Published on Thu, 12/15/2011 

ഒടുവില്‍ പ്രതീക്ഷിച്ചതുപോലെതന്നെ സംഭവിച്ചു. ഡോ. മന്‍മോഹന്‍ സിങ്ങും ഡോ. രങ്കരാജനും ഡോ. അഹ്ലുവാലിയയും പ്രണബ് മുഖര്‍ജിയും പ്രതീക്ഷിച്ചതുപോലെയും അവകാശപ്പെട്ടതുപോലെയുമല്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവു ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരുന്നതുപോലെയുമല്ല. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് രണ്ടക്കത്തിലെത്തുമെന്ന് വീമ്പിളക്കിയവരുടെയെല്ലാം അവകാശവാദങ്ങളെ തള്ളിക്കളയുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് 2011 ഡിസംബര്‍ 12ലെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെയോ ആരോഗ്യത്തെയോ സംബന്ധിക്കുന്ന വിവരങ്ങളായിരുന്നില്ല ഇതെല്ലാം. മറിച്ച്, സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയെ സംബന്ധിക്കുന്നവയായിരുന്നു ഈ വാര്‍ത്തകള്‍.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സാമ്പത്തിക മാന്ദ്യത്തിന്‍െറ രണ്ടാംഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. 2011 ഒക്ടോബറില്‍ തൊട്ടുമുമ്പുള്ള വര്‍ഷത്തിലേതിനെ അപേക്ഷിച്ച് വ്യവസായികോല്‍പാദനം 5.1 ശതമാനം കുറഞ്ഞിരിക്കുകയാണ്.
2009 ജൂണിനുശേഷം ഇതാദ്യത്തെ അനുഭവമാണ്. അന്ന് തുടര്‍ച്ചയായി ഏഴുമാസത്തോളം വ്യവസായിക വളര്‍ച്ച നിഷേധ രൂപത്തിലായിരുന്നു. ആഗോള ധനകാര്യ, സാമ്പത്തിക അലിഞ്ഞുപോക്കിന്‍െറ കാലഘട്ടവുംകൂടിയായിരുന്നു അത്. ഇതാവര്‍ത്തിക്കുമെന്ന ഭയപ്പാടിലാണ് അധികാര കേന്ദ്രങ്ങള്‍. പുറത്തുവരുന്ന ലക്ഷണങ്ങള്‍ ഒട്ടുംതന്നെ ആശാവഹമല്ല. നിര്‍മാണ, ഖനന മേഖലകളും ഉല്‍പാദന വീഴ്ചയാണ് അഭിമുഖീകരിക്കുന്നത്. ഫാക്ടറി ഉല്‍പാദന മേഖലയിലെ തകര്‍ച്ച ആറുശതമാനമാണെങ്കില്‍ ഖനന മേഖലയിലേത് 7.2 ശതമാനമാണ്. ഇതിനേക്കാളേറെ നാടകീയവും അവിശ്വസനീയവുമായ തകര്‍ച്ചയാണ് മൂലധന ഉല്‍പന്ന നിര്‍മാണ മേഖല രേഖപ്പെടുത്തിയിരിക്കുന്നത്- 25 ശതമാനത്തിലേറെ. സെപ്റ്റംബറില്‍ തുടക്കമിട്ട 6.5 ശതമാന നിരക്കിലുള്ള ഈ തകര്‍ച്ച ഒക്ടോബറിലും തുടരുകയായിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ ജി.ഡി.പി വളര്‍ച്ചയില്‍ പ്രതീക്ഷവെച്ചുപുലര്‍ത്തിവന്നിരുന്ന ന്യൂദല്‍ഹിയിലെയും മുംബൈയിലെയും നയരൂപവത്കരണ വിദഗ്ധരുടെ മുന്നില്‍ ഈ സാഹചര്യങ്ങള്‍ വലിയൊരു ചോദ്യചിഹ്നമായി തുടരുകയാണിപ്പോള്‍. അവരെല്ലാം പ്രകടമാക്കിയിരുന്ന ശുഭാപ്തിവിശ്വാസം അസ്ഥാനത്തായിരിക്കുന്നു.
കേന്ദ്ര എക്സൈസ് നികുതി പിരിവില്‍ നവംബറില്‍ 6.5 ശതമാനം ഇടിവാണ് മുന്‍ വര്‍ഷത്തിലേതിനെ അപേക്ഷിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയം ഈയിടെ പുറത്തിറക്കിയ ഇടക്കാല വിശകലന രേഖയില്‍ പ്രകടമാക്കിയതുപോലെ, സമ്പദ്വ്യവസ്ഥ ആഗോള മാന്ദ്യത്തിന്‍െറ കെടുതിയില്‍നിന്നും കരകയറിയതിനുശേഷം അതിവേഗ വളര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന പ്രതീക്ഷയും തകര്‍ന്നിരിക്കുന്നു. വിവിധ വികസന മേഖലകളില്‍നിന്നു ലഭ്യമാകുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന, ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് പുതുതായി വികസന പദ്ധതികള്‍ തുടങ്ങാനോ  നിലവിലുള്ളവയുടെ ശേഷി ഉയര്‍ത്താനോ ആത്മവിശ്വാസം നഷ്ടമായിരിക്കുന്നു എന്നാണ്. സാമ്പത്തിക വളര്‍ച്ച നിരക്ക് 7.5 ശതമാനമോ, 7.3 ശതമാനമെങ്കിലുമോ ആക്കി നിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷ, മൂലധന നിക്ഷേപ മേഖലകളിലെ തകര്‍ച്ചയോടെ വെറുമൊരു ദിവാസ്വപ്നമായി രൂപാന്തരപ്പെട്ടിരിക്കുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് വിനയായിരിക്കുന്നതെന്ന അധികാരി വര്‍ഗത്തിന്‍െറ വാദഗതിയില്‍ പറയത്തക്ക അടിസ്ഥാനമൊന്നുമില്ല. അമേരിക്കയുടെ ധനകാര്യ പ്രതിസന്ധിയും യൂറോപ്യന്‍ മേഖലയുടെ കടബാധ്യതാ പ്രതിസന്ധിയും ഒരു പരിധിവരെ ഇന്ത്യയെ ബാധിച്ചിട്ടുണ്ടെന്നത് ശരിയായിരിക്കാം. എന്നാല്‍, ഈ ഘടകങ്ങള്‍ 2008-09ലേതുപോലെ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നില്ല. ഇന്നത്തെ പ്രതിസന്ധിക്കുള്ള പഴി ഏറ്റെടുക്കേണ്ടത് ഏറിയകൂറും ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങള്‍ തന്നെയാണ്. ഇതിന് നിദാനമായി ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ച മാത്രം ഉദാഹരണമായെടുത്താല്‍ മതിയാകും. സാമ്പത്തിക പ്രതിസന്ധിയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നൊരു സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യവും മറ്റു ചില കറന്‍സികളുടെ മൂല്യവും തമ്മില്‍ 2011ല്‍ മാത്രം ഉണ്ടായ ബന്ധം പരിശോധിച്ചാല്‍ വ്യക്തമാകും. യു.എസ് ഡോളറും രൂപയും തമ്മില്‍ 14.5 ശതമാനം മൂല്യത്തകര്‍ച്ചയുണ്ടായപ്പോള്‍ യൂറോയും രൂപയും തമ്മില്‍ 15.5 ശതമാനവും ബ്രിട്ടീഷ് പൗണ്ടും രൂപയും തമ്മില്‍ 14.4 ശതമാനവും ജാപ്പനീസ് യെന്നും രൂപയും തമ്മില്‍ 19 ശതമാനവും ആസ്ട്രേലിയന്‍ ഡോളറും രൂപയും തമ്മില്‍ 14.2 ശതമാനവും സ്വിസ് ഫ്രാങ്കും രൂപയും തമ്മില്‍ 16 ശതമാനവുമാണ് മൂല്യത്തകര്‍ച്ച നേരിട്ടതെന്ന് കാണുന്നു. രൂപയുടെ മൂല്യശോഷണം എങ്ങനെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തി എന്നതിന് മറ്റു രാജ്യങ്ങളെ പഴിപറഞ്ഞിട്ടു കാര്യമില്ല. 2011 ഡിസംബര്‍ 13ന് ഒരു ഡോളറിന് 53.24 രൂപവരെയായി വിനിമയമൂല്യം ചെന്നെത്തിയത് നിസ്സാരമല്ല.
രൂപയുടെ വിലത്തകര്‍ച്ച വിദേശ വ്യാപാരമേഖലയെ ഗുരുതരമായി ബാധിക്കും. കയറ്റുമതി താഴോട്ട് പോകുമ്പോള്‍, ഇറക്കുമതിയുടെ ഗതി സ്ഥിരമായി മേലോട്ടുതന്നെയാണ്. തന്മൂലം കയറ്റുമതിവരുമാനം കുറയുകയും ഇറക്കുമതിച്ചെലവ് ഏറുകയും ചെയ്യും. അതേസമയം, പെട്രോളിയം പോലുള്ളവയുടെ ഇറക്കുമതി ഒഴിവാക്കാനും കഴിയില്ല. സ്വാഭാവികമായും വിദേശ വ്യാപാരകമ്മി ഉയരാതിരിക്കില്ല. ഈ പ്രതിഭാസം സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തെ അല്ല പ്രതിഫലിപ്പിക്കുന്നതെന്ന് വ്യക്തമാണല്ളോ. രോഗാതുരമായൊരു സമ്പദ്വ്യവസ്ഥയുടെ കറന്‍സി ആര്‍ക്കും വേണ്ടാത്ത ഒന്നായി രൂപപ്പെടുകയും ചെയ്യുന്നു. അതേഅവസരത്തില്‍, ഗള്‍ഫ് രാജ്യങ്ങളിലും മറ്റും പണിയെടുക്കുന്നവര്‍ക്ക് മിച്ചംകാശ് കൈവശമുണ്ടെങ്കില്‍ അത് നാട്ടിലേക്കയക്കാന്‍ പറ്റിയ അവസരമാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നിരുന്നാല്‍ തന്നെയും തീര്‍ത്തും അപ്രതീക്ഷിതമല്ളെങ്കിലും തുടര്‍ച്ചയായ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ കറന്‍സിയായ രൂപയെ ആര്‍ക്കും വേണ്ടാത്തൊരു വസ്തുവായി മാറ്റിയിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം. എല്ലാ അര്‍ഥത്തിലും ഒരപ്രിയസത്യം. മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്‍റിലൂടെ വിദേശ വ്യാപാര കമ്മി പരമാവധി കുറക്കുകവഴി രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാനാകും. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി യു.പി.എ ഭരണകൂടത്തിനുണ്ടെങ്കില്‍ മാത്രം. രൂപയുടെ മൂല്യശോഷണത്തിന് വഴിവെക്കുന്ന മറ്റൊരു ഘടകംകൂടി. കേന്ദ്ര ഭരണകൂടവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും  വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചിട്ടില്ലാത്ത ഒരു പ്രതിഭാസമാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്ന കുതിച്ചുകയറ്റം. ഡോളറുമായുള്ള വിനിമയത്തില്‍ രൂപക്കുണ്ടായ ഇടിവാണ് ഇതിനുള്ള മുഖ്യകാരണമെന്നാണ് വിവക്ഷിക്കപ്പെടുന്നതെങ്കിലും സ്വര്‍ണത്തിന്‍െറ ഇറക്കുമതിക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ നടപടികളെടുക്കാത്ത സര്‍ക്കാര്‍ സമീപനം മാറ്റാതെ തരമില്ല. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നുകൊണ്ടുതന്നെ ഇരിക്കുന്നു എന്നത് രൂപയുടെ മൂല്യക്കുറവിന്‍െറ പ്രതിഫലനമാണ് എന്നതും ഒരു യാഥാര്‍ഥ്യമാണ്.   
സ്വര്‍ണത്തിനു പുറമെ വിലവര്‍ധന നേരിടേണ്ടിവന്നിരിക്കുന്ന മറ്റുചില ഉല്‍പന്നങ്ങള്‍ റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൈക്രോവേവ് അവന്‍, സെല്‍ഫോണ്‍ തുടങ്ങിയവയാണ്. നിരവധി ഒൗഷധങ്ങളുടെയും വിലനിലവാരം ഉയരും. ഒരു ഡോളറിന് 55 രൂപവരെ വിനിമയ മൂല്യമെന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന ആശങ്ക വിപണിയെ മൊത്തത്തില്‍ ബാധിക്കുകയും ചെയ്തിട്ടുണ്ട്. നാലുവര്‍ഷം മുമ്പ് ഏഷ്യയിലെ ഏറ്റവും കരുത്തേറിയ കറന്‍സി എന്ന് വാഴ്ത്തപ്പെട്ടിരുന്ന രൂപക്കാണ് ഇന്നിപ്പോള്‍ ആവശ്യക്കാരില്ലാത്തൊരു സ്ഥിതി വിശേഷമുണ്ടായിരിക്കുന്നത്. എന്തിനേറെ പറയുന്നു, ഇന്ത്യന്‍ ജനത നേരിടുന്നൊരു ഗതികേട്, രാജ്യാന്തര വിപണിയില്‍ പെട്രോളിയം വില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നുതന്നെ തുടരുന്നു എന്നതാണ്. ഈ ഗതികേടിന് നിദാനം രൂപയുടെ വില ഇടിവുമാണ്.
ചുരുക്കത്തില്‍, പ്രശ്നങ്ങളുടെ നടുക്കയത്തില്‍ അകപ്പെട്ടിരിക്കുന്ന ഡോ. മന്‍മോഹന്‍സിങ് സര്‍ക്കാറിന് ഇവക്ക് പരിഹാരമെന്ന നിലയില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ കഴിയാതെയും വന്നിരിക്കുന്നു. ഒരു ഉദാഹരണമെടുക്കുക. ഉല്‍പാദന വര്‍ധനക്ക് ഒരുതരത്തിലും സഹായകമല്ലാത്തൊരു തീരുമാനമെടുക്കുകയും സഖ്യകക്ഷികളുടെയും ബി.ജെ.പി, ഇടതുപാര്‍ട്ടികള്‍ എന്നിവ അടങ്ങുന്ന പ്രതിപക്ഷത്തിന്‍െറയും വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പിനെ തുടര്‍ന്ന് മരവിപ്പിക്കുകയും ചെയ്തൊരു തീരുമാനത്തെപ്പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വില്‍പന മേഖലയില്‍ എഫ്.ഡി.ഐ (പ്രത്യക്ഷ വിദേശ നിക്ഷേപം) ക്ക് 51 ശതമാനം പ്രവേശാനുമതി നല്‍കാനുള്ള ദീര്‍ഘവീക്ഷണമില്ലാത്ത നയമാണ് സ്വയം വിഴുങ്ങേണ്ടിവന്നതെന്നോര്‍ക്കുക. ഇതിനേക്കാള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടംനല്‍കുന്ന തീരുമാനങ്ങളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എടുക്കുന്നത്. തുടരത്തുടരെ പണപ്പെരുപ്പ പ്രതിരോധത്തിനെന്ന പേരില്‍ വായ്പാ പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നു. ഇതിലൂടെ പണപ്പെരുപ്പം തടയാന്‍ കഴിയുന്നില്ളെന്നു മാത്രമല്ല, നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് സ്ഥിതി. ഈ നയത്തില്‍ ഇനിയെങ്കിലും മാറ്റംവരുത്താതെ തരമില്ല. സാമ്പത്തിക പരിഷ്കാരങ്ങള്‍ ആകാം. പക്ഷേ, അവ നടപ്പാക്കുന്നതിനു മുമ്പ് ദേശീയതലത്തില്‍ സമവായമുണ്ടായേ തീരൂ. യു.പി.എ ഭരണനേതൃത്വം മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ വളഞ്ഞ വഴിയിലൂടെ ലക്ഷ്യംനേടാന്‍ പരിശ്രമിച്ചതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടാവില്ല. ഈ യാഥാര്‍ഥ്യം തിരിച്ചറിയാനുള്ള വിവേകവും യുക്തിബോധവും ഡോ. മന്‍മോഹന്‍ സിങ്ങിനും കൂട്ടര്‍ക്കുമുണ്ടാകുമെന്ന് കരുതാന്‍ കഴിയുമോ? കാത്തിരുന്നു കാണുകതന്നെ.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Mon, 12/19/2011

ആഗോള സമ്പദ്ഘടനയുടെ സ്വഭാവം മാറിമറയുകയാണ്. ലോക സമ്പത്തിന്‍െറ ശക്തികേന്ദ്രമായി, ഇക്കഴിഞ്ഞ കാലമെല്ലാം മറ്റു രാജ്യങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ അമേരിക്കയുടെ സൂപ്പര്‍പവര്‍ പദവിക്ക് ഇളക്കംതട്ടുകയാണ്.
കാപിറ്റലിസ്റ്റ് അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചനിരക്ക് അപകട മേഖലയിലേക്ക് താഴുമ്പോള്‍, എല്ലാ സാമ്പത്തിക മാന്ദ്യങ്ങളുടെ തിരിച്ചടികളും അതിജീവിച്ച്, ലോകത്തിലെ ഏറ്റവും വലിയ വളര്‍ച്ചനിരക്ക് നേടി ചൈന, ലോക സാമ്പത്തികശക്തിയായി വളരുകയാണ്. മാറുന്ന സമവാക്യങ്ങളുടെ പ്രതിഫലനമാണ് അമേരിക്കയുടെ തളര്‍ച്ചയും ചൈനയുടെ വളര്‍ച്ചയും.
കടക്കെണിയില്‍നിന്ന് രക്ഷപ്പെടാന്‍ അന്താരാഷ്ട്ര നാണയനിധിയെ (ഐ. എം.എഫ്) സമീപിക്കാതെ,  സമ്പന്നമായ ചൈനയെ, യൂറോപ്യന്‍ രാജ്യങ്ങളുടെ തലവന്മാര്‍ സമീപിക്കുന്ന കാഴ്ച അമ്പരപ്പിക്കുന്നതുതന്നെ.
അമേരിക്കയുടെ ‘നിയന്ത്രണ’ത്തിലുള്ള ഐ.എം.എഫിന്‍െറ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഒരു ഗ്രാഫും സാമ്പത്തിക വിലയിരുത്തലുകളും ലോക ശ്രദ്ധയാകര്‍ഷിക്കാന്‍ വിട്ടുപോയി. 2016 ആകുമ്പോഴേക്കും ലോക സമ്പത്തിന്‍െറ 18 ശതമാനം പങ്ക് ചൈനയുടേതായിരിക്കുമെന്നും അമേരിക്കയുടെ പങ്ക് കുറഞ്ഞ് കുറഞ്ഞ്, ചൈനക്ക് പിന്നിലാകുമെന്നും ഐ.എം.എഫ് പ്രവചിച്ചു! അമേരിക്ക, ലോകത്തിന്‍െറ സൂപ്പര്‍ സാമ്പത്തിക ശക്തി എന്ന നിലയില്‍നിന്ന് നിഷ്കാസനം ചെയ്യപ്പെടും എന്നര്‍ഥം.
ലോകപ്രസിദ്ധമായ സാമ്പത്തിക വിശകലന വിദഗ്ധരും മാനേജ്മെന്‍റ് പണ്ഡിതന്മാരുമായ പി.ഡബ്ള്യു.സിയുടെ പ്രവചനം 2050ല്‍, ലോക സാമ്പത്തിക രംഗത്ത് ഒന്നാംസ്ഥാനം ചൈനക്കും രണ്ടാം സ്ഥാനം ഇന്ത്യക്കും എന്നാണ് (ജി.ഡി.പി, പര്‍ച്ചേസ് പവര്‍ പാരിറ്റി പി.പി.പി- അടിസ്ഥാനത്തില്‍ കണക്കാക്കിയാണ് പി.ഡബ്ള്യു.സി ഈ നിഗമനത്തില്‍ എത്തിയത്). (പട്ടിക 1)
പി.ഡബ്ള്യു.സിയുടെ പ്രവചനം ശരിയാണെങ്കില്‍, 2050ല്‍ അമേരിക്ക ഇന്ത്യയുടെ പിന്നിലായിരിക്കും!
ലോകത്തിലെ കോടീശ്വരന്മാരില്‍ 40 ശതമാനത്തിലധികം അമേരിക്കയിലാണ്. ഏറ്റവും വലിയ വ്യവസായഭീമന്മാരുംമള്‍ട്ടിനാഷനല്‍ കമ്പനികളും പകുതിയിലധികം അമേരിക്കയില്‍ തുടങ്ങി ലോകമെങ്ങും വ്യാപിച്ചവയാണ്. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരന്‍ അമേരിക്കയാണ് (1280 ബില്യന്‍ ഡോളര്‍). ഏറ്റവും വലിയ ഇറക്കുമതിക്കാരനും അമേരിക്കയാണ് (1948 ബില്യന്‍ ഡോളര്‍). ഏറ്റവും വലിയ വ്യാപാര കമ്മിയും (Trade Deficit) അമേരിക്കയുടേതാണ് (668 ബില്യന്‍ ഡോളര്‍). കാരണം, കയറ്റുമതിയേക്കാള്‍ അമേരിക്ക ഇറക്കുമതി ചെയ്യുന്നു. ചൈനയുമായുള്ള വ്യാപാരത്തിലാണ് അമേരിക്കക്ക് ഏറ്റവുമധികം വ്യാപാര കമ്മി എന്നതാണ് വിചിത്രം. കാപിറ്റലിസ്റ്റ് അമേരിക്കയെ വ്യാപാരത്തിലും കടത്തിവെട്ടുന്നത് കമ്യൂണിസ്റ്റ് ചൈനയാണ് എന്നത് വിചിത്രമായി തോന്നാം!
ലോക രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പൊതുകടം (Public Debt) അമേരിക്കക്കാണ് (14.97 ട്രില്യന്‍ ഡോളര്‍). അമേരിക്കന്‍ വാര്‍ഷിക ദേശീയ സമ്പത്തിന്‍െറ (ജി.ഡി.പി) 99.7 ശതമാനമാണിതെന്നുകൂടി ഓര്‍ക്കുക! (2010 സെപ്റ്റംബര്‍).
ചൈന, കയറ്റുമതിയില്‍ അമേരിക്കയെ മറികടക്കാന്‍ അധികസമയം വേണ്ട. ചൈനയുടെ വിദേശ വ്യാപാരം 2210 ബില്യന്‍ ഡോളറാണ്. കയറ്റുമതി 1200 ബില്യന്‍ ഡോളറും ഇറക്കുമതി 1010 ബില്യന്‍ ഡോളറും. (2009 കണക്കുകള്‍).
ലോകത്തിന്‍െറ ഫാക്ടറി എന്നറിയപ്പെടുന്ന ചൈന ഉല്‍പാദനക്ഷമതയുടെയും മത്സരക്ഷമതയുടെയും കാര്യത്തില്‍ അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും മറ്റ് രാജ്യങ്ങളെയും ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു. (പട്ടിക 2)
കമ്യൂണിസത്തിനെതിരെ നിരന്തരം യുദ്ധം ചെയ്ത്, ജനലക്ഷങ്ങളെ ക്യൂബയിലും വിയറ്റ്നാമിലും പൈശാചികമായ യുദ്ധത്തിലൂടെ കൊന്നൊടുക്കിയ അമേരിക്കയില്‍, ട്രഷറി ബോണ്ടുകളില്‍ ഏറ്റവും അധികം നിക്ഷേപം ചൈനക്കാണ് എന്നത് മറ്റൊരു സത്യം. 4310 ബില്യന്‍ ഡോളര്‍ വരുന്ന അമേരിക്കന്‍ ട്രഷറി ബോണ്ടുകളില്‍, 906.8 ബില്യന്‍ ഡോളര്‍ നിക്ഷേപം നടത്തിയ ചൈനയാണ് അമേരിക്കയിലെ ഏറ്റവും വലിയ നിക്ഷേപക രാജ്യം. ജപ്പാനും യു.കെയും അറബ് രാജ്യങ്ങളും തൊട്ടുപിന്നാലെയാണ്. ഈ ബോണ്ടുകളുടെ വിശ്വാസ്യതക്ക് ക്ഷതംതട്ടിയതോടെ, അമേരിക്കയുടെ സാമ്പത്തിക സ്ഥാപനങ്ങള്‍ വീണ്ടും ഒരു പതനം അഭിമുഖീകരിക്കുമോ?
അമേരിക്കയുടെ ദേശീയ സമ്പത്തിന്‍െറ ചേരുവകള്‍തന്നെ അതിന്‍െറ അസ്ഥിരത പ്രതിഫലിപ്പിക്കുന്നുണ്ട്- കാര്‍ഷിക മേഖല 1.29 ശതമാനവും വ്യവസായിക മേഖല 21.9 ശതമാനവും സര്‍വീസ് മേഖല 76.9 ശതമാനവും. അമേരിക്കന്‍ ദേശീയ സമ്പത്തിന്‍െറ, സര്‍വീസ് മേഖലയോടുള്ള അഭിനിവേശം അസ്ഥിരതയുടെ വിത്ത് പാകി എന്നര്‍ഥം. ദേശീയ സമ്പത്തിന്‍െറ ഘടനയില്‍ ഇന്ത്യയും ചൈനയും കൂടുതല്‍ സന്തുലിതാവസ്ഥയോടെയുള്ള വികസനമാണ് നേടിയത് എന്നത് ശ്രദ്ധേയമാണ്. അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ദേശീയ സമ്പത്തിന്‍െറ (ജി.ഡി.പി) വിവിധ മേഖലകളുടെ പങ്ക്, ഈ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിരത പ്രതിഫലിപ്പിക്കുന്നു: (പട്ടിക 3)
സാമ്പത്തിക മാന്ദ്യം ഓഹരി വിപണിയെ ബാധിക്കുകയും  പ്രശസ്തിയുടെയും വിശ്വാസ്യതയുടെയും ഒൗന്നത്യങ്ങളില്‍ വിരാജിച്ചിരുന്ന നിരവധി ബാങ്കുകള്‍ തകരുകയും ചെയ്തപ്പോള്‍ അമേരിക്കന്‍ ജനത ദാരിദ്ര്യത്തിന്‍െറ കറുത്ത മുഖം കണ്ടു. സാമ്പത്തിക മേഖലയിലെ രാജാക്കന്മാര്‍ പലരും പാപ്പരായ കാഴ്ച സാമ്പത്തികമാന്ദ്യം ഏല്‍പിച്ച ആഘാതത്തിന്‍െറ ഞെട്ടലോടെ അമേരിക്കന്‍ ജനത കണ്ടു. തങ്ങളുടെ സമ്പാദ്യം മുഴുവനും ഓഹരി വിപണിയില്‍ നിക്ഷേപിച്ച അമേരിക്കയിലെ ഭൂരിഭാഗം ഇടത്തരക്കാര്‍ക്ക് വീടുകള്‍ വരെ നഷ്ടപ്പെട്ടു. ആത്മഹത്യയുടെ കഥകളും നിത്യ സംഭവമായി. ഒരു ശതമാനം വരുന്ന സാമ്പത്തിക സ്ഥാപനങ്ങളിലെ മേലാളന്മാരുടെ കെടുകാര്യസ്ഥത കാരണം തെരുവിലിറങ്ങേണ്ടിവന്ന 99 ശതമാനം വരുന്ന അമേരിക്കക്കാരുടെ നിരാശ ‘വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍’ പ്രക്ഷോഭങ്ങളിലൂടെ അമേരിക്ക മുഴുവന്‍ വ്യാപിക്കുകയാണ്.
തങ്ങളുടെ സമ്പത്തിനെ കവര്‍ന്നെടുത്ത് പാപ്പരായ ബാങ്കുകളെ കൊള്ളയടിക്കാര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, യൂറോപ്പിലും ജനങ്ങള്‍ തെരുവിലിറങ്ങിക്കഴിഞ്ഞു. സന്ദേശം വ്യക്തമാണ്. സാമ്പത്തിക വളര്‍ച്ച സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതായിരിക്കരുത്. സമ്പത്ത് സൃഷ്ടിക്കുന്നതിനോടൊപ്പം അതിന്‍െറ വിതരണവും നീതിപൂര്‍വമായിരിക്കണം. സമ്പദ് വിതരണത്തിന്‍െറ പാളിച്ചകളാണ് സാമ്പത്തിക മാന്ദ്യത്തിലൂടെ അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി വളരുന്ന ചൈനയിലും സാധാരണ ജനങ്ങള്‍ സംതൃപ്തരല്ല. അടിച്ചമര്‍ത്തപ്പെട്ട ജനത ജനാധിപത്യ മൂല്യങ്ങള്‍ തങ്ങള്‍ക്ക് നിഷേധിക്കുന്നത് തിരിച്ചറിയുന്നു. ചൈനയിലെ ഏക പാര്‍ട്ടി ഭരണത്തിലെ ഏകാധിപത്യ പ്രവണത ജനരോഷത്തിന് മുന്നില്‍ മാറുമെന്ന് തീര്‍ച്ച.
അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മുതലാളിത്ത വ്യവസ്ഥിതിയുടെ തകര്‍ച്ചയായോ കമ്യൂണിസ്റ്റ് ചൈനയുടെ സാമ്പത്തിക വളര്‍ച്ച കമ്യൂണിസത്തിന്‍െറ മികവായോ കാണുന്നത്, ഒരു സങ്കീര്‍ണ പ്രശ്നത്തെ നിസ്സാരവത്കരിക്കലാകും. ഉല്‍പാദനത്തെ മറന്ന് സേവനമേഖലയുടെ മാസ്മരികതയില്‍ മയങ്ങി, ഉപഭോഗ സംസ്കാരത്തിന്‍െറ വികൃതഭാവങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തു എന്നതാണ് അമേരിക്കയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചത്. കമ്യൂണിസത്തിലെ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളെ തിരസ്കരിച്ച് വിദേശ മൂലധനത്തെയും ടെക്നോളജിയെയും ആകര്‍ഷിച്ച്, മനുഷ്യശേഷിയെ വേണ്ടവിധം ഉപയോഗപ്പെടുത്തി എന്നതാണ് ചൈനയെ വിജയത്തിലെത്തിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി എന്ന സ്ഥാനത്ത് അമേരിക്കക്ക് അധികകാലം തുടരാനാകില്ല. ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈന മാറിക്കൊണ്ടിരിക്കുകയാണ് എന്ന അപ്രിയസത്യം, അന്താരാഷ്ട്ര നാണയനിധി പ്രവചിച്ചുകഴിഞ്ഞു. മാറുന്ന ഈ സമവാക്യങ്ങള്‍ സംഘര്‍ഷത്തിലേക്കാണോ നയിക്കുക, അതോ ചൈനയുടെയും അമേരിക്കയുടെയും ക്രിയാത്മകമായ സഹവര്‍ത്തിത്വം ലോക സമ്പദ് വ്യവസ്ഥയെ ഉന്നതങ്ങളിലേക്ക് നയിക്കുമോ? ആഗോള സാമ്പത്തികരംഗം ഏത് ദിശയിലൂടെ മുന്നേറണമെന്ന് നിശ്ചയിക്കുന്ന നിര്‍ണായക ശക്തികളായി ചൈനയും അമേരിക്കയും തൊട്ടുപിന്നില്‍ ഇന്ത്യയും ഉണ്ടാകും എന്നത് വ്യക്തമാണ്.
(കണ്ണുര്‍ തോട്ടട ചിന്മയ ഇന്‍സിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രഫസറാണ് ലേഖകന്‍)
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati