Published on Thu, 02/24/2011 - 

പ്രക്ഷോഭം യു.എസിലേക്കും പടരും -നെജാദ്
തെഹ്‌റാന്‍: പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക മേഖലയിലെ അഭൂതപൂര്‍വമായ ജനകീയ പ്രക്ഷോഭത്തിന്റെ അലകള്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പ്രത്യക്ഷമാകുന്ന സമയം വിദൂരമല്ലെന്ന് ഇറാന്‍ പ്രസിഡന്റ് അഹ്മദി നെജാദ്.
ജനങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ അമേരിക്കയും യൂറോപ്പും കുപ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്. അമേരിക്കന്‍ പിന്തുണയുള്ള മര്‍ദക ഭരണകൂടങ്ങള്‍ക്കെതിരിലാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍. 1979ല്‍ ഇറാനില്‍ യു.എസ് പിന്തുണയുള്ള രാജഭരണകൂടത്തെ കടപുഴക്കിയ വിപ്ലവമാണ് ഈ പ്രക്ഷോഭകാരികള്‍ മാതൃകയായി കാണുന്നതെന്നും നെജാദ് പറഞ്ഞു. പ്രക്ഷോഭങ്ങള്‍ അറബ് മേഖലയെ മാത്രമല്ല, യൂറോപ്പിനേയും അമേരിക്കയേയും ഏഷ്യന്‍ രാഷ്ട്രങ്ങളെയും മൊത്തമായി വിഴുങ്ങാനാണ് സാധ്യതയെന്നും നെജാദ് പാര്‍ലമെന്റില്‍ നടത്തിയ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Tue, 05/31/2011 

ലണ്ടന്‍: ആഗോള ഭക്ഷ്യ പ്രതിസന്ധി വികസ്വര രാജ്യങ്ങളില്‍ കലാപത്തിനുതന്നെ വഴിതെളിക്കുമെന്ന യു.എന്‍ നിരീക്ഷണത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ലോകം സ്ഥിരമായ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്്. 98 രാജ്യങ്ങളിലായി നടത്തിയ പഠനത്തിലാണ് ഓരോ ദിവസവും ഏഴിലൊരാള്‍ എന്ന തോതില്‍ ദാരിദ്ര്യത്തിലേക്ക് മാറുന്നുവെന്ന ഞെട്ടിക്കുന്ന വിവരം.
വിലക്കയറ്റവും ക്രമാതീതമായ ജനസംഖ്യാ വര്‍ധനയുമായിരിക്കും ഭാവിയില്‍ ലോകത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയെന്ന് ഓക്‌സ്ഫാം പറയുന്നു. 1990ന് ശേഷം ഭക്ഷ്യസാധനങ്ങളുടെ വില ഇരട്ടിയായിട്ടുണ്ട്്. ഇത്,  വില 2030 ഓടെ 120 മുതല്‍ 180 ശതമാനം വരെ  വര്‍ധിക്കുന്നതോടെ  വരുമാനത്തിന്റെ 80 ശതമാനവും ഭക്ഷണത്തിനു വേണ്ടി ചെലവഴിക്കുന്ന ലോകത്തെ ഭൂരിഭാഗം ദരിദ്രരും അതിജീവനത്തിനായി കഷ്ടപ്പെടേണ്ടിവരും.  നിലവില്‍ ഭക്ഷ്യ പ്രതിസന്ധിയനുഭവിക്കുന്ന നാല് 'ഭക്ഷ്യ അരക്ഷിത കേന്ദ്രങ്ങ'ളെപ്പറ്റി  റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ഇതില്‍ ഇന്ത്യയും ഉള്‍പ്പെടും.ഗ്വാട്ടമാല, അസര്‍ബൈജാന്‍, പൂര്‍വാഫ്രിക്ക എന്നിവയാണ് മറ്റു സ്ഥലങ്ങള്‍.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


ബ്രിട്ടനില്‍ കലാപം പടരുന്നു; മരണം അഞ്ച്

ബ്രിട്ടനില്‍ കലാപം പടരുന്നു; മരണം അഞ്ച്
ലണ്ടന്‍: മയക്കുമരുന്ന് ഇടപാടുകാരനെ പൊലീസ് വെടിവെച്ചു കൊന്നതിനെ തുടര്‍ന്ന്  ലണ്ടന്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട  വംശീയകലാപവും കൊള്ളയും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.  ക്രോയിഡോണിലും ബര്‍മിങ്ഹാമിലുമായി ഇതുവരെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കൂടുതല്‍ പൊലീസിനെ വിന്യസിച്ചതുമൂലം ബുധനാഴ്ച ലണ്ടന്‍ പൊതുവെ ശാന്തമായിരുന്നു. അതേസമയം, മാഞ്ചസ്റ്റര്‍, സാല്‍ഫോര്‍ഡ്, ബര്‍മിങ്ഹാം, ബ്രിസ്‌റ്റോള്‍, നോട്ടിങ്ഹാം, ലിവര്‍പൂള്‍, ലെസ്റ്റര്‍, ഗ്ലോസ്റ്റര്‍ ഷെയര്‍,  കേംബ്രിജ് നഗരങ്ങളില്‍   ചൊവ്വാഴ്ച  രാത്രിയും അക്രമങ്ങളുണ്ടായി. അക്രമികള്‍ നൂറുകണക്കിന് കടകള്‍ കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തു.
 മലയാളി സാന്നിധ്യം ഏറ്റവും കൂടുതലുള്ള ക്രോയിഡോണും മാഞ്ചസ്റ്ററുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും രൂക്ഷമായ   ആക്രമണം നേരിട്ട രണ്ടു നഗരങ്ങള്‍. ക്രോയിഡോണില്‍  വ്യാപാരിയായ തിരുവല്ല സ്വദേശി ബിനുമാത്യുവിന്റെ കട കവര്‍ച്ചക്കിരയായി.
കാറില്‍  രക്ഷപ്പെടാന്‍ ശ്രമിച്ച ബിനുവിനെയും ഭാര്യയെയും അക്രമികള്‍ കൊള്ളയടിക്കുകയും കാര്‍ കത്തിക്കുകയും ചെയ്തു. ഈസ്റ്റ്ഹാമിനടുത്ത് ബാര്‍കിങ്ങില്‍  ജോലിചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി ഉണ്ണി എസ്. പിള്ളയും ആക്രമിക്കപ്പെട്ടു. കാര്‍ അക്രമികള്‍ തകര്‍ത്തു.  വ്യാപാരകേന്ദ്രങ്ങള്‍ കഴിഞ്ഞാല്‍ ഏഷ്യന്‍ വംശജരുടെ വീടുകള്‍ ലക്ഷ്യമിടുമെന്ന അഭ്യൂഹവും എസ്.എം.എസ് സന്ദേശവും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതോടെ മലയാളികള്‍ കടുത്ത ആശങ്കയിലാണ്. 30 ലക്ഷത്തോളം ഇന്ത്യക്കാര്‍ ബ്രിട്ടനില്‍ ഉണ്ട്. ഒരു ലക്ഷത്തോളമാണ് മലയാളികള്‍.
നഗരങ്ങള്‍ ലക്ഷ്യമിട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന അക്രമിസംഘം വ്യാപാര കേന്ദ്രങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളുമാണ് ആക്രമിക്കുന്നത്. പത്തു വയസ്സുകാര്‍ മുതല്‍ മധ്യവയസ്‌കര്‍ വരെയുള്ള നിരായുധരാണിവര്‍. പുരുഷന്മാര്‍ ഇലക്‌ട്രോണിക് കടകളും സ്ത്രീകള്‍ തുണിക്കടകളും ഫാഷന്‍ കേന്ദ്രങ്ങളുമാണ് തിരഞ്ഞുപിടിക്കുന്നത്. മദ്യക്കടകള്‍, ബാങ്കുകള്‍, എ.ടി.എം കൗണ്ടറുകള്‍, സ്വര്‍ണക്കടകള്‍ തുടങ്ങി എല്ലായിടത്തും സംഘം കയറിയിറങ്ങുന്നു. പൊലീസ് നിഷ്‌ക്രിയമായതിനാല്‍ കലാപവും കൊള്ളയും ആഘോഷമാക്കുകയാണ് ക്രിമിനലുകള്‍.

അഞ്ചു ദിവസം പിന്നിട്ടിട്ടും  കലാപം അടിച്ചമര്‍ത്താനുള്ള ശക്തമായ നീക്കം സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഇന്നുമുതല്‍ പൊലീസ്  ജലപീരങ്കി പ്രയോഗിക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലുംഅത് എത്രമാത്രം ഫലംചെയ്യുമെന്ന് വ്യക്തമല്ല.

Published on Wed, 08/10/2011 - 

ലണ്ടന്‍ കലാപം മറ്റു നഗരങ്ങളിലേക്ക് വ്യാപിക്കുന്നു
ലണ്ടന്‍: കറുത്ത വര്‍ഗ്ഗക്കാരന്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപം ലണ്ടന് പുറത്തേക്കും വ്യാപിക്കുന്നു. ലണ്ടനില്‍ കനത്ത പൊലീസ് സാന്നിധ്യം തുടരുന്നതിനാല്‍ കലാപം സമീപ നഗരങ്ങളായ മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, സാല്‍ഫോഡ്, നോട്ടിങ്ഹാം, ബെര്‍മിങ്ഹാം എന്നിവടങ്ങളിലേക്ക് വ്യാപിച്ചു. ലണ്ടന നഗരം ഇന്ന് ശാന്തമാണെന്നാണ്് റിപോര്‍ട്ട്. 16000 പൊലീസുകാരെ ലണ്ടന്‍ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.  മാഞ്ചസ്റ്ററിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 108 പേരെ ഇതിനകം അറസ്റ്റു ചെയ്തിട്ടുണ്ട്. മാഞ്ചസ്റ്ററില്‍ കലാപം നടക്കുന്നതിനിടെ മൂന്നു വഴിയാത്രക്കാര്‍ വാഹനമിടിച്ച് മരിക്കുകയുണ്ടായി. 

കലാപം പടരുന്നു; ലണ്ടന്‍ കത്തുന്നു

കലാപം പടരുന്നു; ലണ്ടന്‍ കത്തുന്നു
 ലണ്ടന്‍: മൂന്നുദിവസമായി തുടരുന്ന അക്രമങ്ങള്‍ പടര്‍ന്നതോടെ  ലണ്ടന്‍ നഗരം  കത്തുന്നു.  ലോകത്തിലെ കിടയറ്റതെന്ന് കരുതുന്ന സുരക്ഷാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി, ടോട്ടന്‍ഹാമില്‍ ശനിയാഴ്ച തുടങ്ങിയ അക്രമ സംഭവങ്ങള്‍ ബ്രിട്ടീഷ് ഭരണകൂടത്തെയും പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ബുധനാഴ്ച നടക്കേണ്ടിയിരുന്ന നെതര്‍ലന്‍ഡ്- ഇംഗ്ലണ്ട് സൗഹൃദ ഫുട്ബാള്‍ മത്സരമുള്‍പ്പെടെ നിരവധി പരിപാടികള്‍ ഇതേത്തുടര്‍ന്ന് മാറ്റിവെച്ചിട്ടുണ്ട്.
 വാഹനങ്ങള്‍ തകര്‍ത്തും വ്യാപാരസ്ഥാപനങ്ങളും കെട്ടിടങ്ങളും അഗ്‌നിക്കിരയാക്കിയും വസ്തുവകകള്‍ അപഹരിച്ചും ഒരു വിഭാഗം അക്രമിസഘം പല നഗരങ്ങളിലും അഴിഞ്ഞാടുന്നതായി ലണ്ടനിലെ പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ലിവര്‍പൂള്‍, ബര്‍മിങ്ഹാം, ബ്രിസ്റ്റല്‍ തുടങ്ങിയ നഗരങ്ങളിലേക്കാണ് കഴിഞ്ഞ ദിവസത്തോടെ കലാപം വ്യാപിച്ചത്്.
വിവിധ നഗരങ്ങളിലായി 450ലധികം ആളുകളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.  കൊലപാതക ശ്രമത്തിനുള്ള കുറ്റം ചുമത്തിയാണ്  നടപടി. കലാപം രാജ്യത്തെ ജനജീവിതത്തെ ബാധിച്ചതോടെ ഇറ്റലിയില്‍ അവധി ആഘോഷത്തിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ലണ്ടനില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ലണ്ടന്‍ കലാപം: കര്‍ശന നടപടികളുമായി ഭരണകൂടം

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളോട് താമസിക്കുന്ന ഹോട്ടലില്‍ തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, ബുധനാഴ്ച ആരംഭിക്കേണ്ട ഇംഗ്ലണ്ടുമായുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിന് മാറ്റമുണ്ടാകില്ല. അടുത്ത വര്‍ഷത്തെ ഒളിമ്പിക്‌സിന്  ലണ്ടന്‍ വേദിയാകാനിരിക്കെ നഗരത്തില്‍ കലാപം കത്തിപ്പടരുന്നതില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും ആശങ്കയുണ്ട്. ഒളിമ്പിക് സമയത്തും ലണ്ടനില്‍ ആക്രമണങ്ങള്‍ അരങ്ങേറുമെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്്.
ശനിയാഴ്ച ടോട്ടന്‍ഹാം പൊലീസിന്റെ വെടിവെപ്പില്‍ മാര്‍ക്ക് ഡഗന്‍ എന്ന യുവാവ് കൊല്ലപ്പെട്ടതാണ് ഏറ്റുമുട്ടലിന് കാരണമായത്. അറസ്റ്റിന്റെ കാരണങ്ങള്‍ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ഡഗനെ അറസ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലാണ് മരണത്തില്‍ കലാശിച്ചത്. സംഘര്‍ഷങ്ങള്‍ വംശീയലഹളയായി മാറുന്നതിന്റെ ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണുന്നത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Thu, 08/11/2011 -

തീയണക്കാനാളില്ലാതെ ലണ്ടന്‍
ലണ്ടന്‍: അഴിഞ്ഞാടുന്ന അക്രമികള്‍, നോക്കിനില്‍ക്കുന്ന പൊലീസ് സേന, ഒന്നും ചെയ്യാനാവാത്ത ഭരണകൂടം. ലോകത്തെ മഹാനഗരത്തെ അരക്ഷിതാവസ്ഥ പൊതിഞ്ഞിരിക്കുകയാണ്.
പെരുകുന്ന തൊഴിലില്ലായ്മയും സാമ്പത്തിക ഞെരുക്കവുമാണ് ലണ്ടനിലെ കലാപത്തിന് കാരണം എന്ന പ്രചാരണം പൂര്‍ണമായും സത്യമാണെന്നു പറഞ്ഞുകൂടാ. ചെലവ് ചുരുക്കലിന്റെ ഭാഗമായി  സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങളിലെ ജോലി വെട്ടിക്കുറക്കുന്നുണ്ട്. അതിനാല്‍ പഴയതുപോലെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയില്ല.  തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്.
എന്നാല്‍ മണിക്കൂറില്‍ 400 ഇന്ത്യന്‍ രൂപയോളമാണ് ഇവിടെ മിനിമം കൂലി. തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ രഹിത വേതനവും വീടും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. യൂറോപ്പിലെ പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി മെച്ചമാണെന്നു പറയാം. എന്നാല്‍ ധൂര്‍ത്തിനും കുടിച്ചു കൂത്താടാനുമുള്ള സാമ്പത്തിക സ്ഥിതി പഴയതുപോലെ ഇപ്പോഴില്ല എന്നത് വാസ്തവമാണ്. അതുകൊണ്ട് കലാപം മുതലെടുക്കുകയാണ് നല്ലൊരു ശതമാനം ക്രിമിനലുകളും.
പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കറുത്ത വംശജനായ മാര്‍ക് ഡഗന്‍ ടോട്ടന്‍ഹാമിലെ കൊള്ളസംഘാംഗം ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് ഇടപാടുകാരനായി അറിയപ്പെട്ട ഇയാളുടെ കാറിന് പൊലീസ് കൈകാണിച്ചെങ്കിലും അയാള്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. പൊലീസിനെ ആദ്യം വെടിവച്ചത് ഡഗനാണ് എന്ന പൊലീസ് വാദം ശരിയല്ലെന്ന് സംഭവം അന്വേഷിച്ച കമീഷന്‍ പിന്നീട് വ്യക്തമാക്കി. കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നതായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കറുത്ത വര്‍ഗക്കാര്‍ കൂടുതലുള്ള ടോട്ടന്‍ഹാമില്‍ നിന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടതെങ്കിലും കൊള്ളസംഘത്തില്‍ വെള്ളക്കാരും ധാരാളമുണ്ട്. അടിയന്തര സാഹചര്യമുണ്ടായി ഫോണ്‍ ചെയ്താല്‍ പൊലീസ് പ്രതികരിക്കുന്നില്ല. ഫയര്‍ഫോഴ്‌സിന്റെയും പൊലീസ് ആമ്പുലന്‍സിന്റെയും സ്ഥിതിയും ഇതുതന്നെ. പകലുകള്‍ പൊതുവേ ശാന്തമാണെങ്കിലും രാത്രിയോടെ കൊള്ളക്കാര്‍ നഗരങ്ങള്‍ കീഴടക്കുന്നു. നിരത്തുകളും ടൗണ്‍ സെന്ററുകളും രാത്രി  ക്രിമിനല്‍ നിയന്ത്രണത്തിലാണ്. പൊലീസാകട്ടെ, കലാപകാരികള്‍ക്ക് പിന്നാലെ കള്ളനും പോലീസും കളിക്കുന്നു.  മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ അക്രമികള്‍ അടുക്കുന്നില്ല. പാകിസ്താന്‍ മുസ്‌ലിംകളുടെ പ്രദേശങ്ങള്‍ പൊതുവേ സുരക്ഷിതമാണ്. സിഖ് ഭൂരിപക്ഷമുള്ള സൌത്താളില്‍ അവര്‍ കൂട്ടത്തോടെ തങ്ങളുടെ സുരക്ഷക്കായി രംഗത്തുണ്ട്. ശ്രീലങ്കന്‍ വംശജരും സ്വയം രക്ഷക്കായി സംഘടിക്കുന്നുണ്ട്. ക്രോയിഡോണിന് അടുത്ത് ട്യൂട്ടിങ്ങില്‍ തമിഴ് വംശജര്‍ അക്രമികളെ നേരിടാന്‍ സന്നാഹം ഒരുക്കിയിട്ടുണ്ട്. കലാപകാരികളെ നേരിടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് വായടക്കും മുമ്പ് മാഞ്ചസ്റ്റര്‍ കത്തിയെരിഞ്ഞു. കാമറന്റെ പ്രസ്താവനകള്‍ക്ക് അത്ര വിലയേ കലാപകാരികള്‍ നല്‍കുന്നുള്ളൂ.
ഇനി എന്ത് എന്ന ചോദ്യമാണ് മലയാളികള്‍ പരസ്‌പരം ചോദിക്കുന്നത്. കലാപം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നാല്‍ നാട്ടിലേക്ക് തിരിക്കുന്നതിനെക്കുറിച്ച് മലയാളികള്‍ ആലോചിച്ചു തുടങ്ങും. ഇതുവരെയുള്ള സമ്പാദ്യം മുഴുവന്‍ ബ്രിട്ടനില്‍ നിക്ഷേപിച്ചവരാണ് നല്ലൊരു ശതമാനം ആളുകളും. അതിനാല്‍ എളുപ്പത്തില്‍ ഒരു മടക്കം ആര്‍ക്കും സാധ്യമല്ല.
ലണ്ടന്‍ ഒളിമ്പിക്‌സിന് കഷ്ടിച്ച് ഒരു വര്‍ഷം മാത്രം അവശേഷിക്കുമ്പോള്‍ നടക്കുന്ന ഈ കൊള്ളയും കൊള്ളിവെപ്പും ഒളിമ്പിക്‌സിന്റെ സുരക്ഷയെക്കുറിച്ച് സന്ദേഹം ഉയര്‍ത്തുന്നു. ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലാത്തതും കലാപം അടിച്ചമര്‍ത്താനുള്ള ശക്തമായ നിയമങ്ങളുടെ അഭാവവും ബ്രിട്ടനെ കൊള്ളക്കാരുടെ സൈ്വരതാവളമാക്കുകയാണ്. കര്‍ഫ്യൂ പോലുള്ള ശക്തമായ നടപടികള്‍കൊണ്ടേ രാജ്യം സാധാരണ നിലയിലെത്തിക്കാന്‍ കഴിയൂ. എന്നാല്‍ ബ്രിട്ടനിലെ രാഷ്ട്രീയ നേതൃത്വം അതിനുള്ള ആര്‍ജവം കാണിക്കുന്നില്ല. ലോകത്തു മുഴുവന്‍ ജനാധിപത്യവും സമാധാനവും സ്ഥാപിക്കാനെന്നു പറഞ്ഞ് സൈന്യത്തെ അയക്കുന്ന ബ്രിട്ടന് സ്വന്തം രാജ്യത്തെ അരാജകത്വം അവസാനിപ്പിക്കാന്‍ കഴിയാത്തത് പരിഹാസ്യമാണ്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Thu, 08/11/2011 

പുത്തന്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കും -കാമറണ്‍
ലണ്ടന്‍: ബ്രിട്ടീഷ് ജനജീവിതം അഞ്ച് ദിവസത്തോളം സ്തംഭിപ്പിച്ച ലഹളകള്‍ക്കൊടുവില്‍ പുതുകാല സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വ്യക്തമാക്കി. ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ നവീന മാധ്യമങ്ങള്‍ വഴിയാണ് ലഹളക്കാര്‍ തെരുവുകളില്‍ ജനങ്ങളെ സംഘടിപ്പിച്ചത് എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരം ഇന്റര്‍നെറ്റ് പ്രചാരണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യം ബ്രിട്ടീഷ് ഭരണകൂടം പരിഗണനയിലെടുത്തതെന്ന് ലഹളയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന അടിയന്തര ചര്‍ച്ചയില്‍ കാമറണ്‍ വിശദീകരിച്ചു. ലഹളസമയത്ത് തെരുവുകളില്‍ നന്നേ കുറച്ചേ പൊലീസ് ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ അക്രമം നിയന്ത്രിക്കുന്നതില്‍ നിയമപാലകര്‍ക്ക്  വേണ്ടത്ര വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രശ്‌നത്തെ രാഷ്ട്രീയപ്രതിഷേധമായി കാണാനാകില്ലെന്നും കൊള്ളയും കൊള്ളിവെപ്പും അക്രമങ്ങളുമാണ് അരങ്ങേറിയതെന്നും വിശദീകരിച്ച കാമറണ്‍ ഇതിനകം 1200 പേരെ അറസ്റ്റ് ചെയ്തതായും പാര്‍ലമെന്റിനെ അറിയിച്ചു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 08/13/2011 -

ലണ്ടന്‍: ലണ്ടന്‍ കലാപത്തെ നേരിടുന്നതില്‍ രാജ്യത്തെ പ്രധാനമന്ത്രിയുള്‍പ്പടെയുള്ള രാഷ്ട്രീയക്കാരെക്കാള്‍ ബ്രിട്ടനിലെ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത് പൊലീസെന്ന് സര്‍വേ. ഗാര്‍ഡിയന്‍ പത്രം കഴിഞ്ഞദിവസം പുറത്തുവിട്ട സര്‍വേയിലാണ് ജനങ്ങള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്്്. കലപം നേരിടുന്നതില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പരാജയപ്പെട്ടുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം ആളുകളും  വിലയിരുത്തിയത്. പ്രധാനമന്ത്രിയുടെയും ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സന്റെയും കലാപം സംബന്ധിച്ച പ്രതികരണങ്ങള്‍ കുടുതല്‍ ആളുകളും നിരാശയാണ് ഉളവാക്കിയതെന്നും സര്‍വേഫലം വ്യക്തമാക്കുന്നു. 70 ശതാനത്തിലധികം ആളുകളും ജോണ്‍സന് എതിരായാണ് വോട്ട് രേഖപ്പെടുത്തിയത്.
കലാപത്തിന്റെ യഥാര്‍ഥ കാരണങ്ങളെകുറിച്ചുള്ള ചോദ്യത്തിന് 28 ശതമാനം ആളുകളും സാമൂഹികമായ കാരണങ്ങളാണ് കലാപത്തിന് പിന്നിലെന്ന് അഭിപ്രായപ്പെട്ടു. എട്ട് ശതമാനം ആളുകള്‍ രാജ്യത്തെ തൊഴിലില്ലായ്മയാണ് കാരണമെന്നാണ് വിശ്വസിക്കുന്നത്്. അഞ്ച് ശതമാനം ആളുകള്‍ മാരതമാണ് മാര്‍ക് ഡഗന്റെ മരണം കലാപകാരമണായി ചൂണ്ടിക്കാട്ടിയത്. 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Tue, 11/15/2011 

യൂറോപ്പിലേത് രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള വലിയ പ്രതിസന്ധി -മെര്‍കല്‍
ബര്‍ലിന്‍: രണ്ടാം ലോകയുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണ് യൂറോപ്പില്‍ നിലവിലുള്ളതെന്ന് ജര്‍മന്‍ ചാന്‍സ്ലര്‍ അംഗലാ മെര്‍കല്‍ അഭിപ്രായപ്പെട്ടു.യൂറോസോണിനെ മൊത്തം ബാധിച്ച സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ കൂടുതല്‍ ശക്തമായ രാഷ്ട്രീയ കൂട്ടായ്മ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. കിഴക്കന്‍ ജര്‍മനിയിലെ ലീപ് സിഗില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
യൂറോപ്യന്‍ യൂനിയന്‍െറ അടിസ്ഥാന ഘടനയില്‍  തന്നെ കാര്യമായ മാറ്റം ആവശ്യമാണ്. യൂറോയില്‍ അധിഷ്ഠിതമായ സാമ്പത്തിക ഘടന ലക്ഷ്യം വെച്ചുള്ള ഘടനയാണ് ആവശ്യം. യൂറോ കേവലം കറന്‍സിയേക്കാള്‍ മേഖലയുടെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

യൂറോപ്പിലെ സാമ്പത്തിക സൂനാമി


വി.വി ശരീഫ് സിംഗപ്പൂര്‍
1.10.2011

കഴിഞ്ഞയാഴ്ച തുര്‍ക്കി ഉപപ്രധാനമന്ത്രി നടത്തിയ ഒരു പ്രസ്താവന ഇങ്ങനെ: ''അടുത്ത യൂറോപ്യന്‍ യൂനിയന്‍ അധ്യക്ഷ സ്ഥാനം ഗ്രീക്ക് സൈപ്രസിന് നല്‍കിയാല്‍ തുര്‍ക്കി യൂറോപ്യന്‍ യൂനിയനുമായുള്ള ബന്ധം മരവിപ്പിക്കും.'' ശക്തരായ യൂറോപ്യന്‍ യൂനിയനോട് ഇങ്ങനെ പ്രതികരിക്കാന്‍ തുര്‍ക്കിക്കെങ്ങനെ ധൈര്യം വന്നു?
ഇതേ തുര്‍ക്കി തന്നെയല്ലേ യൂറോപ്യന്‍ യൂനിയന്‍ അംഗത്വം ലഭിക്കാന്‍ നെട്ടോട്ടം ഓടിയത്? അതെ, തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും ധ്രുതഗതിയില്‍ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ഇസ്‌ലാമിക പാരമ്പര്യത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് എ.കെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തുര്‍ക്കി സാമ്പത്തികമായും രാഷ്ട്രീയമായും യൂറോപ്പിലെ തന്നെ ശക്തമായ സാന്നിധ്യമായിക്കൊണ്ടിരിക്കുന്നതോടൊപ്പം തന്നെ, യൂറോപ്യന്‍ യൂനിയന്‍ കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുകയുമാണ്. ഇതാകാം യൂറോപ്യന്‍ യൂനിയനെതിരെ സധൈര്യം തുറന്നടിക്കാന്‍ തുര്‍ക്കിയെ പ്രേരിപ്പിച്ചത്.
യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ അതിപ്രഹരശേഷിയുള്ള സാമ്പത്തിക സൂനാമിയെ കാത്തുകൊണ്ടിരിക്കുകയാണ്. 2007-ല്‍ അമേരിക്കയില്‍ തുടങ്ങിയ, ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം യൂറോപ്പിനെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു. ചില യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി യൂറോപ്യന്‍ യൂനിയന്റെയും 'യൂറോ'വിന്റെയും നിലനില്‍പുതന്നെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഗ്രീസില്‍ നിന്ന് തുടങ്ങി ഇറ്റലിയില്‍ എത്തിനില്‍ക്കുന്ന വന്‍ കടബാധ്യതകള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മൊത്തം യൂറോപ്പിനെ തന്നെ അത് തകര്‍ച്ചയിലേക്ക് നയിക്കുമെന്നും വിലയിരുത്തപ്പെടുന്നു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് ബ്രൗണ്‍ പറഞ്ഞത്, ഇപ്പോഴത്തെ അവസ്ഥക്ക് പരിഹാരമായില്ലെങ്കില്‍ അത് 2007-ല്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക തകര്‍ച്ചയേക്കാള്‍ ഭയാനകമായിരിക്കുമെന്നാണ്. ഇതാകട്ടെ കടുത്ത തൊഴിലില്ലായ്മയിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും യൂറോപ്പിനെ തള്ളിവിടും.
യൂറോപ്യന്‍ യൂനിയനും 'യൂറോ'സോണും
യൂറോപ്പിലെ 27 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ 1993-ല്‍ രൂപം കൊണ്ടതാണ് യൂറോപ്യന്‍ യൂനിയന്‍. സാമ്പത്തിക, രാഷ്ട്രീയ ഐക്യമാണ് ലക്ഷ്യം. ഇതോടെ ഇ.യു എന്ന ഒരൊറ്റ സാമ്പത്തിക മേഖല നിലവില്‍ വന്നു. ഈ മേഖലയെ നിയന്ത്രിക്കുന്ന ഏകീകൃത നിയമചട്ടങ്ങളും ഉണ്ട്. ഇ.യു രാജ്യങ്ങള്‍ സഞ്ചാരം, കച്ചവടം, മൂലധന വ്യാപനം, സേവന രംഗം എന്നീ മേഖലകളിലെല്ലാം സ്വതന്ത്രമായി, നിയന്ത്രണമില്ലാതെ പരസ്പരം ഇടപെട്ടു. ഈ പങ്കാളിത്തം ഉറപ്പ് വരുത്തിയാണ് യൂനിയനിലെ 17 രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു പൊതു വിനിമയ കറന്‍സി രൂപപ്പെടുത്തിയത്.ഇതാണ് 'യൂറോ'. ബാക്കിയുള്ള 10 രാജ്യങ്ങളില്‍ ഏഴു രാജ്യങ്ങളും പിന്നീട് യൂറോസോണില്‍ വരുമെന്നും മൂന്ന് രാജ്യങ്ങള്‍ തങ്ങളുടെ നിലപാട് ഭാവി സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്നും ധാരണയായി. ഈ 17 രാജ്യങ്ങളും യൂറോവിനെ തങ്ങളുടെ വിനിമയ കറന്‍സിയായി സ്വീകരിച്ചു. യൂറോ വിനിമയ കറന്‍സിയായി ഉപയോഗിക്കുന്ന യൂറോപ്യന്‍ യൂനിയനിലെ 17 രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മേഖലയെയാണ് യൂറോ സോണ്‍ എന്ന് വിളിക്കുന്നത്. ഈ സോണിലെ പ്രബല രാജ്യങ്ങളാണ് ജര്‍മനിയും ഫ്രാന്‍സും ഇറ്റലിയും. സോണില്‍ നിന്ന് വിട്ടുനിന്ന പ്രബല രാജ്യമാണ് ബ്രിട്ടന്‍. യൂറോപ്യന്‍ യൂനിയനും യൂറോ സോണും നിലവില്‍ വന്നതോടെ യൂറോപ്പിന്റെ പഴയകാല പ്രതാപം തിരിച്ചുപിടിച്ചുവെന്നും, അമേരിക്കന്‍ മേല്‍ക്കോയ്മക്ക് കനത്ത എതിരാളി രംഗത്ത് വന്നുവെന്നും പ്രചരിപ്പിക്കപ്പെട്ടു. അന്താരാഷ്ട്ര സാമ്പത്തിക മേഖലയയിലേക്ക് യൂറോ പ്രവേശിച്ചതോടെ, ആഗോള വിനിമയ കറന്‍സി എന്ന അമേരിക്കന്‍ ഡോളറിന്റെ കുത്തകക്ക് അടിയേറ്റു. പല രാജ്യങ്ങളും തങ്ങളുടെ ആഗോള ഇടപാട് യൂറോവിലേക്ക് ഭാഗികമായി മാറ്റി തുടങ്ങി. പല രാജ്യങ്ങളുടെയും വിദേശ നാണ്യ ശേഖരത്തിന്റെ നല്ലൊരു പങ്ക് യൂറോ ആയി. അങ്ങനെ 1995-ല്‍ രൂപം കൊടുത്ത്, 2002-ല്‍ കറന്‍സിയായി പുറത്ത് വന്ന യൂറോ, ഡോളറിന് തൊട്ട് പിറകെ രണ്ടാം സ്ഥാനത്തെത്തി. 2007-ല്‍ അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ യൂറോ, ഡോളറിനെ കടത്തിവെട്ടുമോ എന്നു പോലും ഊഹങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു. ഈയൊരു ഘട്ടത്തിലാണ് യൂറോപ്പിന്റെ പ്രതിസന്ധി തുടങ്ങുന്നത്.
പ്രതിസന്ധിയുടെ തുടക്കം
2009-ല്‍ തന്നെ യൂറോ സോണില്‍ പെട്ട രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് ആശങ്കകള്‍ നിലനിന്നിരുന്നു. 2010-ഓടെ ഈ ആശങ്കകള്‍ ശക്തമായി. ഇതിന് കാരണമായത് ഗ്രീസ്, അയര്‍ലന്റ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ യൂറോ സോണ്‍ രാജ്യങ്ങള്‍ തങ്ങളുടെ നാടുകളിലെ തകര്‍ന്നുകൊണ്ടിരിക്കുന്ന വന്‍കിട ബാങ്കുകളെ രക്ഷപ്പെടുത്താന്‍ രക്ഷാ പാക്കേജുകള്‍(Bailout Packages) പ്രഖ്യാപിച്ചു തുടങ്ങിയതാണ്. ഈ നടപടികള്‍ ഈ രാജ്യങ്ങളെ വന്‍ കടബാധ്യതയിലേക്ക് (sovereign debt) തള്ളിവിട്ടു. കൂടാതെ തുടര്‍ച്ചയായ ബജറ്റ് കമ്മിയും ദേശീയ കടം പെരുപ്പിച്ചു. സ്വാഭാവികമായും വ്യാവസായിക വളര്‍ച്ച മുരടിച്ചു. ഗ്രീസിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം എത്രത്തോളമുണ്ടെന്നറിയാന്‍ ആ രാജ്യം പുറത്തിറക്കിയ കടപത്ര(bond)ത്തിന്റെ പലിശ നിരക്ക് നോക്കിയാല്‍ മതി. ജൂലൈ 2007-ല്‍ രണ്ട് വര്‍ഷക്കാലാവധിയുള്ള ഗവണ്‍മെന്റ് ബോണ്ട് വാങ്ങുന്നവര്‍ക്ക് ലഭിച്ചിരുന്നത് 4.5 ശതമാനം പലിശയാണെങ്കില്‍, ജൂലൈ 2011-ല്‍ വാങ്ങിക്കുന്നവര്‍ക്ക് ലഭിച്ചത് 26.5 ശതമാനമാണ്. ഇത് 48 ശതമാനം വരെ എത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇത്രയധികം പലിശക്ക് കടം വാങ്ങുന്ന രാജ്യം പാപ്പരാവുകയല്ലാതെ മറ്റെന്ത് വഴി? ഗ്രീസിന്റെ ഈ വഴിവിട്ട ഇടപാടുകളും സുതാര്യതയില്ലായ്മയും ആ രാഷ്ട്രത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി. അങ്ങനെ അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സികള്‍ ഗ്രീസിന്റെ കടപത്രങ്ങളെ വിലയില്ലാത്തവ (junk status) എന്ന ഗണത്തില്‍ പെടുത്തി. ഇതോടെ ഗ്രീസിനെ കുറിച്ച ഭയാശങ്കകള്‍ വര്‍ധിച്ചു. ഗ്രീസ് തങ്ങളുടെ കടബാധ്യതകള്‍ തിരിച്ചടക്കുന്നതില്‍ വീഴ്ചവരുത്തുമെന്ന പ്രചാരണം ശക്തിപ്പെട്ടു. ഇങ്ങനെ സംഭവിച്ചാല്‍ ഗ്രീസിന്റെ ദേശീയ ബോണ്ടുകള്‍ (Greek Govt. Bond) നല്ല പലിശ ലഭിക്കുന്നു എന്ന കാരണത്താല്‍ വാങ്ങിക്കൂട്ടിയ യൂറോസോണ്‍ പ്രബല രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ ബാങ്കുകളും വന്‍ പ്രതിസന്ധി നേരിടും. ഇപ്പോള്‍ തന്നെ ഈ ബാങ്കുകളുടെ ഷെയറുകളുടെ വില ഈ കാരണത്താല്‍ തന്നെ ഇടിഞ്ഞുതുടങ്ങി. കൂടാതെ ഈ ഇടപാടുകള്‍ യൂറോപ്യന്‍ ബാങ്കുകളുടെ വിശ്വാസ്യതയെ വല്ലാതെ ഉലച്ചുകളഞ്ഞു. വലിയ പ്രതിസന്ധികള്‍ ഉണ്ടാകുമെന്ന ഭയത്താല്‍, പല പ്രമുഖ യൂറോപ്യന്‍ ബാങ്കുകള്‍ക്കും ഹ്രസ്വകാല വായ്പ നല്‍കുന്നത് പോലും സൂക്ഷിച്ചുവേണമെന്ന് അമേരിക്കന്‍ ബാങ്കുകള്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗ്രീസിനെ കൂടാതെ, അയര്‍ലന്റ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി എന്നീ യൂറോ സോണ്‍ രാജ്യങ്ങളും പൊട്ടിത്തെറിയുടെ വക്കിലാണ്. യൂറോപ്യന്‍ യൂനിയനില്‍ ഏറ്റവും കടബാധ്യതയുള്ള രാജ്യമാണ് ഇറ്റലി. ഇറ്റലിയിലെ പ്രധാനമന്ത്രി നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയും, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ കാണിക്കുന്ന അലംഭാവവും, ഇറ്റലിയും കടം വീട്ടുന്നതില്‍ വീഴ്ച വരുത്തുമോ എന്ന ഭയാശങ്കകളും തിടം വെച്ചുവരുന്നു. ലോക പ്രശസ്ത റേറ്റിംഗ് ഏജന്‍സിയായ Standard & Poor ഉം ഇറ്റലിയുടെ സാമ്പത്തിക ഭദ്രതയില്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങി.
യൂറോപ്പിലെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി രണ്ടാം ലോകയുദ്ധത്തിനു ശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ ദുരന്തമായി വിലയിരുത്തപ്പെടുന്നു. കാരണം പ്രയാസങ്ങളില്‍ പെട്ടുഴലുന്ന രാജ്യങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, കൊട്ടിഘോഷിക്കപ്പെട്ട യൂറോ എന്ന കറന്‍സിയുടെ തന്നെ ചരമഗീതവും ഇതോടൊപ്പം രചിക്കപ്പെട്ടേക്കാം. ജര്‍മന്‍ ചാന്‍സലര്‍ പറയുന്നു: ''യൂറോ തകര്‍ന്നാല്‍ യൂറോപ്പും തകരും.''
പരിഹാരമാര്‍ഗങ്ങള്‍ അകലെ
പ്രതിസന്ധി പരിഹരിക്കുന്നതിനായി യൂറോപ്യന്‍ യൂനിയന്‍ ഒരു ഫണ്ട് രൂപവത്കരിക്കുകയുണ്ടായി. European Financial Stability Facility (EFSF) എന്ന പേരിലാണിതറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ഈ ഫണ്ട് 1025 ബില്യന്‍ ഡോളറിന്റെ (45 ലക്ഷം കോടി രൂപ) റസ്‌ക്യൂ പാക്കേജാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ഫണ്ട് കൊണ്ടുതന്നെ യൂറോസോണ്‍ രാജ്യങ്ങളുടെ പ്രതിസന്ധി തരണം ചെയ്യാമെന്നാണ് കണക്കുകൂട്ടുന്നത്. ഈ ഫണ്ടില്‍ നിന്ന് ഗ്രീസ്, അയര്‍ലന്റ്, പോര്‍ച്ചുഗല്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്ക് സഹായം നല്‍കാന്‍ ധാരണയായിട്ടുണ്ടെങ്കിലും നിരവധി ഗഡുക്കളായി മാത്രമാണ് ഇത് നല്‍കുക. ഫണ്ട് മുഴുവനായി കിട്ടാന്‍ ഒരുപാട് കാലമെടുക്കും. കണിശമായ ഉപാധികളോടെയാണ് ഓരോ ഗഡുവും അനുവദിക്കുക. ഈ ഉപാധികള്‍ പാലിക്കുക വളരെ പ്രയാസകരമാണ് താനും. സാധാരണക്കാരന് ആശ്വാസമേകുന്ന സബ്‌സിഡിയും പെന്‍ഷനും വെട്ടിച്ചുരുക്കാനും, വെല്‍ഫയര്‍ ചെലവുകള്‍ കുറക്കാനും ശ്രമിച്ചതിന്റെ ഫലമായാണ് ഗ്രീസില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. നിരവധിയാളുകളുടെ മരണത്തിനിടയാക്കുന്ന ഇത്തരം കലാപങ്ങള്‍ പടരുമ്പോള്‍ അത് രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍, ഭരണകര്‍ത്താക്കള്‍ സാമ്പത്തിക സഹായ പാക്കേജുകളില്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ ഭാഗികമായി മാത്രം നടപ്പിലാക്കുകയോ ആണ് ചെയ്യുക. ഇതാകട്ടെ അടുത്ത ഘട്ട സഹായം ലഭിക്കാന്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഫണ്ട് ലഭിക്കുന്നതിനുള്ള കാലതാമസം, സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നതിലുള്ള പ്രയാസങ്ങള്‍ ഇതൊക്കെ ഗ്രീസിനെ അക്ഷരാര്‍ഥത്തില്‍ ശ്വാസം മുട്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഗ്രീസ് അടുത്തുതന്നെ പാപ്പരായ രാജ്യമായി (bankrupt) മാറാനുള്ള സാധ്യത കൂടിയത്.
ഈ അത്യാസന്ന ഘട്ടത്തിലാണ് ഗ്രീസ് യൂറോപ്യന്‍ യൂനിയനെ വീണ്ടും സഹായത്തിനായി സമീപിച്ചത്. സഹായധനത്തിന്റെ അടുത്ത ഘട്ടം ലഭിക്കുന്നതിന് വേണ്ടിയാണിത്. ഈ ഫണ്ട് ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള തീരുമാനമെടുക്കുന്നതിന്, സെപ്റ്റംബര്‍ 29-ന് യൂനിയന്‍ സാമ്പത്തിക മന്ത്രിമാരുടെ യോഗം വീണ്ടും ചേരുന്നുണ്ട്. വോട്ടെടുപ്പിലൂടെ തീരുമാനമായാല്‍ ഗ്രീസിന് അല്‍പം ആശ്വാസം ഉണ്ടായേക്കാമെങ്കിലും, പ്രതിസന്ധിയില്‍ നിന്ന് കരകയറുക വളരെ പ്രയാസം തന്നെയാണ്.
ഗ്രീസ് സാമ്പത്തിക തകര്‍ച്ചയിലെത്തുകയാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അതുണ്ടാക്കുമെന്ന് നിരീക്ഷകര്‍ ഭയപ്പെടുന്നു. അതോടെ സ്‌പെയിന്‍, അയര്‍ലന്റ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളും ഗ്രീസിന്റെ പാത പിന്തുടര്‍ന്ന് കടബാധ്യതയില്‍ വീഴ്ചവരുത്താന്‍ സാധ്യതയേറെയാണ്. ഇവയോടൊപ്പം ഇറ്റലിയും ചേര്‍ന്നാല്‍ അത് യൂറോപ്പിന്റെ തകര്‍ച്ചയില്‍ ചെന്ന് കലാശിക്കും. ഒരൊറ്റ കറന്‍സിയില്‍ ബന്ധിക്കപ്പെട്ട രാജ്യങ്ങളൊന്നായി സാമ്പത്തികമായി പരാജയപ്പെടുമ്പോള്‍, ലോക സാമ്പത്തിക മേഖലയില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് പറയേണ്ടതില്ലല്ലോ. ഇത് മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ചൈനയും സഹായ വാഗ്ദാനവുമായി രംഗത്തുള്ളത്. ചൈനയുടെ സഹായം ലഭിക്കുകയാണെങ്കില്‍ ഐ.എം.എഫ് പോലുള്ള ലോക സാമ്പത്തിക സംഘടനകളില്‍ നിര്‍ണായക സ്വാധീനം നേടാന്‍ ഈ സന്ദര്‍ഭം ചൈന ഉപയോഗപ്പെടുത്തിയേക്കും. അത് അമേരിക്കന്‍-യൂറോപ്യന്‍ സാമ്പത്തിക മേല്‍ക്കോയ്മക്ക് അയവ് വരുത്താന്‍ ഇടയാക്കും.
എന്തായാലും വരുന്ന ആഴ്ചകള്‍ വളരെ നിര്‍ണായകമാണ്. പലിശ,  ഊഹക്കച്ചവടം, ആര്‍ത്തി, ദുര്‍വ്യയം എന്നിവയെ പരിപോഷിപ്പിക്കുന്ന നയങ്ങള്‍ പിന്തുടരുന്ന മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ ജീര്‍ണ മുഖം ഒരിക്കല്‍ കൂടി പുറത്തുവന്നിരിക്കുകയാണ് യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയിലൂടെ. ഇവിടെ പ്രതിസന്ധി ഉണ്ടാവാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണെന്ന് പകല്‍പോലെ വ്യക്തമാണെങ്കിലും, പരിഹാരമായി നിര്‍ദേശിക്കുക ഇതൊക്കെ  ഉള്‍േച്ചര്‍ന്ന പാക്കേജുകള്‍ തന്നെ. ഉദാഹരണത്തിന് സഹായ പാക്കേജായി നല്‍കുന്ന ഫണ്ടിന് നല്ല പലിശയാണ് ഈടാക്കുക. അതോടൊപ്പം, പ്രതിസന്ധിയലകപ്പെട്ട രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്ന ഗവണ്‍മെന്റ് കടപത്രങ്ങള്‍ ചുളു വിലയ്ക്ക് വാങ്ങി ഭീമന്‍ പലിശ സ്വന്തമാക്കുകയും ചെയ്യുന്നു. ഇതൊക്കെ സുഗമമായി നടത്തുന്നതിന് കടത്തില്‍ കുടുങ്ങിയ രാജ്യങ്ങളിലെ പാവങ്ങളായ സാധാരണക്കാരോട് മുണ്ട് മുറുക്കി ഉടുക്കാന്‍ നിര്‍ദേശിക്കുന്നു. ഇതിന്റെ ഓമനപ്പേരാണ് 'നിയന്ത്രണ നടപടികള്‍' (Austerity Measures).
പലിശ തന്നെയാണ് വില്ലന്‍. 2009-ല്‍ വത്തിക്കാനില്‍ നിന്ന് ഔദ്യോഗികമായി തന്നെ ഒരു പ്രസ്താവന വന്നിരുന്നു. 'പലിശയിലധിഷ്ഠിതമല്ലാത്ത ഇസ്‌ലാമിക സാമ്പത്തിക ഘടനയാണ് പാശ്ചാത്യ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം' എന്ന്. പക്ഷേ, വത്തിക്കാനറിയുന്നുണ്ടോ മുസ്‌ലിം നാടുകളും (ഇറാനും സുഊദിയും ഒഴികെ) പലിശാധിഷ്ഠിത ബാങ്കിംഗിനെത്തന്നെയാണ് മുഖ്യമായും ആശ്രയിക്കുന്നതെന്ന്. ഇസ്‌ലാമിക് ബാങ്കിംഗ് രംഗത്തെ ഗവേഷണത്തില്‍ മുന്നില്‍ നില്‍ക്കുന്ന മലേഷ്യയില്‍ പോലും മൊത്തം ബാങ്കിംഗ് ആസ്തിയുടെ 25 ശതമാനം മാത്രമാണ് ഇസ്‌ലാമിക് ബാങ്കുകളുടെ വിഹിതം. ഇന്തോനേഷ്യയില്‍ ഇത് വെറും 5 ശതമാനത്തില്‍ നില്‍ക്കുന്നു. മൊത്തത്തില്‍ ലോകതലത്തില്‍ ഇസ്‌ലാമിക് ബാങ്കിംഗ് വളരുന്നുണ്ടെങ്കിലും ആഗോള ബാങ്കിംഗ് ആസ്തികളുടെ 3 ശതമാനം മാത്രമാണത്. ഇസ്‌ലാമിക് ബാങ്കിംഗിന്റെ വിഹിതം, ശക്തമായ ഇടപെടല്‍ വഴി മുസ്‌ലിം രാജ്യങ്ങളിലെങ്കിലും 50 ശതമാനത്തിലെത്തിക്കാന്‍ ഇസ്‌ലാമിക സാമ്പത്തിക വിദഗ്ധരും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും കഠിന പ്രയത്‌നത്തിലേര്‍പ്പെടേണ്ടതുണ്ട്. ഇപ്പോഴത്തെ അറബ് വസന്തം അതിന് വേണ്ടുന്ന അനുകൂല സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ഇതുകൊണ്ട് തന്നെയാകും, ഈജിപ്തിന് സാമ്പത്തിക ഭദ്രത നേടിക്കൊടുക്കാന്‍ പലിശരഹിത സാമ്പത്തിക ഘടന കൊണ്ട് സാധിക്കുമെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞുകൊണ്ടിരിക്കുന്നത്.
vshareef@hotmail.com

യൂറോപ്യന്‍ മാന്ദ്യം നേരിടാന്‍ കോടികള്‍ വകയിരുത്തും

യൂറോപ്യന്‍ മാന്ദ്യം നേരിടാന്‍ കോടികള്‍ വകയിരുത്തും
ബ്രസല്‍സ്: യൂറോപ്യന്‍ സാമ്പത്തികമാന്ദ്യം വര്‍ഷാവസാനത്തോടെ പരിഹരിക്കാന്‍ ധാരണയായതായി യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ ചേര്‍ന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഗ്രീസിന്‍െറ 50 ശതമാനം കടം എഴുതിത്തള്ളുന്നതുള്‍പ്പടെയുള്ള തീരുമാനങ്ങള്‍ നേതാക്കള്‍ കൈക്കൊണ്ടത്.തകരുന്ന യൂറോപ്യന്‍ ബാങ്കുകളെ രക്ഷിക്കാന്‍ ഒരു ട്രില്യണ്‍ (ലക്ഷം കോടി) യൂറോ വകയിരുത്താന്‍ ധാരണയായി.
പുതിയ സാമ്പത്തിക തീരുമാനങ്ങളെ തുടര്‍ന്ന് യൂറോപ്യന്‍ വിപണിയില്‍ മൂന്നു മാസത്തിനുശേഷം ഇതാദ്യമായി ഓഹരിവില ഉയര്‍ന്നു.
യൂറോപ് സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറിത്തുടങ്ങിയതായി  യൂറോപ്യന്‍ പാര്‍ലമെന്‍റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രസിഡന്‍റ് ജോസ് മനുവല്‍ അവകാശപ്പെട്ടു.
നേരത്തെ പ്രതീക്ഷിക്കപ്പെട്ടതുപോലെ ഗ്രീസിന്‍െറ കടം 50 ശതമാനം എഴുതിത്തള്ളിയതാണ് ബ്രസല്‍സ് തീരുമാനങ്ങളില്‍ പ്രധാനം. അതോടൊപ്പം, യൂറോപ്പിലാകമാനം 1.4 ലക്ഷം കോടി യൂറോയുടെ പെലവ് ചുരുക്കലിനും തീരുമാനമായിട്ടുണ്ട്.  പുതുവര്‍ഷത്തില്‍ നൂറു ബില്യന്‍ യൂറോയുടെ ചെലവ് ചുരുക്കാന്‍ ഗ്രീസും തീരുമാനിച്ചിട്ടുണ്ട്. ബാങ്ക് കടപത്രങ്ങളുടെ മൂല്യം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2012 ജൂണ്‍ മാസത്തോടെ 106 ബില്യന്‍ വരുമാനം ഇതിലൂടെ നേടാനാവുമെന്നാണ് യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുടെ കണക്കുകൂട്ടല്‍.
യൂറോപ്പിന്‍െറ സാമ്പത്തികമാന്ദ്യ പരിഹാരപദ്ധതിയില്‍ ഉച്ചകോടിയില്‍ പങ്കെടുത്ത ഐ.എം.എഫ് മേധാവി ക്രിസ്റ്റ്യന്‍ ലെഗാര്‍ദ് സംതൃപ്തി പ്രകടിപ്പിച്ചു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


റഫീഖ് ഹബീബ്

വരുംകാലങ്ങളില്‍ പടിഞ്ഞാറ് എങ്ങനെയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സമീപിക്കുക?
ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള അവരുടെ സമീപനത്തില്‍ സംശയത്തിന്റെയും ആശയ കുഴപ്പത്തിന്റെയും ഘടകങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, മാറ്റത്തിന്റെ ഒരു ഘട്ടം നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നു. അത് പടിഞ്ഞാറന്‍ നയനിലപാടുകളെ ഒരു ചെറിയ കാലത്തേക്കെങ്കിലും വ്യത്യസ്തമാക്കിയേക്കും. ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള സമീപനത്തില്‍ പടിഞ്ഞാറിന് സുവ്യക്തവും ദീര്‍ഘ കാലാടിസ്ഥാനത്തിലുമുള്ള ഒരു സ്ട്രാറ്റജി ഇല്ല. പടിഞ്ഞാറന്‍ പോളിസി പ്രധാനമായും ആഗ്രഹിക്കുന്നത്, അറബ് മുസ്‌ലിം മേഖലകളില്‍ അവരുടെ താല്‍പര്യങ്ങളുടെ സംരക്ഷണമാണ്. അതവര്‍ ഉറപ്പ് വരുത്തുന്നത് രാഷ്ട്രീയാധിപത്യം പുലര്‍ത്തിയും ഇസ്രയേല്‍ എന്ന അധിനിവേശ രാഷ്ട്രത്തെ സംരക്ഷിച്ചും മേഖലയിലെ അറബ് പ്രഭു-രാജാക്കന്മാരുമായി കൂട്ടുകൂടിയുമാണ്.
എന്തുതന്നെയായിരുന്നാലും, പടിഞ്ഞാറന്‍ വിദേശനയത്തിന്റെ ലക്ഷ്യങ്ങള്‍ നേടാനുള്ള ഏറ്റവും അനുയോജ്യമായ വഴികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന നയ നിര്‍മാതാക്കളുടെ നിലപാടുകളിലെ മാറ്റത്തിനനുസരിച്ച് പടിഞ്ഞാറിന്റെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള നയവും മാറിക്കൊണ്ടിരിക്കുകയാണ്. ഇത് തെളിയിക്കുന്നത് പടിഞ്ഞാറ് അവരുടെ വിദേശനയത്തിന്റെ ലക്ഷ്യപ്രാപ്തിക്ക് തടസ്സമാകുന്ന, അതിനാല്‍ തന്നെ അനിവാര്യമായും നിയന്ത്രിക്കേണ്ട ഭീഷണിയായി ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്.
ജോര്‍ജ് ബുഷ് ജൂനിയറിന്റെ കാലത്ത്, പ്രത്യേകിച്ച് സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണാനന്തരം പടിഞ്ഞാറ്  എല്ലാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും അവരുടെ ഒന്നാമത്തെ ശത്രു എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഈ പോളിസി വലിയൊരു വിഭാഗം പൊതുജനത്തിനിടയില്‍ വിരോധത്തിന്റെയും വിസമ്മതത്തിന്റെയും സംഘട്ടനത്തിന്റെയും മാനസികാവസ്ഥയാണ് വളര്‍ത്തിയത് എന്ന് വ്യക്തമായി തുടങ്ങിയത് മുതല്‍ പടിഞ്ഞാറ് തീവ്രവാദ-മിതവാദ പ്രസ്ഥാനങ്ങളെ വേര്‍തിരിച്ചു കാണാന്‍ ആരംഭിക്കുകയും അതനുസരിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. സാവകാശത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള ഇടപെടലിന് ഇത് കൃത്യമായ ഒരു രൂപം പകര്‍ന്നു നല്‍കുകയുണ്ടായി.
ഇസ്‌ലാമിക പ്രവണതകളുടെ
പുനഃസംഘാടനം
ഇസ്‌ലാമിക പ്രവണതകളുടെ രൂപവത്കരണത്തില്‍ ഒരു പ്രധാന ഘടകമാകാനും അങ്ങനെ രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും ഈ പ്രവണതകളെ സ്വാധീനിക്കാനും തുടക്കം മുതലേ പടിഞ്ഞാറ് ശ്രമിക്കുന്നുണ്ട്. ഇത് ഇസ്‌ലാമിക ലോകത്തിന്റെ ചുറ്റുപാടുകളിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഗതിയിലും കാതലായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമായി. പക്ഷേ, ഈ ഇടപെടലുകള്‍ കൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സ്വാധീനിക്കുക എളുപ്പമല്ലെന്ന് പടിഞ്ഞാറന്‍ നയനിര്‍മാതാക്കള്‍ മനസ്സിലാക്കിയിരുന്നു. അങ്ങനെയാണ് അവര്‍ക്ക് വേണ്ടി പ്രത്യേക സങ്കല്‍പങ്ങളും മാതൃകകളും രൂപകല്‍പന ചെയ്യാന്‍ തുടങ്ങിയത്. ആ പടിഞ്ഞാറന്‍ മാതൃകകളോടുള്ള തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ മുഴുവന്‍ പ്രസ്ഥാനങ്ങളുടെ മേലും അവര്‍ സമ്മര്‍ദം ചെലുത്തി. ഈ ചട്ടക്കൂടില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ- ഒന്നുകില്‍ സ്വയം പാശ്ചാത്യരുടെ ശത്രുവാണെന്ന് പ്രഖ്യാപിക്കുക, അല്ലെങ്കില്‍ അവരുടെ മിത്രമാണെന്ന് തുറന്നു പറയുക. അറബ് ലോകത്തെ വിവിധ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി വ്യത്യസ്ത മാതൃകകളാണ് അവര്‍ ഉണ്ടാക്കിവെച്ചത്. അവ പടിഞ്ഞാറിന്റെ മിത്രങ്ങള്‍/ ശത്രുക്കള്‍ എന്ന വിഭജനത്തിനകത്ത് തന്നെ വ്യത്യസ്ത തട്ടുകള്‍ രൂപപ്പെടുത്തി.
ഈ പടിഞ്ഞാറന്‍ നയം, മിത്രം/ശത്രു എന്ന സങ്കുചിത വിഭജനത്തില്‍ പരിമിതപ്പെടാതെ വ്യത്യസ്ത മാതൃകകള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അവയുടെ പ്രതിനിധാനങ്ങളാണ് താഴെ:
1. ഇസ്‌ലാമിക ശത്രു (Islamic enemy):
അല്‍ഖാഇദ ശൃംഖല, അഫ്ഗാന്‍ താലിബാന്‍, പാകിസ്താന്‍ താലിബാന്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ വിഭാഗം. അമേരിക്കയുടെയും പടിഞ്ഞാറിന്റെയും മുഖ്യ ശത്രുക്കളായി കണക്കാക്കപ്പെടുന്ന ഈ വിഭാഗം പടിഞ്ഞാറിന്റെ പിന്തുണയോടെ ബറാക് ഒബാമയുടെ പോളിസിയുടെ ഫലമായാണ് രൂപപ്പെടുന്നത്. എല്ലാ അമേരിക്കന്‍ വിരുദ്ധ സൈനിക സഖ്യങ്ങളും, അമേരിക്കന്‍ സഖ്യരാഷ്ട്രങ്ങളോട് എതിരിടുന്ന വിഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പാകിസ്താന്‍ ഭരണകൂടം പാകിസ്താന്‍ താലിബാന്‍ മൂവ്‌മെന്റിനെതിരെ തുടങ്ങിവെച്ച യുദ്ധം ഈ വിഭാഗത്തെ എതിരിടുന്നതിന്റെ ഭാഗമാണ്. സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണവുമായി അതിന് യാതൊരു ബന്ധവുമില്ല. എന്നാല്‍ പാകിസ്താന്‍ താലിബാന്‍, അഫ്ഗാന്‍ താലിബാനെയും അല്‍ഖാഇദ ശൃംഖലയെയും പിന്തുണക്കുന്നു എന്ന കാരണത്താലാണ് ഈ പടനീക്കം. ഭാവിയില്‍ ഒരു ആഭ്യന്തര യുദ്ധത്തിന് തന്നെ കാരണമായേക്കാവുന്ന ഈ നീക്കത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല. ഈ യുദ്ധം അമേരിക്കന്‍ സഖ്യ രാജ്യങ്ങളോട് പൊരുതുന്ന അമേരിക്കന്‍ വിരുദ്ധ ജിഹാദി പ്രസ്ഥാനങ്ങള്‍ക്കെതിരായിട്ടാണ് ആരംഭിച്ചിട്ടുള്ളത്. ആയുധമുപയോഗിച്ചും തീവ്രവാദത്തെ പ്രയോജനപ്പെടുത്തിയും പൊരുതുന്ന രണ്ടുതരം ശത്രുക്കളെയാണ് ഇവിടെ വര്‍ഗീകരിക്കുന്നത്. മറ്റുള്ള വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി 'ഇസ്‌ലാമിക ശത്രുക്കളു'ടെ ഈ ഇനം വിപുലപ്പെടുത്താനും സാധ്യതയുണ്ട്.
2. ഇസ്‌ലാമിക വേരുകളുള്ള
മതേതര സഖ്യങ്ങള്‍:
മതേതര സഖ്യത്തിനു കീഴില്‍ രാഷ്ട്രീയ മണ്ഡലം കണ്ടെത്തുന്ന എല്ലാ ഇസ്‌ലാമിക സംഘങ്ങളും വ്യക്തികളും ഉള്‍ക്കൊള്ളുന്നതാണ് ഈ വിഭാഗം. മതേതരത്വമാണ് ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ഏറ്റവും മികച്ച രൂപമെന്ന പടിഞ്ഞാറന്‍ ബോധത്തിലാണ് ഇത് രൂപംകൊള്ളുന്നത്. എന്നാല്‍, പൊതു-രാഷ്ട്രീയ മേഖലകളിലുള്ള ഏത് മതേതര സമീപനവും തങ്ങളുടെ സാംസ്‌കാരിക നൈതിക വ്യതിരിക്തത നിലനിര്‍ത്തുന്നതിന് പകരം പടിഞ്ഞാറന്‍ രാഷ്ട്രീയ ബോധത്തെയാണ് ത്വരപ്പെടുത്തുന്നത്. മോഡേണ്‍ സ്റ്റേറ്റിന്റെ മതേതര മാനദണ്ഡങ്ങള്‍ അംഗീകരിക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ യഥാര്‍ഥത്തില്‍ പടിഞ്ഞാറന്‍ രാഷ്ട്രീയ ഉപാധികള്‍ക്കാണ് അടിമപ്പെടുന്നത്. അവിടെ 'സാംസ്‌കാരിക വൈവിധ്യങ്ങള്‍' എന്ന പേരില്‍ പ്രതിഫലിക്കുന്നത് പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുഗുണമായ, എന്നാല്‍ പടിഞ്ഞാറന്‍ രാഷ്ട്രീയ മാതൃകകള്‍ അംഗീകരിക്കുന്ന സാംസ്‌കാരിക നൈതിക വൈവിധ്യങ്ങള്‍ മാത്രമാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയ മാതൃകകളിലൊന്നാണ് തുര്‍ക്കിയിലെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി). അത് ഇസ്‌ലാമിസ്റ്റുകളാല്‍ രൂപവത്കരിക്കപ്പെട്ട മതേതര പാര്‍ട്ടിയാണ്. അല്ലെങ്കില്‍ ഇസ്‌ലാമിക പ്രാമാണിക (source of authority) പിന്‍ബലമെന്നതിലുപരി ഇസ്‌ലാമിക വേരുകളുള്ള ഒരു പാര്‍ട്ടിയാണ്. ഇത്തരം പാര്‍ട്ടികളാണ് 'ഇസ്‌ലാമിക ശത്രു' എന്ന വിഭാഗത്തില്‍ നിന്ന് ഭിന്നമായി പടിഞ്ഞാറുമായി സഖ്യം സാധ്യമായ പാര്‍ട്ടികള്‍ക്ക് ഉദാഹരണം.
3. ഭീകരവാദത്തെ എതിരിടുന്ന ഇസ്‌ലാമിസ്റ്റ് സഖ്യം:
മറ്റൊരു ഇസ്‌ലാമിക പാര്‍ട്ടിയെ എതിരിടാന്‍ വേണ്ടി, പ്രത്യേക ഉപാധികളോടു കൂടി പടിഞ്ഞാറ് ഈ വിഭാഗവുമായി സഖ്യത്തിലേര്‍പ്പെടുന്നു. ഇതാണ് സോമാലിയയില്‍ സംഭവിച്ചത്. അവിടെ ഏതാനും മാസങ്ങള്‍ ഭരിച്ച ഇസ്‌ലാമിക് കോര്‍ട്ട് മൂവ്‌മെന്റുമായി അതേ പാതയിലുള്ള മറ്റൊരു പാര്‍ട്ടിക്കെതിരെ പടിഞ്ഞാറ് സഖ്യപ്പെടുകയുണ്ടായി. അതിന്റെ ഫലമായി പടിഞ്ഞാറന്‍ പിന്തുണയുള്ള സോമാലിയന്‍ പ്രസിഡന്റ് ശൈഖ് ശരീഫ് ശൈഖ് അഹ്മദും ഇസ്‌ലാമിക് കോര്‍ട്ട് മൂവ്‌മെന്റിലെ തന്നെ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന താഹിര്‍ അവാസും (Tahir Awas) തമ്മില്‍ ഏറ്റുമുട്ടാന്‍ തുടങ്ങി. ശരീഫ് ശൈഖ് അഹ്മദ് ഒരിക്കലും മതേതരത്വത്തെ പിന്തുണച്ചിരുന്നില്ല. എന്നിട്ടും പടിഞ്ഞാറ് അദ്ദേഹത്തെ പിന്തുണക്കുകയും ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കാന്‍ അനുവദിക്കുകയും ഇസ്‌ലാമിക എതിരാളിക്കെതിരെ പോരാടാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. ഒരു ഇസ്‌ലാമിക ഭരണകക്ഷിയെയും ഇസ്‌ലാമിക എതിരാളിയെയുമാണ് ഇവിടെ നാം കാണുന്നത്. ഈ പടിഞ്ഞാറന്‍ പോളിസി, ഒരു 'ഭീകരവാദ പ്രസ്ഥാനത്തെ' അവരേക്കാള്‍ മിതവാദികളെന്ന് പടിഞ്ഞാറ് മനസ്സിലാക്കുന്ന മറ്റൊരു സംഘത്തെ കൊണ്ട് നശിപ്പിക്കാനുള്ളതാണ്. അഫ്ഗാനിലെ മുജാഹിദീന്‍ മൂവ്‌മെന്റിനു സംഭവിച്ച അതേ ദാരുണ പര്യവസാനം തന്നെയായിരിക്കും ഇവിടെയും സംഭവിക്കുക. സോവിയറ്റ് യൂനിയന്‍ പിന്‍വാങ്ങിയ ശേഷം ഈ മിലിറ്റന്റ് ഗ്രൂപ്പുകളെ തമ്മിലടിപ്പിക്കുകയായിരുന്നല്ലോ. ചില ഉപാധികളോടെ ഇസ്‌ലാമിസ്റ്റുകളെ ഒപ്പം നിര്‍ത്തുന്നതിന് ഉദാഹരണമാണ് ഇറാഖിലെ ഇസ്‌ലാമിക് പാര്‍ട്ടി. അമേരിക്കന്‍ അധിനിവേശക്കാലത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സന്നദ്ധമായതിനാലാണ് ഇസ്‌ലാമിക് പാര്‍ട്ടിക്ക് ഈ ഔദാര്യം.
4. ഇസ്രയേലിനെ അംഗീകരിക്കല്‍ ഉപാധിയായി വരുന്നവ
ഫലസ്ത്വീനിലെയും ലബനാനിലെയും പ്രതിരോധ പ്രസ്ഥാനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഹമാസിന് രാഷ്ട്രീയ ഇടപെടലും അധികാരവും അനുവദിക്കണമെങ്കില്‍ ഇസ്രയേല്‍ അധിനിവേശ രാഷ്ട്രത്തിന്റെ നിലനില്‍പിനെ അംഗീകരിക്കുന്ന പോളിസി അവര്‍ സ്വീകരിക്കണമെന്ന് പടിഞ്ഞാറ് ആവശ്യപ്പെട്ടിരുന്നു. ഹമാസിന്റെയും മുഴുവന്‍ ഫലസ്ത്വീന്‍ ജനതയുടെയും നിലനില്‍പിന്റെ തന്നെ അടിസ്ഥാന ഘടകമായ പ്രതിരോധത്തെ അടിയറവ് പറയിക്കാനുള്ള വിലപേശലാണിത്. അതിനാല്‍ തന്നെ ഇത്തരം വിലപേശലുകളും തന്ത്രങ്ങളും വിജയിക്കാന്‍ പോകുന്നില്ല. കാരണം, ഇവ അംഗീകരിക്കുന്നത് ഹമാസിനും ഹിസ്ബുല്ലക്കും ആത്മഹത്യ ചെയ്യുന്നതിനു തുല്യമാണ്.  ഹമാസ് നയരൂപവത്കരണത്തിന്റെ ഈ അടിസ്ഥാന ഘടകങ്ങള്‍ വേണ്ടെന്നുവെക്കുകയാണെങ്കില്‍, ആ പ്രസ്ഥാനം അപ്രത്യക്ഷമാവുകയും വലിയൊരു ശൂന്യത സൃഷ്ടിക്കപ്പെടുകയും ചെയ്യും. മറ്റാരോ ഒക്കെയാവും ആ ശൂന്യത നികത്തുക.
പടിഞ്ഞാറ് വിചാരിക്കുന്നത്, മതേതര പോരാട്ട പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ചതെല്ലാം ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്കും സംഭവിക്കും എന്നാണ്. ആ ധാരണ വലിയൊരു മണ്ടത്തരം മാത്രമാണ്. എന്തെന്നാല്‍, മതേതര പോരാട്ട പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ നിലപാടുകളും അടിത്തറ തന്നെയും എളുപ്പത്തില്‍ മാറ്റിപ്പണിയാന്‍ സാധിക്കും. കാരണം, ആ പ്രസ്ഥാനങ്ങളുടെ അടിത്തറ കേവലം രാഷ്ട്രീയ കാഴ്ചപ്പാടുകളാണ്. എന്നാല്‍, ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനങ്ങളുടെ നിലപാടുകള്‍ മതകീയവും സാംസ്‌കാരികവുമായ അടിത്തറകളില്‍ കെട്ടിപടുക്കപ്പെട്ടതാണ്. അതൊരിക്കലും ജനതക്ക് നിയന്ത്രിക്കാനോ മാറ്റാനോ സാധിക്കുകയില്ല. അതിനാല്‍ തന്നെ, ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനങ്ങളോടുള്ള പടിഞ്ഞാറന്‍ നയം ദൂഷിത വലയത്തില്‍ പെട്ട് അങ്ങുമിങ്ങും കറങ്ങിക്കൊണ്ടിരിക്കുകയേ ഉള്ളൂ. ഇരു വിഭാഗവും തമ്മില്‍ സംഭാഷണങ്ങള്‍ നടക്കുമെങ്കിലും, ധാരണകളിലെത്താനുള്ള സാധ്യതകള്‍ കുറവായിരിക്കും. എന്നിരുന്നാലും ഈ സംഭാഷണങ്ങള്‍ താല്‍ക്കാലികമായ ചില ധാരണകള്‍ക്ക് വഴിയൊരുക്കിയേക്കും. ഇത്തരം സംഭാഷണങ്ങള്‍  തുടരുന്നത് സാവകാശത്തില്‍ അവരുടെ സമീപനങ്ങളെ മൃദുലപ്പെടുത്തിയേക്കാം എന്ന പ്രതീക്ഷ ബാക്കിവെക്കുന്നുണ്ട്. അത് വലിയ മാറ്റങ്ങളിലേക്ക് നയിച്ചേക്കാമെന്നും.
5. അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടവര്‍
ഈ വിഭാഗത്തില്‍ പെട്ട പ്രസ്ഥാനങ്ങള്‍ക്ക് ഉദാഹരണമാണ് അറബ് മുസ്‌ലിം രാജ്യങ്ങളില്‍, പ്രത്യേകിച്ച് ഈജിപ്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ബ്രദര്‍ഹുഡ്. അവിടെ ഒരു ഇസ്‌ലാമിക പ്രസ്ഥാനവും അധികാരത്തിലെത്തുന്നത് പടിഞ്ഞാറ് ഇഷ്ടപ്പെടുന്നില്ല. ഇസ്‌ലാമികമായ പ്രതലമുള്ള ഏത് ഇസ്‌ലാമിക പ്രസ്ഥാനത്തിനും പടിഞ്ഞാറുമായി സഖ്യത്തിലേര്‍പ്പെടുന്നത് സ്വീകാര്യവുമല്ല. പക്ഷേ, പടിഞ്ഞാറ് ഒരിക്കലും ഇസ്‌ലാമിക പാര്‍ട്ടികളോട് പൂര്‍ണ സംഘട്ടനത്തിന്റെയും ഏറ്റുമുട്ടലിന്റെയും ഒരു നിലപാട് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ, മതേതരവത്കരിക്കപ്പെടാന്‍ സാധ്യമല്ലാത്ത മുസ്‌ലിം ബ്രദര്‍ഹുഡ്, ഇസ്രയേല്‍ അധിനിവേശ രാഷ്ട്രം നിയമാനുസൃത അസ്തിത്വമല്ലെന്ന അതിന്റെ നിലപാട് മാറ്റാന്‍ തയാറാവാത്തേടത്തോളം അവരോടുള്ള പടിഞ്ഞാറിന്റെ നിലപാട് ഇതു തന്നെയായി തുടരും. മുസ്‌ലിം ബ്രദര്‍ഹുഡ് ഐക്യ ഫലസ്ത്വീന്‍ എന്ന വിശാല സങ്കല്‍പവും മുന്നോട്ട് വെക്കുന്നുണ്ട്. സംഘട്ടനത്തിന്റെയും ഏറ്റുമുട്ടലിന്റെയും പാത സ്വീകരിക്കുന്നതിന് പകരം, അത്തരം പ്രസ്ഥാനങ്ങള്‍ക്ക് ലഭിക്കാനിടയുള്ള പുറം അധികാരങ്ങള്‍ നിയന്ത്രിക്കുക എന്നതായിരിക്കും അപ്പോള്‍ പടിഞ്ഞാറിന്റെ നയം. അങ്ങനെയാണ് അധികാരത്തിലെത്തുന്നത് തടയുന്ന നയം രൂപപ്പെടുന്നത്. എന്നാല്‍, ഒരു അനിവാര്യത എന്ന നിലക്ക് അത്തരം പ്രസ്ഥാനങ്ങളുടെ പൊതു പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു.
മുകളില്‍ പരാമര്‍ശിച്ചതനുസരിച്ച്, സായുധ ശത്രു, മതേതരത്വത്തോട് സഖ്യപ്പെടുന്നവര്‍, ഇസ്‌ലാമിക തീവ്രവാദത്തെ എതിരിടുന്ന താല്‍ക്കാലിക മിതവാദ സഖ്യങ്ങള്‍, സമീപനം മാറ്റണമെന്ന് ആഗ്രഹിക്കുന്ന ഇസ്‌ലാമിക പ്രതിരോധ ശക്തികള്‍, മതേതരവത്കരിക്കാന്‍ കൂട്ടാക്കാത്തതിനാല്‍ അധികാരത്തില്‍ മാറ്റിനിര്‍ത്തപ്പെട്ട ഇസ്‌ലാമിസ്റ്റുകള്‍ എന്നിങ്ങനെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ തരം തിരിക്കാം. എന്നാല്‍, വളരെ പ്രധാനപ്പട്ട ഒരു കാര്യം ഈ തരംതിരിവിനോ സങ്കല്‍പത്തിനോ യാതൊരു അടിസ്ഥാനവുമില്ല എന്നതാണ്. സമയാനുസൃതം ഇത് മാറിക്കൊണ്ടിരിക്കും. അതോടൊപ്പം ഈ പോളിസി, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍  അകല്‍ച്ച വര്‍ധിപ്പിക്കുകയും അവരില്‍ മതേതരത്വത്തെ അംഗീകരിക്കുന്നവര്‍ക്ക് ഒരു രാഷ്ട്രീയ കക്ഷി എന്ന അര്‍ഥത്തില്‍ അധികാരം നല്‍കാമെന്ന് പ്രലോഭിപ്പിക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കന്‍ ആധിപത്യത്തോടും സഖ്യ രാഷ്ട്രങ്ങളോടും പോരാടുന്നവര്‍ക്കെതിരെ സൈനിക സഹായം നല്‍കുക എന്നതും ആ പോളിസിയുടെ ഭാഗമാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ അകല്‍ച്ച വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍, പ്രസ്ഥാനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നത സൃഷ്ടിക്കാനും അത് സംഘട്ടനത്തിലേക്ക് വഴിമാറാനും കാരണമാക്കിയേക്കും. അങ്ങനെ ഇത്തരം പ്രസ്ഥാനങ്ങള്‍ അവരറിയാതെ തന്നെ പടിഞ്ഞാറിനു വേണ്ടി പരസ്പരം യുദ്ധം ചെയ്യുന്നവരായി മാറുന്നു.
പടിഞ്ഞാറിന് ഏറ്റവും സങ്കീര്‍ണമായത് ഫലസ്ത്വീനിലെ പ്രതിരോധ പ്രസ്ഥാനങ്ങളുമായുള്ള സംഭാഷണം തന്നെയായിരിക്കും; പ്രത്യേകിച്ച് ഹമാസുമായി. ഈ സംഭാഷണങ്ങളുടെ ലക്ഷ്യം ഒരു ജൂത രാഷ്ട്രമെന്ന നിലയില്‍ ഇസ്രയേലിനെ അവരെക്കൊണ്ട് അംഗീകരിപ്പിക്കുക എന്നതാണ്. അതിക്രമം, ഭീകരത എന്നൊക്കെ പേര് വിളിച്ച് ഈ പ്രതിരോധത്തെ തകര്‍ക്കലും പടിഞ്ഞാറിന്റെ ലക്ഷ്യമാണ്. അതിനാല്‍ തന്നെ ഈ പ്രതിരോധ പ്രസ്ഥാനങ്ങളുമായുള്ള സംഭാഷണ ഫലങ്ങളാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള പടിഞ്ഞാറന്‍ സമീപനത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഏറ്റവും സുപ്രധാന ഘടകം. അതൊരുപക്ഷേ, ഇവരോടുള്ള പടിഞ്ഞാറന്‍ നയങ്ങളെ തന്നെ തിരുത്തിക്കാന്‍ ഇടയാക്കുകയും ചെയ്‌തേക്കും.
വിവ: കെ.ടി ഹാഫിസ്
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati