Published on Tue, 06/07/2011 

മാറ്റത്തിന്റെ സന്ദേശവുമായി പെറുവില്‍ ഇടതു പ്രസിഡന്റ്
ലിമ: ചരിത്രത്തിലാദ്യമായി പെറുവില്‍ ഇടതുപക്ഷ നേതാവ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൂടിയായ ഒലാന്ത ഹുമാലയാണ്  രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫ്യൂജിമോറിയുടെ പുത്രി  കെയ്‌കോ ഫ്യൂജിമോറിയെ പരാജയപ്പെടുത്തി ലാറ്റിനമേരിക്കയില്‍ പുതിയ ചരിത്രം കുറിച്ചത്.  
ഏപ്രിലിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന അഞ്ച് സ്ഥാനാര്‍ഥികളിലാര്‍ക്കും 50 ശതമാനം വോട്ട് ലഭിക്കാത്തതിനാല്‍ കൂടുതല്‍ വോട്ടു നേടിയ ആദ്യ രണ്ട് സ്ഥാനാര്‍ഥികളെ രണ്ടാം ഘട്ടത്തില്‍ വീണ്ടും മത്സരിപ്പിക്കുകയായിരുന്നു. ആകെ പോള്‍ ചെയ്ത 87 ശതമാനം വോട്ടില്‍ 51.2 ശതമാനമാണ് ഹുമാലക്ക് ലഭിച്ചത്.
2006ലെ തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് അലന്‍ ഗാര്‍ഷ്യയോട് ഹുമാല നേരിയ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്. ഹുമാലയുടെ വിജയത്തില്‍ രാജ്യത്തെങ്ങും ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയാണ്.
കൂടുതല്‍ നീതിപൂര്‍വമായ ഭരണം നടപ്പാക്കുമെന്ന നിയുക്ത പ്രസിഡന്റിന്റെ ആദ്യ പ്രഖ്യാപനം തന്നെ രാജ്യത്ത്  മാറ്റത്തിന്റെ സൂചനകള്‍ നല്‍കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഫ്യൂജിമോറിയുടെ ഏകാധിപത്യ വാഴ്ച കാലത്ത് വരേണ്യ വിഭാഗക്കാര്‍ക്ക് തീറെഴുതിക്കൊടുത്ത  ധാതു സമ്പത്തില്‍നിന്നുള്ള വരുമാനം ഇനി പാവങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നു പുതിയ പ്രസിഡന്റ് പ്രഖ്യാപിച്ചു.
മുന്‍ ഏകാധിപതിയുടെ പുത്രിയെ പരാജയപ്പെടുത്തുക വഴി ഹുമാല ജനാധിപത്യത്തിന്റെ സംരക്ഷകനായിരിക്കുകയാണെന്ന് സാഹിത്യ നൊബേല്‍ പുരസ്‌കാര ജേതാവ് മാരിയൊ വര്‍ഗാസ് യോസ അഭിപ്രായപ്പെട്ടു.
അതേസമയം, തെരഞ്ഞെടുപ്പില്‍ തന്റെ പരാജയം സമ്മതിച്ച കെയ്‌കോ ഫ്യൂജിമോറി നിയുക്ത പ്രസിഡന്റിനെ അഭിനന്ദിച്ചു. ഹുമാലയുടെ വിജയത്തെ അമേരിക്കയും സ്വാഗതം ചെയ്തു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati