Published on Thu, 12/01/2011 

സിറിയക്കെതിരെ തുര്‍ക്കി ഉപരോധം
അങ്കാറ: അറബ് ലീഗ് ഉപരോധം പ്രാബല്യത്തില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സിറിയക്കെതിരെ തുര്‍ക്കിയും ഉപരോധം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമ്മര്‍ദമുണ്ടായിട്ടും രാജ്യത്ത് സൈനികാക്രമണം തുടരുന്ന പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്‍െറ നടപടിയെ തുടര്‍ന്നാണ് സിറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി അഹമ്മദ് ദാവൂദോഗ്ലു പറഞ്ഞു.സിറിയയുമായി തുടരുന്ന മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പിന്‍വലിക്കുമെന്നും സിറിയയുടെ ആസ്തികള്‍ മരവിപ്പിക്കുമെന്നും അദ്ദേഹം അങ്കാറയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സാമ്പത്തിക ഉപരോധത്തിന് പുറമെ, രാജ്യത്തേക്കുള്ള ആയുധ കയറ്റുമതിയും തുര്‍ക്കി അവസാനിപ്പിക്കും.സിറിയയില്‍ പുതിയ ജനകീയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതുവരെ ആ രാജ്യവുമായുള്ള മുഴുവന്‍ സഹകരണവും അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉപരോധം സിറിയയിലെ സിവിലിയന്മാരെ ബാധിക്കില്ളെന്ന് ദാവൂദോഗ്ലു വ്യക്തമാക്കി. സിറിയയിലേക്കുള്ള വൈദ്യൂതി, ജല വിതരണം തുടരും. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്‍െറ ഡമസ്കസിലേക്കുള്ള സര്‍വീസ് തുടരുമെന്നും അദ്ദേഹം അറിയിച്ചു.
സിറിയയില്‍ സൈനികാക്രമണം രൂക്ഷമായ സമയങ്ങളിലെല്ലാം തുര്‍ക്കി ബശ്ശാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനിയും സൈനികാക്രമണം തുടര്‍ന്നാല്‍ അതില്‍ തുര്‍ക്കി പ്രത്യക്ഷ ഇടപെടല്‍ നടത്തുമെന്ന് ദാവൂദോഗ്ലു പറഞ്ഞു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

അര്‍ബകാന് കണ്ണീരോടെ വിട


നജ്മുദ്ദീന്‍ അര്‍ബകാന്‍ അന്തരിച്ചു

നജ്മുദ്ദീന്‍ അര്‍ബകാന്‍ അന്തരിച്ചു
അങ്കാറ: മതേതര അതിവാദത്തിന്റെ മറവിലെ സ്വേച്ഛാധിപത്യവാഴ്ചക്ക് അറുതിവരുത്തി ആധുനിക തുര്‍ക്കിയുടെ ജനകീയ ജനാധിപത്യപരിവര്‍ത്തനത്തിന് തുടക്കമിട്ട മുന്‍പ്രധാനമന്ത്രിയും വെല്‍ഫെയര്‍ പാര്‍ട്ടി നേതാവുമായ നജ്മുദ്ദീന്‍ അര്‍ബകാന്‍ അന്തരിച്ചു. അങ്കാറയിലെ ഗുവന്‍ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു.
1995ലെ പൊതുതെരഞ്ഞെടുപ്പില്‍ തുര്‍ക്കിയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വെല്‍ഫെയര്‍ പാര്‍ട്ടി ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായ അര്‍ബകാന്‍ സൈനിക ഇടപെടലിനെ തുടര്‍ന്ന് '97ല്‍ രാജിവെക്കുകയായിരുന്നു. 1998 ജനുവരിയില്‍ തുര്‍ക്കി ഭരണഘടനാ കോടതി പാര്‍ട്ടിയെ നിരോധിക്കുകയും അര്‍ബകാന് അഞ്ചുവര്‍ഷം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.
1926ല്‍ സിനോപില്‍ ജനിച്ച അര്‍ബകാന്‍ ഇസ്തംബൂളിലാണ് ഹൈസ്‌കൂള്‍പഠനം പൂര്‍ത്തിയാക്കിയത്. എന്‍ജിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയ അര്‍ബകാന്‍ 1965ല്‍ ഇസ്തംബൂള്‍ സര്‍വകലാശാലയില്‍ പ്രഫസറായി. 1969ല്‍ ദേശീയ അസംബ്ലിയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. 1970ല്‍ നാഷനല്‍ സിസ്റ്റം പാര്‍ട്ടി രൂപവത്കരിച്ചു. '70ല്‍ പട്ടാളം അധികാരം പിടിച്ചടക്കിയതോടെ അര്‍ബകാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കടന്നു.
1973ല്‍ നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം നാഷനല്‍ സാല്‍വേഷന്‍ പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുത്ത് ഉപപ്രധാനമന്ത്രിയായി. 1977ല്‍ ജസ്റ്റിസ് പാര്‍ട്ടി നേതാവ് സുലൈമാന്‍ ദമിറേല്‍ രൂപവത്കരിച്ച ദേശീയ മുന്നണി സര്‍ക്കാറിലും 1977ലെ ബുലന്ദ് അജാവീദ് സര്‍ക്കാറിലും അദ്ദേഹം ഉപപ്രധാനമന്ത്രിയായിരുന്നു.
ആധുനികതുര്‍ക്കിയില്‍ ഇസ്‌ലാമിക മുന്നേറ്റത്തിന് ചുക്കാന്‍പിടിച്ച അര്‍ബകാന്‍ ഒരേസമയം പാശ്ചാത്യരുടെയും തീവ്രമതേതര സൈന്യത്തിന്റെയും കണ്ണിലെ കരടായിരുന്നു.

Published on Wed, 03/02/2011

അര്‍ബകാന് കണ്ണീരോടെ വിട
ഇസ്തംബൂള്‍: ആധുനിക തുര്‍ക്കിയിലെ ഇസ്‌ലാമിക നവ ജാഗരണത്തിന്റെ ശില്‍പിയും മുന്‍ പ്രധാനമന്ത്രിയുമായ നജ്മുദ്ദീന്‍ അര്‍ബകാന്റെ മൃതദേഹം ജനലക്ഷങ്ങള്‍ പങ്കെടുത്ത വിലാപയാത്രക്കും നമസ്‌കാരത്തിനും ശേഷം ഇസ്തംബൂളിലെ മര്‍കസ് അഫന്ദി ശ്മശാനത്തില്‍ ഖബറടക്കി. തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പ്രസിഡന്റ് അബ്ദുല്ല ഗുല്‍ ഉള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കള്‍ക്കൊപ്പം വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
ഞായറാഴ്ച ഹൃദയാഘാതത്തെതുടര്‍ന്ന് അന്തരിച്ച അര്‍ബകാന്റെ മൃതദേഹം അവസാന നോക്ക് കാണാനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവര്‍ അങ്കാറയിലേക്കൊഴുകുകയായിരുന്നു. അങ്കാറ, ഇസ്തംബൂള്‍ നഗരങ്ങള്‍ കണ്ണീര്‍വാര്‍ത്തുകൊണ്ടാണ്, സൈന്യത്തിന്റെയും മതേതര തീവ്രവാദികളുടെയും ഭീഷണി വകവെക്കാതെ പൊതുപ്രവര്‍ത്തന മണ്ഡലത്തില്‍ ഉറച്ചുനിന്ന അര്‍ബകാന് വിട നല്‍കിയത്. തുനീഷ്യയിലെ 'അന്നഹ്ദ' നേതാവ് റാഷിദ് ഗനൂഷി, ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മഹ്ദി ആതിഫ്, ഇന്തോനേഷ്യന്‍ പ്രോസ്‌പറസ്ജസ്റ്റിസ്  പാര്‍ട്ടി നേതാവ് ലുത്ഫി ഹസന്‍ ഇസ്ഹാഖ്, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസി. അമീര്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ തുടങ്ങിയ നിരവധി വിദേശ പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Mon, 06/13/2011 - 07:39 ( 24 weeks 1 day ago)

തുര്‍ക്കിയില്‍ വീണ്ടും എ.കെ.പി
അങ്കാറ: തുര്‍ക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ  ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടിക്ക് (എ.കെ.പി) വീണ്ടും വിജയം.  ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 550 സീറ്റുകളില്‍ 325 എണ്ണം പ്രധാനമന്ത്രി  റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നയിക്കുന്ന ഇസ്‌ലാമിസ്റ്റ് കക്ഷിയായ എ.കെ.പി നേടി.    
മുഖ്യ പ്രതിപക്ഷ കക്ഷിയായ സെക്കുലര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 135 സീറ്റുകളും തീവ്ര വലതുപക്ഷ പാര്‍ട്ടിയായ  നാഷനലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി   56 സീറ്റുകളും നേടി.  കുര്‍ദിശ് അനുകൂല സ്വതന്ത്രര്‍ 35 സീറ്റുകള്‍ നേടി.
550 അംഗ പാര്‍ലമെന്റില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടാന്‍ 330 സീറ്റ് ആവശ്യമാണ്. എന്നാല്‍ ഇതിലേക്ക് എ.കെ.പിക്ക് അഞ്ച് സീറ്റിന്റെ കുറവുണ്ട്.  കഴിഞ്ഞ തവണ 331 സീറ്റുണ്ടായിരുന്ന എ.കെ.പിക്ക് ഇത്തവണ ആറ് സീറ്റ്  കുറവാണ്. ആകെ വോട്ടിന്റെ 49.9 ശതമാനവും ഉറദുഗാന്റെ ഇസ്‌ലാമിസ്റ്റ് കക്ഷി നേടി.
മൂന്നാം വിജയം തേടിയാണ് എ.കെ.പി ജനവിധി നേരിട്ടത്.  2002ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ എ.കെ.പി യുടെ ഭരണം രാജ്യത്തിന് സാമ്പത്തിക സുസ്ഥിരത നല്‍കിയിരുന്നു. ഇസ്‌ലാമിസ്റ്റ് ഭരണത്തിനെതിരെയുള്ള തീവ്ര മതേതര വാദികളുടെ കടുത്ത എതിര്‍പ്പുകള്‍ അതിജീവിച്ച് മൂന്നാം തവണയും തെരഞ്ഞെടുപ്പിനെ നേരിട്ട എ.കെ.പി തെരഞ്ഞെടുപ്പില്‍ അനായാസ വിജയം നേടുമെന്നായിരുന്നു നേരത്തേ തന്നെയുള്ള വിലയിരുത്തലുകള്‍. മാധ്യമ സര്‍വേകളിലും എ.കെ.പിക്കായിരുന്നു മുന്‍തൂക്കം. അഞ്ച് കോടി വോട്ടര്‍മാരുള്ള തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പിനായി രണ്ട് ലക്ഷം പോളിങ് ബൂത്തുകളാണ് ഒരുക്കിയത്. പത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാപവാദം നാഷനല്‍ ആക്ഷന്‍ പാര്‍ട്ടി (എം.എച്ച്.പി)ക്ക് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായിരുന്നു.

Published on Mon, 06/13/2011 

പുതിയ ഭരണഘടനക്ക് രാഷ്ട്രീയ സമവായം തേടും -ഉര്‍ദുഗാന്‍
അങ്കാറ: തുര്‍ക്കിയിലെ പുതിയ ഭരണഘടനക്ക് രാഷ്ട്രീയ സമവായം തേടുമെന്ന് തുടര്‍ച്ചയായി മൂന്നാം തവണയും ഭരണത്തിലേറിയ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് പാര്‍ട്ടിയുടെ  (എ.കെ പാര്‍ട്ടി) തലവനും നിലവിലെ പ്രധാനമന്ത്രിയുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിയിലെ പൊതു തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടനെ അങ്കാറയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
 'ഇത് ഈ രാജ്യത്തെ ജനങ്ങളുടെ വിജയമാണ്. എല്ലാ രാഷ്ട്രീകക്ഷികളുമായുള്ള കൂടിയാലോചനകളിലൂടെ രാജ്യത്ത് പുതിയ ഭരണഘടനക്ക് രൂപം നല്‍കും. സര്‍ക്കാരിതര സംഘടനകളെയും ഭരണഘടനാ നിര്‍മാണത്തില്‍ പങ്കാളികളാക്കും - ഉര്‍ദുഗാന്‍ പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം വിജയത്തിന് ശേഷവും തന്റെ പാര്‍ട്ടി കൂടുതല്‍ വിനയത്തോടെ രാജ്യത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 രാജ്യത്തെ മുഴുവന്‍ പാര്‍ട്ടികളെയും വിഭാഗങ്ങളെയും ഉള്‍കൊള്ളാന്‍ പാകത്തിലായിരിക്കും പുതിയ ഭരണഘടനയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അയല്‍ ദേശങ്ങളിലെ സംഘര്‍ഷാവസ്ഥയില്‍  ഉത്കണ്ഠ രേഖപ്പെടുത്തിയ  അദ്ദേഹം അവിടെ സമാധാനത്തിനായി മുന്‍കൈയെടുക്കുമെന്നും പറഞ്ഞു. 'വിശ്വസിക്കുക, ഒരുനാള്‍ ഡമസ്‌കസില്‍ അങ്കാറയിലേയും ബെയ്‌റൂത്തില്‍ ഇസ്തംബൂളിലെയും വിജയം ആവര്‍ത്തിക്കും'-പാര്‍ട്ടി ആസ്ഥാനത്ത് തടിച്ചുകൂടിയ അണികളോടായി അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ നിലവിലെ ഭരണഘടന പരിഷ്‌കരിക്കണമെങ്കില്‍ എ.കെ പാര്‍ട്ടിക്ക് മറ്റു കക്ഷികളുടെ കൂടി സഹായം ആവശ്യമായ സാഹചര്യത്തിലാണ് ഉര്‍ദുഗാന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.
2002ല്‍ അധികാരമേറ്റെടുക്കുമ്പോഴുണ്ടായിരുന്ന അവസ്ഥയില്‍നിന്ന് തുര്‍ക്കിയെ ഏറെ മുന്നോട്ട് നയിക്കാന്‍ ഉര്‍ദുഗാന് സാധിച്ചിട്ടുണ്ടെങ്കിലും കുര്‍ദുകളുടെ സ്വയം ഭരണാവകാശം അനുവദിക്കുന്നതുള്‍പ്പെടെ ഒട്ടേറെ വെല്ലുവിളികള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്.  550 അംഗ പാര്‍ലമെന്റില്‍ മാന്ത്രിക സംഖ്യയായ 367 തികക്കാന്‍ എ.കെ പാര്‍ട്ടിക്കായില്ല. 49.9 ശതമാനം വോട്ട് നേടിയ ഉര്‍ദുഗാന്റെ പാര്‍ട്ടിക്ക് 326 സീറ്റാണ് ലഭിച്ചത്്. മുഖ്യ പ്രതിപക്ഷകക്ഷിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 135 സീറ്റ് ലഭിച്ചു. കഴിഞ്ഞ തവണ 112 സീറ്റാണ് ഇവര്‍ക്ക് ലഭിച്ചത്. കുര്‍ദ് അനുകൂല പാര്‍ട്ടിയായ പീസ് ആന്‍ഡ് ഡെമോക്രസി പാര്‍ട്ടി 53 സീറ്റും മറ്റ് സ്വതന്ത്രര്‍ 36 സീറ്റുകളും നേടി. കഴിഞ്ഞ പാര്‍ലമെന്റില്‍ 50 വനിതകളുണ്ടായിരുന്നത്  ഇക്കുറി 78 ആയി ഉയര്‍ന്നിട്ടുണ്ട്്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Mon, 09/12/2011

ഉര്‍ദുഗാന്‍െറ ‘അറബ് വസന്ത’ യാത്രക്ക് തുടക്കം
അങ്കാറ: അറബ് ലോകത്ത് ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച രാഷ്ട്രങ്ങളിലൂടെയുള്ള തുര്‍ക്കി പ്രധാനമന്ത്രി റജബ് തയ്യബ് ഉര്‍ദുഗാന്‍െറ പര്യടനം തുടങ്ങി. ഈജിപ്ത്, ലിബിയ, തുനീഷ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുക. തിങ്കളാഴ്ച രാത്രിയോടെ കൈറോയിലെത്തിയ അദ്ദേഹം ഇടക്കാല സര്‍ക്കാറിന്‍െറ സൈനിക തലവനായ മുഹമ്മദ് ഹുസൈന്‍ തന്‍ത്വാവിയുമായും പ്രധാനമന്ത്രി ഇസാം ശരീഫുമായും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച കൈറോയില്‍ നടക്കുന്ന അറബ് ലീഗ് യോഗത്തെ അദ്ദേഹം  അഭിസംബോധന ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇസ്രായേലുമായുള്ള  ഈജിപ്തിന്‍െറയും തുര്‍ക്കിയുടെയും നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് ഉര്‍ദുഗാന്‍െറ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. അതിനാല്‍തന്നെ യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് ഉര്‍ദുഗാന്‍െറ സന്ദര്‍ശനത്തെ കാണുന്നത്. മേഖലയില്‍ തുര്‍ക്കിയുടെ മേധാവിത്വം ഉറപ്പിക്കാനാണ് ഉര്‍ദുഗാന്‍െറ പര്യടനമെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍/ ഫഹ്മീ ഹുവൈദി
 
വ്യതിരിക്തമായ നിലപാടുകൊണ്ട് തുര്‍ക്കിയുടെ ഉര്‍ദുഗാന്‍ ഒരിക്കല്‍കൂടി ലോക രാഷ്ട്ര നേതാക്കളില്‍ നിന്ന് വേറിട്ട് നിന്നു. ഇസ്രയേലിനോടുള്ള ഉറച്ച സമീപനം, മധ്യപൂര്‍വദേശ നാടുകളിലെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഇവയാണ് അദ്ദേഹത്തിന്റെ പ്രശസ്തിയുടെ ഗ്രാഫുയര്‍ത്തിയത്. സത്യസന്ധവും ധീരവുമായ ആ സംസാരങ്ങള്‍ ശ്രവിക്കാന്‍ ഇപ്പോള്‍ പതിവിലേറെ ശ്രോതാക്കളുണ്ട്. ജനവിരുദ്ധവും അധികാരമുഷ്‌കിന്റേതുമായ പല അരോചക ശബ്ദങ്ങളും നിലച്ചുകഴിഞ്ഞ വര്‍ത്തമാനകാല അറബ് നാടുകളില്‍ ഒരനറബി ശബ്ദത്തിനു ഇത്രയേറെ ആദരവുകള്‍ ലഭിക്കുന്നത് ഇതാദ്യമെന്ന് നിരീക്ഷിക്കപ്പെടുന്നു. കൂട്ടത്തില്‍ ഇസ്രയേലിലെ പത്രങ്ങള്‍ അദ്ദേഹത്തിനൊരു വിശേഷണവും നല്‍കി: ഇത് കാലഘട്ടത്തിന്റെ അബ്ദുന്നാസിര്‍.
 
സെപ്റ്റംബറില്‍ അദ്ദേഹം നടത്തിയ ഈജിപ്ത്, ലിബിയ, തുനീഷ്യ എന്നീ രാജ്യങ്ങളിലേക്കുള്ള പര്യടനം ആരംഭിക്കുന്നതിന് മുമ്പ് പ്രസിദ്ധ അറബ് കോളമിസ്റ്റ് ഫഹ്മീ ഹുവൈദിയുമായി അദ്ദേഹം ഉള്ളുതുറന്നു. ദീര്‍ഘസംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍:
 
 
ഇസ്രയേലുമായി നയതന്ത്ര ബന്ധങ്ങളും വ്യാപാര വാണിജ്യ സഹകരണങ്ങളും ക്രമപ്രവൃദ്ധമായി അവസാനിപ്പിക്കാനുള്ള തുര്‍ക്കിയുടെ തീരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു യുദ്ധത്തിന്റെ മണം മേഖലയില്‍ പതുക്കെ പരക്കുന്നതായി ഇസ്രയേലിന്റെ ചില വക്താക്കള്‍ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്
 
ആരെയും പരിഭ്രാന്തരാക്കുകയോ അത്ഭുതപ്പെടുത്തുകയോ ഞങ്ങളുടെ ലക്ഷ്യമല്ല. ഗസ്സയിലേക്കുള്ള ഞങ്ങളുടെ ദുരിതാശ്വാസ കപ്പലിനെ ആക്രമിച്ചതു മുതല്‍ ഇസ്രയേലിനോടുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. തുര്‍ക്കി ജനതയോടും സര്‍ക്കാറിനോടും മാപ്പ് പറയുക, അക്രമത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഗസ്സയോടുള്ള മനുഷ്യത്വരഹിതവും അന്യായവുമായ ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ മൂന്ന് ആവശ്യങ്ങളാണ് ഇസ്രയേലിന്റെ മുമ്പില്‍ ഞങ്ങള്‍ വെച്ചത്. ഒരു വര്‍ഷത്തിലധികമായി ഈ ആവശ്യങ്ങള്‍ ഞങ്ങളുന്നയിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, ഇസ്രയേല്‍ ഒന്നും കേട്ടില്ല, കണ്ടില്ല എന്ന് നടിക്കുകയാണ്.
 
ഇസ്രയേല്‍ ഒരിക്കല്‍ പോലും അതിന്റെ ചെയ്തികളെക്കുറിച്ച് പശ്ചാത്തപിച്ചിട്ടില്ല. നിയമങ്ങള്‍ക്ക് മീതെയാണ് ഇസ്രയേല്‍ സ്വന്തത്തെ പ്രതിഷ്ഠിക്കുന്നത്. തങ്ങള്‍ക്ക് അപ്രമാദിത്വമുണ്ടെന്ന് നടിക്കുകയും ചെയ്യുന്നു. ഈ സ്വയംപരികല്‍പനകള്‍ ഇന്നാ രാജ്യത്തെ ലാളിച്ചു വഷളായ ഒരു കുട്ടിയുടെ മാനസികതലത്തിലേക്കെത്തിച്ചിട്ടുണ്ട്. വികൃതിപ്പയ്യന്മാര്‍ സ്വന്തത്തിനു മാത്രമല്ല, ചുറ്റുപാടുമുള്ളവര്‍ക്കും തലവേദനയാണ്.
 
ഫലസ്ത്വീന്റെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ട് തീവ്രവാദം കളിക്കുന്നതില്‍ അവസാനിക്കുന്നില്ല ആ രാജ്യത്തിന്റെ തെമ്മാടിത്തങ്ങള്‍. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെയൊക്കെ നിഷ്‌കാസനം ചെയ്ത് ലോകത്തെ ഭോഷ്‌കനും മണ്ടനുമാക്കി നിലനിര്‍ത്തുവോളം അതിന്റെ കളി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ മറ്റുള്ളവരെ ആദരിക്കണമെന്നും പൊതുനിയമങ്ങള്‍ക്ക് വിധേയമാകണമെന്നും ഉപദേശിക്കുന്നത് ആ രാജ്യം ഇഷ്ടപ്പെടുന്നില്ല.
 
 
അപ്പോള്‍ ഒരു യുദ്ധ സാധ്യത നിലനില്‍ക്കുന്നില്ല എന്ന് തന്നെയാണോ?
 
തെറ്റുകള്‍ അംഗീകരിക്കുക എന്നത് ഇസ്രയേലിന്റെ പ്രകൃതമല്ല. ചുറ്റും മാറിയാലും ഞങ്ങള്‍ മാറില്ല എന്ന പിടിവാശിയിലാണാ രാജ്യം. ജനഹിതത്തെ മാനിക്കുകയും അവരുടെ അഭിമാനത്തിന് അങ്ങേയറ്റം വിലകല്‍പിക്കുകയും ചെയ്യുന്ന ഒരു ജനാധിപത്യവ്യവസ്ഥ തുര്‍ക്കിയില്‍ ഉണ്ടെന്നുള്ളത് അവര്‍ക്ക് പ്രശ്‌നമേയല്ല. അറബ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ അന്തസ്സത്ത ഉള്‍ക്കൊള്ളാനും അവര്‍ മുന്നോട്ട് വരുന്നില്ല. ജനശക്തിയും ജനശബ്ദവും കരുത്ത് നേടിക്കൊണ്ടിരിക്കുന്ന പുതിയ കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിക്കാനും അവര്‍ ശ്രമിക്കുന്നില്ല. ഈ വായനക്ക് ശ്രമിക്കുന്നവരെ അപമാനിക്കാനും അപായപ്പെടുത്താനുമാണ് ഇസ്രയേലിന്റെ ശ്രമം. എന്നാല്‍ ഇതൊന്നും തുര്‍ക്കിക്ക് പ്രശ്‌നമല്ല, പറയാനുള്ളത് തുര്‍ക്കി പറഞ്ഞുകൊണ്ടിരിക്കും. ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിധേയമാകണമെന്നും അന്തര്‍ദേശീയ സമാധാന പ്രക്രിയകള്‍ക്ക് തുരങ്കം വെക്കരുതെന്നും സമുദ്ര മേഖലയെ കളങ്കപ്പെടുത്തരുതെന്നുമാണ് തുര്‍ക്കി പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, യുദ്ധക്കൊതിയന്മാരായ ചില സയണിസ്റ്റ് തീവ്രവാദികളാണ് യുദ്ധത്തെക്കുറിച്ച് കാലാവസ്ഥാ പ്രവചനം നടത്തിക്കൊണ്ടിരിക്കുന്നത്.
 
 
അന്താരാഷ്ട്ര തെളിവെടുപ്പ് കമ്മിറ്റി (മുന്‍ ന്യൂസിലാന്റ് പ്രധാനമന്ത്രി ജെഫ്രി ബാല്‍മറിനെ തലവനാക്കിയാണ് ഐക്യരാഷ്ട്ര സഭ കമ്മിറ്റി രൂപവത്കരിച്ചത്) ഇസ്രയേലിനെ കുറ്റവിമുക്തമാക്കുകയുണ്ടായി. യാത്രക്കാര്‍ക്കെതിരെ ആയുധശക്തി തെറ്റായി ഉപയോഗിച്ചു എന്ന് മാത്രമാണ് കമ്മിറ്റി നിരീക്ഷിച്ചിരിക്കുന്നത്
 
ഈ റിപ്പോര്‍ട്ടിനു ഒരു വിലയുമില്ല. റിപ്പോര്‍ട്ട് നിര്‍മിച്ചവര്‍ക്കും അത് സംവിധാനം ചെയ്തവര്‍ക്കും തന്നെ നാണക്കേടാണിത്. ഗസ്സാ ഉപരോധത്തെ നിയമപരമാക്കാനും അധിനിവേശത്തെ വെള്ളപൂശാനുമാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സഹായിക്കുക. റിപ്പോര്‍ട്ട് കുപ്രസിദ്ധമാകുന്നത് അത് നല്‍കിയ വിവരങ്ങളിലുള്ള വൈരുധ്യം കൊണ്ട് മാത്രമല്ല, ഐക്യരാഷ്ട്രസഭയുടെ തത്ത്വങ്ങള്‍ക്ക് എതിരായതുകൊണ്ട് കൂടിയാണ്. അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ട് ഞങ്ങള്‍ അംഗീകരിക്കുന്ന പ്രശ്‌നമില്ല. സര്‍ക്കാര്‍,  ജനത എന്നീ രണ്ട് തലങ്ങളിലും ഞങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര മനസ്സാക്ഷിയുടെ മുന്നില്‍ ഞങ്ങളീ പ്രശ്‌നം വെക്കും. ഇസ്രയേലിന്റെ തുറന്ന ആക്രമണത്തെ സാക്ഷ്യപ്പെടുത്തുന്ന സുവ്യക്തമായ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്.
 
 
ഒന്ന് വിശദീകരിക്കാമോ?
 
ഗസ്സയുടെ തീരത്ത് നിന്ന് 78 മൈല്‍ അകലെ അന്തര്‍ദേശീയ സമുദ്രാതിര്‍ത്തിയിലായിരുന്നു തുര്‍ക്കി നേതൃത്വം നല്‍കിയ കപ്പല്‍ ഉണ്ടായിരുന്നത്. തീര്‍ത്തും നിരായുധമായിരുന്നു കപ്പലും കപ്പല്‍ യാത്രക്കാരും. ഗസ്സയിലേക്കുള്ള ദുരിതാശ്വാസ ഭക്ഷണ സാധനങ്ങള്‍ മാത്രമായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇസ്രയേല്‍ സൈന്യങ്ങള്‍ കപ്പലിനെ കടലില്‍ നിന്നും ആകാശത്ത് നിന്നും ആക്രമിച്ചു. മുപ്പത്തിമൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു കപ്പല്‍ യാത്രക്കാര്‍. ഇവരില്‍ ഒമ്പത് തുര്‍ക്കിക്കാരെ കൊലപ്പെടുത്തിയത് ആസൂത്രിതവും ബോധപൂര്‍വവുമായിരുന്നു. കൊല്ലപ്പെട്ട ഒമ്പത് പേരില്‍ തുര്‍ക്കി വംശജനായ 19 വയസ്സുള്ള ഒരു അമേരിക്കക്കാരനുമുണ്ടായിരുന്നു. മുപ്പത് സെ.മീ അകലത്ത് നിന്ന് അഞ്ച് വെടിയുണ്ടകളാണ് ഈ യുവാവിന്റെ നെറ്റിയില്‍ തുളച്ചുകയറിയത്. മറ്റുള്ളവര്‍ക്ക് മുപ്പത് ഉണ്ടകളും ഏറ്റു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിച്ചതാണ് ഈ വിവരങ്ങളത്രയും. അമേരിക്കന്‍ പ്രസിഡന്റിനോട് അമേരിക്കന്‍ പൗരന്റെ വധത്തെക്കുറിച്ച് പറഞ്ഞെങ്കിലും അദ്ദേഹം ഒന്നും പ്രതികരിച്ചില്ല.
 
ഈ കടന്നാക്രമണത്തിന്റെ വെളിച്ചത്തില്‍ ഇസ്രയേല്‍ എന്ന തുറന്ന ശത്രുവിനോട് വ്യക്തമായ ഒരു നിലപാടെടുക്കാതെ തുര്‍ക്കിയെ സംബന്ധിച്ചേടത്തോളം മറ്റൊന്നും കരണീയമായിരുന്നില്ല. ഇസ്രയേല്‍ ജനതയോടുള്ള വിദ്വേഷം കൊണ്ടല്ല ഞങ്ങളീ നിലപാടെടുക്കുന്നത്, ഭരണകൂടത്തിന്റെ രാഷ്ട്രീയ സദാചാരമില്ലായ്മക്കെതിരെയുള്ളതാണീ നിലപാട്. ഇസ്രയേലുമായുള്ള ബന്ധത്തേക്കാള്‍ സ്വന്തം ജനതയുടെ അഭിമാനവും അവരുടെ വ്യക്തിത്വവുമാണ് ഞങ്ങള്‍ക്ക് വലുത്. അതിനാല്‍ ഒന്നാമത്തെ ചുവടെന്ന നിലയില്‍ നേരത്തെ സൂചിപ്പിച്ച മൂന്ന് കാര്യങ്ങളാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ക്ഷമിക്കുകയും ഫലങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നന്നാകും എന്ന പ്രതീക്ഷയില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വൈകി പ്രസിദ്ധീകരിക്കുന്നതില്‍ പോലും അനുകൂലമായ നിലപാട് സ്വീകരിച്ചു. മാപ്പ് പറയാന്‍ സാധ്യമല്ലെന്ന് ഇതിനിടയിലും ഇസ്രയേല്‍ പരസ്യമായി പറഞ്ഞുകൊണ്ടിരുന്നു. അന്വേഷണകമീഷന്റെ റിപ്പോര്‍ട്ടിന്റെ പ്രകാശനം ഒരാറുമാസത്തേക്ക് കൂടി നീട്ടാന്‍ ഇസ്രയേല്‍ ചരട് വലിച്ചു (ലിബിയന്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി സെപ്റ്റംബര്‍ അഞ്ചിനു വ്യാഴാഴ്ച പാരീസില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് ഈ താല്‍പര്യം അമേരിക്കന്‍ വിദേശകാര്യമന്ത്രി ഹിലരി ക്ലിന്റന്‍ തുര്‍ക്കി വിദേശകാര്യമന്ത്രി അഹ്മദ് ദാവൂദ് ഒഗ്‌ലുവിനോട് പ്രകടിപ്പിച്ചത്. പക്ഷേ, അഹ്മദ് ദാവൂദ് ഈ നിര്‍ദേശം അംഗീകരിച്ചില്ല. ഇസ്രയേലിന്റെ അന്തിമ നിലപാട് അറിയിക്കാന്‍ പരമാവധി നല്‍കുന്ന സമയം ഒരാഴ്ചയാണെന്ന തുര്‍ക്കിയുടെ തീരുമാനം അദ്ദേഹം അറിയിക്കുകയും ചെയ്തു). എന്നാല്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ സെപ്റ്റംബര്‍ രണ്ടിനു ഒരമേരിക്കന്‍ പത്രം പുറത്തുവിട്ടപ്പോള്‍ തുര്‍ക്കി വീണ്ടും പ്രതികരിച്ചു.
 
നയതന്ത്രരംഗത്തും സൈനിക കരാറുകളിലും കാതലായ മാറ്റം വരുത്തിക്കൊണ്ട് ഇസ്രയേലുമായുള്ള ബന്ധങ്ങളില്‍ അഴിച്ചുപണി നടത്തുന്ന രണ്ടാം ഘട്ട പദ്ധതി(ബി)യുമായി തുര്‍ക്കി മുന്നോട്ട് പോയി. ഈ അടിസ്ഥാനത്തില്‍ ഇസ്രയേലിന്റെ അംബാസഡറെ സെപ്റ്റംബര്‍ ഏഴിനു ഞങ്ങള്‍ പുറത്താക്കി. ഇസ്രയേലിലെ ഞങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചു. നയതന്ത്രരംഗത്തെ ബന്ധം സെക്രട്ടറിതലത്തില്‍ പരിമിതപ്പെടുത്തി. സൈനിക കരാറുകള്‍ മരവിപ്പിച്ചു. തുര്‍ക്കി കപ്പലുകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് മേഖലയില്‍ നാവികസൈന്യത്തെ സജ്ജമാക്കി. ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബന്ധുക്കള്‍ക്ക് നീതി ലഭിക്കാന്‍ അന്താരാഷ്ട്ര കോടതികളില്‍ ഇസ്രയേലിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
 
 
മധ്യപൂര്‍വദേശ സമുദ്രത്തിലെ തുര്‍ക്കിയുടെ നാവികസൈന്യ സാന്നിധ്യം ഒരു യുദ്ധസാധ്യതയുടെ തോത് ഉയര്‍ത്തുന്നുണ്ട് എന്ന നിരീക്ഷണം വീണ്ടും ഞാന്‍ ആവര്‍ത്തിക്കുന്നു. തുര്‍ക്കി ഇസ്രയേലുമായുള്ള സൈനികകരാറുകള്‍ മരവിപ്പിച്ചതിന്റെ പ്രതിഫലനമെന്നോണം തെല്‍അവീവ് സ്റ്റോക്ക് മാര്‍ക്കറ്റ് തകരുകയുണ്ടായി
 
ഞങ്ങളുടെ സമുദ്രയാത്രയുടെ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഞങ്ങളുടെ നാവികസേനയുടെ ധര്‍മം. സുഗമമായ യാത്ര എല്ലാവരുടെയും അവകാശമാണെന്നത് പോലെ തുര്‍ക്കിയുടെയും അവകാശമാണത്. ഇതാര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. സമുദ്രം ഒരാളുടെയും കുത്തകയാക്കാന്‍ സാധ്യമല്ല. ഇസ്രയേലിന്റെ കുത്തകയെ ചോദ്യംചെയ്യുന്നത് സ്വാഭാവികമായും അവരെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധത്തെക്കുറിച്ച വര്‍ത്തമാനങ്ങള്‍ ദേശീയവും പ്രാദേശികവുമായ നീക്കങ്ങള്‍ ബലപ്പെടുത്തുന്നില്ല. അതേസമയം എതിര്‍ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന ഏത് നടപടികളെയും നേരിടാന്‍ തുര്‍ക്കി സദാ സന്നദ്ധമാണ്. അതെത്രമാത്രം അശുഭകരമാണെങ്കിലും.
 
 
തുര്‍ക്കി-ഫലസ്ത്വീന്‍ ബന്ധങ്ങള്‍?

 
അറബ് ലോകവുമായുള്ള ബന്ധം സ്ഥിരീകരിക്കാന്‍ തെളിവുകളും രേഖകളും ഹാജരാക്കേണ്ടതില്ല. സാമ്പത്തിക താല്‍പര്യങ്ങളേക്കാള്‍ മാനവികവും സാമൂഹികവുമായ ഘടകങ്ങളാണ് അറബ് ലോകവുമായുള്ള തുര്‍ക്കിയുടെ ബന്ധങ്ങള്‍ക്കടിസ്ഥാനം. ഫലസ്ത്വീന്‍ പ്രശ്‌നപരിഹാരം തുര്‍ക്കിയുടെ അന്തര്‍ദേശീയ അജണ്ടയുടെ മുന്‍ഗണനാക്രമത്തില്‍ ഒന്നാമതാണ്. അറബ് ലോകത്തെ വര്‍ത്തമാനകാല വിപ്ലവ വിജയങ്ങള്‍ തുര്‍ക്കിയുടേതുകൂടിയാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ലോകം അനേകം മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ച ഈ മാറ്റങ്ങളുടെ സുപ്രധാനമായ അടയാളങ്ങളില്‍ ഒന്നാണ്. എന്നാല്‍, ഈ മാറ്റങ്ങളില്‍ നിന്നെല്ലാം അടുത്തകാലം വരെ അറബ് ലോകം ബഹുദൂരം അകന്നുനില്‍ക്കുകയായിരുന്നു. വിശിഷ്യാ, പൗര സ്വാതന്ത്ര്യ വിഷയങ്ങളില്‍. ഇപ്പോഴത്തെ വിപ്ലവം വഴി ജനതയുടെ സ്വതന്ത്ര യുഗം ആരംഭിക്കുകയും ഏകാധിപത്യയുഗത്തിന്റെ അവസാനം കുറിക്കുകയും ചെയ്തിരിക്കുകയാണ്. ഇതില്‍ നിന്ന് എല്ലാവരും പാഠം പഠിക്കേണ്ടതുണ്ട്. പാഠം ഉള്‍ക്കൊള്ളാത്തവരെ സംബന്ധിച്ചേടത്തോളം ഇനി മറ്റൊന്നുകൊണ്ടും അവരെ മാറ്റുക സാധ്യമല്ല. ചരിത്രത്തിന്റെ ചക്രം മുന്നോട്ട് തിരിയുമ്പോള്‍ അതിന്റെ സൂചി പിറകോട്ട് തിരിക്കാം എന്ന് കരുതുന്നത് വ്യര്‍ഥമോഹം മാത്രമാണ്.
 
 
ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ഈജിപ്ഷ്യന്‍ യാത്രയുടെ സന്ദേശങ്ങള്‍ എന്തൊക്കെയാണ്?

 
അറബ് ലോകത്തേക്കുള്ള നിരവധി വാതായനങ്ങളില്‍ ഏറ്റവും വലിയ കവാടം ഈജിപ്ത് തന്നെയാണെന്ന് തുര്‍ക്കി മനസ്സിലാക്കുന്നു. അതുകൊണ്ട് ഈജിപ്തുമായുള്ള ബന്ധങ്ങളില്‍ പ്രത്യേക സ്ട്രാറ്റജി രൂപപ്പെടുത്തേണ്ടതുണ്ട്. സാമ്പത്തിക മേഖലയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കാനും വിശാലമാക്കാനും തുര്‍ക്കി ആഗ്രഹിക്കുന്നു.
 
 
അല്‍പം സൂക്ഷ്മതയോടെയും സംശയ ദൃഷ്ടിയോടെയുമായിരുന്നു ആദ്യകാലങ്ങളില്‍ തുര്‍ക്കിയുടെ ഈജിപ്ഷ്യന്‍ ബന്ധമെന്ന് അനുഭവപ്പെട്ടിട്ടുണ്ടോ?
 
ശരിയാണ്. പക്ഷേ, ഈ സൂക്ഷ്മത സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിച്ചു എന്നനുഭവമില്ല. വിസാ എമിഗ്രേഷന്‍ വിഷയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. അതേസമയം വ്യവസ്ഥകള്‍ക്ക് വിധേയമായി ഏതു സമയത്തും തുര്‍ക്കിയില്‍ ഇറങ്ങാന്‍ ഈജിപ്തുകാര്‍ക്ക് വിലക്കുകളില്ല. ഈവക വിഷയങ്ങളില്‍ ഈജിപ്തിന്റെ നിലപാടുകള്‍ മനസ്സിലാക്കാനും അഭിപ്രായങ്ങള്‍ മാനിക്കാനും തുര്‍ക്കി പ്രതിജ്ഞാബദ്ധമാണ്. വിപ്ലവാനന്തര ഈജിപ്തിന്റെ നീക്കങ്ങളും ഗതിയും ശരിയായ ദിശയിലാണെന്ന് തുര്‍ക്കി മനസ്സിലാക്കുന്നു. പുരോഗതിയുടെയും വികസനത്തിന്റെയും ശരിയായ പാതയിലാണവര്‍. ഇത് അറബ് ലോകത്തിനു മുമ്പില്‍ പ്രതീക്ഷയുടെയും ശുഭാപ്തിയുടെയും വഴികളാണ് തുറന്നിരിക്കുന്ത്.
 
 
സിറിയയെക്കുറിച്ച് എന്തു പറയുന്നു?

 
ഇരു രാജ്യങ്ങള്‍ക്കിടയില്‍ എല്ലാ മേഖലകളിലും സഹകരണം ഉറപ്പുവരുത്തുന്ന ഏറ്റവും ഊഷ്മളമായ ബന്ധമായിരുന്നു സിറിയയുമായി ഞങ്ങളുടേത്. പക്ഷേ, കാര്യങ്ങള്‍ക്ക് മാറ്റം സംഭവിച്ചത് സാമൂഹികവിപ്ലവത്തിന്റെ സ്വാതന്ത്ര്യക്കാറ്റ് ആഞ്ഞുവീശിയപ്പോഴാണ്. ജനതയുടെ വിപ്ലവബോധത്തെയും ന്യായമായ അവകാശങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അടിച്ചമര്‍ത്തി തല്ലിക്കെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങളുടെ കൂടുതല്‍ ശ്രദ്ധ സിറിയ കവര്‍ന്നു. പക്ഷേ, ഈ അടിച്ചമര്‍ത്തല്‍ സിറിയക്കാരുടെ ആത്മവീര്യം കെടുത്താന്‍ ഉപകരിച്ചില്ല എന്നു മാത്രമല്ല, അവരുടെ രോഷത്തെ ആളിക്കത്തിക്കാന്‍ മാത്രമേ ഉപകരിച്ചുള്ളൂ. പിന്നെയത് സിറിയന്‍ തെരുവുകളില്‍ രക്തമൊഴുക്കി. അത് ഞങ്ങളെ നിരാശരാക്കി.  നിലവിലുള്ള പ്രതിസന്ധിയുടെ ഗൗരവം ബോധ്യപ്പെടുത്തി പ്രസിഡന്റ് ബശ്ശാറുമായി അപ്പോള്‍ സംസാരിച്ചു. ബാഹ്യശക്തികള്‍ സിറിയയെ ലക്ഷ്യമിട്ടുകഴിഞ്ഞതിനാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അനിവാര്യമായ എല്ലാ കാര്യങ്ങളും കൈക്കൊള്ളണമെന്നും പ്രക്ഷോഭകരുടെ ആവശ്യങ്ങളെ പരിഗണിക്കണമെന്നും അദ്ദേഹത്തോട് ഞങ്ങളാവശ്യപ്പെട്ടു.
 
സംഭാഷണത്തിലൂടെ നല്‍കപ്പെട്ട ഉറപ്പുകള്‍ നടപ്പാക്കുന്നു എന്ന് വിലയിരുത്താന്‍ പിന്നീട് തുര്‍ക്കി വിദേശകാര്യമന്ത്രി ദമസ്‌കസ് സന്ദര്‍ശിച്ചു.
 
എന്നാല്‍, സിറിയന്‍ മണ്ണില്‍ നടന്നുകൊണ്ടിരിക്കുന്നത് മറ്റൊന്നായിരുന്നു. ഞങ്ങള്‍ക്ക് നല്‍കപ്പെട്ട ഉറപ്പുകള്‍ക്ക് ഒരു വിലയുമുണ്ടായിരുന്നില്ല. മര്‍ദനവും പീഡനവും അവസാനിപ്പിക്കാന്‍ യാതൊരു ശ്രമവും കാണുന്നില്ല. മറുവശത്ത് സിറിയന്‍ പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരുന്നു. ആയുധവും ഭീഷണിയും പ്രശ്‌നപരിഹാരമല്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇതിനിടയിലും സിറിയന്‍ ഭരണാധികാരികളോട് ഞങ്ങളുടെ സംസാരവും ഉപദേശങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു. പ്രക്ഷോഭകരുമായി സന്ധിസംഭാഷണം വഴി പ്രശ്‌നപരിഹാരം പ്രതീക്ഷിച്ചെങ്കിലും സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ സമയം വെറുതെ ഒടുങ്ങിക്കൊണ്ടിരുന്നു. പ്രതീക്ഷ കൈവിടാതെ, സിറിയന്‍ പ്രസിഡന്റിനെ വീണ്ടും വിളിച്ചു. പട്ടണങ്ങളില്‍ നിന്ന് കവചിത വാഹനങ്ങളെ പിന്‍വലിക്കുക, കല്‍തുറുങ്കിലടക്കപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരെ വിമോചിപ്പിക്കുക, അന്യായമായ അടിയന്തരാവസ്ഥ ഉടന്‍ പിന്‍വലിക്കുക, ബഅ്‌സ് പാര്‍ട്ടിയുടെ കുത്തക അവസാനിപ്പിച്ച് വിവിധ രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുക, ജനാഭിലാഷം മാനിക്കുന്ന, അവരാഗ്രഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രൂപവത്കരണം സാധ്യമാക്കുന്ന വിധത്തില്‍ പൊതുജന സ്വാതന്ത്ര്യം അനുവദിക്കുക ഈ നിര്‍ദേശങ്ങള്‍ സിറിയന്‍ പ്രസിഡന്റിന്റെ മുമ്പില്‍ ഞങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
 
 
സിറിയയുടെ പ്രതികരണം എന്തായിരുന്നു?
 
പ്രവര്‍ത്തനങ്ങളുടെ സ്ഥിരീകരണമില്ലാത്ത കേവലം വാചോടാപങ്ങള്‍ മാത്രമായിരുന്നു ഞങ്ങള്‍ കേട്ടുകൊണ്ടിരുന്നത്.
 
 
മൂവായിരത്തോളം സിവിലയന്മാരെ കൊന്നൊടുക്കുകയും അതിനേക്കാളേറെ പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും നിരവധി പേരെ കല്‍തുറുങ്കിലടക്കുകയും ചെയ്തുകഴിഞ്ഞിരിക്കേ, സ്ഥിതിഗതികള്‍ എങ്ങനെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്?

 
സമാധാനശ്രമങ്ങള്‍ അവിരാമമായി തുടരാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. സിറിയയുമായി സാധാരണയില്‍ കവിഞ്ഞ ബന്ധം ഞങ്ങള്‍ക്കുണ്ട്. 910 കിലോമീറ്റര്‍ നീളത്തില്‍ അതിര്‍ത്തി പങ്കിടുന്ന സിറിയയുമായി എല്ലാ മേഖലകളിലും പൂര്‍ണമായ സഹകരണമുണ്ട്. എന്നാല്‍, ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയുന്നു: ആത്യന്തികമായി ഞങ്ങളുടെ കടപ്പാടും പരിഗണനയും സിറിയന്‍ ജനതയോടാണ്. ആ നാടിന്റെ അരക്ഷിതാവസ്ഥ തുര്‍ക്കിയുടെ ഉറക്കം കെടുത്തും. അതിനാല്‍ സിറിയയുടെ ഭാവിയെ സംബന്ധിച്ച ഞങ്ങളുടെ ആശങ്ക മറച്ചുവെക്കുന്നില്ല.
 
 
നിങ്ങളെ ഏറ്റവും അസ്വസ്ഥപ്പെടുത്തുന്ന ഘടകമെന്താണ്?

 
സംഭവങ്ങളുടെ ഗതിവിഗതികള്‍ അലവി-സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ ആഭ്യന്തരകലാപം വിളിച്ചുവരുത്തുന്ന തലത്തിലേക്ക് നീങ്ങുന്നുവോ എന്നാശങ്കിക്കേണ്ടിയിരിക്കുന്നു. ഭരണരംഗത്തും സൈനിക സുരക്ഷാ മേഖലകളിലും അലവികള്‍ക്കാണ് മേധാവിത്വം. നിലവിലെ പ്രക്ഷോഭം ശക്തിപ്പെടുന്നതിനു കാരണം ഈ മേധാവിത്വത്തിനെതിരായുള്ള രോഷം മാത്രമായിരിക്കില്ല. മറിച്ച്, മദ്ഹബുപരമായ പക്ഷപാതിത്വം കൂടി പ്രക്ഷോഭത്തെ ആളിക്കത്തിക്കും. അപകടകരമായ ഈ കാര്‍ഡാണ് ഇപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ലഭ്യമായ വിവരമനുസരിച്ച് ശബീഹ വിഭാഗത്തില്‍ നിന്ന് ചെറിയൊരു പക്ഷം അലവിയാക്കളോടൊപ്പം ചേര്‍ന്നത് അവര്‍ക്കിടയിലും സുന്നിക്കള്‍ക്കുമിടയിലെ വിടവിനെ വലുതാക്കിയിട്ടുണ്ട്. ഇത്തരം വിദ്വേഷജനകമായ വിടവുകളില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് എത്രമാത്രം നീചമാണ്. മദ്ഹബ് വക്താക്കള്‍ക്ക് ഇത്തരം കളികളില്‍ നിന്ന് നേട്ടമൊന്നും നേടാന്‍ കഴിയില്ല. അധികാര ദുരമൂത്ത രാഷ്ട്രീയ ദല്ലാളന്മാര്‍ കളിതുടര്‍ന്നുകൊണ്ടിരിക്കുന്നത് അവരുടെ നേട്ടങ്ങള്‍ക്ക് മാത്രമാണ്. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ദീര്‍ഘവീക്ഷണവും സത്യസന്ധമായ ലക്ഷ്യവുമില്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും.
 
 
താങ്കള്‍ നിര്‍ദേശിക്കുന്ന പ്രശ്‌നപരിഹാരം?

 
ജനവികാരം നിര്‍വീര്യമാക്കുകയും ജനഹിതം അത്യാഹിതപ്പെടുത്തുകയും ചെയ്ത് പ്രസിഡന്റ് പദവിയില്‍ ബശ്ശാര്‍ തുടരുവോളം പ്രശ്‌നം അപരിഹാര്യമായി തുടരും. പന്ത് ബശ്ശാറിന്റെ കോര്‍ട്ടിലാണ്. നന്നായി കളിച്ചില്ലെങ്കില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവരും. അറബ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍ പോസിറ്റീവായെടുത്തുകൊണ്ട് ജനശബ്ദം ശ്രവിക്കണമെന്ന് തുടക്കത്തിലേ ബശ്ശാറുല്‍ അസദിനോട് ആവര്‍ത്തിച്ച് ഞങ്ങള്‍ പറഞ്ഞതാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അദ്ദേഹം ഒന്നും ചെവികൊണ്ടില്ല. ഒന്നും ചെയ്തതുമില്ല.
 
 
സിറിയയുടെ സഹായിയും അനുകൂലിയുമാണ് ഇറാന്‍. തുര്‍ക്കിക്കെതിരെയുള്ള മാധ്യമ യുദ്ധം കൊഴുപ്പിക്കുന്നതില്‍ സിറിയന്‍ കോളമിസ്റ്റുകള്‍ മാത്രമല്ല, ചില ഇറാന്‍ തൂലികകളും പങ്കു വഹിക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ വാരത്തില്‍, സിറിയന്‍ ജനതക്കെതിരെ ആയുധം ഉപയോഗിക്കുന്നതിനെതിരെ ഇറാന്‍ പ്രസിഡന്റ് അഹ്മദ് നിജാദ് നടത്തിയ പ്രസ്താവന ആശ്ചര്യമുളവാക്കുന്നതാണ്. ഇറാന്റെ നിലപാട് മാറ്റമായി ഇതിന് കാണാമോ?
 
ഔദ്യോഗിക ബന്ധങ്ങളെ ബാധിക്കുന്ന വിധത്തില്‍ ഇറാന്‍ നിലപാട് മാറിയതായി അനുഭവപ്പെട്ടിട്ടില്ല. സാമ്പത്തിക സഹകരണങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരത്തെതന്നെ ശക്തമാണ്. തുര്‍ക്കിക്ക് ഗ്യാസ് നല്‍കുന്നതില്‍ ഒന്നാം സ്ഥാനം ഇറാനാണ്. നിലവിലെ 10 ബില്യന്‍ കച്ചവട ഇടപാട് 2015-ല്‍ 15 ബില്യനാക്കി ഉയര്‍ത്താന്‍ കരാറായിട്ടുണ്ട്. മീഡിയ മിക്കപ്പോഴും അവരുടെ മനോഗതങ്ങള്‍ മാത്രമാണ് നല്‍കുന്നത്. അവയെ ഔദ്യോഗിക നിലപാടായും സര്‍ക്കാറിന്റെ പത്രക്കുറിപ്പായും തെറ്റിദ്ധരിക്കരുത്.
 
 
എന്നാലും നിജാദിന്റെ സിറിയയോടുള്ള ഭാഷയില്‍ സാരമായ മാറ്റം പ്രകടമാണ്. താങ്കളും ശ്രദ്ധിച്ചിരിക്കുമല്ലോ.
 
അതെ. ഇറാന്റെ ഭാഷയെ യാഥാര്‍ഥ്യബോധ്യമുള്ളതാക്കിയതില്‍ തുര്‍ക്കി ചെറുതല്ലാത്ത പങ്ക് വഹിച്ചു എന്ന് ഞാന്‍ കരുതുന്നു. കൂടിയാലോചനകളും ബന്ധങ്ങളും ഊഷ്മളമായി ഇരുവര്‍ക്കുമിടയില്‍ നിലനില്‍ക്കുന്നതിനാല്‍ കാര്യങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കുന്നുണ്ടാകാം. സ്വേഛാധിപത്യത്തിനും മര്‍ദനമുറകള്‍ക്കും കീഴില്‍ സിറിയക്ക് ഭാവിയില്ല. ഭരിക്കുന്നവര്‍ സ്വന്തം ജനതയുടെ വിശ്വാസം നേടേണ്ടത് സ്ഥിരതയാര്‍ന്ന ഭരണത്തിന് അത്യാവശ്യമാണ്. ഇതറിയാതെ സ്ഥിതിഗതികള്‍ പൂര്‍ണമായും വഷളാക്കുന്ന സമീപനം ആരില്‍ നിന്നും ഉണ്ടായിക്കൂടാ. അവസരങ്ങള്‍ കൈവിട്ട് കൈവിരല്‍ കടിച്ചതുകൊണ്ട് കാര്യമില്ല. ഇത്രയും കാര്യങ്ങള്‍ വളരെ ഗൗരവത്തിലും ഗുണകാംക്ഷാപൂര്‍വവും നിജാദിനെ നേരിട്ട് തന്നെ ധരിപ്പിച്ചു. ഞങ്ങളുടെ നിലപാടുകളോട് അനുഭാവപൂര്‍ണമായ നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ഉടനെ നടക്കാനിരിക്കുന്ന, തുര്‍ക്കി വിദേശകാര്യമന്ത്രിയുടെ തെഹ്‌റാന്‍ ഔദ്യോഗിക സന്ദര്‍ശനം ഈ രംഗത്തെ വളര്‍ച്ച വിലയിരുത്താന്‍ കൂടിയുള്ളതാണ്. താമസിയാതെ, ഞാനും തെഹ്‌റാന്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇവയൊക്കെ തീര്‍ച്ചയായും ഞങ്ങള്‍ക്കിടയിലെ ബന്ധങ്ങളെ ബലപ്പെടുത്താന്‍ സാധ്യതയുണ്ട്.
 
 
ഖദ്ദാഫിയുമായി വലിയ സാമ്പത്തിക സഹകരണങ്ങള്‍ നിലനിര്‍ത്തുന്ന തുര്‍ക്കി പുതിയ ലിബിയന്‍ സംഭവവികാസങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

 
ഹുസ്‌നി മുബാറക്കിന്റെയും സൈനുല്‍ ആബിദീന്റെയും പര്യവസാനത്തില്‍ നിന്ന് ഖദ്ദാഫി ഒരു പാഠവും ഉള്‍ക്കൊണ്ടിട്ടില്ല. തുര്‍ക്കിയുടെ ലിബിയന്‍ സഹകരണങ്ങള്‍ നിലനിന്നതും നിലനില്‍ക്കുന്നതും ആ സര്‍ക്കാറിനോടുള്ള മനോഭാവത്തേക്കാളുപരി ആ ജനതയോടുള്ള കടപ്പാടിന്റെ ഭാഗമാണ്. ഭരണകര്‍ത്താക്കള്‍, ഭരണീയര്‍ ഇവക്കിടയില്‍ ആരെ പിന്തുണക്കുമെന്നത് വിഷയമായി വരുമ്പോള്‍ ഞങ്ങളെപ്പോഴും ഭരണീയരുടെ ഭാഗത്തായിരിക്കും.
 
 
ഖദ്ദാഫി ഭരണകൂടത്തെ കടപുഴക്കിയതില്‍ നാറ്റോ സഖ്യവും പടിഞ്ഞാറന്‍ രാജ്യങ്ങളും വഹിച്ച പങ്കിനെക്കുറിച്ചെന്ത് പറയുന്നു? ഇവരുടെ ഇടപെടലുകള്‍ സത്യസന്ധമാണോ, അതോ പെട്രോളില്‍ കണ്ണ് വെച്ച കാപട്യമോ?

 
രണ്ട് സംഗതികള്‍ പറയട്ടെ. ഒന്ന്, ലിബിയന്‍ വിഷയത്തില്‍ അന്താരാഷ്ട്ര ഇടപെടലുകള്‍ക്ക് തുര്‍ക്കി എതിരാണ്. രണ്ട്, ലിബിയന്‍ എണ്ണയില്‍ പടിഞ്ഞാറിന് ഒരവകാശവുമില്ല. അതത്രയും ലിബിയന്‍ ജനതയുടെ സ്വത്താണ്. ലിബിയന്‍ ജനകീയ വിപ്ലവത്തെ സഹായിക്കാന്‍ ഫ്രാന്‍സ് അവിടെ സാന്നിധ്യം അറിയിച്ചുവെങ്കിലും ഇതര രാജ്യങ്ങളോടുള്ള അവരുടെ സഹായാഭ്യര്‍ഥന കാര്യമായി ആരും ചെവികൊണ്ടില്ല.
 
 
അന്താരാഷ്ട്ര ഇടപെടലിനെ യാഥാര്‍ഥ്യമാക്കിയത് നാറ്റോ സഖ്യമാണ്. തുര്‍ക്കിയും അതില്‍ പങ്കാളിയാണ്?

 
ഒരുഭാഗത്ത് ജനകീയ വിപ്ലവത്തെ തല്ലിക്കെടുത്താന്‍ നാനാവിധത്തിലും ശ്രമിച്ചുകൊണ്ടിരിക്കുന്ന സര്‍വായുധവിഭൂഷിതരായ ഖദ്ദാഫിയന്‍ സൈന്യം, മറുഭാഗത്ത് ഇവയെ പ്രതിരോധിക്കാന്‍ നാറ്റോ സഖ്യത്തിന്റെ സഹായങ്ങളും. അന്തിമ വിശകലനത്തില്‍ രണ്ട് പക്ഷം ചേരുന്നതും തെറ്റാണ്. പക്ഷേ, താരതമ്യേന ദോഷം കുറഞ്ഞ പക്ഷം തെരഞ്ഞെടുക്കാന്‍ നിലവിലെ സാഹചര്യം നിര്‍ബന്ധിച്ചപ്പോള്‍ ലിബിയക്കാര്‍ നാറ്റോ സഖ്യത്തോടൊപ്പം ചേര്‍ന്നു.
 
ഇനി തുര്‍ക്കിയുടെ പങ്കിനെക്കുറിച്ച്: തുര്‍ക്കിയുടെ ആയുധം ലിബിയക്കാര്‍ക്ക് നേരെ മാത്രമല്ല, ഒരറബിക്കെതിരെയും ഉപയോഗിക്കുന്നതിന് ഞങ്ങള്‍ തീര്‍ത്തും എതിരാണ്. പിന്നെ തുര്‍ക്കിയുടെ നാറ്റോ സഖ്യത്തിലെ അംഗത്വമെന്നത് ചില സാങ്കേതികതകളില്‍ മാത്രം പരിമിതമാണ്.
 
 
ലിബിയയെ പുനര്‍നിര്‍മിക്കുന്നതില്‍ പലരും മത്സരത്തിലാണ്. തുര്‍ക്കിയും മത്സരാര്‍ഥിയാണോ?

 
നിലവില്‍ പ്രാബല്യത്തിലുള്ള കരാറുകള്‍ നടപ്പാക്കുന്നതിലായിരിക്കും ഞങ്ങളുടെ പ്രഥമ പരിഗണന. ഇരു രാജ്യങ്ങള്‍ക്കിടയില്‍ വിമാന സര്‍വീസുകള്‍ ഒരാഴ്ചക്കകം പുനരാരംഭിക്കും. ലിബിയ പൂര്‍ണമായ സമാധാനത്തിലേക്ക് മടങ്ങുന്ന മുറക്ക് ഞങ്ങളുടെ ബന്ധങ്ങളും സഹകരണങ്ങളും സാധാരണഗതി പ്രാപിക്കും. ഞങ്ങളുടെ കൊള്ളക്കൊടുക്കകള്‍ പൊടുന്നനെ ഉണ്ടായതല്ല, അത് വ്യക്തിയധിഷ്ഠിതമോ സമയബന്ധിതമോ അല്ല.
 
 
പ്രശ്‌നങ്ങളെ പൂജ്യവത്കരിക്കുക(Zero problem policy) എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് തുര്‍ക്കി വിദേശകാര്യവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന പര്യടനപരിപാടികള്‍ക്ക് പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ പ്രസക്തിയുണ്ടോ? ഉണ്ടെങ്കില്‍ ഭേദഗതികള്‍ വേണ്ടതുണ്ടോ?

 
പ്രശ്‌നങ്ങളെ പൂജ്യവത്കരിക്കുക എന്ന് പറഞ്ഞാല്‍ എല്ലാ പ്രതിസന്ധികളെയും പ്രയാസങ്ങളെയും പൂര്‍ണമായും തുടച്ചുനീക്കുക എന്നല്ല ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. മറിച്ച്, പ്രതിസന്ധികളെ തിരിച്ചറിയുകയും അവക്ക് പരിഹാരം കാണുകയും ചെയ്യുക എന്നതാണ്. പ്രശ്‌നപ്രതിസന്ധികളുടെ നടുവില്‍ ഒരു രാജ്യത്തിനും വികസിക്കാനും പുരോഗതി കൈവരിക്കാനും സാധ്യമല്ല. പ്രതിസന്ധികളെ പൂജ്യവത്കരിക്കുക എന്ന സന്ദേശം ഞങ്ങളുയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ സന്ദേശമാണ്. ഞങ്ങളുടെയും അയല്‍പക്കങ്ങളുടെയും മൊത്തം ലോകത്തിന്റെയും ആരോഗ്യകരമായ നിലനില്‍പിനായി ഈ സന്ദേശം ഞങ്ങള്‍ എന്നും ഉയര്‍ത്തും.
 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


ഫഹ്മീ ഹുവൈദി
 
തുര്‍ക്കിയില്‍ നടന്നത് കേവലം പാര്‍ലമെന്റ് തെരഞ്ഞെടുപ്പായിരുന്നില്ല; രണ്ടാം തുര്‍ക്കി റിപ്പബ്ലിക്കിന്റെ പിറവിയായിരുന്നു. പട്ടാളഭരണത്തില്‍ നിന്ന് നിയമവാഴ്ച പുലരുന്ന ഒരു പുതിയ രാഷ്ട്രത്തിലേക്കുള്ള പ്രയാണം. പട്ടാള അട്ടിമറികള്‍ക്ക് ഇതോടെ വിരാമമായെന്ന് തുര്‍ക്കി ജനതയോടൊപ്പം നമുക്കും വിളിച്ചു പറയാം. 1960 മുതല്‍ നിരവധി പട്ടാള അട്ടിമറികള്‍ തുര്‍ക്കിയില്‍ നടന്നിട്ടുണ്ട്. ഇതില്‍ നാലാമത്തേത് 'ധവള' അട്ടിമറിയായിരുന്നു. രക്തച്ചൊരിച്ചില്‍ ഉണ്ടായില്ലെന്നര്‍ഥം. പ്രധാനമന്ത്രിയായിരുന്ന നജ്മുദ്ദീന്‍ അര്‍ബകാനെ പട്ടാളം നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നു. 1997-ലാണ് സംഭവം. അഞ്ചാമത്തെ അട്ടിമറിക്ക് 2007-ല്‍ കോപ്പ് കൂട്ടിയെങ്കിലും അത് അലസിപ്പോയി. അതിന്റെ നൂലാമാലകള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല.
 
തുര്‍ക്കിക്ക് പുതിയ ഒരു ഭരണഘടന വേണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഏകാഭിപ്രായമാണ്. 1980-ലെ അട്ടിമറിയെ തുടര്‍ന്ന് പട്ടാളം അടിച്ചേല്‍പിച്ച ഭരണഘടനയാണ് ഇപ്പോള്‍ നിലവിലുള്ളത്. അത് ദൂരെക്കളയണമെന്ന കാര്യത്തില്‍ ഒരാള്‍ക്കുമില്ല തര്‍ക്കം. നിലവിലുള്ള ഭരണഘടനയില്‍ പട്ടാളത്തിന്റെ കാല്‍ചുവട്ടിലാണ് മൊത്തം രാഷ്ട്രീയ ഘടനയുടെയും സ്ഥാനം. നീതിന്യായ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍ അതി തീവ്ര സെക്യുലരിസത്തിന്റെ പിടിയുറപ്പിക്കുന്ന വ്യവസ്ഥകളും അതിലുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഇരുപതുകളില്‍ തുര്‍ക്കി റിപ്പബ്ലിക്ക് സ്ഥാപകന്‍ കമാല്‍ അത്താതുര്‍ക്ക് തുടങ്ങിവെച്ച അതേ രാഷ്ട്രീയം തന്നെ. ആ രാഷ്ട്രീയം സമൂഹത്തിന് എന്നേ മടുത്തു കഴിഞ്ഞിരുന്നു. അനുവദിക്കപ്പെട്ട ജനാധിപത്യ രീതികളിലൂടെ ആ ബന്ധനത്തില്‍ നിന്ന് കുതറിച്ചാടാന്‍ ജനം ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഏറ്റവും പ്രകടമായ അടയാളമായിരുന്നു 1950-ലെ തെരഞ്ഞെടുപ്പ്. ഡമോക്രാറ്റിക് പാര്‍ട്ടിയെയാണ് അന്ന് ബഹുഭൂരിപക്ഷവും പിന്തുണച്ചത്. അത്താതുര്‍ക്കിന്റെ പാര്‍ട്ടി ദയനീയ പരാജയം ഏറ്റുവാങ്ങി. നീണ്ട 17 വര്‍ഷത്തെ സമ്പൂര്‍ണ മേല്‍ക്കോയ്മക്ക് ശേഷമായിരുന്നു പാര്‍ട്ടിയുടെ ഈ പരാജയം.
 
സമാധാനവും സാമൂഹിക രാഷ്ട്രീയ സുരക്ഷിതത്വവും നല്‍കാന്‍ ഭരണഘടനാപരമായിത്തന്നെ 'ബാധ്യസ്ഥമായ' പട്ടാളത്തിന് ഈ മാറ്റങ്ങളൊന്നും പൊറുപ്പിക്കാന്‍ പറ്റുമായിരുന്നില്ല. അങ്ങനെ പട്ടാളം 1960-ല്‍ റിപ്പബ്ലിക്കിന്റെ തണലില്‍ തന്നെ അട്ടിമറിക്ക് സമാരംഭം കുറിച്ചു. എന്നിട്ട് ഒരു അന്വേഷണ സമിതി തട്ടിക്കൂട്ടിയുണ്ടാക്കി. തുര്‍ക്കി പ്രസിഡന്റ്, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി എന്നിവരെ തൂക്കിക്കൊല്ലണമെന്നായിരുന്നു സമിതിയുടെ വിധി. എന്തോ കാരണത്താല്‍ പ്രസിഡന്റ് വധശിക്ഷയില്‍ നിന്ന് ഒഴിവായി. മറ്റു മൂന്നു പേരെയും വധിച്ചു. അന്ന് വധിക്കപ്പെട്ട തുര്‍ക്കി പ്രധാനമന്ത്രിയാണ് അദ്‌നാന്‍ മെന്‍ദരിസ്.
 
തുര്‍ക്കിക്ക് ഒരു പുതിയ ഭരണഘടനയുണ്ടാക്കും എന്ന് പ്രഖ്യാപിച്ചതിലൂടെ, അദ്‌നാന്‍ മെന്‍ദരിസ് ഉള്‍പ്പെടുന്ന ജനാധിപത്യത്തിന്റെ ഈ ആദ്യകാല രക്തസാക്ഷികളെ ആദരിക്കുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അമ്പതുകളില്‍ ജനായത്തമെന്ന പുസ്തകത്തിന്റെ ആദ്യാക്ഷരങ്ങള്‍ രക്തംകൊണ്ട് കുറിച്ചിട്ടവരാണല്ലോ അവര്‍. ആ പുസ്തകത്തിന്റെ അവസാന അധ്യായമായിരിക്കും നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഭരണഘടന. ഇസ്തംബൂള്‍ നഗരത്തിലെ എ.കെ പാര്‍ട്ടി അധ്യക്ഷന്‍ അസീസ് ബാബുതശുവിന്റെ അഭിപ്രായമാണിത്.
 
പ്രതിപക്ഷത്തുള്ള പീപ്പ്ള്‍സ് പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ ഓഗോസ് സാലീതശിക്കും പുതിയ ഭരണഘടന വേണമെന്ന് തന്നെയാണ് അഭിപ്രായം. പക്ഷേ, ആ ഭരണഘടന ഉണ്ടാക്കാന്‍ പോകുന്ന (എ.കെ) പാര്‍ട്ടിയെക്കുറിച്ച് പീപ്പ്ള്‍സ് പാര്‍ട്ടിക്ക് ഒട്ടുവളരെ സംശയങ്ങളുണ്ട്.
 
 
* * * * *
 
ആധുനിക തുര്‍ക്കിയുടെ ചരിത്രത്തിലെ വിധിനിര്‍ണായക സന്ദര്‍ഭമാണിതെന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേളയിലുടനീളം അനുഭവപ്പെട്ട ചൂടും പുകയും അതിന്റെ ലക്ഷണമാണ്. കാരണം ഇവിടെ പ്രശ്‌നം, കൂടുതല്‍ സീറ്റ് നേടുക, എന്നിട്ട് ഒരു ഭരണകൂടത്തിന് രൂപം നല്‍കുക എന്നതായിരുന്നില്ല. അതിനേക്കാളൊക്കെ ആഴവും പരപ്പുമുള്ളതായിരുന്നു ഇവിടത്തെ യഥാര്‍ഥ സമസ്യ. വിജയത്തിന്റെ മാര്‍ജിന്‍ തുര്‍ക്കി രണ്ടാം റിപ്പബ്ലിക്കിന്റെ, അതായത് ജനങ്ങളുടെ റിപ്പബ്ലിക്കിന്റെ പിറവിക്ക് വഴിയൊരുക്കും എന്നതാണത്. 1923-ല്‍ തുര്‍ക്കി റിപ്പബ്ലിക്ക് നിലവില്‍ വന്നിട്ടുണ്ടെങ്കിലും അത് ജനങ്ങളുടേതായിരുന്നില്ല.
 
വീറും വാശിയും ഉണ്ടാകാനുള്ള മറ്റൊരു കാരണം അത്താതുര്‍ക്ക് സ്ഥാപിച്ച റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി, ത്വൂറാനി ദേശീയതയില്‍ അഭിരമിക്കുന്ന നാഷ്‌നല്‍ പാര്‍ട്ടി തുടങ്ങിയ പരമ്പരാഗത രാഷ്ട്രീയ സംഘടനകളുടെ ചങ്കിടിപ്പാണ്. രാഷ്ട്രീയത്തില്‍ തങ്ങളുടെ കാലം കഴിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. 2002-ല്‍ എ.കെ പാര്‍ട്ടി അധികാരത്തിലെത്തുകയും ഒരു കക്ഷിയുടെയും പിന്തുണയില്ലാതെ ഇന്നുവരെ ഭരണം നിലനിര്‍ത്തുകയും ചെയ്തതാണ് ഇവരെ ഈ തിരിച്ചറിവിലേക്ക് നയിച്ചത്. അതിനാല്‍ എ.കെ പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടുന്നത് തടയാന്‍ ഈ പാര്‍ട്ടികള്‍ അരയും തലയും മുറുക്കി രംഗത്തു വന്നു. എ.കെ പാര്‍ട്ടിക്കും ജയിക്കുകയായിരുന്നില്ല ലക്ഷ്യം. ഭരണഘടന മാറ്റിയെഴുതാന്‍ മതിയായ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് അവര്‍ ലക്ഷ്യം വെച്ചത്.
 
മുഖ്യ പോരാട്ടം എ.കെ പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയും തമ്മിലായിരുന്നെങ്കിലും, രാഷ്ട്രീയത്തെ അതിലേക്ക് മാത്രമായി ചുരുക്കിക്കൂടാ. ഔദ്യോഗികാംഗീകാരമുള്ള 60 പാര്‍ട്ടികളുണ്ട് തുര്‍ക്കിയില്‍. പക്ഷേ, 20 പാര്‍ട്ടികള്‍ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ തന്നെ 50 മില്യന്‍ തുര്‍ക്കി വോട്ടര്‍മാരുടെയും മീഡിയയുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് നാല് കക്ഷികള്‍ മാത്രം.
 
ഒന്ന്, എ.കെ പാര്‍ട്ടി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുടനീളം 2023 എന്ന ലക്ഷ്യമാണ് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയത്. തുര്‍ക്കി റിപ്പബ്ലിക്കിന് നൂറ് വയസ്സ് തികയുന്ന വര്‍ഷം കൂടിയാണത്. 'നമ്മുടെ നാട്ടില്‍ സുസ്ഥിരത കളിയാടാന്‍, നമ്മുടെ തുര്‍ക്കി ഉയരങ്ങളിലേക്ക് കുതിക്കാന്‍' എന്ന മുദ്രാവാക്യമാണ് ഉയര്‍ന്നു കേട്ടത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ വന്‍ പ്രോജക്ടുകളുടെ ഒരു നീണ്ട പട്ടിക തന്നെ പാര്‍ട്ടി പുറത്തിറക്കി. ഇതത്രയും തുര്‍ക്കിക്കാരുടെ സ്വപ്ന പദ്ധതികള്‍. വോട്ടര്‍മാര്‍ ആകര്‍ഷിക്കപ്പെടാതിരിക്കുമോ?
 
രണ്ട്, അത്താതുര്‍ക്കിന്റെ റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി. ഈ പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ ലൈംഗികാപവാദത്തെ തുടര്‍ന്ന് പുറത്താക്കപ്പെടുകയായിരുന്നു. പുതിയ അധ്യക്ഷന്‍ കമാല്‍ കീലിജ്ദാര്‍ ഓഗ്‌ലു ഇടതുപക്ഷക്കാരനാണ്, അലവി വിഭാഗക്കാരനാണ്, പിന്നെ കുര്‍ദ് വംശജനും. തന്റെ കക്ഷിയെ ഇടതുപക്ഷ ജനാധിപത്യ പാര്‍ട്ടിയാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിനാല്‍ കുര്‍ദുകളെയും അലവികളെയും ദരിദ്ര -തൊഴിലാളി വിഭാഗങ്ങളെയും അദ്ദേഹത്തിന് അഭിസംബോധന ചെയ്യാന്‍ പറ്റി. ജനകീയ സംരംഭങ്ങള്‍ ഏറ്റെടുക്കുമെന്ന് വാഗ്ദാനം ചെയ്തു. ഇന്‍ഷുറന്‍സ് സുരക്ഷ കുര്‍ദ് കുടുംബങ്ങള്‍ക്കും നല്‍കുമെന്ന വാഗ്ദാനം അതിലൊന്നാണ്.
 
മൂന്ന്, നാഷ്‌നലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി. തുടക്കത്തിലേ വളരെ ദുര്‍ബലമായ അവസ്ഥയിലായിരുന്നു ഈ പാര്‍ട്ടി. ലൈംഗികാപവാദത്തെ തുടര്‍ന്ന് അതിന്റെ ഉന്നത രാഷ്ട്രീയ കാര്യസമിതിയിലെ പത്ത് നേതാക്കള്‍ക്ക് രാജിവെക്കേണ്ടിവന്നു. ആകെ സമിതിയില്‍ 16 പേരാണ് ഉള്ളത്. ഇത് നേതൃത്വത്തില്‍ കടുത്ത ശൂന്യത സൃഷ്ടിച്ചു. യാഥാര്‍ഥ്യബോധത്തോടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കാന്‍ അതിന്റെ നേതാവ് ദൗലത്ത് ബാഹശലിക്ക് കഴിഞ്ഞതുമില്ല. പാര്‍ലമെന്റില്‍ പ്രാതിനിധ്യം കഷ്ടിച്ച് ഒപ്പിച്ചെടുക്കുകയായിരുന്നു പാര്‍ട്ടി (പോള്‍ ചെയ്ത വോട്ടിന്റെ പത്ത് ശതമാനമെങ്കിലും നേടിയാലേ ഒരു പാര്‍ട്ടിക്ക് തുര്‍ക്കി നിയമമനുസരിച്ച് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ടാകൂ).
 
നാല്, കുര്‍ദ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. പത്ത് ശതമാനം വോട്ട് കിട്ടിയതിനാല്‍ ഇവര്‍ക്ക് പാര്‍ലമെന്റ് പ്രവേശം സാധ്യമായിട്ടുണ്ട്. പീസ് ആന്റ് ഡമോക്രസി പാര്‍ട്ടിയുടെ ബാനറിലാണ് ഇവര്‍ മത്സരിച്ചത്.
 
 
* * * * *
 
തെരഞ്ഞെടുപ്പിന്റെ ഒരാഴ്ച ഞാന്‍ തുര്‍ക്കിയിലുണ്ടായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ചില കമ്പനികള്‍ വരെ രംഗത്തിറങ്ങുകയുണ്ടായി. മത്സരത്തിന്റെ വീറും വാശിയുമാണ് അത് കാണിക്കുന്നത്. എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്, പ്രചാരണ രംഗത്ത് സജീവമായി ഉണ്ടായിരുന്ന സേവന സന്നദ്ധരായ യുവാക്കളാണ്. ജനോപകാരപ്രദമായ കാര്യങ്ങളില്‍ തുര്‍ക്കികള്‍ കാണിക്കുന്ന സേവന സന്നദ്ധത എനിക്ക് നേരത്തെ അറിയാമായിരുന്നു. പക്ഷേ, ഇസ്തംബൂള്‍ നഗരത്തില്‍ മാത്രം 26,000 യുവാക്കള്‍ എ.കെ പാര്‍ട്ടിക്ക് വേണ്ടി രംഗത്തുണ്ടായിരുന്നുവെന്നത് എന്നെ അമ്പരപ്പിച്ചുകളഞ്ഞു. ഇവരില്‍ പകുതിയും യുവതികള്‍. കഴിഞ്ഞ രണ്ട് മാസക്കാലം ഇവര്‍ മറ്റൊന്നിലേക്കും തിരിയാതെ ഫീല്‍ഡില്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു. അവര്‍ മുട്ടിവിളിക്കാത്ത ഒരു വീടോ അവര്‍ കണ്ട് സംസാരിക്കാത്ത ഒരു വോട്ടറോ നഗരത്തില്‍ ഉണ്ടാവില്ലെന്ന് ഉറപ്പ്.
 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


എ.കെ പാര്‍ട്ടിയുടെ ഹാട്രിക് വിജയം
പി.കെ നിയാസ്
ജൂണ്‍ 12-ന് തുര്‍ക്കിയിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ ഉയര്‍ന്ന പ്രധാന ചോദ്യം ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി) മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമോ എന്നായിരുന്നു. പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നയിക്കുന്ന ഇസ്‌ലാമിക വേരുകളുള്ള എ.കെ പാര്‍ട്ടി ഹാട്രിക് വിജയത്തോടെ അധികാരം നിലനിര്‍ത്തുമെന്നതില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. രാജ്യത്തിന് പുതിയ ഭരണഘടന എന്ന പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം യാഥാര്‍ഥ്യമാക്കാന്‍ ചുരുങ്ങിയത് 330 സീറ്റുകള്‍ ആവശ്യമായിരുന്നു. ലഭിച്ചത് 326 സീറ്റുകള്‍. ഇസ്‌ലാമിക ആദര്‍ശം പ്രതിനിധാനം ചെയ്യുന്നതോടൊപ്പം ലിബറല്‍ ആശയങ്ങളും ഉള്‍ക്കൊണ്ടുള്ള എ.കെ പാര്‍ട്ടിയുടെ പരീക്ഷണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഇത്തവണത്തെയും തെരഞ്ഞെടുപ്പ് ഫലം. ഏറ്റവുമധികം കാലം അധികാരം കൈയാളുന്ന പാര്‍ട്ടിയെന്ന പദവിയും എ.കെ പാര്‍ട്ടിക്ക് സ്വന്തം.
സീറ്റുകളുടെ എണ്ണം മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറവാണെങ്കിലും എ.കെ പാര്‍ട്ടിയുടെ ജനപ്രീതി വര്‍ധിച്ചുവെന്ന് ഫലങ്ങള്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി ആദ്യം അധികാരത്തിലേറിയ 2002-ല്‍ 363 സീറ്റുമായി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയപ്പോള്‍ 2007-ല്‍ 341 സീറ്റുകളാണ് ലഭിച്ചത്. ഇത്തവണ അത് 326 ആയി. എന്നാല്‍ വോട്ടിംഗ് ശതമാനത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് പാര്‍ട്ടി കൊയ്തത്. 2002-ല്‍ കൂടുതല്‍ സീറ്റ് നേടിയെങ്കിലും 34.3 ശതമാനം വോട്ടുകളാണ് കിട്ടിയത്. 2007-ലെ രണ്ടാമൂഴത്തില്‍ അത് 46.5 ആയി ഉയര്‍ന്നു. ഇത്തവണ മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ ഏതാണ്ട് പകുതിയും (49.9) പാര്‍ട്ടി കരസ്ഥമാക്കി. 45 മുതല്‍ 50 ശതമാനം വരെ വോട്ടുകള്‍ എ.കെ പാര്‍ട്ടിക്ക് ലഭിക്കുമെന്ന് തെരഞ്ഞെടുപ്പിനു മുമ്പ് അഭിപ്രായ സര്‍വേകള്‍ സൂചന നല്‍കിയിരുന്നു. രാജ്യത്തെ 81 പ്രവിശ്യകളില്‍ തെക്കു കിഴക്കന്‍ തുര്‍ക്കിയിലെ മൂന്നിടങ്ങളില്‍ മാത്രമാണ് എ.കെ. പാര്‍ട്ടിക്ക് സാന്നിധ്യമില്ലാതെ പോയത്. പന്ത്രണ്ട് പ്രവിശ്യകളില്‍ മുഴുവന്‍ സീറ്റുകളും പാര്‍ട്ടി തൂത്തുവാരി.
കഴിഞ്ഞ തവണ ജയിച്ച 333 അംഗങ്ങളില്‍ 146 പേര്‍ക്ക് മാത്രമാണ് എ.കെ പാര്‍ട്ടി വീണ്ടും ടിക്കറ്റ് നല്‍കിയത്. പാര്‍ട്ടിയുടെ 550 സ്ഥാനാര്‍ഥികളില്‍ 514 പേരും ബിരുദധാരികളായിരുന്നു. അംഗവൈകല്യമുള്ള 11 പേരെയും മത്സരിപ്പിച്ചു. കഴിഞ്ഞ തവണ അമ്പത് സീറ്റുകളില്‍ ഒതുങ്ങിയിരുന്ന വനിതാ പ്രാതിനിധ്യം പുതിയ പാര്‍ലമെന്റില്‍ 78 ആയി ഉയര്‍ന്നപ്പോള്‍ അതില്‍ പകുതിയിലേറെയും ഇസ്‌ലാമിസ്റ്റുകളുടെ സംഭാവനയാണ്. എ.കെ പാര്‍ട്ടി ടിക്കറ്റില്‍ മാത്രം 45 വനിതകള്‍ ജയിച്ചു. കഴിഞ്ഞ തവണയും ഏറ്റവുമധികം വനിതാ പ്രതിനിധികളെ പാര്‍ലമെന്റിലേക്കയച്ചത് എ.കെ പാര്‍ട്ടിയായിരുന്നു. പത്തു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച് 2004-ല്‍ മോചിതയായ കുര്‍ദ് നേതാവ് ലൈല സനയാണ് ഇത്തവണ ജയിച്ച വനിതകളില്‍ പ്രമുഖ (യൂറോപ്യന്‍ യൂനിയനിലെ ചില അംഗരാജ്യങ്ങള്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1934 മുതല്‍ക്കു തന്നെ തുര്‍ക്കിയിലെ വനിതകള്‍ വോട്ട് രേഖപ്പെടുത്താന്‍ തുടങ്ങിയിരുന്നു. 1993 മുതല്‍ 96 വരെ താന്‍സു ഷില്ലര്‍ എന്ന വനിതാ പ്രധാനമന്ത്രിയെയും തുര്‍ക്കി സംഭാവന ചെയ്തിട്ടുണ്ട്).
മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി (സി.എച്ച്.പി) 135 സീറ്റുകള്‍ നേടി ഇത്തവണ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ തവണ അവര്‍ക്ക് 112 സീറ്റാണ് ലഭിച്ചിരുന്നത്. എന്നാല്‍ തീവ്രവലതുപക്ഷ നാഷനലിസ്റ്റ് ആക്ഷന്‍ പാര്‍ട്ടിക്ക് (എം.എച്ച്.പി) 53 സീറ്റുകളില്‍ ഒതുങ്ങേണ്ടിവന്നു. 2007-ല്‍ പാര്‍ട്ടി 71 സീറ്റുകളില്‍ ജയിച്ചിരുന്നു. എന്നാല്‍ കുര്‍ദുകളുടെ പീസ് ആന്റ് ഡെമോക്രസി പാര്‍ട്ടി (ബി.ഡി.പി) യാണ് അപ്രതീക്ഷിത മുന്നേറ്റം നടത്തിയത്. 2007-ല്‍ 22 സീറ്റ് നേടിയ പാര്‍ട്ടി ഇത്തവണ 36 സീറ്റുകളില്‍ വിജയിച്ചു. പരമാവധി 30 വരെ സീറ്റുകളാണ് പാര്‍ട്ടി നേതൃത്വവും അഭിപ്രായ സര്‍വേകളും പ്രവചിച്ചിരുന്നത്. ലൈംഗികാപവാദങ്ങളെ തുടര്‍ന്ന് പത്ത് മുതിര്‍ന്ന നേതാക്കള്‍ രാജിവെച്ചതോടെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായ എം.എച്ച്.പിയുടെ നില പരുങ്ങലിലായിരുന്നു. സെക്‌സ് ടേപ്പുകള്‍ പുറത്തായതോടെയാണ് നാലു വൈസ്പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ തീവ്രദേശീയ പാര്‍ട്ടിയുടെ നേതൃത്വനിര ഒന്നടങ്കം രാജിവെക്കാന്‍ നിര്‍ബന്ധിതരായത്. പാര്‍ട്ടി വനിതാ എം.പിയുമായുള്ള അവിഹിത വേഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സി.എച്ച്.പിയുടെ തലവന്‍ ദെനിസ് ബെയ്കായിക്കും രാജിവെക്കേണ്ടി വന്നിരുന്നു. എം.എച്ച്.പിക്ക് പത്തു ശതമാനം വോട്ടുകള്‍ നേടാനായില്ലെങ്കില്‍ പാര്‍ലമെന്റിലെ പ്രാതിനിധ്യം തന്നെ ഇല്ലാതാകുമായിരുന്നു. എന്നാല്‍ നേരിയ മാര്‍ജിനില്‍ അവര്‍ രക്ഷപ്പെട്ടു.
പുതിയ ഭരണഘടന
1980 സെപ്റ്റംബറിലെ പട്ടാള അട്ടിമറിയെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തിനുശേഷം സൈന്യം തട്ടിപ്പടുത്ത ഭരണഘടനയാണ് കഴിഞ്ഞ 31 വര്‍ഷമായി തുര്‍ക്കിയില്‍ നിലവിലുള്ളത്. പട്ടാളമേധാവികളുടെ താല്‍പര്യം സംരക്ഷിക്കുന്നതും ജനവിരുദ്ധ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതുമായ പ്രസ്തുത ഭരണഘടന ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഉള്‍ക്കൊള്ളാനാവുന്നതല്ല. പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയവര്‍ക്ക് സംരക്ഷണം നല്‍കുന്ന പതിനഞ്ചാം ഖണ്ഡിക, പൊതുപണിമുടക്ക് നിരോധിക്കുന്ന 54-ാം ഖണ്ഡിക തുടങ്ങിയവ ഉദാഹരണങ്ങള്‍. തുര്‍ക്കിയുടെ യൂറോപ്യന്‍ യൂനിയന്‍ പ്രവേശനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന നിരവധി വകുപ്പുകള്‍ ഭരണഘടനയിലുണ്ട്. ഭരണഘടന മാറ്റിയെഴുതണമെന്ന ആവശ്യം ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ടെങ്കിലും സൈന്യത്തിന്റെ ഇടപെടലും അസ്ഥിരതയും കാരണം ഇത് നടന്നില്ല. എ.കെ പാര്‍ട്ടി അധികാരത്തിലെത്തിയതു മുതല്‍ ഇതിനുള്ള നീക്കത്തിലായിരുന്നു. 2010 മാര്‍ച്ചില്‍ ഭരണഘടനാ ഭേദഗതി ആവശ്യമായ 23 ഖണ്ഡികകള്‍ പാര്‍ട്ടി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇതിനെ എതിര്‍ക്കുന്ന നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ചത്. രണ്ട് ഖണ്ഡികകള്‍ ഒഴികെ മറ്റെല്ലാ ഭേദഗതികളും ഭരണഘടനാ കോടതി അംഗീകരിച്ചതിനെത്തുടര്‍ന്ന് 2010 സെപ്റ്റംബര്‍ 12-ന് രാജ്യവ്യാപകമായി ഹിതപരിശോധന നടന്നു. ഹിതപരിശോധനയില്‍ പങ്കെടുത്ത 74 ശതമാനം പേരില്‍ 58 ശതമാനവും ഭേദഗതിയെ അനുകൂലിച്ചപ്പോള്‍ 42 ശതമാനമാണ് എതിര്‍ത്തത്. ഭരണഘടന മാറ്റിയെഴുതുന്നതിന് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആവശ്യമാണ്. അതുകൊണ്ടുതന്നെ എ.കെ പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് ഇതായിരുന്നു. മറ്റു പാര്‍ട്ടികളുടെ സഹായമില്ലാതെ അത് നേടിയെടുക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഭരണകക്ഷി. പുതിയ സാഹചര്യത്തില്‍ സമവായത്തിലൂടെ ദൗത്യം നിറവേറ്റാന്‍ ശ്രമിക്കുമെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ഭരണഘടനയില്‍ ന്യൂനപക്ഷമായ കുര്‍ദുകളോടുള്ള സമീപനം പ്രധാന വിഷയമാണ്. തുര്‍ക്കിയിലെ ഏഴരക്കോടി ജനങ്ങളില്‍ 20 ശതമാനം വരുന്ന കുര്‍ദുകള്‍ തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാണ്. 27 കൊല്ലമായി സായുധ കലാപത്തിലേര്‍പ്പെട്ടിട്ടുള്ള കുര്‍ദിഷ് ഗ്രൂപ്പുകളുടെ മുഖ്യ പരാതികള്‍ പരിഹരിക്കുമെന്ന് 2009-ല്‍ ഉര്‍ദുഗാന്‍ ഉറപ്പുനല്‍കിയിരുന്നു. കുര്‍ദുകളുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന നീക്കങ്ങള്‍ക്ക് അദ്ദേഹം മുന്നിട്ടിറങ്ങിയെങ്കിലും തീവ്രദേശീയ വാദികളായ പ്രതിപക്ഷ പാര്‍ട്ടികളുടെയും കോടതികളുടെയും ഇടപെടലുകളെ തുടര്‍ന്ന് പിന്‍വാങ്ങേണ്ടിവന്നു. ഇതേത്തുടര്‍ന്ന് ഭരണകക്ഷിക്കെതിരെ ശക്തമായ പ്രചാരണങ്ങളാണ് കുര്‍ദ് പാര്‍ട്ടി അഴിച്ചുവിട്ടത്. അവകാശങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിനുശേഷം  ആക്രമണങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് ജയിലില്‍ കഴിയുന്ന കുര്‍ദ് നേതാവ് അബ്ദുല്ല ഒജലാന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കന്‍ മേഖലയിലാണ് കുര്‍ദുകള്‍ പൊതുവെ ശക്തം. ചെറു പാര്‍ട്ടികളെ പാര്‍ലമെന്റിനു പുറത്തുനിര്‍ത്തുന്ന നിയമം റദ്ദാക്കണമെന്നാണ് അവരുടെ ആവശ്യം.
ഉര്‍ദുഗാന്റെ അരങ്ങേറ്റം
ബാല്യത്തില്‍ റൊട്ടി വില്‍പനക്കാരനായി ഉപജീവനം തേടിയ ഉര്‍ദുഗാന്‍ 1969 മുതല്‍ '82 വരെ അര്‍ധ പ്രഫഷനല്‍ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. മര്‍മറ സര്‍വകലാശാലയില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന് പഠിക്കുമ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധ നാഷ്‌നല്‍ ടര്‍ക്കിഷ് സ്റ്റുഡന്റ് യൂനിയനില്‍ അംഗത്വമെടുത്ത ഉര്‍ദുഗാന്‍ 1976-ല്‍ നാഷ്‌നല്‍ സാല്‍വേഷന്‍ പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവായാണ് ഇസ്‌ലാമിസ്റ്റ് പാതയിലേക്ക് നീങ്ങുന്നത്. ആധുനിക തുര്‍ക്കിയുടെ ഇസ്‌ലാമിക പരിവര്‍ത്തനത്തിന് തുടക്കമിട്ട നജ്മുദ്ദീന്‍ അര്‍ബകാനുമായുള്ള ബന്ധമാണ് ഉര്‍ദുഗാന്റെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയത്. മക്കളിലൊരാള്‍ക്ക് നജ്മുദ്ദീന്‍ ബിലാല്‍ എന്നാണ് അദ്ദേഹം പേര് നല്‍കിയത്. 1970-ല്‍ താന്‍ സ്ഥാപിച്ച നാഷ്‌നല്‍ ഓര്‍ഡര്‍ പാര്‍ട്ടിയെ സെക്യുലരിസത്തിന് ഭീഷണിയെന്ന് ആരോപിച്ച് നിരോധിച്ചപ്പോള്‍ നാഷ്‌നല്‍ സാല്‍വേഷന്‍ പാര്‍ട്ടിയുമായി രംഗത്തുവന്ന അര്‍ബകാന് വന്‍ പിന്തുണയാണ് ലഭിച്ചത്. '73-ലെ ഇലക്ഷനില്‍ 11.8 ശതമാനം വോട്ടുകള്‍ നേടിയ പാര്‍ട്ടി നാഷ്‌നല്‍ അസംബ്ലിയില്‍ 48 സീറ്റുകളും കരസ്ഥമാക്കി. ഇസ്‌ലാമിസ്റ്റുകളുടെ മുന്നേറ്റം തടയാന്‍ പുതിയ പഴുതുകള്‍ തേടിയ സൈന്യം '80-ല്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് സാല്‍വേഷന്‍ പാര്‍ട്ടിയും നിരോധിക്കപ്പെട്ടു.
പ്രതിസന്ധികളില്‍ തളരുന്ന ശീലമില്ലാതിരുന്ന അര്‍ബകാന്‍ സൈന്യത്തെയും അള്‍ട്രാ സെക്യുലരിസ്റ്റുകളെയും വെല്ലുവിളിച്ച്  റിഫാഹ് പാര്‍ട്ടി സ്ഥാപിച്ചു. 'നീതി നമ്മുടെ ലക്ഷ്യം' എന്നായിരുന്നു റിഫാഹ് (വെല്‍ഫെയര്‍) പാര്‍ട്ടിയുടെ മുദ്രാവാക്യം. മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചായിരുന്നു തുടക്കം. മൂന്നു നഗരങ്ങളില്‍ പാര്‍ട്ടി ഭരണത്തിലെത്തി. അര്‍ബകാന്റെ പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്ന ഉര്‍ദുഗാന്‍ അതിന്റെ ജില്ലാ നേതാവും ഇസ്താംബൂള്‍ സിറ്റി ഘടകം ചെയര്‍മാനുമായി. 1991-ല്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. എന്നാല്‍ പാര്‍ലമെന്റംഗമായി തുടരുന്നതില്‍ അധികൃതര്‍ അദ്ദേഹത്തിന് വിലക്ക് കല്‍പിച്ചു. 1994-ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ജയിച്ച് തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിലെ മേയറായ ഉര്‍ദുഗാന്‍ മികച്ച ജനകീയ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. ഇസ്താംബൂളിനെ ഇസ്‌ലാമികവല്‍ക്കരിക്കാനുള്ള ഗൂഢനീക്കമാണ് അദ്ദേഹം നടത്തുകയെന്ന് എതിരാളികള്‍ പ്രചരിപ്പിച്ചപ്പോള്‍, നഗരവാസികളുടെ പ്രധാന പ്രശ്‌നങ്ങളായ കുടിവെള്ള ക്ഷാമം, മലിനീകരണം, ട്രാഫിക് പ്രശ്‌നം എന്നിവ പരിഹരിച്ചാണ് ഉര്‍ദുഗാന് അവരെ നേരിട്ടത്. യു.എന്‍ ഹാബിറ്റാറ്റ് അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. വെല്‍ഫെയര്‍ പാര്‍ട്ടി നിരോധിച്ചതിനെതിരെ നാടുനീളെ പ്രസംഗപരിപാടികള്‍ നടത്തിയതിന് 1998-ല്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഉര്‍ദുഗാന് മേയര്‍ സ്ഥാനം ഒഴിയേണ്ടി വന്നു.
അര്‍ബകാനോട് കൂറു പുലര്‍ത്തുന്നവര്‍ ഫെസിലിറ്റി പാര്‍ട്ടി ഉണ്ടാക്കിയപ്പോള്‍ നയനിലപാടുകളുമായി വിയോജിപ്പുള്ളവര്‍ ചേര്‍ന്നാണ് ഉര്‍ദുഗാന്റെയും ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദുല്ല ഗുലിന്റെയും നേതൃത്വത്തില്‍ 2001-ല്‍  ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ പാര്‍ട്ടി) രൂപവത്കരിച്ചത്. ഇസ്‌ലാമിക ആഭിമുഖ്യമുള്ള വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചവര്‍ പുതിയ കൂട്ടായ്മയില്‍ അണിചേര്‍ന്നു. അടുത്ത വര്‍ഷം തന്നെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ലോക രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചാണ് പാര്‍ട്ടി അധികാരത്തിലേറിയത്.
ഗൂഢാലോചനകള്‍
തെരഞ്ഞെടുപ്പില്‍ എ.കെ പാര്‍ട്ടിയെ തോല്‍പിക്കാന്‍ രാഷ്ട്രാന്തരീയ തലത്തില്‍ ഗൂഢാലോചനകള്‍ അരങ്ങേറുകയുണ്ടായി. സയണിസ്റ്റുകള്‍ക്കെതിരെ ഉര്‍ദുഗാന്‍ സ്വീകരിച്ച ശക്തമായ നിലപാടാണ് ഇതിനു കാരണമായത്. ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ദി ഇക്കണോമിസ്റ്റ് വാരിക (ജൂണ്‍ 4) എ.കെ പാര്‍ട്ടിയെ തോല്‍പിക്കാന്‍ വോട്ടര്‍മാരോട് പരസ്യമായി ആഹ്വാനം ചെയ്തു. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിക്ക് വോട്ടുചെയ്യാനാണ് എഡിറ്റോറിയലിലൂടെ വാരിക ആവശ്യപ്പെട്ടത്. ഉര്‍ദുഗാന്‍ ഭരണത്തില്‍ തുര്‍ക്കിയുടെ സാമ്പത്തിക രംഗം വളര്‍ച്ച പ്രാപിച്ചുവെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ  രാജ്യത്തെ സൈന്യത്തിനും ജുഡീഷ്യറിക്കും മേല്‍ പ്രധാനമന്ത്രി അധികാരം കൈയടക്കിവെച്ചിരിക്കുകയാണെന്ന വസ്തുത ഗൗരവമായി കാണണമെന്നായിരുന്നു ഇക്കണോമിസ്റ്റിന്റെ താക്കീത്. തുര്‍ക്കിയുടെ ശാപമായ സൈനിക അട്ടിമറിക്കും മതേതര ഭീകരതക്ക് വളംവെക്കുന്ന ജുഡീഷ്യല്‍ ആക്ടിവിസത്തിനും മൂക്കുകയറിട്ട എ.കെ പാര്‍ട്ടിയുടെ നടപടി രാജ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലാണ്, ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്ന ആഹ്വാനത്തോടെ എഴുതിയ മുഖപ്രസംഗത്തിന്റെ കാതല്‍. ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആഗോള ഗൂഢസംഘമാണ് എഡിറ്റോറിയലിനു പിന്നിലെന്ന ഉര്‍ദുഗാന്റെ പ്രതികരണം വാരികയെ ചൊടിപ്പിച്ചു. ഉര്‍ദുഗാന്റെ ആരോപണം അദ്ദേഹത്തിന് രാജ്യത്ത് കൂടുതല്‍ വോട്ടുകള്‍ നേടിക്കൊടുക്കുമെങ്കിലും പാശ്ചാത്യ ലോകത്ത് പ്രതിഛായ ഇടിക്കുമെന്ന് പുതിയ ലക്കത്തില്‍ ഇക്കണോമിസ്റ്റ് ഓര്‍മിപ്പിക്കുന്നു. വാരികയുടെ ആഹ്വാനം ചെവികൊള്ളാനൊന്നും തുര്‍ക്കിക്കാര്‍ ഒരുക്കമല്ലെന്ന് വോട്ടെടുപ്പ് ഫലങ്ങള്‍ തെളിയിച്ചു.
എ.കെ പാര്‍ട്ടിയുടെ വിജയത്തെ പരാമര്‍ശിച്ച് എഡിറ്റോറിയല്‍ എഴുതിയ ഇസ്രയേല്‍ അനുകൂല ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രത്തിന് രണ്ടു നിര്‍ദേശങ്ങളാണ് പുതിയ സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിക്കാനുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷത്തേതു പോലെ ഗസ്സയിലേക്ക് കപ്പല്‍ അയക്കാനുള്ള തുര്‍ക്കിയിലെ മനുഷ്യാവകാശ സംഘടനകളുടെ ശ്രമങ്ങള്‍ തടയുക, ഇറാനെതിരായ ഉപരോധങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ടര്‍ക്കിഷ് കമ്പനികളുടെമേല്‍ സമ്മര്‍ദം ചെലുത്തുക. ഉര്‍ദുഗാന്‍ ഭരണത്തില്‍ ഇസ്രയേലുമായി തുര്‍ക്കിക്ക് ഉണ്ടായിരുന്ന നല്ല ബന്ധങ്ങള്‍ തകര്‍ക്കുന്ന സമീപനമാണ് ഉര്‍ദുഗാന്റെ കഴിഞ്ഞ കാല വിദേശ നയമെന്നും ടൈംസിന് അഭിപ്രായമുണ്ട്.
നിലപാട് ശക്തം
യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിന് ശ്രമിക്കുന്നതോടൊപ്പം, പടിഞ്ഞാറന്‍ സഖ്യരാജ്യങ്ങളുടെ നയങ്ങളുമായി സന്ധി ചെയ്യാത്ത ഉര്‍ദുഗാനില്‍ 62 ശതമാനം തുര്‍ക്കികളും വിശ്വാസമര്‍പ്പിക്കുന്നുണ്ടെന്ന് പ്യൂ റിസേര്‍ച്ച് സെന്റര്‍ ഏറ്റവും ഒടുവില്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു. പ്രധാനമന്ത്രി പദവിയില്‍ പുതിയൊരങ്കത്തിന് തയാറെടുക്കുമ്പോള്‍ ഉര്‍ദുഗാനെ ഏറ്റവും വിഷമിപ്പിക്കുക അയല്‍രാജ്യമായ സിറിയയിലെ സംഭവ വികാസങ്ങളാണ്. ബശ്ശാറുല്‍ അസദിന്റെ അടുത്ത സുഹൃത്താണെങ്കിലും, ജനകീയ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന നടപടിയുമായി സന്ധി ചെയ്യാനാവില്ലെന്ന് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പതിനായിരത്തിലേറെ സിറിയന്‍ അഭയാര്‍ഥികള്‍ക്കായി തുര്‍ക്കിയുടെ അതിര്‍ത്തികള്‍ അദ്ദേഹം തുറന്നുകൊടുത്തു. സിറിയയുമായുള്ള അടുത്ത ബന്ധം തുടരുമെന്നും അത് മര്‍ദക ഭരണകൂടവുമായിട്ടാവില്ലെന്നുമുള്ള വിദേശകാര്യ മന്ത്രി അഹ്മദ് ദാവൂദ് ഒഗ്‌ലുവിന്റെ പ്രസ്താവന വ്യക്തമായ സന്ദേശമാണ്. യൂറോപ്യന്‍ യൂനിയന്‍ പ്രവേശനവും ഇസ്രയേലുമായി ഇണങ്ങിയും പിണങ്ങിയുമുള്ള ബന്ധങ്ങളും എ.കെ പാര്‍ട്ടിയുടെ വിദേശ നയങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളാണ്. ഭരണഘടന പരിഷ്‌കരിക്കുകയും കുര്‍ദ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയുമാണ് ആഭ്യന്തര മേഖലയിലെ മുഖ്യ വിഷയങ്ങള്‍.
ഹാട്രിക് വിജയത്തിനുശേഷം പാര്‍ട്ടി ആസ്ഥാനത്ത് അനുയായികളെ അഭിസംബോധന ചെയ്യവെ ഒരിക്കല്‍ പോലും യൂറോപ്പ്, യൂറോപ്യന്‍ യൂനിയന്‍, പടിഞ്ഞാറ് എന്നീ പദങ്ങള്‍ ഉര്‍ദുഗാന്റെ നാവില്‍നിന്ന് പുറത്തുവന്നില്ല. മറിച്ച്, മിഡിലീസ്റ്റ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന നിലയിലാണ് അദ്ദേഹം പ്രസംഗിച്ചത്. പ്രസംഗം തുടങ്ങിയതു തന്നെ സഹോദര രാജ്യ തലസ്ഥാനങ്ങളായ ബഗ്ദാദ്, ദമാസ്‌കസ്, ബെയ്‌റൂത്ത്, കയ്‌റോ, സരയേവോ, ബാകു, നിക്കോഷ്യ എന്നിവയെ പേരെടുത്ത് അഭിവാദ്യം ചെയ്തായിരുന്നു. അദ്ദേഹം തുടര്‍ന്നു: ''ഇരകളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പ്രതീക്ഷകള്‍ വിജയിച്ചിരിക്കുന്നു. ഇസ്മിറിനെപ്പോലെ ബെയ്‌റൂത്തും ജയിച്ചിരിക്കുന്നു. ദിയാര്‍ബകിറിനെപ്പോലെ വെസ്റ്റ്ബാങ്കും ഗസ്സയും റാമല്ലയും ജറൂസലവും വിജയക്കൊടി നാട്ടിയിരിക്കുന്നു.'' യൂറോപ്പിനെ തൊടാതെ ബോസ്‌നിയന്‍ തലസ്ഥാനമായ സരയേവോയെ പരാമര്‍ശിച്ചതിലൂടെ ഇരകളായ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം താന്‍ ഉണ്ടാകുമെന്ന സന്ദേശമാണ് ഉര്‍ദുഗാന്‍ നല്‍കിയത്.
2007-ല്‍ തുടര്‍ച്ചയായി രണ്ടാം തവണ അധികാരത്തിലേറിയ ശേഷം ഭരണത്തില്‍ സൈന്യത്തിന്റെയും ജൂഡീഷ്യറിയുടെയും ഇടപെടല്‍ കുറച്ചുകൊണ്ടുവരുന്നതില്‍ എ.കെ പാര്‍ട്ടി ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങളില്‍ എ.കെ പാര്‍ട്ടി ഭരണം തുര്‍ക്കിയെ ബഹുദൂരം മുന്നിലെത്തിച്ചുവെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നു. മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ ആഗോളതലത്തില്‍ പതിനഞ്ചാം സ്ഥാനത്തേക്ക് തുര്‍ക്കിയെ കൈപിടിച്ചുയര്‍ത്തിയത് എ.കെ പാര്‍ട്ടി ഭരണമാണ്. സഖ്യകക്ഷി ഗവണ്‍മെന്റുകളുടെ കാലത്ത് വര്‍ധിച്ചുവന്ന തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരുന്നതിലും ഗവണ്‍മെന്റ് വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 14.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ 11.5 ശതമാനമായി കുറഞ്ഞു. 2030 ആകുമ്പോഴേക്ക് തുര്‍ക്കിയെ യൂറോപ്പിലെ ഏറ്റവും വലിയ വ്യവസായ ശക്തിയാക്കുകയാണ് ഉര്‍ദുഗാന്റെ ലക്ഷ്യം. എന്നാല്‍ പാര്‍ലമെന്ററി സമ്പ്രദായത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് തുര്‍ക്കി മാറണമെന്ന നിലപാട് ഈയിടെയായി ഉര്‍ദുഗാന്‍ മുന്നോട്ടുവെക്കുന്നത് ശക്തമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇസ്‌ലാമിസ്റ്റുകള്‍ക്ക് മുന്‍തൂക്കമുള്ള സംവിധാനത്തിലൂടെ സെക്യുലര്‍ ഭീകരതയെ നേരിട്ടുവിജയം കൊയ്ത ഉര്‍ദുഗാന് പ്രധാനമന്ത്രിയെന്ന നിലയില്‍ അവസാനത്തെ ഊഴമാണിത്. പുതിയ സംവിധാനത്തിലൂടെ 2023 വരെ അധികാരം നിലനിര്‍ത്താനുള്ള ശ്രമമാണ് അദ്ദേഹത്തിന്റേതെന്ന് എതിരാളികള്‍ ആരോപിക്കുന്നു. എ.കെ പാര്‍ട്ടി ഭരണത്തില്‍ നിരവധി പത്രപ്രവര്‍ത്തകര്‍ ജയിലുകളില്‍ അടക്കപ്പെട്ടതാണ് ഉര്‍ദുഗാനെതിരായ മറ്റൊരു ആരോപണം.
ഉര്‍ദുഗാന്റെ ഗുരു നജ്മുദ്ദീന്‍ അര്‍ബകാന്‍ 1969-ല്‍ മില്ലി ഗോറസ് (ദേശീയ കാഴ്ചപ്പാട്) എന്ന പേരില്‍ പ്രകടന പത്രിക തുര്‍ക്കി ജനതയുടെ മുന്നില്‍ സമര്‍പ്പിച്ചാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇസ്‌ലാമിക ധാര്‍മികത, വ്യവസായവല്‍ക്കരണം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ അദ്ദേഹം സമര്‍ഥിക്കുകയുണ്ടായി. ജനകീയ മുഖമുള്ള ഒരു ഭരണഘടന ടര്‍ക്കിഷ് ജനതക്ക് സമര്‍പ്പിക്കുകയെന്ന നിയോഗമാണ് ശിഷ്യന്‍ ഉര്‍ദുഗാന് മുന്നിലുള്ളത്.
ഉര്‍ദുഗാന്‍ മന്ത്രിസഭയില്‍ കായിക വകുപ്പ് കൈകാര്യം ചെയ്യാന്‍ പോകുന്നത് ലോക പ്രശസ്തനായ ഒരു ഫുട്‌ബോള്‍ താരമായിരിക്കും. 2002-ലെ ലോകകപ്പില്‍ ദക്ഷിണ കൊറിയക്കെതിരെ പതിനൊന്നാം സെക്കന്റില്‍ ഗോളടിച്ച്് ലോകകപ്പിലെ വേഗതയേറിയ സ്‌കോറര്‍ എന്ന ബഹുമതി നേടിയ ഹാക്കന്‍ സുക്കൂര്‍ ഇത്തവണ എ.കെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി ഇത്തവണ മത്സരിച്ച വിദേശകാര്യ മന്ത്രി അഹ്മദ് ദാവൂദ് ഒഗ്‌ലു തല്‍സ്ഥാനത്തു തുടരുമെന്നും ഉറപ്പാണ്. ഇരുപത് മന്ത്രിമാരും നാല് ഉപപ്രധാനമന്ത്രിമാരും ആയിരിക്കും തന്റെ ഗവണ്‍മെന്റില്‍ ഉണ്ടാവുകയെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രകാശിക്കുന്ന ബള്‍ബാണ് എ.കെ പാര്‍ട്ടിയുടെ ചിഹ്നം. ഒരു പതിറ്റാണ്ടായി തുര്‍ക്കിയുടെ വെട്ടമായി മാറാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പാര്‍ട്ടിക്ക് വോട്ടു ചെയ്ത മതമുള്ളവരും മതമില്ലാത്തവരുമൊക്കെ സാക്ഷ്യപ്പെടുത്തുന്നുവെന്ന് മില്ലിയത്ത് പത്രം അഭിപ്രായപ്പെട്ടപ്പോള്‍, സര്‍ക്കാര്‍ അനുകൂല പത്രമായ സബാഹിന്റെ കമന്റ് ഇങ്ങനെ: കഴിഞ്ഞ രണ്ട് ഗവണ്‍മെന്റുകളില്‍ അപ്രന്റീസും ഫോര്‍മാനുമായിരുന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇത്തവണ മാസ്റ്ററായിരിക്കുന്നു.
niazabdullah@gmail.com
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati