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.  
 ഒടുവില്‍ മോചനം
1956ല്‍ ഫ്രാന്‍സില്‍നിന്ന് സ്വാതന്ത്ര്യം നേടിയതു മുതല്‍ ഏകാധിപത്യ ഭരണത്തില്‍ കഴിയേണ്ടിവന്ന അറബ്‌രാജ്യമാണ് തുനീഷ്യ. സ്വാതന്ത്ര്യാനന്തരം രാജഭരണത്തിലേക്ക് നീങ്ങിയ രാജ്യത്തെ ഒരു വര്‍ഷത്തിനകം റിപ്പബ്ലിക്കായി പരിവര്‍ത്തിപ്പിച്ച് ദേശീയവാദിയും സെക്യുലറിസ്റ്റുമായ ഹബീബ് ബുര്‍ഖീബ രംഗത്തുവന്നതോടെ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും മുപ്പതു വര്‍ഷം അദ്ദേഹത്തിന്റെ ഉരുക്കുമുഷ്ടിക്കു കീഴില്‍ കഴിയാനായിരുന്നു ജനത്തിനു വിധി. 1987 ല്‍ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട സൈനുല്‍ആബിദിന്‍ ബിന്‍ അലി മാസങ്ങള്‍ക്കകം ബുര്‍ഖീബയുടെ ഭരണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് പ്രസിഡന്റായി സ്ഥാനമേല്‍ക്കുകയായിരുന്നു. ഇലക്ഷനെന്ന പേരില്‍ നടത്തുന്ന നാടകത്തിലൂടെയാണ് ബിന്‍ അലി അധികാരം നിലനിര്‍ത്തിപ്പോന്നത്. 1994ല്‍ പ്രസിഡന്റ്‌സ്ഥാനത്തേക്ക് മത്സരിക്കാന്‍ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫലം വന്നപ്പോള്‍ 100 ശതമാനം വോട്ടും ബിന്‍അലിക്ക്! 1999ല്‍ വിജയശതമാനം 99.4 ആയി ചുരുക്കാനുള്ള മഹാമനസ്‌കത പ്രകടിപ്പിച്ചു. ഏറ്റവുമൊടുവില്‍ 2009 ഒക്‌ടോബറിലാണ് കോണ്‍സ്റ്റിറ്റിയൂഷനല്‍ ഡെമോക്രാറ്റിക് റാലി (ആര്‍.സി.ഡി) എന്ന പാര്‍ട്ടിയുടെ ബാനറില്‍ ബിന്‍ അലി അവസാനമായി 'തെരഞ്ഞെടുക്കപ്പെട്ടത്'. പ്രസിഡന്റ് പദവിയിലേക്ക് മത്സര രംഗത്തുണ്ടായിരുന്ന മറ്റു മൂന്നുപേരെയും ബഹുദൂരം പിന്നിലാക്കി 89.62ശതമാനത്തോടെയായിരുന്നു വിജയം. അഴിമതിയുടെ കൂത്തരങ്ങായിരുന്നു തെരഞ്ഞെടുപ്പെന്നാണ് നിരീക്ഷകര്‍ വിധിയെഴുതിയത്. ആഫ്രിക്കന്‍ യൂനിയന്‍ വോട്ടെടുപ്പ് ശരിവെച്ചപ്പോള്‍ ബിന്‍ അലിയെ പിന്തുണച്ചിരുന്ന അമേരിക്കക്കു പോലും വിയോജിക്കേണ്ടിവന്നു. അന്താരാഷ്ട്രനിരീക്ഷകരെ വോട്ടെടുപ്പ് മേഖലയില്‍നിന്ന് ഭരണകൂടം വിലക്കിയെന്നാണ് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പറഞ്ഞത്.
എന്നാലും ബിന്‍ അലി സര്‍ക്കാറിനുള്ള പിന്തുണ തുടരുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലുള്ള മോശം ട്രാക്ക് റെക്കോഡ് തിരുത്തിയെഴുതാനും വിദേശങ്ങളില്‍ രാജ്യത്തെക്കുറിച്ച മികച്ച പ്രതിച്ഛായ സൃഷ്ടിക്കാനും  വാഷിങ്ടണ്‍ മീഡിയ ഗ്രൂപ്പ് എന്ന സ്ഥാപനവുമായി ബിന്‍ അലി ഭരണകൂടം കരാര്‍ ഒപ്പിട്ടിരുന്നു. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഉപദേശമാരാഞ്ഞ ശേഷമാണ്  മീഡിയ ഗ്രൂപ്പ് കരാറിലെത്തിയത്. അതോടെ തുനീഷ്യയിലെ വ്യവസായസംരംഭകത്വ വിജയവും ജനാധിപത്യമഹത്വവും സംബന്ധിച്ച വ്യാപകപ്രചാരണങ്ങള്‍ അരങ്ങേറി. ജനപിന്തുണയില്ലാത്ത, അഴിമതിയില്‍ കറങ്ങുന്ന ഭരണമാണ് തുനീഷ്യയിലേതെന്ന് ബോധ്യപ്പെട്ടതോടെ അമേരിക്ക കളം മാറിച്ചവിട്ടി. ഭരണകൂടത്തിനെതിരെ ജനകീയസമരങ്ങള്‍ ശക്തിപ്പെട്ടതോടെ ഡിസംബറില്‍ വാഷിങ്ടണ്‍ ഗ്രൂപ്പും കരാറില്‍നിന്ന് പിന്‍വാങ്ങി.
അല്‍ജീരിയയിലും തുനീഷ്യയിലും പടര്‍ന്നുപിടിച്ച ജനകീയപ്രക്ഷോഭം രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഇപ്പോഴിതാ ജോര്‍ഡനിലേക്കും പ്രവേശിച്ചിരിക്കുന്നു. ഈജിപ്തും ലിബിയയും മൊറോക്കോയുമൊന്നും അകലെയല്ലെന്ന സൂചനയാണ് ഈ മുന്നേറ്റങ്ങള്‍ നല്‍കുന്നത്. ഈജിപ്തില്‍ തെരഞ്ഞെടുപ്പ് പ്രഹസനത്തിലൂടെ മുപ്പതു കൊല്ലമായി അധികാരം വാഴുന്ന മുബാറകും ജനരോഷം അടിച്ചമര്‍ത്തുന്നതില്‍ കേമനാണ്. ജനങ്ങള്‍ വെറുക്കുന്ന ഇരട്ടകളില്‍ ഒരാള്‍ ഓടിപ്പോയെന്നും മറ്റെയാള്‍ക്ക് ആ ഗതി വരാനിരിക്കുന്നുവെന്നുമാണ് ഒരു അറബ് രാഷ്ട്രീയ നിരീക്ഷകന്‍ അഭിപ്രായപ്പെട്ടത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Mon, 10/31/2011

തുനീഷ്യ ചിരിക്കുന്നു
ചോരമണക്കുന്ന ഇന്നലെകളെ അറബ് വസന്തത്തിന്‍െറ പൂങ്കാറ്റില്‍ തഴുകിത്തുടച്ചെടുക്കുകയാണ് തുനീഷ്യ. പീഡനപര്‍വത്തില്‍നിന്ന് വിമോചനത്തിലേക്കുള്ള കരകയറ്റത്തിന്‍െറ എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നതാണ് പരിവര്‍ത്തനത്തിന് മുന്നില്‍നടക്കുന്ന ‘അന്നഹ്ദ’ പാര്‍ട്ടിയുടെ ഒൗദ്യോഗിക വെബ്സൈറ്റ്. അറബ് വസന്തം വിടരുന്ന കാലം വരെ ചോരയും കണ്ണീരുമായിരുന്നു അതിന്‍െറ ഹോംപേജ് നിറയെ. യാതനയുടെ കൂരിരുട്ടിലും പ്രത്യാശയുടെ നെയ്ത്തിരി കത്തിച്ചുവെക്കാനുള്ള വെമ്പലായിരുന്നു അതിലെ ലേഖനങ്ങള്‍ മുഴുവന്‍. കോളനിവാഴ്ചക്കാരെ ആട്ടിപ്പായിച്ച ശേഷവും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും വകവെച്ചുകിട്ടുന്നതിന് ആയിരങ്ങള്‍ ഒഴുക്കിയ രക്തത്തിന്‍െറ, രണ്ടു പതിറ്റാണ്ടിലായി 30,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുഭവിച്ച പീഡനങ്ങളുടെ, കല്‍ത്തുറുങ്കുവാസങ്ങളുടെ കിടിലന്‍ കണക്കുപുസ്തകമാണത്. എന്നാല്‍, അറബ് വസന്തത്തിന്‍െറ പുലര്‍ച്ചയില്‍ രണ്ടാം സ്വാതന്ത്ര്യത്തിലേക്ക് ചുവടുവെക്കുന്ന തുനീഷ്യയുടെ ഭാവപ്പകര്‍ച്ച അന്നഹ്ദയെയും അതിന്‍െറ ജിഹ്വകളെയും സ്വാധീനിച്ചത് സ്വാഭാവികം. സാഹചര്യങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും അനുസൃതമായി പരുവപ്പെടുന്ന ഈ സ്വാഭാവികവളര്‍ച്ച തന്നെയാണ് ‘അന്നഹ്ദ’യുടെ വ്യതിരിക്തത. പീഡിത കക്ഷിയില്‍നിന്ന് ഭരണകക്ഷിയായി പാര്‍ട്ടിയെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതും അതുതന്നെ. തുനീഷ്യയിലും പിറകെ ഈജിപ്തിലും യമനിലും ലിബിയയിലും വീശിയടിച്ച മാറ്റത്തിന്‍െറ കാറ്റ് അടങ്ങിയശേഷം ഇനിയെന്ത് എന്നത് അവ്യക്തതയില്‍ നില്‍ക്കെയാണ് തുനീഷ്യയിലെ ആദ്യ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടും 90 സീറ്റും നേടി അന്നഹ്ദ അധികാരമേറുന്നത്.
അറബ്വസന്തം മുളപൊട്ടിയതെങ്ങനെ, അതിന് കരുത്ത് പകരുന്നതും ഫലം കൊയ്യുന്നതും ആര് തുടങ്ങിയ ചോദ്യങ്ങളെ ആശങ്കയുടെയും ആധിയുടെയും അസ്ത്രങ്ങളാക്കി മാറ്റി പഴയ പാശ്ചാത്യ കോളനിശക്തികളുടെ പുതിയ പടിഞ്ഞാറന്‍ അവതാരങ്ങള്‍ പ്രചാരണയുദ്ധത്തിനിറങ്ങുമ്പോഴാണ് തുനീഷ്യന്‍ ജനത ആശയക്കുഴപ്പമേതുമില്ലാതെ സ്വന്തം ഭാവിഭാഗധേയത്വത്തിന് സമ്മതിദാന മുദ്ര ചാര്‍ത്തുന്നത്. അതോടെ അവര്‍ക്കും സമ്മതിക്കാതെ തരമുണ്ടായില്ല. അതിന്‍െറ ഏറ്റവും മുന്തിയ ഉദാഹരണമാണ് ഇല്ലാവാദങ്ങള്‍ തനിക്കുമേല്‍ വെച്ചുകെട്ടിയ ലോകപ്രശസ്ത ഇംഗ്ളീഷ്വാരിക ‘ദ ഇക്കോണമിസ്റ്റി’നെ ‘അന്നഹ്ദ’ ലീഡര്‍ റാശിദ് ഗനൂശി മാപ്പുപറയിച്ച് ഏത്തമിടീച്ചത്. അറബ് ഉണര്‍വിനുശേഷവും പെണ്ണവകാശങ്ങള്‍ വേണ്ടവണ്ണം പരിഗണിക്കപ്പെടുന്നില്ല എന്നു വിലയിരുത്തി വാരിക 2011 ഒക്ടോബര്‍ 15ന് ഒരു ലേഖനമെഴുതി. തുനീഷ്യയിലും ഈജിപ്തിലും യമനിലുമൊക്കെ സ്വാതന്ത്ര്യപോരാട്ടത്തിന് സ്ത്രീകള്‍ നേതൃപരമായ പങ്കുവഹിച്ചെങ്കിലും വിമോചിതകാലത്തും സ്ത്രീകള്‍ പിറകിലൊതുക്കപ്പെടുന്നു എന്ന ആവലാതിയായിരുന്നു പ്രമേയം. അതില്‍ തുനീഷ്യയുടെ കഥ വിവരിക്കുന്നിടത്ത്, അന്നഹ്ദ പാര്‍ട്ടി നേതാവ് റാശിദ് ഗനൂശി രാജ്യത്തെ ലിബറല്‍ വ്യക്തിനിയമവും ബഹുഭാര്യത്വനിയന്ത്രണവും എതിര്‍ക്കുന്നു, ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിനനുസൃതമായി തുനീഷ്യന്‍നിയമസംഹിത പരിഷ്കരിക്കണമെന്നു വാദിക്കുന്ന ഫെമിനിസ്റ്റ് റജാ ബിന്‍ സലാമയെ തൂനിസിലെ ബസീജ് സ്ക്വയറില്‍ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് ഗനൂശി പ്രസ്താവിച്ചു എന്നൊക്കെ എഴുതിപ്പിടിപ്പിച്ചിരുന്നു. എന്നാല്‍, ഈ പ്രസ്താവനകളൊന്നും ശരിയല്ളെന്നും ഗനൂശിയുടെ പേരില്‍ പറഞ്ഞതത്രയും അവാസ്തവമാണെന്നും വ്യക്തമാക്കി പുതിയ ലക്കത്തില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് ‘ഇക്കോണമിസ്റ്റ്’, പ്രാധാന്യപൂര്‍വം തന്നെ. പാശ്ചാത്യനാഗരികതയെയും മതവിരുദ്ധസംഹിതകളെയും മനോഭാവങ്ങളെയും എതിര്‍ക്കുന്നവരെ മുഴുവന്‍ ‘തീവ്രവാദി’ മുദ്ര കുത്തി ഒറ്റപ്പെടുത്തുന്ന പടിഞ്ഞാറന്‍ മാധ്യമങ്ങളും അവയുടെ അനുകര്‍ത്താക്കളുമൊക്കെ ഇപ്പോള്‍ ഗനൂശിയെയും ‘അന്നഹ്ദ’യെയും മിതവാദി ഇസ്ലാമിസ്റ്റുകളാക്കി പരിചയപ്പെടുത്തിത്തുടങ്ങിയത് അറിയാന്‍ വൈകിപ്പോയതാണ് ‘ഇക്കോണമിസ്റ്റി’ന് പിണഞ്ഞ അബദ്ധം. അറബ് വസന്തത്തിന്‍െറ തിരയടിയില്‍ മുസ്ലിംകള്‍ക്ക് ജനാധിപത്യം കൊണ്ടുനടത്താന്‍ പറ്റില്ല എന്ന വംശീയചിന്താഗതി ബ്രിട്ടീഷ് പ്രധാനമന്ത്രി തന്നെ കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുത്തിപ്പറഞ്ഞതാണ്. ‘അടക്കിവാഴുന്ന ഭരണകൂടങ്ങള്‍ക്കേ രാജ്യത്ത് സ്ഥിരത സാധ്യമാകൂ എന്നും പരിഷ്കരണവും സുതാര്യതയും അതിനെ അപകടത്തിലകപ്പെടുത്തുമെന്നും പതിറ്റാണ്ടുകളായി വിശ്വസിക്കപ്പെട്ടുപോന്നു. അതിനാല്‍ ബ്രിട്ടനെ പോലുള്ള രാജ്യങ്ങള്‍ക്ക് സ്വന്തം താല്‍പര്യങ്ങള്‍, മൂല്യങ്ങള്‍ -ഇവയിലൊന്നു തെരഞ്ഞെടുക്കേണ്ടി വന്നു. അത് തെറ്റായി എന്നു ഞാന്‍ പറയുന്നു. ഈയിടെ നടന്ന സംഭവവികാസങ്ങള്‍ ജനത്തിന്‍െറ മൗലികാവകാശങ്ങള്‍ നിഷേധിച്ച് സ്ഥിരത കൊണ്ടുവരാനാവില്ളെന്നും മറിച്ചാണ് സംഭവിക്കുകയെന്നും ഉറപ്പിക്കുന്നു’ -കുവൈത്ത് ദേശീയ അസംബ്ളിയെ അഭിസംബോധന ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ നടത്തിയ കുറ്റസമ്മതമാണിത്. ഒരിക്കല്‍ അല്‍ജീരിയയിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദുചെയ്യാന്‍ സ്വേച്ഛാധിപതികള്‍ക്ക് പിന്തുണ നല്‍കിയവര്‍ക്കാണ് ഈ മനംമാറ്റം. ജനഹിതത്തെ മാനിക്കാതിരിക്കാനാവില്ളെന്ന്, യൂറോപ്പിലേക്ക് സംക്രമിക്കുന്ന അറബ്വസന്തത്തിന്‍െറ വര്‍ത്തമാനം പടിഞ്ഞാറിനെ തെര്യപ്പെടുത്തുന്നുണ്ടാവണം. അതുകൊണ്ടാണ് സയ്യിദ് ഖുതുബ്, സയ്യിദ് മൗദൂദി തുടങ്ങിയ ആധുനിക ഇസ്ലാമിക നവോത്ഥാനശില്‍പികളുടെ ശിഷ്യനാണെന്ന് തുറന്നുപറഞ്ഞുകൊണ്ടുതന്നെ ഗനൂശിക്കും പാര്‍ട്ടിക്കും പടിഞ്ഞാറ് മിതവാദ വിശേഷണം ചാര്‍ത്തുന്നത്. അമേരിക്കയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഭീകരതയെ കൈകാര്യം ചെയ്യാനിറങ്ങിപ്പുറപ്പെട്ടതാണ് പാശ്ചാത്യലോകം. നന്മയേ പ്രതീക്ഷിക്കാനില്ലാത്ത ഭീകരമതമെന്ന അടച്ചാക്ഷേപമായിരുന്നു ആദ്യം. പിന്നെ ‘നല്ല ഇസ്ലാം/മുസ്ലിം’, ‘ചീത്ത ഇസ്ലാം/മുസ്ലിം’ എന്ന വര്‍ഗീകരണമായി. രാഷ്ട്രീയ/സാംസ്കാരിക/സൂഫി/മതേതര കള്ളികള്‍ വരച്ച് അതിലേക്ക് ഇസ്ലാമിനെ മുറിച്ചൊതുക്കി ‘രാഷ്ട്രീയ ഇസ്ലാമി’നെ പൈശാചികവത്കരിക്കുകയായിരുന്നു അടുത്ത പടി. പ്രത്യയശാസ്ത്ര പ്രതിസന്ധി സാമ്പത്തിക, രാഷ്ട്രീയ അസ്ഥിരതകളിലേക്ക് വന്‍ശക്തി രാഷ്ട്രങ്ങളെയടക്കം തള്ളിവിട്ടുകൊണ്ടിരിക്കുമ്പോള്‍ സ്വന്തം വിശ്വാസാദര്‍ശങ്ങളില്‍നിന്ന് ബദല്‍സാധ്യതകള്‍ ആരായുന്നവരെ നിശ്ശബ്ദമാക്കുകയായിരുന്നു ഇതിന്‍െറ ലക്ഷ്യം. പ്രോപഗാന്‍ഡാ കോപ്പുകളുടെ  ആഗോളകുത്തക കൈവശമുള്ളതുകൊണ്ട് പ്രചാരണയുദ്ധത്തില്‍ അവര്‍ മുന്നേറി. എന്നാല്‍, അറബ്തെരുവുകള്‍ക്ക് തീപിടിച്ചതോടെ, ലോകത്ത് എവിടെയും സുസ്ഥിരതക്ക് ജനാധിപത്യം വേണമെന്നു വാദിക്കുമ്പോഴും അറബ്ലോകം അപവാദമാണെന്ന് സ്ഥാപിച്ചുവന്ന പടിഞ്ഞാറന്‍ നയകോവിദന്മാര്‍ കുന്തം ചരിച്ചുവെക്കാന്‍ നിര്‍ബന്ധിതരായി. അതാണ് അറബ്ലോകത്തിനു മുന്നില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തുറന്നുപറഞ്ഞതും. അറബ്യൗവനത്തിനു തീ വെച്ചതാര് എന്നായി അടുത്ത ചര്‍ച്ച. സൈബര്‍ സാങ്കേതികവിദ്യ മുതല്‍ അറബ്ഫെമിനിസം വരെ നായകസ്ഥാനത്ത് അവരോധിക്കപ്പെട്ടു. അപ്പോഴും അറബ് പള്ളിയുറക്കക്കാരുടെ പട്ടുമെത്തകള്‍ക്കുതാഴെ പതിറ്റാണ്ടുകളായി പരിവര്‍ത്തനത്തിന്‍െറ കനലുകളെരിയിച്ചുനിര്‍ത്തിയവരെ കണ്ടില്ളെന്നു നടിച്ചു. അസ്മാ മഹ്ഫൂസും തവക്കുല്‍ കര്‍മാനും പ്രതീകങ്ങളായപ്പോഴും അവരുടെ പ്രചോദകമെന്തെന്ന അന്വേഷണത്തിന് മറയിട്ടു. എന്നാല്‍, സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് സ്വാതന്ത്ര്യം ലഭിച്ചാല്‍ അറബ്ജനത എന്ത് സ്വീകരിക്കുമെന്നതിന്‍െറ ഉത്തരമാണ് ക്ഷോഭത്തീക്കാറ്റിന് തുടക്കമിട്ട തുനീഷ്യ തുടങ്ങിവെച്ചിരിക്കുന്നത്. നവംബര്‍ അവസാനം സര്‍വതന്ത്ര സ്വതന്ത്രമായി ബൂത്തിലേക്ക് നീങ്ങുകയാണെങ്കില്‍ ഈജിപ്തില്‍നിന്ന് കേള്‍ക്കാവുന്നതും മറിച്ചാവാനിടയില്ളെന്ന് നിരീക്ഷകര്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇനി ‘രാഷ്ട്രീയ ഇസ്ലാമി’നെ തീവ്ര/മിതവാദ കള്ളികളിലേക്ക് മാറ്റിവരക്കാനുള്ള ശ്രമം പടിഞ്ഞാറുനിന്ന് വൈകാതെ പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊളിറ്റിക്കല്‍ ഇസ്ലാമിന്‍െറ തുനീഷ്യന്‍ സാധ്യതയും സാധുതയും വിശദമാക്കി റാശിദ് ഗനൂശി എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചത് ബ്രിട്ടനിലെ ഉദാര ഇടതുപത്രമായ ‘ദ ഗാര്‍ഡിയനാ’ണ്, 2011 ഒക്ടോബര്‍ 17ന്. 1994ല്‍ സാമുവല്‍ ഹണ്ടിങ്ടണിന്‍െറ ‘നാഗരികതകളുടെ സംഘട്ടനം’ സജീവ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ അമേരിക്കയിലെ സൗത് ഫ്ളോറിഡ സര്‍വകലാശാലയില്‍ ഗനൂശിയെ അതിഥിയാക്കി ഒരു അക്കാദമികഫോറം സംഘടിപ്പിക്കാന്‍ നോക്കി. വിവരമറിഞ്ഞ സയണിസ്റ്റ് ലോബിയിസ്റ്റുകളും കൂട്ടാളികളുമായ ആര്‍തര്‍ ലോറി, മാര്‍ട്ടിന്‍ ക്രാമര്‍, ഡാനിയല്‍ പൈപ്സ്, സ്റ്റീവന്‍ എമേഴ്സണ്‍ തുടങ്ങി ഒരു പറ്റം ഇസ്ലാംവിരുദ്ധ ബുദ്ധിജീവികള്‍ (നമ്മുടെ നാട്ടില്‍ ‘ദൈവത്തിന്‍െറ രാഷ്ട്രീയ’വും ‘ഇസ്ലാമികരാഷ്ട്രീയത്തിന് വിമര്‍ശ’വുമൊക്കെ എഴുതിവിടുന്നവര്‍ ഇവരുടെ കോപ്പിയടിക്കാരാണ്) പരിപാടി റദ്ദാക്കിക്കാന്‍ പ്രചാരണവുമായി ഇറങ്ങി. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ലണ്ടനില്‍ വിസയടിച്ചശേഷം യൂനിവേഴ്സിറ്റിക്ക് പരിപാടി ഉപേക്ഷിക്കേണ്ടിവന്നു. ആ ഗനൂശിയെയാണ് പടിഞ്ഞാറ് ഇപ്പോള്‍ മനമില്ലാമനസ്സോടെയെങ്കിലും മിതവാദക്കുപ്പായമിടീക്കുന്നത്. ഇസ്ലാംപേടിയുടെ പ്രായോജകരെ മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിക്കുന്നതിലേക്ക് അന്നഹ്ദയെ വളര്‍ത്തിയത് റാശിദ് ഗനൂശി എന്ന എഴുപതുകാരന്‍െറ നേതൃപാടവവും സംഘാടനമികവും തന്നെ. അനുഭവങ്ങളില്‍നിന്നാണ് അദ്ദേഹം സ്വന്തം രാഷ്ട്രീയം കരുപ്പിടിപ്പിച്ചത്. 1941 ജൂണ്‍ 22ന്, അച്ചുതണ്ട് ശക്തികളുടെ ബോംബറുകള്‍ തീതുപ്പുന്ന രണ്ടാംലോക യുദ്ധകാലത്ത് തെക്കുകിഴക്കന്‍ തുനീഷ്യയിലെ ഹാമ എന്ന കുഗ്രാമത്തിലെ ബങ്കറിലായിരുന്നു ഗനൂശിയുടെ ജനനം. ഒളിജീവിതത്തിലേക്ക് മിഴിതുറന്ന ഗനൂശി പക്ഷേ, സ്വന്തംജീവിതം എന്നും തുറന്നുപിടിച്ചു. പരമ്പരാഗത മുസ്ലിം കര്‍ഷക കുടുംബത്തിലെ ബാല്യത്തില്‍ അറബ് ദേശീയതയിലായിരുന്നു കമ്പം, ജമാല്‍ അബ്ദുന്നാസിറായിരുന്നു താരം. ഫ്രഞ്ച് അധിനിവേശക്കാര്‍ക്കെതിരെ പൊരുതുന്ന ഫല്ലാജ ഒളിപ്പോരാളികളായിരുന്നു ഇഷ്ടനായകര്‍. ദസ്തയേവ്സ്കിയും ടോള്‍സ്റ്റോയിയും ഹെമിങ്വേയും വിക്ടര്‍ യൂഗോയും വായനയില്‍ നിറഞ്ഞ കൗമാരത്തില്‍ ഫ്രഞ്ച് സംസ്കാരത്തിന്‍െറ കുടിയേറ്റത്തെ സാകൂതം നിരീക്ഷിക്കുകയായിരുന്നു അദ്ദേഹം. അസൈ്സത്തൂന യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയായിരിക്കെ, ഫ്രഞ്ച് പടയെ തുരത്താന്‍ മുന്‍കൈയെടുത്ത ഹബീബ് ബുര്‍ഗീബ തന്നെ രാജ്യപുരോഗതിക്ക് യൂറോപ്പിനുപിറകെ പോകുന്ന കാഴ്ചകണ്ടു. നാസിറിസ്റ്റായി സ്വയം കരുതിയിരുന്ന ഗനൂശിയും സോഷ്യലിസത്തിനും നാസ്തികതക്കും പിന്നാലെ കൂടി. അതുകഴിഞ്ഞ് തബ്ലീഗ് ജമാഅത്തിന്‍െറ ഭക്തിമാര്‍ഗത്തില്‍ ഭാഗ്യം തേടി. എല്ലാ അന്വേഷണങ്ങള്‍ക്കുമൊടുവില്‍ ജനാധിപത്യത്തെയും ബഹുസ്വരതയെയും ഭൗതികതയെയും ആത്മീയതയെയുമൊക്കെ ഒന്നായി ഉള്‍ച്ചേര്‍ത്തുപോകാനുള്ള ഇസ്ലാമിന്‍െറ സവിശേഷസ്വഭാവം വ്യക്തമായെന്ന് ഗനൂശി. അതിനാല്‍ ഇസ്ലാമിനെ ജീവിതരീതിയായി വരിച്ച ഇസ്ലാമിസ്റ്റാണ് താന്‍ എന്നത് അദ്ദേഹം മറച്ചുപിടിച്ചില്ല. രാഷ്ട്രീയത്തിലും രാഷ്ട്രക്രമത്തിലും ഇസ്ലാമിന് നിലപാടുണ്ടെന്നതും മറച്ചുവെച്ചില്ല. ജനാധിപത്യത്തെയും മതനിരപേക്ഷ മാനവികതയെയും ഉള്‍ക്കൊള്ളാന്‍ അതിനോളം സാധ്യത മറ്റൊന്നിനില്ളെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു, തെളിച്ചുപറഞ്ഞു. അറബി, ഇംഗ്ളീഷ് ആനുകാലികങ്ങളിലും ഫേസ്ബുക്കിലുമൊക്കെയായി ഇസ്ലാമികക്രമത്തിന്‍െറ വര്‍ത്തമാനകാല സാധ്യതകള്‍ നിരന്തരം വിശകലനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട് അദ്ദേഹം. 1981 ഏപ്രിലില്‍ ഇസ്ലാമിക് ട്രെന്‍ഡ് മൂവ്മെന്‍റിന് രൂപംനല്‍കുമ്പോള്‍തന്നെ അവസരസമത്വത്തില്‍ അധിഷ്ഠിതമായ സാമ്പത്തികക്രമവും ഏകകക്ഷി രാഷ്ട്രീയത്തിനെതിരെ ബഹുസ്വര രാഷ്ട്രീയസംസ്കാരവും ലക്ഷ്യമായി പ്രഖ്യാപിച്ചതാണ്. അക്രമരഹിതസമരം അദ്ദേഹം മാര്‍ഗമായി സ്വീകരിക്കുകയും ചെയ്തു. ഗാന്ധിയും അദ്ദേഹത്തിന്‍െറ അക്രമരഹിത രാഷ്ട്രീയവും എന്നും ഗനൂശിയുടെ ആവേശമായിരുന്നു. എന്നിട്ടെന്ത്? ബുര്‍ഗീബയുടെ ഭരണകൂടം വിധിച്ചത് അറസ്റ്റും ക്രൂരമര്‍ദനവും ജീവപര്യന്തം തടവുമായിരുന്നു. അതിനിടെ 1988ല്‍ ഇടക്കാല മോചനം നേടിയ അദ്ദേഹം ലണ്ടനില്‍ രാഷ്ട്രീയ അഭയം തേടി. 22 വര്‍ഷത്തെ പ്രവാസത്തിനുശേഷം തിരിച്ചെത്തുമ്പോള്‍ തുനീഷ്യ മാറി. ബുര്‍ഗീബയുടെ സ്വേച്ഛാധിപത്യം തുടര്‍ന്ന ബിന്‍ അലിയെ ജനം കെട്ടുകെട്ടിച്ചു. തുടര്‍ന്നു വന്ന ഇടക്കാല ഗവണ്‍മെന്‍റ് ആവിഷ്കാരസ്വാതന്ത്ര്യവും സംഘടനാസ്വാതന്ത്ര്യവും പുനഃസ്ഥാപിച്ചതിനെ തുടര്‍ന്നായിരുന്നു ഗനൂശിയുടെ മടക്കം. അദ്ദേഹം തന്‍െറ നിലപാടില്‍തന്നെ ഉറച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടു. തെരഞ്ഞെടുപ്പുവിജയത്തില്‍ ആഹ്ളാദിക്കുന്ന അനുയായികള്‍ക്കൊപ്പം പങ്കുചേര്‍ന്ന് പാര്‍ട്ടി ആസ്ഥാനത്തുനിന്ന് അദ്ദേഹം തന്‍െറ നിലപാട് ആവര്‍ത്തിച്ചു: ‘വിപ്ളവത്തിന്‍െറ ലക്ഷ്യം ഞങ്ങള്‍ നിറവേറ്റും. സ്വതന്ത്രവും വികസ്വരവും ഐശ്വര്യസമൃദ്ധവുമായ ഒരു രാഷ്ട്രം. അല്ലാഹുവിന്‍െറയും പ്രവാചകന്‍െറയും അവകാശങ്ങള്‍, കുഞ്ഞുങ്ങളുടെയും സ്ത്രീപുരുഷന്മാരുടെയും മതവിശ്വാസികളുടെയും മതേതരരുടെയും അവകാശങ്ങള്‍ പുലരുന്ന ഒരു രാജ്യം -അതാണ് ഞങ്ങളുടെ സ്വപ്നം’. വാക്കിലല്ല, പ്രയോഗത്തില്‍തന്നെ ബഹുസ്വരത മാനിച്ച് രണ്ടുകക്ഷികളെ കൂട്ടി മുന്നണി രൂപവത്കരിച്ചാണ് പുതിയ ഗവണ്‍മെന്‍റിന്് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്. സ്വതന്ത്ര ജനാധിപത്യരാഷ്ട്രത്തിനൊരു ഭരണഘടന രൂപവത്കരിച്ച് തദടിസ്ഥാനത്തിലൊരു തെരഞ്ഞെടുപ്പ് നടത്തി രാജ്യത്ത് സുസ്ഥിര ജനാധിപത്യസംവിധാനത്തിന് തുടക്കം കുറിക്കാനുള്ള യോഗമാണ് ആദ്യവിജയത്തിലൂടെ ഗനൂശിയുടെ ചുമലില്‍ വന്നുപെട്ടിരിക്കുന്നത്.
ഹമാസ് നയിച്ച ഗസ്സയുടെ അനുഭവം മുന്നിലിരിക്കെ, പഴയ ഇസ്ലാംപേടിക്കാര്‍ ഒന്നായി കഴുകദൃഷ്ടിയൂന്നിയിരിക്കെ, മതേതരകക്ഷികളോടു തോള്‍ചേര്‍ന്ന് ഒരു ഭരണഘടന എങ്ങനെ വരും എന്ന കൗതുകത്തിലാണ് എല്ലാവരും. അപ്പോഴും എന്നും വിസ്മയം സൃഷ്ടിക്കാന്‍പോന്ന സ്വന്തം ആദര്‍ശാടിത്തറകളുടെ ബലത്തില്‍ റാശിദ് ഗനൂശി പ്രത്യാശയിലാണ്; ഒപ്പം തുനീഷ്യയെയും മനുഷ്യാവകാശങ്ങളെയും സ്നേഹിക്കുന്നവരും.
vmibrahim@gmail.com
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

റാശിദ് ഗനൂശി തുനീഷ്യയില്‍


Published on Sun, 01/30/2011

റാശിദ് ഗനൂശി തുനീഷ്യയില്‍
റാശിദ് ഗനൂശി (ഇടത്)
തൂനിസ്: പ്രവാസ ജീവിതം നയിക്കുന്ന തുനീഷ്യന്‍ ഇസ്‌ലാമിക പാര്‍ട്ടി നേതാവ് റാശിദ് ഗനൂശി നാട്ടില്‍ തിരിച്ചെത്തി. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന തുനീഷ്യയിലേക്ക് തിരിച്ചുവരുമെന്ന് അദ്ദേഹം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. 21 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന അന്നഹ്ദ നേതാവ് ബ്രിട്ടനില്‍നിന്നാണ് ഞായറാഴ്ച തൂനിസില്‍ എത്തിയത്. തൂനിസിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തെ നൂറുകണക്കിന് പേര്‍ സ്വീകരിച്ചു.
തുനീഷ്യയില്‍ നീതിയുക്തമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ അന്നഹ്ദ അതില്‍ പങ്കെടുക്കുമെന്ന് ഗനൂശി പറഞ്ഞു. എന്നാല്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തുനീഷ്യയിലെ മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി പാര്‍ട്ടിയെ നിരോധിച്ചിരുന്നു. 1989ല്‍ ബിന്‍ അലി അടിച്ചമര്‍ത്തുന്നതുവരെ അന്നഹ്ദ തുനീഷ്യയിലെ പ്രധാന പ്രതിപക്ഷമായിരുന്നു. തുനീഷ്യയിലെ ഇടക്കാല സര്‍ക്കാര്‍ സംഘടനയുടെ നിരോധം നീക്കിയതിനെ തുടര്‍ന്നാണ് മിതവാദിയായ പണ്ഡിതനെന്ന് അറിയപ്പെടുന്ന ഗനൂശി നാട്ടില്‍ തിരിച്ചെത്തിയത്. താന്‍ ഒരുവിധ ഔദ്യോഗിക പദവിയും ഏറ്റെടുക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി രാജ്യംവിട്ടിട്ടും തുനീഷ്യയില്‍ പ്രക്ഷോഭം തുടരുകയാണ്. ബിന്‍ അലിയുടെ വിശ്വസ്തനായിരുന്ന ഇടക്കാല പ്രസിഡന്റ് മുഹമ്മദ് ഗനൂശി രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് പ്രക്ഷോഭകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അേതസമയം, തുനീഷ്യയില്‍നിന്ന് നാടുവിട്ട മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ അടുത്ത ബന്ധുവും കോടീശ്വരനുമായ ബില്‍ഹസന്‍ ത്രബില്‍സി കാനഡയില്‍ അഭയം തേടി. തുനീഷ്യയില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞയാഴ്ച കാനഡയില്‍ എത്തിയിരുന്നു. രാഷ്ട്രീയാഭയത്തിനായി  ത്രബില്‍സിക്ക് കോടതിയെ സമീപിക്കാമെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി ലോറന്‍സ് കാനണ്‍ അറിയിച്ചു.
കാനഡയില്‍ സ്ഥിരം താമസ വിസയുള്ള ത്രബില്‍സി ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് സ്വകാര്യ വിമാനത്തില്‍ ഓട്ടവയിലെത്തിയത്.
അതേസമയം, കനേഡിയന്‍ സര്‍ക്കാര്‍ ത്രബില്‍സിയുടെ താമസ വിസ റദ്ദാക്കുകയും സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ശ്രമം നടത്തിവരുകയുമാണ്. തുനീഷ്യയില്‍നിന്നുള്ള ഇത്തരം ആള്‍ക്കാരെ സ്വീകരിക്കാന്‍ കാനഡ ഒരുക്കമല്ലെന്ന് കാനണ്‍ വ്യക്തമാക്കി. എന്നാല്‍, നിയമത്തിന്റെ വഴി ത്രബില്‍സിക്ക് സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati