ഇറാഖില്‍ എന്തുനേടി ?


Posted on: 20-Dec-2011 11:35 PM Deshabhimani Editorial
ഇറാഖില്‍നിന്ന് അവസാനത്തെ അമേരിക്കന്‍ സൈനികനും പിന്മാറിയത് മഹാകാര്യമായി അമേരിക്ക ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ചു. ഇറാഖ് യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ്, ഞായറാഴ്ച പുലര്‍ച്ചെയോടെ 110 വാഹനങ്ങളിലായി 500 പട്ടാളക്കാര്‍ ഇറാഖ് അതിര്‍ത്തി കടന്ന് അയല്‍രാജ്യമായ കുവൈത്തിലേക്ക് നീങ്ങിയത്. സേനാപിന്മാറ്റത്തിന്റെ ഔപചാരികമായ പരിസമാപ്തിയായി അതിനെ അമേരിക്ക അവതരിപ്പിക്കുന്നു. ഒമ്പതുവര്‍ഷം നീണ്ട അമേരിക്കന്‍ അധിനിവേശത്തിന്റെ അന്ത്യം ഇറാഖിലെ ജനങ്ങള്‍ക്ക് സന്തോഷവും ആശ്വാസവും പകര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്. ഇറാഖ് എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തിലേക്ക് കടന്നുകയറി അവിടത്തെ ജനതയെയും സംസ്കാരത്തെയും പ്രകൃതിയെയും പിച്ചിച്ചീന്തിയെറിഞ്ഞുകൊണ്ടാണ് അമേരിക്ക മടങ്ങുന്നത്.

എന്താണ് അധിനിവേശം അമേരിക്കയ്ക്കും ഇറാഖിനും സമ്മാനിച്ചത് എന്ന ചര്‍ച്ച ഈ ഘട്ടത്തില്‍ പ്രസക്തമാണ്. നാലായിരത്തഞ്ഞൂറിലേറെ സൈനികരെയാണ് അമേരിക്കയ്ക്ക് നഷ്ടമായത്. 32,000 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റു. ഒരുലക്ഷത്തിലേറെ ഇറാഖുകാരും ഇക്കാലയളവില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഏറ്റവുമൊടുവില്‍ തിരിച്ചുപോകുമ്പോഴും ഭീതിയിലാണ് അമേരിക്കന്‍ സൈന്യം-തീവ്രവാദ ആക്രമണം ഭയന്ന് അതീവ സുരക്ഷാസന്നാഹത്തോടെയായിരുന്നു അവരുടെ യാത്ര. സൈന്യം പിന്മാറിയെങ്കിലും ഇറാഖില്‍ യുഎസ് സാന്നിധ്യം അവസാനിക്കുന്നില്ല. യുഎസ് എംബസിയുടെ ശക്തി വര്‍ധിപ്പിക്കുകയാണ്. ഇപ്പോള്‍ 8000 പേരാണ് എംബസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഇത് ഇരട്ടിയാക്കുകയും 2000 സൈനിക ഉദ്യോഗസ്ഥരെ എംബസിയുടെ സുരക്ഷയ്ക്കായി നിയോഗിക്കുകയും ചെയ്യും. ഒപ്പം ഇറാഖി സര്‍ക്കാരിന് ആയുധങ്ങള്‍ വില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചതായും റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ഈ യുദ്ധത്തില്‍ അമേരിക്ക ചെലവിട്ടത് ലക്ഷം കോടി ഡോളറാണ്. അമേരിക്ക ഇന്നഭിമുഖീകരിക്കുന്ന സാമ്പത്തികപ്രതിസന്ധിക്ക് ഒരു കാരണം അതുതന്നെയാണ്. സ്വന്തം രാജ്യത്തെ ജനങ്ങളെ പട്ടിണിക്കിട്ട് അന്യരാജ്യത്തെ ജനങ്ങളെ കൂട്ടക്കൊലചെയ്യുക എന്ന ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യമാണ് അരങ്ങേറിയത്. അഞ്ച് ലക്ഷം സൈനികരാണ് ഇറാഖില്‍ സേവനമനുഷ്ഠിച്ചത്. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ ആയുധശേഖരത്തെക്കുറിച്ചുള്ള ഭീതിജനിപ്പിക്കുന്ന വ്യാജവെളിപ്പെടുത്തലുകളാണ് അമേരിക്ക അധിനിവേശത്തിന് കളമൊരുക്കിയത്.

ലോക ജനാഭിപ്രായം അവഗണിച്ച്, സമാധാനത്തിനുള്ള ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ തൃണവല്‍ഗണിച്ച് ഇറാഖിനുമേല്‍ , ബോംബുകള്‍ മഴയായി പെയ്യിച്ചു. കൂട്ടക്കൊലകളാണ് നടന്നത്. ഒടുവില്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ പിടികൂടി തൂക്കിക്കൊന്നു. ഇറാഖിന്റെ അധികാരസ്ഥാനങ്ങളിലുണ്ടായിരുന്ന പ്രധാനപ്പെട്ട എല്ലാവരെയും കൊന്നൊടുക്കി. ജീവഭയത്താല്‍ ഒളിച്ചുകഴിഞ്ഞവരെ പിടിച്ചുകൊണ്ടുപോയി കൊന്നുതള്ളുമ്പോഴും ഇറാഖിലെ "മാരകമായ" ആയുധശേഖരം കണ്ടെത്താനായില്ല. ഇല്ലാത്ത ആയുധക്കലവറകളുടെ പേരില്‍ ലോകത്തെ തെറ്റിദ്ധരിപ്പിച്ചാണ് കടന്നാക്രമണമുണ്ടായതെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. സദ്ദാം ഹുസൈന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നതും കള്ളപ്രചാരണമാണെന്നതില്‍ ഇന്ന് ആര്‍ക്കും സംശയമില്ല. അബുഗുറൈബ് തടവറയില്‍ യുദ്ധത്തടവുകാരെ മൃഗീയമായി പീഡിപ്പിച്ചതും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള നിരപരാധികളായ ഇറാഖിപൗരന്മാരെ കൊന്നൊടുക്കിയതും അമേരിക്കന്‍ അധിനിവേശത്തിന്റെ ഒരുനാളും കരിയാത്ത മുറിവുകളായി അവശേഷിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ എന്തിനുവേണ്ടി ഇറാഖില്‍ കൊലയ്ക്ക് കൊടുത്തു എന്ന സൈനിക കുടുംബങ്ങളുടെ ചോദ്യത്തിനുമുന്നില്‍ അമേരിക്കന്‍ ഭരണകൂടം തലകുനിക്കുകയാണ്. എന്തിനുവേണ്ടിയായിരുന്നു ഇറാഖ് അധിനിവേശം എന്ന ചോദ്യത്തിന് യുക്തിഭദ്രമായ ഉത്തരം നല്‍കാന്‍ അമേരിക്ക മടിക്കുന്നുവെങ്കിലും ലോകത്തിനുമുന്നില്‍ അക്കാര്യത്തില്‍ സംശയങ്ങളൊന്നും അവശേഷിക്കുന്നില്ല. ഇറാഖിന്റെ എണ്ണവിഭവങ്ങള്‍ കൊള്ളയടിക്കുക; അതിലൂടെ അമേരിക്കയുടെ ഇന്ധനലഭ്യതയും സാമ്പത്തികഭദ്രതയും ഉറപ്പാക്കുക എന്നതുമായിരുന്നു പരമപ്രധാനമായ ലക്ഷ്യം. യുദ്ധാനന്തരം തങ്ങളുടെ സാമ്പത്തിക ഉപഗ്രഹമായി ഇറാഖിനെ മാറ്റുകയും ജനാധിപത്യപരമായ പുറംമോടിയോടുകൂടിയ പാവഭരണത്തെ അവരോധിക്കുകയും അമേരിക്കന്‍ സ്വപ്നമായിരുന്നു. ഇറാഖില്‍ മാത്രമല്ല, ദക്ഷിണേഷ്യയെയും മധ്യേഷ്യയെയും പോലുള്ള നിര്‍ണായകമേഖലകളില്‍ അധീശത്വം സ്ഥാപിക്കുന്നതിനുള്ള എല്ലാ നീക്കങ്ങളും ഊര്‍ജവിഭവങ്ങളുടെ നിയന്ത്രണം കൈക്കലാക്കുന്നതിനുള്ളതാണ്. ഇറാഖില്‍ ആ തന്ത്രം പ്രതീക്ഷിച്ച വിജയം കണ്ടില്ല. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ -നാറ്റോ ശക്തികള്‍ക്ക് ശ്രദ്ധേയമായ ഒരു നേട്ടവും കൈവരിക്കാന്‍ ഇന്നുവരെ കഴിഞ്ഞില്ല.

കൊല്ലപ്പെടുന്ന സാധാരണ പൗരന്മാരുടെ എണ്ണം വര്‍ധിക്കുകയാണ്. ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ അമേരിക്ക തങ്ങളുടെ പരമാധികാരത്തെപ്പോലും അപകടപ്പെടുത്തുന്നതില്‍ പാകിസ്ഥാന്‍ പരസ്യമായി പ്രതിഷേധിച്ചിരിക്കുന്നു. തങ്ങളുടെ മാത്രമായ ന്യായങ്ങളുമായി അന്യരാജ്യങ്ങള്‍ കീഴ്പ്പെടുത്തുകയും ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്ന അമേരിക്കന്‍ കാടത്തത്തിനെതിരായ പ്രതിഷേധം ലോകത്താകെ വ്യാപിക്കുന്നുണ്ട്. യുഎസ് സാമ്പത്തികതലസ്ഥാനമായ വാള്‍സ്ട്രീറ്റില്‍ നടന്ന ബഹുജനസമരത്തില്‍ ഉയര്‍ന്ന ഒരു മുദ്രാവാക്യം യുദ്ധക്കൊതി അടക്കൂ; ഞങ്ങള്‍ക്ക് ഭക്ഷണവും തൊഴിലും തരൂ എന്നതായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വം സ്വന്തം രാജ്യത്തെ ജനങ്ങളോടും ലോക ജനതയോടാകെയും കണക്കുപറയേണ്ട ഘട്ടമാണ് ഉരുത്തിരിയുന്നത്. ഇറാഖ് യുദ്ധത്തിന്റെ നീക്കിബാക്കി എന്താണെന്നും അത് ലോകത്തെ എങ്ങനെ ബാധിച്ചെന്നും പറയാനുള്ള ബാധ്യതയില്‍നിന്ന് പിടിച്ചുനിര്‍ത്തി പറയിക്കുമെന്ന പ്രഖ്യാപനം അമേരിക്കയിലെ സമരവേദികളില്‍ത്തന്നെ ഉയര്‍ന്നത് സ്വാഗതാര്‍ഹമാണ്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 12/18/2011

അവസാന യു.എസ് സൈനികനും പിന്‍വാങ്ങി
ഒമ്പതു വര്‍ഷത്തെ ഇറാഖ് അധിനിവേശത്തിന് വിരാമം
ബഗ്ദാദ്: ഒമ്പതു വര്‍ഷം നീണ്ട പ്രത്യക്ഷ അധിനിവേശത്തിന് വിരാമമിട്ട് അവസാന യു.എസ് സൈനികനും ഇറാഖില്‍നിന്ന് പിന്‍വാങ്ങി. ഇറാഖില്‍ അവശേഷിച്ച അവസാന നിലയത്തില്‍നിന്ന് 110ഓളം വാഹനങ്ങളിലായി 500ഓളം സൈനികര്‍ കുവൈത്തിലേക്ക് കടന്നതോടെ അമേരിക്കയുടെ ഇറാഖ് അധിനിവേശം ഒൗദ്യോഗികമായി അവസാനിച്ചു. ഡിസംബര്‍ 31ന് മുമ്പായി അമേരിക്കയുടെ സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കുമെന്ന് യു.എസ് ഭരണകൂടം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബഗ്ദാദിലെ എംബസി പ്രവര്‍ത്തനങ്ങള്‍ക്കായി  157 യു.എസ് സൈനികര്‍ മാത്രമാണ് ഇപ്പോള്‍ ഇറാഖില്‍ അവശേഷിക്കുന്നത്.  
ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 7.30നാണ് സൈനികര്‍ ഇറാഖ് അതിര്‍ത്തി കടന്നത്. ‘ഇതൊരു ചരിത്ര നിമിഷമാണ്. ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇക്കാലംകൊണ്ടായി’ -അധിനിവേശ കാലം മുഴുവന്‍ ഇറാഖില്‍ ചെലവഴിച്ച ക്രിസ്റ്റ്യന്‍ ഷൂല്‍റ്റ്സ് എന്ന സൈനികന്‍ പറഞ്ഞു.
യു.എസ് സൈനിക പിന്മാറ്റം ഇറാഖില്‍ നേരിയ ആശ്വാസത്തിന് വകനല്‍കുന്നുണ്ടെങ്കിലും പലരും കനത്ത ആശങ്കയോടെയാണ് സംഭവത്തെ നോക്കിക്കാണുന്നത്. രാജ്യത്തിന്‍െറ ഭാവിയെക്കുറിച്ച് ഇനിയും വ്യക്തമായ ചിത്രം രൂപപ്പെട്ടിട്ടില്ല. മാത്രമല്ല, ഇറാഖില്‍ വംശീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായതും സ്ഥിരതയാര്‍ന്ന ഭരണകൂടത്തിന്‍െറ അഭാവവും വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം, സൈനിക പിന്മാറ്റത്തില്‍ ഇറാഖിലെ പല സ്ഥലങ്ങളിലും ആഹ്ളാദപ്രകടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്.
2003ലെ അധിനിവേശ സമയത്ത് ഇറാഖില്‍ അമേരിക്കയുടെ ഒന്നേമുക്കാല്‍ ലക്ഷത്തോളം സൈനികരാണുണ്ടായിരുന്നത്. 500ലധികം സൈനികനിലയങ്ങളും അമേരിക്ക ഇവിടെ സ്ഥാപിച്ചിരുന്നു. ഒമ്പതു വര്‍ഷത്തിനിടെ 4500 സൈനികര്‍ ഇറാഖില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇക്കാലയളവിനുള്ളില്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാഖികളുടെ എണ്ണം ലക്ഷത്തിലേറെ വരും. അമേരിക്കയുടെ യുദ്ധച്ചെലവ് കണക്കാക്കിയിരിക്കുന്നത് ട്രില്യന്‍ യു.എസ് ഡോളറാണ്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


ചന്ദ്രിക
കിനാവു കണ്ടു പുഞ്ചിരിച്ചു കിടന്ന മുഖങ്ങളില്‍ ഭീതിയുടെ കനല്‍ കോരിയാണ് അമേരിക്കയുടെ പോര്‍വിമാനങ്ങള്‍ 2003 മാര്‍ച്ച് 19 ന് രാത്രി ഹുങ്കാരത്തോടെ ഇറാഖിന്റെ മണ്ണില്‍ കടന്നു കയറ്റം ആരംഭിച്ചത്. യൂഫ്രട്ടീസും ടൈഗ്രീസും മുലയൂട്ടി, സംസ്കാരങ്ങള്‍ക്ക് ഉറവു പടര്‍ത്തിയ മണ്ണില്‍ ചോരയുടെ ചാലുകളൊരുക്കാന്‍ വന്നതായിരുന്നു അവര്‍. കാതടപ്പിക്കുന്ന ഒച്ചയില്‍ തീപന്തം പോലെ ഷെല്ലുകള്‍ വീടുകള്‍ക്ക് മേല്‍ വന്നു പതിച്ചതിന്റെ ഭീതിപ്പെടുത്തുന്ന ഓര്‍മകള്‍ അവസാനത്തെ അമേരിക്കന്‍ പൗരനും കാബരി ക്രോസിംഗ് വഴി കുവൈത്തിലേക്ക് യാത്രയായിട്ടും ഇറാഖിയുടെ ഉള്ളിലുണ്ട്. ജീവിതത്തിനു മേല്‍ മരണത്തിന്റെ ഇരുട്ട് ഏതു സമയവും തുളയുന്ന നിമിഷങ്ങള്‍ക്ക് അറുതിയായെങ്കിലും അവരുടെ കിനാവും കണ്ണീരും ഇപ്പോഴും മരണത്തിന്റേതു തന്നെയാണ്. ഷെല്ലുകള്‍ തീപ്പിടിപ്പിച്ച ഓര്‍മയുടെ ആകാശത്താണ് അവരുടെ ജീവിതം. തകര്‍ന്ന തോക്കും പൊട്ടിത്തെറിച്ച ഷെല്ലും കൈയിലെടുത്ത് കളിസ്ഥലത്തേക്ക് ഓടിപ്പോകുന്ന ഇറാഖി ബാല്യത്തിന്റെ നിഷ്കളങ്കതയിലുണ്ട് ആ രാജ്യത്തിന്റെ ജീവിതത്തിന്റെ പരിച്ഛേദം.
അമേരിക്കയുടെ തീതുമ്പികള്‍ ആകാശം വിട്ടുപോയെന്ന അറിവ് ഇറാഖികളെ സ്വപ്നങ്ങളുടെ പുതിയ ഗോതമ്പുപാടങ്ങളില്‍ ചേക്കേറ്റിയേക്കാം. എന്നാല്‍ ഓര്‍മയുടെ അരണ്ട വെളിച്ചത്തില്‍ പേടിച്ച് നിലവിളിക്കുന്ന കുട്ടികളുടെ മുഖങ്ങള്‍ അവരുടെ സ്വപ്നങ്ങള്‍ക്ക് ഇടര്‍ച്ച വരുത്തും. മരിച്ചു പോയ കരച്ചിലുകള്‍ ചോദിക്കാതെ തിരിച്ചുവരും. മണ്ണും വിണ്ണും വിട്ട് അമേരിക്ക യാത്രയായെങ്കിലും അവരുടെ ഹുങ്കാരം ഇറാഖിയുടെ ഓര്‍മയെ ജീവിതാന്ത്യം വരെ വേട്ടയാടുമെന്ന് തീര്‍ച്ച.
ഒമ്പത് വര്‍ഷത്തെ യുദ്ധത്തില്‍ ജീവന്‍ വേര്‍പ്പെട്ട 114832 പേര്‍, നാടും വീടും എന്നെന്നേക്കുമായി നഷ്ടപ്പെട്ട് ചകിതരായി അഭയാര്‍ത്ഥി ക്യാമ്പുകളിലെ അപ്പക്കഷ്ണങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്ന 20 ലക്ഷം, ഉണങ്ങാത്ത മുറിവുകള്‍ പേറി ജീവിക്കുന്നവര്‍ അതിലുമെത്രയോ ലക്ഷങ്ങള്‍, തകര്‍ന്ന മോഹങ്ങളുടെ ഇച്ഛാഭംഗങ്ങള്‍, കാത്തിരിപ്പുകള്‍, സ്വപ്നങ്ങള്‍... അമേരിക്കന്‍ സൈനികന്‍ ആഹ്ലാദത്തോടെ നാട്ടിലെ വരവേല്‍പ്പിലേക്ക് കാലു കുത്തുമ്പോള്‍ ഇറാഖില്‍ അധിനിവേശം ബാക്കി വെക്കുന്നത് ഇതൊക്കെയാണ്.
ഇറാഖില്‍ കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും തമ്മില്‍ എന്തായിരുന്നു അന്തരം? ലോകത്തിന്റെ സമാധാനമായ ഉറക്കത്തിന് ഇത്രയും തടസ്സമായിരുന്നോ ഇറാഖിലെ കുരുന്നുകള്‍? കൊല്ലപ്പെടേണ്ടവന്‍ എന്ന അപരാധത്തിലേക്ക് ആരാണ് അവനെ എറിഞ്ഞു കൊടുത്തത്? അധിനിവേശം തിരിച്ചുകയറുമ്പോഴും നിരവധി ചോദ്യങ്ങള്‍ നമുക്കു മുന്നില്‍ ഉത്തരം കിട്ടാതെ കിടക്കുന്നു.
ഇറാഖില്‍ കൂട്ട നശീകരണ ആയുധങ്ങളുണ്ട് എന്നും അവ നശിപ്പിക്കേണ്ടത് ലോക സമാധാനത്തിന് അനിവാര്യമാണ് എന്നുമായിരുന്നു ഇറാഖില്‍ കടന്നുകയറുന്നതിന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ് നിരത്തിയ ന്യായം. 2001 സപ്തംബര്‍ 11 ന് അമേരിക്കയുടെ അഹന്തക്കു മേല്‍ കനത്ത തിരിച്ചടി നല്‍കിയ ലോകവ്യാപാര കേന്ദ്രം ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അല്‍ഖാഇദ ഇറാഖില്‍ സജീവമാണെന്നും അദ്ദേഹം ന്യായം പറഞ്ഞു. ഒമ്പതു വര്‍ഷം അരിച്ചു പെറുക്കിയിട്ടും ഇറാഖില്‍ നിന്ന് ഒരു ഓലപ്പടക്കം പോലും കിട്ടിയില്ല എന്നത് വസ്തുതയായി അവശേഷിക്കുന്നു. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ തലവനെ യുദ്ധക്കുറ്റത്തിന് തൂക്കിലേറ്റുകയും ചെയ്തു. ജപ്പാനിലും ഇറാഖിലും വിയറ്റ്നാമിലും ലക്ഷങ്ങളെ കൊന്നൊടുക്കാന്‍ ഉത്തരവു നല്‍കിയ അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ക്ക് ഏതു അന്താരാഷ്ട്ര കോടതിയാണ് യുദ്ധക്കുറ്റത്തിന് കൊലക്കയര്‍ വിധിക്കുക എന്ന ചോദ്യം ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു.
ജാള്യത മറച്ചുവെച്ച്, സ്വന്തം തൊലിയുരിഞ്ഞാണ് അമേരിക്ക ഇറാഖില്‍ നിന്നു യാത്രയാകുന്നത്. ലക്ഷ്യം പൂര്‍ത്തീകരിച്ചു എന്നു പറയുമ്പോഴും ഇറാഖ് ഇപ്പോഴും അശാന്തിയുടെ നിഴലിലാണ് എന്നു പറയാതെ വയ്യ. തകര്‍ന്ന സുരക്ഷയും കാര്യപ്രാപ്തിയില്ലാത്ത രാഷ്ട്രീയ നേതൃത്വവും അസ്ഥിരമായ സാമ്പത്തിക വ്യവസ്ഥയുമാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു ഘട്ടത്തില്‍ 170000 വരെ സൈനികരുണ്ടായിരുന്ന ഇറാഖില്‍ അത്രയും പേരുടെ വിടവിലേക്ക് പ്രാദേശിക സുരക്ഷാ സേനക്ക് എന്തു ചെയ്യാനാവുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. അമേരിക്കന്‍ ഇടപെടലോടെ രൂക്ഷമായ വംശീയ സംഘട്ടനങ്ങളും തെരുവു ബോംബിംഗും ഇപ്പോഴും നിര്‍ബാധം തുടരുന്നു. 16 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. തൊഴില്‍ ശേഷിയും 40 ശതമാനവും നല്‍കുന്നത് സര്‍ക്കാര്‍ തന്നെയാണ്. തകര്‍ന്നു തരിപ്പണമായ രാഷ്ട്രം പുതിയ പ്രഭാതത്തിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കണമെങ്കില്‍ ഇനിയുമെത്രയോ കാതം സഞ്ചരിക്കണമെന്നര്‍ത്ഥം. അതിനു പാതയൊരുക്കാന്‍ പ്രാപ്തമായ രാഷ്ട്രീയ നേതൃത്വം ഇറാഖില്‍ ഇല്ല എന്നതും എടുത്തുപറയേണ്ടതാണ്.
ലക്ഷ്യം നേടിയെന്ന് അവകാശപ്പെട്ട് നാട്ടിലേക്കു തിരിച്ചു കയറാന്‍ അമേരിക്കയെ വ്യഗ്രതപ്പെടുത്തിയത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും യുദ്ധത്തില്‍ നിന്ന് മറ്റു സഖ്യരാഷ്ട്രങ്ങള്‍ പിന്‍വലിഞ്ഞതുമാണെന്നാണ് യാഥാര്‍ത്ഥ്യം. 42.30 ലക്ഷം കോടി ഇന്ത്യന്‍ രൂപയാണ് യുദ്ധത്തിനായി അമേരിക്ക ചെലവഴിച്ചത് എന്നത് ഓര്‍ക്കുക.
ശാന്തി നിറഞ്ഞ ഞങ്ങളുടെ തെരുവുകള്‍ തിരിച്ചു തരൂ എന്ന ഇറാഖിയുടെ കണ്ണീരുപ്പു കലര്‍ന്ന അഭ്യര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കേണ്ട ബാധ്യത ഇനി ലോകത്തിനുണ്ട്. സ്വപ്്നത്തില്‍ പുഞ്ചിരിച്ചു കിടക്കാന്‍ ഇറാഖിക്കും ഒരു നല്ല ജീവിതമുണ്ടാകണം. ലോക സമൂഹത്തിന്റെ പ്രവര്‍ത്തനവും പ്രാര്‍ത്ഥനയുമാണ് അതിനവര്‍ക്കാവശ്യം.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Tue, 12/13/2011

വാഷിങ്ടണ്‍: ബുഷ് ഭരണകൂടത്തിന്‍െറ ഇറാഖ് അധിനിവേശത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഇറാഖില്‍ സൈനിക താവളം നിലനിര്‍ത്തില്ളെന്ന് വാഷിങ്ടണില്‍ പ്രഖ്യാപിച്ചു. ഡിസംബറോടെ ഏതാനും പരിശീലകര്‍ ഒഴികെ അമേരിക്കന്‍ സൈന്യത്തെ പൂര്‍ണമായി ഇറാഖില്‍നിന്ന് പിന്‍വലിക്കുമെന്നും ഒബാമ വ്യക്തമാക്കി. വാഷിങ്ടണ്‍ സന്ദര്‍ശനത്തിനെത്തിയ ഇറാഖ് പ്രധാനമന്ത്രി നൂരി മാലികിയുമായി നടത്തിയ സംഭാഷണത്തിലാണ് ഒബാമയുടെ പ്രഖ്യാപനം.
ഇറാഖില്‍ യുദ്ധത്തിനിറങ്ങിത്തിരിക്കാനുള്ള തീരുമാനം തെറ്റോ ശരിയോ എന്ന കാര്യത്തില്‍ ചരിത്രം വിധിപറയുമെന്ന് ഒബാമ വ്യക്തമാക്കി. വന്‍ ത്യാഗങ്ങള്‍ അനുഷ്ഠിക്കേണ്ടിവന്നെങ്കിലും ഇറാഖില്‍ ജനങ്ങളുടെ സ്വയംഭരണം സ്ഥാപിക്കാന്‍ സാധിച്ചത് പുരോഗമനപരമായ സംഭവവികാസമായി കണക്കാക്കാം.
 ഇറാഖില്‍ ഇനിയും പ്രശ്നങ്ങള്‍ അവശേഷിക്കുകയാണ്. മര്‍ദക ഭരണാധികാരിയുടെ വാഴ്ചയില്‍നിന്ന് മുക്തിനേടിയ ഇറാഖിന് ജനാധിപത്യം കെട്ടിപ്പടുക്കാന്‍ ദീര്‍ഘിച്ച സമയം ആവശ്യമാണ്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

ഇറാഖില്‍ അമേരിക്ക ഇടറുന്നു


Published on Sat, 01/22/2011 

ഇറാഖില്‍ അമേരിക്ക ഇടറുന്നു
ഇറാഖില്‍ നൂരി അല്‍മാലികിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നാം വാരത്തില്‍ ഒരു കൂട്ടുകക്ഷി മന്ത്രിസഭ നിലവില്‍വന്നു. നീണ്ട ഒമ്പതുമാസത്തെ അനിശ്ചിതത്വത്തിന് ഇതൊരു താല്‍ക്കാലിക വിരാമമാണെന്ന് പറയാം. മന്ത്രിസഭയുടെ അഭാവത്തില്‍ ഇറാഖിലെ ജനങ്ങള്‍ അസ്വസ്ഥരായിരുന്നു. ഭരണനിര്‍വഹണം അവതാളത്തിലായി, പ്രത്യേകിച്ചും ആഭ്യന്തര സുരക്ഷാസംവിധാനങ്ങള്‍. ആര്‍ക്കും ആരോടും ഉത്തരവാദിത്തമില്ലാത്ത അവസ്ഥ! ശിയാ-സുന്നി-കുര്‍ദ് വിഭാഗങ്ങളെല്ലാം തമ്മില്‍ത്തല്ലി  രക്തംചിന്തിയപ്പോള്‍, നേതാക്കള്‍ പരസ്‌പര വിമര്‍ശങ്ങളിലേര്‍പ്പെട്ട് സമയം കഴിക്കുകയായിരുന്നു! ഇയാദ് അല്ലാവിയും മാലികിയും തമ്മിലുള്ള മുഖ്യപ്രശ്‌നം പ്രധാനമന്ത്രി ആരാവണമെന്നതിലായിരുന്നു. രണ്ടുപേരും താല്‍പര്യങ്ങള്‍ക്കനുസരിച്ച് കരുക്കള്‍ നീക്കി.
സദ്ദാമിന്റെ പ്രതിയോഗിയായിരുന്ന നൂരി അല്‍മാലികി നേരത്തേ അമേരിക്കയുടെ ഇഷ്ടതോഴനായിരുന്നു. അതുതന്നെയാണ് അദ്ദേഹത്തെ കഴിഞ്ഞതവണ പ്രധാനമന്ത്രിയാക്കിയതും. എന്നാല്‍, ശിയാ പക്ഷപാതിയായ നൂരി അല്‍ മാലികിയെ അയല്‍രാഷ്ട്രമായ ഇറാന്‍ പിന്തുണക്കാന്‍ തുടങ്ങിയതു വാഷിങ്ടണിന് കല്ലുകടിയായി. ഇറാന്‍ അനുകൂലമായ ഒരു ഭരണകൂടം ഇറാഖില്‍ അധികാരത്തില്‍ വരുന്നത് അമേരിക്കക്ക് എന്നും തലവേദനയായിരിക്കും. അതിനാല്‍, യഥാര്‍ഥത്തില്‍ ഇറാഖില്‍ മന്ത്രിസഭ രൂപവത്കരണത്തിന് തടസ്സമായത് മാലികിയും ഇയാദ് അല്ലാവിയും തമ്മിലുള്ള തര്‍ക്കമായിരുന്നില്ല, അതിലുപരി അമേരിക്കയും ഇറാനും തമ്മിലുള്ള ശാക്തികമത്സരമായിരുന്നു!
2010 മാര്‍ച്ച് ഏഴിനായിരുന്നു ഇറാഖില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇയാദ് അല്ലാവിയുടെ മതേതര കൂട്ടായ്മയായ ഇറാഖി നാഷനല്‍ മൂവ്‌മെന്റിന് (ഐ.എന്‍.എം) 91 സീറ്റുകളും  മാലികിയുടെ 'ദഅ്‌വ' പാര്‍ട്ടിക്ക് 89 സീറ്റുകളുമാണ് ലഭിച്ചത്.  സ്വാഭാവികമായും അല്ലാവി പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. ശിയാ ആണെങ്കിലും ന്യൂനപക്ഷമായ സുന്നികളുടെ പിന്തുണയാര്‍ജിക്കുന്നതില്‍ വിജയിച്ച അല്ലാവി എല്ലാവര്‍ക്കും സ്വീകാര്യനാകുമെന്നാണ് അമേരിക്ക കരുതിയത്. പെന്റഗണിന്റെ പ്രചാരണങ്ങള്‍ മാലികിയെ കൈവിട്ട് ക്രമേണ അല്ലാവിയെ വാഴ്ത്തിത്തുടങ്ങി. അമേരിക്കയുടെ ഉറ്റമിത്രമായ സൗദിയുടെയും ജോര്‍ഡന്റെയും പിന്തുണയും അല്ലാവിക്കായിരുന്നു. അങ്ങനെയാണ് അല്ലാവി പ്രധാനമന്ത്രിപദം കൊതിച്ച് കരുക്കള്‍ നീക്കിയത്.
ഈയൊരു സാഹചര്യത്തിലാണ് ഇറാന്റെ പ്രസിഡന്റ് അഹ്മദി നെജാദ് രംഗത്തിറങ്ങുന്നത്. അതോടെ, സ്ഥിതിഗതികള്‍ മാറാന്‍തുടങ്ങി. സുന്നി-ശിയാ-കുര്‍ദ് വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്നതിലായിരുന്നു സി.ഐ.എയും ഇസ്രായേലും വിജയംകണ്ടത്. എന്നാല്‍, നേതാക്കളുടെ ബോധവത്കരണ ശ്രമങ്ങള്‍ ഫലംകണ്ടു. ചിരപുരാതനമായ സമ്പുഷ്ടമായൊരു സംസ്‌കാരത്തിന്റെ ഈറ്റില്ലമാണ് തങ്ങളുടേതെന്ന് ഇറാഖികള്‍ മനസ്സിലാക്കിത്തുടങ്ങി. ശിയാ-സുന്നി-കുര്‍ദ്‌വിഭാഗങ്ങളും ക്രിസ്ത്യാനികളും അവിടെ ഒരുമയോടെ ജീവിക്കേണ്ടവരാണ്. അവരുടെ രൂഢമായ ദേശീയ ഐക്യമായിരുന്നു നീണ്ട എട്ടുവര്‍ഷം ഇറാനെതിരെ പൊരുതിനില്‍ക്കാന്‍ അവരെ തുണച്ചത്.
ഇസ്രായേലും അമേരിക്കയും ഇറാഖില്‍ ഛിദ്രതയുടെ വിത്തുപാകി മന്ത്രിസഭാ രൂപവത്കരണം നീട്ടിക്കൊണ്ടുപോയപ്പോള്‍ തെരഞ്ഞെടുപ്പില്‍ 40 സീറ്റ് നേടിയ മുഖ്തദാ സദ്ര്‍ തല്‍ക്കാലം പഠന പര്യവേക്ഷണങ്ങളിലൊതുങ്ങി കഴിയാനായി ഇറാനിലെ ഖുമ്മില്‍ തമ്പടിച്ചു. അഹ്മദി നെജാദ് ഇതൊരു നല്ല അവസരമാണെന്ന് മനസ്സിലാക്കി. അദ്ദേഹം അമേരിക്കയുടെ ബദ്ധവൈരിയായ മുഖ്തദ സദറിനെയും മാലികിയെയും അനുരഞ്ജനത്തിനായി ആശീര്‍വദിച്ചു. ഇറാനില്‍ നടന്ന അവരുടെ കൂടിക്കാഴ്ചകളാണ് ഇപ്പോഴത്തെ മന്ത്രിസഭാ രൂപവത്കരണത്തിന് വഴിയൊരുക്കിയത്.
ഇറാന്റെ തുടര്‍നടപടികളോരോന്നും വളരെ തന്ത്രപൂര്‍വവും ദീര്‍ഘവീക്ഷണത്തോടു കൂടിയതുമായിരുന്നു. ഇറാഖുമായി പിണങ്ങിനിന്ന സിറിയയെ രമ്യതയിലാക്കാനുള്ള ശ്രമമായിരുന്നു അതിലൊന്ന്. നല്ല അയല്‍പക്കങ്ങളാണ് ഏതു രാഷ്ട്രത്തിന്റെയും ശക്തി. മാത്രവുമല്ല, ഇറാഖിലെ ശിയാ ഭൂരിപക്ഷത്തിന് ഇറാന്റെതുപോലെ സിറിയയുടെയും സൗഹൃദം വിലപ്പെട്ടതാണ്. ഇത് സാധിച്ചെടുക്കാന്‍ നെജാദും തുടര്‍ന്നു മാലികിയും സിറിയ സന്ദര്‍ശിക്കുകയും ബശാര്‍ അല്‍ അസ്സദുമായി കൈകോര്‍ക്കുകയും ചെയ്തു. ഇത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ടാവാം. പക്ഷേ, ഇറാഖില്‍നിന്നും അഫ്ഗാനിസ്താനില്‍നിന്നും തലയൂരാന്‍ പാടുപെടുന്ന വാഷിങ്ടണിന് തല്‍ക്കാലം മൗനിയായിരിക്കാനേ സാധിച്ചുള്ളൂ.
സുന്നികള്‍ ന്യൂനപക്ഷമാണെങ്കിലും ഇറാഖില്‍ നാറ്റോസഖ്യത്തിന്-പ്രത്യേകിച്ചും അമേരിക്കന്‍സൈനികര്‍ക്ക് -തലവേദനയാകുന്നത് അവരാണ്. അവരെ പിണക്കുന്നത് ആഭ്യന്തരസുരക്ഷിതത്വം അപകടത്തിലാക്കും. കുര്‍ദുകളുടെ വേറിട്ടു പോകാനുള്ള പ്രവണതക്കും കടിഞ്ഞാണിടേണ്ടതാണ്. ഇതൊക്കെയും വേണ്ടതുപോലെ കണക്കിലെടുക്കാന്‍ മാലികി സന്നദ്ധനായി. പരസ്‌പരം എതിര്‍ത്ത് ശക്തി ക്ഷയിപ്പിക്കുന്നതിലല്ല, മറിച്ച് എല്ലാ കക്ഷികള്‍ക്കും പ്രാതിനിധ്യമുള്ള ഒരു ദേശീയസഖ്യം രൂപവത്കരിക്കുന്നതാണ് സുസ്ഥിരമായ ഒരു ഭരണത്തിന് നല്ലതെന്ന് വൈകിയാണെങ്കിലും നൂരി അല്‍മാലികിക്ക് ബോധ്യപ്പെട്ടു.
രാഷ്ട്രീയത്തിലെന്നപോലെ നയതന്ത്ര ബന്ധങ്ങളിലും സ്ഥിരമായ ശത്രുവില്ല. കാര്യംനേടാന്‍ ഏതു കഴുതക്കാലും പിടിക്കാന്‍ അവര്‍ സന്നദ്ധരാണ് -പ്രത്യേകിച്ചും ശാക്തികരാഷ്ട്രങ്ങള്‍. കളി കഴിയുമ്പോഴുള്ള ഭൗതിക നേട്ടങ്ങളില്‍ മാത്രമാണവരുടെ കണ്ണ്! ഇറാഖില്‍ ഇസ്രായേലിനും അമേരിക്കക്കും ഉദ്ദിഷ്ട കാര്യങ്ങള്‍ നേടാന്‍ ഭരണപങ്കാളിത്തം ആവശ്യമാണ്. ഇതുകൊണ്ടാണ് അര്‍ബീലില്‍ നടന്ന നേതൃസമ്മേളനത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ ദേശീയ നയരൂപവത്കരണ സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇയാദ് അല്ലാവിയുടെ നാമം നിര്‍ദേശിച്ചത്.
മധ്യപൂര്‍വ ദേശത്ത് മുസ്‌ലിം രാഷ്ട്രങ്ങള്‍ ശക്തി സംഭരിക്കുന്നത് ഇസ്രായേലിന് ഭീഷണിയാണെന്നാണ് സയണിസ്റ്റുകളും അമേരിക്കയിലെ നവയാഥാസ്ഥിതികരും കരുതുന്നത്. അതുകൊണ്ടാണ് മുസ്‌ലിം രാഷ്ട്രങ്ങളെ പാശ്ചാത്യ രാഷ്ട്രങ്ങളുടെ പ്രത്യേകിച്ചും അമേരിക്കയുടെ ആശ്രിത വലയത്തിലൊതുക്കി നിര്‍ത്താന്‍ അമേരിക്കയിലെ ജൂതലോബി സദാ പാടുപെടുന്നത് ജൂതന്മാര്‍ അമേരിക്കയില്‍ ജനസംഖ്യയുടെ ആറു ശതമാനം മാത്രമാണ്. പക്ഷേ, സാമ്പത്തിക മേഖലയുടെ അമ്പത് ശതമാനം അവര്‍ നിയന്ത്രിക്കുന്നു. അവരുടെ നിയന്ത്രണത്തിലുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളാണ് പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുന്നത്. സ്വാഭാവികമായും ഭരണകൂടം അവരോട് കടപ്പെട്ടിരിക്കുന്നു; അവര്‍ക്ക് പ്രത്യുപകാരം ചെയ്യുകയും ചെയ്യുന്നു. ഇത് മറികടക്കാന്‍ സാധിക്കാത്തിടത്തോളം അമേരിക്കക്ക് നിഷ്പക്ഷമാവാന്‍ സാധിക്കില്ല.
എന്നാല്‍, മധ്യപൂര്‍വ ദേശത്തെ ജനങ്ങളും ഭരണകൂടങ്ങളും ഇപ്പോള്‍ സയണിസ്റ്റ് തന്ത്രങ്ങളെക്കുറിച്ച് ബോധവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഇറാഖില്‍ സുന്നികളും ശിയാക്കളും കുര്‍ദുകളും ഭരണനിര്‍വഹണത്തിനായി ഒരു ദേശീയകൂട്ടായ്മ രൂപവത്കരിക്കാന്‍ സന്നദ്ധമായത്. പ്രസിഡന്റ് പദവിയില്‍ കുര്‍ദുകളുടെ നേതാവായ ജലാല്‍ തലബാനിയാണ്. പ്രധാനമന്ത്രി നൂരി അല്‍മാലികിയും. പാര്‍ലമെന്റ് സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത് സുന്നിയായ ഉസാമ നുജൈഫിയാണ്.
നയരൂപവത്കരണ സമിതി അധ്യക്ഷന്‍ ഇയാദ് അല്ലാവിയും. അങ്ങനെ എല്ലാ വിഭാഗങ്ങളും അധികാരം പങ്കുവെക്കുന്ന അവസ്ഥയില്‍ ഇറാഖ് കൂടുതല്‍ സുരക്ഷിതമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati