Published on Thu, 12/15/2011 

ഒടുവില്‍ പ്രതീക്ഷിച്ചതുപോലെതന്നെ സംഭവിച്ചു. ഡോ. മന്‍മോഹന്‍ സിങ്ങും ഡോ. രങ്കരാജനും ഡോ. അഹ്ലുവാലിയയും പ്രണബ് മുഖര്‍ജിയും പ്രതീക്ഷിച്ചതുപോലെയും അവകാശപ്പെട്ടതുപോലെയുമല്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവു ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരുന്നതുപോലെയുമല്ല. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് രണ്ടക്കത്തിലെത്തുമെന്ന് വീമ്പിളക്കിയവരുടെയെല്ലാം അവകാശവാദങ്ങളെ തള്ളിക്കളയുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് 2011 ഡിസംബര്‍ 12ലെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെയോ ആരോഗ്യത്തെയോ സംബന്ധിക്കുന്ന വിവരങ്ങളായിരുന്നില്ല ഇതെല്ലാം. മറിച്ച്, സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയെ സംബന്ധിക്കുന്നവയായിരുന്നു ഈ വാര്‍ത്തകള്‍.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സാമ്പത്തിക മാന്ദ്യത്തിന്‍െറ രണ്ടാംഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. 2011 ഒക്ടോബറില്‍ തൊട്ടുമുമ്പുള്ള വര്‍ഷത്തിലേതിനെ അപേക്ഷിച്ച് വ്യവസായികോല്‍പാദനം 5.1 ശതമാനം കുറഞ്ഞിരിക്കുകയാണ്.
2009 ജൂണിനുശേഷം ഇതാദ്യത്തെ അനുഭവമാണ്. അന്ന് തുടര്‍ച്ചയായി ഏഴുമാസത്തോളം വ്യവസായിക വളര്‍ച്ച നിഷേധ രൂപത്തിലായിരുന്നു. ആഗോള ധനകാര്യ, സാമ്പത്തിക അലിഞ്ഞുപോക്കിന്‍െറ കാലഘട്ടവുംകൂടിയായിരുന്നു അത്. ഇതാവര്‍ത്തിക്കുമെന്ന ഭയപ്പാടിലാണ് അധികാര കേന്ദ്രങ്ങള്‍. പുറത്തുവരുന്ന ലക്ഷണങ്ങള്‍ ഒട്ടുംതന്നെ ആശാവഹമല്ല. നിര്‍മാണ, ഖനന മേഖലകളും ഉല്‍പാദന വീഴ്ചയാണ് അഭിമുഖീകരിക്കുന്നത്. ഫാക്ടറി ഉല്‍പാദന മേഖലയിലെ തകര്‍ച്ച ആറുശതമാനമാണെങ്കില്‍ ഖനന മേഖലയിലേത് 7.2 ശതമാനമാണ്. ഇതിനേക്കാളേറെ നാടകീയവും അവിശ്വസനീയവുമായ തകര്‍ച്ചയാണ് മൂലധന ഉല്‍പന്ന നിര്‍മാണ മേഖല രേഖപ്പെടുത്തിയിരിക്കുന്നത്- 25 ശതമാനത്തിലേറെ. സെപ്റ്റംബറില്‍ തുടക്കമിട്ട 6.5 ശതമാന നിരക്കിലുള്ള ഈ തകര്‍ച്ച ഒക്ടോബറിലും തുടരുകയായിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ ജി.ഡി.പി വളര്‍ച്ചയില്‍ പ്രതീക്ഷവെച്ചുപുലര്‍ത്തിവന്നിരുന്ന ന്യൂദല്‍ഹിയിലെയും മുംബൈയിലെയും നയരൂപവത്കരണ വിദഗ്ധരുടെ മുന്നില്‍ ഈ സാഹചര്യങ്ങള്‍ വലിയൊരു ചോദ്യചിഹ്നമായി തുടരുകയാണിപ്പോള്‍. അവരെല്ലാം പ്രകടമാക്കിയിരുന്ന ശുഭാപ്തിവിശ്വാസം അസ്ഥാനത്തായിരിക്കുന്നു.
കേന്ദ്ര എക്സൈസ് നികുതി പിരിവില്‍ നവംബറില്‍ 6.5 ശതമാനം ഇടിവാണ് മുന്‍ വര്‍ഷത്തിലേതിനെ അപേക്ഷിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയം ഈയിടെ പുറത്തിറക്കിയ ഇടക്കാല വിശകലന രേഖയില്‍ പ്രകടമാക്കിയതുപോലെ, സമ്പദ്വ്യവസ്ഥ ആഗോള മാന്ദ്യത്തിന്‍െറ കെടുതിയില്‍നിന്നും കരകയറിയതിനുശേഷം അതിവേഗ വളര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന പ്രതീക്ഷയും തകര്‍ന്നിരിക്കുന്നു. വിവിധ വികസന മേഖലകളില്‍നിന്നു ലഭ്യമാകുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന, ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് പുതുതായി വികസന പദ്ധതികള്‍ തുടങ്ങാനോ  നിലവിലുള്ളവയുടെ ശേഷി ഉയര്‍ത്താനോ ആത്മവിശ്വാസം നഷ്ടമായിരിക്കുന്നു എന്നാണ്. സാമ്പത്തിക വളര്‍ച്ച നിരക്ക് 7.5 ശതമാനമോ, 7.3 ശതമാനമെങ്കിലുമോ ആക്കി നിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷ, മൂലധന നിക്ഷേപ മേഖലകളിലെ തകര്‍ച്ചയോടെ വെറുമൊരു ദിവാസ്വപ്നമായി രൂപാന്തരപ്പെട്ടിരിക്കുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് വിനയായിരിക്കുന്നതെന്ന അധികാരി വര്‍ഗത്തിന്‍െറ വാദഗതിയില്‍ പറയത്തക്ക അടിസ്ഥാനമൊന്നുമില്ല. അമേരിക്കയുടെ ധനകാര്യ പ്രതിസന്ധിയും യൂറോപ്യന്‍ മേഖലയുടെ കടബാധ്യതാ പ്രതിസന്ധിയും ഒരു പരിധിവരെ ഇന്ത്യയെ ബാധിച്ചിട്ടുണ്ടെന്നത് ശരിയായിരിക്കാം. എന്നാല്‍, ഈ ഘടകങ്ങള്‍ 2008-09ലേതുപോലെ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നില്ല. ഇന്നത്തെ പ്രതിസന്ധിക്കുള്ള പഴി ഏറ്റെടുക്കേണ്ടത് ഏറിയകൂറും ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങള്‍ തന്നെയാണ്. ഇതിന് നിദാനമായി ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ച മാത്രം ഉദാഹരണമായെടുത്താല്‍ മതിയാകും. സാമ്പത്തിക പ്രതിസന്ധിയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നൊരു സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യവും മറ്റു ചില കറന്‍സികളുടെ മൂല്യവും തമ്മില്‍ 2011ല്‍ മാത്രം ഉണ്ടായ ബന്ധം പരിശോധിച്ചാല്‍ വ്യക്തമാകും. യു.എസ് ഡോളറും രൂപയും തമ്മില്‍ 14.5 ശതമാനം മൂല്യത്തകര്‍ച്ചയുണ്ടായപ്പോള്‍ യൂറോയും രൂപയും തമ്മില്‍ 15.5 ശതമാനവും ബ്രിട്ടീഷ് പൗണ്ടും രൂപയും തമ്മില്‍ 14.4 ശതമാനവും ജാപ്പനീസ് യെന്നും രൂപയും തമ്മില്‍ 19 ശതമാനവും ആസ്ട്രേലിയന്‍ ഡോളറും രൂപയും തമ്മില്‍ 14.2 ശതമാനവും സ്വിസ് ഫ്രാങ്കും രൂപയും തമ്മില്‍ 16 ശതമാനവുമാണ് മൂല്യത്തകര്‍ച്ച നേരിട്ടതെന്ന് കാണുന്നു. രൂപയുടെ മൂല്യശോഷണം എങ്ങനെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തി എന്നതിന് മറ്റു രാജ്യങ്ങളെ പഴിപറഞ്ഞിട്ടു കാര്യമില്ല. 2011 ഡിസംബര്‍ 13ന് ഒരു ഡോളറിന് 53.24 രൂപവരെയായി വിനിമയമൂല്യം ചെന്നെത്തിയത് നിസ്സാരമല്ല.
രൂപയുടെ വിലത്തകര്‍ച്ച വിദേശ വ്യാപാരമേഖലയെ ഗുരുതരമായി ബാധിക്കും. കയറ്റുമതി താഴോട്ട് പോകുമ്പോള്‍, ഇറക്കുമതിയുടെ ഗതി സ്ഥിരമായി മേലോട്ടുതന്നെയാണ്. തന്മൂലം കയറ്റുമതിവരുമാനം കുറയുകയും ഇറക്കുമതിച്ചെലവ് ഏറുകയും ചെയ്യും. അതേസമയം, പെട്രോളിയം പോലുള്ളവയുടെ ഇറക്കുമതി ഒഴിവാക്കാനും കഴിയില്ല. സ്വാഭാവികമായും വിദേശ വ്യാപാരകമ്മി ഉയരാതിരിക്കില്ല. ഈ പ്രതിഭാസം സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തെ അല്ല പ്രതിഫലിപ്പിക്കുന്നതെന്ന് വ്യക്തമാണല്ളോ. രോഗാതുരമായൊരു സമ്പദ്വ്യവസ്ഥയുടെ കറന്‍സി ആര്‍ക്കും വേണ്ടാത്ത ഒന്നായി രൂപപ്പെടുകയും ചെയ്യുന്നു. അതേഅവസരത്തില്‍, ഗള്‍ഫ് രാജ്യങ്ങളിലും മറ്റും പണിയെടുക്കുന്നവര്‍ക്ക് മിച്ചംകാശ് കൈവശമുണ്ടെങ്കില്‍ അത് നാട്ടിലേക്കയക്കാന്‍ പറ്റിയ അവസരമാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നിരുന്നാല്‍ തന്നെയും തീര്‍ത്തും അപ്രതീക്ഷിതമല്ളെങ്കിലും തുടര്‍ച്ചയായ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ കറന്‍സിയായ രൂപയെ ആര്‍ക്കും വേണ്ടാത്തൊരു വസ്തുവായി മാറ്റിയിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം. എല്ലാ അര്‍ഥത്തിലും ഒരപ്രിയസത്യം. മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്‍റിലൂടെ വിദേശ വ്യാപാര കമ്മി പരമാവധി കുറക്കുകവഴി രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാനാകും. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി യു.പി.എ ഭരണകൂടത്തിനുണ്ടെങ്കില്‍ മാത്രം. രൂപയുടെ മൂല്യശോഷണത്തിന് വഴിവെക്കുന്ന മറ്റൊരു ഘടകംകൂടി. കേന്ദ്ര ഭരണകൂടവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും  വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചിട്ടില്ലാത്ത ഒരു പ്രതിഭാസമാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്ന കുതിച്ചുകയറ്റം. ഡോളറുമായുള്ള വിനിമയത്തില്‍ രൂപക്കുണ്ടായ ഇടിവാണ് ഇതിനുള്ള മുഖ്യകാരണമെന്നാണ് വിവക്ഷിക്കപ്പെടുന്നതെങ്കിലും സ്വര്‍ണത്തിന്‍െറ ഇറക്കുമതിക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ നടപടികളെടുക്കാത്ത സര്‍ക്കാര്‍ സമീപനം മാറ്റാതെ തരമില്ല. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നുകൊണ്ടുതന്നെ ഇരിക്കുന്നു എന്നത് രൂപയുടെ മൂല്യക്കുറവിന്‍െറ പ്രതിഫലനമാണ് എന്നതും ഒരു യാഥാര്‍ഥ്യമാണ്.   
സ്വര്‍ണത്തിനു പുറമെ വിലവര്‍ധന നേരിടേണ്ടിവന്നിരിക്കുന്ന മറ്റുചില ഉല്‍പന്നങ്ങള്‍ റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൈക്രോവേവ് അവന്‍, സെല്‍ഫോണ്‍ തുടങ്ങിയവയാണ്. നിരവധി ഒൗഷധങ്ങളുടെയും വിലനിലവാരം ഉയരും. ഒരു ഡോളറിന് 55 രൂപവരെ വിനിമയ മൂല്യമെന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന ആശങ്ക വിപണിയെ മൊത്തത്തില്‍ ബാധിക്കുകയും ചെയ്തിട്ടുണ്ട്. നാലുവര്‍ഷം മുമ്പ് ഏഷ്യയിലെ ഏറ്റവും കരുത്തേറിയ കറന്‍സി എന്ന് വാഴ്ത്തപ്പെട്ടിരുന്ന രൂപക്കാണ് ഇന്നിപ്പോള്‍ ആവശ്യക്കാരില്ലാത്തൊരു സ്ഥിതി വിശേഷമുണ്ടായിരിക്കുന്നത്. എന്തിനേറെ പറയുന്നു, ഇന്ത്യന്‍ ജനത നേരിടുന്നൊരു ഗതികേട്, രാജ്യാന്തര വിപണിയില്‍ പെട്രോളിയം വില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നുതന്നെ തുടരുന്നു എന്നതാണ്. ഈ ഗതികേടിന് നിദാനം രൂപയുടെ വില ഇടിവുമാണ്.
ചുരുക്കത്തില്‍, പ്രശ്നങ്ങളുടെ നടുക്കയത്തില്‍ അകപ്പെട്ടിരിക്കുന്ന ഡോ. മന്‍മോഹന്‍സിങ് സര്‍ക്കാറിന് ഇവക്ക് പരിഹാരമെന്ന നിലയില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ കഴിയാതെയും വന്നിരിക്കുന്നു. ഒരു ഉദാഹരണമെടുക്കുക. ഉല്‍പാദന വര്‍ധനക്ക് ഒരുതരത്തിലും സഹായകമല്ലാത്തൊരു തീരുമാനമെടുക്കുകയും സഖ്യകക്ഷികളുടെയും ബി.ജെ.പി, ഇടതുപാര്‍ട്ടികള്‍ എന്നിവ അടങ്ങുന്ന പ്രതിപക്ഷത്തിന്‍െറയും വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പിനെ തുടര്‍ന്ന് മരവിപ്പിക്കുകയും ചെയ്തൊരു തീരുമാനത്തെപ്പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വില്‍പന മേഖലയില്‍ എഫ്.ഡി.ഐ (പ്രത്യക്ഷ വിദേശ നിക്ഷേപം) ക്ക് 51 ശതമാനം പ്രവേശാനുമതി നല്‍കാനുള്ള ദീര്‍ഘവീക്ഷണമില്ലാത്ത നയമാണ് സ്വയം വിഴുങ്ങേണ്ടിവന്നതെന്നോര്‍ക്കുക. ഇതിനേക്കാള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടംനല്‍കുന്ന തീരുമാനങ്ങളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എടുക്കുന്നത്. തുടരത്തുടരെ പണപ്പെരുപ്പ പ്രതിരോധത്തിനെന്ന പേരില്‍ വായ്പാ പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നു. ഇതിലൂടെ പണപ്പെരുപ്പം തടയാന്‍ കഴിയുന്നില്ളെന്നു മാത്രമല്ല, നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് സ്ഥിതി. ഈ നയത്തില്‍ ഇനിയെങ്കിലും മാറ്റംവരുത്താതെ തരമില്ല. സാമ്പത്തിക പരിഷ്കാരങ്ങള്‍ ആകാം. പക്ഷേ, അവ നടപ്പാക്കുന്നതിനു മുമ്പ് ദേശീയതലത്തില്‍ സമവായമുണ്ടായേ തീരൂ. യു.പി.എ ഭരണനേതൃത്വം മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ വളഞ്ഞ വഴിയിലൂടെ ലക്ഷ്യംനേടാന്‍ പരിശ്രമിച്ചതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടാവില്ല. ഈ യാഥാര്‍ഥ്യം തിരിച്ചറിയാനുള്ള വിവേകവും യുക്തിബോധവും ഡോ. മന്‍മോഹന്‍ സിങ്ങിനും കൂട്ടര്‍ക്കുമുണ്ടാകുമെന്ന് കരുതാന്‍ കഴിയുമോ? കാത്തിരുന്നു കാണുകതന്നെ.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Mon, 12/19/2011

ആഗോള സമ്പദ്ഘടനയുടെ സ്വഭാവം മാറിമറയുകയാണ്. ലോക സമ്പത്തിന്‍െറ ശക്തികേന്ദ്രമായി, ഇക്കഴിഞ്ഞ കാലമെല്ലാം മറ്റു രാജ്യങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ അമേരിക്കയുടെ സൂപ്പര്‍പവര്‍ പദവിക്ക് ഇളക്കംതട്ടുകയാണ്.
കാപിറ്റലിസ്റ്റ് അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചനിരക്ക് അപകട മേഖലയിലേക്ക് താഴുമ്പോള്‍, എല്ലാ സാമ്പത്തിക മാന്ദ്യങ്ങളുടെ തിരിച്ചടികളും അതിജീവിച്ച്, ലോകത്തിലെ ഏറ്റവും വലിയ വളര്‍ച്ചനിരക്ക് നേടി ചൈന, ലോക സാമ്പത്തികശക്തിയായി വളരുകയാണ്. മാറുന്ന സമവാക്യങ്ങളുടെ പ്രതിഫലനമാണ് അമേരിക്കയുടെ തളര്‍ച്ചയും ചൈനയുടെ വളര്‍ച്ചയും.
കടക്കെണിയില്‍നിന്ന് രക്ഷപ്പെടാന്‍ അന്താരാഷ്ട്ര നാണയനിധിയെ (ഐ. എം.എഫ്) സമീപിക്കാതെ,  സമ്പന്നമായ ചൈനയെ, യൂറോപ്യന്‍ രാജ്യങ്ങളുടെ തലവന്മാര്‍ സമീപിക്കുന്ന കാഴ്ച അമ്പരപ്പിക്കുന്നതുതന്നെ.
അമേരിക്കയുടെ ‘നിയന്ത്രണ’ത്തിലുള്ള ഐ.എം.എഫിന്‍െറ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഒരു ഗ്രാഫും സാമ്പത്തിക വിലയിരുത്തലുകളും ലോക ശ്രദ്ധയാകര്‍ഷിക്കാന്‍ വിട്ടുപോയി. 2016 ആകുമ്പോഴേക്കും ലോക സമ്പത്തിന്‍െറ 18 ശതമാനം പങ്ക് ചൈനയുടേതായിരിക്കുമെന്നും അമേരിക്കയുടെ പങ്ക് കുറഞ്ഞ് കുറഞ്ഞ്, ചൈനക്ക് പിന്നിലാകുമെന്നും ഐ.എം.എഫ് പ്രവചിച്ചു! അമേരിക്ക, ലോകത്തിന്‍െറ സൂപ്പര്‍ സാമ്പത്തിക ശക്തി എന്ന നിലയില്‍നിന്ന് നിഷ്കാസനം ചെയ്യപ്പെടും എന്നര്‍ഥം.
ലോകപ്രസിദ്ധമായ സാമ്പത്തിക വിശകലന വിദഗ്ധരും മാനേജ്മെന്‍റ് പണ്ഡിതന്മാരുമായ പി.ഡബ്ള്യു.സിയുടെ പ്രവചനം 2050ല്‍, ലോക സാമ്പത്തിക രംഗത്ത് ഒന്നാംസ്ഥാനം ചൈനക്കും രണ്ടാം സ്ഥാനം ഇന്ത്യക്കും എന്നാണ് (ജി.ഡി.പി, പര്‍ച്ചേസ് പവര്‍ പാരിറ്റി പി.പി.പി- അടിസ്ഥാനത്തില്‍ കണക്കാക്കിയാണ് പി.ഡബ്ള്യു.സി ഈ നിഗമനത്തില്‍ എത്തിയത്). (പട്ടിക 1)
പി.ഡബ്ള്യു.സിയുടെ പ്രവചനം ശരിയാണെങ്കില്‍, 2050ല്‍ അമേരിക്ക ഇന്ത്യയുടെ പിന്നിലായിരിക്കും!
ലോകത്തിലെ കോടീശ്വരന്മാരില്‍ 40 ശതമാനത്തിലധികം അമേരിക്കയിലാണ്. ഏറ്റവും വലിയ വ്യവസായഭീമന്മാരുംമള്‍ട്ടിനാഷനല്‍ കമ്പനികളും പകുതിയിലധികം അമേരിക്കയില്‍ തുടങ്ങി ലോകമെങ്ങും വ്യാപിച്ചവയാണ്. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരന്‍ അമേരിക്കയാണ് (1280 ബില്യന്‍ ഡോളര്‍). ഏറ്റവും വലിയ ഇറക്കുമതിക്കാരനും അമേരിക്കയാണ് (1948 ബില്യന്‍ ഡോളര്‍). ഏറ്റവും വലിയ വ്യാപാര കമ്മിയും (Trade Deficit) അമേരിക്കയുടേതാണ് (668 ബില്യന്‍ ഡോളര്‍). കാരണം, കയറ്റുമതിയേക്കാള്‍ അമേരിക്ക ഇറക്കുമതി ചെയ്യുന്നു. ചൈനയുമായുള്ള വ്യാപാരത്തിലാണ് അമേരിക്കക്ക് ഏറ്റവുമധികം വ്യാപാര കമ്മി എന്നതാണ് വിചിത്രം. കാപിറ്റലിസ്റ്റ് അമേരിക്കയെ വ്യാപാരത്തിലും കടത്തിവെട്ടുന്നത് കമ്യൂണിസ്റ്റ് ചൈനയാണ് എന്നത് വിചിത്രമായി തോന്നാം!
ലോക രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പൊതുകടം (Public Debt) അമേരിക്കക്കാണ് (14.97 ട്രില്യന്‍ ഡോളര്‍). അമേരിക്കന്‍ വാര്‍ഷിക ദേശീയ സമ്പത്തിന്‍െറ (ജി.ഡി.പി) 99.7 ശതമാനമാണിതെന്നുകൂടി ഓര്‍ക്കുക! (2010 സെപ്റ്റംബര്‍).
ചൈന, കയറ്റുമതിയില്‍ അമേരിക്കയെ മറികടക്കാന്‍ അധികസമയം വേണ്ട. ചൈനയുടെ വിദേശ വ്യാപാരം 2210 ബില്യന്‍ ഡോളറാണ്. കയറ്റുമതി 1200 ബില്യന്‍ ഡോളറും ഇറക്കുമതി 1010 ബില്യന്‍ ഡോളറും. (2009 കണക്കുകള്‍).
ലോകത്തിന്‍െറ ഫാക്ടറി എന്നറിയപ്പെടുന്ന ചൈന ഉല്‍പാദനക്ഷമതയുടെയും മത്സരക്ഷമതയുടെയും കാര്യത്തില്‍ അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും മറ്റ് രാജ്യങ്ങളെയും ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു. (പട്ടിക 2)
കമ്യൂണിസത്തിനെതിരെ നിരന്തരം യുദ്ധം ചെയ്ത്, ജനലക്ഷങ്ങളെ ക്യൂബയിലും വിയറ്റ്നാമിലും പൈശാചികമായ യുദ്ധത്തിലൂടെ കൊന്നൊടുക്കിയ അമേരിക്കയില്‍, ട്രഷറി ബോണ്ടുകളില്‍ ഏറ്റവും അധികം നിക്ഷേപം ചൈനക്കാണ് എന്നത് മറ്റൊരു സത്യം. 4310 ബില്യന്‍ ഡോളര്‍ വരുന്ന അമേരിക്കന്‍ ട്രഷറി ബോണ്ടുകളില്‍, 906.8 ബില്യന്‍ ഡോളര്‍ നിക്ഷേപം നടത്തിയ ചൈനയാണ് അമേരിക്കയിലെ ഏറ്റവും വലിയ നിക്ഷേപക രാജ്യം. ജപ്പാനും യു.കെയും അറബ് രാജ്യങ്ങളും തൊട്ടുപിന്നാലെയാണ്. ഈ ബോണ്ടുകളുടെ വിശ്വാസ്യതക്ക് ക്ഷതംതട്ടിയതോടെ, അമേരിക്കയുടെ സാമ്പത്തിക സ്ഥാപനങ്ങള്‍ വീണ്ടും ഒരു പതനം അഭിമുഖീകരിക്കുമോ?
അമേരിക്കയുടെ ദേശീയ സമ്പത്തിന്‍െറ ചേരുവകള്‍തന്നെ അതിന്‍െറ അസ്ഥിരത പ്രതിഫലിപ്പിക്കുന്നുണ്ട്- കാര്‍ഷിക മേഖല 1.29 ശതമാനവും വ്യവസായിക മേഖല 21.9 ശതമാനവും സര്‍വീസ് മേഖല 76.9 ശതമാനവും. അമേരിക്കന്‍ ദേശീയ സമ്പത്തിന്‍െറ, സര്‍വീസ് മേഖലയോടുള്ള അഭിനിവേശം അസ്ഥിരതയുടെ വിത്ത് പാകി എന്നര്‍ഥം. ദേശീയ സമ്പത്തിന്‍െറ ഘടനയില്‍ ഇന്ത്യയും ചൈനയും കൂടുതല്‍ സന്തുലിതാവസ്ഥയോടെയുള്ള വികസനമാണ് നേടിയത് എന്നത് ശ്രദ്ധേയമാണ്. അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ദേശീയ സമ്പത്തിന്‍െറ (ജി.ഡി.പി) വിവിധ മേഖലകളുടെ പങ്ക്, ഈ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിരത പ്രതിഫലിപ്പിക്കുന്നു: (പട്ടിക 3)
സാമ്പത്തിക മാന്ദ്യം ഓഹരി വിപണിയെ ബാധിക്കുകയും  പ്രശസ്തിയുടെയും വിശ്വാസ്യതയുടെയും ഒൗന്നത്യങ്ങളില്‍ വിരാജിച്ചിരുന്ന നിരവധി ബാങ്കുകള്‍ തകരുകയും ചെയ്തപ്പോള്‍ അമേരിക്കന്‍ ജനത ദാരിദ്ര്യത്തിന്‍െറ കറുത്ത മുഖം കണ്ടു. സാമ്പത്തിക മേഖലയിലെ രാജാക്കന്മാര്‍ പലരും പാപ്പരായ കാഴ്ച സാമ്പത്തികമാന്ദ്യം ഏല്‍പിച്ച ആഘാതത്തിന്‍െറ ഞെട്ടലോടെ അമേരിക്കന്‍ ജനത കണ്ടു. തങ്ങളുടെ സമ്പാദ്യം മുഴുവനും ഓഹരി വിപണിയില്‍ നിക്ഷേപിച്ച അമേരിക്കയിലെ ഭൂരിഭാഗം ഇടത്തരക്കാര്‍ക്ക് വീടുകള്‍ വരെ നഷ്ടപ്പെട്ടു. ആത്മഹത്യയുടെ കഥകളും നിത്യ സംഭവമായി. ഒരു ശതമാനം വരുന്ന സാമ്പത്തിക സ്ഥാപനങ്ങളിലെ മേലാളന്മാരുടെ കെടുകാര്യസ്ഥത കാരണം തെരുവിലിറങ്ങേണ്ടിവന്ന 99 ശതമാനം വരുന്ന അമേരിക്കക്കാരുടെ നിരാശ ‘വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍’ പ്രക്ഷോഭങ്ങളിലൂടെ അമേരിക്ക മുഴുവന്‍ വ്യാപിക്കുകയാണ്.
തങ്ങളുടെ സമ്പത്തിനെ കവര്‍ന്നെടുത്ത് പാപ്പരായ ബാങ്കുകളെ കൊള്ളയടിക്കാര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, യൂറോപ്പിലും ജനങ്ങള്‍ തെരുവിലിറങ്ങിക്കഴിഞ്ഞു. സന്ദേശം വ്യക്തമാണ്. സാമ്പത്തിക വളര്‍ച്ച സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതായിരിക്കരുത്. സമ്പത്ത് സൃഷ്ടിക്കുന്നതിനോടൊപ്പം അതിന്‍െറ വിതരണവും നീതിപൂര്‍വമായിരിക്കണം. സമ്പദ് വിതരണത്തിന്‍െറ പാളിച്ചകളാണ് സാമ്പത്തിക മാന്ദ്യത്തിലൂടെ അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി വളരുന്ന ചൈനയിലും സാധാരണ ജനങ്ങള്‍ സംതൃപ്തരല്ല. അടിച്ചമര്‍ത്തപ്പെട്ട ജനത ജനാധിപത്യ മൂല്യങ്ങള്‍ തങ്ങള്‍ക്ക് നിഷേധിക്കുന്നത് തിരിച്ചറിയുന്നു. ചൈനയിലെ ഏക പാര്‍ട്ടി ഭരണത്തിലെ ഏകാധിപത്യ പ്രവണത ജനരോഷത്തിന് മുന്നില്‍ മാറുമെന്ന് തീര്‍ച്ച.
അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മുതലാളിത്ത വ്യവസ്ഥിതിയുടെ തകര്‍ച്ചയായോ കമ്യൂണിസ്റ്റ് ചൈനയുടെ സാമ്പത്തിക വളര്‍ച്ച കമ്യൂണിസത്തിന്‍െറ മികവായോ കാണുന്നത്, ഒരു സങ്കീര്‍ണ പ്രശ്നത്തെ നിസ്സാരവത്കരിക്കലാകും. ഉല്‍പാദനത്തെ മറന്ന് സേവനമേഖലയുടെ മാസ്മരികതയില്‍ മയങ്ങി, ഉപഭോഗ സംസ്കാരത്തിന്‍െറ വികൃതഭാവങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തു എന്നതാണ് അമേരിക്കയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചത്. കമ്യൂണിസത്തിലെ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളെ തിരസ്കരിച്ച് വിദേശ മൂലധനത്തെയും ടെക്നോളജിയെയും ആകര്‍ഷിച്ച്, മനുഷ്യശേഷിയെ വേണ്ടവിധം ഉപയോഗപ്പെടുത്തി എന്നതാണ് ചൈനയെ വിജയത്തിലെത്തിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി എന്ന സ്ഥാനത്ത് അമേരിക്കക്ക് അധികകാലം തുടരാനാകില്ല. ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈന മാറിക്കൊണ്ടിരിക്കുകയാണ് എന്ന അപ്രിയസത്യം, അന്താരാഷ്ട്ര നാണയനിധി പ്രവചിച്ചുകഴിഞ്ഞു. മാറുന്ന ഈ സമവാക്യങ്ങള്‍ സംഘര്‍ഷത്തിലേക്കാണോ നയിക്കുക, അതോ ചൈനയുടെയും അമേരിക്കയുടെയും ക്രിയാത്മകമായ സഹവര്‍ത്തിത്വം ലോക സമ്പദ് വ്യവസ്ഥയെ ഉന്നതങ്ങളിലേക്ക് നയിക്കുമോ? ആഗോള സാമ്പത്തികരംഗം ഏത് ദിശയിലൂടെ മുന്നേറണമെന്ന് നിശ്ചയിക്കുന്ന നിര്‍ണായക ശക്തികളായി ചൈനയും അമേരിക്കയും തൊട്ടുപിന്നില്‍ ഇന്ത്യയും ഉണ്ടാകും എന്നത് വ്യക്തമാണ്.
(കണ്ണുര്‍ തോട്ടട ചിന്മയ ഇന്‍സിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രഫസറാണ് ലേഖകന്‍)
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

റാശിദ് ഗനൂശി ജീവിതം കാലം


കെ. അശ്‌റഫ്
 
ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദ തുനീഷ്യയില്‍ അധികാരമേറ്റെടുക്കാന്‍ പോവുകയാണ്. റാശിദ് ഗനൂശിയെന്ന ഇസ്‌ലാമിക ദാര്‍ശനികനാണ് പ്രസ്ഥാനത്തിന്റെ ബൗദ്ധിക കരുത്ത്. അദ്ദേഹത്തിന്റെ പ്രായോഗിക സമീപനങ്ങളാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മറ്റു സംഘടനകളെ മുന്‍കടക്കാന്‍ അതിനെ പ്രാപ്തമാക്കിയത്. ഈ ഘട്ടത്തിലാണ് 2001-ല്‍ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച, ഇസ്‌ലാമിക പ്രവണതകളെക്കുറിച്ചുള്ള പഠനത്തില്‍ ഏറെ മുന്നോട്ടുപോയ അസ്സാം തമീമിയുടെ പുസ്തകത്തിന്റെ പരിചയം പ്രസക്തമാവുന്നത്. പുസ്തകത്തിന്റെ പേര് റാശിദ് ഗനൂശി: എ ഡമോക്രാറ്റ് വിതിന്‍ ഇസ്‌ലാമിസം (റാശിദ് ഗനൂശി: ഇസ്‌ലാമിസത്തിനകത്തെ ജനാധിപത്യ വാദി). രണ്ടു തലമാണ് പുസ്തകത്തിനുള്ളത്. ഒന്ന്, ഗനൂശിയുടെ വ്യക്തി ചിത്രം. രണ്ട്, ഗനൂശിയുടെ ബൗദ്ധിക ജീവചരിത്രം. ഗനൂശിയുടെ വ്യക്തിജീവിതവും ആക്ടിവിസവും ബൗദ്ധികജീവിതവും കൂടിക്കലര്‍ന്നാണുള്ളത്. മൗലാനാ മൗദൂദി, സയ്യിദ് ഖുത്വ്ബ് എന്നിവരെപ്പോലെ വിശദമായ ബൗദ്ധിക ചര്‍ച്ചകളോ തര്‍ക്ക-വിതര്‍ക്കങ്ങളോ ഗനൂശി ഉന്നയിക്കുന്നില്ല. വളരെ വ്യക്തതയോടെ മാത്രമേ ഗനൂശി എന്തിനെക്കുറിച്ചും സംസാരിക്കൂ. ഒന്നിനെയും പൂര്‍ണമായി തള്ളിക്കളയാനോ സ്വീകരിക്കാനോ ഗനൂശി തയാറാവുന്നില്ല. അതുകൊണ്ടുതന്നെ ആധുനിക ഇസ്‌ലാമിക രാഷ്ട്രീയ ചിന്ത ഇരുപതാം നൂറ്റാണ്ടില്‍ ഉദയം ചെയ്തതിനു ശേഷം നടന്നിട്ടുള്ള എല്ലാ ചര്‍ച്ചകളും ഗനൂശി പരിഗണിക്കുന്നു. അപ്പോള്‍ തന്നെ ഒരു നിശ്ചിതത്വവും (specifity) ആപേക്ഷികതയും(relativity)  ഗനൂശി കാത്തുസൂക്ഷിക്കുന്നു.
 
ഉദാഹരണത്തിന്, ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ അടിസ്ഥാനപരമായ ഒരു കാഴ്ചപ്പാടാണല്ലോ ഹാകിമിയ്യത്ത്. ലിബറല്‍ ജനാധിപത്യത്തെ സംബന്ധിച്ചേടത്തോളം ജനങ്ങളുടെ പരമാധികാരം എന്നത് ദൈവിക പരമാധികാരത്തെ തള്ളിക്കളയുന്നതാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ചിന്തകര്‍ ദൈവിക പരമാധികാരത്തെ തള്ളിക്കളയുന്ന ലിബറല്‍ ജനാധിപത്യത്തെ തള്ളിക്കളയുന്നു. എന്നാല്‍ ജനങ്ങള്‍ ആധുനിക ദേശരാഷ്ട്രത്തിനകത്ത് ദൈവിക പരമാധികാരത്തെ അംഗീകരിക്കുന്ന ഒരു കക്ഷിയെ തെരഞ്ഞെടുക്കുമ്പോള്‍ ഹാകിമിയ്യത്ത് അവിടെ സ്വയമവതരിക്കുന്നില്ല. മറിച്ച് ഒരു പ്രത്യേക തരത്തിലുള്ള മനുഷ്യ ഇടപെടല്‍ ആവശ്യമായി വരും. ഈ പ്രക്രിയയെ ഇജ്തിഹാദായാണ് ഗനൂശി കാണുന്നത്. മനുഷ്യ ഇടപെടലിലൂടെ സാക്ഷാല്‍ക്കരിക്കേണ്ട ഒന്ന്. എന്താണ് ഈ വിശദീകരണത്തിന് ചരിത്രപരമായ പ്രസക്തി? ഇസ്‌ലാം അല്ലാത്തതിനെയെല്ലാം നിരാകരിക്കുന്നു എന്ന് പറയുന്ന ഉട്ടോപ്യന്‍ വീക്ഷണത്തെ ഇന്നത്തെ ദേശരാഷ്ട്രവും ഭരണകൂടവും ഉള്‍പ്പെട്ട ഘടനകളുടെ വെളിച്ചത്തില്‍ കാണാനുള്ള ശ്രമം. ഇതിലൂടെ പ്രസ്തുത ആശയത്തിന്റെ സാക്ഷാത്കാരത്തിനു മുമ്പിലെ പ്രതിബന്ധങ്ങളെ കൂടി കണ്ടുകൊണ്ടുള്ള സമീപനം. ഈ സംജ്ഞയെ ചരിത്രപരമായി വ്യാഖ്യാനിക്കാന്‍ മൗദൂദിക്കും ഖുത്വ്ബിനും സാധിച്ചില്ലെന്നാണ് ഗനൂശിയുടെ ഒരു പ്രധാന വിമര്‍ശം. ഇതാണ് ഗനൂശിയുടെ ഇടപെടല്‍ രീതി. ഒരേസമയം ഹാകിമിയ്യത്തിന്റെ സാധ്യതയും പ്രതിബന്ധവും കാണാനുള്ള കരുത്ത് ഗനൂശി പ്രകടിപ്പിക്കുന്നു.
 
ഗനൂശിയുടെ കാഴ്ചപ്പാടുകള്‍ സൂക്ഷ്മമായി മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്. മതേതരത്വം, പൗരസമൂഹം, ജനാധിപത്യം, സ്റ്റേറ്റ് ഇവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഗനൂശി നടത്തുന്നുണ്ട്. ഇത്തരം ചര്‍ച്ചകളില്‍ പൊതുവെ കണ്ടുവരാറുള്ള ധാരണകളെ കശക്കിയെറിയാന്‍ ഗനൂശി തയാറാവുന്നു. എന്നാല്‍, ഇസ്‌ലാം/ പടിഞ്ഞാറ്, ആധുനികത/ ഇസ്‌ലാം തുടങ്ങിയ ദ്വന്ദ്വങ്ങളെ സവിശേഷമായി പഠിക്കുകയും തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി വിശദീകരിക്കുകയും ചെയ്യുന്നു. പലപ്പോഴും ആപേക്ഷികമായ തള്ളിക്കളയലും (relative rejectioni-sm) വസ്തുനിഷ്ഠ വിമര്‍ശനവും (objective interaction) തന്നെയാണ് ഗനൂശിയുടെ ശൈലി എന്നാണ് അസ്സാം തമീമി വിശദീകരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഗനൂശിയുടെ ബൗദ്ധിക ജീവചരിത്രമെന്നത് (ജനാധിപത്യം, മതേതരത്വം, പൗരസമൂഹം ഇവയെക്കുറിച്ച് ആത്മ വിമര്‍ശനപരമായ സമീപനങ്ങള്‍) ധാരാളം വിശദീകരണമാവശ്യപ്പെടുന്നതിനാല്‍ ഇപ്പോള്‍ അതിന് മുതിരുന്നില്ല. മറിച്ച് റാശിദ് ഗനൂശിയുടെ ജീവിതവും കാലവും എങ്ങനെയാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ രൂപവത്കരിച്ചതെന്ന് ലഘുവായി പരിചയപ്പെടുത്താന്‍ ശ്രമിക്കാം.
 
1941-ല്‍ ജനിച്ച റാശിദ് ഗനൂശി തെക്കു കിഴക്കന്‍ തുനീഷ്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് തന്റെ ബാല്യവും കൗമാരത്തിന്റെ ആദ്യ കാലവും പിന്നിട്ടത്. ഗ്രാമത്തിലെ പാരമ്പര്യ മതപഠന രീതിയില്‍ വളര്‍ന്ന ഗനൂശി കൊളോണിയല്‍ വിരുദ്ധനും അതിന്റെ ഫലമായി ഒരു നാസറിസ്റ്റും ആയിരുന്നു. അദ്ദേഹത്തിന്റെ അമ്മാവന്റെ സ്വാധീന ഫലമായിരുന്നു ഇത്. പതിനൊന്നാം വയസ്സില്‍ തുനീഷ്യയില്‍ നടന്ന ഫ്രഞ്ച് അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പിന് ഗനൂശി സാക്ഷിയായിരുന്നു. എന്നാല്‍ ഗനൂശിയുടെ വായനയും ചിന്തകളും വികസിക്കാന്‍ തുടങ്ങിയതോടെ പരമ്പരാഗതമായി കിട്ടിയ മതപരമായ വിജ്ഞാനം വെല്ലുവിളിക്കപ്പെട്ടു. വീടിനടുത്തുള്ള ജലസംഭരണിയുടെ മുകളില്‍ കയറി ടോള്‍സ്റ്റോയ്, ദസ്തയോവ്‌സ്‌കി തുടങ്ങിയവരെ വായിച്ചുതുടങ്ങിയപ്പോള്‍ തന്റെ ഹൃദയം കിഴക്കും പടിഞ്ഞാറുമായി വലിച്ചു കീറപ്പെട്ടുവെന്ന് ഗനൂശി വിശദീകരിക്കുന്നു. വിക്ടര്‍ ഹ്യൂഗോ, ഏണസ്റ്റ് ഹെമിംഗ്‌വേ, മാക്‌സിം ഗോര്‍ക്കി, ബര്‍ണാഡ് ഷാ തുടങ്ങിയവരെയും പതിനെട്ടു വയസ്സാവുമ്പോഴേക്കും ഗനൂശി പരിചയപ്പെട്ടിരുന്നു. ഇതോടു കൂടി പാരമ്പര്യ മതബോധം ഒലിച്ചുപോകാന്‍ തുടങ്ങി. മതാനുഷ്ഠാനങ്ങളൊക്കെ വലിയ ബാധ്യതയായി തോന്നിത്തുടങ്ങി. കാരണം, ഇസ്‌ലാമിന്റെ ലോകബോധം ഗനൂശിക്കന്യമായിരുന്നു.
 
1959-ല്‍ പതിനെട്ടാം വയസ്സില്‍ നഗരത്തിലെ അസ്സയ്തൂന എന്ന മതകലാലയത്തില്‍ ചേര്‍ന്നു. 1959-1962 വരെയാണ് ഗനൂശി അവിടെ പഠിച്ചത്. അക്കാലത്ത് ഫ്രഞ്ച് കൊളോണിയല്‍ സ്വാധീനം നഗരങ്ങളില്‍ വ്യാപകമായിരുന്നു. അന്നത്തെ തുനീഷ്യന്‍ പ്രസിഡന്റ് ഹബീബ് ബൂറഖീബ പാശ്ചാത്യവത്കരണത്തെ നന്നായി പിന്തുണച്ചിരുന്നു. അധികാരമുപയോഗിച്ച് മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിച്ചതിനാല്‍ പള്ളികളിലൊന്നും വിദ്യാര്‍ഥികളും ചെറുപ്പക്കാരും പോകാറുണ്ടായിരുന്നില്ല. ഔഖാഫ് ദേശസാല്‍ക്കരിക്കുകയും റമദാന്‍ മാസങ്ങളില്‍ ഗവണ്‍മെന്റ് ജോലികള്‍ക്ക് പോകുന്നവരോട് നോമ്പ് മുറിക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള അന്തരീക്ഷത്തില്‍ മതപഠനം ജോലി നേടാനും നഗര പരിചയത്തിനുമുള്ള വഴി മാത്രമായിരുന്നു. നഗര ജീവിതമാകട്ടെ മതബോധം ഇല്ലാതാക്കാനുള്ള ഒരു മാര്‍ഗവും.
 
തന്റെ പഠനത്തിന്റെ അവസാന ഘട്ടത്തില്‍ തത്ത്വചിന്തയില്‍ ആകൃഷ്ടനായ ഗനൂശി തന്റെ മതാധ്യാപകരെ ചോദ്യങ്ങള്‍ ചോദിച്ച് വട്ടം കറക്കി. താന്‍ യുക്തിവാദ ചിന്തയിലൂടെയും ദൈവനിരാസത്തിലൂടെയും കടന്നുപോവുകയാണെന്ന് ഇക്കാലത്ത് ഗനൂശിക്ക് തോന്നിയിരുന്നു. ഇസ്‌ലാമെന്നത് ഗനൂശിയെ സംബന്ധിച്ചേടത്തോളം ഒരു ചരിത്ര മ്യൂസിയമായിരുന്നു. അധ്യാപകര്‍ ആ മ്യൂസിയത്തെ ആശ്രയിച്ച് ജീവിക്കുന്ന ടൂറിസ്റ്റ് ഗൈഡുകളും. 1959-1962-ലെ അള്‍ജീരിയന്‍ വിപ്ലവം പുതിയൊരു ആവേശമാണ് ഗനൂശിയില്‍ ഉണ്ടാക്കിയത്. ജമാല്‍ അബ്ദുന്നാസിറിന് പുറമെ ആദ്യത്തെ അള്‍ജീരിയന്‍ പ്രസിഡന്റായ ബെന്‍ബെല്ലയും ഗനൂശിയുടെ ആരാധനാപാത്രമായി. അറബിസത്തിന്റെ വസന്തകാലമായിരുന്നു അത്. ഞങ്ങള്‍ അറബികള്‍ എന്ന് ജനം ആര്‍ത്തു വിളിച്ച സന്ദര്‍ഭം.
 
ഗനൂശി തുനീഷ്യന്‍ തെരുവുകളില്‍ പ്രകടനം നടത്തിയിരുന്നു. ഫ്രാന്‍സിനെതിരായ യുദ്ധത്തില്‍ പരിക്ക് പറ്റിയ ഒരു അള്‍ജീരിയന്‍ മുജാഹിദിന് സ്വന്തം മുറിയില്‍ വിശ്രമിക്കാന്‍ അവസരം നല്‍കി ഗനൂശി അറബിസത്തെ നെഞ്ചേറ്റി. അങ്ങനെയാണ് അറബിസത്തിന്റെ നടുമുറ്റമായ ഈജിപ്തിലേക്ക് ഗനൂശി പോകുന്നത്. 1964-ല്‍ കയ്‌റോ യൂനിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് അഗ്രികള്‍ച്ചറില്‍ ഗനൂശി ചേര്‍ന്നു. എന്നാല്‍ മഗ്‌രിബില്‍ നിന്ന് മശ്‌രിഖിലെത്തിയ ഗനൂശി നാസറും ബൂറഖീബയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജ്യം വിടാന്‍ നിര്‍ബന്ധിതനായി. ഇതോടെ അറബിസം എന്നത് മറ്റൊരു മര്‍ദക വ്യവസ്ഥയാണെന്ന് ഗനൂശി തിരിച്ചറിഞ്ഞു. മാത്രമല്ല, നാസറിന്റെ ജനപ്രിയ സ്റ്റണ്ടുകളുടെ കാപട്യവും നേരിട്ടറിഞ്ഞു. തന്നെയും സഹവിദ്യാര്‍ഥികളെയും ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് പുറത്താക്കുമെന്നറിഞ്ഞതോടെ കേട്ടറിഞ്ഞു മാത്രം പരിചയമുള്ള 'അല്‍ബേനിയ'യിലേക്ക് രക്ഷപ്പെടാന്‍ വിമാന ടിക്കറ്റെടുത്തു. അല്‍ബേനിയയിലെ ചുകപ്പന്‍ ഭരണകൂടം നാസറിന്റെ മാസ്റ്റര്‍ ബ്രെയ്‌നാണെന്ന വിവരം കിട്ടിയതോടെ ഗനൂശി സിറിയയിലേക്ക് രക്ഷപ്പെട്ടു. ദമസ്‌കസ് യൂനിവേഴ്‌സിറ്റിയില്‍ തത്ത്വചിന്ത പഠിക്കാന്‍ അവസരം ലഭിച്ചു. ആ യൂനിവേഴ്‌സിറ്റി അന്നത്തെ എല്ലാ സാമൂഹിക വൈരുധ്യങ്ങളെയും പ്രതിഫലിപ്പിച്ചിരുന്നു. ഈ നാലു വര്‍ഷത്തിനിടക്കാണ് നാസറിസ്റ്റുകളെയും ബഅ്‌സിസ്റ്റുകളെയും സെക്യുലരിസ്റ്റുകളെയും ഇസ്‌ലാമിസ്റ്റുകളെയും സലഫികളെയും സൂഫികളെയും ഇഖ്‌വാനികളെയും ഹിസ്ബുല്‍ തഹ്‌രീറുകാരെയും ഗനൂശി കണ്ടുമുട്ടുന്നത്. അക്കാലത്തെ ഇസ്രയേല്‍വിരുദ്ധ റാലികളില്‍ ഒരു നാഷനലിസ്റ്റ് എന്ന നിലയിലാണ് ഗനൂശി പങ്കെടുത്തത്. എന്നാല്‍, ഈ നാഷനലിസ്റ്റ് ചായ്‌വ് അവസാനിച്ചത് രണ്ട് കാരണങ്ങളാലാണ്. ഒന്ന്, തത്ത്വചിന്താ പഠനം. രണ്ട്, 1965-ല്‍ നടത്തിയ യൂറോപ്യന്‍ യാത്ര.
 
നാഷനലിസത്തോടുള്ള താല്‍പര്യം ക്ഷയിക്കുന്നതോടു കൂടി ഇസ്‌ലാമിസ്റ്റുകളുടെ പരിപാടികളിലും ഒന്നു പോയി നോക്കാമെന്നായി. നാല് പ്രധാന വിഭാഗങ്ങളെ അവിടെ കണ്ടുമുട്ടുന്നു.
 
1. ഇഖ്‌വാനികള്‍ (ഇഖ്‌വാനിയും സിറിയന്‍ പണ്ഡിതനുമായ മുസ്ത്വഫസ്സിബാഇ, ഗനൂശി ദമസ്‌കസില്‍ എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു).
 
2. നാസിറുദ്ദീന്‍ അല്‍ബാനിയുടെ പ്രഭാഷണം.
 
3. ഹിസ്ബുതഹ്‌രീര്‍
 
4. അദീബ് സ്വാലിഹ്, ശൈഖ് അല്‍ ബൂത്വി, ജൗദത് സഈദ് എന്നീ ബുദ്ധിജീവികള്‍.
 
എന്നാല്‍, സിറിയന്‍ പ്രവാസകാലത്ത് ഒരു പാര്‍ട്ടിയിലും ചേരുന്നില്ല. മുഹമ്മദ് ഇഖ്ബാല്‍, അബുല്‍ അഅ്‌ലാ മൗദൂദി, മുഹമ്മദ് ഖുത്വ്ബ്, ഹസനുല്‍ ബന്ന, മുസ്ത്വഫസ്സിബാഇ, മാലിക് ബിന്നബി, അബുല്‍ ഹസന്‍ അലി നദ്‌വി തുടങ്ങിയവരെ വായിക്കാനാരംഭിക്കുകയും ചെയ്തു. മാത്രമല്ല, ഇസ്‌ലാമിസ്റ്റുകള്‍ കമ്യൂണിസത്തെയും നാഷനലിസത്തെയും എതിര്‍ക്കാന്‍ കൂട്ടുപിടിച്ചിരുന്ന പാശ്ചാത്യ ബുദ്ധിജീവികളായ ആര്‍നള്‍ഡ് ടോയന്‍ബി, അലക്‌സിസ് കാറല്‍, ആര്‍തര്‍ കെസ്‌ലര്‍ ഇവരെയും പുസ്തകങ്ങളിലൂടെ പരിചയപ്പെട്ടു.
 
1965-ലെ യൂറോപ്യന്‍ യാത്ര ഗനൂശിയുടെ ചിന്തകളില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. ജര്‍മനിയില്‍ ടാക്‌സി ഡ്രൈവറായും ഫ്രാന്‍സില്‍ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരനായും ബെല്‍ജിയത്തില്‍ റെസ്റ്റോറന്റുകളില്‍ പാത്രം കഴുകിയും ഹോളണ്ടില്‍ മരപ്പണി ചെയ്തും ഗനൂശി ഉപജീവനമാര്‍ഗം കണ്ടെത്തി. തിരിച്ചുവന്ന ഉടനെ ഹദീസ്, ഖുര്‍ആന്‍, തഫ്‌സീര്‍ ഇവയിലൂടെയുള്ള വായന ആരംഭിച്ചു. ഇഖ്‌വാനികള്‍ വീണ്ടും വീണ്ടും ക്ഷണിച്ചെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നില്ല. എന്നാല്‍ നാസിറുദ്ദീന്‍ അല്‍ബാനിയുമായി വ്യക്തിബന്ധം സൂക്ഷിക്കുകയും സലഫിസത്തോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്തു.
 
ഇങ്ങനെയുള്ള ഒരു ബൗദ്ധിക യാത്രയുടെ ഭാഗമായാണ് 1968-ല്‍ ഗനൂശി ഫ്രാന്‍സിലേക്ക് പോവുന്നത്. സോര്‍ബോണില്‍ ഗവേഷകനായി (തത്ത്വചിന്ത) ചേര്‍ന്നു. 1968-ലെ പാരിസ് വിദ്യാര്‍ഥി കലാപത്തിന് തൊട്ടുടനെയുള്ള മാസങ്ങളിലാണ് ഗനൂശി അവിടെയെത്തുന്നത്. അവിടെ വെച്ച് തുനീഷ്യന്‍ വിദ്യാര്‍ഥികളെ പരിചയപ്പെട്ടു. അവര്‍ പ്രധാനമായും രണ്ട് ക്യാമ്പുകളിലാണ് ഉണ്ടായിരുന്നത്. ഒരു കൂട്ടര്‍ നാഷ്‌നലിസ്റ്റുകളും മറ്റൊരു കൂട്ടര്‍ മാര്‍ക്‌സിസ്റ്റുകളുമായിരുന്നു. ഇവരുമായി ഒത്തുപോകാനാവാതെ ഗനൂശി തുനീഷ്യക്കാരായ ഒരു സംഘം തബ്‌ലീഗുകാര്‍ക്കൊപ്പം പോകുന്നു. മാത്രമല്ല, പാരീസിലെ ഭൗതികതയുടെ അതിപ്രസരം മറികടക്കുന്നതിന് ഒരു കാത്തലിക് ചര്‍ച്ചില്‍ സ്ഥിരമായി പോകാനും തുടങ്ങി. അക്കാലത്തെ ഫ്രാന്‍സില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന മെഹ്ദി ബസര്‍ഗനെ പോലുള്ള ആധുനിക ഇറാനിയന്‍ ബുദ്ധിജീവികളെയും ഇക്കാലത്ത് ഗനൂശി കാണുന്നുണ്ട്. ഇറാനിയന്‍ വിദ്യാര്‍ഥികളിലൂടെ ശീഈ അവാന്തര വിഭാഗങ്ങളിലേക്കും ഗനൂശി ആകൃഷ്ടനാകുന്നുണ്ട്. ഇവരൊക്കെ ചേര്‍ന്ന് ഫ്രഞ്ചുകാരനും ഇന്ത്യന്‍ വംശജനുമായ ഡോ. മുഹമ്മദ് ഹമീദുല്ലയുടെ കീഴില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു.
 
നീണ്ട താടിയും പാകിസ്താനി തൊപ്പിയും ധരിച്ച് പാരീസിലെ തെരുവുകളില്‍ ദഅ്‌വത്തും തബ്‌ലീഗുമായി നടന്ന ഗനൂശിയുടെ ഭാവമാറ്റം കുടുംബത്തിനകത്ത് അത്ഭുതവും ആകാംക്ഷയുമുണ്ടാക്കി. ഒരു തനി ഭൗതികവാദിയായി തിരിച്ചുവരുമെന്നു കരുതിയയാള്‍ എല്ലാ കണക്കുകൂട്ടലുകളെയും തിരുത്തി ഇവിടെയിതാ അലഞ്ഞു നടക്കുന്നു. അപ്പോഴാണ് സഹോദരന്‍ മുഖ്താര്‍, ഉമ്മക്ക് അസുഖമാണെന്ന് പറഞ്ഞ് ഗനൂശിയെ തുനീഷ്യയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പാരീസിലെത്തുന്നത്. ഇസ്‌ലാമില്ലാത്ത തുനീഷ്യയിലേക്ക് താനില്ലെന്നായിരുന്നു ഗനൂശിയുടെ ആദ്യ പ്രതികരണം. മാത്രമല്ല, തബ്‌ലീഗ് പ്രവര്‍ത്തകനായി പാകിസ്താനിലേക്ക് പോകാനുള്ള ഒരുക്കത്തിലുമായിരുന്നു അദ്ദേഹം. ഒടുവില്‍ സഹോദരനോടൊത്ത് വീട്ടില്‍ പോയി ഉമ്മയെ കാണാന്‍ തീരുമാനിക്കുന്നു. സ്‌പെയിനിലൂടെയായിരുന്നു യാത്ര. തകര്‍ക്കപ്പെട്ട കൊര്‍ദോവയിലെത്തിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു നഷ്ടബോധം ഗനൂശിയെ അലട്ടാന്‍ തുടങ്ങി. കൊര്‍ദോവയിലെ ഗ്രാന്റ് മസ്ജിദിനുള്ളില്‍ വെച്ച് ഗനൂശിയും മുഖ്താറും അജ്ഞാതമായ ആ നഷ്ടബോധത്തെ പ്രതി കരഞ്ഞുപോയി. പാരീസിലേക്ക് തിരിച്ചുവരുമെന്ന് തന്നെയായിരുന്നു ഗനൂശി കരുതിയത്. അതിനാല്‍ തന്റെ വസ്തുവകകള്‍ അവിടെ ഉപേക്ഷിച്ചാണ് പാരീസിനോട് വിടപറയുന്നത്. എന്നാല്‍ 1969-1980 വരെയുള്ള കാലം തുനീഷ്യയില്‍ തന്നെ ഗനൂശി കഴിച്ചുകൂട്ടുകയാണുണ്ടായത്.
 
തുനീഷ്യയിലെത്തിയ ശേഷം അസ്സയ്ത്തൂന മസ്ജിദില്‍ ഗനൂശി വെറുതെയൊന്ന് കയറി നോക്കി. അവിടെ പള്ളിമൂലയില്‍ കുറച്ച് ചെറുപ്പക്കാര്‍ ഖുര്‍ആന്‍ ഓതുന്നത് കാണാനിടയായി. ഒരിക്കല്‍ ഒരു ചെറുപ്പക്കാരനും തിരിഞ്ഞു നോക്കാതെ പൊടി പിടിച്ചുകിടന്നിരുന്ന ആ പള്ളിമൂല ഇപ്പോള്‍ സജീവമായതെന്തുകൊണ്ടാണെന്ന് ഗനൂശി അന്വേഷിച്ചു. ഈ അന്വേഷണമാണ് അബ്ദുല്‍ ഫതാഹ് മോറോയെ പരിചയപ്പെടാനിടയാക്കിയത് (അബ്ദുല്‍ ഫതാഹ് മോറോയുമായി ചേര്‍ന്നാണ് പിന്നീട് ഇസ്‌ലാമിക് ടെന്‍ഡന്‍സി മൂവ്‌മെന്റ് ആരംഭിക്കുന്നത്). അങ്ങനെ തബ്‌ലീഗ് ജമാഅത്തിന്റെ തുനീഷ്യന്‍ പതിപ്പായ പള്ളിമൂലയിലെ ആ ചെറുപ്പക്കാരുടെ സംഘത്തില്‍ ഗനൂശി ചേര്‍ന്നു. 1970-ല്‍ തബ്‌ലീഗുകാരുടെ സംഘം അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ (ഇസ്‌ലാമിക് ഗ്രൂപ്പ്) എന്ന 'രഹസ്യ' സംഘടനക്ക് രൂപം നല്‍കി. അന്ന് തുനീഷ്യയില്‍ നിലനിന്നിരുന്നത് ഏക പാര്‍ട്ടി സംവിധാനമായിരുന്നതിനാല്‍ ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോം ആയ ഖുര്‍ആനിക പ്രിസര്‍വേഷന്‍ സൊസൈറ്റിയാണ് അവര്‍ ഉപയോഗപ്പെടുത്തിയത്.
 
തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തില്‍ ഗനൂശിയും സുഹൃത്തുക്കളും മാലിക് ബിന്നബി അള്‍ജീരിയയില്‍ സംഘടിപ്പിച്ചിരുന്ന സെമിനാറുകളിലേക്ക് മുടക്കമില്ലാതെ പോയിരുന്നു. അന്നത്തെ സുഹൃത്തുക്കള്‍ അബ്ദുല്‍ ഫതാഹ് മോറോ, സ്വാലിഹ് ബിന്‍ അബ്ദില്ല എന്നിവരായിരുന്നു.
 
ഗനൂശിയുടെ കാഴ്ചപ്പാടുകളെ അടിസ്ഥാനപരമായി സ്വാധീനിച്ചത് മാലിക് ബിന്നബിയാണ്. അതുവരെ ചിന്താപരമായി തന്നെ സ്വാധീനിച്ച മൗദൂദിയും ഖുത്വ്ബും യാഥാര്‍ഥ്യത്തെയും (reality) പാഠ(text)ത്തെയും വേര്‍തിരിച്ചു കണ്ട്, പാഠമാണ് യാഥാര്‍ഥ്യത്തെക്കുറിച്ച കാഴ്ചപ്പാട് ഉണ്ടാക്കുന്നത് എന്നായിരുന്നു ഗനൂശിയെ പഠിപ്പിച്ചത്. എന്നാല്‍ ബിന്നബി യാഥാര്‍ഥ്യത്തെ സൂക്ഷ്മമായി അപഗ്രഥിക്കുകയും ഈ അപഗ്രഥനത്തിലൂന്നി മതപാഠ(religious text)ത്തെ സംവാദവിധേയമാക്കുകയുമാണ് ചെയ്തത് (മാലിക് ബിന്നബി, അല്‍ഖദായ അല്‍ കുബ്‌റ, ബെയ്‌റൂത്ത്, ദാറുല്‍ ഫിക്ര്‍, 1991).
 
മാലിക് ബിന്നബിയെ റാശിദ് ഗനൂശി വിശേഷിപ്പിക്കുന്നത് ഇസ്‌ലാമിക ചിന്തയുടെ നെടുന്തൂണെന്നും ഇബ്‌നുല്‍ ഖല്‍ദൂന്റെ പിന്‍മുറക്കാരനെന്നുമാണ്. സിറിയയില്‍ പഠിച്ചിരുന്ന കാലത്ത് ബിന്നബി ഖുത്വ്ബിനെ നന്നായി വായിച്ചിരുന്നു. ബിന്നബിയുടെ ചിന്തകള്‍ തന്നെയാണ് 'മഗ്‌രിബ്' ചിന്താസരണയിലേക്കും 'മശ്‌രിഖ്' ചിന്താവിമര്‍ശനത്തിലേക്കും നയിക്കുന്നത്. മാത്രമല്ല, പാരീസില്‍ നിന്ന് വരുമ്പോള്‍ ഒരുതരം സലഫിസം ഗനൂശിയെ ബാധിച്ചിരുന്നു. ബിന്നബിയുടെ സെമിനാറുകളാണ് സലഫി ചിന്തയുടെ പരിമിതി ഗനൂശിയെ ബോധ്യപ്പെടുത്തിയത്. തുനീഷ്യയില്‍ കൊളോണിയല്‍ ആധുനികതയും ഇസ്‌ലാമിക പാരമ്പര്യത്തിലൂന്നിയ ഫിഖ്ഹ്, കലാം, സൂഫി ത്വരീഖത്ത് എന്നിവയും തമ്മിലെ സംഘര്‍ഷമാണ് ഗനൂശി കണ്ടത്. അതുകൊണ്ടുതന്നെ തന്റെ ചിന്താ പ്രവര്‍ത്തന പരിപാടികളെ മാലിക് ബിന്നബിയുടെ മഗ്‌രിബ് ചിന്തകളുടെ അടിസ്ഥാനത്തില്‍ അല്‍-ഖുസൂസിയ്യ അത്തൂനിസിയ്യ (Tunisian specificity) എന്ന രീതിയിലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു ഗനൂശി.
 
തുനീഷ്യന്‍ മാര്‍ക്‌സിസ്റ്റുകളുമായി ഗനൂശി സംഘര്‍ഷപ്പെടുന്നുണ്ട്. എന്നാല്‍ സാമ്പത്തിക ഘടകങ്ങളുടെ പ്രാധാന്യം ഗനൂശി ഒരിക്കലും തള്ളിക്കളയുന്നുമില്ല. ഇത് പാശ്ചാത്യ ചിന്തയോടുള്ള ഗനൂശിയുടെ സമീപനത്തിന്റെ പ്രത്യേകതയാണ്. അറബ് സെക്യുലരിസ്റ്റുകള്‍ കൊളോണിയല്‍ ആധുനികതയെ പൂര്‍ണമായും സ്വീകരിച്ചപ്പോള്‍ ഇസ്‌ലാമിസ്റ്റുകള്‍ പൂര്‍ണമായും തള്ളിക്കളയുന്നു. ഗനൂശിയുടെ സമീപനം ഇസ്‌ലാം/ പടിഞ്ഞാറ് എന്ന വിഭജനം നിലനില്‍ക്കുന്നില്ല എന്നാണ്. യൂറോപ്യന്‍ നവോത്ഥാനം തന്നെ ഇസ്‌ലാമിന്റെ സ്വാധീനഫലമായി ഉണ്ടായതാണ്. ഇന്നത്തെ കോളനിയാനന്തര സാഹചര്യത്തില്‍ പാശ്ചാത്യ സ്വാധീനമുണ്ടെങ്കില്‍ അതിനോട് സംവദിക്കുകയാണ് വേണ്ടതെന്നാണ് ഗനൂശി കരുതുന്നത്. 1973 വരെ 'തബ്‌ലീഗ്' രീതിയില്‍ അല്‍ ജമാഅ അല്‍ ഇസ്‌ലാമിയയില്‍ ഗനൂശി പ്രവര്‍ത്തിച്ചു. പുതിയ പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ഇതാണ് ഗനൂശിയുടെ ശ്രദ്ധ ഇഖ്‌വാനുല്‍ മുസ്‌ലിമീനിലേക്കും മൗദൂദിയിലേക്കും വീണ്ടും തിരിയാനിടയായത്. ഗനൂശിയെ സംബന്ധിച്ചേടത്തോളം ഇഖ്‌വാനെന്നത് ഒരു മാതൃകയും പ്രചോദന കേന്ദ്രവുമായി മാറി. ഇതിനെയാണ് 'മശ്‌രിഖ് സ്വാധീനം' എന്നു വിളിക്കുന്നത്.
 
സാഹചര്യത്തിനനുസരിച്ച് മാറുകയും തിരുത്തുകയും ചെയ്യുക എന്നതാണ് ഗനൂശിയുടെ രീതി. ഒരു പ്രത്യേക നിലപാട് പറ്റില്ല എന്നു തോന്നിയാല്‍ അത് സത്യസന്ധമായി തുറന്നു പറയാനുള്ള ബുദ്ധിപരമായ ആര്‍ജവം തന്നെയാണ് ഗനൂശിയുടെ കരുത്ത്. പലപ്പോഴും മറ്റു പല ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കുമില്ലാതെ പോയതും ഇതുതന്നെയാണ്.
 
തുനീഷ്യയില്‍ ആദ്യഘട്ടത്തില്‍ പാരമ്പര്യ ഇസ്‌ലാമിക ഘടകങ്ങളെ നിശിതമായി തന്നെയാണ് ഗനൂശി വിമര്‍ശിച്ചത്. കാരണം, കൊളോണിയലിസത്തോട് സംവദിക്കാനോ സംസാരിക്കാനോ ആ പാരമ്പര്യം മുസ്‌ലിമിന് കരുത്തേകുന്നില്ല. എന്നാല്‍, മാലികി മദ്ഹബിനോടും അശ്അരി ദൈവശാസ്ത്രത്തോടും സൂഫി ധാരകളോടും ഏറ്റുമുട്ടുന്നത് ശരിയല്ലെന്ന നിലപാടിലേക്ക് ഗനൂശി പിന്നീട് എത്തുന്നു. ഇത്തരം പാരമ്പര്യങ്ങളെ രചനാത്മകമായി പുനഃസംഘടിപ്പിക്കുന്ന ഒരു രാഷ്ട്രീയ വീക്ഷണമാണ് വേണ്ടതെന്നാണ് ഗനൂശി പിന്നീട് മനസ്സിലാക്കുന്നത്.
 
എന്നാല്‍, പാരമ്പര്യത്തോടുള്ള ഗനൂശിയുടെ മൃദുസമീപനം സംഘടനയില്‍ പിളര്‍പ്പുണ്ടാക്കി. ഇസ്‌ലാമിക ചിന്താ നവീകരണത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന മുഅ്തസിലി സരണിയും ഡോ. ഫത്ഹി ഉസ്മാന്റെ ഇഖ്‌വാന്‍ വിമര്‍ശനവും സമന്വയിപ്പിച്ച് ഒരു വിഭാഗം രംഗത്തുവരികയുണ്ടായി. അശ്അരി/ മുഅ്തസിലി സംഘര്‍ഷവും തഖ്‌ലീദ്/ ഇജ്തിഹാദ് ഇവയുടെ സാധ്യതയെക്കുറിച്ച ചര്‍ച്ചകളും തുനീഷ്യയിലെ ഗനൂശിയുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമാക്കി. മാത്രമല്ല, ഹസന്‍ ഹനഫിയുടെ 'ഇസ്‌ലാമിക ഇടതുപക്ഷം' എന്ന സംജ്ഞയും മുഅ്തസിലികള്‍ ഏറ്റുപിടിച്ചു. ഹാകിമിയ്യത്ത്, ജാഹിലിയ്യത്ത് ഇവയെക്കുറിച്ച് സയ്യിദ് ഖുത്വ്ബ് നടത്തിയ നിരീക്ഷണങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മുഅ്തസിലികള്‍ ഖുത്വ്ബിനെ തള്ളിക്കളയണമെന്നാണാവശ്യപ്പെട്ടത്. എന്നാല്‍, ഗനൂശി നിരീക്ഷിച്ചത് പത്തൊമ്പത്/ ഇരുപത് നൂറ്റാണ്ടുകളില്‍ ഉയര്‍ന്നുവന്ന ഇസ്‌ലാമിക ചിന്തയെ പരിഗണിച്ചുകൊണ്ടുള്ള വിമര്‍ശനമാണ് കൂടുതല്‍ പ്രസക്തം എന്നാണ്.
 
ഈ ചര്‍ച്ചകളെല്ലാം ഒരു പ്രത്യേക തരത്തിലുള്ള തുനീഷ്യന്‍ നിശ്ചിതത്വത്തെ (specifity) തിരിച്ചറിയാന്‍ ഗനൂശിയെ സഹായിക്കുകയായിരുന്നു. 1970 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ അഞ്ചു കാര്യങ്ങള്‍ ഗനൂശിയുടെ ചിന്തയെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളെയും സ്വാധീനിച്ചിരുന്നതായി അസ്സാം തമീമി പറയുന്നു.
 
ഒന്ന്, 1970-കള്‍ക്ക് ശേഷം തുനീഷ്യയില്‍ ശക്തിപ്പെട്ട ലിബറല്‍ ജനാധിപത്യം.
 
രണ്ട്, 1978-ല്‍ തൊഴിലാളി സംഘടനകളും ഗവണ്‍മെന്റും തമ്മില്‍ നടന്ന സംഘര്‍ഷം.
 
മൂന്ന്, കാമ്പസുകളില്‍ ഇസ്‌ലാമിസ്റ്റുകളും ലെഫ്റ്റിസ്റ്റുകളും തമ്മില്‍ നടന്ന സംവാദങ്ങള്‍.
 
നാല്, ഇറാന്‍ വിപ്ലവം.
 
അഞ്ച്, സുഡാനിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനകത്തുണ്ടായ സാമൂഹിക രാഷ്ട്രീയ ചിന്തകള്‍.
 
ജനാധിപത്യത്തെക്കുറിച്ചുള്ള ഗനൂശിയുടെ കാഴ്ചപ്പാടുകള്‍ ലിബറല്‍ ജനാധിപത്യത്തോടുള്ള വിമര്‍ശനത്തില്‍ നിന്നാണ് രൂപീകൃതമാവുന്നത്. കാരണം, ഏകാധിപത്യത്തേക്കാള്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ സംവദിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായും ഒരു പൊതുമിനിമം പരിപാടി എന്ന നിലയിലും ജനാധിപത്യത്തെ ഗനൂശി കാണുന്നു. 'ഏക' ഇസ്‌ലാമിനെതിരെ ഇസ്‌ലാമിന്റെ വ്യാഖ്യാനപരമായ ബഹുസ്വരതയെ കൂടുതല്‍ ഇടം നല്‍കുന്ന ഒരു 'ഇസ്‌ലാമിക ജനാധിപത്യ വ്യവഹാര'മായി അദ്ദേഹം മുന്നോട്ട് വെച്ചു. ട്രേഡ് യൂനിയനുകളെയും പാര്‍ട്ടികളെയും യോജിപ്പിച്ചു നിര്‍ത്തുന്ന ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിലും ജനാധിപത്യത്തെ കണ്ടു. ട്രേഡ് യൂനിയനുകളെ 1978-ല്‍ ഭരണകൂടം തകര്‍ക്കുന്നതോടുകൂടി അവശേഷിച്ച ഏക 'വിമതസ്ഥലം' പള്ളികളായി മാറി. പരമ്പരാഗത ഇടതുപക്ഷം പള്ളിക്കു പുറത്ത് തകര്‍ന്നടിഞ്ഞപ്പോള്‍ ഗനൂശി തുനീഷ്യയുടെ ഇസ്‌ലാമിക ചരിത്രത്തിലാദ്യമായി പള്ളി മിമ്പറുകളെ ജനാധിപത്യ പുനഃസ്ഥാപനത്തിന്റെ പ്രഭവകേന്ദ്രങ്ങളാക്കി മാറ്റി. പിന്നീട് ഇറാന്‍ ഇസ്‌ലാമിക വിപ്ലവം തുനീഷ്യയില്‍ പുതിയ ആവേശമുണ്ടാക്കി. അറബ് ഏകാധിപതികളെ മറിച്ചിടാന്‍ ഖുര്‍ആനും മസ്ജിദുകളും തന്നെ ധാരാളമാണെന്ന ആത്മവിശ്വാസമാണ് അത് ഗനൂശിക്ക് നല്‍കിയത്. ഖുമൈനി, ബന്ന, മൗദൂദി ത്രയത്തിന്റെ സ്വാധീനം ലോകമെങ്ങും ഗനൂശിക്ക് കാണാന്‍ കഴിഞ്ഞു. എന്നാല്‍ എല്ലാ ആഗോള വൈരുധ്യങ്ങളും അമേരിക്കയിലേക്ക് ചുരുക്കുന്ന ഇറാനെ പിന്നീട് 1990-കളില്‍ ഗനൂശി വിമര്‍ശിക്കുന്നുണ്ട്.
 
1979-ല്‍ സുഡാനില്‍ ഹസനുത്തുറാബിയുടെ നേതൃത്വത്തില്‍ നടന്ന ഇസ്‌ലാമിക ചലനങ്ങളും ഗനൂശിയെ സ്വാധീനിച്ചു. വിശിഷ്യാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് സുഡാനിലെ അനുഭവങ്ങള്‍ ഗനൂശി സ്വാംശീകരിക്കുന്നുണ്ട്. സുഡാനില്‍ നിന്ന് മടങ്ങിവന്ന ഉടനെ 1980-ല്‍ നടത്തിയ പ്രഭാഷണമാണ് അല്‍ മര്‍അ ഫില്‍ ഹറകത്തില്‍ ഇസ്‌ലാമിയ്യ (ഇസ്‌ലാമിക പ്രസ്ഥാനത്തിലെ സ്ത്രീ) എന്ന പുസ്തകമായത്. തന്റെ പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ച് ആത്മവിമര്‍ശനപരമായി തുറന്നു പറയാനും മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഗനൂശി തയാറാവുന്നു.
 
1979- മുതല്‍ അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ പുതിയൊരു സംഘടനയാവുന്നതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. 1981-ല്‍ ബൂറഖീബ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവത്കരിക്കാന്‍ അനുവാദം നല്‍കി. തുടര്‍ന്ന് 1981 ജൂണ്‍ ആറിന് ഇസ്‌ലാമിക് ട്രെന്റ്‌സ് മൂവ്‌മെന്റ് (എം.ടി.ഐ) പിറന്നു. ഒരു മാനിഫെസ്റ്റോയും പുറത്തിറക്കി. ഇതില്‍ ജനാധിപത്യം, അധികാര പങ്കാളിത്തം, ഭരണമാറ്റം, ഇലക്ട്രല്‍ സംവിധാനം ഇവ ഊന്നിപ്പറഞ്ഞു. എന്നാല്‍, സംഘടന രൂപവത്കരിക്കപ്പെട്ട് മാസങ്ങള്‍ക്കുള്ളില്‍ നേതാക്കള്‍ക്കൊപ്പം അഞ്ഞൂറോളം അനുയായികളും ജയിലിനകത്തായി. ഗനൂശി 1981-1984 വരെ ജയിലിലായിരുന്നു. ജയില്‍വാസക്കാലത്താണ് ഗനൂശി തന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെയും പഠനങ്ങളെയും വിമര്‍ശനാത്മകമായി വിലയിരുത്താനാരംഭിച്ചത്.
 
ജയിലിലിരുന്നാണ് ഗനൂശി ഖുര്‍ആന്‍ മനഃപാഠമാക്കിയത്. പിന്നെ തഫ്‌സീറുകള്‍ വായിക്കാന്‍ തുടങ്ങി. ഇബ്‌നു തൈമിയ്യ, ഇമാം ഗസ്സാലി, ഇബ്‌നു റുശ്ദ്, ഇബ്‌നു ഹസം, സമഖ്ശരി, ഇബ്‌നു ആശൂര്‍, ബാഖിര്‍ സദ്ര്‍ തുടങ്ങിയവരെയൊക്കെ വായിച്ചു. മാത്രമല്ല, തുനീഷ്യന്‍ സമൂഹത്തിന്റെ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവയെക്കുറിച്ച് ഒരു കരട് തയാറാക്കി ജയിലിലുള്ള സഹപ്രവര്‍ത്തകരുമായി ചര്‍ച്ചയാരംഭിച്ചു. സ്ത്രീകളെക്കുറിച്ച റജാ ഗരോഡിയുടെ പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. വിവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്നാണ് മാലിക് ബിന്നബിയുടെ ഇസ്‌ലാമും ജനാധിപത്യവും എന്ന പുസ്തകം.
 
ജയിലില്‍ വെച്ചുതന്നെയാണ് Public Liberties in the Islamic State എന്ന പുസ്തകത്തിന്റെ രചനയാരംഭിക്കുന്നത്. ജയിലിലായതിനാല്‍ പുറത്ത് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. മുആദ് അസ്സാബിര്‍ എന്ന തൂലികാ നാമത്തിലാണ് അക്കാലത്തെഴുതിയത്. ഫലസ്ത്വീനെക്കുറിച്ചും ഇറാനെക്കുറിച്ചും ആ പേരില്‍ ലേഖനങ്ങളെഴുതി.
 
'പബ്ലിക് ലിബര്‍ട്ടീസ്' എഴുതിത്തീരുന്നതിന് മുമ്പ് തന്നെ (1984-ല്‍) ഗനൂശി ജയില്‍ മോചിതനായി. അക്കാലത്ത് ലിബറല്‍ ജനാധിപത്യവാദികള്‍ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇസ്‌ലാമിക ജനാധിപത്യത്തിന് കരുത്തില്ല എന്നാണ് വാദിച്ചിരുന്നത്. ഗനൂശിയുടെ പുസ്തകം പ്രസ്തുത വിമര്‍ശനത്തെയാണ് ഖണ്ഡിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യം, മതപരിത്യാഗം തുടങ്ങിയ ലിബറലുകളുടെ സ്ഥിരം ചോദ്യങ്ങളും ഗനൂശി വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. മാത്രമല്ല, ഇതിന്റെ മറവില്‍ പാശ്ചാത്യ വിരുദ്ധത വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തെയും ഗനൂശി വിമര്‍ശിക്കുന്നു. ജയിലില്‍ നിന്നിറങ്ങി പുസ്തകം എഴുതിത്തീര്‍ത്തയുടനെ 1987- ആഗസ്റ്റില്‍ ഗനൂശിയും 89 മുതിര്‍ന്ന നേതാക്കളും വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഗനൂശിയെ ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിച്ചത്. ഇതുകൊണ്ട് കലിയടങ്ങാതെ തുനീഷ്യന്‍ ഏകാധിപതി ബൂറഖീബ ഗനൂശിയെ വധശിക്ഷക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പുനര്‍വിചാരണക്കൊരുങ്ങി. എന്നാല്‍, സൈനുല്‍ ആബിദീന്‍ ബിന്‍ അലി 1987- നവംബറില്‍ ബൂറഖീബയെ സ്ഥാനഭ്രഷ്ടനാക്കുകയും ഗനൂശിയടക്കമുള്ള തടവുകാരെ ജയില്‍ മോചിതരാക്കുകയും ചെയ്തു. 1988-ല്‍ ബിന്‍ അലി ബഹുപാര്‍ട്ടി സംവിധാനം നടപ്പിലാക്കി. പുതിയ സാഹചര്യത്തില്‍ ഇസ്‌ലാമിക ട്രെന്റ്‌സ് മൂവ്‌മെന്റിന്റെ നയപരിപാടികള്‍ പുനരാലോചിക്കുകയും പേര് മാറ്റി ഹിസ്ബുന്നഹ്ദ (Renaissance party) എന്ന പേരില്‍ 1988 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 1989 ഏപ്രിലില്‍ നടന്ന ഇലക്ഷനില്‍ 141 സീറ്റില്‍ 129-ലും അന്നഹ്ദ മത്സരിച്ചു. 15 ശതമാനം വോട്ട് നേടി ഏറ്റവും വലിയ പ്രതിപക്ഷമായി. ബിന്‍ അലിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയാണ് അധികരത്തിലേറിയത്. എന്നാല്‍, ഇലക്ഷനു തൊട്ടു മുമ്പ് കൊടുത്ത ,രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലുള്ള രജിസ്‌ട്രേഷന്‍ പൊതു തെരഞ്ഞെടുപ്പുകാരണം പൂര്‍ത്തിയായിരുന്നില്ല. അതുകൊണ്ടുതന്നെ രാജ്യത്തെ ഏകപ്രതിപക്ഷമെന്ന നിലയില്‍ അന്നഹ്ദ ഒരു ഭീഷണിയാവുമെന്ന് കണ്ട ഭരണകൂടം രജിസ്‌ട്രേഷനുള്ള അപേക്ഷ നിരസിച്ചു.
 
ഗനൂശി പറയുന്നത്, അന്നഹ്ദ മറികടക്കാന്‍ പാടില്ലാത്ത അതിരുകള്‍ മറികടക്കാന്‍ ധൃതി കൂട്ടിയെന്നാണ്. ജനപിന്തുണ ആത്മവിശ്വാസം കൂട്ടി. എന്നാല്‍, സുസ്ഥിരമായ രാഷ്ട്രീയ പോരാട്ടത്തിന് സമയമായിട്ടുണ്ടായിരുന്നില്ലേ എന്ന് തിരിച്ചറിയാന്‍ വൈകി. ഇലക്ഷന്‍ കഴിഞ്ഞ തൊട്ടടുത്ത മാസം (1989 മെയ്) ഗനൂശി രാഷ്ട്രീയ  പ്രവാസിയായി ലണ്ടനിലേക്ക് തിരിച്ചു. ഗനൂശിയുടെ പോക്ക് ബിന്‍ അലിയുടെ പ്രതികാര ദാഹം കൂട്ടി. 1991 ജനുവരിയില്‍ അബ്ദുല്‍ ഫത്താഹ് മോറോയെ അപകീര്‍ത്തി കേസില്‍ കുടുക്കി. 1991 ഫെബ്രുവരിയില്‍ ഭരണ പാര്‍ട്ടി ഓഫീസില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം അന്നഹദക്കാണെന്ന് പറഞ്ഞ് മാധ്യമങ്ങളിലൂടെ സെന്‍സേഷനല്‍ വാര്‍ത്തകള്‍ പുറത്തുവിട്ടു. അന്നഹ്ദ തുനീഷ്യയെ ഒരു മതരാഷ്ട്രമാക്കാന്‍ ആയുധമെടുക്കുന്നുണ്ടെന്ന പ്രചാരണങ്ങള്‍ ഭരണകൂടം തന്നെ ഏറ്റെടുത്തു. ആയിരക്കണക്കിന് അന്നഹ്ദ പ്രവര്‍ത്തകര്‍ ജയിലിലായി. ജയിലിനുള്ളില്‍ വെച്ച് പ്രവര്‍ത്തകരെ ക്രൂരമായി പീഡിപ്പിച്ചു. കസ്റ്റഡി മരണങ്ങള്‍ പതിവായി. നിരവധി പ്രവര്‍ത്തകര്‍ അണ്ടര്‍ഗ്രൗണ്ടിലായി. മിക്ക പ്രവര്‍ത്തകര്‍ക്കും കിഴക്കന്‍ യൂറോപ്പിലേക്ക് പ്രവാസികളായി പോകേണ്ടിവന്നു. അങ്ങനെ അന്നഹ്ദ പ്രവാസികളുടെ പ്രസ്ഥാനമായും പ്രവാസത്തിലുള്ള പ്രസ്ഥാനമായും മാറി.
 
ലണ്ടനില്‍ വെച്ചാണ് ഒരു മുഴുസമയ എഴുത്തുകാരനും പ്രഭാഷകനും എന്ന റോളിലേക്ക് ഗനൂശി മാറുന്നത്. അതിന് മുമ്പ് രാഷ്ട്രീയ പ്രവര്‍ത്തകനും സംഘാടകനും എന്ന നിലയിലുള്ള സമ്മര്‍ദങ്ങളുണ്ടായിരുന്നു. 1993-ല്‍ Public Liberties in the Islamic State എന്ന പുസ്തകം പുറത്തിറങ്ങി. സ്വാതന്ത്ര്യം, പൗരത്വം, അവകാശം, പരമാധികാരം, രാജ്യദ്രോഹം തുടങ്ങിയവയെ ഗനൂശിയുടെ പുസ്തകം സവിസ്തരം പ്രതിപാദിക്കുന്നു. ജനാധിപത്യത്തെക്കുറിച്ചുള്ള ചിന്തകളും പുസ്തകത്തിന്റെ ഭാഗമാണ്. തന്റെ രാഷ്ട്രീയ ജനാധിപത്യ പരീക്ഷണങ്ങളാണ് പുസ്തകത്തിന്റെ ഔട്ട്‌ലൈനെന്നാണ് ഗനൂശി പറയുന്നത്. ജോര്‍ദാനിലും യമനിലും കുവൈത്തിലും ലബനാനിലും മൊറോക്കോയിലും നടക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ജനാധിപത്യ ഇടപെടലുകളെ ഗനൂശി അനുഭാവ പൂര്‍വം വീക്ഷിച്ചു. എന്നാല്‍, ഇത്തരം പരീക്ഷണങ്ങളെ ഏകാധിപതികള്‍ തകര്‍ത്തെറിയുന്നത്- തുനീഷ്യ, അള്‍ജീരിയ, ഇറാഖ്, സുഡാന്‍- വലിയ പ്രശ്‌നമാക്കേണ്ടതില്ലെന്നാണ് 1996-ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കോണമിക്‌സില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ പറഞ്ഞത്. 'അവര്‍ തകര്‍ക്കാന്‍ പറ്റിയ സിദ്ധാന്തത്തിലാണുള്ളത്. അതുകൊണ്ട് തന്നെ ഏകാധിപത്യം തകര്‍ന്നുതരിപ്പണമായിക്കോളും' എന്നാണ് ഗനൂശി പറഞ്ഞത്. ഗനൂശിയുടെ റോള്‍ ചിന്തകന്‍ എന്ന നിലയിലാണോ, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലാണോ എന്ന് നിശ്ചയിക്കാന്‍ പ്രയാസമാണ്. തന്റെ പാര്‍ട്ടിയില്‍ 1995-ല്‍ നടന്ന പ്രസിഡന്റ് ഇലക്ഷനില്‍ അമ്പത്തിരണ്ട് ശതമാനം വോട്ടു നേടിയാണ് ഗനൂശി  പ്രസിഡന്റാവുന്നത്.
 
ഗനൂശിയുടെ അഞ്ചു പ്രധാന നേട്ടങ്ങള്‍ അസ്സാം തമീമിയുടെ പുസ്തകത്തില്‍ ഇങ്ങനെ സംഗ്രഹിക്കുന്നു:
 
ഒന്ന്, ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയില്‍ പൗരസമൂഹത്തിനു നല്‍കിയ പുനര്‍നിര്‍വചനം.
 
രണ്ട്, സെക്യുലറൈസേഷന്റെ പരിമിതിയെ കുറിച്ചുള്ള നിരീക്ഷണങ്ങളും പോസ്റ്റ് സെക്യുലര്‍ സിവില്‍ സൊസൈറ്റിയെക്കുറിച്ചുള്ള നിലപാടുകളും.
 
മൂന്ന്, ജനാധിപത്യവും ഇസ്‌ലാമും തമ്മിലുള്ള ബന്ധം. ഇസ്‌ലാമിനെ ഒരു ജീവിതവഴിയെന്ന നിലയില്‍ കാണുന്നതിന് ജനാധിപത്യ പ്രക്രിയക്കുള്ള പങ്ക്.
 
നാല്, സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചുമുള്ള ഇസ്‌ലാമിക കാഴ്ചപ്പാട്.
 
അഞ്ച്, നവലോകക്രമം എങ്ങനെയാണ് അറബ് പ്രദേശങ്ങളില്‍ ജനാധിപത്യം തടഞ്ഞതെന്ന വിശദീകരണം.
 
അന്വേഷണവും യാത്രയും ഇടപെടലുകളും സമ്പന്നമാക്കിയ ഗനൂശിയുടെ ജീവിതം തന്നെ വലിയൊരു പാഠപുസ്തകമാണ്. അസ്സാം തമീമിയുടെ പുസ്തകം ദീര്‍ഘകാലം ഗനൂശിയുമായുള്ള സഹവാസത്തിലൂടെ ഉണ്ടായതാണ്. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ഗനൂശിയുടെ വ്യക്തിചിത്രമാണ് ഈ വായനയിലൂടെ പരിചയപ്പെടുത്താന്‍ ശ്രമിച്ചത്. ഗനൂശിയുടെ ചിന്തകള്‍ (സെക്യുലറിസം, ജനാധിപത്യം, സിവില്‍ സൊസൈറ്റി, ഇസ്‌ലാമിക രാഷ്ട്രീയം എന്നിവയെ കുറിച്ച്) അധികം പരിചയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. വളരെ എളുപ്പത്തില്‍ അത് സാധ്യവുമല്ല. ഗനൂശിയുടെ ജീവചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് അദ്ദേഹത്തിന്റെ ബൗദ്ധിക ഇടപെടലുകള്‍ വായിക്കേണ്ടതെന്നാണ് മനസ്സിലാവുന്നത്. ലോകത്ത് ഇന്ന് നടക്കുന്ന മാറ്റങ്ങളുടെ ആദ്യ വെടി പൊട്ടിയത് തുനീഷ്യയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ഗനൂശിയെ അവഗണിക്കാന്‍ ആര്‍ക്കും സാധ്യമല്ല. സാഹസികരായ വായനക്കാര്‍ ഗനൂശിയുടെ ചിന്തകളെ അഭിമുഖീകരിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ഒരു നല്ല എഡിറ്റര്‍ പുസ്തകത്തിലെ ആശയങ്ങളുടെ ക്രമീകരണത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ കൂടുതല്‍ വായനക്ഷമമായേനെ. ഇസ്‌ലാമിക ചിന്തയിലെ പുതിയൊരു നാഴികക്കല്ലായി ഗനൂശിയുടെ ബൗദ്ധിക ജീവിതത്തെ നമുക്ക് കാണാന്‍ കഴിയേണ്ടതാണ്.
 
Rachid Ghannouchi: A Democrat within Islamism
 
- Azzam S. Tamimi
 
- Oxford University Press 2001
 
 

 
 

 
റാശിദ് ഗനൂശി പറഞ്ഞത്
 
മുഹമ്മദ് പാറക്കടവ്
 
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തുനീഷ്യയിലെ അന്നഹ്ദ പാര്‍ട്ടി നേതാവ് റാശിദ് ഗനൂശി ശാന്തപുരത്തെയും മറ്റും സന്ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി ഖത്തറിലെത്തിയപ്പോള്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംബന്ധിക്കുകയും സദസ്സുമായി വളരെ സമയം സംവദിക്കുകയും ചെയ്തിരുന്നു. ചടങ്ങിനു മുമ്പ് ടി.കെ ഇബ്‌റാഹീം സാഹിബുമായി സംസാരിക്കുന്നതും ഏറെ നേരം കുത്തിക്കുറിക്കുന്നതും കണ്ടിരുന്നു. എന്നാല്‍, പെരുന്നാളിന് അഞ്ചു ദിവസം മുമ്പ് നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് ദോഹ ഷെറട്ടോണ്‍ ലോബിയില്‍ കാണാന്‍ ചെന്നപ്പോള്‍ ഗനൂശി നല്ല തിരക്കിലായിരുന്നു. ഖത്തര്‍ അമീറിനെയും കിരീടാവകാശിയെയും അറബ് വിപ്ലവങ്ങള്‍ക്ക് ഇന്ധനം പകര്‍ന്ന ഡോ. ഖറദാവിയെയും മറ്റും കണ്ടതിന്റെ പിറ്റേന്നായിരുന്നു കൂടിക്കാഴ്ച. ലോകം മുഴുവന്‍ ശ്രദ്ധിച്ച ഒരു തെരഞ്ഞെടുപ്പില്‍ വിജയം വരിച്ച പാര്‍ട്ടിയുടെ നേതാവിന് ചുറ്റും കാമറയും നോട്ട്പാഡുമായി ചാനലുകാരുടെയും പത്രക്കാരുടെയും നിര. പോരാഞ്ഞിട്ട് വിപ്ലവനായകന് സുരക്ഷ നല്‍കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ പരിസരത്താകെ ജാഗ്രതയോടെ നിലകൊണ്ടിരുന്നു. എന്നാല്‍ ഈ ബദ്ധപ്പാടുകളൊന്നുമില്ലാത്ത ശാന്തമായ മുഖഭാവത്തിലായിരുന്നു ഗനൂശി. പരിചയപ്പെടുത്തിയ ഉടനെ ടി.കെ ഇബ്‌റാഹീം സാഹിബിന്റെയും ഡോ. അബ്ദുസ്സലാമിന്റെയും വിവരങ്ങള്‍ ആരാഞ്ഞു. രണ്ടു മൂന്നു ചോദ്യങ്ങള്‍ക്ക് അവസരം ലഭിച്ചു.
 
തുനീഷ്യ ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം തൊഴിലില്ലായ്മയാണ്. അത് പരിഹരിക്കാനുള്ള തീവ്ര ശ്രമമാണ് ഉടനെ നിലവില്‍ വരാന്‍ പോകുന്ന ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുക. കഴിഞ്ഞ ഭരണകൂടം നടത്തിയ കടുത്ത അഴിമതിയുടെ ഫലമായി രാഷ്ട്രം അഭിമുഖീകരിക്കുന്നത് കനത്ത കെടുതികളാണ്. അതിന് നിവാരണമുണ്ടാക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുക. തെരഞ്ഞെടുപ്പില്‍ നാല്‍പത്തിരണ്ട് ശതമാനം വോട്ടുകള്‍ നേടിയ അന്നഹ്ദയുടെ ജനപിന്തുണ മറ്റു കക്ഷികള്‍ അംഗീകരിക്കുന്നുണ്ട്. ഇപ്പോള്‍ നടന്നത് ഭരണഘടന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് മാത്രമാണ്. ഒരു വര്‍ഷം കഴിഞ്ഞാല്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. തുനീഷ്യയിലെ ഫലം ഈജിപ്തിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്നു ചോദിച്ചപ്പോള്‍ പരിസര രാഷ്ട്രങ്ങളിലെല്ലാം ഇതിന്റെ ശക്തമായ പ്രതിഫലനം കാണും എന്നായിരുന്നു മറുപടി. വിനോദ സഞ്ചാരം, സ്ത്രീസ്വാതന്ത്ര്യം തുടങ്ങിയ മേഖലകളില്‍ ഈ തെരഞ്ഞെടുപ്പ്ഫലം കാരണം രാഷ്ട്രം പിന്നോട്ട് പോകുമെന്ന പ്രചാരണം ചൂണ്ടിക്കാട്ടിയപ്പോള്‍ ഗനൂശി പറഞ്ഞതിങ്ങനെ: ''ഞങ്ങള്‍ ജനങ്ങളുടെ ഭക്ഷണ-വസ്ത്രധാരണ രീതികളില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയോ വ്യക്തിനിയമത്തില്‍ കൈകടത്തുകയോ ചെയ്യില്ല. രാജ്യത്ത് വനിതകളുടെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെടും.''
 
ഡോ. യൂസുഫുല്‍ ഖറദാവിയും അല്‍ജസീറ ചാനലും മാത്രമല്ല, ഖത്തര്‍ ഭരണകൂടം തന്നെയും അറബ് വിപ്ലവങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയിട്ടുണ്ട്. തുനീഷ്യ ഉള്‍പ്പെടെ അറബ് വസന്തം വിജയിച്ച എല്ലാ രാഷ്ട്രങ്ങളിലും വികസന പദ്ധതികള്‍ക്ക് വന്‍ നിക്ഷേപമിറക്കുമെന്ന് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഉറപ്പ് തന്നിട്ടുണ്ട്.
 
തെരഞ്ഞെടുപ്പ് ഫലത്തോട് പാശ്ചാത്യ ലോകത്തിന്റെ പ്രതികരണം എങ്ങനെ എന്ന ചോദ്യത്തിന്, അന്താരാഷ്ട്ര സമൂഹത്തിന്റെ പൂര്‍ണ നിരീക്ഷണത്തില്‍ നടന്ന ഇലക്ഷന്‍ ഫലത്തിനു നേരെ ആര്‍ക്കും കണ്ണടക്കാന്‍ സാധ്യമല്ലെന്നും അതിനാല്‍ അവരുടെ പ്രതികരണം യാഥാര്‍ഥ്യബോധത്തോടെ ഉള്ളതാണെന്നുമായിരുന്നു മറുപടി.
 
തുനീഷ്യന്‍ സേനയും തെരഞ്ഞെടുപ്പ് വിജയത്തില്‍ ഞങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. പഴയ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരോട് പകപോക്കല്‍ നയം സ്വീകരിക്കില്ല. എന്നാല്‍, വ്യക്തിപരമായ കുറ്റങ്ങള്‍ക്കുള്ള വിചാരണ നേരിടേണ്ടിവരും. ഭരണത്തില്‍ ഏതെങ്കിലും സ്ഥാനമോ ഇറാനിലേതുപോലെ ആത്മീയാചാര്യ പദവിയോ അലങ്കരിക്കുമോ എന്ന ചോദ്യം കേട്ട് പുഞ്ചിരിച്ച് പറഞ്ഞു: ''ഇല്ല, തെരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടിയുടെ നേതാവ് മാത്രമായിരിക്കും ഞാന്‍.''
 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati