Published on Tue, 01/10/2012 

പഴയ തിരക്കഥ; പുതിയ കഥാപാത്രങ്ങള്‍
എത്ര അപഹാസ്യമായാണ് ചരിത്രത്തിന്‍െറ തനിയാവര്‍ത്തനത്തിന് വന്‍ ശക്തികള്‍ കോപ്പുകൂട്ടുന്നത്? 2003ല്‍ കേട്ട അതേ ആക്രോശങ്ങളും ജല്‍പനങ്ങളുമാണ് 2012ലും മുഴങ്ങിക്കേള്‍ക്കുന്നത്. അന്ന് സദ്ദാം ഹുസൈന്‍െറ ഇറാഖിനെതിരായിരുന്നു കൊലവിളിയെങ്കില്‍ ഇന്ന് മുഹമ്മദ് അഹ്മദി നെജാദിന്‍െറ ഇറാന് എതിരാണെന്ന അന്തരം മാത്രം. സദ്ദാം സംഭരിച്ചുവെച്ച കൂട്ട നശീകരണായുധം യു.എസ് പൗരന്മാരുടെ ജീവന് ശാശ്വത ഭീഷണിയാണെന്ന് പറഞ്ഞായിരുന്നു ജോര്‍ജ് ഡബ്ള്യു. ബുഷ് യാങ്കിപ്പടയെ ഇറാഖിലേക്കയച്ചത്. അന്താരാഷ്ട്ര ആണവ ഏജന്‍സി പലവട്ടം ഇറാഖിന്‍െറ മുക്കിലും മൂലയിലും തിരഞ്ഞുനടന്നിട്ടും ഒരു തരിപോലും കണ്ടെത്താന്‍ കഴിയാത്ത ആണവ-രാസായുധങ്ങളുടെ പേരിലായിരുന്നു ഇറാഖിനെതിരെ യു.എന്‍.ഒ പ്രമേയങ്ങള്‍ ചുട്ടെടുത്തത്. അന്ന് പറഞ്ഞത് നൈജറില്‍നിന്ന് സദ്ദാം ഹുസൈന്‍ യുറേനിയം സംഭരിക്കാന്‍ ശ്രമം നടത്തിയതിന് തെളിവുകളുണ്ടെന്നായിരുന്നു. യുദ്ധവെറിയന്മാര്‍ക്കെതിരെ ലണ്ടന്‍ നഗരത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ കൊടുമ്പിരിക്കൊണ്ടപ്പോള്‍ ടോണി ബ്ളെയര്‍ പറഞ്ഞതെന്തായിരുന്നു? 45 മിനിറ്റിനകം ന്യൂക്ളിയര്‍ ബോംബ് വികസിപ്പിക്കാന്‍ മാത്രം സദ്ദാം ശേഷി നേടിയിട്ടുണ്ടെന്ന്. അല്‍ഖാഇദയുമായി സദ്ദാം സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അങ്ങനെയാണ് 2003 മാര്‍ച്ചില്‍ ഐക്യരാഷ്ട്രസഭയെ മൂകസാക്ഷിയാക്കി സഖ്യസേന രണ്ടര കോടി മനുഷ്യരുടെമേല്‍ അധിനിവേശം നടത്തുന്നത്.
പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. കൂട്ടനശീകരണായുധങ്ങളെക്കുറിച്ച് പിന്നെ കേട്ടതേയില്ല. ദശകത്തോളം നീണ്ട ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഇറാനെതിരെ പ്രയോഗിക്കുന്നതിന് അമേരിക്ക എത്തിച്ചുകൊടുത്ത രാസായുധങ്ങളുടെ ഒഴിഞ്ഞ വീപ്പകള്‍ മാത്രമേ പരിശോധകര്‍ക്ക് കണ്ടെത്താനായുള്ളൂ. ആ ഘട്ടത്തില്‍ അല്‍ഖാഇദയുടെ പൊടിപോലും മഷിയിട്ട് തിരഞ്ഞിട്ടും കാണാനായില്ല (പിന്നീട് അല്‍ഖാഇദ വിളയാട്ടം നടത്തിയത് യു.എസ് പട്ടാളത്തിന്‍െറ തണലിലാണ്). യഥാര്‍ഥ ‘കൂട്ടനശീകരണായുധങ്ങള്‍’ ഉപയോഗിച്ച് 10 ലക്ഷം ഇറാഖികളെ കൊന്നൊടുക്കുകയും നാഗരികതയുടെ കളിത്തൊട്ടിലായ യൂഫ്രട്ടീസ്-ടൈഗ്രീസ് തീരങ്ങള്‍ ധൂമപടലങ്ങളാക്കിയെറിയുകയും ചെയ്തപ്പോള്‍ ലോകത്തിന് ചില തിരിച്ചറിവുകള്‍ ഉണ്ടായി എന്നാണ് പലരും ധരിച്ചുവെച്ചത്. അത് തെറ്റായ ധാരണയാണെന്ന്  ഇറാനെതിരായ ഏറ്റവുമൊടുവിലത്തെ പടപ്പുറപ്പാട് വിളിച്ചുപറയുന്നു.
പഴയ അതേ തിരക്കഥ ഒരു തിരുത്തുമില്ലാതെ അവതരിപ്പിച്ചിരിക്കുകയാണ്് വീണ്ടും. മുഖ്യ കഥാപാത്രങ്ങളുടെ പേരുകള്‍ മാറിയെന്ന് മാത്രം. ബുഷിന് പകരം ഒബാമ; കോണ്ടലീസ റൈസിന് പകരം ഹിലരി ക്ളിന്‍റന്‍; ബ്ളെയറിന് പകരം കാമറണ്‍! ഒപ്പം സാര്‍കോസിയെപ്പോലുള്ള പുത്തന്‍ അവതാരങ്ങളും! സദ്ദാം ഹുസൈന്‍െറ പേരില്‍ രണ്ടര കോടി ഇറാഖികളെയാണ് അന്ന് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ അഹ്മദി നെജാദിന്‍െറ പേരില്‍ ഏഴ് കോടി ഇറാനികളെയാണ് ഇന്ന് ഉന്നംവെക്കുന്നത്!
1979 മുതല്‍ അമേരിക്ക ശത്രുപക്ഷത്ത് നിര്‍ത്തിയ, ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകര്‍ക്കെതിരായ പുതിയ യുദ്ധപ്രഖ്യാപനം പെന്‍റഗണിന്‍െറ കണക്കുപുസ്തകത്തിലെ കുടിശ്ശിക തീര്‍ക്കല്‍ മാത്രമാണെന്നതാണ് സത്യം. 1990കളില്‍ ആക്രമിച്ചുകീഴടക്കാന്‍ പെന്‍റഗണ്‍ തീരുമാനിച്ച ഒമ്പത് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഇറാനുണ്ടായിരുന്നു. ഇറാഖിനെതിരെ ഉന്നയിച്ച അതേ ആരോപണം -കൂട്ടനശീകരണായുധം (ആറ്റംബോംബ്) ഉണ്ടാക്കാന്‍ പോകുന്നു എന്ന് പെറുമ്പറയടിച്ച് ആ രാജ്യത്തെ ലോകസമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്താനും കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി പട്ടിണിക്കിട്ട് കൊല്ലാനും 2006 തൊട്ടേ കരുക്കള്‍ നീക്കുന്നുണ്ടായിരുന്നു. മൂന്നു പതിറ്റാണ്ടായി പല രൂപത്തിലുള്ള ഉപരോധങ്ങളെക്കൊണ്ട് ഞെരിച്ചുകൊല്ലുന്നുണ്ടായിരുന്നു ഇവരെ. ഏറ്റവുമൊടുവിലായി, പ്രതിദിനം 3.5 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന ഇറാനില്‍നിന്ന് ഒരാളും എണ്ണ വാങ്ങാന്‍ പാടില്ല എന്ന ശാസനയാണ്് അമേരിക്കയും യൂറോപ്യന്‍ യൂനിയനും നല്‍കിയിരിക്കുന്നത്്. ഇറാനിയന്‍ സെന്‍ട്രല്‍ ബാങ്കുമായി ഇടപാട് നടത്താന്‍ സാധിക്കാത്തവിധം പാസാക്കിയ നിയമത്തില്‍  ഒബാമ ഡിസംബര്‍ അവസാനം ഒപ്പുവെച്ചപ്പോള്‍ അദ്ദേഹം സൗകര്യപൂര്‍വം മറന്നത് മുസ്ലിം ലോകവുമായി അടുക്കാന്‍ ഇക്കാലമത്രയും കൊണ്ടുനടന്ന ശാന്തിമന്ത്രങ്ങളാണ്. യൂറോപ്യന്‍ യൂനിയനാവട്ടെ, അങ്കിള്‍സാമിനെ ചാണിന് ചാണ്‍ അനുധാവനം ചെയ്ത് അടുത്ത നീക്കം യുദ്ധത്തിലേക്കാണെന്ന സൂചനയോടെ യൂറോപ്പിലേക്കുള്ള എണ്ണയൊഴുക്കിന് വിലക്കേര്‍പ്പെടുത്തുകയാണ്.  
1979ലെ ഇസ്ലാമിക വിപ്ളവത്തിനുമുമ്പ് മേഖലയില്‍ അമേരിക്കയുടെ ഉറ്റചങ്ങാതിയായിരുന്നു ഇറാന്‍. ഷാ റിസാ പഹ്ലവി എന്ന പാവയുടെ ചുമലിലിരുന്നാണ് അന്ന് വൈറ്റ്ഹൗസ് പശ്ചിമേഷ്യയുടെ കടിഞ്ഞാന്‍ പിടിച്ചത്. അറബ് രാജ്യങ്ങളെ നിലക്കുനിര്‍ത്താനായിരുന്നു അന്ന് ഇറാനെ കൂട്ടുപിടിച്ചത്. അങ്കിള്‍സാമും സയണിസ്റ്റ് രാഷ്ട്രവും ചേര്‍ന്ന് ഒരുവേള തെഹ്റാനെ അണ്വായുധമണിയിക്കാന്‍ രഹസ്യനീക്കങ്ങള്‍ നടത്തിയിരുന്നുവെന്ന വസ്തുത ഇന്ന് പലരും വിസ്മരിച്ചിട്ടുണ്ടാവാം. ഇറാന്‍െറ ആണവപദ്ധതിയെക്കുറിച്ചുള്ള പടിഞ്ഞാറന്‍ ശക്തികളുടെ ആശങ്ക കാപട്യത്തിലപ്പുറമൊന്നുമല്ല. ‘ആയത്തുല്ലമാരുടെ കൈകളില്‍ ന്യൂക്ളിയര്‍ ബോംബ് വന്നുപെടാന്‍ പോകുന്നു’ എന്ന മുറവിളി അഖണ്ഡനീയമായ തെളിവുകളുടെ പിന്‍ബലത്തിലല്ല; പ്രത്യുത, ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ പ്രയോഗവത്കരണത്തിന്‍െറ ഭാഗം മാത്രമാണ്. വിദേശ ശാസ്ത്രജ്ഞരുടെ നിര്‍ണായക പിന്തുണയോടെ ന്യൂക്ളിയര്‍ ബോംബുണ്ടാക്കാനുള്ള സാങ്കേതികവിദ്യ ഇറാന്‍ കരഗതമാക്കിയിരിക്കാന്‍ സാധ്യതയുണ്ട് എന്നു മാത്രമാണ് അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ അവസാനത്തെ അന്വേഷണ റിപ്പോര്‍ട്ടിലും പറയുന്നത്. ശാസ്ത്രീയജ്ഞാനവും വിദ്യയും കരഗതമാക്കുന്നത് 21ാം നൂറ്റാണ്ടിന്‍െറ പുലരിയിലും ഇത്ര വലിയ അപരാധമാണോ? ആണവ ഏജന്‍സി വക്താക്കള്‍ നിരന്തരം ഇറാന്‍െറ ആണവനിലയങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. അണുബോംബ് നിര്‍മിക്കാന്‍ പോകുന്നു എന്നതിന് ഇതുവരെ അവര്‍ക്ക് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ നാഷനല്‍ ഇന്‍റലിജന്‍സ് എസ്റ്റിമേറ്റ് 2007ല്‍ റിപ്പോര്‍ട്ട് ചെയ്തതും മറ്റൊന്നല്ല. അണുബോംബുണ്ടാക്കുന്നതിന് ഒരു റഷ്യന്‍ ശാസ്ത്രജ്ഞന്‍ സഹായം നല്‍കിയതിന്‍െറ ‘തെളിവ് ’ മോഷ്ടിക്കപ്പെട്ട ഒരു ലാപ്ടോപ്പില്‍നിന്ന് ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണത്രെ ഇപ്പോഴത്തെ ഈ മുറവിളയത്രയും. റഷ്യ ആ ആരോപണം നിഷേധിച്ചിട്ടും അമേരിക്കയുടെ ‘സ്വന്തം ഏജന്‍സി’ക്ക് വിശ്വാസം വരുന്നില്ലത്രെ. ആണവ ശക്തികളായ ഇസ്രായേല്‍, ഉത്തര കൊറിയ, ഇന്ത്യ, പാകിസ്തന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവെച്ച രാജ്യമാണ് ഇറാന്‍. അതുകൊണ്ടുതന്നെ ഇറാന്‍െറ ആണവനിലയങ്ങള്‍ അന്താരാഷ്ട്ര പരിശോധനക്ക് എന്നും വിധേയമാണ്. എന്നാല്‍, വന്‍ശക്തി രാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പ്  തുറന്നുകാട്ടപ്പെടുന്നത് ഇറാന്‍െറ ആണവപദ്ധതിക്കെതിരെ സദാ നാക്കിട്ടടിക്കുന്ന ഇസ്രായേലിന്‍െറ കാര്യത്തില്‍ പ്രദര്‍ശിപ്പിക്കുന്ന കാപട്യമാണ്. അന്താരാഷ്ട്രനിയമങ്ങളെ നിരന്തരം ഉല്ലംഘിക്കുകയും യു.എന്‍ പ്രമേയങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കുകയും ചെയ്യുന്ന മേഖലയിലെ യഥാര്‍ഥ തെമ്മാടിരാഷ്ട്രമായ ഇസ്രായേലിന്‍െറ കൈവശമുള്ള ഏതാണ്ട് 200 ആറ്റംബോബുകളെക്കുറിച്ച് ലോകശക്തികള്‍ക്ക് അശേഷം പരിഭ്രാന്തിയില്ളെങ്കില്‍ ഇറാന്‍െറ കാര്യത്തില്‍ എന്തിന് തല പുകക്കണം? കോളമിസ്റ്റ് ലിന്‍ഡ ഹേര്‍ഡ് സൂചിപ്പിച്ചതുപോലെ, ഒരു ആണവശക്തിയുടെമേല്‍ ഒരിക്കലും അധിനിവേശം നടത്താന്‍ ധൈര്യം കിട്ടില്ല എന്നതുകൊണ്ടാണ്  ഇറാന്‍െറ ആണവപരീക്ഷണങ്ങളെ യാങ്കികള്‍ക്ക് സഹിക്കാനാവാത്തത്.
ഇറാന്‍ ആണവായുധം വികസിപ്പിച്ചെടുത്താല്‍തന്നെ അത് പടിഞ്ഞാറിനോ ഇസ്രായേലിനോ എതിരെ പ്രയോഗിക്കാന്‍ പോവുന്നില്ളെന്ന് എല്ലാവര്‍ക്കുമറിയാം. പിന്നെന്തിന് അമേരിക്കയും കൂട്ടാളികളും വെകിളി പിടിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം ലളിതം: അമേരിക്കയുടെ ആശങ്കക്ക് പിറകില്‍ വലിയ അജണ്ടകളുണ്ട്. ഒന്ന്, മേഖലയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധിപത്യം വീണ്ടെടുക്കുകയും പശ്ചിമേഷ്യയില്‍ പുതുതായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന യു.എസ് സൈനിക താവളങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്തുകയും ചെയ്യുക. രണ്ട്, അമേരിക്കയുടെ ആയുധ ഫാക്ടറികള്‍ക്ക് കരാര്‍ ഉണ്ടാക്കിക്കൊടുക്കുകയും തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ആയുധകച്ചവടത്തിലൂടെ പിടിച്ചുനിര്‍ത്തുകയും ചെയ്യുക. ഇറാഖിനെ ആക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോഴത്തെ അമേരിക്കയല്ല ഇന്ന് നമ്മുടെ മുന്നിലുള്ളത്. രണഭൂമിയില്‍ പരാജയപ്പെട്ട്, സാമ്പത്തികമായി തകര്‍ന്ന്, സ്വന്തം ജനതയാല്‍ വെറുക്കപ്പെട്ട്, തെരുവിലിറങ്ങിയ യുവതയുടെ മുന്നില്‍ തല കുനിച്ചുനില്‍ക്കുന്ന ഒരു രാഷ്ട്രം പ്രതീകവത്കരിക്കുന്നത്് പകലറുതി കണ്ട ഒരു സാമ്രാജ്യത്തെയാണ്. ഊര്‍ജകേദാരമായ പശ്ചിമേഷ്യയുടെമേലുള്ള നിയന്ത്രണംകൂടി എന്നെന്നേക്കുമായി നഷ്ടപ്പെട്ടാല്‍ പിന്നെ ഇന്നീ കാണുന്ന അമേരിക്കയുണ്ടാവില്ല. ആ പതനം മുന്‍കൂട്ടി കണ്ടാണ്് ഇറാനെ മുഖ്യശത്രുവായി നിര്‍ത്തി ലോകരാഷ്ട്രങ്ങളെ തങ്ങളുടെ ചേരിയില്‍ അണിനിരത്തുകയും ഇറാന്‍ അറബ്-ഇസ്ലാമിക ലോകത്തിന്‍െ കൂടി  ശത്രുവാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ കുതന്ത്രങ്ങള്‍ പയറ്റുകയും ചെയ്യുന്നത്. ഇറാന്‍െറ ഭീഷണി ചൂണ്ടിക്കാട്ടി ഗള്‍ഫിലുടനീളം ആയുധക്കച്ചവടം പൊടിപൊടിക്കുന്ന കുതൂഹലമാണിപ്പോള്‍. സൗദി അറേബ്യ 29.4 ബില്യന്‍ റിയാലിന്‍െറ ആയുധ ഇടപാടിന് കരാറൊപ്പിട്ടുകഴിഞ്ഞു. ഈ ഇടപാടിലൂടെ, തൊഴിലില്ലായ്മ രൂക്ഷമായ അമേരിക്കയില്‍ പ്രതിവര്‍ഷം 50,000 പേര്‍ക്ക് ജോലി കിട്ടുമെന്നും ഖജനാവിലേക്ക് 3.5 ബില്യന്‍ ഡോളര്‍ ഒഴുകുമെന്നും യു.എസ് പ്രതിരോധ വക്താവ് ആഹ്ളാദിക്കുന്നു. യു.എ.ഇയുമായും വന്‍  ആയുധ ഇടപാട് ഉറപ്പിച്ചുകഴിഞ്ഞു. മേഖലയിലെ മറ്റു രാജ്യങ്ങളും ആയുധച്ചാര്‍ത്തുമായി വാഷിങ്ടണിലേക്ക് പറക്കാനിരിക്കുകയാണ്.
അതേസമയം, പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളില്‍ ഇറാന്‍ കൈക്കൊള്ളുന്ന നിലപാട് നിഷ്പക്ഷമതികളെ അസ്വസ്ഥരാക്കുന്നുണ്ട്. യു.എസ് അധിനിവേശത്തിന് തൊട്ടുമുമ്പ് സദ്ദാം ഹുസൈന്‍ പ്രദര്‍ശിപ്പിച്ച പിത്തലാട്ടങ്ങളും വീരസ്യംപറച്ചിലുകളുമാണ് ഇറാന്‍ ഇന്നാവര്‍ത്തിക്കുന്നത്. തങ്ങള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ ഒരൊറ്റ എണ്ണക്കപ്പലും കടന്നുപോകില്ല എന്ന താക്കീത് ആ കപ്പല്‍ച്ചാലിനെക്കുറിച്ച് വിവരമുള്ളവരാരും ഗൗരവത്തിലെടുക്കില്ല. കാരണം, ലോകത്ത് ഉല്‍പാദിപ്പിക്കുന്ന മൊത്തം എണ്ണയുടെ 40 ശതമാനം, അതായത്, ദിനംപ്രതി 17 ദശലക്ഷം ബാരല്‍ കടത്തിക്കൊണ്ടുപോകുന്ന കപ്പല്‍പ്പാത അടച്ചിടാന്‍ ഇറാന് കഴിയില്ല എന്നു മാത്രമല്ല, അതിന് ശ്രമിച്ചാല്‍ പ്രത്യാഘാതം അചിന്തനീയമായിരിക്കും. ഇറാനെ സംബന്ധിച്ചിടത്തോളം അത് രാഷ്ട്രീയമായും സൈനികമായും ആത്മഹത്യാപരമായിരിക്കുമെന്നാണ് സൗദി മുന്‍ നാവിക ഉദ്യോഗസ്ഥനും കോളമിസ്റ്റുമായ അബ്ദുല്‍ ലത്തീഫ് അല്‍ മുല്‍ഹിം ചൂണ്ടിക്കാട്ടുന്നത്. 1967ല്‍ ജമാല്‍ അബ്ദുല്‍ നാസര്‍ തിറാന്‍ കടലിടുക്ക് അടച്ചിടാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത് ആരും മറന്നിട്ടില്ല. ദിവസവും 15 എണ്ണ ടാങ്കറുകള്‍ കടന്നുപോകുന്ന 35 മൈല്‍ വീതിയുള്ള ഈ കടലിടുക്കിന്‍െറ നിയന്ത്രണം ഇറാഖുമായുള്ള യുദ്ധകാലത്ത് ഒരു ദിവസംപോലും ഇറാന് കൈയേല്‍ക്കാന്‍ സാധിച്ചിട്ടില്ല എന്ന വസ്തുതയും വിദഗ്ധര്‍ എടുത്തുകാട്ടുന്നു. എല്ലാറ്റിനുമുപരി, അമേരിക്കയുടെ വിമാന വാഹിനി കപ്പലായ യു.എസ്.എസ് ജോണ്‍ സി. സ്റ്റെന്നിസ് പോലുള്ള കൂറ്റന്‍ നാവികശക്തിയുടെ മുന്നില്‍ ഇറാന്‍െറ നാവിക ശേഷി ഒന്നുമല്ല. ഹോര്‍മുസ് കടലിടുക്ക് സ്വന്തമാക്കിവെക്കാനുള്ള കരുത്തൊന്നും ഇറാനില്ല. എന്നിട്ടും തെഹ്റാന്‍െറ പത്തുദിവസത്തെ നാവിക അഭ്യാസങ്ങള്‍ക്ക് ഇത്രമാത്രം വാര്‍ത്താപ്രാധാന്യം കിട്ടിയത് ശത്രുപക്ഷത്തിന്‍െറ പ്രചാരണംകൊണ്ട് മാത്രമാണ്. പ്രതിയോഗികളുടെ ചതിക്കുഴിയിലേക്കാണ് ഇറാന്‍ സ്വപ്നാടനം നടത്തുന്നതെന്ന് വിലയിരുത്തുന്നതാവും ബുദ്ധി. ഇറാനെ ആക്രമിക്കാനും അതിന്‍െറ ആണവനിലയങ്ങള്‍ തകര്‍ക്കാനും വാഷിങ്ടണില്‍നിന്ന് പച്ചക്കൊടി  കാണിക്കുന്നത് കാത്തിരിക്കുന്ന ജൂതരാഷ്ട്രത്തിന് വടി കൊടുത്ത് അടി വാങ്ങാന്‍ മാത്രം ബുദ്ധിശൂന്യത അഹ്മദി നെജാദ് കാട്ടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അതേസമയം, യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അടുക്കുന്തോറും സയണിസറ്റ്, നവയാഥാസ്ഥിതിക, ഇവാഞ്ചലിക്കല്‍ തീവ്രവാദികള്‍ ആളിക്കത്തിക്കുന്ന ഇറാന്‍വിരുദ്ധ, യുദ്ധഭ്രാന്തില്‍ ഒബാമ കടുംകൈക്ക് തുനിയാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളഞ്ഞുകൂടാ. അങ്ങനെയെങ്കില്‍, പശ്ചിമേഷ്യ കത്തിയാളുന്നതായിരിക്കും ലോകം ഒരിക്കല്‍കൂടി കാണേണ്ടിവരുക.

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Wed, 12/28/2011 -

ഗള്‍ഫ് ഭരണകൂടങ്ങള്‍ മാറിച്ചിന്തിക്കുമ്പോള്‍
‘മുല്ലപ്പൂവിപ്ളവ’ങ്ങള്‍ വിരിയിച്ചുകൊണ്ടിരിക്കുന്ന ‘അറബ് വസന്ത’ത്തില്‍, തങ്ങളുടെ ചുറ്റുപാടും ദ്രുതഗതിയില്‍ പൊട്ടിവീഴുന്ന മാറ്റങ്ങളെ ദേശാതിരുകള്‍കൊണ്ട് പ്രതിരോധിക്കാനാവില്ളെന്ന ഗള്‍ഫ് ഭരണകൂടങ്ങളുടെ തിരിച്ചറിവിന്‍െറ പ്രതിഫലനമാണ് ഡിസംബര്‍ 20, 21 തീയതികളില്‍ റിയാദില്‍ ചേര്‍ന്ന 32ാം ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയില്‍ ദൃശ്യമായത്. സൗദിയുടെ പൗരാണിക തലസ്ഥാനമായ ദറഇയ്യകൊട്ടാരത്തില്‍, ആറ് രാഷ്ട്രങ്ങളിലെ ഭരണ-ഉദ്യോഗസ്ഥ, മാധ്യമ സാരഥികളെ അഭിസംബോധന ചെയ്യവ, ആതിഥേയനായ അബ്ദുല്ല രാജാവിന് ഉണര്‍ത്താനുണ്ടായിരുന്നത് ഇതായിരുന്നു: ‘യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ നിര്‍നിമേഷരായി നില്‍ക്കുകയല്ല വേണ്ടതെന്നാണ് ചരിത്രത്തില്‍നിന്നും ജീവിതാനുഭവങ്ങളില്‍നിന്നും നാം പാഠമുള്‍ക്കൊണ്ടത്. കേവലം കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ക്ക് നഷ്ടമുറപ്പാണ്. നിലവിലെ അവസ്ഥയില്‍ തൃപ്തരായി മുന്നോട്ട് പോകുന്നത് ശരിയായ നിലപാടായിരിക്കില്ല. അങ്ങനെയെങ്കില്‍, ‘ഖാഫില’യുടെ (സാര്‍ഥവാഹക സംഘത്തിന്‍െറ) ഏറ്റവുമൊടുവിലായിരിക്കും നമ്മുടെ സ്ഥാനം. നമ്മുടെ രാജ്യത്തിന്‍െറയും ജനങ്ങളുടെയും സുരക്ഷയുടെയും ഭദ്രതയുടെയും കാര്യമോര്‍ക്കുമ്പോള്‍ നമുക്കിത് ഒരിക്കലും ആശാസ്യമല്ല’.
1981ല്‍ നിലവില്‍വന്ന ആറ് രാഷ്ട്രങ്ങളുടെ സഹകരണ കൂട്ടായ്മയെ ഒരു യൂനിയനായി വളര്‍ത്തുന്നതിനെക്കുറിച്ചാണ് ഇനി ആലോചിക്കേണ്ടത്് എന്ന അബ്ദുല്ല രാജാവിന്‍െറ ആഹ്വാനം അറബ്-ഇസ്ലാമിക ലോകത്ത് ഇന്ന് സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. തുണീഷ്യയില്‍നിന്ന് തുടങ്ങി, നൈല്‍ തീരത്തൂടെ ആഞ്ഞുവീശി, യമനിലും ലിബിയയിലും സിറിയയിലുമൊക്കെ വന്‍മരങ്ങളെ കടപുഴക്കിയെറിഞ്ഞ് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് മുന്നേറുന്ന മാറ്റത്തിന്‍െറ കൊടുങ്കാറ്റിന് മുന്നില്‍ ശാശ്വതമായി പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന ധാരണ മിഥ്യയാണ് എന്ന മുന്നറിയിപ്പാണ് മേഖലയിലെ ഏറ്റവും അനുഭവസമ്പന്നനായ അബ്ദുല്ല രാജാവ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരിക്കുന്നത്്. എണ്ണയുടെയും വാതകങ്ങുടെയും അക്ഷയ ഖനികളാല്‍ അനുഗൃഹീതമായ ലോകത്തിലെ ഏറ്റവും സമ്പല്‍സമൃദ്ധമായ ഒരു ഭൂവിഭാഗത്തിന്‍െറ മുന്നിലും ഋതുപ്പകര്‍ച്ചയുടെ ഈ സന്ദിഗ്ധ കാലസന്ധി ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്ന തിരിച്ചറിവില്‍നിന്നുള്ളതാണ് ഈ താക്കീത്.
 ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും കെട്ടഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഗതിവിഗതികള്‍ മേഖലയുടെ ശാക്തിക ബലാബലം പൂര്‍ണമായും മാറ്റിമറിച്ചിരിക്കുകയാണ്. ഒന്നാം ലോക യുദ്ധത്തിനുശേഷം, ബ്രിട്ടനും ഫ്രാന്‍സും  ഒപ്പുവെച്ച 1916ലെ കുപ്രസിദ്ധമായ സ്കെയ്സ്- പൈകോട് ഉടമ്പടിയുടെ ഫലമായി നിലവില്‍വന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ അവസാനത്തെ അവശിഷ്ടങ്ങളെയും  തൂത്തെറിഞ്ഞ് അറബ്സമൂഹം സ്വന്തം സ്വത്വവും ഹിതവും തിരിച്ചുപിടിക്കുന്ന ഹൃദയസ്പര്‍ശിയായ കാഴ്ചക്കാണ്് ലോകമിന്ന് ദൃക്സാക്ഷിയാവുന്നത്. ഇതുവരെ ഈ ഭൂവിഭാഗത്തിന്മല്‍േ ആധിപത്യം നിലനിര്‍ത്തുകയും അറബ് -ഇസ്ലാമിക സമൂഹത്തിന്‍െറ ഭാഗധേയം നിര്‍ണയിക്കുകയും ചെയ്ത ബാഹ്യശക്തികളുടെ സ്വാധീനം കുറഞ്ഞില്ലാതാവുന്നു എന്നതാണ് ഈ മാറ്റങ്ങളുടെ കാതല്‍. അതോടെ ഉടലെടുക്കുന്ന വിടവ് നികത്താന്‍ അറബ് ഇസ്ലാമിക ലോകത്തുതന്നെ പുതിയ ശാക്തിക കൂട്ടുകെട്ടുകള്‍ രൂപപ്പെടുക സ്വാഭാവികം. ഇതിലേക്കായി രണ്ടു രാഷ്ട്രീയ പദ്ധതികള്‍ ഇതിനകം ഉരുത്തിരിഞ്ഞുവന്നിട്ടുണ്ടെന്നാണ്് ചിന്തകനും മനുഷ്യാവകാശവാദിയുമായ അബ്ദുല്‍ ഹുസൈന്‍ ശാബാനെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. അതിലൊന്ന്, മിതവാദ ഇസ്ലാമിനെയും മതേതരത്വത്തെയും സമന്വയിപ്പിച്ച് ബഹുസ്വരതയോടും ആഗോളീകൃത സമ്പദ്വ്യവസ്ഥയോടും രമ്യതയില്‍ വര്‍ത്തിക്കുന്ന തുര്‍ക്കി മാതൃകയാണ്. തുണീഷ്യയും മൊറോക്കോയും ഇതിനകം ഈ മാതൃകയോടുള്ള ആഭിമുഖ്യം പ്രകടിപ്പിക്കുകയും ആ പാത തെരഞ്ഞെടുക്കുകയും ചെയ്തുകഴിഞ്ഞു. എന്നാല്‍, ഇറാന്‍ നേതൃത്വം കൊടുക്കുന്ന രണ്ടാമത്തെ പദ്ധതി ഷിയാ വിഭാഗീയതയില്‍ അധിഷ്ഠിതമായ പേര്‍ഷ്യന്‍, സഫാവിദ് മാനങ്ങളുള്ള ദേശീയതയാണെന്നും അത് മേഖലക്ക് അപകടകരമാണെന്നുമാണ് മുഖ്യധാരാ മാധ്യമങ്ങളും നിരീക്ഷകരും എടുത്തുകാട്ടുന്നത്. അറബ് ഇസ്ലാമിക ലോകത്ത് ഭിന്നത വളര്‍ത്താനും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും കലാപങ്ങള്‍ സൃഷ്ടിക്കാനും ഇറാന്‍െറ നേതൃത്വത്തില്‍ വ്യാപകമായ ചാരപ്പണിയും കുത്സിത നീക്കങ്ങളും നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ കൊണ്ട് അറബ് മീഡിയ നിറഞ്ഞുകവിയുന്നു. കോളമിസ്റ്റ് അലി ബ്ലൂവി എഴുതുന്നു: ‘അറബ് വസന്തം ഇറാനിയന്‍ വിപ്ളവത്തിന്‍െറ മറ്റൊരു പതിപ്പാണെന്ന ധാരണ പരത്താനാണ് ഇറാന്‍ ശ്രമിക്കുന്നത്. മുതിര്‍ന്ന ഇറാന്‍ അധികൃതര്‍ നല്‍കുന്ന പരോക്ഷമായ സന്ദശേമിതാണ്: മേഖല സാക്ഷ്യം വഹിക്കുന്നത് ഇസ്ലാമിക ഉണര്‍വിന്‍െറ ഒരു കാലഘട്ടത്തിനാണെന്നും ഇറാന്‍ അതിന്‍െറ നേതൃപദവി ഏറ്റടെുക്കണമെന്നും. അറബ് വസന്തത്തിന് ഇറാന്‍ സാമ്പത്തിക സഹായം ചെയ്യന്നതായി തെളിവുകളുണ്ട്. സുരക്ഷയുടെ കാര്യം പറഞ്ഞാണ് ഇറാന്‍ അറബ് രാജ്യങ്ങളെ സമീപിക്കുന്നത്. എന്നാല്‍, അറബികള്‍ക്ക് ഇറാന്‍െറ കാര്യത്തില്‍ ലവലേശം വിശ്വാസമില്ല. ഇറാനില്‍നിന്നുള്ള തീര്‍ഥാടകരെ പരിശോധിച്ചാല്‍ മനസ്സിലാവും അവര്‍ റവലൂഷനറി ഗാര്‍ഡിന്‍െറ ഭാഗമാണെന്ന്. എന്തിന്, ഇറാനിയന്‍ കമ്പനികളുടെ കാര്യത്തില്‍ പോലും വിശ്വാസമില്ല; എന്നിട്ടല്ളേ എംബസിയുടെ കാര്യം? (അറബ് ന്യൂസ്-2011ഡിസംബര്‍ 3).
ജി.സി.സി ഉച്ചകോടിയുടെ മുന്നോടിയായി മേഖലയില്‍ ഇസ്രായേലും ഇറാനും ചെലുത്തുന്ന ദുഃസ്വാധീനങ്ങളെക്കുറിച്ചും അത് ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും വ്യാപകമായി ചര്‍ച്ച ചെയ്യപ്പട്ടിരുന്നു. ഇസ്രായേലും ഇറാനും ആണവ പദ്ധതികള്‍ ഉപേക്ഷിക്കുന്നില്ളെങ്കില്‍ അത്തരം ആയുധങ്ങള്‍ സ്വായത്തമാക്കുന്നതിനെക്കുറിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ചിന്തിക്കേണ്ടിവന്നേക്കാമെന്നും അല്ളെങ്കില്‍ വരുംതലമുറയോട് നാം മറുപടി പറയേണ്ടിവരുമെന്നും സൗദിയുടെ മുന്‍ യു.എസ് അംബാസഡറും കിങ് ഫൈസല്‍ സെന്‍റര്‍ ഫോര്‍ റിസര്‍ച് ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസിന്‍െറ തലവനുമായ  തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ റിയാദില്‍ ‘ദ ഗള്‍ഫ് ആന്‍ഡ് ദ  ഗ്ളോബ് ’ സമ്മേളനത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. ബാഹ്യവെല്ലുവിളികളെ നേരിടുന്നതിനുള്ള ഒറ്റമൂലി ഒന്നിച്ച് ശക്തിയാര്‍ജിക്കുക എന്നതാണെന്ന് അദ്ദഹേം ഊന്നിപ്പറഞ്ഞു. ജി.സി.സിയെ ‘പരമാധികാര രാഷ്ട്രങ്ങളുടെ യൂനിയന്‍’ ആയി പരിവര്‍ത്തിപ്പിക്കുന്നതിന് വേണ്ട മുന്‍ ഉപാധികളും തുര്‍ക്കി അല്‍ഫൈസല്‍ മുന്നോട്ടുവെച്ചു.‘ ഏകീകൃത അറേബ്യന്‍ ഉപവന്‍കര, തെരഞ്ഞെടുക്കപ്പെടുന്ന ശൂറാ കൗണ്‍സില്‍, ഏകീകൃത പട്ടാളം, പൊതു പ്രതിരോധ വ്യവസായം, ഏകീകൃത കറന്‍സി, ഏകീകൃത ഐ.ടി വ്യവസായം, പൊതു കരിക്കുലത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം, ഏകീകൃത നീതിന്യായ വ്യവസ്ഥ’... മികച്ച ഗൃഹപാഠത്തിന് ശേഷമാവണം വിഷയത്തെ അദ്ദഹേം ആഴത്തില്‍ അവതരിപ്പിച്ചത്. ലോകത്തിന്‍െറ ശാക്തിക സന്തുലനം മാറിമറിയുന്നുണ്ടെന്നും ചൈനയും ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും തുര്‍ക്കിയും ജപ്പാനും റഷ്യന്‍ ഫെഡററേഷനുമൊക്കെ അധികാരത്തിലും പദവിയിലും വളരുകയാണെന്നും ഓര്‍മപ്പെടുത്താനും അദ്ദഹേം മറന്നില്ല.
പരസ്പര സഹകരണം എന്നതിനപ്പുറം, യൂറോപ്യന്‍ യൂനിയന്‍െറ മാതൃകയില്‍ ശക്തമായ രാഷ്ട്ര കൂട്ടായ്മയിലേക്ക് വളരുന്നതോടെ പൊതു വെല്ലുവിളികളെ കാര്യക്ഷമമായി നേരിടാനാവുമെന്ന് ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ ചിന്തിപ്പിച്ചത് സമീപകാല അനുഭവങ്ങള്‍ തന്നെയാണ്്. അംഗരാജ്യമായ ബഹ്റൈനില്‍ ഷിയാ വിഭാഗം തെരുവിലിറങ്ങിയപ്പോള്‍ അതിന്‍െറ പിന്നില്‍ അയല്‍ രാജ്യത്തിന്‍െറ കുത്സിത അജണ്ടയുണ്ടെന്നാണ് കണ്ടെത്തിയത്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഖതീഫ് പ്രദേശങ്ങളില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്കുപിന്നിലും ബാഹ്യശക്തികളുടെ കരങ്ങളാണെന്ന് അധികൃതര്‍ എടുത്തുകാട്ടി.  ജി.സി.സിക്ക് പൊതുവായ പ്രതിരോധ സേന എന്ന ആശയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പടുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. അങ്ങനെയാണ് ജി.സി.സിയുടെ ശൈശവദശയിലുള്ള പൊതു മിലിട്ടറി വിങ് -പെനിന്‍സുല ഷീള്‍ഡ് ഫോഴ്സ് ബഹ്റൈനില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ രംഗത്തിറങ്ങുന്നത്. ആറ് രാജ്യങ്ങളില്‍നിന്നുള്ള 10,000 ഭടന്മാരാണ് നിലവില്‍ ഈ വിങ്ങിലുള്ളത്. ഭാവിയിലേക്ക് ഈ സൈനികശേഷി മതിയാവില്ല എന്ന തിരിച്ചറിവില്‍നിന്നാണ് കുടുതല്‍ സൈനികക്കരുത്തുള്ള അറബ് രാജ്യങ്ങളെ കൂടി കൂട്ടായ്മയില്‍ അംഗങ്ങളാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ക്ക് തുടക്കമിട്ടതത്രെ. ജോര്‍ഡനെയും മൊറോക്കോയെയും ജി.സി.സിയില്‍ ഉള്‍പ്പെടുത്താനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈജിപ്തും യമനും കൂട്ടായ്മയിലേക്ക് ഇന്നല്ളെങ്കില്‍ നാളെ വന്നുചേരുമെന്നാണ് കേള്‍ക്കുന്നത്.
ബാഹ്യ വെല്ലുവിളി മാത്രമല്ല; ആഭ്യന്തര യാഥാര്‍ഥ്യങ്ങളും ചുവരെഴുത്ത് വായിക്കാന്‍ ജി.സി.സി നേതൃത്വത്തെ പ്രേരിപ്പിക്കുന്നു. വസന്തമെന്നോ ശൈത്യമെന്നോ എന്ത് പേരിട്ടുവിളിച്ചാലും മാറ്റം അനിവാര്യമാണെന്നും പുതുതലമുറയുടെ ആഗ്രഹാഭിലാഷങ്ങളെയും അഭിവാഞ്ഛകളെയും തൃണവല്‍ഗണിച്ച് ആര്‍ക്കും ഇനിമുന്നോട്ടുപോവാനാവില്ളെന്നും പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന പറയുമ്പോള്‍ അദ്ദഹേം കൈമാറാന്‍ ശ്രമിക്കുന്ന താക്കീത് മാറ്റങ്ങള്‍ക്കായി തെരുവിലിറങ്ങിയ ‘സോഷ്യല്‍നെറ്റ്വര്‍ക് ജനറേഷന്‍’ ദേശാതിരുകള്‍ക്കതീതമായ ഒരു പ്രതിഭാസത്തിന്‍െറ സന്തതികളാണെന്നതാണ്. എല്ലാ ഗള്‍ഫ് രാജ്യങ്ങളും തൊഴിലില്ലായ്മക്ക് അറുതികാണാനും സ്വദേശിവത്കരണം ഊര്‍ജിതപ്പെടുത്താനും കലാ-കായിക മേഖലകളിലേക്ക് യുവതയുടെ ശ്രദ്ധ തിരിച്ചുവിടാനും വിവിധ കര്‍മപരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന തിരക്കിലാണിന്ന്. അതിന്‍െറ പ്രത്യാഘാതമെന്നോണം വിദേശി തൊഴില്‍സേന പലതരത്തിലുള്ള ആശങ്കള്‍ക്ക് നടുവിലാണ്്. ഗള്‍ഫിന്‍െറ കവാടങ്ങള്‍ പൂര്‍ണമായി കൊട്ടിയടക്കപ്പെടില്ളെങ്കിലും, അറുപതുകളില്‍ തുടങ്ങിയ ഗള്‍ഫ് പ്രവാസത്തിന് അറുതി കുറിക്കപ്പെടാന്‍ പോവുകയാണെന്നും മടക്കയാത്രയുടെ ആരംഭം കുറിച്ചുകഴിഞ്ഞുവെന്നുമുള്ള യാഥാര്‍ഥ്യത്തോട് ഇന്ത്യക്കാരടക്കമുള്ളവര്‍ സമരസപ്പെടാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.
ജി.സി.സി എന്ന സഹകരണ കൂട്ടായ്മയില്‍നിന്ന് ആറ് രാഷ്ട്രങ്ങളുടെ യൂനിയന്‍ എന്ന വിശാലമായ ആശയത്തിലേക്കുള്ള വഴിയില്‍ കടമ്പകള്‍ ഒട്ടനവധിയാണെങ്കിലും ലക്ഷ്യം കരഗതമാവുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഒരു ബ്ളോക്കായിരിക്കും ഉദയം ചെയ്യക. 1940 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള ഗള്‍ഫ് റെയില്‍വേവഴി കൂട്ടിയിണക്കുന്ന ഈ രാജ്യങ്ങളെ വാണിജ്യ-വ്യവസായ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിനുള്ള അവസരങ്ങളാണ് കാത്തിരിക്കുന്നത്. ഒറ്റ രാഷ്ട്രീയ ശക്തിയായി മാറുന്നതോടെ ആര്‍ജിക്കുന്ന വിലപേശല്‍ശേഷി രാഷ്ട്രാന്തരീയ തലങ്ങളില്‍പോലും അനുരണനങ്ങള്‍ സൃഷ്ടിച്ചുകൂടായ്കയില്ല. സൗദി അറേബ്യയുടെ നേതൃത്വത്തില്‍, തുര്‍ക്കിയുടേതില്‍നിന്നും ഇറാന്‍റേതില്‍നിന്നും  ഭിന്നമായ മൂന്നാമതൊരു രാഷ്ട്രീയ പദ്ധതിയുടെ പിറവി മുസ്ലിം ലോകത്തിലെ നിര്‍ണായക വഴിത്തിരിവായേക്കാം. അപ്പോഴും, ജി.സി.സിയുടെ റിയാദ് പ്രഖ്യാപനത്തില്‍ ഊന്നിപ്പറയുന്ന, രാഷ്ട്രീയ പരിഷ്കരണവും രാജ്യകാര്യത്തില്‍ പൗരന്മാരായ സ്ത്രീപുരുഷന്മാര്‍ക്കുള്ള പങ്കാളിത്തവും ഉറപ്പുവരുത്താനുള്ള ആന്തരിക ഘടനാമാറ്റങ്ങള്‍ തന്നെയാവും അടിസ്ഥാന രോഗപ്രതിവിധി.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

http://www.madhyamam.com/news/136574/111202

Published on Thu, 12/01/2011 

നാഷനല്‍ മീഡിയ വാച്ച് ഗ്രൂപ്പിന്‍െറ 25ാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യവെ നോം ചോംസ്കി മുന്നിലിരിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു: ‘അറബ്ലോകത്ത് ജനഹിതത്തോട് പ്രതിബദ്ധതയുള്ള ഗവണ്‍മെന്‍റ് വരുന്നതിനോട് അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ഒരിക്കലും താല്‍പര്യമുണ്ടാവില്ല.’ അതിന്‍െറ കാരണവും അദ്ദേഹം നിരത്തി: ‘അറബ് ജനത മൊത്തം യു.എസ് വിരുദ്ധമാണ്. ജനഹിതം പ്രതിഫലിപ്പിക്കുന്ന ഏത് ഭരണകൂടവും അമേരിക്കക്ക് എതിരായിരിക്കും’. ഹുസ്നി മുബാറക് അധികാരഭ്രഷ്ടനാക്കപ്പെട്ട, ഫെബ്രുവരി 17ന്‍െറ വിപ്ളവ വിജയ മുഹൂര്‍ത്തം കൊണ്ടാടാന്‍ യു.എസ് ആഭ്യന്തര സെക്രട്ടറി ഹിലരി ക്ളിന്‍റന്‍ കൈറോയിലേക്ക് പറന്നെത്തിയപ്പോള്‍ വന്‍ശക്തികള്‍ അതിരറ്റ ആഹ്ളാദത്തിലാണെന്ന് ധരിച്ചവരുണ്ടായിരുന്നു.നൈല്‍ തീരത്ത് പിറവി കൊള്ളുന്ന പുതുസ്വാതന്ത്ര്യത്തിന്‍െറ സൂതക്രിയ നടത്താന്‍ ഹിലരി അന്ന് കുതിച്ചെത്തിയത് യഥാര്‍ഥത്തില്‍ കുടിലതന്ത്രങ്ങള്‍ മെനയാന്‍ വേണ്ടിയായിരുന്നുവെന്ന് വിപ്ളവകാരികാരികള്‍ക്ക് മാത്രമല്ല ‘അറബ് വസന്തം ’ കൊണ്ടാടുന്ന ലോകത്തിനും ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാവണം.
ഈജിപ്തില്‍ തട്ടിയെടുക്കപ്പെട്ട വിപ്ളവം തിരിച്ചുപിടിക്കാന്‍ തഹ്രീര്‍ സ്ക്വയറിനെ വീണ്ടും പ്രക്ഷുബ്ധമാക്കുന്ന ജനതയുടെ പോരാട്ടം അധികാരം കൈപ്പിടിയിലൊതുക്കിയ സൈന്യാധിപത്യത്തോട് ( സുപ്രീം കൗണ്‍സില്‍ ഓഫ് ആംഡ് ഫോഴ്സസ് ) ആണെങ്കിലും യഥാര്‍ഥ പോരാട്ടം ഇക്കാലമത്രയും അറബ്ദേശത്തുനിന്ന് ജനാധിപത്യത്തെ തട്ടിത്തെറിപ്പിച്ചുകൊണ്ടിരുന്ന ശക്തികളോടാണ്. ഒന്നര നൂറ്റാണ്ടിലേറെയായി ഈ ഭൂവിഭാഗത്തിന്മേല്‍ പ്രത്യക്ഷമായോ പരോക്ഷമായോ ആധിപത്യം സ്ഥാപിച്ചുപോന്ന അതേ ശക്തികള്‍ തന്നെയാണ് അറബ് വസന്തത്തെ നിരര്‍ഥകമാക്കാനും വിപ്ളവത്തെ പാതിവഴിക്കുവെച്ച് ദിശതിരിച്ചുവിടാനും ആസൂത്രിത തന്ത്രങ്ങള്‍ പയറ്റുന്നത്.നൈല്‍തീരത്ത് ജനാധിപത്യം പുലരാന്‍ പാടില്ളെന്ന് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ കോളനി ശക്തികളും നമ്മുടെ കാലത്ത് സാമ്രാജ്യത്വ കുരുട്ടുബുദ്ധികളും ശഠിക്കുന്നത് അവരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങള്‍ പരിരക്ഷിക്കാനാണ്. നൈല്‍നദിയുടെ വെള്ളവും നദിക്കരയിലെ ഫലഭൂയിഷ്ഠമായ മണ്ണുമാണ് ബ്രിട്ടീഷ് കോളനിവാഴ്ചക്കാര്‍ക്ക് ഒരു വേള ഉസ്മാനിയ്യ ഖലീഫയില്‍നിന്ന് ഈജിപ്തിനെ പിടിച്ചടക്കാന്‍ പ്രചോദനമായതെങ്കില്‍ തുടര്‍ന്ന് സൂയസ് കനാലിലൂടെയുള്ള വാണിജ്യപാത തങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ രക്തധമനിയാണെന്ന തിരിച്ചറിവ് മേഖലയുടെ മേല്‍ കൂടുതല്‍ പിടി മുറുക്കാന്‍ പ്രേരണയായി.ഇസ്രായേലിന്‍െറ സംസ്ഥാപനത്തോടെ യു.എസ്-സയണിസ്റ്റ് അജണ്ട പ്രയോഗവത്കരിക്കാനും മേഖലയിലെ ശാക്തിക മേധാവിത്വം ഊട്ടിയുറപ്പിക്കാനുമുള്ള ഭൂമികയായി എട്ടുകോടി ജനം അധിവസിക്കുന്ന, അറബ് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രത്തെ ഉപയോഗപ്പെടുത്തിയതിന്‍െറ പരിണതിയാണ് നാമിതുവരെ കണ്ടത്.
ഈജിപ്തിന്‍െറ ജനകീയ പോരാട്ട ചരിത്രം തുടങ്ങുന്നത് അറബ്വസന്തത്തോടെയല്ല എന്ന് ആദ്യമേ മനസ്സിലാക്കണം. 1882ല്‍ ബ്രിട്ടന്‍ ഈജിപ്ത് പിടിച്ചടക്കിയത് മുതല്‍ ജനഹൃദയം സ്വാതന്ത്ര്യത്തിനായി കേഴുന്നുണ്ടായിരുന്നു.1919ലെ ജനകീയ പ്രക്ഷോഭത്തെ  അടിച്ചമര്‍ത്തിയെങ്കിലും ജനത പ്രകാശിപ്പിച്ച വിമോചനത്വരയുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ളെന്ന് കണ്ടപ്പോഴാണ്  1922ല്‍ ഭരണഘടനാധിഷ്ഠിത രാജഭരണത്തിന് ബ്രിട്ടന്‍ വഴിമാറിക്കൊടുക്കുന്നത്. വിപ്ളവം തിരിച്ചുപിടിക്കാന്‍ നവംബര്‍ 20തൊട്ട് തെരുവിലിറങ്ങിയ പ്രക്ഷോഭകാരികള്‍ മുഹമ്മദ് മഹമൂദ് സ്ട്രീറ്റില്‍ സംഗമിക്കുമ്പോള്‍ ആ പേര് പോലും ചരിത്രമറിയുന്നവരുടെ മനസ്സില്‍ കടലിരമ്പം സൃഷ്ടിക്കുന്നുണ്ടാവണം.കാരണം, രാജ്യത്തിന്‍െറ സ്വാതന്ത്ര്യം വിലപേശി വാങ്ങാന്‍ 1919ല്‍ പാരിസ് കോണ്‍ഫറന്‍സില്‍ പോയ നാലംഗ പ്രതിനിധിസംഘത്തിന്‍െറ നേതാവായിരുന്നു മുഹമ്മദ് മഹമൂദ്.  മാന്യതയുടെ സകല നിഷ്ഠകളും ലംഘിച്ച ബ്രിട്ടീഷ് ദുശ്ശക്തികള്‍ നാല് പേരേയും അറസ്റ്റ് ചെയ്ത് 1919 മാര്‍ച്ച് എട്ടിന് മാള്‍ട്ടയിലേക്ക് നാട് കടത്തുകയായിരുന്നു. അന്ന്  കൈറോവില്‍നിന്ന്  തിരി കൊളുത്തിയ രോഷാഗ്നി  രാജ്യമാസകലം ആളിപ്പടര്‍ന്നപ്പോള്‍ അധിനിവേശ പട്ടാളം പോലും ഞെട്ടിവിറച്ചു.മൂന്നുവര്‍ഷത്തിനുള്ളില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താന്‍ സായിപ്പന്മാര്‍  അങ്ങനെയാണ് നിര്‍ബന്ധിതരാവുന്നത്. എന്നിട്ടും ഭരണത്തില്‍ ജനഹിതം പ്രതിഫലിക്കരുത് എന്ന ശാഠ്യത്തില്‍ പരമാവധി കുതന്ത്രങ്ങള്‍ മെനഞ്ഞു. സൈന്യത്തിന്‍െറ ഉരുക്കുമുഷ്ടിയില്‍നിന്ന് കടിഞ്ഞാണ്‍ വഴുതിപ്പോകരുതെന്ന് കോളനി ശക്തികള്‍ തീരുമാനിച്ചപ്പോള്‍ രാജഭരണം അതിന്‍െറ എല്ലാ വൈകൃതങ്ങളോടെയും ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കപ്പെടുകയായിരുന്നു.
 1952ല്‍ മറ്റൊരു ജനകീയ വിപ്ളവത്തിലൂടെ രാജഭരണത്തിന് അന്ത്യം കുറിച്ചെങ്കിലും ജനാധിപത്യത്തിലേക്കുള്ള ചവിട്ടുപടിയില്‍ വെച്ച് സൈന്യം വീണ്ടും ഭരണം തട്ടിയെടുത്തു. ആ സൈനിക നേതൃത്വത്തെ സാമ്പത്തിക സഹായവും ആയുധങ്ങളും നല്‍കി  മര്‍ദനോപാധിയാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ വന്‍ശക്തികള്‍ വഹിച്ച പങ്ക് ചര്‍ച്ച ചെയ്യപ്പെടാന്‍ ഇന്ന് ആരും ഇഷ്ടപ്പെടില്ല. പിന്നീട്, രാജ്യത്തിന്‍െറ കടിഞ്ഞാണ്‍  സൈനിക പശ്ചാത്തലത്തില്‍നിന്ന് വന്നവരുടെ കൈകളിലമരുകയായിരുന്നു. ജമാല്‍ അബ്ദുന്നാസറും അന്‍വര്‍ സാദാത്തും ഹുസ്നി മുബാറക്കുമെല്ലാം ജനഹിതം ചവിട്ടിമെതിച്ചതും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നിര്‍ബാധം തുടര്‍ന്നതും  ഇസ്രായേലിന് ദാസ്യവേല ചെയ്തതും അഴിമതിയും സ്വജനപക്ഷപാതവും സ്ഥാപനവത്കരിച്ചതുമെല്ലാം  അങ്കിള്‍സാമിന്‍െറ  കൃപാശിസ്സുകളോടെ തന്നെ. തുനീഷ്യയില്‍നിന്ന് വീശിത്തുടങ്ങിയ വിപ്ളവക്കാറ്റ് എല്ലാം കടപുഴക്കി എറിയുമെന്ന് കണ്ടപ്പോഴാണ് അതുവരെ മൗനം പാലിച്ച പ്രസിഡന്‍റ് ബറാക് ഒബാമ,  മുബാറക്കിനെ ഭദ്രമായി വിശ്രമസങ്കേതത്തില്‍ എത്തിക്കാന്‍ ചരടുവലി നടത്തിയത്.സൈന്യം എഴുതിത്തയാറാക്കിയ തിരക്കഥയിലെ ചെറിയൊരു അധ്യായം മാത്രമായിരുന്നു മുബാറക്കിന്‍െറ സ്ഥാനത്യാഗം. അധികാരം ജനങ്ങളിലേക്ക് കൈമാറാനോ ജനഹിതം പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള നിഷ്പക്ഷ തെരഞ്ഞെടുപ്പ് നടത്താനോ തങ്ങള്‍ സന്നദ്ധമല്ളെന്ന വ്യക്തമായ സന്ദേശമാണ് തഹ്രീര്‍ സ്ക്വയറില്‍ വിപ്ളവജ്വാലകള്‍ ഉയര്‍ത്തുന്ന യുവാക്കള്‍ക്ക് ഫീല്‍ഡ് മാര്‍ഷല്‍ തന്‍താവി നല്‍കിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഒമ്പത് മാസത്തെ സൈന്യത്തിന്‍െറ പെരുമാറ്റങ്ങളും നീക്കങ്ങളും ജനാധിപത്യമോഹികള്‍ക്ക് അശേഷം പ്രത്യാശ നല്‍കുന്നതായിരുന്നില്ല. അടിയന്തരാവസ്ഥ നിയമങ്ങള്‍ പിന്‍വലിക്കണം എന്ന പ്രക്ഷോഭകാരികളുടെ നിരന്തര ആവശ്യം നിരാകരിച്ചു എന്ന് മാത്രമല്ല, സെപ്റ്റംബറില്‍ നിയമത്തിന്‍െറ പരിധി വിപുലീകരിക്കാന്‍ സൈനിക സമിതി ഉദ്യുക്തരാവുകയും ചെയ്തു.സായുധ സേനയെയോ ഗവണ്‍മെന്‍റിനെയോ വിമര്‍ശിക്കുന്നതും ‘തെറ്റായ അഭ്യൂഹങ്ങള്‍’ പരത്തുന്നതും വന്‍ പാപമായി കണ്ട്  കടുത്ത ശിക്ഷ കൂട്ടിച്ചേര്‍ത്തു.  മിലിട്ടറി കോടതികള്‍ക്ക് സിവിലിയന്മാരെ വിചാരണ ചെയ്യാനുള്ള നിയമം കര്‍ക്കശമായി നടപ്പാക്കുകയും 12,000ത്തിലധികം പേരെ വിപ്ളവാനന്തരം വിചാരണ നടത്തുകയും ചെയ്തു. മുബാറക്  പോയെങ്കിലും  ഉരുക്ക് മുഷ്ടിയുടെ യുഗം കഴിഞ്ഞിട്ടില്ല എന്ന് സമര്‍ഥിക്കുന്നതായിരുന്നു  മെസ്പെറോ  കൂട്ടക്കൊല.ദേശീയ  ടെലിവിഷന്‍-റേഡിയോ സമുച്ചയമായ  മെസ്പെറോക്ക് മുന്നില്‍ പ്രകടനം നടത്തിയ  ക്രിസ്ത്യന്‍ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം  നിറയൊഴിച്ചപ്പോള്‍ പിടഞ്ഞുവീണത്  രണ്ടുഡസന്‍ മനുഷ്യജീവനുകളായിരുന്നു. ‘ക്രിസ്ത്യന്‍ ഗുണ്ടകള്‍’ക്കെതിരെ  നടത്തിയ പച്ചയായ ഈ മനുഷ്യക്കുരുതി  രാജ്യത്തൊട്ടാകെ രോഷം പടര്‍ത്തി  എന്ന് മാത്രമല്ല, വിപ്ളവത്തില്‍ സജീവമായി പങ്കാളിത്തം വഹിച്ച മി നഡാനിയല്‍  എന്ന ചെറുപ്പക്കാരന്‍ മരണശയ്യയില്‍വെച്ച്  തഹ്രീര്‍ സ്ക്വയറില്‍ തന്‍െറ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കണം  എന്ന് ഒസ്യത്ത് ചെയ്തത് അവന് വിപ്ളവനായക പരിവേഷം നല്‍കുകയും ചെയ്തു.
ജനഹിതമല്ല, സൈന്യത്തിന്‍െറ അധികാരങ്ങളായിരിക്കും മേലിലും രാജ്യത്തിന്‍െറ ദിശ നിര്‍ണയിക്കുക എന്ന സായുധ സേനയുടെ തിട്ടൂരം ‘സെല്‍മി ഡോക്യുമെന്‍റ് ’ എന്ന പേരില്‍ പുറത്തുവന്നതോടെ  പിടിച്ചതിനേക്കാള്‍ വലുതാണ് മാളത്തിലുള്ളതെന്ന്  പ്രക്ഷോഭകര്‍ക്ക് ബോധ്യമായി. ഭരണഘടനക്ക് രൂപം നല്‍കാനുള്ള അസംബ്ളിയുടെ മേല്‍ സൈനിക സമിതിക്ക് അധികാരമുണ്ടായിരിക്കും എന്നാണ് ഈ രേഖയില്‍ പറയുന്നത്. മാത്രമല്ല, അസംബ്ളി  അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുന്നതും പട്ടാളമായിരിക്കുമത്രെ. അതുപ്രകാരം, 100 അംഗ ഭരണഘടനാ നിര്‍മാണ സഭയില്‍ 80പേരെയും സൈനിക സമിതിയായിരിക്കും നിര്‍ദേശിക്കുക.20പേരെ മാത്രമേ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടാവൂ. അധികാര കൈമാറ്റത്തെ കുറിച്ച് വ്യക്തമായൊരു ചിത്രം നല്‍കാന്‍  മാര്‍ഷല്‍ തന്‍താവി തയാറല്ല. ഒരു പ്രസിഡന്‍റിനെ ലഭിക്കുന്നത് വരെ അധികാരം പട്ടാളത്തിന്‍െറ കരങ്ങളിലായിരിക്കുമെന്ന് മേജര്‍  ജനറല്‍ മുഹമ്മദ് ഹിജാസി കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി.  2013 വരെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കില്ളെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇപ്പോള്‍ ഹിതപരിശോധനയെ കുറിച്ചാണ് പറയുന്നത്. പട്ടാളം അധികാരത്തില്‍ തുടരണമോ  വേണ്ടേ എന്ന് ഹിതപരിശോധന നടത്തിയാല്‍ ‘വേണം’ എന്നായിരിക്കും  ജനം വിധിയെഴുതുക എന്നാണ്  റോയിട്ടര്‍, എ.പി, എ.എഫ്.പി തുടങ്ങിയ സാമ്രാജ്യത്വ ഉപകരണങ്ങളായ വാര്‍ത്താ ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നത്. തൊഴിലില്ലാത്ത, പക്വത കൈവരാത്ത, സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ മസ്തിഷ്കം വികൃതമാക്കപ്പെട്ട ഒരു പറ്റം ചെറുപ്പക്കാരും  അലവലാതികളുമാണ് തഹ്രീര്‍ സ്ക്വയറില്‍ വന്ന്  രാപ്പാര്‍ക്കുന്നതെന്നും ജനങ്ങളില്‍ ഭൂരിപക്ഷവും സമാധാനം കാംക്ഷിക്കുന്നവരാണെന്നും വരെ പ്രചരിപ്പിച്ച് ഋതുപ്പകര്‍ച്ച വാഗ്ദാനം ചെയ്യുന്ന ഒരു വിപ്ളവത്തെ തള്ളിപ്പറയാന്‍ വരെ സൈന്യവും പിണിയാളുകളും ധാര്‍ഷ്ട്യം കാണിക്കുന്നു.
മാര്‍ഷല്‍ തന്‍താവിയുടെ കരുത്ത് ഈജിപ്തിന്‍െറ കാലഹരണപ്പെട്ട പരുക്കന്‍ വ്യവസ്ഥയും അദൃശ്യങ്ങളായ ബാഹ്യ പിന്തുണയുമാണ്. ജനതയും സൈന്യവും ഒറ്റക്കെട്ടാണ്  എന്ന് വിപ്ളവമുഹൂര്‍ത്തത്തില്‍ ലോകം തെറ്റിദ്ധരിച്ചു. വാസ്തവത്തില്‍ ലോകത്തെ  തെറ്റിദ്ധരിപ്പിക്കാന്‍ അണിയറയില്‍ ഗൂഢാലോചനകള്‍ അരങ്ങേറുന്നുണ്ടായിരിക്കണം. പട്ടാള ബാരക്കില്‍നിന്ന്  ജനങ്ങളുടെ കൈകളിലേക്ക് അധികാരം കൈമാറ്റപ്പെടുകയും യഥാര്‍ഥ ജനാധിപത്യം പുലരുകയും ചെയ്യുന്നത്  വന്‍ശക്തികള്‍ക്ക് ഒരിക്കലും സഹിക്കാനാവുന്നില്ല.  മൂല്യാധിഷ്ഠിത ശക്തികളുടെ കൈകളില്‍ വിശ്വാസമര്‍പ്പിച്ച  തുനീഷ്യയിലെയും മൊറോക്കോയിലെയും  തെരഞ്ഞെടുപ്പ് ഫലം തങ്ങളുടെ ആശങ്ക അസ്ഥാനത്തല്ല എന്ന് മേഖലയില്‍ രാഷ്ട്രീയ, സാമ്പത്തിക താല്‍പര്യങ്ങളുമായി  സദാ വട്ടമിട്ടു പറക്കുന്ന പടിഞ്ഞാറന്‍ ശക്തികള്‍ക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കയാണ്.  ഇസ്ലാമും ജനാധിപത്യവും  ഇണങ്ങിപ്പോകില്ളെന്നും മുസ്ലിം ലോകത്തിന് സ്വേച്ഛാധിപതികളേ ചേരൂ എന്നുമുള്ള പഴകിപ്പുളിച്ച സിദ്ധാന്തങ്ങള്‍ തകര്‍ന്നടിയുന്ന,  ഈ  അറബ് വസന്തത്തില്‍ ഘടികാരത്തെ പിറകോട്ട് ചലിപ്പിക്കാന്‍  സാമ്രാജ്യത്വ-സയണിസ്റ്റ്- ഏകാധിപത്യ കൂട്ടുകെട്ട് എല്ലാ കുതന്ത്രങ്ങളും പുറത്തെടുക്കുമെന്നുറപ്പ്. ബിന്‍ അലിയെയും മുബാറക്കിനെയും ഖദ്ദാഫിയെയും അബ്ദുല്ല ബിന്‍ സ്വാലിഹിനെയും തൂത്തെറിയാന്‍ മാത്രമല്ല, അവരെ ഇതുവരെ പരിപാലിച്ചുപോന്ന വ്യവസ്ഥിതിയെയും ലോകശക്തികളെയും പരാജയപ്പെടുത്തി ജനഹിതത്തിന്‍െറ മഹത്വം പ്രഖ്യാപിക്കാന്‍ തങ്ങള്‍ക്ക് സാധിക്കും എന്നുകൂടി തെളിയിക്കേണ്ട ഭാരിച്ച ദൗത്യമാണ് വിപ്ളവകാരികളുടെ ചുമലില്‍വന്നുപെട്ടിരിക്കുന്നത്. 1990വരെ ലോകം കണ്ടത്  ‘ജനാധിപത്യത്തിന്‍െറ മൂന്നാം തരംഗത്തില്‍’, ‘കാതലിക് വേവ്’ (സാമുവല്‍ ഹണ്ടിങ്ടന്‍െറ പ്രയോഗം )ആണെങ്കില്‍ 2011ല്‍ ലോകം ദര്‍ശിക്കുന്നത്  ജനായത്ത പോരാട്ടത്തിന്‍െറ ‘മുസ്ലിം വേവ്’ ആണ്. അറബ്-ഇസ്ലാമിക ലോകത്തെ ജനത നൂറ്റാണ്ടുകളായി ഇച്ഛിച്ചതും പടിഞ്ഞാറന്‍ വന്‍ശക്തികള്‍ ഇക്കാലമത്രയും തട്ടിത്തെറിപ്പിച്ചതുമെന്തോ, അത് രക്തവും വിയര്‍പ്പും ജീവനും കൊടുത്ത്  കൈറോവിന്‍െറയും സന്‍ആയുടെയും ചത്വരങ്ങളില്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളെ ഇനി ഏത് കുത്സിത അജണ്ട കൊണ്ടും പൂര്‍ണമായും പരാജയപ്പെടുത്താനാവില്ളെന്നും  ഇന്നല്ളെങ്കില്‍ നാളെ ജനഹിതത്തിന്‍െറ ഒൗജ്വല്യം അറബ് ലോകത്താകമാനം ഉയര്‍ത്തിക്കെട്ടുമെന്നും  പ്രത്യാശിക്കുന്നതാവും ബുദ്ധി.
l
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati