റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍/ ഫഹ്മീ ഹുവൈദി
 
വ്യതിരിക്തമായ നിലപാടുകൊണ്ട് തുര്‍ക്കിയുടെ ഉര്‍ദുഗാന്‍ ഒരിക്കല്‍കൂടി ലോക രാഷ്ട്ര നേതാക്കളില്‍ നിന്ന് വേറിട്ട് നിന്നു. ഇസ്രയേലിനോടുള്ള ഉറച്ച സമീപനം, മധ്യപൂര്‍വദേശ നാടുകളിലെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഇവയാണ് അദ്ദേഹത്തിന്റെ പ്രശസ്തിയുടെ ഗ്രാഫുയര്‍ത്തിയത്. സത്യസന്ധവും ധീരവുമായ ആ സംസാരങ്ങള്‍ ശ്രവിക്കാന്‍ ഇപ്പോള്‍ പതിവിലേറെ ശ്രോതാക്കളുണ്ട്. ജനവിരുദ്ധവും അധികാരമുഷ്‌കിന്റേതുമായ പല അരോചക ശബ്ദങ്ങളും നിലച്ചുകഴിഞ്ഞ വര്‍ത്തമാനകാല അറബ് നാടുകളില്‍ ഒരനറബി ശബ്ദത്തിനു ഇത്രയേറെ ആദരവുകള്‍ ലഭിക്കുന്നത് ഇതാദ്യമെന്ന് നിരീക്ഷിക്കപ്പെടുന്നു. കൂട്ടത്തില്‍ ഇസ്രയേലിലെ പത്രങ്ങള്‍ അദ്ദേഹത്തിനൊരു വിശേഷണവും നല്‍കി: ഇത് കാലഘട്ടത്തിന്റെ അബ്ദുന്നാസിര്‍.
 
സെപ്റ്റംബറില്‍ അദ്ദേഹം നടത്തിയ ഈജിപ്ത്, ലിബിയ, തുനീഷ്യ എന്നീ രാജ്യങ്ങളിലേക്കുള്ള പര്യടനം ആരംഭിക്കുന്നതിന് മുമ്പ് പ്രസിദ്ധ അറബ് കോളമിസ്റ്റ് ഫഹ്മീ ഹുവൈദിയുമായി അദ്ദേഹം ഉള്ളുതുറന്നു. ദീര്‍ഘസംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍:
 
 
ഇസ്രയേലുമായി നയതന്ത്ര ബന്ധങ്ങളും വ്യാപാര വാണിജ്യ സഹകരണങ്ങളും ക്രമപ്രവൃദ്ധമായി അവസാനിപ്പിക്കാനുള്ള തുര്‍ക്കിയുടെ തീരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു യുദ്ധത്തിന്റെ മണം മേഖലയില്‍ പതുക്കെ പരക്കുന്നതായി ഇസ്രയേലിന്റെ ചില വക്താക്കള്‍ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്
 
ആരെയും പരിഭ്രാന്തരാക്കുകയോ അത്ഭുതപ്പെടുത്തുകയോ ഞങ്ങളുടെ ലക്ഷ്യമല്ല. ഗസ്സയിലേക്കുള്ള ഞങ്ങളുടെ ദുരിതാശ്വാസ കപ്പലിനെ ആക്രമിച്ചതു മുതല്‍ ഇസ്രയേലിനോടുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. തുര്‍ക്കി ജനതയോടും സര്‍ക്കാറിനോടും മാപ്പ് പറയുക, അക്രമത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഗസ്സയോടുള്ള മനുഷ്യത്വരഹിതവും അന്യായവുമായ ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ മൂന്ന് ആവശ്യങ്ങളാണ് ഇസ്രയേലിന്റെ മുമ്പില്‍ ഞങ്ങള്‍ വെച്ചത്. ഒരു വര്‍ഷത്തിലധികമായി ഈ ആവശ്യങ്ങള്‍ ഞങ്ങളുന്നയിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, ഇസ്രയേല്‍ ഒന്നും കേട്ടില്ല, കണ്ടില്ല എന്ന് നടിക്കുകയാണ്.
 
ഇസ്രയേല്‍ ഒരിക്കല്‍ പോലും അതിന്റെ ചെയ്തികളെക്കുറിച്ച് പശ്ചാത്തപിച്ചിട്ടില്ല. നിയമങ്ങള്‍ക്ക് മീതെയാണ് ഇസ്രയേല്‍ സ്വന്തത്തെ പ്രതിഷ്ഠിക്കുന്നത്. തങ്ങള്‍ക്ക് അപ്രമാദിത്വമുണ്ടെന്ന് നടിക്കുകയും ചെയ്യുന്നു. ഈ സ്വയംപരികല്‍പനകള്‍ ഇന്നാ രാജ്യത്തെ ലാളിച്ചു വഷളായ ഒരു കുട്ടിയുടെ മാനസികതലത്തിലേക്കെത്തിച്ചിട്ടുണ്ട്. വികൃതിപ്പയ്യന്മാര്‍ സ്വന്തത്തിനു മാത്രമല്ല, ചുറ്റുപാടുമുള്ളവര്‍ക്കും തലവേദനയാണ്.
 
ഫലസ്ത്വീന്റെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ട് തീവ്രവാദം കളിക്കുന്നതില്‍ അവസാനിക്കുന്നില്ല ആ രാജ്യത്തിന്റെ തെമ്മാടിത്തങ്ങള്‍. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെയൊക്കെ നിഷ്‌കാസനം ചെയ്ത് ലോകത്തെ ഭോഷ്‌കനും മണ്ടനുമാക്കി നിലനിര്‍ത്തുവോളം അതിന്റെ കളി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ മറ്റുള്ളവരെ ആദരിക്കണമെന്നും പൊതുനിയമങ്ങള്‍ക്ക് വിധേയമാകണമെന്നും ഉപദേശിക്കുന്നത് ആ രാജ്യം ഇഷ്ടപ്പെടുന്നില്ല.
 
 
അപ്പോള്‍ ഒരു യുദ്ധ സാധ്യത നിലനില്‍ക്കുന്നില്ല എന്ന് തന്നെയാണോ?
 
തെറ്റുകള്‍ അംഗീകരിക്കുക എന്നത് ഇസ്രയേലിന്റെ പ്രകൃതമല്ല. ചുറ്റും മാറിയാലും ഞങ്ങള്‍ മാറില്ല എന്ന പിടിവാശിയിലാണാ രാജ്യം. ജനഹിതത്തെ മാനിക്കുകയും അവരുടെ അഭിമാനത്തിന് അങ്ങേയറ്റം വിലകല്‍പിക്കുകയും ചെയ്യുന്ന ഒരു ജനാധിപത്യവ്യവസ്ഥ തുര്‍ക്കിയില്‍ ഉണ്ടെന്നുള്ളത് അവര്‍ക്ക് പ്രശ്‌നമേയല്ല. അറബ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ അന്തസ്സത്ത ഉള്‍ക്കൊള്ളാനും അവര്‍ മുന്നോട്ട് വരുന്നില്ല. ജനശക്തിയും ജനശബ്ദവും കരുത്ത് നേടിക്കൊണ്ടിരിക്കുന്ന പുതിയ കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിക്കാനും അവര്‍ ശ്രമിക്കുന്നില്ല. ഈ വായനക്ക് ശ്രമിക്കുന്നവരെ അപമാനിക്കാനും അപായപ്പെടുത്താനുമാണ് ഇസ്രയേലിന്റെ ശ്രമം. എന്നാല്‍ ഇതൊന്നും തുര്‍ക്കിക്ക് പ്രശ്‌നമല്ല, പറയാനുള്ളത് തുര്‍ക്കി പറഞ്ഞുകൊണ്ടിരിക്കും. ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിധേയമാകണമെന്നും അന്തര്‍ദേശീയ സമാധാന പ്രക്രിയകള്‍ക്ക് തുരങ്കം വെക്കരുതെന്നും സമുദ്ര മേഖലയെ കളങ്കപ്പെടുത്തരുതെന്നുമാണ് തുര്‍ക്കി പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, യുദ്ധക്കൊതിയന്മാരായ ചില സയണിസ്റ്റ് തീവ്രവാദികളാണ് യുദ്ധത്തെക്കുറിച്ച് കാലാവസ്ഥാ പ്രവചനം നടത്തിക്കൊണ്ടിരിക്കുന്നത്.
 
 
അന്താരാഷ്ട്ര തെളിവെടുപ്പ് കമ്മിറ്റി (മുന്‍ ന്യൂസിലാന്റ് പ്രധാനമന്ത്രി ജെഫ്രി ബാല്‍മറിനെ തലവനാക്കിയാണ് ഐക്യരാഷ്ട്ര സഭ കമ്മിറ്റി രൂപവത്കരിച്ചത്) ഇസ്രയേലിനെ കുറ്റവിമുക്തമാക്കുകയുണ്ടായി. യാത്രക്കാര്‍ക്കെതിരെ ആയുധശക്തി തെറ്റായി ഉപയോഗിച്ചു എന്ന് മാത്രമാണ് കമ്മിറ്റി നിരീക്ഷിച്ചിരിക്കുന്നത്
 
ഈ റിപ്പോര്‍ട്ടിനു ഒരു വിലയുമില്ല. റിപ്പോര്‍ട്ട് നിര്‍മിച്ചവര്‍ക്കും അത് സംവിധാനം ചെയ്തവര്‍ക്കും തന്നെ നാണക്കേടാണിത്. ഗസ്സാ ഉപരോധത്തെ നിയമപരമാക്കാനും അധിനിവേശത്തെ വെള്ളപൂശാനുമാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സഹായിക്കുക. റിപ്പോര്‍ട്ട് കുപ്രസിദ്ധമാകുന്നത് അത് നല്‍കിയ വിവരങ്ങളിലുള്ള വൈരുധ്യം കൊണ്ട് മാത്രമല്ല, ഐക്യരാഷ്ട്രസഭയുടെ തത്ത്വങ്ങള്‍ക്ക് എതിരായതുകൊണ്ട് കൂടിയാണ്. അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ട് ഞങ്ങള്‍ അംഗീകരിക്കുന്ന പ്രശ്‌നമില്ല. സര്‍ക്കാര്‍,  ജനത എന്നീ രണ്ട് തലങ്ങളിലും ഞങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര മനസ്സാക്ഷിയുടെ മുന്നില്‍ ഞങ്ങളീ പ്രശ്‌നം വെക്കും. ഇസ്രയേലിന്റെ തുറന്ന ആക്രമണത്തെ സാക്ഷ്യപ്പെടുത്തുന്ന സുവ്യക്തമായ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്.
 
 
ഒന്ന് വിശദീകരിക്കാമോ?
 
ഗസ്സയുടെ തീരത്ത് നിന്ന് 78 മൈല്‍ അകലെ അന്തര്‍ദേശീയ സമുദ്രാതിര്‍ത്തിയിലായിരുന്നു തുര്‍ക്കി നേതൃത്വം നല്‍കിയ കപ്പല്‍ ഉണ്ടായിരുന്നത്. തീര്‍ത്തും നിരായുധമായിരുന്നു കപ്പലും കപ്പല്‍ യാത്രക്കാരും. ഗസ്സയിലേക്കുള്ള ദുരിതാശ്വാസ ഭക്ഷണ സാധനങ്ങള്‍ മാത്രമായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇസ്രയേല്‍ സൈന്യങ്ങള്‍ കപ്പലിനെ കടലില്‍ നിന്നും ആകാശത്ത് നിന്നും ആക്രമിച്ചു. മുപ്പത്തിമൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു കപ്പല്‍ യാത്രക്കാര്‍. ഇവരില്‍ ഒമ്പത് തുര്‍ക്കിക്കാരെ കൊലപ്പെടുത്തിയത് ആസൂത്രിതവും ബോധപൂര്‍വവുമായിരുന്നു. കൊല്ലപ്പെട്ട ഒമ്പത് പേരില്‍ തുര്‍ക്കി വംശജനായ 19 വയസ്സുള്ള ഒരു അമേരിക്കക്കാരനുമുണ്ടായിരുന്നു. മുപ്പത് സെ.മീ അകലത്ത് നിന്ന് അഞ്ച് വെടിയുണ്ടകളാണ് ഈ യുവാവിന്റെ നെറ്റിയില്‍ തുളച്ചുകയറിയത്. മറ്റുള്ളവര്‍ക്ക് മുപ്പത് ഉണ്ടകളും ഏറ്റു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിച്ചതാണ് ഈ വിവരങ്ങളത്രയും. അമേരിക്കന്‍ പ്രസിഡന്റിനോട് അമേരിക്കന്‍ പൗരന്റെ വധത്തെക്കുറിച്ച് പറഞ്ഞെങ്കിലും അദ്ദേഹം ഒന്നും പ്രതികരിച്ചില്ല.
 
ഈ കടന്നാക്രമണത്തിന്റെ വെളിച്ചത്തില്‍ ഇസ്രയേല്‍ എന്ന തുറന്ന ശത്രുവിനോട് വ്യക്തമായ ഒരു നിലപാടെടുക്കാതെ തുര്‍ക്കിയെ സംബന്ധിച്ചേടത്തോളം മറ്റൊന്നും കരണീയമായിരുന്നില്ല. ഇസ്രയേല്‍ ജനതയോടുള്ള വിദ്വേഷം കൊണ്ടല്ല ഞങ്ങളീ നിലപാടെടുക്കുന്നത്, ഭരണകൂടത്തിന്റെ രാഷ്ട്രീയ സദാചാരമില്ലായ്മക്കെതിരെയുള്ളതാണീ നിലപാട്. ഇസ്രയേലുമായുള്ള ബന്ധത്തേക്കാള്‍ സ്വന്തം ജനതയുടെ അഭിമാനവും അവരുടെ വ്യക്തിത്വവുമാണ് ഞങ്ങള്‍ക്ക് വലുത്. അതിനാല്‍ ഒന്നാമത്തെ ചുവടെന്ന നിലയില്‍ നേരത്തെ സൂചിപ്പിച്ച മൂന്ന് കാര്യങ്ങളാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ക്ഷമിക്കുകയും ഫലങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നന്നാകും എന്ന പ്രതീക്ഷയില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വൈകി പ്രസിദ്ധീകരിക്കുന്നതില്‍ പോലും അനുകൂലമായ നിലപാട് സ്വീകരിച്ചു. മാപ്പ് പറയാന്‍ സാധ്യമല്ലെന്ന് ഇതിനിടയിലും ഇസ്രയേല്‍ പരസ്യമായി പറഞ്ഞുകൊണ്ടിരുന്നു. അന്വേഷണകമീഷന്റെ റിപ്പോര്‍ട്ടിന്റെ പ്രകാശനം ഒരാറുമാസത്തേക്ക് കൂടി നീട്ടാന്‍ ഇസ്രയേല്‍ ചരട് വലിച്ചു (ലിബിയന്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി സെപ്റ്റംബര്‍ അഞ്ചിനു വ്യാഴാഴ്ച പാരീസില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് ഈ താല്‍പര്യം അമേരിക്കന്‍ വിദേശകാര്യമന്ത്രി ഹിലരി ക്ലിന്റന്‍ തുര്‍ക്കി വിദേശകാര്യമന്ത്രി അഹ്മദ് ദാവൂദ് ഒഗ്‌ലുവിനോട് പ്രകടിപ്പിച്ചത്. പക്ഷേ, അഹ്മദ് ദാവൂദ് ഈ നിര്‍ദേശം അംഗീകരിച്ചില്ല. ഇസ്രയേലിന്റെ അന്തിമ നിലപാട് അറിയിക്കാന്‍ പരമാവധി നല്‍കുന്ന സമയം ഒരാഴ്ചയാണെന്ന തുര്‍ക്കിയുടെ തീരുമാനം അദ്ദേഹം അറിയിക്കുകയും ചെയ്തു). എന്നാല്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ സെപ്റ്റംബര്‍ രണ്ടിനു ഒരമേരിക്കന്‍ പത്രം പുറത്തുവിട്ടപ്പോള്‍ തുര്‍ക്കി വീണ്ടും പ്രതികരിച്ചു.
 
നയതന്ത്രരംഗത്തും സൈനിക കരാറുകളിലും കാതലായ മാറ്റം വരുത്തിക്കൊണ്ട് ഇസ്രയേലുമായുള്ള ബന്ധങ്ങളില്‍ അഴിച്ചുപണി നടത്തുന്ന രണ്ടാം ഘട്ട പദ്ധതി(ബി)യുമായി തുര്‍ക്കി മുന്നോട്ട് പോയി. ഈ അടിസ്ഥാനത്തില്‍ ഇസ്രയേലിന്റെ അംബാസഡറെ സെപ്റ്റംബര്‍ ഏഴിനു ഞങ്ങള്‍ പുറത്താക്കി. ഇസ്രയേലിലെ ഞങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചു. നയതന്ത്രരംഗത്തെ ബന്ധം സെക്രട്ടറിതലത്തില്‍ പരിമിതപ്പെടുത്തി. സൈനിക കരാറുകള്‍ മരവിപ്പിച്ചു. തുര്‍ക്കി കപ്പലുകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് മേഖലയില്‍ നാവികസൈന്യത്തെ സജ്ജമാക്കി. ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബന്ധുക്കള്‍ക്ക് നീതി ലഭിക്കാന്‍ അന്താരാഷ്ട്ര കോടതികളില്‍ ഇസ്രയേലിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
 
 
മധ്യപൂര്‍വദേശ സമുദ്രത്തിലെ തുര്‍ക്കിയുടെ നാവികസൈന്യ സാന്നിധ്യം ഒരു യുദ്ധസാധ്യതയുടെ തോത് ഉയര്‍ത്തുന്നുണ്ട് എന്ന നിരീക്ഷണം വീണ്ടും ഞാന്‍ ആവര്‍ത്തിക്കുന്നു. തുര്‍ക്കി ഇസ്രയേലുമായുള്ള സൈനികകരാറുകള്‍ മരവിപ്പിച്ചതിന്റെ പ്രതിഫലനമെന്നോണം തെല്‍അവീവ് സ്റ്റോക്ക് മാര്‍ക്കറ്റ് തകരുകയുണ്ടായി
 
ഞങ്ങളുടെ സമുദ്രയാത്രയുടെ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഞങ്ങളുടെ നാവികസേനയുടെ ധര്‍മം. സുഗമമായ യാത്ര എല്ലാവരുടെയും അവകാശമാണെന്നത് പോലെ തുര്‍ക്കിയുടെയും അവകാശമാണത്. ഇതാര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. സമുദ്രം ഒരാളുടെയും കുത്തകയാക്കാന്‍ സാധ്യമല്ല. ഇസ്രയേലിന്റെ കുത്തകയെ ചോദ്യംചെയ്യുന്നത് സ്വാഭാവികമായും അവരെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധത്തെക്കുറിച്ച വര്‍ത്തമാനങ്ങള്‍ ദേശീയവും പ്രാദേശികവുമായ നീക്കങ്ങള്‍ ബലപ്പെടുത്തുന്നില്ല. അതേസമയം എതിര്‍ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന ഏത് നടപടികളെയും നേരിടാന്‍ തുര്‍ക്കി സദാ സന്നദ്ധമാണ്. അതെത്രമാത്രം അശുഭകരമാണെങ്കിലും.
 
 
തുര്‍ക്കി-ഫലസ്ത്വീന്‍ ബന്ധങ്ങള്‍?

 
അറബ് ലോകവുമായുള്ള ബന്ധം സ്ഥിരീകരിക്കാന്‍ തെളിവുകളും രേഖകളും ഹാജരാക്കേണ്ടതില്ല. സാമ്പത്തിക താല്‍പര്യങ്ങളേക്കാള്‍ മാനവികവും സാമൂഹികവുമായ ഘടകങ്ങളാണ് അറബ് ലോകവുമായുള്ള തുര്‍ക്കിയുടെ ബന്ധങ്ങള്‍ക്കടിസ്ഥാനം. ഫലസ്ത്വീന്‍ പ്രശ്‌നപരിഹാരം തുര്‍ക്കിയുടെ അന്തര്‍ദേശീയ അജണ്ടയുടെ മുന്‍ഗണനാക്രമത്തില്‍ ഒന്നാമതാണ്. അറബ് ലോകത്തെ വര്‍ത്തമാനകാല വിപ്ലവ വിജയങ്ങള്‍ തുര്‍ക്കിയുടേതുകൂടിയാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ലോകം അനേകം മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ച ഈ മാറ്റങ്ങളുടെ സുപ്രധാനമായ അടയാളങ്ങളില്‍ ഒന്നാണ്. എന്നാല്‍, ഈ മാറ്റങ്ങളില്‍ നിന്നെല്ലാം അടുത്തകാലം വരെ അറബ് ലോകം ബഹുദൂരം അകന്നുനില്‍ക്കുകയായിരുന്നു. വിശിഷ്യാ, പൗര സ്വാതന്ത്ര്യ വിഷയങ്ങളില്‍. ഇപ്പോഴത്തെ വിപ്ലവം വഴി ജനതയുടെ സ്വതന്ത്ര യുഗം ആരംഭിക്കുകയും ഏകാധിപത്യയുഗത്തിന്റെ അവസാനം കുറിക്കുകയും ചെയ്തിരിക്കുകയാണ്. ഇതില്‍ നിന്ന് എല്ലാവരും പാഠം പഠിക്കേണ്ടതുണ്ട്. പാഠം ഉള്‍ക്കൊള്ളാത്തവരെ സംബന്ധിച്ചേടത്തോളം ഇനി മറ്റൊന്നുകൊണ്ടും അവരെ മാറ്റുക സാധ്യമല്ല. ചരിത്രത്തിന്റെ ചക്രം മുന്നോട്ട് തിരിയുമ്പോള്‍ അതിന്റെ സൂചി പിറകോട്ട് തിരിക്കാം എന്ന് കരുതുന്നത് വ്യര്‍ഥമോഹം മാത്രമാണ്.
 
 
ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ഈജിപ്ഷ്യന്‍ യാത്രയുടെ സന്ദേശങ്ങള്‍ എന്തൊക്കെയാണ്?

 
അറബ് ലോകത്തേക്കുള്ള നിരവധി വാതായനങ്ങളില്‍ ഏറ്റവും വലിയ കവാടം ഈജിപ്ത് തന്നെയാണെന്ന് തുര്‍ക്കി മനസ്സിലാക്കുന്നു. അതുകൊണ്ട് ഈജിപ്തുമായുള്ള ബന്ധങ്ങളില്‍ പ്രത്യേക സ്ട്രാറ്റജി രൂപപ്പെടുത്തേണ്ടതുണ്ട്. സാമ്പത്തിക മേഖലയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കാനും വിശാലമാക്കാനും തുര്‍ക്കി ആഗ്രഹിക്കുന്നു.
 
 
അല്‍പം സൂക്ഷ്മതയോടെയും സംശയ ദൃഷ്ടിയോടെയുമായിരുന്നു ആദ്യകാലങ്ങളില്‍ തുര്‍ക്കിയുടെ ഈജിപ്ഷ്യന്‍ ബന്ധമെന്ന് അനുഭവപ്പെട്ടിട്ടുണ്ടോ?
 
ശരിയാണ്. പക്ഷേ, ഈ സൂക്ഷ്മത സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിച്ചു എന്നനുഭവമില്ല. വിസാ എമിഗ്രേഷന്‍ വിഷയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. അതേസമയം വ്യവസ്ഥകള്‍ക്ക് വിധേയമായി ഏതു സമയത്തും തുര്‍ക്കിയില്‍ ഇറങ്ങാന്‍ ഈജിപ്തുകാര്‍ക്ക് വിലക്കുകളില്ല. ഈവക വിഷയങ്ങളില്‍ ഈജിപ്തിന്റെ നിലപാടുകള്‍ മനസ്സിലാക്കാനും അഭിപ്രായങ്ങള്‍ മാനിക്കാനും തുര്‍ക്കി പ്രതിജ്ഞാബദ്ധമാണ്. വിപ്ലവാനന്തര ഈജിപ്തിന്റെ നീക്കങ്ങളും ഗതിയും ശരിയായ ദിശയിലാണെന്ന് തുര്‍ക്കി മനസ്സിലാക്കുന്നു. പുരോഗതിയുടെയും വികസനത്തിന്റെയും ശരിയായ പാതയിലാണവര്‍. ഇത് അറബ് ലോകത്തിനു മുമ്പില്‍ പ്രതീക്ഷയുടെയും ശുഭാപ്തിയുടെയും വഴികളാണ് തുറന്നിരിക്കുന്ത്.
 
 
സിറിയയെക്കുറിച്ച് എന്തു പറയുന്നു?

 
ഇരു രാജ്യങ്ങള്‍ക്കിടയില്‍ എല്ലാ മേഖലകളിലും സഹകരണം ഉറപ്പുവരുത്തുന്ന ഏറ്റവും ഊഷ്മളമായ ബന്ധമായിരുന്നു സിറിയയുമായി ഞങ്ങളുടേത്. പക്ഷേ, കാര്യങ്ങള്‍ക്ക് മാറ്റം സംഭവിച്ചത് സാമൂഹികവിപ്ലവത്തിന്റെ സ്വാതന്ത്ര്യക്കാറ്റ് ആഞ്ഞുവീശിയപ്പോഴാണ്. ജനതയുടെ വിപ്ലവബോധത്തെയും ന്യായമായ അവകാശങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അടിച്ചമര്‍ത്തി തല്ലിക്കെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങളുടെ കൂടുതല്‍ ശ്രദ്ധ സിറിയ കവര്‍ന്നു. പക്ഷേ, ഈ അടിച്ചമര്‍ത്തല്‍ സിറിയക്കാരുടെ ആത്മവീര്യം കെടുത്താന്‍ ഉപകരിച്ചില്ല എന്നു മാത്രമല്ല, അവരുടെ രോഷത്തെ ആളിക്കത്തിക്കാന്‍ മാത്രമേ ഉപകരിച്ചുള്ളൂ. പിന്നെയത് സിറിയന്‍ തെരുവുകളില്‍ രക്തമൊഴുക്കി. അത് ഞങ്ങളെ നിരാശരാക്കി.  നിലവിലുള്ള പ്രതിസന്ധിയുടെ ഗൗരവം ബോധ്യപ്പെടുത്തി പ്രസിഡന്റ് ബശ്ശാറുമായി അപ്പോള്‍ സംസാരിച്ചു. ബാഹ്യശക്തികള്‍ സിറിയയെ ലക്ഷ്യമിട്ടുകഴിഞ്ഞതിനാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അനിവാര്യമായ എല്ലാ കാര്യങ്ങളും കൈക്കൊള്ളണമെന്നും പ്രക്ഷോഭകരുടെ ആവശ്യങ്ങളെ പരിഗണിക്കണമെന്നും അദ്ദേഹത്തോട് ഞങ്ങളാവശ്യപ്പെട്ടു.
 
സംഭാഷണത്തിലൂടെ നല്‍കപ്പെട്ട ഉറപ്പുകള്‍ നടപ്പാക്കുന്നു എന്ന് വിലയിരുത്താന്‍ പിന്നീട് തുര്‍ക്കി വിദേശകാര്യമന്ത്രി ദമസ്‌കസ് സന്ദര്‍ശിച്ചു.
 
എന്നാല്‍, സിറിയന്‍ മണ്ണില്‍ നടന്നുകൊണ്ടിരിക്കുന്നത് മറ്റൊന്നായിരുന്നു. ഞങ്ങള്‍ക്ക് നല്‍കപ്പെട്ട ഉറപ്പുകള്‍ക്ക് ഒരു വിലയുമുണ്ടായിരുന്നില്ല. മര്‍ദനവും പീഡനവും അവസാനിപ്പിക്കാന്‍ യാതൊരു ശ്രമവും കാണുന്നില്ല. മറുവശത്ത് സിറിയന്‍ പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരുന്നു. ആയുധവും ഭീഷണിയും പ്രശ്‌നപരിഹാരമല്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇതിനിടയിലും സിറിയന്‍ ഭരണാധികാരികളോട് ഞങ്ങളുടെ സംസാരവും ഉപദേശങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു. പ്രക്ഷോഭകരുമായി സന്ധിസംഭാഷണം വഴി പ്രശ്‌നപരിഹാരം പ്രതീക്ഷിച്ചെങ്കിലും സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ സമയം വെറുതെ ഒടുങ്ങിക്കൊണ്ടിരുന്നു. പ്രതീക്ഷ കൈവിടാതെ, സിറിയന്‍ പ്രസിഡന്റിനെ വീണ്ടും വിളിച്ചു. പട്ടണങ്ങളില്‍ നിന്ന് കവചിത വാഹനങ്ങളെ പിന്‍വലിക്കുക, കല്‍തുറുങ്കിലടക്കപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരെ വിമോചിപ്പിക്കുക, അന്യായമായ അടിയന്തരാവസ്ഥ ഉടന്‍ പിന്‍വലിക്കുക, ബഅ്‌സ് പാര്‍ട്ടിയുടെ കുത്തക അവസാനിപ്പിച്ച് വിവിധ രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുക, ജനാഭിലാഷം മാനിക്കുന്ന, അവരാഗ്രഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രൂപവത്കരണം സാധ്യമാക്കുന്ന വിധത്തില്‍ പൊതുജന സ്വാതന്ത്ര്യം അനുവദിക്കുക ഈ നിര്‍ദേശങ്ങള്‍ സിറിയന്‍ പ്രസിഡന്റിന്റെ മുമ്പില്‍ ഞങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
 
 
സിറിയയുടെ പ്രതികരണം എന്തായിരുന്നു?
 
പ്രവര്‍ത്തനങ്ങളുടെ സ്ഥിരീകരണമില്ലാത്ത കേവലം വാചോടാപങ്ങള്‍ മാത്രമായിരുന്നു ഞങ്ങള്‍ കേട്ടുകൊണ്ടിരുന്നത്.
 
 
മൂവായിരത്തോളം സിവിലയന്മാരെ കൊന്നൊടുക്കുകയും അതിനേക്കാളേറെ പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും നിരവധി പേരെ കല്‍തുറുങ്കിലടക്കുകയും ചെയ്തുകഴിഞ്ഞിരിക്കേ, സ്ഥിതിഗതികള്‍ എങ്ങനെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്?

 
സമാധാനശ്രമങ്ങള്‍ അവിരാമമായി തുടരാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. സിറിയയുമായി സാധാരണയില്‍ കവിഞ്ഞ ബന്ധം ഞങ്ങള്‍ക്കുണ്ട്. 910 കിലോമീറ്റര്‍ നീളത്തില്‍ അതിര്‍ത്തി പങ്കിടുന്ന സിറിയയുമായി എല്ലാ മേഖലകളിലും പൂര്‍ണമായ സഹകരണമുണ്ട്. എന്നാല്‍, ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയുന്നു: ആത്യന്തികമായി ഞങ്ങളുടെ കടപ്പാടും പരിഗണനയും സിറിയന്‍ ജനതയോടാണ്. ആ നാടിന്റെ അരക്ഷിതാവസ്ഥ തുര്‍ക്കിയുടെ ഉറക്കം കെടുത്തും. അതിനാല്‍ സിറിയയുടെ ഭാവിയെ സംബന്ധിച്ച ഞങ്ങളുടെ ആശങ്ക മറച്ചുവെക്കുന്നില്ല.
 
 
നിങ്ങളെ ഏറ്റവും അസ്വസ്ഥപ്പെടുത്തുന്ന ഘടകമെന്താണ്?

 
സംഭവങ്ങളുടെ ഗതിവിഗതികള്‍ അലവി-സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ ആഭ്യന്തരകലാപം വിളിച്ചുവരുത്തുന്ന തലത്തിലേക്ക് നീങ്ങുന്നുവോ എന്നാശങ്കിക്കേണ്ടിയിരിക്കുന്നു. ഭരണരംഗത്തും സൈനിക സുരക്ഷാ മേഖലകളിലും അലവികള്‍ക്കാണ് മേധാവിത്വം. നിലവിലെ പ്രക്ഷോഭം ശക്തിപ്പെടുന്നതിനു കാരണം ഈ മേധാവിത്വത്തിനെതിരായുള്ള രോഷം മാത്രമായിരിക്കില്ല. മറിച്ച്, മദ്ഹബുപരമായ പക്ഷപാതിത്വം കൂടി പ്രക്ഷോഭത്തെ ആളിക്കത്തിക്കും. അപകടകരമായ ഈ കാര്‍ഡാണ് ഇപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ലഭ്യമായ വിവരമനുസരിച്ച് ശബീഹ വിഭാഗത്തില്‍ നിന്ന് ചെറിയൊരു പക്ഷം അലവിയാക്കളോടൊപ്പം ചേര്‍ന്നത് അവര്‍ക്കിടയിലും സുന്നിക്കള്‍ക്കുമിടയിലെ വിടവിനെ വലുതാക്കിയിട്ടുണ്ട്. ഇത്തരം വിദ്വേഷജനകമായ വിടവുകളില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് എത്രമാത്രം നീചമാണ്. മദ്ഹബ് വക്താക്കള്‍ക്ക് ഇത്തരം കളികളില്‍ നിന്ന് നേട്ടമൊന്നും നേടാന്‍ കഴിയില്ല. അധികാര ദുരമൂത്ത രാഷ്ട്രീയ ദല്ലാളന്മാര്‍ കളിതുടര്‍ന്നുകൊണ്ടിരിക്കുന്നത് അവരുടെ നേട്ടങ്ങള്‍ക്ക് മാത്രമാണ്. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ദീര്‍ഘവീക്ഷണവും സത്യസന്ധമായ ലക്ഷ്യവുമില്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും.
 
 
താങ്കള്‍ നിര്‍ദേശിക്കുന്ന പ്രശ്‌നപരിഹാരം?

 
ജനവികാരം നിര്‍വീര്യമാക്കുകയും ജനഹിതം അത്യാഹിതപ്പെടുത്തുകയും ചെയ്ത് പ്രസിഡന്റ് പദവിയില്‍ ബശ്ശാര്‍ തുടരുവോളം പ്രശ്‌നം അപരിഹാര്യമായി തുടരും. പന്ത് ബശ്ശാറിന്റെ കോര്‍ട്ടിലാണ്. നന്നായി കളിച്ചില്ലെങ്കില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവരും. അറബ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍ പോസിറ്റീവായെടുത്തുകൊണ്ട് ജനശബ്ദം ശ്രവിക്കണമെന്ന് തുടക്കത്തിലേ ബശ്ശാറുല്‍ അസദിനോട് ആവര്‍ത്തിച്ച് ഞങ്ങള്‍ പറഞ്ഞതാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അദ്ദേഹം ഒന്നും ചെവികൊണ്ടില്ല. ഒന്നും ചെയ്തതുമില്ല.
 
 
സിറിയയുടെ സഹായിയും അനുകൂലിയുമാണ് ഇറാന്‍. തുര്‍ക്കിക്കെതിരെയുള്ള മാധ്യമ യുദ്ധം കൊഴുപ്പിക്കുന്നതില്‍ സിറിയന്‍ കോളമിസ്റ്റുകള്‍ മാത്രമല്ല, ചില ഇറാന്‍ തൂലികകളും പങ്കു വഹിക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ വാരത്തില്‍, സിറിയന്‍ ജനതക്കെതിരെ ആയുധം ഉപയോഗിക്കുന്നതിനെതിരെ ഇറാന്‍ പ്രസിഡന്റ് അഹ്മദ് നിജാദ് നടത്തിയ പ്രസ്താവന ആശ്ചര്യമുളവാക്കുന്നതാണ്. ഇറാന്റെ നിലപാട് മാറ്റമായി ഇതിന് കാണാമോ?
 
ഔദ്യോഗിക ബന്ധങ്ങളെ ബാധിക്കുന്ന വിധത്തില്‍ ഇറാന്‍ നിലപാട് മാറിയതായി അനുഭവപ്പെട്ടിട്ടില്ല. സാമ്പത്തിക സഹകരണങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരത്തെതന്നെ ശക്തമാണ്. തുര്‍ക്കിക്ക് ഗ്യാസ് നല്‍കുന്നതില്‍ ഒന്നാം സ്ഥാനം ഇറാനാണ്. നിലവിലെ 10 ബില്യന്‍ കച്ചവട ഇടപാട് 2015-ല്‍ 15 ബില്യനാക്കി ഉയര്‍ത്താന്‍ കരാറായിട്ടുണ്ട്. മീഡിയ മിക്കപ്പോഴും അവരുടെ മനോഗതങ്ങള്‍ മാത്രമാണ് നല്‍കുന്നത്. അവയെ ഔദ്യോഗിക നിലപാടായും സര്‍ക്കാറിന്റെ പത്രക്കുറിപ്പായും തെറ്റിദ്ധരിക്കരുത്.
 
 
എന്നാലും നിജാദിന്റെ സിറിയയോടുള്ള ഭാഷയില്‍ സാരമായ മാറ്റം പ്രകടമാണ്. താങ്കളും ശ്രദ്ധിച്ചിരിക്കുമല്ലോ.
 
അതെ. ഇറാന്റെ ഭാഷയെ യാഥാര്‍ഥ്യബോധ്യമുള്ളതാക്കിയതില്‍ തുര്‍ക്കി ചെറുതല്ലാത്ത പങ്ക് വഹിച്ചു എന്ന് ഞാന്‍ കരുതുന്നു. കൂടിയാലോചനകളും ബന്ധങ്ങളും ഊഷ്മളമായി ഇരുവര്‍ക്കുമിടയില്‍ നിലനില്‍ക്കുന്നതിനാല്‍ കാര്യങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കുന്നുണ്ടാകാം. സ്വേഛാധിപത്യത്തിനും മര്‍ദനമുറകള്‍ക്കും കീഴില്‍ സിറിയക്ക് ഭാവിയില്ല. ഭരിക്കുന്നവര്‍ സ്വന്തം ജനതയുടെ വിശ്വാസം നേടേണ്ടത് സ്ഥിരതയാര്‍ന്ന ഭരണത്തിന് അത്യാവശ്യമാണ്. ഇതറിയാതെ സ്ഥിതിഗതികള്‍ പൂര്‍ണമായും വഷളാക്കുന്ന സമീപനം ആരില്‍ നിന്നും ഉണ്ടായിക്കൂടാ. അവസരങ്ങള്‍ കൈവിട്ട് കൈവിരല്‍ കടിച്ചതുകൊണ്ട് കാര്യമില്ല. ഇത്രയും കാര്യങ്ങള്‍ വളരെ ഗൗരവത്തിലും ഗുണകാംക്ഷാപൂര്‍വവും നിജാദിനെ നേരിട്ട് തന്നെ ധരിപ്പിച്ചു. ഞങ്ങളുടെ നിലപാടുകളോട് അനുഭാവപൂര്‍ണമായ നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ഉടനെ നടക്കാനിരിക്കുന്ന, തുര്‍ക്കി വിദേശകാര്യമന്ത്രിയുടെ തെഹ്‌റാന്‍ ഔദ്യോഗിക സന്ദര്‍ശനം ഈ രംഗത്തെ വളര്‍ച്ച വിലയിരുത്താന്‍ കൂടിയുള്ളതാണ്. താമസിയാതെ, ഞാനും തെഹ്‌റാന്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇവയൊക്കെ തീര്‍ച്ചയായും ഞങ്ങള്‍ക്കിടയിലെ ബന്ധങ്ങളെ ബലപ്പെടുത്താന്‍ സാധ്യതയുണ്ട്.
 
 
ഖദ്ദാഫിയുമായി വലിയ സാമ്പത്തിക സഹകരണങ്ങള്‍ നിലനിര്‍ത്തുന്ന തുര്‍ക്കി പുതിയ ലിബിയന്‍ സംഭവവികാസങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

 
ഹുസ്‌നി മുബാറക്കിന്റെയും സൈനുല്‍ ആബിദീന്റെയും പര്യവസാനത്തില്‍ നിന്ന് ഖദ്ദാഫി ഒരു പാഠവും ഉള്‍ക്കൊണ്ടിട്ടില്ല. തുര്‍ക്കിയുടെ ലിബിയന്‍ സഹകരണങ്ങള്‍ നിലനിന്നതും നിലനില്‍ക്കുന്നതും ആ സര്‍ക്കാറിനോടുള്ള മനോഭാവത്തേക്കാളുപരി ആ ജനതയോടുള്ള കടപ്പാടിന്റെ ഭാഗമാണ്. ഭരണകര്‍ത്താക്കള്‍, ഭരണീയര്‍ ഇവക്കിടയില്‍ ആരെ പിന്തുണക്കുമെന്നത് വിഷയമായി വരുമ്പോള്‍ ഞങ്ങളെപ്പോഴും ഭരണീയരുടെ ഭാഗത്തായിരിക്കും.
 
 
ഖദ്ദാഫി ഭരണകൂടത്തെ കടപുഴക്കിയതില്‍ നാറ്റോ സഖ്യവും പടിഞ്ഞാറന്‍ രാജ്യങ്ങളും വഹിച്ച പങ്കിനെക്കുറിച്ചെന്ത് പറയുന്നു? ഇവരുടെ ഇടപെടലുകള്‍ സത്യസന്ധമാണോ, അതോ പെട്രോളില്‍ കണ്ണ് വെച്ച കാപട്യമോ?

 
രണ്ട് സംഗതികള്‍ പറയട്ടെ. ഒന്ന്, ലിബിയന്‍ വിഷയത്തില്‍ അന്താരാഷ്ട്ര ഇടപെടലുകള്‍ക്ക് തുര്‍ക്കി എതിരാണ്. രണ്ട്, ലിബിയന്‍ എണ്ണയില്‍ പടിഞ്ഞാറിന് ഒരവകാശവുമില്ല. അതത്രയും ലിബിയന്‍ ജനതയുടെ സ്വത്താണ്. ലിബിയന്‍ ജനകീയ വിപ്ലവത്തെ സഹായിക്കാന്‍ ഫ്രാന്‍സ് അവിടെ സാന്നിധ്യം അറിയിച്ചുവെങ്കിലും ഇതര രാജ്യങ്ങളോടുള്ള അവരുടെ സഹായാഭ്യര്‍ഥന കാര്യമായി ആരും ചെവികൊണ്ടില്ല.
 
 
അന്താരാഷ്ട്ര ഇടപെടലിനെ യാഥാര്‍ഥ്യമാക്കിയത് നാറ്റോ സഖ്യമാണ്. തുര്‍ക്കിയും അതില്‍ പങ്കാളിയാണ്?

 
ഒരുഭാഗത്ത് ജനകീയ വിപ്ലവത്തെ തല്ലിക്കെടുത്താന്‍ നാനാവിധത്തിലും ശ്രമിച്ചുകൊണ്ടിരിക്കുന്ന സര്‍വായുധവിഭൂഷിതരായ ഖദ്ദാഫിയന്‍ സൈന്യം, മറുഭാഗത്ത് ഇവയെ പ്രതിരോധിക്കാന്‍ നാറ്റോ സഖ്യത്തിന്റെ സഹായങ്ങളും. അന്തിമ വിശകലനത്തില്‍ രണ്ട് പക്ഷം ചേരുന്നതും തെറ്റാണ്. പക്ഷേ, താരതമ്യേന ദോഷം കുറഞ്ഞ പക്ഷം തെരഞ്ഞെടുക്കാന്‍ നിലവിലെ സാഹചര്യം നിര്‍ബന്ധിച്ചപ്പോള്‍ ലിബിയക്കാര്‍ നാറ്റോ സഖ്യത്തോടൊപ്പം ചേര്‍ന്നു.
 
ഇനി തുര്‍ക്കിയുടെ പങ്കിനെക്കുറിച്ച്: തുര്‍ക്കിയുടെ ആയുധം ലിബിയക്കാര്‍ക്ക് നേരെ മാത്രമല്ല, ഒരറബിക്കെതിരെയും ഉപയോഗിക്കുന്നതിന് ഞങ്ങള്‍ തീര്‍ത്തും എതിരാണ്. പിന്നെ തുര്‍ക്കിയുടെ നാറ്റോ സഖ്യത്തിലെ അംഗത്വമെന്നത് ചില സാങ്കേതികതകളില്‍ മാത്രം പരിമിതമാണ്.
 
 
ലിബിയയെ പുനര്‍നിര്‍മിക്കുന്നതില്‍ പലരും മത്സരത്തിലാണ്. തുര്‍ക്കിയും മത്സരാര്‍ഥിയാണോ?

 
നിലവില്‍ പ്രാബല്യത്തിലുള്ള കരാറുകള്‍ നടപ്പാക്കുന്നതിലായിരിക്കും ഞങ്ങളുടെ പ്രഥമ പരിഗണന. ഇരു രാജ്യങ്ങള്‍ക്കിടയില്‍ വിമാന സര്‍വീസുകള്‍ ഒരാഴ്ചക്കകം പുനരാരംഭിക്കും. ലിബിയ പൂര്‍ണമായ സമാധാനത്തിലേക്ക് മടങ്ങുന്ന മുറക്ക് ഞങ്ങളുടെ ബന്ധങ്ങളും സഹകരണങ്ങളും സാധാരണഗതി പ്രാപിക്കും. ഞങ്ങളുടെ കൊള്ളക്കൊടുക്കകള്‍ പൊടുന്നനെ ഉണ്ടായതല്ല, അത് വ്യക്തിയധിഷ്ഠിതമോ സമയബന്ധിതമോ അല്ല.
 
 
പ്രശ്‌നങ്ങളെ പൂജ്യവത്കരിക്കുക(Zero problem policy) എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് തുര്‍ക്കി വിദേശകാര്യവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന പര്യടനപരിപാടികള്‍ക്ക് പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ പ്രസക്തിയുണ്ടോ? ഉണ്ടെങ്കില്‍ ഭേദഗതികള്‍ വേണ്ടതുണ്ടോ?

 
പ്രശ്‌നങ്ങളെ പൂജ്യവത്കരിക്കുക എന്ന് പറഞ്ഞാല്‍ എല്ലാ പ്രതിസന്ധികളെയും പ്രയാസങ്ങളെയും പൂര്‍ണമായും തുടച്ചുനീക്കുക എന്നല്ല ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. മറിച്ച്, പ്രതിസന്ധികളെ തിരിച്ചറിയുകയും അവക്ക് പരിഹാരം കാണുകയും ചെയ്യുക എന്നതാണ്. പ്രശ്‌നപ്രതിസന്ധികളുടെ നടുവില്‍ ഒരു രാജ്യത്തിനും വികസിക്കാനും പുരോഗതി കൈവരിക്കാനും സാധ്യമല്ല. പ്രതിസന്ധികളെ പൂജ്യവത്കരിക്കുക എന്ന സന്ദേശം ഞങ്ങളുയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ സന്ദേശമാണ്. ഞങ്ങളുടെയും അയല്‍പക്കങ്ങളുടെയും മൊത്തം ലോകത്തിന്റെയും ആരോഗ്യകരമായ നിലനില്‍പിനായി ഈ സന്ദേശം ഞങ്ങള്‍ എന്നും ഉയര്‍ത്തും.
 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


ഫഹ്മീ ഹുവൈദി
 
തുര്‍ക്കിയില്‍ നടന്നത് കേവലം പാര്‍ലമെന്റ് തെരഞ്ഞെടുപ്പായിരുന്നില്ല; രണ്ടാം തുര്‍ക്കി റിപ്പബ്ലിക്കിന്റെ പിറവിയായിരുന്നു. പട്ടാളഭരണത്തില്‍ നിന്ന് നിയമവാഴ്ച പുലരുന്ന ഒരു പുതിയ രാഷ്ട്രത്തിലേക്കുള്ള പ്രയാണം. പട്ടാള അട്ടിമറികള്‍ക്ക് ഇതോടെ വിരാമമായെന്ന് തുര്‍ക്കി ജനതയോടൊപ്പം നമുക്കും വിളിച്ചു പറയാം. 1960 മുതല്‍ നിരവധി പട്ടാള അട്ടിമറികള്‍ തുര്‍ക്കിയില്‍ നടന്നിട്ടുണ്ട്. ഇതില്‍ നാലാമത്തേത് 'ധവള' അട്ടിമറിയായിരുന്നു. രക്തച്ചൊരിച്ചില്‍ ഉണ്ടായില്ലെന്നര്‍ഥം. പ്രധാനമന്ത്രിയായിരുന്ന നജ്മുദ്ദീന്‍ അര്‍ബകാനെ പട്ടാളം നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നു. 1997-ലാണ് സംഭവം. അഞ്ചാമത്തെ അട്ടിമറിക്ക് 2007-ല്‍ കോപ്പ് കൂട്ടിയെങ്കിലും അത് അലസിപ്പോയി. അതിന്റെ നൂലാമാലകള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല.
 
തുര്‍ക്കിക്ക് പുതിയ ഒരു ഭരണഘടന വേണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഏകാഭിപ്രായമാണ്. 1980-ലെ അട്ടിമറിയെ തുടര്‍ന്ന് പട്ടാളം അടിച്ചേല്‍പിച്ച ഭരണഘടനയാണ് ഇപ്പോള്‍ നിലവിലുള്ളത്. അത് ദൂരെക്കളയണമെന്ന കാര്യത്തില്‍ ഒരാള്‍ക്കുമില്ല തര്‍ക്കം. നിലവിലുള്ള ഭരണഘടനയില്‍ പട്ടാളത്തിന്റെ കാല്‍ചുവട്ടിലാണ് മൊത്തം രാഷ്ട്രീയ ഘടനയുടെയും സ്ഥാനം. നീതിന്യായ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍ അതി തീവ്ര സെക്യുലരിസത്തിന്റെ പിടിയുറപ്പിക്കുന്ന വ്യവസ്ഥകളും അതിലുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഇരുപതുകളില്‍ തുര്‍ക്കി റിപ്പബ്ലിക്ക് സ്ഥാപകന്‍ കമാല്‍ അത്താതുര്‍ക്ക് തുടങ്ങിവെച്ച അതേ രാഷ്ട്രീയം തന്നെ. ആ രാഷ്ട്രീയം സമൂഹത്തിന് എന്നേ മടുത്തു കഴിഞ്ഞിരുന്നു. അനുവദിക്കപ്പെട്ട ജനാധിപത്യ രീതികളിലൂടെ ആ ബന്ധനത്തില്‍ നിന്ന് കുതറിച്ചാടാന്‍ ജനം ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഏറ്റവും പ്രകടമായ അടയാളമായിരുന്നു 1950-ലെ തെരഞ്ഞെടുപ്പ്. ഡമോക്രാറ്റിക് പാര്‍ട്ടിയെയാണ് അന്ന് ബഹുഭൂരിപക്ഷവും പിന്തുണച്ചത്. അത്താതുര്‍ക്കിന്റെ പാര്‍ട്ടി ദയനീയ പരാജയം ഏറ്റുവാങ്ങി. നീണ്ട 17 വര്‍ഷത്തെ സമ്പൂര്‍ണ മേല്‍ക്കോയ്മക്ക് ശേഷമായിരുന്നു പാര്‍ട്ടിയുടെ ഈ പരാജയം.
 
സമാധാനവും സാമൂഹിക രാഷ്ട്രീയ സുരക്ഷിതത്വവും നല്‍കാന്‍ ഭരണഘടനാപരമായിത്തന്നെ 'ബാധ്യസ്ഥമായ' പട്ടാളത്തിന് ഈ മാറ്റങ്ങളൊന്നും പൊറുപ്പിക്കാന്‍ പറ്റുമായിരുന്നില്ല. അങ്ങനെ പട്ടാളം 1960-ല്‍ റിപ്പബ്ലിക്കിന്റെ തണലില്‍ തന്നെ അട്ടിമറിക്ക് സമാരംഭം കുറിച്ചു. എന്നിട്ട് ഒരു അന്വേഷണ സമിതി തട്ടിക്കൂട്ടിയുണ്ടാക്കി. തുര്‍ക്കി പ്രസിഡന്റ്, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി എന്നിവരെ തൂക്കിക്കൊല്ലണമെന്നായിരുന്നു സമിതിയുടെ വിധി. എന്തോ കാരണത്താല്‍ പ്രസിഡന്റ് വധശിക്ഷയില്‍ നിന്ന് ഒഴിവായി. മറ്റു മൂന്നു പേരെയും വധിച്ചു. അന്ന് വധിക്കപ്പെട്ട തുര്‍ക്കി പ്രധാനമന്ത്രിയാണ് അദ്‌നാന്‍ മെന്‍ദരിസ്.
 
തുര്‍ക്കിക്ക് ഒരു പുതിയ ഭരണഘടനയുണ്ടാക്കും എന്ന് പ്രഖ്യാപിച്ചതിലൂടെ, അദ്‌നാന്‍ മെന്‍ദരിസ് ഉള്‍പ്പെടുന്ന ജനാധിപത്യത്തിന്റെ ഈ ആദ്യകാല രക്തസാക്ഷികളെ ആദരിക്കുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അമ്പതുകളില്‍ ജനായത്തമെന്ന പുസ്തകത്തിന്റെ ആദ്യാക്ഷരങ്ങള്‍ രക്തംകൊണ്ട് കുറിച്ചിട്ടവരാണല്ലോ അവര്‍. ആ പുസ്തകത്തിന്റെ അവസാന അധ്യായമായിരിക്കും നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഭരണഘടന. ഇസ്തംബൂള്‍ നഗരത്തിലെ എ.കെ പാര്‍ട്ടി അധ്യക്ഷന്‍ അസീസ് ബാബുതശുവിന്റെ അഭിപ്രായമാണിത്.
 
പ്രതിപക്ഷത്തുള്ള പീപ്പ്ള്‍സ് പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ ഓഗോസ് സാലീതശിക്കും പുതിയ ഭരണഘടന വേണമെന്ന് തന്നെയാണ് അഭിപ്രായം. പക്ഷേ, ആ ഭരണഘടന ഉണ്ടാക്കാന്‍ പോകുന്ന (എ.കെ) പാര്‍ട്ടിയെക്കുറിച്ച് പീപ്പ്ള്‍സ് പാര്‍ട്ടിക്ക് ഒട്ടുവളരെ സംശയങ്ങളുണ്ട്.
 
 
* * * * *
 
ആധുനിക തുര്‍ക്കിയുടെ ചരിത്രത്തിലെ വിധിനിര്‍ണായക സന്ദര്‍ഭമാണിതെന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേളയിലുടനീളം അനുഭവപ്പെട്ട ചൂടും പുകയും അതിന്റെ ലക്ഷണമാണ്. കാരണം ഇവിടെ പ്രശ്‌നം, കൂടുതല്‍ സീറ്റ് നേടുക, എന്നിട്ട് ഒരു ഭരണകൂടത്തിന് രൂപം നല്‍കുക എന്നതായിരുന്നില്ല. അതിനേക്കാളൊക്കെ ആഴവും പരപ്പുമുള്ളതായിരുന്നു ഇവിടത്തെ യഥാര്‍ഥ സമസ്യ. വിജയത്തിന്റെ മാര്‍ജിന്‍ തുര്‍ക്കി രണ്ടാം റിപ്പബ്ലിക്കിന്റെ, അതായത് ജനങ്ങളുടെ റിപ്പബ്ലിക്കിന്റെ പിറവിക്ക് വഴിയൊരുക്കും എന്നതാണത്. 1923-ല്‍ തുര്‍ക്കി റിപ്പബ്ലിക്ക് നിലവില്‍ വന്നിട്ടുണ്ടെങ്കിലും അത് ജനങ്ങളുടേതായിരുന്നില്ല.
 
വീറും വാശിയും ഉണ്ടാകാനുള്ള മറ്റൊരു കാരണം അത്താതുര്‍ക്ക് സ്ഥാപിച്ച റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി, ത്വൂറാനി ദേശീയതയില്‍ അഭിരമിക്കുന്ന നാഷ്‌നല്‍ പാര്‍ട്ടി തുടങ്ങിയ പരമ്പരാഗത രാഷ്ട്രീയ സംഘടനകളുടെ ചങ്കിടിപ്പാണ്. രാഷ്ട്രീയത്തില്‍ തങ്ങളുടെ കാലം കഴിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. 2002-ല്‍ എ.കെ പാര്‍ട്ടി അധികാരത്തിലെത്തുകയും ഒരു കക്ഷിയുടെയും പിന്തുണയില്ലാതെ ഇന്നുവരെ ഭരണം നിലനിര്‍ത്തുകയും ചെയ്തതാണ് ഇവരെ ഈ തിരിച്ചറിവിലേക്ക് നയിച്ചത്. അതിനാല്‍ എ.കെ പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടുന്നത് തടയാന്‍ ഈ പാര്‍ട്ടികള്‍ അരയും തലയും മുറുക്കി രംഗത്തു വന്നു. എ.കെ പാര്‍ട്ടിക്കും ജയിക്കുകയായിരുന്നില്ല ലക്ഷ്യം. ഭരണഘടന മാറ്റിയെഴുതാന്‍ മതിയായ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് അവര്‍ ലക്ഷ്യം വെച്ചത്.
 
മുഖ്യ പോരാട്ടം എ.കെ പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയും തമ്മിലായിരുന്നെങ്കിലും, രാഷ്ട്രീയത്തെ അതിലേക്ക് മാത്രമായി ചുരുക്കിക്കൂടാ. ഔദ്യോഗികാംഗീകാരമുള്ള 60 പാര്‍ട്ടികളുണ്ട് തുര്‍ക്കിയില്‍. പക്ഷേ, 20 പാര്‍ട്ടികള്‍ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ തന്നെ 50 മില്യന്‍ തുര്‍ക്കി വോട്ടര്‍മാരുടെയും മീഡിയയുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് നാല് കക്ഷികള്‍ മാത്രം.
 
ഒന്ന്, എ.കെ പാര്‍ട്ടി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുടനീളം 2023 എന്ന ലക്ഷ്യമാണ് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയത്. തുര്‍ക്കി റിപ്പബ്ലിക്കിന് നൂറ് വയസ്സ് തികയുന്ന വര്‍ഷം കൂടിയാണത്. 'നമ്മുടെ നാട്ടില്‍ സുസ്ഥിരത കളിയാടാന്‍, നമ്മുടെ തുര്‍ക്കി ഉയരങ്ങളിലേക്ക് കുതിക്കാന്‍' എന്ന മുദ്രാവാക്യമാണ് ഉയര്‍ന്നു കേട്ടത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ വന്‍ പ്രോജക്ടുകളുടെ ഒരു നീണ്ട പട്ടിക തന്നെ പാര്‍ട്ടി പുറത്തിറക്കി. ഇതത്രയും തുര്‍ക്കിക്കാരുടെ സ്വപ്ന പദ്ധതികള്‍. വോട്ടര്‍മാര്‍ ആകര്‍ഷിക്കപ്പെടാതിരിക്കുമോ?
 
രണ്ട്, അത്താതുര്‍ക്കിന്റെ റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി. ഈ പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ ലൈംഗികാപവാദത്തെ തുടര്‍ന്ന് പുറത്താക്കപ്പെടുകയായിരുന്നു. പുതിയ അധ്യക്ഷന്‍ കമാല്‍ കീലിജ്ദാര്‍ ഓഗ്‌ലു ഇടതുപക്ഷക്കാരനാണ്, അലവി വിഭാഗക്കാരനാണ്, പിന്നെ കുര്‍ദ് വംശജനും. തന്റെ കക്ഷിയെ ഇടതുപക്ഷ ജനാധിപത്യ പാര്‍ട്ടിയാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിനാല്‍ കുര്‍ദുകളെയും അലവികളെയും ദരിദ്ര -തൊഴിലാളി വിഭാഗങ്ങളെയും അദ്ദേഹത്തിന് അഭിസംബോധന ചെയ്യാന്‍ പറ്റി. ജനകീയ സംരംഭങ്ങള്‍ ഏറ്റെടുക്കുമെന്ന് വാഗ്ദാനം ചെയ്തു. ഇന്‍ഷുറന്‍സ് സുരക്ഷ കുര്‍ദ് കുടുംബങ്ങള്‍ക്കും നല്‍കുമെന്ന വാഗ്ദാനം അതിലൊന്നാണ്.
 
മൂന്ന്, നാഷ്‌നലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി. തുടക്കത്തിലേ വളരെ ദുര്‍ബലമായ അവസ്ഥയിലായിരുന്നു ഈ പാര്‍ട്ടി. ലൈംഗികാപവാദത്തെ തുടര്‍ന്ന് അതിന്റെ ഉന്നത രാഷ്ട്രീയ കാര്യസമിതിയിലെ പത്ത് നേതാക്കള്‍ക്ക് രാജിവെക്കേണ്ടിവന്നു. ആകെ സമിതിയില്‍ 16 പേരാണ് ഉള്ളത്. ഇത് നേതൃത്വത്തില്‍ കടുത്ത ശൂന്യത സൃഷ്ടിച്ചു. യാഥാര്‍ഥ്യബോധത്തോടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കാന്‍ അതിന്റെ നേതാവ് ദൗലത്ത് ബാഹശലിക്ക് കഴിഞ്ഞതുമില്ല. പാര്‍ലമെന്റില്‍ പ്രാതിനിധ്യം കഷ്ടിച്ച് ഒപ്പിച്ചെടുക്കുകയായിരുന്നു പാര്‍ട്ടി (പോള്‍ ചെയ്ത വോട്ടിന്റെ പത്ത് ശതമാനമെങ്കിലും നേടിയാലേ ഒരു പാര്‍ട്ടിക്ക് തുര്‍ക്കി നിയമമനുസരിച്ച് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ടാകൂ).
 
നാല്, കുര്‍ദ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. പത്ത് ശതമാനം വോട്ട് കിട്ടിയതിനാല്‍ ഇവര്‍ക്ക് പാര്‍ലമെന്റ് പ്രവേശം സാധ്യമായിട്ടുണ്ട്. പീസ് ആന്റ് ഡമോക്രസി പാര്‍ട്ടിയുടെ ബാനറിലാണ് ഇവര്‍ മത്സരിച്ചത്.
 
 
* * * * *
 
തെരഞ്ഞെടുപ്പിന്റെ ഒരാഴ്ച ഞാന്‍ തുര്‍ക്കിയിലുണ്ടായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ചില കമ്പനികള്‍ വരെ രംഗത്തിറങ്ങുകയുണ്ടായി. മത്സരത്തിന്റെ വീറും വാശിയുമാണ് അത് കാണിക്കുന്നത്. എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്, പ്രചാരണ രംഗത്ത് സജീവമായി ഉണ്ടായിരുന്ന സേവന സന്നദ്ധരായ യുവാക്കളാണ്. ജനോപകാരപ്രദമായ കാര്യങ്ങളില്‍ തുര്‍ക്കികള്‍ കാണിക്കുന്ന സേവന സന്നദ്ധത എനിക്ക് നേരത്തെ അറിയാമായിരുന്നു. പക്ഷേ, ഇസ്തംബൂള്‍ നഗരത്തില്‍ മാത്രം 26,000 യുവാക്കള്‍ എ.കെ പാര്‍ട്ടിക്ക് വേണ്ടി രംഗത്തുണ്ടായിരുന്നുവെന്നത് എന്നെ അമ്പരപ്പിച്ചുകളഞ്ഞു. ഇവരില്‍ പകുതിയും യുവതികള്‍. കഴിഞ്ഞ രണ്ട് മാസക്കാലം ഇവര്‍ മറ്റൊന്നിലേക്കും തിരിയാതെ ഫീല്‍ഡില്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു. അവര്‍ മുട്ടിവിളിക്കാത്ത ഒരു വീടോ അവര്‍ കണ്ട് സംസാരിക്കാത്ത ഒരു വോട്ടറോ നഗരത്തില്‍ ഉണ്ടാവില്ലെന്ന് ഉറപ്പ്.
 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


തുനീഷ്യയിലെ 23 വര്‍ഷത്തെ ഏകാധിപത്യത്തെ പിഴുതെറിഞ്ഞ ജനകീയ വിപ്ലവത്തെ വിഖ്യാത കോളമിസ്റ്റുകള്‍ വിലയിരുത്തുന്നു

മാഫിയ തന്നെ ഇപ്പോഴും
ഫഹ്‌മീ ഹുവൈദി
തുനീഷ്യന്‍ സംഭവങ്ങളുടെ വായനയില്‍ അമിതസന്തോഷം മൂലം അബദ്ധം പിണയരുതെന്ന്‌ അപേക്ഷ. വീണത്‌ മാഫിയത്തലവന്‍ മാത്രമാണ്‌. മാഫിയ ഇപ്പോഴും രാജ്യത്തെ അടക്കിഭരിക്കുകയാണ്‌. ഏകാധിപത്യം വര്‍ത്തമാനത്തെ മാത്രമല്ല, ഭാവിയെക്കൂടി നശിപ്പിക്കുമെന്ന്‌ മറ്റൊരു സന്ദര്‍ഭത്തില്‍ ഞാനെഴുതിയിരുന്നു. ഏകാധിപത്യത്തിന്‌ പ്രായം കൂടുന്നതിനനുസരിച്ച്‌ രാജ്യത്തെ സര്‍വ സ്ഥാപനങ്ങളും അധികാര കേന്ദ്രങ്ങളും ഏകാധിപതിയുടെ ഉപകരണങ്ങളായി മാറുന്നു. ഭരണരംഗത്ത്‌ തങ്ങള്‍ക്ക്‌ പകരംവെക്കാനാരുമില്ലെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്താനായി വിപരീത സ്വരമുയര്‍ത്തുന്നവരെ ഓരോരുത്തരെയായി വെട്ടിനിരത്തുന്നു.
വിഖ്യാത ചിന്തകന്‍ അബ്‌ദുര്‍റഹ്‌മാന്‍ അല്‍ കവാകിബി നൂറ്‌ വര്‍ഷം മുമ്പേ അത്‌ പറഞ്ഞുവെച്ചിട്ടുണ്ട്‌. `ഏകാധിപത്യത്തിന്റെ സവിശേഷതകള്‍' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം എഴുതി: ``ഏകാധിപത്യ ഭരണകൂടം അതിന്റെ സകല ശാഖകളിലും ഉള്‍പിരിവുകളിലും ഏകാധിപത്യ പ്രവണതയുള്ളതായിരിക്കും. സര്‍വാധിപതി അതിന്റെ തലപ്പത്ത്‌ അടക്കിവാഴും. അയാളുടെ സഹായികള്‍ക്കും പിണിയാളുകള്‍ക്കും അന്തസ്സും അഭിമാനവും പ്രശ്‌നമാവില്ല. അവരുടെ പരമലക്ഷ്യം യജമാനനോടുള്ള കൂറ്‌ തെളിയിക്കലായിരിക്കും. ഏകാധിപതി സഹായികളെ തെരഞ്ഞെടുക്കുന്നതു പോലും കഴിവുകള്‍ നോക്കിയാവില്ല, കഴിവുകേടുകള്‍ നോക്കിയായിരിക്കും. അഥവാ ഏറ്റവും വലിയ ക്രിമിനലും അധമസ്വഭാവിയുമായിരിക്കും അയാളുടെ വലംകൈ. അവിടന്ന്‌ താഴോട്ട്‌ മതബോധമില്ലാത്തവരെയും കരുണയില്ലാത്തവരെയും മര്‍മസ്ഥാനങ്ങളില്‍ പ്രതിഷ്‌ഠിക്കും.''
തുനീഷ്യയില്‍ നടന്നുവന്നതും മറ്റൊന്നായിരുന്നില്ല. `അദ്ദസ്‌തൂര്‍ അല്‍ ഹുര്‍റ്‌' എന്ന ഭരണകക്ഷി അര നൂറ്റാണ്ടിലേറെക്കാലം ഭരണം കുത്തകയാക്കി. `ധീര മുജാഹിദ്‌' ആയി വാഴ്‌ത്തപ്പെട്ട ഹബീബ്‌ ബൂറഖീബയുടെ കാല്‍നൂറ്റാണ്ട്‌! 1987 മുതല്‍ അവസാനം ഒളിച്ചോടുന്നതു വരെയുള്ള 23 കൊല്ലം ബിന്‍ അലി! മുന്‍ പ്രസിഡന്റ്‌ ബൂറഖീബയുടെ കാലത്ത്‌ ബിന്‍ അലി ആഭ്യന്തരമന്ത്രിയായിരുന്നു. അധികാരമേറ്റതിന്റെ ഒന്നാം തീയതി മുതലേ ഇരുവരും തുനീഷ്യയെ ഒരു വലിയ തുറന്ന തടവറയാക്കി.
ഇപ്പോള്‍ ഏകാധിപത്യത്തിന്റെ തലതൊട്ടപ്പനെ വീഴ്‌ത്തിയത്‌ നല്ല കാര്യം തന്നെ. പക്ഷേ അതുകൊണ്ടായില്ല. കാരണം, തലതൊട്ടപ്പന്‍ ഒളിച്ചോടിയെങ്കിലും അയാള്‍ സ്ഥാപിച്ച ഏകാധിപത്യ സംവിധാനം ഇപ്പോഴും നിലനില്‍ക്കുന്നു. ഭരണകൂട പുനഃസംഘടനയില്‍ പഴയ ആഭ്യന്തരമന്ത്രിയും പ്രസിഡന്റിന്റെ സുരക്ഷാ മേധാവിയും ഇല്ലെന്നത്‌ ശരി. പക്ഷേ, ഭരണകക്ഷിയും അധികാര കേന്ദ്രങ്ങളും തമ്മിലുള്ള കൂട്ടുകെട്ട്‌ അവസാനിച്ചിട്ടില്ല. അധികാര കേന്ദ്രങ്ങളിലും മര്‍മസ്ഥാനങ്ങളിലും തുടരുന്നത്‌ പഴയ ഏകാധിപതിയുടെ സഹായികള്‍ തന്നെയാണ്‌. മാഫിയവാഴ്‌ച നിലനില്‍ക്കുകയാണെന്നും വിപ്ലവ നേട്ടങ്ങള്‍ അപകടത്തിലാണെന്നും സാരം.
(അശ്ശര്‍ഖ്‌, ഖത്തര്‍ 19.1.2011)


വിപ്ലവമോഷ്‌ടാക്കളെ കരുതിയിരിക്കുക
ഡോ. യൂസുഫുല്‍ ഖറദാവി

തനീഷ്യന്‍ ജനതയെ അഭിനന്ദിക്കുന്നു. ക്ഷമിച്ചും ഇഛാശക്തി പ്രകടിപ്പിച്ചും അതിക്രമകാരിയെ വീഴ്‌ത്തുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. ഈ സന്ദിഗ്‌ധ ഘട്ടത്തില്‍ ജനങ്ങള്‍ ഐക്യത്തോടെ നിലയുറപ്പിച്ചെങ്കിലേ ഹരിതാഭ തുനീഷ്യ അതിന്റെ യഥാര്‍ഥ അവകാശികള്‍ക്ക്‌ തിരിച്ചു ലഭിക്കൂ. തിരിച്ചു കിട്ടുന്നത്‌ വാടിയ തുനീഷ്യയോ ഉണങ്ങിയ തുനീഷ്യയോ ആവരുത്‌. ഖൈറുവാന്‍ നഗരം പണിത ഇതിഹാസ നായകന്‍ ഉഖ്‌ബതുബ്‌നു നാഫിഇന്റെ കാലടികള്‍ പതിഞ്ഞ മണ്ണാണ്‌ തുനീഷ്യ. ചരിത്ര പ്രസിദ്ധ പള്ളിയും പള്ളിക്കൂടവുമായ സൈതൂന സര്‍വകലാശാലയുടെ സ്വന്തം നാടും.
വിപ്ലവത്തിന്റെ ഗുണഫലങ്ങള്‍ വിനഷ്‌ടമാവാതിരിക്കാന്‍ ജനങ്ങള്‍ ജാഗരൂഗരാവണം. നിരപരാധികളായ സ്വാതന്ത്ര്യപ്പോരാളികള്‍ രക്തം നല്‍കി നേടിയതാണവ. അതിനാല്‍ വിപ്ലവം വഴിതെറ്റിക്കപ്പെടരുത്‌. വിപ്ലവം മോഷ്‌ടിക്കുന്നതില്‍ പ്രാവീണ്യമുള്ളവര്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ട്‌.
വിപരീത അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട എല്ലാ തടവുകാരെയും വിട്ടയക്കാന്‍ താല്‍ക്കാലിക ഭരണാധികാരി തയാറാവണം. എല്ലാവരും സ്വാതന്ത്ര്യം അനുഭവിക്കട്ടെ. ഏകാധിപതി വീണിട്ടും അയാളുടെ പാര്‍ശ്വവര്‍ത്തികള്‍ അധികാരത്തില്‍ തുടരുന്നതെങ്ങനെ?
രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ചിലതിനെ രംഗത്ത്‌ നിന്ന്‌ മാറ്റിനിര്‍ത്തുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും. എല്ലാവരും പുതിയ തുനീഷ്യയുടെ നിര്‍മിതിയില്‍ പങ്കാളികളാവട്ടെ. നിരപരാധികളുടെ രക്തം പുരണ്ട കൈകള്‍ മാത്രമേ മാറ്റിനിര്‍ത്തപ്പെടേണ്ടതുള്ളൂ. അത്തരക്കാര്‍ വിചാരണ ചെയ്യപ്പെടണം- സിവില്‍ കോടതിയില്‍, സൈനിക കോടതിയിലല്ല.
മുഹമ്മദ്‌ ബൂഅസീസി എന്ന യുവാവ്‌ സ്വയം തീകൊളുത്തി മരിച്ചതാണല്ലോ പ്രശ്‌നങ്ങളുടെ തുടക്കം. ചോദിച്ചേക്കാം: ഈ യുവാവും അദ്ദേഹത്തെ പോലുള്ള യുവാക്കളും ചെയ്യുന്നത്‌ ശരിയായ ഏകാധിപത്യവിരുദ്ധ സമരരീതിയാണോ? അത്‌ ഒരു തരത്തിലുള്ള ആത്മഹത്യയല്ലേ? എന്റെ അഭിപ്രായത്തില്‍, സംഭവത്തിന്റെ എല്ലാ വശങ്ങളും പരിണഗിക്കുമ്പോള്‍ ഈ യുവാവിനും അദ്ദേഹത്തെപ്പോലുള്ളവര്‍ക്കും ന്യായീകരണമുണ്ടെന്ന്‌ കാണാം. കാരണം ഉത്തരവാദപ്പെട്ടവര്‍ ഈ യുവാവിനെ മാനസികമായി തകര്‍ത്തു. തീ കൊളുത്താനുള്ള തന്റെ തീരുമാനം പോലും സ്വതന്ത്ര ഇഛയോടെയായിരുന്നുവെന്ന്‌ പറയാനാവില്ല. അയാളുടെ അന്തഃരംഗം തിളക്കുകയായിരുന്നു. ബിരുദധാരിയായ യുവാവായിരുന്നിട്ടും തൊഴില്‍ രഹിതനായിരുന്നു. അദ്ദേഹത്തിന്‌ ഉപജീവന മാര്‍ഗം വേണ്ടിയിരുന്നു. അത്‌ കിട്ടിയില്ല. ``കഴിക്കാന്‍ ഭക്ഷണം കിട്ടാത്തവന്‍ ആളുകള്‍ക്കെതിരെ വാളുയര്‍ത്തി ഇറങ്ങിപ്പുറപ്പെടാത്തത്‌ എന്നെ അത്ഭുതപ്പെടുത്തുന്നു!'' എന്ന്‌ മഹാനായ പ്രവാചക ശിഷ്യന്‍ അബൂദര്‍റ്‌(റ) പറയുകയുണ്ടായി. അതിനാല്‍ ഈ യുവാവിനെ ആത്മനിയന്ത്രണം നഷ്‌ടപ്പെട്ട വ്യക്തിയായിട്ടാണ്‌ ഞാന്‍ കാണുന്നത്‌. അദ്ദേഹത്തിന്റെ വീഴ്‌ച പൊറുത്തുകൊടുക്കണമേയെന്ന്‌ ഞാന്‍ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുന്നു. അങ്ങനെ പ്രാര്‍ഥിക്കാന്‍ തുനീഷ്യന്‍ ജനതയോടും മറ്റെല്ലാവരോടും അഭ്യര്‍ഥിക്കുന്നു. കാരണം, അയാള്‍ തുനീഷ്യന്‍ ജനതയെ ഏകാധിപത്യത്തില്‍നിന്ന്‌ രക്ഷിച്ചിരിക്കുന്നു. ഒരു മനുഷ്യന്‍ കൈവിരലുകള്‍ മുറിച്ച്‌ രക്തം വാര്‍ന്ന്‌ മരിച്ചിട്ടും അല്ലാഹു അയാളുടെ പാപം പൊറുത്തുകൊടുത്തതായ ഒരു പ്രവാചകവചനം ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്‌. കാരണം അയാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിപ്പുറപ്പെട്ട വ്യക്തിയായിരുന്നു.
(16.1.2011-ന്‌ അല്‍ ജസീറ ചാനല്‍ സംപ്രേക്ഷണം ചെയ്‌ത `ശരീഅത്തും ജീവിതവും' എന്ന പരിപാടിയില്‍നിന്ന്‌)


ഉത്തരാഫ്രിക്ക വിറക്കുന്നു
സെയ്‌മര്‍ ഹര്‍ഷ്‌
(അമേരിക്കന്‍ കോളമിസ്റ്റ്‌)

തുനീഷ്യയിലെ സംഭവങ്ങള്‍ ഉത്തരാഫ്രിക്കയിലെ മിക്ക രാജ്യങ്ങളിലും ഭീതി പരത്തും. തുനീഷ്യ അഭിമുഖീകരിക്കുന്നതുപോലുള്ള സാമ്പത്തിക ഞെരുക്കം മൊറോക്കോ, അള്‍ജീരിയ, ഈജിപ്‌ത്‌ പോലുള്ള രാജ്യങ്ങളിലുമുണ്ട്‌. മേഖല താമസിയാതെ ഒട്ടേറെ അസ്വസ്ഥതകള്‍ക്കു വേദിയാകും.
``ദൈവമേ, അദ്ദേഹം ഭീകരതക്കെതിരായ യുദ്ധത്തില്‍ നമ്മുടെ കൂട്ടാളിയായിരുന്നല്ലോ! നമുക്ക്‌ വേണ്ടി അല്‍ഖാഇദയെ വേട്ടയാടിയത്‌ അദ്ദേഹമായിരുന്നല്ലോ!'' ബിന്‍ അലിയുടെ പതന വാര്‍ത്ത കേട്ടയുടനെ രഹസ്യാന്വേഷണ ലോകത്ത്‌ പ്രവര്‍ത്തിക്കുന്ന എന്റെ ഒരു അമേരിക്കന്‍ സുഹൃത്ത്‌ എന്നോട്‌ പറഞ്ഞതിങ്ങനെയാണ്‌. ``ഒരു ഭീകരനില്‍നിന്ന്‌ മുക്തി നേടാനുള്ള ശ്രമം എത്രയേറെ ഭീകരര്‍ക്ക്‌ ജന്മമേകി'' എന്നെനിക്കു തിരിച്ചു ചോദിക്കാന്‍ തോന്നിയെങ്കിലും സുഹൃത്തിനോടുള്ള ആദരവുമൂലം നാവ്‌ ഉള്‍വലിഞ്ഞു.
ഉത്തരാഫ്രിക്കയില്‍ ഇനിയെന്ത്‌ സംഭവിക്കുമെന്ന്‌ എനിക്കറിയില്ല. തുനീഷ്യയിലെ സംഭവവികാസങ്ങള്‍ മൊത്തം കളിനിയമങ്ങളെ മാറ്റിമറിക്കും. കാര്യങ്ങള്‍ വിലയിരുത്താന്‍ സമയമായിട്ടില്ലെങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം, മേഖല ഭീതിയിലാണ്‌. ഖദ്ദാഫിക്കത്‌ പേടിസ്വപ്‌നമായിരിക്കുന്നു.
(ദോഹയിലെ ജോര്‍ജ്‌ ടൗണ്‍ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌ ഹയാത്ത്‌ ഹോട്ടലില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍നിന്ന്‌)
അരാജകത്വത്തിനു വേദിയൊരുങ്ങുന്നു
അബ്‌ദുല്‍ ബാഖി സ്വിലായ്‌
(കോളമിസ്റ്റ്‌)

ബിന്‍ അലിയുടെ പതനം അദ്ദേഹത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന രാജശില്‍പികളുടെ പതനത്തിനിടയാക്കുമോ? അതോ ഇപ്പോള്‍ നടന്നുവരുന്നത്‌ പ്രഫഷനല്‍ രീതിയില്‍ രചനയും സംവിധാനവും പൂര്‍ത്തിയാക്കിയ നാടകമോ? സ്ഥാനഭ്രഷ്‌ടനായ പ്രസിഡന്റിന്റെ മേല്‍നോട്ടത്തില്‍ അരങ്ങേറിയിരുന്ന അതേ രീതിയില്‍ രാഷ്‌ട്രീയ ഗോദയെ പുനരാവിഷ്‌കരിക്കാനാവശ്യമായ സമയം കിട്ടാന്‍ കരുതിക്കൂട്ടിയുണ്ടാക്കിയ നാടകം?!
സത്യം പറഞ്ഞാല്‍ ഇപ്പോള്‍ നടക്കുന്നത്‌ കൃത്യമായി ആസൂത്രണം ചെയ്‌ത രാഷ്‌ട്രീയ തിരക്കഥയുടെ ആമുഖം മാത്രമാണ്‌. അത്‌ ബിന്‍ അലിയുടെ ഭരണം തിരിച്ചുകൊണ്ടുവരില്ലായിരിക്കാം. പക്ഷേ അതേ വീക്ഷണവും വര്‍ണവുമുള്ള വ്യവസ്ഥിതിയെ പുനഃസ്ഥാപിക്കും. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളെയും തൃപ്‌തരാക്കുന്ന വിധത്തില്‍ കൂടുതല്‍ തന്ത്രപരമായിരിക്കുമതെന്ന്‌ മാത്രം.
അള്‍ജീരിയന്‍ പരീക്ഷണം ഓര്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ തൊണ്ണൂറുകളില്‍ രാഷ്‌ട്രീയ ജീവിതത്തെ സൈനികവത്‌കരിക്കുന്നതിന്റെയും അള്‍ജീരിയന്‍ ജനതയെ രക്തരൂഷിത പോരാട്ടത്തിന്റെ നെരിപ്പോടിലേക്ക്‌ എടുത്തെറിയുന്നതിന്റെയും മുന്നോടിയായി പ്രസിഡന്റ്‌ ശാദ്‌ലി ബിന്‍ ജദീദിനെ രാജിനാടകത്തിലൂടെ വീഴ്‌ത്തിയത്‌ ആരും മറന്നിട്ടില്ലല്ലോ.
തുനീഷ്യയില്‍ പ്രധാനമന്ത്രി മുഹമ്മദുല്‍ ഗനൂശി ഇപ്പോള്‍ തട്ടിക്കൂട്ടിയ ഭരണകൂടം രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍- പരാജയപ്പെടുമെന്ന്‌ നൂറുതരം- പിന്നീട്‌ അരാജകത്വത്തിന്റെ അരങ്ങേറ്റമായിരിക്കും. അതോടെ ഭരണകൂടത്തിന്‌ സൈനികവിന്യാസത്തിന്‌ ന്യായീകരണമായി. സൈന്യം ആഗ്രഹിക്കുന്നതും അതുതന്നെ. കാരണം ബിന്‍ അലി വീണെങ്കിലും അദ്ദേഹത്തെ താങ്ങിനിര്‍ത്തിയിരുന്നവര്‍ വീണിട്ടില്ല.
(അശ്ശര്‍ഖ്‌, ഖത്തര്‍ 19.1.2011)



പടിഞ്ഞാറിന്റെ കാപട്യം
അഹ്‌മദ്‌ ദൈബാന്‍
(ജോര്‍ദാനിയന്‍ എഴുത്തുകാരന്‍)

അടങ്ങാത്ത അധികാരമോഹം അറബ്‌ ഭരണാധികാരികളെ അന്ധരാക്കുന്നു. ഉരുക്കുമുഷ്‌ടി പ്രയോഗിച്ചും മീഡിയയെ അടക്കിഭരിച്ചും തെരഞ്ഞെടുപ്പ്‌ കൃത്രിമത്തിലൂടെ `വമ്പിച്ച ഭൂരിപക്ഷം' നേടിയും അധികാരം അരക്കിട്ടുറപ്പിക്കുന്നു. ജനങ്ങളില്‍നിന്ന്‌ പ്രതിഷേധ ശബ്‌ദങ്ങളുയരുമ്പോള്‍ അതിന്റെ പിന്നില്‍ ബാഹ്യശക്തികളാണെന്ന്‌ പ്രചരിപ്പിക്കും. ബിന്‍ അലി ഏറ്റവും ഒടുവില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത രണ്ടു തവണയും ആ ആരോപണമുന്നയിച്ചിരുന്നു. മൂന്നാം തവണ മാത്രമാണ്‌ `ഇപ്പോള്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു' എന്ന്‌ അദ്ദേഹം ജനങ്ങളോട്‌ പറഞ്ഞത്‌. നീണ്ട 23 വര്‍ഷത്തിനു ശേഷം അദ്ദേഹത്തിന്‌ മനസ്സിലായത്രെ!
ഒരിക്കല്‍കൂടി തെളിഞ്ഞ മറ്റൊരു സംഗതി പടിഞ്ഞാറിന്റെ കാപട്യമാണ്‌. തുനീഷ്യയില്‍ ഒരു മാസത്തോളം നീണ്ടുനിന്ന രക്തച്ചൊരിച്ചിലിനെതിരെ വാഷിംഗ്‌ടണനും പാരീസും ലണ്ടനുമുള്‍പ്പെടെയുള്ള `ജനാധിപത്യത്തിന്റെയും മനുഷ്യവകാശത്തിന്റെയും ഈറ്റില്ലങ്ങള്‍' ഒരക്ഷരമുരിയാടിയില്ല. പകരം `ഭീകരതക്കെതിരെയുള്ള യുദ്ധത്തിലും ഇസ്‌ലാമിക മതമൗലികവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിലും' പങ്കാളിയായതിന്റെയും രാജ്യത്ത്‌ `സാമ്പത്തിക വിസ്‌മയം' സൃഷ്‌ടിച്ചതിന്റെയും പേരില്‍ ബിന്‍ അലിക്ക്‌ ഗുഡ്‌ സര്‍ട്ടിഫിക്കറ്റ്‌ കൊടുക്കുകയായിരുന്നു അവര്‍. കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസ്റ്റ്‌ ഏകാധിപതികള്‍ക്കെതിരെ ജനങ്ങള്‍ സംഘടിച്ചപ്പോള്‍ പടിഞ്ഞാറ്‌ പിന്തുണയുമായി രംഗത്തുണ്ടായിരുന്നത്‌ ആരും മറന്നിട്ടില്ല. 1989 ജൂണില്‍ ചൈനയിലെ ടിയാനന്‍മെയര്‍ സ്‌ക്വയറില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ കമ്യൂണിസ്റ്റ്‌ ഭരണകൂടം ചതച്ചരച്ചപ്പോഴും പടിഞ്ഞാറ്‌ സടകുടഞ്ഞെഴുന്നേറ്റിരുന്നു!
(അര്‍റായ 18.1.2011)

അറബ്‌ ജനത ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം
അസ്‌മി അന്റോണ്‍ ബിഷാറ
(ഫലസ്‌ത്വീന്‍ ചിന്തകന്‍, മുന്‍ ഇസ്രയേല്‍ പാര്‍ലമെന്റംഗം)

ഒരര്‍ഥത്തില്‍ തുനീഷ്യന്‍ വ്യവസ്ഥിതി തന്നെയാണ്‌ വിപ്ലവത്തിന്‌ ജന്മമേകിയത്‌. രാജ്യത്തെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം സാമൂഹികാവബോധം സൃഷ്‌ടിക്കുന്നതില്‍ പങ്കുവഹിച്ചിരുന്നു.വിപ്ലവം വംശീയ-വിഭാഗീയ സംഘട്ടനങ്ങളിലേക്ക്‌ വഴുതാതിരിക്കാന്‍ കാരണമതാണ്‌. ട്രേഡ്‌ യൂനിയന്‍ മേഖലയില്‍ തുനീഷ്യക്കാര്‍ക്കുണ്ടായിരുന്ന അനുഭവപാഠങ്ങളും ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌.
വിപ്ലവം ജനങ്ങള്‍ തമ്മിലുള്ള ചേരിപ്പോരിലേക്കും വംശീയ സംഘട്ടനത്തിലേക്കും വഴുതാതിരുന്നാല്‍ തുനീഷ്യയിലെ നിരോധിക്കപ്പെട്ടതും അല്ലാത്തതുമായ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും അടുത്ത ഘട്ടത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനാവും.
വിപ്ലവം തുറന്നുവിട്ട തരംഗങ്ങള്‍ അറബ്‌ ഭരണകൂടങ്ങളെ ഭീതിയിലാഴ്‌ത്തിരിക്കുന്നു. അതുകൊണ്ട്‌ തന്നെ വിപ്ലവത്തിന്റെ സദ്‌ഫലങ്ങളെ നശിപ്പിക്കാന്‍ ഇപ്പറഞ്ഞ ഭരണകൂടങ്ങള്‍ ശ്രമിക്കാതിരിക്കില്ല. അതിനാല്‍ അറബ്‌ ജനത മൊത്തത്തില്‍ തന്നെ വിപ്ലവത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതുണ്ട്‌.
അറബ്‌ ലോകത്തും മാറ്റം സാധ്യമാണെന്ന്‌ തുനീഷ്യന്‍ വിപ്ലവം ബോധ്യപ്പെടുത്തുന്നു. തുനീഷ്യന്‍ ജനതക്ക്‌ സ്വതസിദ്ധമായ പ്രതിഭയും വ്യതിരിക്തതയുമുണ്ടെന്ന്‌ സമ്മതിക്കാമെങ്കിലും അതുപോലുള്ള സവിശേഷതകള്‍ ഇതര അറബ്‌ ജനവിഭാഗങ്ങള്‍ക്കുമുണ്ട്‌. അറബ്‌ ലോകത്തെ സമകാല സാഹചര്യത്തില്‍ വിപ്ലവങ്ങള്‍ക്ക്‌ സാധ്യത നിലനില്‍ക്കുന്നു.
(ദോഹയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ 20.1.2011-ന്‌ തുനീഷ്യന്‍ വിപ്ലവത്തെക്കുറിച്ച്‌ നടന്ന സെമിനാറില്‍ ചെയ്‌ത പ്രസംഗത്തില്‍നിന്ന്‌)

2011 അറബ്‌ പ്രതിഷേധ വര്‍ഷം
ഡോ. മുഹമ്മദുല്‍ മുസ്‌ഫിര്‍
(രാഷ്‌ട്രീയ നിരീക്ഷകന്‍, കോളമിസ്റ്റ്‌)

എന്റെ അറിവില്‍ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ്‌ പഴം-പച്ചക്കറികള്‍ വിറ്റ്‌ നടക്കുന്ന ഒരു `ഉന്തുവണ്ടിക്കാരന്‍' ലോകത്തെ കൊടും ഏകാധിപതികളിലൊരാളെ വീഴ്‌ത്തുന്നത്‌. തന്നെ അധികാരിവര്‍ഗം മാന്യമായി ജീവിക്കാനനുവദിക്കുന്നില്ലെന്ന്‌ തിരിച്ചറിഞ്ഞ ബൂ അസീസി എന്നു പേരായ ആ യുവാവ്‌ ജനം നോക്കിനില്‍ക്കെ സ്വശരീരത്തില്‍ തീകൊളുത്തി ആത്മാഹുതി ചെയ്‌തു. അതോടെ തുനീഷ്യന്‍ ജനതയുടെ മനസ്സ്‌ ഇളകി. പ്രതിഷേധസ്വരമുയര്‍ത്തി അവര്‍ തെരുവിലിറങ്ങിയതോടെ അതിക്രമകാരിയായ ബിന്‍ അലിക്ക്‌ നാടുവിട്ടോടേണ്ടിവന്നു!
ബൂ അസീസി പ്രതിഭാസം തുനീഷ്യയില്‍നിന്ന്‌ മൗറിത്താനിയ, അള്‍ജീരിയ വഴി ഈജിപ്‌തിലേക്കും യമനിലേക്കുമൊക്കെ വന്നെത്തിക്കൊണ്ടിരിക്കുകയാണ്‌. മെച്ചപ്പെട്ട ജീവിത സാഹചര്യവും തൊഴിലവസരവും രാഷ്‌ട്രീയ പരിഷ്‌കരണവും ആവശ്യപ്പെട്ടുള്ള ജനകീയ മാര്‍ച്ചുകള്‍ അള്‍ജീരിയയില്‍ ആരംഭിച്ചുകഴിഞ്ഞു. ഖേദകരമെന്നു പറയട്ടെ, ഭരണകൂടം ഉരുക്കുമുഷ്‌ടിയുപയോഗിച്ചാണ്‌ ജനകീയ പ്രതിഷേധത്തെ നേരിടുന്നത്‌.
നീതി, സമത്വം, തൊഴിലവസരങ്ങള്‍, രാഷ്‌ട്രീയ പങ്കാളിത്തം തുടങ്ങിയവ ആവശ്യപ്പെട്ടും ജനങ്ങളുടെ ചെലവില്‍ ഭരണാധികാരികള്‍ പൊതുസ്വത്ത്‌ അപഹരിക്കുന്നതില്‍ പ്രതിഷേധിച്ചും യമനില്‍ ജനകീയ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതും അതിന്റെ ഭാഗം തന്നെ. വടക്കെയറ്റം മുതല്‍ തെക്കെയറ്റം വരെ ഇത്തരം പ്രതിഷേധ ജാഥകള്‍ കാണാം.
(അശ്ശര്‍ഖ്‌, ഖത്തര്‍ 25.1.2011)

സമ്പാദകന്‍: ഹുസൈന്‍ കടന്നമണ്ണ
hussainkdm@yahoo.ocm

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

തുനീഷ്യയില്‍നിന്ന് തുടങ്ങാം


ഫഹ്മീ ഹുവൈദി
 
നമുക്കാദ്യം തുനീഷ്യയില്‍ കഴിഞ്ഞ ഒക്ടോബര്‍ 23-ന് നടന്ന തെരഞ്ഞെടുപ്പ് സംക്ഷിപ്തമായി ഒന്ന് അവലോകനം ചെയ്യാം. 217 അംഗ നിയമനിര്‍മാണ സഭയില്‍ അന്നഹ്ദ നേടിയത് 90 സീറ്റ്. തുനീഷ്യയിലെ നാല് പ്രമുഖ ലിബറല്‍-ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് മൊത്തമായി പോലും അതിനേക്കാള്‍ കുറഞ്ഞ സീറ്റേ ലഭിച്ചുള്ളൂ. അവര്‍ക്ക് ലഭിച്ച മൊത്തം സീറ്റ് 70. അന്നഹ്ദക്ക് 41 ശതമാനം വോട്ട് ലഭിച്ചുവെന്നത് തുനീഷ്യന്‍ അധികൃതരെ തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇടക്കാല പ്രധാനമന്ത്രി ബാജി അസ്സബ്സി പ്രഖ്യാപിച്ചത് അന്നഹ്ദക്ക് 20 ശതമാനത്തിലധികം വോട്ട് കിട്ടില്ലെന്നായിരുന്നു.
 
ഈ തെരഞ്ഞെടുപ്പ് ഫലം സമകാലിക അറബ് പരീക്ഷണങ്ങളുടെ കേന്ദ്രസ്ഥാനത്ത് അന്നഹ്ദയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ജനാധിപത്യ രീതിയിലൂടെ അധികാരത്തിലെത്തുകയും തുടര്‍ന്ന് ഭരണനിര്‍വഹണത്തിന് അനുവാദം ലഭിക്കുകയും ചെയ്ത ആദ്യത്തെ ഇസ്ലാമിക പ്രസ്ഥാനം എന്ന് അന്നഹ്ദയെ വിശേഷിപ്പിക്കാവുന്നതാണ്(ഹമാസ് ഫലസ്ത്വീനില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയെങ്കിലും ഒരു പ്രത്യേക  രാഷ്ട്രീയ അന്തരീക്ഷമാണ് അവിടെ നിലനില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഇസ്രയേലിന്റെ ഉപരോധം കാരണം തുടക്കം മുതലേ അതിന്റെ ഭരണനിര്‍വഹണം തടസ്സപ്പെട്ടുകൊണ്ടേയിരുന്നു). 1989ല്‍ ഒരു സംഘം ഇസ്ലാമിസ്റുകള്‍ സുഡാനില്‍ അധികാരത്തില്‍ വന്നു- അവര്‍ പക്ഷേ സൈനിക അട്ടിമറിയിലൂടെയാണ് അത് സാധിച്ചത്. 1991ലെ അള്‍ജീരിയയില്‍ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രന്റ് (എഫ്.ഐ.എസ്) വിജയിച്ചുവെങ്കിലും സൈന്യം അട്ടിമറി നടത്തി സംഘടനയെ അധികാരമേല്‍ക്കുന്നതില്‍നിന്ന് തടഞ്ഞു. 1979ലെ ഇറാനിയന്‍ വിപ്ളവത്തിന് ശേഷം പണ്ഡിതസമിതി അധികാരത്തിലെത്തിയതാണ് മറ്റൊരു സംഭവം. 2002 മുതല്‍ തുര്‍ക്കിയില്‍ അധികാരത്തിലിരിക്കുന്നത് ജസ്റിസ് ആന്റ് ഡവലപ്മെന്റ്(എ.കെ) പാര്‍ട്ടിയാണെങ്കിലും അവര്‍ സ്വയം ഇസ്ലാമിസ്റുകള്‍ എന്ന് അവകാശപ്പെടുന്നില്ല; അതിന്റെ അടിവേര് ഇസ്ലാമിസമാണെന്ന കാര്യത്തില്‍ ഒരാള്‍ക്കും തര്‍ക്കമില്ലെങ്കിലും. ഈയര്‍ഥത്തിലാണ് അറബ് ലോകത്തെ ആദ്യത്തെ ജനാധിപത്യ പരീക്ഷണത്തിന്റെ ഹൃദയഭൂമിയായി അന്നഹ്ദ മാറുന്നത്. എണ്‍പതുകളുടെ തുടക്കത്തില്‍ റാശിദുല്‍ ഗനൂശി രൂപം നല്‍കിയ ഇസ്ലാമിക് ടെന്‍ഡന്‍സി മൂവ്മെന്റ് മുന്നോട്ട് വെച്ച തുറന്ന പരിഷ്കരണങ്ങള്‍ക്ക് വേദിയൊരുങ്ങുകയാണ് അവിടെ.
 
ഈ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത സംഭവം അന്നഹ്ദ നേടിയ ഉയര്‍ന്ന വോട്ടിംഗ് ശതമാനം മാത്രമായിരുന്നില്ല (തെരഞ്ഞെടുപ്പില്‍ ജയിച്ച 49 വനിതകളില്‍ 42ഉം അന്നഹ്ദയുടെ ടിക്കറ്റില്‍ ജയിച്ചവരാണെന്ന് സാന്ദര്‍ഭികമായി ഓര്‍ക്കുക). വോട്ടിംഗ് ശതമാനം 90 വരെ എത്തിയതും അപ്രതീക്ഷിതം തന്നെ. മിതവാദ ഇടതുപക്ഷ-സെക്യുലര്‍ ധാരകള്‍ നടത്തിയ മുന്നേറ്റമാണ് ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു പ്രവണത. മിതവാദ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചത് ഡോ. മുന്‍സ്വിഫ് മര്‍സൂഖിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ റിപ്പബ്ളിക്കാണ്. അവര്‍ക്ക് 30 സീറ്റ് ലഭിച്ചു. മിതവാദ സെക്യുലര്‍ ധാരയെ പ്രതിനിധീകരിച്ചത് മുസ്ത്വഫ ജഅ്ഫറിന്റെ നേതൃത്വത്തിലുള്ള 'അത്തകത്തുലും.' അവര്‍ 21 സീറ്റുകള്‍ സ്വന്തമാക്കി. പോപുലര്‍ പെറ്റിഷന്‍ പാര്‍ട്ടിക്ക് 19 സീറ്റുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പിരിച്ചുവിടപ്പെട്ട മുന്‍പ്രസിഡന്റ് ബിന്‍അലിയുടെ പാര്‍ട്ടിയുമായി അതിന് ബന്ധമുണ്ടെന്ന് വെളിപ്പെട്ടതിനാല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ചില സീറ്റുകളില്‍ അവരുടെ വിജയം റദ്ദാക്കിയിട്ടുണ്ട്. മറ്റൊരു നാടകീയ സംഭവം അഹ്മദ് നജീബ് ശാബി നേതൃത്വം നല്‍കുന്ന പ്രോഗ്രസീവ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കേറ്റ തിരിച്ചടിയാണ്. 17 സീറ്റ് മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. ഡമോക്രാറ്റിക് മോഡേണിസ്റ് പോള്‍ പാര്‍ട്ടിക്കാകട്ടെ 5 സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. തുനീഷ്യന്‍ വര്‍ക്കേഴ്സ് എന്ന കമ്യൂണിസ്റ് പാര്‍ട്ടിക്ക് മൂന്ന് സീറ്റും. അവസാനം പറഞ്ഞ ഈ രണ്ട് കക്ഷികളും യഥാക്രമം ലിബറല്‍-മാര്‍ക്സിസ്റ് തീവ്ര സെക്യുലറിസത്തെ പ്രതിനിധീകരിക്കുന്നു.
 
 
* * * * * *
 
കൂടുതല്‍ വോട്ടും സീറ്റും അന്നഹ്ദ നേടിയെന്നത് ശരിതന്നെ. എന്നാല്‍ സെക്യുലറും ഇസ്ലാമികവുമായ മിതവാദ ധാരകളെ ജനം പിന്തുണച്ചു എന്നതാണ് ഏറ്റവും സൂക്ഷ്മമായ വിലയിരുത്തല്‍. ആഴത്തിലുള്ള വളരെയേറെ അര്‍ഥധ്വനികളുണ്ട് ഈ ജനകീയ വികാരത്തിന്. 1956 മുതല്‍ തുനീഷ്യ ഭരിക്കുന്നത് കടുത്ത അള്‍ട്രാ സെക്യുലറിസ്റുകളാണ്; അതിലേറ്റവും സ്വേഛാധിപത്യപരമായിരുന്നു കഴിഞ്ഞ 23 വര്‍ഷത്തെ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ ഭരണം. മതത്തിന്റെ സകല ചിഹ്നങ്ങളോടും അയാള്‍ യുദ്ധം ചെയ്തു. സൈത്തൂന യൂനിവേഴ്സിറ്റി അടച്ചുപൂട്ടി. ഇസ്ലാമിക പ്രസ്ഥാനങ്ങളെ വേട്ടയാടി. അതിന്റെ നേതൃനിരയെ ജയിലിലടച്ചു. പലരും ഫ്രാന്‍സിലും ഇംഗ്ളണ്ടിലും സ്വീഡനിലും പ്രവാസ ജീവിതം നയിക്കേണ്ടി വന്നു. ഇസ്ലാമിക പ്രവര്‍ത്തനം നിരോധിച്ചപ്പോള്‍ തന്നെ, കമ്യൂണിസ്റ് പാര്‍ട്ടിക്ക് എല്ലാവിധ പ്രവര്‍ത്തന സ്വാതന്ത്യ്രവും നല്‍കി. ഇസ്ലാമിക പാരമ്പര്യത്തെയും സ്വത്വത്തെയും വികൃതമാക്കാനുള്ള പടപ്പുറപ്പാടാണ് ദേശീയ മീഡിയയില്‍ കണ്ടത്. സകലവിധ അതിക്രമങ്ങളും പിന്നാക്കാവസ്ഥകളും ഇസ്ലാമുമായി മാത്രം കണ്ണിചേര്‍ക്കപ്പെട്ടു.
 
ഈയൊരു അന്തരീക്ഷം ജനുവരി 14ലെ വിപ്ളവത്തിന് ശേഷവും അധികമൊന്നും മാറിയിട്ടില്ല. ഏകാധിപത്യ ഭരണകൂടം വീഴുകയും അന്നഹ്ദക്ക് പ്രവര്‍ത്തന സ്വാതന്ത്യ്രം ലഭിക്കുകയും അതിന്റെ നേതാക്കള്‍ പ്രവാസജീവിതം മതിയാക്കി തിരിച്ചെത്തുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നത് ശരി. പക്ഷേ, പൊതുയിടങ്ങള്‍ ഇപ്പോഴും തീവ്രസെക്യുലര്‍ ജണ്ടയുടെ പിടിയില്‍ തന്നെ, പ്രത്യേകിച്ച് മീഡിയ. ഇടക്കാല ഭരണസംവിധാനങ്ങളിലൊക്കെ ഇടതുപക്ഷത്തിന്റെ പിടിത്തം ഏറക്കുറെ പൂര്‍ണമായിരുന്നു. അന്നഹ്ദ അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വാതന്ത്യ്രം അപകടത്തിലാവുമെന്ന് മീഡിയയിലൂടെ അവര്‍ നിരന്തരം പേടിപ്പിച്ചുകൊണ്ടിരുന്നു. ഇസ്ലാമിക ശിക്ഷാനിയമങ്ങള്‍ നടപ്പാക്കാന്‍ പോകുന്നു, മുഖംമൂടിയില്ലാതെ ഇനി വഴിയിലേക്കിറങ്ങാന്‍ പറ്റില്ല, സ്ത്രീകള്‍ നേടിയതൊക്കെയും ഇതാ കവര്‍ന്നെടുക്കാന്‍ പോകുന്നു, സാഹിത്യകലാദികള്‍ കുഴിച്ച് മൂടപ്പെടാന്‍ സമയമായി, ബാങ്കുകള്‍ക്കിനി വാതിലുകള്‍ കൊട്ടിയടക്കാം, ടൂറിസത്തിന് മരണമണി മുഴങ്ങിക്കഴിഞ്ഞു.... ഇങ്ങനെ എന്തൊക്കെയായിരുന്നു പ്രചാരണങ്ങള്‍! തീവ്ര സെക്യുലറിസ്റുകള്‍ മാത്രമായിരുന്നില്ല ഇതിന് പിന്നില്‍. സകല ഫ്രഞ്ച് മാധ്യമങ്ങളും ഇതേറ്റു പിടിക്കുകയും ലോകമൊട്ടുക്കും ഭീതി പരത്തുകയും ചെയ്തു.
 
ഈ കനത്ത പ്രചാരവേലകള്‍ക്കിടയിലും ജനങ്ങളുടെ ഭീതി അകറ്റാനും അവരുടെ മനസ്സിന് ആശ്വാസം പകരാനുമാണ് അന്നഹ്ദ ശ്രമിച്ചത്. ഈ കുപ്രചാരണങ്ങളെയൊക്കെ ജനം പുഛിച്ച് തള്ളി എന്നാണ് അന്നഹ്ദയുടെ ഗംഭീര വിജയം നമ്മോട് പറയുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഈജിപ്തിലും ഏറക്കുറെ ഇതിന്റെ അതേ പതിപ്പാണ് നാം കണ്ടത്. ഭരണഘടനാ പരിഷ്കരണത്തിനുള്ള ഹിതപരിശോധന നടന്ന സന്ദര്‍ഭത്തില്‍ അവിടത്തെ മിക്ക മാധ്യമങ്ങളും സാംസ്കാരിക-രാഷ്ട്രീയ നേതാക്കളും ഭരണഘടനാ പരിഷ്കാരങ്ങള്‍ക്ക് എതിരായിരുന്നു. അവര്‍ പലതും പറഞ്ഞ് പേടിപ്പിച്ചു. ഇതിനെയെല്ലാം അവഗണിച്ച് 70 ശതമാനം ഈജിപ്തുകാരും ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
 
 
* * * * * *
 
തുനീഷ്യയും ഈജിപ്തും തമ്മിലുള്ള സാദൃശ്യങ്ങള്‍ നിരവധിയാണ്. ഇരു രാജ്യത്തും പോലീസ്രാജ് ആണ് നിലവിലുണ്ടായിരുന്നത്. അവയുടെ സ്വഭാവത്തിലും അളവിലും ചില്ലറ വ്യത്യാസങ്ങള്‍ കണ്ടേക്കാം. തുനീഷ്യയില്‍ അള്‍ട്രാ സെക്യുലറിസത്തിന്റെ രൌദ്രത ഒട്ടും മറയില്ലാതെ അഴിഞ്ഞാടുകയായിരുന്നു. ഈജിപ്തിലേത് അണിയറക്ക് പിന്നില്‍ ഒളിഞ്ഞിരുന്ന് കൌശലത്തോടെയാണ് പ്രവര്‍ത്തിച്ചത്. ഇരുരാജ്യങ്ങളിലും ഇസ്ലാമിക മുദ്രയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്; കമ്യൂണിസ്റ് പാര്‍ട്ടികള്‍ക്ക് യാതൊരു വിലക്കുകളും ഉണ്ടായിരുന്നുമില്ല. തുനീഷ്യയിലിത് പ്രകടവും ഈജിപ്തില്‍ ഏറക്കുറെ ഗോപ്യവും ആയിരുന്നെന്ന് മാത്രം. ഇസ്ലാമിസ്റുകളെയാണ് ഈ ഏകാധിപതികള്‍ ഏറ്റവും വലിയ ഭീഷണിയായി ഉയര്‍ത്തിക്കാട്ടിയത്. ഇസ്ലാമിസ്റുകള്‍ വന്നാല്‍ 'നിങ്ങളുടെ എല്ലാ താല്‍പര്യങ്ങളും അപകടത്തിലാവും' എന്ന് അവര്‍ തങ്ങളുടെ പാശ്ചാത്യ യജമാനന്മാരെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും മീഡിയയെയും രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകരെയും കൂട്ടു പിടിച്ചു കൊണ്ടായിരുന്നു ഈ ഇസ്ലാമിസ്റ് വിരുദ്ധ കാമ്പയിന്‍.
 
ഇരു രാജ്യങ്ങളിലെയും വിപ്ളവം സമാധാനപരമായിരുന്നു. പൊതുജനമാണ് അത് തുടങ്ങിയതും അതിന് നേതൃത്വം നല്‍കിയതും. ഇരു നാടുകളിലും പ്രസിഡന്റിന്റെ കക്ഷിക്കായിരുന്നു അധികാരക്കുത്തക. 'ജനാധിപത്യത്തിന്റെ അലങ്കാര'ത്തിന് വേണ്ടി കുറെ ഈര്‍ക്കില്‍പാര്‍ട്ടികളെയും പ്രതിഷ്ഠിച്ചിരുന്നു. വിപ്ളവ വിജയത്തിന് ശേഷം പാര്‍ട്ടിയുണ്ടാക്കാനുള്ള ഉന്തും തള്ളുമായിരുന്നു ഇരു നാടുകളിലും. തുനീഷ്യയില്‍ 115 പാര്‍ട്ടികളാണ് പൊട്ടിമുളച്ചത്, ഈജിപ്തില്‍ അമ്പതും. ഈജിപ്തില്‍ സലഫികള്‍ വരെ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കി. തുനീഷ്യയിലെ സലഫികളാകട്ടെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പിന്റെ 48 മണിക്കൂര്‍ മുമ്പ് വരെ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. തുനീഷ്യയില്‍ ഇസ്ലാമിസ്റ് ധാരയെ പ്രതിനിധീകരിക്കാന്‍ അന്നഹ്ദ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈജിപ്തില്‍ ഇസ്ലാമിസ്റ് ധാരയില്‍ തന്നെ ഏഴ് പാര്‍ട്ടികളുണ്ട്.
 
 
* * * * * *
 
ഇസ്ലാമിസ്റുകള്‍ക്കും സെക്യുലറിസ്റുകള്‍ക്കുമിടയില്‍ ഒരു സിവില്‍ കലാപത്തിന് വഴിയൊരുക്കുന്ന എല്ലാറ്റില്‍നിന്നും വിട്ടുനില്‍ക്കുക- കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ റിപ്പബ്ളിക്കിന്റെ നേതാവും മുതിര്‍ന്ന പോരാളിയുമായ ഡോ. മുന്‍സ്വിഫ് മര്‍സൂഖി അറബ് ദേശീയ വാദികള്‍ക്കും ലിബറിസ്റുകള്‍ക്കും നല്‍കുന്ന ഉപദേശമാണിത്. സെക്യുലര്‍ മിതവാദത്തെ പ്രതിനിധീകരിക്കുന്ന കക്ഷിയാണിത്. അന്നഹ്ദയുമായി അവര്‍ നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. മര്‍സൂഖിയും 'അത്തകത്തുല്‍' നേതാവ് മുസ്ത്വഫ ജഅ്ഫറും അന്നഹ്ദയുമായി ചേര്‍ന്ന് നിയമനിര്‍മാണ സഭയില്‍ ശക്തമായ ഒരു മുന്നണി രൂപവത്കരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പ്രത്യയശാസ്ത്ര മാത്സര്യങ്ങള്‍ ഒഴിവാക്കണമെന്ന് ഡോ. മര്‍സൂഖി പറയുന്നത് പലതവണ ഞാന്‍ കേട്ടിരിക്കുന്നു.
 
തുനീഷ്യന്‍ തെരഞ്ഞെടുപ്പിന്റെ പാഠങ്ങള്‍ ഏതാനും ഉപദേശങ്ങളായി നമുക്കിങ്ങനെ സംഗ്രഹിക്കാം: സാധാരണ പൌരന്മാരിലുള്ള വിശ്വാസം നിങ്ങള്‍ക്കൊരിക്കലും നഷ്ടപ്പെടരുത്. അവരുടെ ലളിതമായ വസ്ത്രധാരണവും മറ്റും ദ്യോതിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിവേകവും തിരിച്ചറിവും ഉള്ളവരാണ് അവര്‍. ചുറ്റുംനിന്ന് ആര്‍ എത്രയൊക്കെ ഉച്ചത്തില്‍ അലറിയാലും നല്ലതും പേട്ടയും ഏതെന്നും, ഡ്യൂപ്ളിക്കേറ്റും ഒറിജിനലും ഏതെന്നും നന്നായി വകതിരിച്ച് മനസ്സിലാക്കാനുള്ള ശേഷി അവര്‍ക്കുണ്ട്.
 
- സെക്യുലറിസ്റ്, ഇസ്ലാമിസ്റ്, ഇടതുപക്ഷ മിതവാദ ധാരകള്‍ തമ്മിലാണ് ഏറെ അടുപ്പമുള്ളത്; അല്ലാതെ, ഇതേ ധാരകളുടെ തീവ്രവാദ ഗ്രൂപ്പുകളുമായല്ല. മിതവാദഗ്രൂപ്പുകള്‍ ഒരു മുന്നണിയായി പ്രവര്‍ത്തിച്ചാലല്ലാതെ രാഷ്ട്രം സുരക്ഷിതമായി കരപറ്റുകയില്ല.
 
- രാഷ്ട്രം ഓരോ പൌരന്റെയും സ്വത്താണ്. അതിനെ സ്വന്തമായി നയിച്ചുകളയാം എന്ന് ഒരു ഗ്രൂപ്പിനും തോന്നികൂടാത്തതാണ്. ആ തോന്നലിന് ഒരടിസ്ഥാനവുമില്ല. വിവിധ സാമൂഹിക ചേരികളെ പ്രതിനിധാനം ചെയ്യുന്ന അടിസ്ഥാന ശക്തികളുടെ ഐക്യത്തിലാണ് രാഷ്ട്രത്തിന്റെ ഭാവി.
 
- ജനാധിപത്യം, സാമൂഹിക നീതി പോലുള്ള പൊതുലക്ഷ്യങ്ങള്‍ക്ക് പകരം ഓരോ കക്ഷിയും അവരവരുടെ ആത്യന്തിക ലക്ഷ്യങ്ങളെക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്നാല്‍ ഭിന്നത ഉടലെടുക്കും, ശ്രമം വൃഥാവിലാവും, ശക്തി ശിഥിലമാവും.
 
- പൊതു സമൂഹത്തെ, പ്രത്യേകിച്ച് യുവാക്കളെ ദേശീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അണിനിരത്തുന്നതില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്കുള്ള സ്വാധീനം ചെറുതായി കാണരുത്.
 
- ഇസ്ലാമിസ്റുകളുടെ രാഷ്ട്രീയ പ്രവര്‍ത്തനം നാല് കാര്യങ്ങളാല്‍ കേന്ദ്രീകരിക്കണം. 1) ജനമനസ്സുകളില്‍നിന്ന് തങ്ങളെക്കുറിച്ച് സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഭീതി അകറ്റുക. 2) ഉപദേശ പ്രസംഗങ്ങള്‍ ഒഴിവാക്കി ജനസേവനത്തിന് മുന്നിട്ടിറങ്ങുക. 3) ചിലയാളുകള്‍ക്ക് സ്വര്‍ഗവും ചിലയാളുകള്‍ക്ക് നരകവും പതിച്ചു കൊടുക്കുന്ന രീതിയിലുള്ള, മനുഷ്യന്റെ ആത്യന്തിക ഭാഗധേയം സ്വയം തീരുമാനിക്കുന്ന മട്ടിലുള്ള സംസാരങ്ങള്‍ ഒഴിവാക്കുക. 4) നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കുന്നേടത്തോളം കാലം ജനങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ കൈവെക്കാതിരിക്കുക.
 
- പാഠങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കാതെ അവ ഉള്‍ക്കൊള്ളാന്‍ പഠിക്കുക.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati