ഇസ്‌ലാമിനുമുണ്ട് ഇവിടെ വിശാലമായ ഇടം


പി.കെ നിയാസ് പ്രബോധനം 17.12.2011
 
അറബ് ലോകം അതിന്റെ ശരിയായ പാതയിലേക്ക് ചുവടുമാറ്റം നടത്തുന്നുവെന്നതിന്റെ സൂചനകളാണ് ഈയിടെ മൂന്ന് രാജ്യങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പു ഫലങ്ങള്‍. ഏകാധിപത്യ ഭരണത്തിന്റെ ഉല്‍പന്നങ്ങളായ അഴിമതിയും സ്വജനപക്ഷപാതവും പതിറ്റാണ്ടുകളായി കണ്ടുമടുത്ത ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ പ്രതികരിക്കാന്‍ കിട്ടിയ ആദ്യ അവസരം തന്നെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് അനുകൂലമായി ഉപയോഗിച്ചുവെന്നത് അറബ് ലോകത്തെ അറിയുന്നവര്‍ക്ക് പുതുമയുള്ള വാര്‍ത്തയല്ല. പടിഞ്ഞാറിന്റെ താല്‍പര്യങ്ങള്‍ ലോകത്തിനു മുന്നില്‍ വിളമ്പാന്‍ വ്യഗ്രത കാട്ടുന്ന അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ എത്രയൊക്കെ പ്രതികൂലമായി അവതരിപ്പിച്ചിട്ടും ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനും തുനീഷ്യയിലെ അന്നഹ്ദയും മൊറോക്കോയിലെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയും ജനപിന്തുണയുള്ള പ്രസ്ഥാനങ്ങളാണെന്ന് ഒടുവില്‍ അവര്‍ക്കു തന്നെ മാറ്റിപ്പറയേണ്ടി വന്നിരിക്കുന്നു.
 
ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറിയാല്‍ സ്ത്രീകളെ ഹിജാബ് അണിയിക്കുമെന്നും മദ്യം നിരോധിക്കുമെന്നുമൊക്കെയാണ് മതേതര മൗലികവാദികളെയും പടിഞ്ഞാറന്‍ മീഡിയയെയും പിടികൂടിയ കാര്യമായ ആശങ്ക. എട്ടിലൊന്നു പേര്‍ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഈജിപ്തിലാവട്ടെ, ഇസ്‌ലാമിസ്റ്റുകളുടെ വരവ് പ്രസ്തുത മേഖലക്ക് തിരിച്ചടിയാകുമെന്നും പ്രചാരണമുണ്ടായി. ഈജിപ്തിലെ സംഗീത രംഗം സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് അനുസൃതമായി മാറേണ്ടതുണ്ടെന്ന ഒരു ഖണ്ഡിക മാത്രമാണ് ഇഖ്‌വാന്റെ രാഷ്ട്രീയ ഘടകമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി (എഫ്.ജെ.പി)യുടെ 79 പേജുകളുള്ള തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മഷിയിട്ടു തെരഞ്ഞപ്പോള്‍ സെക്യുലറിസ്റ്റുകള്‍ കണ്ടെത്തിയ ഏക ഭീഷണി! എന്നാല്‍ വോട്ടര്‍മാര്‍ കണ്ട മാനിഫെസ്റ്റോ അതല്ലെന്ന് 36.6 ശതമാനം വോട്ടു നേടിയ ഇഖ്‌വാന്റെ ആദ്യ റൗണ്ടിലെ മുന്നേറ്റങ്ങള്‍ സൂചിപ്പിക്കുന്നു. തീവ്രനിലപാടുകാരായ സലഫികളുടെ അല്‍ നൂറിന് പ്രതീക്ഷിച്ചതിനേക്കാള്‍ വോട്ട് (24.4 ശതമാനം) ലഭിച്ചപ്പോള്‍ ഇടതുപക്ഷത്തിനും സെക്യുലറിസ്റ്റുകള്‍ക്കും കിട്ടിയത് വന്‍ തിരിച്ചടി. ആണവോര്‍ജ കമീഷന്‍ മുന്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ ബറാദഗിയുടെ ഈജിപ്ഷ്യന്‍ ബ്ലോക്കിന് വെറും 13.4 ശതമാനം വോട്ടാണ് കിട്ടിയത്. ഒന്നാം ഘട്ടത്തിലെ 168 സീറ്റുകളില്‍ 120 സീറ്റുകളും ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികള്‍ നേടുമെന്നാണ് അല്‍ അഹ്‌റാം പത്രം പറയുന്നത്.
 
എണ്‍പത്തിമൂന്നു കൊല്ലത്തെ തീക്ഷ്ണമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇഖ്‌വാന്‍ മുസ്‌ലിമൂന് മേധാവിത്വമുള്ള ഒരു ഗവണ്‍മെന്റ് ഈജിപ്തില്‍ നിലവില്‍ വരാന്‍ പോകുന്നു. മര്‍ദക ഭരണകൂടങ്ങള്‍ക്കെതിരെ പോരാടി എത്രയോ രക്തസാക്ഷികള്‍ക്ക് ജന്മം നല്‍കിയ ശേഷമാണ് ഇസ്‌ലാമിസ്റ്റുകള്‍ രാജ്യത്തിന്റെ കടിഞ്ഞാണേന്തുന്നത്. ജമാല്‍ അബ്ദുന്നാസറിന്റെയും ഹുസ്‌നി മുബാറക്കിന്റെയും ജയിലറകളില്‍ പീഡനം അനുഭവിച്ചവരാണ് ഇഖ്‌വാന്റെ ഇപ്പോഴത്തെ പരമോന്നത നേതാവ് ഡോ. മുഹമ്മദ് ബദീഉം മറ്റൊരു പ്രമുഖന്‍ ഡോ. ഇസാം അല്‍ അര്‍യാനും ഉള്‍പ്പെടെയുള്ളവര്‍. 1952-ല്‍ രാജഭരണം തൂത്തെറിയാന്‍ ബാരക്കുകളില്‍നിന്ന് പുറത്തിറങ്ങിയതു മുതല്‍ ഈജിപ്ഷ്യന്‍ ഭരണക്രമത്തിന്റെ ഭാഗമാവുകയായിരുന്നു പട്ടാളം. ജമാല്‍ അബ്ദുന്നാസര്‍ മുതല്‍ ഹുസ്‌നി മുബാറക്ക് വരെയുള്ളവര്‍ പട്ടാള ബൂട്ടണിഞ്ഞവരും. ചരിത്രത്തിലാദ്യമായാണ് സമ്പൂര്‍ണ ജനാധിപത്യത്തിലേക്ക് രാജ്യം പരിവര്‍ത്തിക്കപ്പെടുന്നത്. മുബാറക്ക് പുറത്തായിട്ടും കഴിഞ്ഞ പത്തു മാസമായി രാജ്യത്ത് പിടിമുറുക്കാന്‍ സൈനിക മേധാവികള്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരായ ജനവികാരമാണ് ഒന്നാം ഘട്ടത്തില്‍ തന്നെ ദൃശ്യമായ റെക്കോര്‍ഡ് പോളിംഗ് ശതമാനം.
 
തുനീഷ്യയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ മാത്രമല്ല, വോട്ടെണ്ണി അന്നഹ്ദ ഭരണത്തിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമായപ്പോഴും എ.എഫ്.പിയും റോയിട്ടേഴ്‌സും എ.പിയും  ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ 'മതേതരവാദികളുടെ ആശങ്കകള്‍'വാര്‍ത്തകളിലൂടെയും ഫോട്ടോകളിലൂടെയും പ്രചരിപ്പിക്കാന്‍ മത്സരിക്കുകകയായിരുന്നു. സെക്യുലറിസ്റ്റുകളുടെ അന്നഹ്ദ വിരുദ്ധ റാലികളുടെ ചിത്രങ്ങളില്ലാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. സ്ത്രീകളുടെ തലമറപ്പിക്കാനാണ് അന്നഹ്ദക്കാര്‍ തുനീഷ്യയുടെ ഭരണരഥത്തിലേറിയത് എന്ന തരത്തിലാണ് പ്രചാരണമുണ്ടായത്. എന്നാല്‍ റാശിദൂല്‍ ഗനൂശിയുടെ അഭിമുഖങ്ങള്‍ പുറത്തുവന്നതോടെ ഇവര്‍ ഇളിഭ്യരായി.
 
മൊറോക്കോയില്‍ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (പി.ജെ.ഡി) സ്വയം തന്നെ ഇസ്‌ലാമിസ്റ്റുകള്‍ എന്നവകാശപ്പെടുന്നില്ല. ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള നയങ്ങള്‍ പിന്തുടരുന്ന രാഷ്ട്രീയ പാര്‍ട്ടിയെന്നാണ് തെരഞ്ഞെടുപ്പിനു മുമ്പു തന്നെ നേതൃത്വം വ്യക്തമാക്കിയത്. ഇഖ്‌വാനില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ആരംഭിച്ച പാര്‍ട്ടി 1998 മുതല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. പേരിലും സാമ്യമുള്ള തുര്‍ക്കിയിലെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ പാര്‍ട്ടി) യെയാണ് ഭരണത്തില്‍ മാതൃകയാക്കുന്നതെന്ന് പി.ജെ.ഡി നേതാവും പ്രധാനമന്ത്രിയുമായ അബ്ദുല്‍ ഇലാഹ് ബിന്‍കീറാന്‍ പ്രഖ്യാപിക്കുകയുണ്ടായി. ഭരണ തലത്തില്‍ മൂന്നു വിഷയങ്ങളിലാണ് മുഖ്യമായും പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സമൂല പരിവര്‍ത്തനം, പൊതുജീവിതത്തിലെ അഴിമതി തുടച്ചുനീക്കല്‍, തൊഴിലില്ലാത്ത ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കല്‍ എന്നിവക്കാണ് പ്രാധാന്യം നല്‍കുക. മൊറോക്കോയിലെ യുവജനങ്ങളില്‍ മൂന്നിലൊന്ന് തൊഴില്‍രഹിതരാണ്. മൂന്നേകാല്‍ കോടിയിലേറെ വരുന്ന ജനസംഖ്യയില്‍  നാലിലൊന്ന് കടുത്ത ദാരിദ്ര്യത്തിലും. പടിഞ്ഞാറുമായുള്ള രാജ്യത്തിന്റെ സഖ്യം തുടരുമെന്നും പ്രധാനമന്ത്രി  വ്യക്തമാക്കിയിരിക്കുന്നു. പി.ജെ.ഡിക്ക് നേരത്തെ ജനപിന്തുണ ഉണ്ടായിരുന്നുവെന്നും ഇത്തവണ അത് കൂടുതല്‍ വ്യാപകമായെന്നുമാണ് മൊറോക്കോ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ പ്രഫസര്‍ മുഹമ്മദ് തോസിയെ ഉദ്ധരിച്ച് ടൈം വാരിക പറയുന്നത്. ഇസ്‌ലാമിനും ആധുനികതക്കും ഒരുമിച്ചുപോകാന്‍ കഴിയുമെന്ന് തുര്‍ക്കിയിലെ എ.കെ പാര്‍ട്ടി തെളിയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2002-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 42 സീറ്റിലും 2007-ല്‍ 46 സീറ്റിലും ജയിച്ച പി.ജെ.ഡി ഇത്തവണ 107 സീറ്റുകളോടെ രണ്ടാം സ്ഥാനത്തുള്ള പാര്‍ട്ടിയെക്കാള്‍ രണ്ടിരട്ടി വോട്ടുകളുമായി കുതിച്ചുചാട്ടമാണ് നടത്തിയത്. 2008-ല്‍ അമേരിക്കയിലെ കാര്‍ണഗി എന്‍ഡോവ്‌മെന്റ് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം പി.ജെ.ഡിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നും അണികള്‍ക്കിടയില്‍ വല്ലാത്ത അതൃപ്തിയുണ്ടെന്നുമൊക്കെയാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍, അതൊക്കെ ഭാവനാവിലാസങ്ങളാണെന്ന് പാര്‍ട്ടി തെളിയിച്ചു.
 
സെക്യുലറിസ്റ്റുകളും ഇസ്‌ലാം ഭീതി പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും പ്രവചിക്കുന്നതു പോലെ മതാഭിമുഖ്യമില്ലാത്തവരല്ല ഈജിപ്തിലെയും ഇതര അറബ് രാജ്യങ്ങളുടെയും ഭാഗധേയം നിര്‍ണയിക്കുന്നത്. തുര്‍ക്കിയിലേതു പോലെ മതേതരവാദികളും ഇസ്‌ലാമിക പാര്‍ട്ടികള്‍ക്ക് വോട്ടു നല്‍കിയിട്ടുണ്ട്. തുനീഷ്യയിലും മൊറോക്കോയിലും ഈജിപ്തിലും മാത്രമല്ല, അഞ്ചു വര്‍ഷം മുമ്പ് ഹമാസ് വിജയക്കുതിപ്പ് നടത്തിയ ഫലസ്ത്വീനിലും ജനകീയ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇസ്‌ലാമിസ്റ്റുകള്‍ വോട്ടു തേടിയത്. ഇസ്‌ലാമിക രാഷ്ട്രീയമെന്നത് ചില ചിഹ്നങ്ങളില്‍ ഒതുങ്ങുന്നതല്ലെന്ന് അവര്‍ വോട്ടര്‍മാരെ ബോധ്യപ്പെടുത്തി. എല്ലായിടങ്ങളിലും നിലവിലെ ഭരണകൂടങ്ങളുടെ അഴിമതിയാണ് മാറ്റത്തിനുള്ള വോട്ടിന് ജനങ്ങളെ പ്രേരിപ്പിച്ചത്. മുമ്പ് ഭരണത്തിലേറിയ പരിചയമില്ലെങ്കിലും (ഏകാധിപതികള്‍ അതിന് അവസരം നല്‍കിയില്ലെന്ന് പറയുന്നതാണ് ശരി) ഇസ്‌ലാമിസ്റ്റുകളുടെ ട്രാക്ക് റെക്കോര്‍ഡ് വോട്ടര്‍മാരുടെ മുന്നിലുണ്ടായിരുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ സജീവ പങ്കാളിത്തം, അടിസ്ഥാന ജനവിഭാഗങ്ങളുടെയും ദുരിതമനുഭവിക്കുന്നവരുടെയും പ്രയാസങ്ങള്‍ പരിഹരിക്കല്‍, സര്‍ക്കാര്‍ എത്തിനോക്കാത്ത മേഖലകളിലെ ഇടപെടലുകള്‍, അഴിമതിരഹിതവും സുതാര്യവുമായ സംഘടനാ സംവിധാനം തുടങ്ങി മറ്റു പാര്‍ട്ടികളില്‍നിന്ന് വ്യതിരിക്തമായ പ്രവര്‍ത്തനങ്ങളാണ് അവര്‍ക്ക് സ്വീകാര്യത നല്‍കിയത്.
 
ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന വിപ്ലവങ്ങളെയും ഇസ്‌ലാമിസ്റ്റുകളുടെ മുന്നേറ്റത്തെയും ഭീതിയോടെ അവതരിപ്പിക്കുന്ന പ്രവണത എഴുപതുകളുടെ ഒടുവില്‍ ഇറാന്‍ വിപ്ലവാനന്തരം ആരംഭിച്ച പ്രതിഭാസമാണ്. അതിന് ചുക്കാന്‍ പിടിച്ചത് അമേരിക്കയും യു.എസ് അനുകൂല മാധ്യമങ്ങളുമാണ്. ഇറാനെ തകര്‍ക്കാന്‍ മാറി മാറി വന്ന അമേരിക്കന്‍ ഭരണകൂടങ്ങള്‍ മൂന്നു പതിറ്റാണ്ടിലേറെയായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വന്നേക്കുമെന്ന ആശങ്ക കാരണം ഏകാധിപതികള്‍ നിറഞ്ഞുനില്‍ക്കുന്ന അറബ് ലോകത്തിന് പുറത്തു മതി ജനാധിപത്യമെന്ന നിലപാടാണ് അവര്‍ കൈക്കൊണ്ടത്. തുനീഷ്യയില്‍ ബിന്‍ അലിയുടെയും ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിന്റെയും സ്വേഛാധിപത്യത്തിനൊപ്പമായിരുന്നു അമേരിക്ക. ഏകകക്ഷി ഭരണം കൊണ്ട് പൊറുതിമുട്ടിയ അല്‍ജീരിയയില്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി രംഗത്തുവന്ന ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിനെ (എഫ്.ഐ.എസ്) ഭീകരരാക്കി അടിച്ചമര്‍ത്താന്‍ നിര്‍ദേശം നല്‍കിയതും അമേരിക്ക തന്നെ. 1990-ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ടുകളോടെ കുതിച്ചുചാട്ടം നടത്തിയ എഫ്.ഐ.എസ് 1991-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ 231-ല്‍ 188 സീറ്റുകളും ജയിച്ചടക്കി അധികാരത്തിലേക്ക് നീങ്ങുമ്പോഴായിരുന്നു സൈന്യം രംഗത്തുവരുന്നതും ഇലക്ഷന്‍ റദ്ദാക്കി നേതാക്കളെ ജയിലിലടക്കുന്നതും. പതിനായിരങ്ങളുടെ ജീവന്‍ ബലികൊടുക്കേണ്ടി വന്ന വന്‍ ദുരന്തത്തിനാണ് ഇത് വഴിവെച്ചത്. 2006-ല്‍ ഫലസ്ത്വീനില്‍ നടന്ന തെരഞ്ഞെടുപ്പിലും അമേരിക്കയുടെ വൃത്തികെട്ട കളി തുടര്‍ന്നു. ഹമാസ് വിജയിച്ചപ്പോള്‍ ഭരിക്കാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഫത്ഹുമായി ചേര്‍ന്ന് ഹമാസ് രൂപവത്കരിച്ച് ഐക്യസര്‍ക്കാര്‍ പൊളിക്കാന്‍ എല്ലാ ചതിപ്രയോഗങ്ങളും നടത്തി. ഒടുവില്‍ ആഭ്യന്തര കലാപങ്ങളില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെടുന്നതിലും ഗസ്സയിലും വെസ്റ്റ്ബാങ്കിലും രണ്ട് സര്‍ക്കാറുകള്‍ ഉണ്ടാകുന്നതിലുമാണ് ഇത് കലാശിച്ചത്. ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് ഈജിപ്തില്‍ ഹുസ്‌നി മുബാറക് നടത്തിവന്ന ഇലക്ഷന്‍ നാടകങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കാനും അമേരിക്കക്ക് മടിയുണ്ടായില്ല.
 
അറബ് ലോകത്ത് ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തി പ്രാപിച്ചപ്പോള്‍ അതിനെ പിന്തുണക്കുന്ന സമീപനമായിരുന്നില്ല അമേരിക്കയുടേത്. ബിന്‍ അലി രാജ്യം വിട്ടോടുകയും മുബാറക് ഭരണകൂടം നിലംപതിക്കുകയും ചെയ്തപ്പോള്‍ ഗത്യന്തരമില്ലാതെ കളംമാറിച്ചവിട്ടി. ഹമാസിന്റെ മാതൃപ്രസ്ഥാനമെന്ന് മുദ്രകുത്തി ഇഖ്‌വാനെ ഒറ്റപ്പെടുത്താന്‍ സര്‍വ ശ്രമവും നടത്തിയ അമേരിക്ക, ഇലക്ഷനു മുമ്പ് ഇഖ്‌വാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എഫ്.ജെ.പി നേതൃത്വവുമായി ഉന്നത തല ചര്‍ച്ചകള്‍ നടത്താന്‍ നിര്‍ബന്ധിതരായി. യു.എസ് ദേശീയ സുരക്ഷാ വിഭാഗത്തിന്റെ ഈജിപ്ത് ഡെസ്‌കിന്റെ ഡയറക്ടര്‍ പ്രേം. ജി കുമാറും എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ആമി ഡി സ്റ്റെഫാനോയും കൈറോയിലെ പാര്‍ട്ടി ആസ്ഥാനത്ത് നേരിട്ടുവന്നാണ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് സഅദ് കതാത്തീനിയുമായി  ചര്‍ച്ചകള്‍ നടത്തിയത്. അറബ് നാടുകളിലെ ഏകാധിപതികളെ പിന്തുണക്കുന്നത്, അറബ് ഇസ്രയേലി പ്രശ്‌നത്തിലെ പക്ഷപാതപരമായ സമീപനം തുടങ്ങി അമേരിക്ക നടത്തിവരുന്ന മോശമായ രാഷ്ട്രീയക്കളികളെക്കുറിച്ച് ഇഖ്‌വാന്‍ നേതാവ് വിശദമായി തന്നെ അവരെ ധരിപ്പിച്ചു. ഇഖ്‌വാന്‍ നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റ് നിലവില്‍ വന്നാല്‍ സഹകരിക്കുമോയെന്ന ചോദ്യത്തിന് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന, ജനാധിപത്യാടിസ്ഥാനത്തിലുള്ള ഭരണകൂടവുമായി സഹകരിക്കുമെന്നായിരുന്നു യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ ഈജിപ്തിലെ അല്‍ ഹയാത് ടി.വിയോട് പ്രതികരിച്ചത്.
 
പൊളിറ്റിക്കല്‍ ഇസ്‌ലാമെന്ന് പേരിട്ട് ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് വിജയങ്ങളെ അവഗണിക്കുന്ന സമീപനം ശരിയല്ലെന്ന് പടിഞ്ഞാറന്‍ ബുദ്ധിജീവികള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഇക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നു. ഹമാസിന്റെ വിജയത്തെ അംഗീകരിക്കാന്‍ മടികാട്ടാതിരുന്ന കാര്‍ട്ടര്‍ അവരുമായി ചര്‍ച്ചകള്‍ക്ക് തയാറാവാനാണ് പടിഞ്ഞാറന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഈജിപ്തില്‍ മുബാറക്ക് ഭരണത്തിനൊടുവില്‍ നടന്ന അഴിമതി നിറഞ്ഞ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യാനും അദ്ദേഹം തയാറായി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ശരിയാംവിധം നടത്താതിരിക്കാന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായെങ്കിലും പൊതുവെ സ്വതന്ത്രമായിരുന്നുവെന്ന് കാര്‍ട്ടറുടെ നേതൃത്വത്തിലുള്ള നിരീക്ഷക സംഘം വ്യക്തമാക്കുകയുണ്ടായി. അറബ് ലോകത്ത് അധികാരത്തിലേറുന്ന ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികളുമായി സഹകരിക്കുകയാണ് പടിഞ്ഞാറ് ചെയ്യേണ്ടതെന്ന് ഈയിടെ ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസുമായുള്ള അഭിമുഖത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഹമദ് ബന്‍ ജാസിം ബിന്‍ ജബര്‍ അല്‍ഥാനി ഉപദേശിക്കുകയുണ്ടായി. മിതവാദികളായ ഇസ്‌ലാമിസ്റ്റുകളുമായുള്ള സഹകരണം തീവ്രനിലപാടുകാരെ ഒറ്റപ്പെടുത്താന്‍ സഹായകമാവുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അല്‍ ജസീറ ചാനലിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ വദാഹ് ഖന്‍ഫര്‍ ലണ്ടനിലെ ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലും അറബ് ലോകത്തെ ഇസ്‌ലാമിസ്റ്റ് സര്‍ക്കാറുകളുമായി സഹകരിക്കേണ്ടതിന്റെ ആവശ്യകത പടിഞ്ഞാറന്‍ രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നു.
 
അതേസമയം, തുനീഷ്യയിലെയും മൊറോക്കോയിലെയും ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന തുര്‍ക്കി മോഡല്‍ ഈജിപ്തിലെ ഇഖ്‌വാനും എഫ്.ജെ.പിയും നിരാകരിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങള്‍ക്ക് സെക്യുലര്‍ ഭരണഘടന ഉണ്ടാകണമെന്ന് ഈയിടെ  ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിനിടെ തുര്‍ക്കി പ്രധാനമന്ത്രി ഉര്‍ദുഗാന്‍ നടത്തിയ പ്രസ്താവനയെ അതിശക്തമായാണ് ഇഖ്‌വാന്‍ വിമര്‍ശിച്ചത്. “സെക്യുലറിസത്തില്‍നിന്ന് പൂര്‍ണമായും അടര്‍ത്തിമാറ്റാവുന്ന സ്ഥിതിവിശേഷമല്ല തുര്‍ക്കിയിലേത് എന്നത് ശരിയാവാം. അത് മറ്റു രാജ്യങ്ങളുടെമേലും കെട്ടിയേല്‍പിക്കാന്‍ ശ്രമിക്കരുത്,” ഇഖ്‌വാന്‍ വക്താവ് ഡോ. മഹ്മൂദ് ഗുസ്‌ലാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. യൂറോപ്പിന്റെ ഭാഗമായ തുര്‍ക്കിയുടെ അനുഭവം മുന്നില്‍വെച്ചുള്ള പ്രസ്താവനയാണ് ഉര്‍ദുഗാന്‍ നടത്തിയത്. ഈജിപ്തിലെ ജനവികാരം തികച്ചും വ്യത്യസ്തമാണ്. തുനീഷ്യയില്‍നിന്നും മൊറോക്കോയില്‍നിന്നു പോലും വിഭിന്നം. ജനഹിതം ഉള്‍ക്കൊണ്ടും എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തും ഭരിച്ചില്ലെങ്കില്‍ ഇസ്‌ലാമിസ്റ്റുകള്‍ക്കും അടിതെറ്റും. ഉദാഹരണത്തിന്, ഈജിപ്ഷ്യന്‍ ജനസംഖ്യയില്‍ പത്തു ശതമാനം വരുന്ന കോപ്റ്റിക് ക്രിസ്ത്യാനികളില്‍നിന്ന് പ്രത്യേക നികുതി ഈടാക്കുക തുടങ്ങിയ നിലപാടുകള്‍ സ്വീകരിക്കുന്ന സലഫികളുമായി ചേര്‍ന്ന് ദേശീയ സര്‍ക്കാര്‍ ഉണ്ടാക്കുന്നത് ഇഖ്‌വാന് വലിയ തലവേദനയാകും. ഇസ്രയേലുമായുള്ള സമാധാനക്കരാര്‍ സംബന്ധിച്ച് തല്‍ക്കാലം മൗനം പാലിക്കുകയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനുള്ള നീക്കങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുകയെന്നതാണ് എഫ്.ജെ.പിയുടെ പ്രഖ്യാപിത നയം. അശാന്തിയെത്തുടര്‍ന്ന് ടൂറിസം, കയറ്റുമതി മേഖലകളിലുണ്ടായ തളര്‍ച്ച കാരണം 2011 ആരംഭത്തിലുണ്ടായിരുന്ന 3600 കോടി ഡോളറിന്റെ വിദേശ കരുതല്‍ നിക്ഷേപം ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ 2210 ഡോളറായി കുറഞ്ഞിട്ടുണ്ട്. ഈജിപ്ഷ്യന്‍ പൗണ്ടും മൂല്യശോഷണ ഭീഷണിയിലാണ്.
 
പടിഞ്ഞാറന്‍ സെക്യൂലറിസത്തിന് അറബ് മണ്ണില്‍ വേരുകളില്ല എന്ന വ്യക്തമായ സന്ദേശമാണ് ഏകാധിപതികള്‍ നിഷ്‌കാസനം ചെയ്യപ്പെട്ട മേഖലയിലെ വിവിധ രാജ്യങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന സൂചന. തെരഞ്ഞെടുപ്പിന് കാത്തിരിക്കുന്ന പുതിയ ലിബിയയും ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ട സിറിയയും യമനുമെല്ലാം പ്രസരിപ്പിക്കുന്നതും ഇതേ സന്ദേശം തന്നെയാണ്, ജനായത്ത ഭരണക്രമത്തില്‍ ഇസ്‌ലാമിനും വിശാലമായ ഇടമുണ്ടെന്ന സന്ദേശം.
 
niazabdullah@gmail.com
 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

തുനീഷ്യ അവസാനമല്ല


Published on Mon, 01/17/2011 

തുനീഷ്യ അവസാനമല്ല
പി.കെ. നിയാസ്
ജനകീയ പ്രക്ഷോഭങ്ങള്‍ക്കു മുന്നില്‍ ഒരു ഏകാധിപതിക്കും നിലനില്‍പില്ലെന്ന ചരിത്രത്തിന്റെ ആവര്‍ത്തനമാണ് ഉത്തരാഫ്രിക്കന്‍ രാജ്യമായ തുനീഷ്യയില്‍ കഴിഞ്ഞ ദിവസം കണ്ടത്. ഇരുപത്തിമൂന്നു വര്‍ഷമായി രാജ്യത്തെ തറവാടുസ്വത്താക്കി ഭരണം നടത്തിയ സൈനുല്‍ ആബിദീന്‍ ബിന്‍ അലി ജനരോഷം ഭയന്ന് നാടുവിട്ട് സൗദി അറേബ്യയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. 1979 ലെ ഇറാന്‍ വിപ്ലവത്തിനുശേഷം ആദ്യമായാണ് ജനകീയ പ്രക്ഷോഭത്തിലൂടെ ഒരു മുസ്‌ലിംരാജ്യം ഏകാധിപതിയെ പുറന്തള്ളുന്നത്. ഒരു അറബ് രാജ്യത്താവട്ടെ, അപൂര്‍വമാണ് ഇത്തരമൊരു സംഭവം. ബിന്‍ അലിയും പത്‌നിയും ഭാഗ്യം കൊണ്ടാണ് ജനരോഷത്തില്‍നിന്ന് രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കില്‍ റുമേനിയയിലെ ചെഷസ്‌ക്യൂ ദമ്പതികളുടെയോ അഫ്ഗാനിസ്താനിലെ നജീബുല്ലയുടെയോ ഗതി ഇവര്‍ക്കും വരുമായിരുന്നു.
 പ്രക്ഷോഭത്തിന്റെ നാള്‍വഴി
തലസ്ഥാനമായ തൂനിസില്‍നിന്ന് 165 മൈല്‍ അകലെ സിദി ബൗസ് നഗരത്തില്‍ ഉന്തുവണ്ടിയില്‍ കച്ചവടം നടത്തി ഉപജീവനം തേടുന്ന മുഹമ്മദ് ബൂ അസീസി എന്ന ഇരുപത്താറുകാരന്റെ വണ്ടി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഡിസംബര്‍ 19ന് അധികൃതര്‍ പിടിച്ചെടുക്കുന്നതോടെയാണ് തുനീഷ്യയെ മാത്രമല്ല, അറബ്‌ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ സംഭവങ്ങളുടെ തുടക്കം. സര്‍വകലാശാല ബിരുദമുണ്ടായിട്ടും ജോലി ലഭിക്കാത്തതിനാല്‍ ഉന്തുവണ്ടിയില്‍ പഴവും പച്ചക്കറികളും വിറ്റ് ജീവിച്ചുവരുകയായിരുന്നു മുഹമ്മദ്. എന്നാല്‍, ലൈസന്‍സില്ലാതെ കച്ചവടം ചെയ്‌തെന്നാരോപിച്ച് സാധനങ്ങള്‍ കണ്ടുകെട്ടിയപ്പോള്‍ മനോവിഷമത്താല്‍ മുഹമ്മദ് ദേഹത്ത് തീകൊളുത്തി ആത്മാഹുതിക്ക് ശ്രമിച്ചു. ഇതോടെ ജനം ഇളകിവശായി. എന്നാല്‍, പട്ടാളത്തെ ഇറക്കി പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിച്ചത്. നാലു ദിവസത്തിനുശേഷം മറ്റൊരു ദാരുണസംഭവത്തിനു കൂടി സിദി ബൗസ് സാക്ഷ്യം വഹിച്ചു. ഹുസൈന്‍ നാജി ഫല്‍ഹി എന്ന ചെറുപ്പക്കാരന്‍ മുപ്പതിനായിരം മെഗാവാട്ട് വൈദ്യുതി പ്രവഹിക്കുന്ന കമ്പികള്‍ ദേഹത്ത് ചേര്‍ത്തുവെച്ച് ആത്മഹത്യ ചെയ്തു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഹമ്മദ് ജനുവരി ആദ്യവാരം അന്ത്യശ്വാസം വലിക്കുക കൂടി ചെയ്തതോടെ പ്രക്ഷോഭം ശക്തിപ്പെടുകയായിരുന്നു. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നിഗൂഢശക്തികളാണ് പ്രക്ഷോഭത്തിനു പിന്നിലെന്നാണ് ഭരണകൂടം പ്രചരിപ്പിച്ചത്. സിദി ബൗസിദ് നഗരത്തിന് 15 മില്യന്‍ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രക്ഷോഭം തണുപ്പിക്കാന്‍ ബിന്‍ അലി ശ്രമിച്ചെങ്കിലും ജനരോഷം വളരെ പെട്ടെന്ന് തലസ്ഥാനമായ തൂനിസിലേക്കും വ്യാപിക്കുകയായിരുന്നു.
പ്രക്ഷോഭം അടിച്ചമര്‍ത്താനായിരുന്നു ബിന്‍ അലിയുടെ ആദ്യ ഉത്തരവ്. കിട്ടിയ അവസരം മുതലെടുത്ത് സൈനികര്‍ ജനങ്ങളെ വെടിവെച്ചുകൊന്നു. അറുപതു പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. സര്‍ക്കാറിനെ പിരിച്ചുവിട്ടു, ആറുമാസത്തിനകം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്താമെന്നും 2014ലെ പ്രസിഡന്റ് ഇലക്ഷനില്‍ താന്‍ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചും ജനരോഷം തണുപ്പിക്കാമെന്ന ബിന്‍ അലിയുടെ നീക്കവും ഫലം കണ്ടില്ല. തന്റെ രാജിയാണ് ജനങ്ങള്‍ക്ക് ആവശ്യമെന്ന് വൈകിയാണെങ്കിലും ബോധ്യപ്പെട്ടപ്പോഴാണ് രാജ്യം വിടാന്‍ ഈ ഏകാധിപതി തീരുമാനിക്കുന്നത്. പ്രധാനമന്ത്രി മുഹമ്മദ് ഗനൂശിയെ ആക്ടിങ് പ്രസിഡന്റായി ജനങ്ങള്‍ മാത്രമല്ല, രാജ്യത്തെ പരമോന്നത കോടതിയും അംഗീകരിച്ചില്ല. കോടതി ഉത്തരവിനെ തുടര്‍ന്ന് ആക്ടിങ് പ്രസിഡന്റായി സ്ഥാനമേറ്റ സ്‌പീക്കര്‍ ഫുആദ് മെബാസ 60 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യകക്ഷി സര്‍ക്കാര്‍ രൂപവത്കരണത്തിന് പ്രതിപക്ഷം സന്നദ്ധത പ്രകടിപ്പിച്ചതിനാല്‍ ക്രമസമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ബിന്‍ അലി ഭരണത്തിലെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ജനങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാക്കിയിരുന്നെങ്കിലും പ്രക്ഷോഭമായി രൂപപ്പെട്ടിരുന്നില്ല. തൊഴിലില്ലായ്മ 13 ശതമാനമാണെന്നാണ് ഔദ്യോഗികകണക്കെങ്കിലും യാഥാര്‍ഥ്യം ഇതിലുമപ്പുറത്താണ്. സിദി ബൗസിദില്‍ മാത്രം 25 ശതമാനം ബിരുദധാരികളും 44 ശതമാനം ബിരുദധാരിണികളും തൊഴില്‍രഹിതരാണ്. ഭരണകൂട ഭീകരതക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയ ഇസ്‌ലാമിസ്റ്റുകളും  മനുഷ്യാവകാശപ്രവര്‍ത്തകരും ഏറെക്കാലമായി ജയിലുകളിലാണ്. അന്നഹ്ദ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന റാശിദ് ഗനൂശിയെപ്പോലുള്ള നേതാക്കള്‍ വിവിധ രാജ്യങ്ങളിലായി പ്രവാസികളായും കഴിയുന്നു. ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതുകൊണ്ടു മാത്രം അമേരിക്കയുടെയും ഫ്രാന്‍സിന്റെയും മറ്റും പിന്തുണ ബിന്‍ അലി നേടിയെടുത്തിരുന്നു. എന്നാല്‍, ഫ്രാന്‍സില്‍ അഭയം കിട്ടുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ബിന്‍അലിയെ സ്വീകരിക്കാന്‍ സാര്‍കോസി കൂട്ടാക്കിയില്ലെന്നത് അറബ് ഏകാധിപതികള്‍ക്കൊക്കെ പാഠമാണ്. ഡിസംബര്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് ബിന്‍ അലിയെ സംരക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്ന് വ്യക്തമാക്കി തൂനിസിലെ അമേരിക്കന്‍ അംബാസഡര്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ച സന്ദേശം വിക്കിലീക്‌സും പുറത്തുവിടുകയുണ്ടായി. അഴിമതിയും ജനവിരുദ്ധ നിലപാടുകളും പ്രായാധിക്യവുമാണ് ബിന്‍ അലിയുടെ പ്രതികൂല ഘടകങ്ങളായി സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
ബിന്‍ അലിയുടെ രണ്ടാം ഭാര്യ ലൈലയാണ് അഴിമതി ഭരണകൂടത്തിലെ നെടുംതൂണായി വര്‍ത്തിച്ചത്. ഒരു ബ്യൂട്ടീഷ്യന്‍ മാത്രമായിരു ലൈല തുനീഷ്യയിലെ ഇമല്‍ഡ മാര്‍ക്കോസ് ആയാണ് അറിയപ്പെടുന്നത്. ഫിലിപ്പൈന്‍സിലെ മുന്‍ പ്രഥമ വനിതയായിരുന്ന  ഇമല്‍ഡക്ക് ആഡംബര ചെരിപ്പുകളോടും ഷൂകളോടുമായിരുന്നു പ്രിയമെങ്കില്‍ വില്ലകളും ഷോപ്പിങ്മാളുകളും പരമാവധി സ്വന്തം പേരിലാക്കുന്നതിലായിരുന്നു ലൈലക്ക് താല്‍പര്യം. അതിനനുസരിച്ച് അവരുടെ ബാങ്ക് ബാലന്‍സിലും അഭൂതപൂര്‍വമായ വര്‍ധനവുണ്ടായി. അറബ് രാജ്യങ്ങളിലെ വനിതകളുടെ ഉയര്‍ച്ചക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന അറബ് വിമന്‍സ് ഓര്‍ഗനൈസേഷന്‍ അധ്യക്ഷയെന്ന നിലയില്‍ ഏറ്റവും സ്വാധീനമുള്ള 50 അറബ് പ്രമുഖരുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ച ലൈല ദുബൈയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.  
 ഒടുവില്‍ മോചനം
1956ല്‍ ഫ്രാന്‍സില്‍നിന്ന് സ്വാതന്ത്ര്യം നേടിയതു മുതല്‍ ഏകാധിപത്യ ഭരണത്തില്‍ കഴിയേണ്ടിവന്ന അറബ്‌രാജ്യമാണ് തുനീഷ്യ. സ്വാതന്ത്ര്യാനന്തരം രാജഭരണത്തിലേക്ക് നീങ്ങിയ രാജ്യത്തെ ഒരു വര്‍ഷത്തിനകം റിപ്പബ്ലിക്കായി പരിവര്‍ത്തിപ്പിച്ച് ദേശീയവാദിയും സെക്യുലറിസ്റ്റുമായ ഹബീബ് ബുര്‍ഖീബ രംഗത്തുവന്നതോടെ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും മുപ്പതു വര്‍ഷം അദ്ദേഹത്തിന്റെ ഉരുക്കുമുഷ്ടിക്കു കീഴില്‍ കഴിയാനായിരുന്നു ജനത്തിനു വിധി. 1987 ല്‍ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട സൈനുല്‍ആബിദിന്‍ ബിന്‍ അലി മാസങ്ങള്‍ക്കകം ബുര്‍ഖീബയുടെ ഭരണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് പ്രസിഡന്റായി സ്ഥാനമേല്‍ക്കുകയായിരുന്നു. ഇലക്ഷനെന്ന പേരില്‍ നടത്തുന്ന നാടകത്തിലൂടെയാണ് ബിന്‍ അലി അധികാരം നിലനിര്‍ത്തിപ്പോന്നത്. 1994ല്‍ പ്രസിഡന്റ്‌സ്ഥാനത്തേക്ക് മത്സരിക്കാന്‍ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫലം വന്നപ്പോള്‍ 100 ശതമാനം വോട്ടും ബിന്‍അലിക്ക്! 1999ല്‍ വിജയശതമാനം 99.4 ആയി ചുരുക്കാനുള്ള മഹാമനസ്‌കത പ്രകടിപ്പിച്ചു. ഏറ്റവുമൊടുവില്‍ 2009 ഒക്‌ടോബറിലാണ് കോണ്‍സ്റ്റിറ്റിയൂഷനല്‍ ഡെമോക്രാറ്റിക് റാലി (ആര്‍.സി.ഡി) എന്ന പാര്‍ട്ടിയുടെ ബാനറില്‍ ബിന്‍ അലി അവസാനമായി 'തെരഞ്ഞെടുക്കപ്പെട്ടത്'. പ്രസിഡന്റ് പദവിയിലേക്ക് മത്സര രംഗത്തുണ്ടായിരുന്ന മറ്റു മൂന്നുപേരെയും ബഹുദൂരം പിന്നിലാക്കി 89.62ശതമാനത്തോടെയായിരുന്നു വിജയം. അഴിമതിയുടെ കൂത്തരങ്ങായിരുന്നു തെരഞ്ഞെടുപ്പെന്നാണ് നിരീക്ഷകര്‍ വിധിയെഴുതിയത്. ആഫ്രിക്കന്‍ യൂനിയന്‍ വോട്ടെടുപ്പ് ശരിവെച്ചപ്പോള്‍ ബിന്‍ അലിയെ പിന്തുണച്ചിരുന്ന അമേരിക്കക്കു പോലും വിയോജിക്കേണ്ടിവന്നു. അന്താരാഷ്ട്രനിരീക്ഷകരെ വോട്ടെടുപ്പ് മേഖലയില്‍നിന്ന് ഭരണകൂടം വിലക്കിയെന്നാണ് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പറഞ്ഞത്.
എന്നാലും ബിന്‍ അലി സര്‍ക്കാറിനുള്ള പിന്തുണ തുടരുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലുള്ള മോശം ട്രാക്ക് റെക്കോഡ് തിരുത്തിയെഴുതാനും വിദേശങ്ങളില്‍ രാജ്യത്തെക്കുറിച്ച മികച്ച പ്രതിച്ഛായ സൃഷ്ടിക്കാനും  വാഷിങ്ടണ്‍ മീഡിയ ഗ്രൂപ്പ് എന്ന സ്ഥാപനവുമായി ബിന്‍ അലി ഭരണകൂടം കരാര്‍ ഒപ്പിട്ടിരുന്നു. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഉപദേശമാരാഞ്ഞ ശേഷമാണ്  മീഡിയ ഗ്രൂപ്പ് കരാറിലെത്തിയത്. അതോടെ തുനീഷ്യയിലെ വ്യവസായസംരംഭകത്വ വിജയവും ജനാധിപത്യമഹത്വവും സംബന്ധിച്ച വ്യാപകപ്രചാരണങ്ങള്‍ അരങ്ങേറി. ജനപിന്തുണയില്ലാത്ത, അഴിമതിയില്‍ കറങ്ങുന്ന ഭരണമാണ് തുനീഷ്യയിലേതെന്ന് ബോധ്യപ്പെട്ടതോടെ അമേരിക്ക കളം മാറിച്ചവിട്ടി. ഭരണകൂടത്തിനെതിരെ ജനകീയസമരങ്ങള്‍ ശക്തിപ്പെട്ടതോടെ ഡിസംബറില്‍ വാഷിങ്ടണ്‍ ഗ്രൂപ്പും കരാറില്‍നിന്ന് പിന്‍വാങ്ങി.
അല്‍ജീരിയയിലും തുനീഷ്യയിലും പടര്‍ന്നുപിടിച്ച ജനകീയപ്രക്ഷോഭം രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഇപ്പോഴിതാ ജോര്‍ഡനിലേക്കും പ്രവേശിച്ചിരിക്കുന്നു. ഈജിപ്തും ലിബിയയും മൊറോക്കോയുമൊന്നും അകലെയല്ലെന്ന സൂചനയാണ് ഈ മുന്നേറ്റങ്ങള്‍ നല്‍കുന്നത്. ഈജിപ്തില്‍ തെരഞ്ഞെടുപ്പ് പ്രഹസനത്തിലൂടെ മുപ്പതു കൊല്ലമായി അധികാരം വാഴുന്ന മുബാറകും ജനരോഷം അടിച്ചമര്‍ത്തുന്നതില്‍ കേമനാണ്. ജനങ്ങള്‍ വെറുക്കുന്ന ഇരട്ടകളില്‍ ഒരാള്‍ ഓടിപ്പോയെന്നും മറ്റെയാള്‍ക്ക് ആ ഗതി വരാനിരിക്കുന്നുവെന്നുമാണ് ഒരു അറബ് രാഷ്ട്രീയ നിരീക്ഷകന്‍ അഭിപ്രായപ്പെട്ടത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 01/30/2011

ഏകാധിപത്യത്തിന്റെ അസ്തമയം തേടുന്ന ഈജിപ്ത്
അറബ്‌ലോകം അക്ഷരാര്‍ഥത്തില്‍ തിളച്ചുമറിയുകയാണ്. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ തുനീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ഏകാധിപതികള്‍ക്ക് അങ്കലാപ്പ് സൃഷ്ടിച്ച് അയല്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. ജനകീയ വിപ്ലവത്തിന്റെ കാറ്റ് ഇപ്പോള്‍ വീശിയടിച്ചുകൊണ്ടിരിക്കുന്നത് ഈജിപ്തിലാണ്. മൂന്നു പതിറ്റാണ്ടായി രാജ്യത്തെ സ്വന്തമാക്കിവെച്ച മര്‍ദക ഭരണാധികാരി ഹുസ്‌നി മുബാറക് രാജിവെച്ചൊഴിയുക എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച തുടങ്ങിയ പതിനായിരങ്ങള്‍ അണിനിരന്ന പ്രക്ഷോഭത്തില്‍ ഇതിനകം എണ്‍പതിലധികം പേര്‍ കൊല്ലപ്പെട്ടു. സമീപകാലത്തൊന്നും രാജ്യം കണ്ടിട്ടില്ലാത്ത അതിശക്തമായ ജനമുന്നേറ്റങ്ങള്‍ക്കാണ് കൈറോയും അലക്‌സാണ്ട്രിയയും സൂയസുമൊക്കെ സാക്ഷ്യംവഹിക്കുന്നത്. പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള മുബാറകിന്റെ ഒടുവിലെ തീരുമാനം പട്ടാളബാരക്കുകള്‍ക്കുള്ള പച്ചക്കൊടിയായി കാണണം.
ലബനാനിലാവട്ടെ, ശക്തരായ ഹിസ്ബുല്ലക്ക് മേധാവിത്വമുള്ള പുതിയ ഗവണ്‍മെന്റ് നിലവില്‍ വന്നിരിക്കുന്നു. മേഖലയില്‍ കോളിളക്കം സൃഷ്ടിച്ച മറ്റൊരു വാര്‍ത്തയാണ് ഫലസ്തീന്‍ വിമോചന പോരാട്ടങ്ങളെ മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്ഹ് വിഭാഗം ഒറ്റുകൊടുത്തുവെന്ന അല്‍ ജസീറചാനലിന്റെ വെളിപ്പെടുത്തല്‍.
വാഷിങ്ടണിന്റെ സ്വന്തക്കാരനായ സഅദ് ഹരീരി ഗവണ്‍മെന്റിനെ മറിച്ചിട്ട ഇറാന്‍ അനുകൂല ശിയാവിഭാഗമായ ഹിസ്ബുല്ല, തങ്ങള്‍ക്ക് സമ്പൂര്‍ണാധിപത്യമുള്ള ഭരണകൂടത്തെ ലബനാനില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഈജിപ്തില്‍ മുബാറക് ഗവണ്‍മെന്റ് കൂടി നിലംപതിക്കുന്നത് വാഷിങ്ടണ് വന്‍ തിരിച്ചടിയാകും. ജനവികാരം തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ അംഗീകരിക്കില്ലെന്ന ജനാധിപത്യ വിരുദ്ധ സമീപനം അമേരിക്ക എക്കാലവും തുടര്‍ന്നുപോന്നിട്ടുണ്ട്. അറബ് ലോകത്ത് ഏകാധിപതികളെ വളര്‍ത്തിയത് ഈ നിലപാടുകളാണ്. തൊണ്ണൂറുകളുടെ ആദ്യം അല്‍ജീരിയയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറുമെന്ന് ഉറപ്പായപ്പോള്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി പട്ടാളത്തെ വിട്ട് ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനും നേതാക്കളെ ജയിലിലടക്കാനും നിര്‍ദേശം നല്‍കിയത് യു.എസ് പ്രസിഡന്റ് സീനിയര്‍ ബുഷായിരുന്നു. അന്നു മുതല്‍ അശാന്തിയിലായ അല്‍ജീരിയ മറ്റൊരു ജനകീയ പ്രക്ഷോഭത്തിന്റെ പടിവാതില്‍ക്കലാണ്. ഫലസ്തീനില്‍ 2006 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹമാസ് മുന്നണി വിജയിച്ചപ്പോള്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത് ജൂനിയര്‍ ബുഷ് ഭരണകൂടം. തങ്ങളുടെ വാലാട്ടികളായ മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ്ബാങ്കിലേക്ക് പടിഞ്ഞാറന്‍ ഗവണ്‍മെന്റുകള്‍ പണം വാരിക്കോരി എറിഞ്ഞപ്പോള്‍ ഉപരോധത്താല്‍ ഗസ്സയിലെ ജനങ്ങളെ ഞെക്കിക്കൊല്ലുന്ന ഇസ്രായേലിന്റെ മനുഷ്യത്വരഹിത നടപടിയെ പിന്തുണക്കുകയായിരുന്നു.
ലബനാനില്‍ ഹിസ്ബുല്ലക്ക് മേല്‍ക്കൈയുള്ള ഗവണ്‍മെന്റ് നിലവില്‍ വരുമെന്ന് ഉറപ്പായപ്പോള്‍ യു.എസ് പ്രഖ്യാപിച്ചത് ഭാവിയില്‍ ലബനാന് ഒരു സഹായവും ഉണ്ടാകില്ലെന്നാണ്. ഹമാസിനെപ്പോലെ അമേരിക്കയുടെ ഭീകരപട്ടികയില്‍ ഇടമുള്ള സംഘടനയാണ് ഹിസ്ബുല്ല. മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ വധവുമായി ബന്ധപ്പെട്ട് യു.എന്‍ നേതൃത്വത്തിലുള്ള ട്രൈബ്യൂണലിന്റെ ഇനിയും പരസ്യപ്പെടുത്തിയിട്ടില്ലാത്ത റിപ്പോര്‍ട്ടാണ് ലബനാനിലെ ഭരണമാറ്റത്തിന് കാരണമായി വര്‍ത്തിച്ചത്. ഹിസ്ബുല്ലയുടെ പ്രധാന നേതാക്കളെ കുറ്റക്കാരായി ട്രൈബ്യൂണല്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ മാസങ്ങളായി പ്രചരിക്കാന്‍ തുടങ്ങിയിട്ട്. ഇസ്രായേലിന്റെയും അമേരിക്കയുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസന്‍ നസ്‌റുല്ല ആവശ്യപ്പെട്ടു. ഹരീരി വധത്തില്‍ ഇസ്രായേലിനുള്ള പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട നസ്‌റുല്ല അവയില്‍ ചിലത് പുറത്തുവിടുകയും ചെയ്തു. എന്നാല്‍, ഹരീരിയുടെ പുത്രനും പ്രധാനമന്ത്രിയുമായ സഅദ് ഹിസ്ബുല്ലയുടെ ആവശ്യം അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്ന് ഹരീരിയെ താഴെയിറക്കി പുതിയ ഗവണ്‍മെന്റ് ഉണ്ടാക്കുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കി. പ്രതിസന്ധി പരിഹരിക്കാന്‍ ഹിസ്ബുല്ല അനുകൂല സിറിയയും സഅദിനെ പിന്തുണക്കുന്ന സൗദി അറേബ്യയും മുന്നോട്ടുവെച്ച ഫോര്‍മുല അംഗീകരിക്കാനും അമേരിക്കന്‍ സമ്മര്‍ദത്തിലുള്ള സഅദ് കൂട്ടാക്കിയില്ല. ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് തള്ളുന്നതിന് പകരമായി ഹിസ്ബുല്ല സൈനികമേധാവിത്വം കുറക്കുക എന്നതായിരുന്നു ഫോര്‍മുല. ഇതോടെ മധ്യസ്ഥതയില്‍നിന്ന് സൗദി പിന്മാറി. സ്‌ഫോടനാത്മകമായ ലബനാനിലെ രാഷ്ട്രീയപ്രതിസന്ധി മേഖലക്കു തന്നെ ഭീഷണിയായതിനാല്‍ പുതിയ സംയുക്ത മാധ്യസ്ഥ ശ്രമങ്ങളുമായി ഇറങ്ങിയ തുര്‍ക്കിയും ഖത്തറും സിറിയയും ഇരു കക്ഷികളുമായി നടത്തിയ ചര്‍ച്ചകളും പരാജയപ്പെടുകയായിരുന്നു.
ലബനാനിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്തും ഇസ്രായേല്‍ അധിനിവേശം ചെറുക്കാനും ഹിസ്ബുല്ലയെ പിന്തുണക്കുന്ന സമീപനമാണ് ബുദ്ധിയെന്ന് ദറൂസുകള്‍ക്ക് മേധാവിത്വമുള്ള വലീദ് ജംബലാതിന്റെ പ്രോഗ്രസിവ് സോഷ്യലിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചതോടെ വീണ്ടും പ്രധാനമന്ത്രിയാവാനുള്ള സഅദിന്റെ മോഹം അസ്തമിച്ചു. പ്രധാനമന്ത്രി പദവി സുന്നി മുസ്‌ലിമിനും പ്രസിഡന്റ് പദം മറോനൈറ്റ് ക്രിസ്ത്യാനിക്കും സ്‌പീക്കര്‍ പദവി ശിയാവിഭാഗത്തിനും സംവരണം ചെയ്യുന്നതാണ് ലബനാന്റെ രാഷ്ട്രീയ ഘടന. നജീബ് മീഖാത്തിയെന്ന കോടീശ്വരനായ സുന്നി വിഭാഗക്കാരനെ പ്രധാനമന്ത്രി പദവിയില്‍ പ്രതിഷ്ഠിച്ച് ഹിസ്ബുല്ല എതിരാളികളെ അമ്പരപ്പിച്ചു. ഇതില്‍ രോഷം പൂണ്ട് വ്യാപകമായ പ്രതിഷേധവും ആക്രമണങ്ങളുമാണ് സഅദ് ഹരീരിയെ അനുകൂലിക്കുന്നവര്‍ നടത്തുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ലബനാനിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന മുന്നണിയാണ് ഹിസ്ബുല്ലയുടേത്. ഇതുപോലൊരു കൂട്ടായ്മ മറുഭാഗത്തില്ല. പുതിയ സര്‍ക്കാറില്‍ ചേരാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഹിസ്ബുല്ല ക്ഷണിച്ചെങ്കിലും അമേരിക്കന്‍ സമ്മര്‍ദം കാരണം അവര്‍ നിരാകരിച്ചു.
ഈജിപ്തിലെ ജനകീയ പ്രക്ഷോഭത്തെക്കുറിച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ നടത്തിയ പ്രസ്താവന രസകരമാണ്. സ്ഥാനമൊഴിഞ്ഞ് ജനകീയ തെരഞ്ഞെടുപ്പ് നടത്താന്‍ മുബാറകിനോട് ആവശ്യപ്പെടുന്നതിനു പകരം രാഷ്ട്രീയ, സാമ്പത്തിക, സാമൂഹികപരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ പറ്റിയ സമയമാണിതെന്നാണ് ഹിലരിയുടെ നിര്‍ദേശം. മുബാറക് നിലംപതിച്ചാല്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ നിരോധിത മുസ്‌ലിം ബ്രദര്‍ഹുഡ് നേട്ടം കൊയ്യുമെന്നതാണ് കാരണം. 88 സീറ്റുകളുണ്ടായിരുന്ന ബ്രദര്‍ഹുഡിന് അഴിമതിയില്‍ മുങ്ങിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും കിട്ടിയിരുന്നില്ല. രണ്ടാം റൗണ്ട് അവര്‍ ബഹിഷ്‌കരിക്കുകയായിരുന്നു.
മൂന്നു പതിറ്റാണ്ടിലേറെയായി മുബാറകിന്റെ സ്വേച്ഛാധിപത്യ ഭരണകൂടത്തെ തീറ്റിപ്പോറ്റിയത് അമേരിക്കയാണ്. ഇസ്രായേല്‍ കഴിഞ്ഞാല്‍ അമേരിക്കയുടെ വാര്‍ഷിക സാമ്പത്തിക സഹായം ഏറ്റവുമധികം കൈപ്പറ്റുന്ന രാജ്യമാണ് ഈജിപ്ത്. അധിനിവേശ ശക്തികളായ സയണിസ്റ്റ് ഭരണകൂടത്തെ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ബഹിഷ്‌കരിച്ചപ്പോള്‍ ക്യാമ്പ് ഡേവിഡ് കരാറിലൂടെ ഇസ്രായേലുമായി ഈജിപ്തിനെ സൗഹൃദത്തില്‍ കൊണ്ടുവന്നത് യു.എസ് താല്‍പര്യപ്രകാരമായിരുന്നു. ഇസ്രായേല്‍ പിടിച്ചടക്കിയ സീനായ് ഭൂപ്രദേശം തിരിച്ചുകിട്ടാന്‍ അറബ് പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയായിരുന്നു പ്രസിഡന്റ് അന്‍വര്‍ സാദാത്ത്. സാദാത്തിനുശേഷം ഭരണത്തിലേറിയ ഹുസ്‌നി മുബാറക് ഇന്നോളം അമേരിക്കയുടെയും ഇസ്രായേലിന്റെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു നിലപാടും കൈക്കൊണ്ടിട്ടില്ല. മുപ്പത് വര്‍ഷത്തെ മുബാറക് ഭരണത്തിന്റെ സന്തതികളായ സ്വജനപക്ഷപാതം, മനുഷ്യാവകാശ ലംഘനങ്ങള്‍, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവക്കെതിരെയാണ് പ്രക്ഷോഭം. എട്ടു കോടി ജനങ്ങളില്‍ പകുതിയും ദാരിദ്ര്യരേഖക്ക് താഴെയോ തൊട്ടുമുകളിലോ ആണെന്ന് ലോക ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സമരം ചെയ്യുന്നവരെ ക്രൂരമായി നേരിടുന്ന ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞുള്ള പട്ടാളഭരണമാണ് ഈജിപ്തില്‍. ഇസ്‌ലാമിസ്റ്റുകള്‍ക്ക് മേല്‍ക്കൈയുള്ള ജനകീയസമരത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുന്‍ തലവന്‍ മുഹമ്മദ് അല്‍ബറാദിയും അണിചേരാനിരിക്കുകയാണ്. പ്രക്ഷോഭം വിജയിക്കുകയോ അതല്ലെങ്കില്‍ പട്ടാളം രംഗം കൈയടക്കുകയോ ചെയ്യാനുള്ള സാധ്യതകള്‍ തള്ളാനാവില്ല. ഏതായാലും മകന്‍ ജമാലിനെ അടുത്ത പ്രസിഡന്റാക്കാനുള്ള മുബാറകിന്റെ മോഹം അവസാനിച്ചെന്നുവേണം കരുതാന്‍.
ലബനാനില്‍ ഹിസ്ബുല്ലയും ഈജിപ്തില്‍ ബ്രദര്‍ഹുഡും തലപ്പത്തുവരുന്നത് മേഖലയില്‍ അമേരിക്കയുടെ സ്വാധീനം നഷ്ടപ്പെടുത്തും. ഗസ്സയില്‍ നേരത്തേ ഹമാസ് പിടിമുറുക്കിയിട്ടുണ്ട്. അതിനിടയിലാണ് അമേരിക്കന്‍ അനൂകൂലിയായ മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിനെതിരെ ജനവികാരം ശക്തിപ്പെട്ടിരിക്കുന്നത്. ഫലസ്തീനികള്‍ ഇത്രയും കാലം ആവശ്യപ്പെട്ട കിഴക്കന്‍ ജറൂസലം, അഭയാര്‍ഥികളുടെ മടക്കം ഉള്‍പ്പെടെയുള്ള അടിസ്ഥാന വിഷയങ്ങളില്‍ അബ്ബാസും കൂട്ടരും നടത്തിയ ഇസ്രായേല്‍ അനുകൂല നീക്കങ്ങളാണ് തെളിവുകള്‍ സഹിതം അല്‍ ജസീറ പരമ്പരയായി പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഫത്ഹ് നേതൃത്വത്തിനെതിരെ വെസ്റ്റ്ബാങ്കില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടേക്കാം. ഇറാഖില്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള ഇയാദ് അല്ലാവിയെ പ്രസിഡന്റ് പദവിയില്‍ വാഴിക്കാനുള്ള വൈറ്റ്ഹൗസിന്റെ നീക്കം പാളിയിരുന്നു. തുനീഷ്യന്‍ മോഡല്‍ പ്രക്ഷോഭത്തിന്റെ കനലുകള്‍ ജോര്‍ഡനിലും എരിഞ്ഞുതുടങ്ങിയിട്ടുണ്ട്. സര്‍വോപരി അമേരിക്കന്‍ വിരുദ്ധതയുടെ കാവലാളുകളായി ഇറാനും സിറിയയുമുണ്ട്. അബ്ബാസും മുബാറക്കും ജോര്‍ഡനിലെ ഹുസൈന്‍ രാജാവും ഉള്‍പ്പെട്ട മുക്കൂട്ടു മുന്നണിയാണ് ഇസ്രായേലിന്റെയും അമേരിക്കയുടെയും മേഖലയിലെ അംബാസഡര്‍മാര്‍.
അതിനാല്‍ ശാക്തിക സമവാക്യം മാറുമ്പോള്‍ അറബ് ജനതക്ക് മോചനമെന്നതോടൊപ്പം, അമേരിക്കയുടെയും ഇസ്രായേലിന്റെയും ഗൂഢനീക്കങ്ങള്‍ക്ക് തിരിച്ചടിയുമാണ് സംഭവിക്കാന്‍ പോകുന്നത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Tue, 10/18/2011 -

ഫലസ്തീന്‍െറ സമ്പൂര്‍ണ മോചനത്തിനായി പോരാടുന്ന ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസും അധിനിവേശ ശക്തികളായ ഇസ്രായേലും തമ്മിലുള്ള ശത്രുതക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.  ഇസ്രായേലിന്‍െറ ഹിംസാത്മക പ്രത്യയശാസ്ത്രത്തെ സായുധമായി നേരിടുകയല്ലാതെ മറ്റു വഴികളില്ളെന്നതാണ് ഹമാസിന്‍െറ നിലപാട്. എന്നാല്‍, കഴിഞ്ഞദിവസം ഇരുകൂട്ടരും തമ്മില്‍ ഒരു കരാറിലെത്തി. അഞ്ചുവര്‍ഷത്തിലേറെയായി കസ്റ്റഡിയിലുള്ള  ഇസ്രായേലി സൈനികന്‍ ഗിലാത് ഷാലിതിനെ സ്വതന്ത്രനാക്കാന്‍ ഹമാസും പകരം 1027 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാന്‍  ഇസ്രായേലും സമ്മതിച്ചിരിക്കുന്നു. ചൊവ്വാഴ്ച നടക്കുന്ന തടവുകാരുടെ കൈമാറ്റത്തിന്  ഇരുവിഭാഗങ്ങളും വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. നിഷ്ഠൂരമായ ബോംബാക്രമണങ്ങള്‍ക്കും വര്‍ഷങ്ങളായി തുടരുന്ന ഉപരോധങ്ങള്‍ക്കും മുന്നില്‍ അടിപതറാതെ നിന്ന ഹമാസിനു മുന്നില്‍ ഇസ്രായേല്‍ ഭരണകൂടം വീണ്ടും മുട്ടുമടക്കിയിരിക്കുന്നു. ഒരു ഇസ്രായേലി ഭടന് പകരം ആയിരത്തിലേറെ തടവുകാരെ സ്വതന്ത്രരാക്കാന്‍ കഴിയുന്നത് ഹമാസിനെ സംബന്ധിച്ചിടത്തോളം വമ്പിച്ച വിജയമാണ്. 2006 ജൂണ്‍ 25ന്  ഇസ്രായേല്‍ അതിര്‍ത്തിയിലെ  കെരം ശാലോം ക്രോസിങ്ങില്‍ ഹമാസ് പോരാളികള്‍ നടത്തിയ റെയ്ഡിലാണ് ഷാലിത് പിടിയിലാവുന്നത്. ഷാലിതിന്‍െറ മോചനത്തിന് അന്നത്തെ പ്രധാനമന്ത്രി യഹൂദ് ഓല്‍മര്‍ട്ട്  നടത്തിയ സൈനിക നീക്കങ്ങള്‍ പരാജയപ്പെടുകയായിരുന്നു. 2006ലെ  ഖാന്‍ യൂനിസ് ആക്രമണങ്ങളും, സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്‍െറ കൊട്ടാരത്തിനു മുകളില്‍ നാല്  ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ഭീതിപരത്തി പറന്നതുമൊക്കെ ഷാലിതിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു.  2008-2009ലെ ഗസ്സ ആക്രമണത്തിന്‍െറ പ്രധാന ലക്ഷ്യങ്ങളിലൊന്നും ഇതുതന്നെ. എന്നാല്‍, ഗസ്സയെ തവിടുപൊടിയാക്കിയ ഓപറേഷന്‍ കാസ്റ്റ് ലീഡ് ഫലം കണ്ടില്ളെന്നു മാത്രമല്ല, ഷിന്‍ ബെറ്റിന്‍െറയും മൊസാദിന്‍െറയും കഴുകക്കണ്ണുകള്‍ക്ക് ഷാലിത് എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ പോലുമായില്ല. ഷാലിത്  ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവായി ഒരു വീഡിയോ ടേപ്പെങ്കിലും നല്‍കിയാല്‍ 20 സ്ത്രീ തടവുകാരെ വിട്ടയക്കാമെന്ന് കെഞ്ചി പറയേണ്ട ഗതികേടുപോലും  ഇസ്രായേലിനുണ്ടായി. വീഡിയോ ടേപ്പ്് നല്‍കി  20 വനിതകളെ വീട്ടിലെത്തിക്കുന്നതില്‍  ഹമാസ് വിജയം കൊയ്യുകയും ചെയ്തു. ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന 5200ലേറെ ഫലസ്തീനി തടവുകാരില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരം പേരെ വിട്ടയക്കുക എന്ന ഒരേയൊരു വ്യവസ്ഥയാണ് ഷാലിതിന്‍െറ മോചനത്തിന് ഹമാസ് തുടക്കം മുതലേ മുന്നോട്ടുവെച്ചത്. ചില തടവുകാരെ പരസ്പരം കൈമാറാന്‍ 2009 മാര്‍ച്ചില്‍ ഏതാണ്ട് ധാരണയിലെത്തിയെങ്കിലും ഹമാസ് നല്‍കിയ ലിസ്റ്റിലെ 450 പേരെ വിട്ടയക്കാനാവില്ളെന്ന ഇസ്രായേലിന്‍െറ കടുംപിടിത്തം ചര്‍ച്ച സ്തംഭിപ്പിച്ചു. യു.എന്നും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ്  മഹ്മൂദ് അബ്ബാസും ഒത്തുകളിച്ച് ഇരുന്നൂറോളം ഫത്ഹ് തടവുകാരെ മാത്രം മോചിപ്പിക്കാനുള്ള തന്ത്രം ഹമാസിന്‍െറ കടുംപിടിത്തത്തിനു മുന്നില്‍ പാളിപ്പോവുകയും ചെയ്തു. ഷാലിത് വിഷയം ഇസ്രായേലില്‍ വലിയ കോളിളക്കം സൃഷ്ടിച്ചതോടെ പുതിയ പ്രധാനമന്ത്രി  നെതന്യാഹുവിനുമേല്‍ സമ്മര്‍ദം ശക്തിപ്പെട്ടു. ഈജിപ്തിന്‍െറ മധ്യസ്ഥതയില്‍ ഹമാസുമായി ചര്‍ച്ച നടത്തി കരാറിലെത്താന്‍ മുതിര്‍ന്ന മൊസാദ് ഉദ്യോഗസ്ഥന്‍ ഡേവിഡ് മെയ്ദാനെ ഏപ്രിലില്‍ നെതന്യാഹു നിയമിക്കുന്നത് അങ്ങനെയാണ്. വിട്ടയക്കപ്പെടുന്ന ഫലസ്തീനികളുടെ പൂര്‍ണവിവരങ്ങള്‍ ഹമാസ് പുറത്തുവിട്ടിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മോചിതരാകുന്ന 477 പേരില്‍ 27 പേര്‍ വനിതകളാണ്. 30 വര്‍ഷം തടവറയില്‍ കഴിഞ്ഞ നായില്‍ ബര്‍ഗൂതി മുതല്‍ ഏറ്റവും പ്രായം കൂടിയ 79കാരന്‍ സമി യൂനുസ് വരെയുണ്ട് കൂട്ടത്തില്‍. ബാക്കി 550 പേര്‍ രണ്ടു മാസത്തിനകം മോചിതരാകും. എന്നാല്‍, ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഫത്ഹ് നേതാവ് മര്‍വാന്‍ ബര്‍ഗൂതിയും ഹമാസ് സൈനിക വിഭാഗത്തിലെ മൂന്നു നേതാക്കളും വിട്ടയക്കപ്പെടുന്നവരില്‍ ഉള്‍പ്പെടില്ല. അബ്ബാസിന് വെല്ലുവിളി ഉയര്‍ത്തുന്ന ബര്‍ഗൂതിയുടെ പേര് ആദ്യം ചര്‍ച്ചയില്‍ വന്നെങ്കിലും ഇസ്രായേല്‍ നിരസിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ മോചിതരാകുന്നവരില്‍ 178 പേരെ വെസ്റ്റ്ബാങ്കിലേക്ക് മടങ്ങാന്‍ അനുവദിക്കില്ളെന്ന ഇസ്രായേലിന്‍െറ ഉപാധി ഹമാസ് അംഗീകരിക്കുകയുണ്ടായി.  ഇവര്‍ ഇസ്രായേലിന് ഭീഷണിയായതിനാല്‍ ഫലസ്തീന് പുറത്ത് ഈജിപ്ത്, ലിബിയ, സിറിയ എന്നിവയല്ലാത്ത എവിടേക്കെങ്കിലും അയക്കണമെന്നാണ് വ്യവസ്ഥ.  ഇതില്‍ ഏറെയും ഫത്ഹ് വിഭാഗക്കാരായതിനാല്‍ അബ്ബാസിന്‍െറ കൂട്ടാളികള്‍ വിമര്‍ശവുമായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, ഉപാധി അംഗീകരിച്ചില്ളെങ്കില്‍ മരണം വരെ ജയിലില്‍ കഴിയാനായിരിക്കും ഇവരുടെ വിധിയെന്നും തടവുകാരുമായി ആലോചിച്ചാണ് തീരുമാനം കൈക്കൊണ്ടതെന്നും ഹമാസ് വിശദീകരിക്കുന്നു. അതേസമയം, ഇസ്രായേലില്‍നിന്ന് മോചിതമായ ഗസ്സയില്‍ വന്നുപോകുന്നതിന് ഇവര്‍ക്ക് വിലക്കില്ല. 2002ല്‍ ബത്ലഹേമിലെ ചര്‍ച്ച് ഓഫ് നേറ്റിവിറ്റി ഉപരോധവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ അറസ്റ്റു ചെയ്ത 13 ഫലസ്തീനികളെ വിട്ടുകിട്ടാന്‍ ഫത്ഹ് നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റിയും ഇതുപോലെ കരാറിലെത്തിയത് ഹമാസ് ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ 40 പേരെ തുര്‍ക്കി ഏറ്റെടുക്കും.
ഇസ്രായേലി ഭടനെ നിരുപാധികം മോചിപ്പിക്കാന്‍ അമേരിക്കയും യു.എന്നും യൂറോപ്യന്‍ യൂനിയനുമൊക്കെ ഹമാസിനോട് ആവശ്യപ്പെട്ടിരുന്നു. ഷാലിതിന് ഫ്രഞ്ച് പൗരത്വവുമുള്ളതിനാല്‍ ഫ്രാന്‍സ് വിഷയത്തില്‍ അതീവ താല്‍പര്യം കാട്ടി. ഇറ്റലിയാകട്ടെ, ഷാലിതിന് പൗരത്വം നല്‍കി സയണിസത്തോടുള്ള കൂറ് പ്രകടമാക്കി. അമേരിക്കന്‍ നഗരങ്ങളായ മിയാമിയും ന്യൂ ഓര്‍ലിയന്‍സും ബാള്‍ട്ടിമോറും പിറ്റ്സ്ബര്‍ഗും ഓണററി പൗരത്വം പ്രഖ്യാപിച്ചു. എന്നാല്‍, ഫലസ്തീനി തടവുകാരുടെ നരകയാതന കാണാന്‍ ഇവര്‍ക്കൊന്നും മനസ്സുണ്ടായില്ല. ലോകത്തിന്‍െറ കണ്ണു തുറപ്പിക്കാന്‍ 2009 ജൂലൈയില്‍ ഗസ്സയിലെ ഹമാസ് ടെലിവിഷന്‍ ചാനല്‍ ഒരു ആനിമേഷന്‍ ഫിലിം പ്രദര്‍ശിപ്പിച്ചിരുന്നു. തന്നെ മോചിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ഒരു ഫലസ്തീനി ബാലനോട് ഷാലിത് അപേക്ഷിക്കുന്നതും, ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന തന്‍െറ മാതാപിതാക്കളെയും ബന്ധുക്കളെയും ചൂണ്ടിക്കാട്ടി ബാലന്‍ അത് നിരസിക്കുന്നതുമാണ് ചിത്രം. പതിവുപോലെ സെമിറ്റിക് വിരുദ്ധമെന്ന് പറഞ്ഞ് ഇതിനെ അപലപിക്കാനാണ്   ഇസ്രായേലും അനുകൂലികളും ശ്രമിച്ചത്.
അധിനിവേശ പ്രദേശങ്ങളില്‍ ഒരു ഇസ്രായേലി ഭടനെ കല്ളെറിയുന്നത് 20 കൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വെസ്റ്റ്ബാങ്കിനെ വിഭജിക്കുന്ന 20 അടി ഉയരത്തിലുള്ള ഉരുക്കുമതിലിനുനേരെ കല്ളെറിഞ്ഞാലും ഇതുതന്നെ ശിക്ഷ. ഫലസ്തീന്‍ ജയില്‍കാര്യ മന്ത്രാലയത്തിന്‍െറ കണക്കനുസരിച്ച് 2000ത്തിനുശേഷം മാത്രം 6,500 കുട്ടികളെ  ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്യുകയുണ്ടായി. കല്ളേറാണ് ഏറെ പേര്‍ക്കുമെതിരായ കുറ്റം. ഇസ്രായേലും അമേരിക്കയും ഉള്‍പ്പെടെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പ്രായപൂര്‍ത്തിക്കുള്ള മാനദണ്ഡം 18 വയസ്സാണ്. എന്നാല്‍, ഫലസ്തീനി കുട്ടികളാണെങ്കില്‍ 16 തികഞ്ഞാല്‍ പ്രായപൂര്‍ത്തിയായതായി കണക്കാക്കുന്ന നിയമമാണ്  ഇസ്രായേലിന്‍േറതെന്ന് ആ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പൗരാവകാശ സംഘടന ബിടിസെലം ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ പട്ടാളക്കോടതികള്‍ക്ക് കുട്ടികളുടെമേലും നടപ്പാക്കാനാണ് ഈ വെള്ളംചേര്‍ക്കല്‍. 2005 ആഗസ്റ്റില്‍ ഗസ്സയില്‍നിന്ന് നിരുപാധികം സൈന്യത്തെ പിന്‍വലിച്ചാണ് ഹമാസ് പോരാളികള്‍ക്കു മുന്നില്‍ ഇസ്രായേല്‍ ആദ്യം മുട്ടുമടക്കിയത്. ഹമാസിനെ ഉന്മൂലനം ചെയ്യാനും ഷാലിതിനെ മോചിപ്പിക്കാനും ലക്ഷ്യമിട്ട് 2008 ഡിസംബര്‍ 28 മുതല്‍ മൂന്നാഴ്ചക്കാലം ഗസ്സയില്‍ ഭീകരതാണ്ഡവം നടത്തിയ ഇസ്രായേലിന് അവിടെയും പരാജയം സമ്മതിക്കേണ്ടി വന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍െറയും ഹമാസിന്‍െറ എതിരാളികളായ ഫത്ഹിന്‍െറയും പിന്തുണയോടെയായിരുന്നു ഗസ്സയിലെ സൈനിക ഓപറേഷന്‍. ഇപ്പോഴിതാ മറ്റൊരു അടിയറവു പറയല്‍. ഫലസ്തീന്‍ തടവുകാരെ മോചിപ്പിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പിനില്ളെന്ന് തുടക്കത്തില്‍ പറഞ്ഞിടത്തുനിന്ന് ബഹുദൂരം പിന്നോട്ട് പോകാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു. തടവുകാരെ കൈമാറ്റം ചെയ്യുന്ന കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഹമാസ് സൈനികമായി കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്യുകയെന്ന് ഇസ്രായേല്‍ സുരക്ഷാ ഏജന്‍സി ഡയറക്ടര്‍ യോറാം കോഹന്‍ സമ്മതിക്കുന്നു. മോചിതരാകുന്ന ഹമാസ് നിരയിലെ ഇരുന്നൂറോളം പ്രമുഖര്‍ ഫത്ഹിന്‍െറ ശക്തികേന്ദ്രമായ വെസ്റ്റ്ബാങ്കിലാണ് തിരിച്ചെത്തുന്നത്. ഹമാസിന്‍െറ സൈനിക വിഭാഗമായ  ഇസ്സദ്ദീന്‍ അല്‍ ഖസ്സാമിന്‍െറ കമാന്‍ഡര്‍മാരായ സഹര്‍ ജബറാനിയും യഹ്യ സല്‍വറും ഇവരില്‍ ഉള്‍പ്പെടും. ഇതോടെ വെസ്റ്റ്ബാങ്കില്‍ സൈനിക സാന്നിധ്യം പുനഃസ്ഥാപിക്കാന്‍ ഹമാസിനു കഴിയും. ഇത് ഫത്ഹിനെ ദുര്‍ബലപ്പെടുത്തും. ഇത്രയുംകാലം ഫലസ്തീന്‍ അതോറിറ്റിയുടെ അധികാരം കൈയാളിയിട്ടും ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഉറ്റവരെ മോചിപ്പിക്കാന്‍ കഴിയാത്ത ഫത്ഹിന്‍െറ ജനപിന്തുണ ഇടിയാനും ഇത് വഴിവെക്കും. 5000ത്തിലേറെ തടവുകാരെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ കാല്‍വെപ്പാണിതെന്ന് ഹമാസ് പറയുന്നു. യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ നോക്കുകുത്തികളായി നില്‍ക്കുമ്പോള്‍ പുതിയ ഡിപ്ളോമസി ഫലിച്ചതിന്‍െറ ത്രില്ലിലാണവര്‍. എന്നാല്‍, കൂടുതല്‍ ഇസ്രായേലി ഭടന്മാരെ തട്ടിക്കൊണ്ടുപോയി വിലപേശാന്‍ ഇത് ഹമാസിന് ഊര്‍ജം നല്‍കുമെന്നാണ് ഇസ്രായേലി നേതൃത്വത്തിന്‍െറ ആശങ്ക.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

വിശപ്പ് തിന്നുന്ന സോമാലിയ


പി.കെ നിയാസ്
 
പട്ടിണിയും പോഷകാഹാരക്കുറവും കാരണം കുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ മരിച്ചുവീഴുന്ന സോമാലിയയുടെ ദൈന്യതയാര്‍ന്ന ചിത്രം ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഔദ്യോഗികമായി സോമാലിയയിലെ അഞ്ച് സംസ്ഥാനങ്ങളാണ് പട്ടിണിയുടെ പിടിയില്‍. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ അഞ്ചു വയസ്സിനു താഴെയുള്ള 29,000 കുട്ടികള്‍  പോഷകാഹാരക്കുറവു കാരണം മരിച്ചു. പത്തു ലക്ഷം സോമാലികള്‍ അഭയാര്‍ഥികളാണ്. ഇവരില്‍ നാലു ലക്ഷം പേര്‍ തലസ്ഥാനമായ മൊഗാദീശുവിന് പുറത്ത് അഫ്ഗൂയി ക്യാമ്പില്‍ മരിച്ചു ജീവിക്കുന്നു. രണ്ടേമുക്കാല്‍ ലക്ഷം പേര്‍ കെനിയയിലെ ക്യാമ്പുകളിലും. സോമാലിയ, എത്യോപ്യ, കെനിയ, ജിബൂട്ടി, എരിത്രിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഫ്രിക്കന്‍ കൊമ്പ് എന്നറിയപ്പെടുന്ന മേഖലയിലെ 37 ലക്ഷം ജനങ്ങള്‍ ദാരിദ്ര്യത്തിലാണ്. അറുപത് ലക്ഷം പേര്‍ പട്ടിണിയിലും. സോമാലിയയില്‍ മാത്രം ഒരു കോടി 24 ലക്ഷം ജനങ്ങള്‍ അടിയന്തര സഹായത്തിന് അര്‍ഹരാണെന്ന് യു.എന്‍ ജീവകാരുണ്യ വിഭാഗം കണക്കാക്കിയിരിക്കുന്നു.
 
മുപ്പതു ശതമാനം കുട്ടികള്‍ക്ക് രൂക്ഷമായ പോഷകാഹാരക്കുറവ് ഉണ്ടാവുക, പതിനായിരത്തില്‍ രണ്ടുപേര്‍ നിത്യവും മരണപ്പെടുക, ഇരുപതു ശതമാനം ജനങ്ങള്‍ക്കും ആവശ്യമായ ഭക്ഷണമോ കുടിവെള്ളമോ ലഭ്യമാവാതിരിക്കുക തുടങ്ങിയവയാണ് പട്ടിണി രാജ്യമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡം. സോമാലിയ പട്ടിണിയിലേക്ക് തെന്നി നീങ്ങുകയാണെന്നും പെട്ടെന്നെന്തെങ്കിലും ചെയ്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും ഐക്യ രാഷ്ട്രസഭക്ക് 2010 സെപ്റ്റംബറില്‍ തന്നെ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. എന്നാല്‍ 2011 ജൂലൈ 20നു മാത്രമാണ് യു.എന്‍ ഔദ്യോഗികമായി അന്താരാഷ്ട്ര അഭ്യര്‍ഥന നടത്തിയത്. സോമാലിയയെ മൊത്തം പട്ടിണിയില്‍നിന്ന് മോചിപ്പിക്കാന്‍ 250 കോടി ഡോളര്‍ ആവശ്യമാണ്. അമേരിക്ക 430 മില്യന്‍ ഡോളറും ബ്രിട്ടന്‍ 90 മില്യന്‍ ഡോളറും നല്‍കി. ബ്രിട്ടീഷ് ജനതയുടെ സംഭാവനയായി 80 മില്യന്‍ ഡോളറും സ്വരൂപിച്ചു. ബ്രസീല്‍ പ്രഖ്യാപിച്ച സംഖ്യയുടെ അടുത്തു പോലുമെത്തിയില്ല ഫ്രാന്‍സും ജര്‍മനിയും വാഗ്ദാനം ചെയ്ത തുക. ഇറ്റലിയാവട്ടെ, ഒന്നും തരാനാവില്ലെന്ന് തീര്‍ത്തു പറഞ്ഞു. ആഫ്രിക്കയിലെ നിരവധി രാജ്യങ്ങളെ കോളനികളാക്കി ഭരിച്ചവരുടെ പിന്മുറക്കാര്‍ക്ക് പഴയ ചരിത്രമൊന്നും കേള്‍ക്കാനിഷ്ടമില്ല. യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തില്‍പെട്ട് ഞെരുങ്ങുന്നതിനാല്‍ സഹായാഭ്യര്‍ഥന വേണ്ടവിധം ഫലിക്കില്ലെന്നാണ് യു.എന്‍ പറയുന്നത്. അത് ശരിയുമാണ്.
 
പ്രതിസന്ധി മൂര്‍ഛിച്ചപ്പോഴാണ് മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിക്കു പോലും ഗൗരവം ബോധ്യപ്പെട്ടത്. അടിയന്തര ഉച്ചകോടി ഇസ്തംബൂളില്‍ വിളിച്ചു ചേര്‍ത്തതാവട്ടെ ആഗസ്റ്റ് 17-നും. സോമാലിയയിലെ പട്ടിണിക്കെതിരെ നടത്തിയ 'യുദ്ധപ്രഖ്യാപന'ത്തില്‍ ഒ.ഐ.സിയിലെ അമ്പതിലേറെ വരുന്ന രാജ്യങ്ങള്‍ നല്‍കുന്നത് 350 മില്യന്‍ ഡോളര്‍. ഇത് 500 മില്യന്‍ ഡോളറായി ഉയരുമെന്ന് സെക്രട്ടറി ജനറല്‍ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. റമദാനില്‍ ടണ്‍ കണക്കിന് ഭക്ഷണ പദാര്‍ഥങ്ങള്‍ പാഴാക്കിക്കളയുന്ന സമ്പന്ന മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മക്ക് പോലും സോമാലിയയിലെ സ്വന്തം സഹോദരങ്ങളുടെ യാതനകള്‍ നേരാംവണ്ണം കാണാനായില്ല.
 
ചില മുസ്‌ലിം രാജ്യങ്ങള്‍ സോമാലിയയിലേക്ക് കാര്യമായി ശ്രദ്ധയൂന്നുകയുണ്ടായി. ഖത്തറിലെ വിവിധ ചാരിറ്റികള്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ അയക്കുക മാത്രമല്ല, സകാത്തിന്റെ വലിയൊരു വിഹിതം സോമാലിയക്കാണ് അയച്ചത്. സുഊദി ഭരണാധികാരി നേരിട്ടാണ് സോമാലിയന്‍ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തത്. അതേസമയം പട്ടിണി പ്രദേശങ്ങള്‍ നേരില്‍ സന്ദര്‍ശിച്ച് സോമാലിയയെ കരകയറ്റുമെന്ന് പ്രഖ്യാപിച്ചത് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ്. പത്‌നി അമീനയോടൊപ്പം അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച ഉര്‍ദുഗാന്‍ വിവിധ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചു. സോമാലിയയില്‍ തുര്‍ക്കി എംബസി തുറക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ജിബൂട്ടി, സുഡാന്‍, ലിബിയ, എത്യോപ്യ, ഏഷ്യന്‍ രാജ്യമായ യമന്‍ എന്നിവ മാത്രമേ സോമാലിയയില്‍ എംബസി തുറന്നിട്ടുള്ളൂ. അഞ്ചു ക്യാബിനറ്റ് അംഗങ്ങളും സോമാലിയന്‍ സന്ദര്‍ശനത്തില്‍ ഉര്‍ദുഗാനോടൊപ്പമുണ്ടായിരുന്നു. തുര്‍ക്കിയിലെ ജനങ്ങളില്‍നിന്ന് 115 മില്യന്‍ ഡോളര്‍ സ്വരൂപിച്ചിരുന്നു. അത് 200 മില്യന്‍ ഡോളറായി ഉയര്‍ത്താനാണ് നീക്കം.
 
 
വരള്‍ച്ചയും അല്‍ശബാബും
 
പട്ടിണിക്ക് മുഖ്യ കാരണം കിഴക്കന്‍ ആഫ്രിക്കയില്‍ തുടര്‍ന്നുവരുന്ന വരള്‍ച്ചയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സോമാലിയ, എത്യോപ്യ, കെനിയ, ജിബൂട്ടി, എരിത്രിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ കാര്‍ഷിക രംഗം നാമാവശേഷമായതിനാല്‍ ഭക്ഷ്യോല്‍പാദനം, കാലി സമ്പത്ത് തുടങ്ങിയ സാമ്പത്തിക മേഖലകള്‍ വന്‍ തകര്‍ച്ചയിലാണ്. 1991-ല്‍ സിയാദ് ബരിയുടെ പതനത്തിനുശേഷം സോമാലിയയില്‍ ശരിയായൊരു ഗവണ്‍മെന്റ് ഉണ്ടായിട്ടില്ല. വിവിധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രാജ്യത്തെ പകുത്തെടുത്തിരിക്കുകയാണ്. ഭരണകൂടം നിലനില്‍ക്കുന്നതിനാലാണ് കെനിയയെപ്പോലുള്ള രാജ്യങ്ങള്‍ പട്ടിണി മരണങ്ങളെ അതിജീവിച്ചത്. എന്നാല്‍, സോമാലിയയിലെ പട്ടിണിക്കു കാരണക്കാരായി പടിഞ്ഞാറന്‍ രാജ്യങ്ങളും യു.എന്‍ ഏജന്‍സികളും കുറ്റപ്പെടുത്തുന്നത് സായുധ പോരാളി സംഘടനയായ അല്‍ ശബാബിനെയാണ്. അല്‍ ശബാബിന്റെ പല നിലപാടുകളും എരിതീയില്‍ എണ്ണയൊഴിക്കുന്നതിനു തുല്യമായിരുന്നു. യു.എന്‍ ഭക്ഷ്യ വിതരണ പദ്ധതി പ്രകാരം സോമാലിയക്ക് നല്‍കിവരുന്ന ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതി 2009-ല്‍ അവര്‍ നിരോധിച്ചു. തെക്കന്‍ സോമാലിയയിലെ പത്തു ലക്ഷത്തോളം ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കിവരുന്ന പദ്ധതി 2010 മേയില്‍ യു.എന്‍ നിര്‍ത്തിവെക്കുകയുണ്ടായി. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച 48 പേര്‍ രണ്ടു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടതും ലോക ഭക്ഷ്യപദ്ധതിയുടെ (ഡബ്ലിയു. എഫ്.പി) നാല് സ്റ്റാഫ് അംഗങ്ങളെ അല്‍ ശബാബുകാര്‍ വധിച്ചതും ഓഫീസ് ഉപകരണങ്ങള്‍ കൊള്ളയടിച്ചതും വനിതാ ജീവനക്കാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതുമൊക്കെ പദ്ധതി നിര്‍ത്തിവെക്കാന്‍ യു.എന്‍ നിരത്തിയ കാരണങ്ങളാണ്. എന്നാല്‍ യു.എന്‍ ഉദ്യോഗസ്ഥരില്‍ ചിലരും പാശ്ചാത്യ ജീവകാരുണ്യ സംഘടനാ വളണ്ടിയര്‍മാരും സഹായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ക്രിസ്തീയ മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് അല്‍ ശബാബ് ആരോപിക്കുന്നു. അതാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരുത്താന്‍ കാരണം.
 
പട്ടിണി ഭീകരതാണ്ഡവമാടിയ പ്രദേശങ്ങളായ ബകൂല്‍, ലോവര്‍ ശാബല്ല എന്നിവ അല്‍ ശബാബിന്റെ നിയന്ത്രണത്തിലാണ്. അല്‍ ശബാബിനെ ഭീകരസംഘടനയായി മുദ്രകുത്തിയതിനാല്‍ അവര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലേക്ക് അമേരിക്ക ഒരുവിധത്തിലുള്ള സഹായങ്ങളും നല്‍കുന്നില്ല. പട്ടിണി ബാധിച്ച ജനങ്ങളില്‍ 60 ശതമാനവും അല്‍ ശബാബിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് കഴിയുന്നതെന്ന് യു.എസ് എയിഡ് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ഡോണാള്‍ഡ് സ്റ്റെയിന്‍ബര്‍ഗ് ലണ്ടനില്‍ പത്രസമ്മേളത്തില്‍ പറയുകയുണ്ടായി. പട്ടിണി മരണങ്ങള്‍ തടയുന്നതിന് പാശ്ചാത്യ സഹായം സ്വീകരിക്കാമെന്ന് ശബാബിന്റെ ലോവര്‍ ശാബല്ലയിലെ നേതാക്കളായ മുഖ്താര്‍ അലി ഗാബോയും ശൈഖ് ഹസന്‍ ദാഹിറും പ്രഖ്യാപിച്ചത് സംഘടനക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. അല്‍ഖാഇദയുമായി ബന്ധം പുലര്‍ത്തുന്ന അല്‍ ശബാബിന്റെ മറ്റൊരു പ്രമുഖ നേതാവ് അഹ്മദ് അബ്ദി ഗോദാനെ ഇതിന് എതിരാണ്.
 
തങ്ങള്‍ അല്‍ഖാഇദയുമായി ബന്ധമുള്ളവരാണെന്ന അല്‍ ശബാബിന്റെ പരസ്യ പ്രഖ്യാപനം വന്നതോടെ ഭക്ഷ്യ വിതരണത്തിന് അനുവദിച്ച ഫണ്ടില്‍ പകുതിയും അമേരിക്ക തടയുകയും ഭക്ഷ്യ സഹായം അല്‍ ശബാബിനോ മറ്റു സായുധ സംഘടനകള്‍ക്കോ എത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം യു.എന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥനെ ഏല്‍പിക്കുകയും ചെയ്തു. സഹായധനം അല്‍ ശബാബിന്റെ കരങ്ങളില്‍ എത്തുന്നില്ലെന്ന് ഡബ്ലിയു.എഫ്.പി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത് യു.എസ് നേതൃത്വത്തെ അറിയിച്ചെങ്കിലും നിലപാടില്‍ മാറ്റമുണ്ടായില്ല. അതേസമയം അല്‍ ശബാബ് പണമുണ്ടാക്കുന്നത് മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണെന്ന് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സോമാലിയന്‍ പത്രപ്രവര്‍ത്തകന്‍ അബ്ദുര്‍റഹ്മാന്‍ അയിന്റെ പറയുന്നു. അവശ്യവസ്തുക്കള്‍ വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിന് രജിസ്‌ട്രേഷന്‍ ഫീസായി 4,000 മുതല്‍ 10,000 ഡോളര്‍ വരെ ആവശ്യപ്പെടുന്നതാണ് അതില്‍ പ്രധാനം. ബകാറ മാര്‍ക്കറ്റിലെ കടകളില്‍നിന്നും ടെലികോം കമ്പനികളില്‍നിന്നും പ്രതിമാസം നിശ്ചിത സംഖ്യയും  ഈടാക്കുന്നുണ്ട്. സോമാലിയയിലെ രണ്ടാമത്തെ വലിയ നഗരമായ കിസ്മായോ ഉള്‍പ്പെടെ പല തുറമുഖ നഗരങ്ങളുടെ നിയന്ത്രണം അല്‍ ശബാബിനാണ്.
 
 
ഫെയില്‍ഡ് സ്റ്റേറ്റ്
 
1960 ജൂലൈ ഒന്നിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഒമ്പതു വര്‍ഷം മാത്രമാണ് ജനാധിപത്യാടിസ്ഥാനത്തിലുള്ള ഭരണക്രമം അനുഭവിക്കാന്‍ സോമാലിയക്ക് ഭാഗ്യമുണ്ടായത്. രണ്ടാം പ്രസിഡന്റായിരുന്ന അബ്ദുര്‍റശീദ് അലി ശര്‍മാര്‍കി 1969-ല്‍ വധിക്കപ്പെട്ടതോടെ രാജ്യത്തിന്റെ ദുരോഗ്യം തുടങ്ങി. സൈന്യം നടത്തിയ അട്ടിമറിയിലൂടെ അധികാരത്തിലേറിയ സിയാദ് ബരി രണ്ടു പതിറ്റാണ്ടിലേറെക്കാലം ഉരുക്കുമുഷ്ടിയാണ് പ്രയോഗിച്ചത്. സോവിയറ്റ് യൂനിയന്‍ അനുകൂലിയായ സിയാദ്, കമ്യൂണിസ്റ്റ് സര്‍വാധിപത്യത്തിന്റെ മുഴുവന്‍ ദൂഷ്യങ്ങളും പ്രകടിപ്പിച്ചു. രാഷ്ട്രീയപാര്‍ട്ടികളെ നിരോധിക്കുകയും പാര്‍ലമെന്റും സുപ്രീം കോടതിയും പിരിച്ചുവിടുകയും ചെയ്തു. ഭരണഘടന സസ്‌പെന്റ് ചെയ്തു. ഭരണത്തിന് വെല്ലുവിളി ഉയര്‍ത്തിയ ഗോത്ര വിഭാഗങ്ങളെ ദൂബ് കാസ് എന്ന പേരില്‍ പ്രത്യേക സേനയെ നിയോഗിച്ച് അടിച്ചമര്‍ത്താനുള്ള ബരിയുടെ നീക്കം വിജയിച്ചില്ല. 1986ല്‍ ആരംഭിച്ച ജനകീയ പ്രക്ഷോഭം 1991 ജനുവരി 26-ന് ബരിയെ താഴെയിറക്കുന്നതിലാണ് കലാശിച്ചത്. എന്നാല്‍ ബരിയെ വീണ്ടും പ്രതിഷ്ഠിക്കാനുള്ള പ്രതിവിപ്ലവ നീക്കങ്ങളും ഗോത്രങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങളും രാജ്യത്തെ കടുത്ത ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിട്ടു.
 
യു.എന്നിന്റെ മറവില്‍ സോമാലിയയില്‍ ഇടപെടാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ ആ രാജ്യത്തിനു നാണക്കേടുണ്ടാക്കുന്ന തരത്തിലാണ് പര്യവസാനിച്ചത്. അമേരിക്കന്‍ പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വോയ്‌സ് ഓഫ് അമേരിക്ക സോമാലി വാര്‍ത്താ സര്‍വീസ് പോലും ആരംഭിച്ചു. എന്നാല്‍ '93-ലെ ബ്ലാക്ക് ഹോക്ക് സംഭവം അമേരിക്കന്‍ സൈനികരുടെ മനോവീര്യം കെടുത്തി. യുദ്ധ പ്രഭുക്കളിലൊരാളായ മുഹമ്മദ് ഫറാ ഐദീദിനെ അനുകൂലിക്കുന്ന മിലീഷ്യകള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 18 യു.എസ് സൈനികരെ ജനം തെരുവിലൂടെ വലിച്ചിഴച്ച സംഭവം ലോക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. അതിനു ശേഷമാണ് സോമാലിയയിലെ അധിനിവേശ മോഹം ബാക്കിയാക്കി അമേരിക്ക സ്ഥലംവിട്ടത്.
 
അരാജകത്വം നിലനിന്ന സോമാലിയയില്‍ അതിന് തെല്ലൊരു പരിഹാരമായത് ഐ.സി.യു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇസ്‌ലാമിക് കോര്‍ട്‌സ് യൂനിയന്‍ (ഇത്തിഹാദുല്‍ മഹാകിമില്‍ ഇസ്‌ലാമിയ) ആണ്. ശരീഅഃ നിയമം അടിസ്ഥാനമാക്കി സിവില്‍, ക്രിമിനല്‍ പ്രശ്‌നങ്ങളില്‍ വിധി പറഞ്ഞിരുന്ന വിവിധ കോര്‍ട്ടുകള്‍ ക്രമേണ നിയമപാലക രംഗത്തും ശ്രദ്ധയൂന്നുകയും ഐക്യപ്പെടുകയും ചെയ്തു. അയല്‍ രാജ്യമായ എരിത്രിയയുടെ സഹായത്തോടെ  സോമാലിയയുടെ ഏതാണ്ട് വലിയൊരു ഭാഗത്തിന്റെയും നിയന്ത്രണം ഐ.സി.യു ഏറ്റെടുത്തു. ഏറെക്കാലം പ്രവര്‍ത്തനരഹിതമായിരുന്ന മൊഗാദീശു അന്താരാഷ്ട്ര വിമാനത്താവളവും തുറമുഖവും തുറന്നത് 2006-ല്‍ ഇസ്‌ലാമിസ്റ്റ് ഭരണത്തിലാണ്. ഇസ്‌ലാമിസ്റ്റുകളുടെ രംഗപ്രവേശം ഇഷ്ടപ്പെടാതിരുന്ന മതേതരവാദികള്‍ നേതൃത്വം നല്‍കുന്ന മിലീഷ്യകള്‍ സമാധാന പുനഃസ്ഥാപനത്തിനും ഭീകരവാദത്തിനുമെതിരായ സഖ്യം (എ.ആര്‍.പി.സി.ടി) എന്ന പേരില്‍ സംഘടിക്കുകയും അമേരിക്കന്‍ ഭരണകൂടം വന്‍ സാമ്പത്തിക സഹായം നല്‍കി ഇവരെ പിന്തുണക്കുകയും ചെയ്തു. എന്നാല്‍ 2006 ജൂണില്‍ പ്രസ്തുത സഖ്യത്തെ പരാജയപ്പെടുത്തി തലസ്ഥാനമായ മൊഗാദീശുവിന്റെ പൂര്‍ണ നിയന്ത്രണം ഐ.സി.യു ഏറ്റെടുത്തു. ഈ ഘട്ടത്തിലാണ് അമേരിക്കന്‍ പിന്തുണയോടെ എത്യോപ്യന്‍ സൈന്യം സോമാലിയയില്‍ ഇടപെടുന്നത്. 2007-ല്‍ ഇസ്‌ലാമിസ്റ്റ് കേന്ദ്രങ്ങള്‍ക്കുനേരെ ബോംബു വര്‍ഷിച്ചതോടെ 1990-നു ശേഷമുള്ള രണ്ടാമത്തെ യു.എസ് ഇടപെടലിനും സോമാലിയ സാക്ഷ്യം വഹിച്ചു. ഇസ്‌ലാമിസ്റ്റുകളെ പുറത്താക്കുകയും 2004-ല്‍ കെനിയയില്‍ നിലവില്‍ വന്ന സോമാലിയന്‍ ട്രാന്‍സിഷനല്‍ സര്‍ക്കാറിന് രാജ്യത്തിന്റെ നിയന്ത്രണം ഏല്‍പിച്ചുകൊടുക്കുകയായിരുന്നു അമേരിക്കന്‍ എത്യോപ്യന്‍ ഇടപെടലിന്റെ ലക്ഷ്യം. ഏത്യോപ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഐ.സി.യുവില്‍ വിള്ളലുണ്ടാവുകയും അല്‍ ശബാബിനെപ്പോലുള്ള സംഘടനകള്‍ സര്‍ക്കാറിനെതിരെ പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്തു. 2008-ല്‍ എത്യോപ്യന്‍ സൈന്യത്തെ പുറത്താക്കുന്നതില്‍ അവര്‍ വിജയിച്ചു. അതിനിടെ ഐ.സി.യുവിന്റെ മുന്‍ കമാണ്ടര്‍ ശരീഫ് ശൈഖ് അഹ്മദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍  ഗവണ്‍മെന്റുമായി സമാധാന കരാറിലെത്തി. 2009-ല്‍ സോമാലി പ്രസിഡന്റായി സ്ഥാനമേറ്റ ശരീഫ് ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുന്നു. മതേതരവാദികളുമായി സന്ധി ചെയ്‌തെന്ന് ആരോപിച്ച് അല്‍ ശബാബും സമാന സംഘടനകളും ഗവണ്‍മെന്റിനെതിരെ നടത്തുന്ന പോരാട്ടത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് ശരീഫാണ്. ഒന്നിലേറെ തവണ അദ്ദേഹം വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടു. മൊഗാദീശു നഷ്ടപ്പെട്ടെങ്കിലും രാജ്യത്തിന്റെ വലിയൊരു ഭാഗം അല്‍ ശബാബിന്റെ നിയന്ത്രണത്തിലാണ്. ഇതിനകം മൂന്നായി വിഭജിക്കപ്പെട്ട സോമാലിയയുടെ ഭാവി പ്രവചനാതീതമാണ്. 1991-ലെ ബരി ഗവണ്‍മെന്റിന്റെ പതനത്തെത്തുടര്‍ന്ന് സോമാലി നാഷ്‌നല്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വലിയൊരു പ്രദേശം സോമാലി ലാന്റ് എന്ന പേരില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അംഗീകാരം ലഭിച്ചില്ലെങ്കിലും വിഘടിത രാജ്യത്തിന് സൈന്യവും വിവിധ രാജ്യങ്ങളുമായി രാഷ്ട്രീയ ബന്ധങ്ങളുമുണ്ട്. വടക്കു---കിഴക്കന്‍ സോമാലിയയിലെ ഗരോവേ, നുജാല്‍ തുടങ്ങിയ പ്രവിശ്യകള്‍ ഉള്‍പ്പെടെ രണ്ടു ലക്ഷത്തിലേറെ ചതുരശ്ര കി.മീറ്റര്‍ വിസ്തൃതിയുള്ള ഭൂപ്രദേശം 1998-ല്‍ വേര്‍പെട്ട് 'പന്റ്‌ലാന്റ്' എന്ന പേരില്‍ സ്വയംഭരണ പ്രദേശമായി പ്രഖ്യാപിച്ചു. സോമാലിയന്‍ ജനതയുടെ മൂന്നിലൊന്ന് ഇവിടെയാണ് വസിക്കുന്നത്.
 
 
വിഭവക്കൊള്ള
 
ധാതുക്കളും പ്രകൃതി വിഭവങ്ങളും നിറഞ്ഞ ആഫ്രിക്കന്‍ രാജ്യങ്ങളെ കൊള്ളയടിച്ച സാമ്രാജ്യത്വ ശക്തികള്‍ അവര്‍ക്ക് തിരിച്ചെന്ത് നല്‍കിയെന്ന് ഈ സാഹചര്യത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ജനങ്ങളെ ഊറ്റിക്കുടിച്ചവര്‍ പ്രതിസന്ധിയില്‍ അവരെ സഹായിക്കാന്‍ പോലും താല്‍പര്യം കാണിക്കുന്നില്ല. മറ്റേത് ആഫ്രിക്കന്‍ രാജ്യത്തെയും വെല്ലുന്ന കടല്‍ സമ്പത്തുള്ള നാടാണ് സോമാലിയ. 3,000 കി.മീറ്റര്‍ നീണ്ടുനില്‍ക്കുന്ന കടല്‍ തീരം സോമാലിയയുടെ മാത്രം പ്രത്യേകതയാണ്. രാജ്യം ആഭ്യന്തര കലാപത്തില്‍ പതിക്കുകയും ഗവണ്‍മെന്റും നിയമപാലകരും ഇല്ലാതാവുകയും ചെയ്തതോടെ വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഭീമന്‍ കപ്പലുകള്‍ സോമാലിയന്‍ തീരങ്ങളില്‍ നിര്‍ബാധം പ്രവേശിച്ചു തുടങ്ങി. മത്സ്യ സമ്പത്ത് ഊറ്റിയെടുക്കുന്നതോടൊപ്പം തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് ഓടിക്കുകയും ചെയ്തു ഇവര്‍. വിഷ പദാര്‍ഥങ്ങളും മറ്റു മാലിന്യങ്ങളും ധാരാളമായി സോമാലിയന്‍ കടലില്‍ ഒഴുക്കിയിരുന്നതായി യു.എന്‍ അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു. ഒന്നര പതിറ്റാണ്ടോളം വിദേശ കടന്നുകയറ്റക്കാരുടെ നിയന്ത്രണത്തിലായിരുന്നു കടല്‍ സമ്പത്ത്. വിദേശികളുടെ കൊള്ളക്കെതിരെ സംഘടിച്ച സോമാലിയന്‍ യുദ്ധപ്രഭുക്കള്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി കടല്‍ക്കൊള്ള നടത്തിയാണ് പകരം ചോദിക്കുന്നത്. കപ്പലുകള്‍ പിടികൂടുകയും വന്‍ സംഖ്യ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇടക്കാലത്ത് വര്‍ധിച്ചുവരുന്നു. കടല്‍ക്കൊള്ളക്കാരുടെ പ്രവര്‍ത്തനങ്ങള്‍ സോമാലിയന്‍ തീരത്ത് ഒതുങ്ങി നില്‍ക്കാതെ ഇന്ത്യന്‍ സമുദ്ര തീരത്തേക്കും വ്യാപിച്ചിരിക്കുകയാണ്. 2010-ല്‍ മാത്രം 238 മില്യന്‍ ഡോളര്‍ ഇവ്വിധം അവര്‍ കൈക്കലാക്കിയിരിക്കാമെന്നാണ് റിപ്പോര്‍ട്ട്.
 
ആഫ്രിക്കയിലെ പട്ടിണി പ്രകൃതിപരവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ മൂലമല്ല, മനുഷ്യ ഇടപെടലുകള്‍ കാരണമാണെന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ധനും ലോക ബാങ്ക് ഉപദേശകരിലൊരാളുമായ വൂള്‍ഫ്ഗാങ് ഫെംഗ്ലര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്. പ്രാദേശിക വിപണികളുടെ നിയന്ത്രണം പിടിച്ചെടുക്കുന്ന സാമ്പത്തിക ശക്തികളാണ് കുതിച്ചുയരുന്ന ഭക്ഷ്യ പ്രതിസന്ധിക്ക് ഇടയാക്കുന്നത്. മുതലാളിത്ത രാജ്യങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാകുമ്പോള്‍ ആഫ്രിക്ക പോലുള്ള മേഖലകളില്‍ തീവിലയാണ്. ചോളത്തിന് അമേരിക്കയിലും ജര്‍മനിയിലും നല്‍കുന്നതിന്റെ 60 മുതല്‍ 70 വരെ ഇരട്ടി വില ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നല്‍കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധിക്ക് എല്ലാവരും കാരണക്കാരാണെന്ന് ഹ്യൂമണ്‍റൈറ്റ്‌സ് വാച്ച് 58 പേജുള്ള റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അല്‍ ശബാബും അകാരണമായി ജനങ്ങളെ അറസ്റ്റ് ചെയ്ത് തടവിലാക്കുന്ന ഗവണ്‍മെന്റ് സൈനികരും സോമാലിയന്‍ പ്രശ്‌നത്തില്‍ കുറ്റകരമായ അനാസ്ഥ കാട്ടുന്ന രാജ്യങ്ങളും കൂട്ടുപ്രതികളാണ്.
 
സോമാലിയക്കുമേലുള്ള കറുത്ത മേഘപടലങ്ങള്‍ അല്‍പാല്‍പമായി നീങ്ങിത്തുടങ്ങിയത് ആശ്വാസകരമാണ്. അല്‍ ശബാബുകാര്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ അന്താരാഷ്ട്ര ഭക്ഷ്യ സഹായ വിതരണത്തിനുള്ള വിലക്കുകള്‍ നീക്കിയതും മൊഗാദീശുവില്‍നിന്ന് ആഗസ്റ്റ് ആറിന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിച്ചതുമാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് സോമാലിയന്‍ തലസ്ഥാനം ഒരൊറ്റ ഗവണ്‍മെന്റിന്റെ ഭരണത്തിലായത്. അല്‍ ശബാബ് നിയന്ത്രിത മേഖലകളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്കുമേല്‍ പ്രഖ്യാപിച്ചിരുന്ന ഉപരോധ നടപടികള്‍ക്ക് തല്‍ക്കാലം ഇളവ് അനുവദിക്കാന്‍ അമേരിക്ക തീരുമാനിച്ചതാണ് മറ്റൊരു കാര്യം. പട്ടിണി വ്യാപകമായ പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉപരോധം ഭയന്ന് പല സംഘടനകളും നിര്‍ത്തിവെച്ചിരുന്നു. അല്‍ ശബാബിനോടുള്ള ശത്രുതകള്‍ മാറ്റിവെച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധതിരിക്കാന്‍ ട്രാന്‍സിഷനല്‍ ഫെഡറല്‍ ഗവണ്‍മെന്റ് തീരുമാനിച്ചതും ശുഭോദര്‍ക്കമാണ്. ആയുധം താഴെവെക്കുന്ന അല്‍ ശബാബ് പോരാളികള്‍ക്ക് പൊതുമാപ്പ് നല്‍കുമെന്നും ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
 
'സോമാലിയന്‍ ജനത മൂന്നാം ലോകത്തെ വെറും പട്ടിണിപ്പാവങ്ങളായിരുന്നപ്പോള്‍ നാം അവര്‍ക്ക് നല്‍കിയത് തോക്കുകളായിരുന്നു. പട്ടിണിമൂലം അവര്‍ മരിച്ചുവീഴുമ്പോള്‍ സൈന്യത്തെയാണ് നാം അയച്ചുകൊടുത്തത്.'”അമേരിക്കന്‍ ഗ്രന്ഥകാരിയും എഴുത്തുകാരിയുമായി ബാര്‍ബറ എഹ്‌റെന്റിച്ചിന്റെ ഈ വരികളാണ് അക്ഷരാര്‍ഥത്തില്‍ സോമാലിയയില്‍ പുലരുന്നത്. വിദേശ ഇടപെടലുകളും ഇസ്‌ലാമിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന അല്‍ ശബാബിനെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളും പ്രതിസന്ധി വര്‍ധിപ്പിക്കുകയേയുള്ളൂ. രണ്ടു പതിറ്റാണ്ട് നീണ്ട അരാജകത്വത്തില്‍നിന്നും ആഭ്യന്തര കലാപങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് ശക്തമായ ഒരു സര്‍ക്കാറിനുകീഴില്‍ രാജ്യം ഒറ്റക്കെട്ടായി നിന്നാല്‍ പട്ടിണി മരണങ്ങളുടെ ദീനരോദനങ്ങളില്‍നിന്ന് സോമാലിയക്ക് രക്ഷപ്പെടാം.
 
niazabdullah@gmail.com
 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


പി.കെ. നിയാസ്‌19.2.2011 പ്രബോധനം
ഈജിപ്‌തില്‍ ജനകീയ പ്രക്ഷോഭം കൊടുമ്പിരികൊണ്ടപ്പോള്‍ അമേരിക്കയുടെ നിലപാട്‌ അറിയാന്‍ ലോകം ശ്രദ്ധാപൂര്‍വം കാതുകൂര്‍പ്പിച്ചു. അധികാരക്കൈമാറ്റത്തിന്‌ ഹുസ്‌നി മുബാറക്കിനോട്‌ പ്രസിഡന്റ്‌ ഒബാമ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഇതല്ലാതെ അമേരിക്കക്ക്‌ മുന്നില്‍ മറ്റു വഴികളില്ലെന്ന്‌ നിരീക്ഷകര്‍ അഭിപ്രായപ്പെടുകയും ചെയ്‌തു. അമേരിക്കയുടെ നിലപാട്‌ അറിയിക്കാന്‍ മുന്‍ നയതന്ത്രജ്ഞന്‍ ഫ്രാങ്ക്‌ വീസ്‌നറെയാണ്‌ ഒബാമ കയ്‌റോയിലേക്ക്‌ അയച്ചത്‌. അറിയപ്പെടുന്ന ലോബിയിംഗ്‌ ഗ്രൂപ്പായ പാറ്റന്‍ ബോഗ്‌സിലെ ശമ്പളം പറ്റു ഉദ്യോഗസ്ഥനാണ്‌ ഈജിപ്‌തിലും ഇന്ത്യയിലും അംബാസഡറായി സേവനമനുഷ്‌ഠിച്ച വീസ്‌നര്‍. ഏറെക്കാലമായി ഈജിപ്‌ഷ്യന്‍ ഭരണകൂടത്തിനുവേണ്ടി അമേരിക്കയില്‍ ലോബിയിംഗ്‌ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്‌ വീസ്‌നറുടെ സ്ഥാപനമാണ്‌. മുബാറക്കുമായി അദ്ദേഹത്തിനുള്ള അടുത്ത ബന്ധം മുന്‍നിര്‍ത്തിയാണ്‌ ഗവണ്‍മെന്റുമായി ബന്ധമില്ലാത്ത ഒരാളെ ദൂതനായി അയച്ചതെന്നായിരുന്നു വൈറ്റ്‌ഹൗസ്‌ വിശദീകരിച്ചത്‌.
മിഡിലീസ്റ്റിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തായ മുബാറക്ക്‌ അല്‍പകാലം കൂടി അധികാരത്തില്‍ തുടരേണ്ടത്‌ ആവശ്യമാണെന്ന്‌ മ്യൂണിച്ചില്‍ വന്‍ശക്തി രാജ്യങ്ങളുടെ സമ്മേളനത്തില്‍ വീസ്‌നര്‍ പരസ്യമാക്കി. ഇനിയുമൊരുവട്ടം പ്രസിഡന്റായി മത്സരിക്കില്ലെന്ന്‌ പ്രഖ്യാപിക്കാന്‍ മാത്രമാണ്‌ ഒബാമ അവശ്യപ്പെട്ടത്‌. അത്‌ അംഗീകരിച്ച മുബാറക്‌ സെപ്‌റ്റംബറില്‍ കാലാവധി പൂര്‍ത്തിയായാല്‍ സ്ഥാനമൊഴിയാമെന്ന്‌ ഉറപ്പു നല്‍കി. മുബാറക്‌ നിയമിച്ച വൈസ്‌ പ്രസിഡന്റ്‌ ഉമര്‍ സുലൈമാന്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയതോടെ പ്രതിസന്ധിയില്‍നിന്ന്‌ ഈജിപ്‌ത്‌ കരകയറിക്കൊണ്ടിരിക്കുകയാണെന്ന്‌ ഒബാമ പ്രസ്‌താവിക്കുക കൂടി ചെയ്‌തതോടെ അങ്കിള്‍ സാമിന്റെ ഉദ്ദേശ്യം വ്യക്തമായി. ചിലിയില്‍ സാല്‍വഡോര്‍ അലന്‍ഡയെയും പനാമയില്‍ ജനറല്‍ നൊറിയേഗയെയും ഇറാഖില്‍ സദ്ദാം ഹുസൈനെയും സ്ഥാനഭ്രഷ്‌ടനാക്കിയതു പോലെ മുബാറക്കിനെയും അമേരിക്ക താഴെയിറക്കുമെന്ന്‌ കരുതാന്‍ ഒരു ശുഭാപ്‌തി വിശ്വാസിക്കും കഴിയില്ലെന്നത്‌ ചരിത്ര പാഠം. വരാനിരിക്കുന്ന ഏതു സര്‍ക്കാറും ഇസ്രയേലുമായുള്ള ബന്ധം ഉള്‍പ്പെടെ ഈജിപ്‌തിന്റെ മുഴുവന്‍ ഉടമ്പടികളും പാലിക്കണമെന്ന്‌ പറയാനും വൈറ്റ്‌ഹൗസ്‌ മറന്നില്ല. ഭാവിയില്‍ ഇസ്‌ലാമിസ്റ്റുകളുടെ കൈയില്‍ ഭരണം വന്നാലുള്ള ആശങ്കയായിരുന്നു പ്രസ്‌താവനക്ക്‌ ഹേതു.
ജമാല്‍ അബ്‌ദുന്നാസിറിന്റെ കാലത്ത്‌ സോവിയറ്റ്‌ യൂനിയനോട്‌ ചായ്‌വ്‌ പ്രകടിപ്പിച്ചിരുന്ന ഈജിപ്‌തിന്റെ വിദേശനയം അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക്‌ അനുസൃതമായി നീങ്ങിയത്‌ അന്‍വര്‍ സാദാത്ത്‌ ഭരണത്തിലാണ്‌. 1956-ല്‍ സൂയസ്‌ പ്രതിസന്ധി വേളയിലും 1967-ലെ ആറു ദിന യുദ്ധത്തിലും ഇസ്രയേല്‍ പിടിച്ചടക്കിയ സീനായ്‌ ഉപദ്വീപ്‌ വീണ്ടെടുക്കാനും അതുവഴി ഈജിപ്‌തിന്റെ സാമ്പത്തിക ഉന്നമനം ശക്തിപ്പെടുത്താനും സയണിസ്റ്റ്‌ രാജ്യവുമായി സമാധാനക്കരാറിലെത്തുകയാണ്‌ പോംവഴിയെന്ന്‌ മനസ്സിലാക്കിയ സാദാത്ത്‌ ആദ്യപടിയായി അമേരിക്കയുമായി അടുത്തു. ഇസ്രയേലിനും മുഖ്യ സ്‌പോണ്‍സറായ അമേരിക്കക്കുമെതിരെ അറബ്‌ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ചപ്പോഴായിരുന്നു സാദാത്തിന്റെ നീക്കം. അറബ്‌ മേഖലയില്‍ കയറിപ്പറ്റാന്‍ കിട്ടിയ അവസരം മുതലെടുത്ത അമേരിക്കന്‍ പ്രസിഡന്റ്‌ ജിമ്മി കാര്‍ട്ടര്‍ ക്യാമ്പ്‌ ഡേവിഡ്‌ കരാറിലൂടെ ഇസ്രയേലിനെയും ഈജിപ്‌തിനെയും ഒന്നിപ്പിച്ചു. 60,000 ചതുരശ്ര കി.മീറ്റര്‍ വിസ്‌തൃതിയുള്ള പ്രദേശം വീണ്ടുകിട്ടിയതാണ്‌ സാദാത്തിനെയും കൂട്ടരെയും സന്തോഷിപ്പിച്ചതെങ്കില്‍, അറബികള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാനും ഈജിപ്‌തിനെ മുന്നില്‍നിര്‍ത്തി തങ്ങളുടെയും ഇസ്രയേലിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കഴിഞ്ഞതിലെ ആഘോഷത്തിലായിരുന്നു അമേരിക്ക. 1979-ലെ ക്യാമ്പ്‌ ഡേവിഡ്‌ കരാറിനുശേഷം ഇന്നുവരെ 29 ബില്യന്‍ ഡോളറിന്റെ സൈനിക സഹായമാണ്‌ ഈജിപ്‌തിന്‌ അമേരിക്ക നല്‍കിയത്‌. ഇതിനു പുറമെയാണ്‌ 30 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായം.
തുനീഷ്യയില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ച ആദ്യ നാളുകളിലാണ്‌ സുരക്ഷാ സഹായം എന്ന പേരില്‍ ബിന്‍ അലി ഭരണകൂടത്തിന്‌ 12 മില്യന്‍ ഡോളര്‍ അമേരിക്കന്‍ ഭരണകൂടം അനുവദിച്ചത്‌. പ്രക്ഷോഭകര്‍ക്കുനേരെ പട്ടാളം ഉപയോഗിച്ച ആയുധങ്ങളില്‍ മെയ്‌ഡ്‌ ഇന്‍ അമേരിക്ക അടയാളമുണ്ടായിരുന്നു. പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ ഭരണകൂടത്തോട്‌ ഒപ്പമായിരുന്നു വാഷിംഗ്‌ടണ്‍. ജനുവരി 18-ന്‌, അഥവാ ബിന്‍ അലി രാജ്യം വിട്ടോടുന്നതിന്‌ മൂന്നുദിവസം മുമ്പ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ പറഞ്ഞത്‌ അമേരിക്ക ആരുടെയും പക്ഷം പിടിക്കുന്നില്ല എന്നായിരുന്നു. രക്ഷയില്ലെന്നു കണ്ട്‌ ബിന്‍ അലി രാജ്യം വിട്ടതോടെ അമേരിക്കയും ചുവടുമാറ്റി. `ഏകാധിപത്യ ഭരണകൂടത്തിന്റെ ഉരുക്കുമുഷ്‌ടിക്കെതിരെ ധീരതയോടെ നിലയുറപ്പിച്ച തുനീഷ്യന്‍ ജനത'യെ പ്രകീര്‍ത്തിക്കുന്ന ഒബാമയെയാണ്‌ ടെലിവിഷന്‍ ചാനലുകളും പത്രമാധ്യമങ്ങളും പിന്നീട്‌ പരിചയപ്പെടുത്തിയത്‌. എന്നാല്‍ ജീര്‍ണത പേറുന്ന ബിന്‍ അലിയുടെ പഴയ സഹപ്രവര്‍ത്തകര്‍ മാറിനില്‍ക്കണമെന്നും പ്രവാസ ജീവിതം നയിക്കുന്ന പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളെ (ഇസ്‌ലാമിസ്റ്റുകളും കമ്യൂണിസ്റ്റുകളുമാണവര്‍) നാട്ടിലേക്ക്‌ മടങ്ങിവരാന്‍ അനുവദിക്കണമെന്നും പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
ഏകാധിപതികള്‍ക്കെതിരെ അറബ്‌ ലോകത്ത്‌ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങള്‍ അമേരിക്കക്കെതിരായ താക്കീതാണ്‌. ഇസ്‌ലാമിസ്റ്റുകളെ അടിച്ചമര്‍ത്തുന്നുവെന്നതിന്റെ പേരില്‍ സകല ഏകാധിപതികളെയും പട്ടും വളയും നല്‍കി പോറ്റിയതിന്റെ പരിണിതഫലമാണ്‌ അമേരിക്ക അനുഭവിക്കുന്നത്‌. ജനവിരുദ്ധ ഭരണകൂടങ്ങളെ താങ്ങിനിര്‍ത്തുന്നതിന്‌ ജനാധിപത്യത്തെ ഗളഹസ്‌തം ചെയ്യാന്‍ പോലും അമേരിക്ക മടികാണിക്കാറില്ല. മുസ്‌ലിം ലോകത്ത്‌ സ്വേഛാപ്രമത്തരായ ഭരണകൂടങ്ങളെ സൃഷ്‌ടിച്ചത്‌ ഈ നിലപാടുകളാണ്‌. ഏകാധിപത്യവും രാജവാഴ്‌ചയും നിലനില്‍ക്കുന്ന അമേരിക്കയുടെ സുഹൃദ്‌ രാജ്യങ്ങളായ അള്‍ജീരിയയിലും യമനിലും ജോര്‍ദാനിലും ജനകീയ പ്രക്ഷോഭത്തിന്‌ തിരികൊളുത്തപ്പെട്ടിരിക്കുന്നു. തൊണ്ണൂറുകളുടെ ആദ്യം അള്‍ജീരിയയില്‍ ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറുമെന്ന്‌ ഉറപ്പായപ്പോള്‍ തെരഞ്ഞെടുപ്പ്‌ റദ്ദാക്കി പട്ടാളത്തെ വിട്ട്‌ ഇസ്‌ലാമിക്‌ സാല്‍വേഷന്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനും നേതാക്കളെ ജയിലിലടക്കാനും നിര്‍ദേശം നല്‍കിയത്‌ യു.എസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷായിരുന്നു. ഫലസ്‌ത്വീനില്‍ 2006-ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ഹമാസ്‌ മുന്നണി വിജയിച്ചപ്പോള്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്‌ ജൂനിയര്‍ ബുഷ്‌ ഭരണകൂടം. ലബനാനില്‍ സ്‌ഫോടനാത്മകമായ രാഷ്‌ട്രീയ പ്രതിസന്ധിയില്‍നിന്ന്‌ മുതലെടുക്കാനാണ്‌ വാഷിംഗ്‌ടണ്‍ ശ്രമിക്കുന്നത്‌. ഹിസ്‌ബുല്ലക്ക്‌ മേല്‍ക്കൈയുള്ള ഗവണ്‍മെന്റിന്‌ സഹായമുണ്ടാകില്ലെന്ന പ്രഖ്യാപനം അതിന്റെ ഭാഗമാണ്‌. ലബനാനിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന മുന്നണിയാണ്‌ ഹിസ്‌ബുല്ലയുടേത്‌. ക്രിസ്‌ത്യന്‍ സെക്യുലറിസ്റ്റ്‌ മിഷേല്‍ ഔനിന്റെ ഫ്രീ പാട്രിയോറ്റിക്‌ മൂവ്‌മെന്റും മറോണൈറ്റ്‌ ക്രിസ്‌ത്യാനികള്‍ക്ക്‌ പ്രാമുഖ്യമുള്ള മറാദ പാര്‍ട്ടിയും ഗ്രീക്ക്‌ കത്തോലിക്കരുടെ സ്‌കാഫ്‌ ബ്ലോക്കും സുന്നികളുടെ ഹര്‍കത്ത്‌ മജ്‌ദുമൊക്കെ ഹിസ്‌ബുല്ലയുടെ കുടക്കീഴിലുണ്ട്‌.
അറബ്‌ രാജ്യങ്ങളിലെയെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഏകാധിപതിയാണ്‌ ലിബിയയിലെ മുഅമ്മര്‍ ഖദ്ദാഫി. 1969-ല്‍ അട്ടിമറിയിലൂടെ അധികാരത്തിലേറിയ ഖദ്ദാഫി ഭീകരവാദം കയറ്റുമതി ചെയ്യുകയാണെന്ന്‌ അമേരിക്കക്ക്‌ ബോധ്യപ്പെടാന്‍ പത്തു വര്‍ഷം വേണ്ടിവന്നു. ഭീകരത സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ 1979-ല്‍ ലിബിയയെ ഉള്‍പ്പെടുത്തുകയും 1981-ല്‍ എംബസി അടച്ചുപൂട്ടുകയും ചെയ്‌തു. ലോക്കര്‍ബി ദുരന്തത്തിന്‌ ഇരയായവര്‍ക്ക്‌ 150 കോടി ഡോളര്‍ നഷ്‌ടപരിഹാരം നല്‍കുകയും മിസൈല്‍ പരിപാടികളില്‍നിന്ന്‌ വിട്ടുനില്‍ക്കുന്നതായി ഖദ്ദാഫി പ്രഖ്യാപിക്കുകയും ചെയ്‌തതോടെ അമേരിക്കയും ബ്രിട്ടനും ലിബിയയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളായി. ഭീകരരാജ്യങ്ങളുടെ പട്ടികയില്‍നിന്ന്‌ 2006-ല്‍ ലിബിയ മോചിതരായി. അമേരിക്കന്‍ എണ്ണക്കമ്പനികള്‍ക്ക്‌ അതോടെ സുവര്‍ണകാലവുമായി. ഖദ്ദാഫിയുടെ ഏകാധിപത്യ ചിന്തകളില്‍ എന്തു മാറ്റമാണ്‌ ഉണ്ടായതെന്ന്‌ അമേരിക്ക വിശദീകരിച്ചിട്ടില്ല. തുനീഷ്യയിലെ ജനകീയ പ്രക്ഷോഭകരെ നിന്ദിക്കുകയും ബിന്‍ അലിയെ പരസ്യമായി പ്രശംസിക്കുകയും ചെയ്‌തത്‌ ഖദ്ദാഫി മാത്രമായിരുന്നു. ക്രിമിനല്‍ സംഘങ്ങളാണ്‌ കുഴപ്പങ്ങള്‍ക്ക്‌ കാരണക്കാരെന്നും ബിന്‍ അലി കുടുംബത്തിന്റെ അഴിമതികളും ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളും പുറത്തുകൊണ്ടുവന്ന വിക്കിലീക്‌സാണ്‌ പ്രക്ഷോഭങ്ങള്‍ക്ക്‌ വിത്തുപാകിയതെന്നും കുറ്റപ്പെടുത്തിയ ലിബിയന്‍ നേതാവ്‌, 2014-ല്‍ സ്ഥാനമൊഴിയാമെന്ന്‌ ബിന്‍ അലി ഉറപ്പു നല്‍കിയ സ്ഥിതിക്ക്‌ മൂന്നു വര്‍ഷം കൂടി കാത്തിരിക്കാനുള്ള ക്ഷമ കാണിച്ചുകൂടേയെന്നാണ്‌ തുനീഷ്യയിലെ പ്രക്ഷോഭകരോട്‌ ചോദിച്ചത്‌.
ഇറാനില്‍ ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ മുഹമ്മദ്‌ മുസദ്ദിഖ്‌ സര്‍ക്കാറിനെ 1953-ല്‍ അട്ടിമറിച്ചത്‌ സി.ഐ.എയായിരുന്നു. 1913 മുതല്‍ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ആംഗ്ലോ ഇറാനിയന്‍ ഓയില്‍ കമ്പനി ദേശസാല്‍ക്കരിച്ച നടപടിയായിരുന്നു അട്ടിമറിക്ക്‌ കാരണമായി പറഞ്ഞതെങ്കിലും അമേരിക്കയെ സംബന്ധിച്ചേടത്തോളം അതൊരു വിഷയമായിരുന്നില്ല. ബ്രിട്ടന്‍ കടുത്ത നിലപാട്‌ എടുത്തപ്പോള്‍ മുസദ്ദിഖിനോടൊപ്പമാണ്‌ തങ്ങളെന്നായിരുന്നു അമേരിക്ക അറിയിച്ചിരുന്നത്‌. എന്നാല്‍, മുസദ്ദിഖിന്‌ കമ്യൂണിസ്റ്റ്‌ ബന്ധമുണ്ടെന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ പ്രചാരണം ഏറ്റുപിടിച്ച വാഷിംഗ്‌ടണ്‍ ചുവടുമാറ്റി. ഓപറേഷന്‍ അയാക്‌സ്‌ എന്ന പേരില്‍ നടത്തിയ അട്ടിമറിക്ക്‌ പത്ത്‌ ലക്ഷം ഡോളറാണ്‌ സി.ഐ.എ ഡയറക്‌ടര്‍ അല്ലന്‍ ഡ്യൂല്ലസ്‌ നീക്കിവെച്ചത്‌. 1979-ലെ ഇറാന്‍ വിപ്ലവത്തില്‍ അമേരിക്കന്‍വിരുദ്ധ വികാരം ശക്തിപ്പെട്ടതിനു പിന്നില്‍ മുസദ്ദിഖ്‌ സംഭവത്തിനും പങ്കുണ്ടായിരുന്നു. അമേരിക്കയുടെ സില്‍ബന്തിയായിരുന്ന ഷാ റിസാ പഹ്‌ലവിയുടെ പേരിലുണ്ടായിരുന്ന കയ്‌റോയിലെ ഒരു തെരുവിന്‌ മുസദ്ദിഖിന്റെ പേര്‌ നല്‍കിയാണ്‌ 2004-ല്‍ ഈജിപ്‌ഷ്യന്‍ സര്‍ക്കാര്‍ പ്രായശ്ചിത്തം ചെയ്‌തത്‌. മുസദ്ദിഖിനെ പുറത്താക്കിയത്‌ തെറ്റായ നടപടിയാണെന്ന്‌ അര നൂറ്റാണ്ടിനുശേഷം യു.എസ്‌ വിദേശകാര്യ സെക്രട്ടറി മെഡലൈന്‍ ഓള്‍ബ്രൈറ്റ്‌ 2000-ല്‍ പരസ്യമായി സമ്മതിക്കുകയും ചെയ്‌തു. സാമ്രാജ്യത്വ, സയണിസ്റ്റ്‌ താല്‍പര്യങ്ങള്‍ക്കു വേണ്ടി നടത്തിയ മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അമേരിക്കക്ക്‌ തിരിച്ചടിയാകുന്നതിന്റെ ലക്ഷണങ്ങളാണ്‌ മധ്യപൗരസ്‌ത്യദേശത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പുകളിലൂടെ ദൃശ്യമാകുന്നത്‌. ഏകാധിപതികള്‍ മൂക്കുകുത്തി വീഴുമ്പോള്‍ പരാജയപ്പെടുന്നത്‌ യാങ്കികളുടെ കുതന്ത്രം കൂടിയാണ്‌.
niazabdullah@gmail.com

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

ഇല്ലം ചുടുന്ന ഖദ്ദാഫി


Published on Fri, 03/04/2011 

ഇല്ലം ചുടുന്ന ഖദ്ദാഫി
അറബ്‌ലോകത്തെ രണ്ട് ഏകാധിപതികളെ കടപുഴക്കിയെറിഞ്ഞ ജനാധിപത്യ കൊടുങ്കാറ്റില്‍ ആടിയുലയുകയാണ് ലിബിയയിലെ മുഅമ്മര്‍ ഖദ്ദാഫി ഭരണകൂടം. രണ്ടും മൂന്നും വന്‍ നഗരങ്ങളായ ബംഗാശിയും മിസ്‌റതയും കിഴക്കന്‍ പ്രദേശങ്ങളും ഖദ്ദാഫിക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. ഇതില്‍ മിസ്‌റത തിരിച്ചുപിടിക്കാന്‍ ഖദ്ദാഫി രൂക്ഷമായ പോരാട്ടത്തിലാണ്. പ്രക്ഷോഭ കൊടുങ്കാറ്റ് തലസ്ഥാനമായ ട്രിപളിയില്‍ അടിച്ചുവീശിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ 41 കൊല്ലമായി രാജ്യം കൈയടക്കിവെച്ച ഖദ്ദാഫിക്ക് ഫലത്തില്‍ തലസ്ഥാനത്തിനു ചുറ്റുവട്ടത്തുള്ള പടിഞ്ഞാറന്‍ തീരപ്രദേശത്തിന്റെയും തെക്കന്‍ ഭാഗത്തെ മരുഭൂമികളുടെയും നിയന്ത്രണമേയുള്ളൂ.
മന്ത്രിമാരുടെയും നയതന്ത്രപ്രതിനിധികളുടെയും ചില മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെയും പിന്തുണ നഷ്ടപ്പെട്ടുകഴിഞ്ഞ ഈ ഏകാധിപതി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനുള്ള അവസാന ശ്രമത്തിലാണ്. ദേശീയ ടെലിവിഷനിലൂടെ ഖദ്ദാഫി നടത്തിയ പ്രസംഗം അനുനയത്തിന്‍േറതായിരുന്നില്ല. ഒരു തെരുവുഗുണ്ടയുടെ ആക്രോശമായിരുന്നു അത്. കൂട്ടക്കൊല നടത്തിയും അധികാരം സംരക്ഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഈ ഏകാധിപതി, പ്രക്ഷോഭകരെ  തിരഞ്ഞുപിടിച്ച് കൈകാര്യം ചെയ്യുകയോ സുരക്ഷാ ഭടന്മാരെ ഏല്‍പിക്കുകയോ ചെയ്യാന്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കുകയുണ്ടായി. പ്രക്ഷോഭകാരികളെ എലികളോടാണ് ഖദ്ദാഫി ഉപമിച്ചത്. വീടുകളില്‍ ഒതുങ്ങിയിരിക്കാതെ ഈ 'എലികളെ' പിടികൂടാന്‍ തെരുവുകളിലേക്ക് ഇറങ്ങാനായിരുന്നു അനുയായികളോടുള്ള ആഹ്വാനം. രാജ്യത്തെ ഓരോ വീടും കലാപകാരികളില്‍നിന്ന് ശുദ്ധീകരിക്കാന്‍ ആഹ്വാനം ചെയ്തതിലൂടെ തന്റെ അധീശത്വം അംഗീകരിക്കാത്തവരെ ഉന്മൂലനം ചെയ്യുമെന്ന സന്ദേശമാണ് ഖദ്ദാഫി നല്‍കിയത്.
സൈന്യത്തിനു പുറമെ, അഞ്ചു വിമാനങ്ങളിലായി ട്രിപളിയില്‍ ഇറക്കിയ ആഫ്രിക്കന്‍ കൂലിപ്പടയാളികളെ ഉപയോഗിച്ച് നടത്തിയ മനുഷ്യവേട്ടയില്‍ ഇതിനകം ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടതായി ഖദ്ദാഫിയുടെ അടുത്ത സുഹൃത്ത് ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോനി വെളിപ്പെടുത്തിയിരിക്കുന്നു. ഇസ്‌ലാമിസ്റ്റ് ഭീകരരാണ് പ്രക്ഷോഭത്തിനു പിന്നിലെന്നും അന്താരാഷ്ട്രസമൂഹം അത്  തിരിച്ചറിയണമെന്നുമാണ് ബെര്‍ലുസ്‌കോനിയുടെ ആഹ്വാനം. ലൈംഗികാപവാദ നായകനായ ബെര്‍ലുസ്‌കോനി ലിബിയന്‍ ഏകാധിപതിയെ പരസ്യമായി പിന്തുണച്ചിട്ടുമുണ്ട്. അതേസമയം, യുദ്ധക്കുറ്റങ്ങള്‍ക്ക് ഖദ്ദാഫിയെയും കൂട്ടരെയും വിചാരണ ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്. ഖദ്ദാഫിയുടെ മകന്‍ മുഅ്തസിമിന്റെ മേല്‍നോട്ടത്തിലുള്ള ഖമീസ് ബ്രിഗേഡ്‌സാണ് നിഷ്ഠൂരമായ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട 35 പേരുടെ ഖബറടക്കച്ചടങ്ങില്‍ പങ്കെടുത്തവരെയും വെറുതെവിട്ടില്ല. പോയന്റ് ബ്ലാങ്കില്‍ തലക്കു വെടിവെച്ചാണ് നിരായുധരായ ജനങ്ങളെ കൂലിപ്പട്ടാളം നേരിട്ടത്.
ഭരണകൂട ഭീകരതക്കും പൗരാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ പ്രക്ഷോഭം നടത്തിയവരെ രാസായുധങ്ങള്‍ പ്രയോഗിച്ചും വ്യോമാക്രമണങ്ങളിലൂടെയും കൂട്ടക്കൊല ചെയ്ത ഏകാധിപതികള്‍ അറബ്‌നാടുകള്‍ക്ക് അന്യമല്ല. സ്വന്തം പൗരന്മാരെ ഉന്മൂലനം ചെയ്യാന്‍ മടിയില്ലെന്ന് ലോകത്തിനു കാണിച്ചുകൊടുത്തവരാണ് സിറിയയിലെ ഹാഫിസുല്‍ അസദും ഇറാഖിലെ സദ്ദാംഹുസൈനും. രണ്ടുപേരും ജീവിച്ചിരിപ്പില്ല. 1982ല്‍  മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ശക്തികേന്ദ്രമായ ഹാമായില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയപ്രക്ഷോഭം ഹാഫിസുല്‍ അസദ് അടിച്ചമര്‍ത്തിയത് മുപ്പതിനായിരത്തോളം മനുഷ്യരെ കൂട്ടക്കൊല നടത്തിയാണ്. സൈനിക ഭീകരതയില്‍നിന്ന് രക്ഷതേടി പലായനം ചെയ്യുകയായിരുന്ന ജനങ്ങളെ ടാങ്കുകളുമായി ഉപരോധിച്ച് പീഡിപ്പിച്ച് കൊന്നത് 'പിറ്റി ദ നേഷന്‍' എന്ന ഗ്രന്ഥത്തില്‍ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് വിവരിക്കുന്നുണ്ട്.  
കുര്‍ദ് നഗരമായ ഹലബ്ജയില്‍ 1988 മാര്‍ച്ച് 16ന് സദ്ദാംഹുസൈന്റെ നിര്‍ദേശപ്രകാരം ഇറാഖിസൈന്യം നടത്തിയ വിഷവാതക പ്രയോഗത്തില്‍ അയ്യായിരത്തോളം മനുഷ്യരാണ് പിടഞ്ഞുമരിച്ചത്. പതിനായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ദുരന്തത്തിന്റെ ശേഷിപ്പുമായി ഇന്നും ആയിരങ്ങള്‍ ജീവിക്കുന്നു. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന കുര്‍ദിസ്താനിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുകയെന്ന ഉദ്ദേശ്യത്തോടെ നടത്തിയതായിരുന്നു ഈ മനുഷ്യക്കുരുതി. സദ്ദാംവേട്ടയുടെ പേരില്‍ 2004ലുടനീളം ഇറാഖിലെ ഫല്ലൂജയില്‍ അമേരിക്കന്‍സൈന്യം നടത്തിയതും കൂട്ടക്കൊലയായിരുന്നു. 4000ത്തിനും 6000ത്തിനുമിടയില്‍ സിവിലിയന്മാര്‍ ബുഷ് ഭരണകൂടത്തിന്റെ കുരുതിക്ക് ഇരയായി. ഖദ്ദാഫിയെപ്പോലെ പൗരന്മാര്‍ക്ക് വില കല്‍പിക്കാത്ത ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനും സമാനമായ മനുഷ്യവേട്ട അയവിറക്കാനുണ്ട്. സ്വാതന്ത്ര്യവും ജനാധിപത്യവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച വിദ്യാര്‍ഥികളെ 1989 ജൂണ്‍ മൂന്നിന് രാത്രി ബെയ്ജിങ്ങിലെ ടിയനന്‍മെന്‍ സ്‌ക്വയറില്‍ കമ്യൂണിസ്റ്റ്പട്ടാളം ടാങ്കുകളുമായി നേരിട്ടപ്പോള്‍ പൊലിഞ്ഞത് 1300ലേറെ ജീവനുകളായിരുന്നു.
ഹാഫിസുല്‍അസദും സദ്ദാംഹുസൈനും അറബ് ലോകത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനമായ ബഅസ് പാര്‍ട്ടിയുടെ ബാനറില്‍ ഏകാധിപത്യഭരണം നയിച്ചവരായിരുന്നു. ഖദ്ദാഫിയും തന്റെ 'ഗ്രീന്‍ ബുക്കി'ലൂടെ പ്രചരിപ്പിച്ചത് സോഷ്യലിസമായിരുന്നു. അതിന് 'ഇസ്‌ലാമിക് സോഷ്യലിസം' എന്ന പേരും നല്‍കി. 1969 ല്‍ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയപ്പോള്‍ രാജ്യത്തിന്റെ പേരിലും സോഷ്യലിസം കൂട്ടിച്ചേര്‍ത്തു. അധികാരത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ മുസ്‌ലിം ബ്രദര്‍ഹുഡ്, ഹിസ്ബുത്തഹ്‌രീര്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും നിരോധിച്ചു. 1952നു ശേഷം ലിബിയന്‍ജനത വോട്ടുചെയ്തിട്ടില്ല.
ഖദ്ദാഫ എന്ന ചെറുതെങ്കിലും ശക്തരായ ഗോത്രമാണ് ഖദ്ദാഫിയുടേതെങ്കിലും രാജ്യത്തെ ഇരുപതിലേറെ വരുന്ന ഗോത്രങ്ങളുടെ മേല്‍ ആധിപത്യം നേടി. മെഡിറ്ററേനിയന്‍ തീരനഗരമായ സിര്‍തിലെ എണ്ണ സമ്പുഷ്ടമേഖലയിലെ സാന്നിധ്യവും പ്രവാചകന്റെ ഗോത്രപരമ്പരയില്‍പെട്ടവരാണെന്ന അവകാശവാദവുമായിരുന്നു തുരുപ്പുചീട്ട്. പത്തു ലക്ഷത്തോളം അംഗബലമുള്ള വാഫല്ലയെന്ന വലിയ ഗോത്രത്തെയും പണവും പദവികളും നല്‍കി വശത്താക്കി. പുതിയ സാഹചര്യത്തില്‍ വിവിധ ഗോത്രങ്ങള്‍ പിന്തുണ പിന്‍വലിച്ചു തുടങ്ങി. ഗോത്രങ്ങളുടെ പാരാമിലിട്ടറി യൂനിറ്റുകള്‍ സൃഷ്ടിച്ചെടുത്ത ഖദ്ദാഫി, ബദല്‍ശക്തിയായി വളരാതിരിക്കാന്‍ സൈന്യത്തെപ്പോലും ദുര്‍ബലമാക്കി നിര്‍ത്തിയെന്ന് ലിബിയന്‍ വിമതന്‍ നുഅ്മാന്‍ ബന്‍തോമാന്‍ ചൂണ്ടിക്കാട്ടുന്നു.
വലുപ്പത്തില്‍ ആഫ്രിക്കയില്‍ നാലാമതും ലോകത്ത് പതിനേഴാമതുമാണ് ലിബിയ. മറ്റൊരു ആഫ്രിക്കന്‍രാജ്യമായ ഗാബോണില്‍ 1967 മുതല്‍ അധികാരം വാണിരു ഉമര്‍ ബോംഗോ 2009 ജൂണില്‍ പരലോകം പൂകിയതോടെ ഏറ്റവുമധിക കാലം അധികാരത്തിലിരിക്കുന്ന ഏകാധിപതിയെന്ന സ്ഥാനം സ്വന്തമാക്കിയ ഖദ്ദാഫി വിചിത്ര നടപടികളിലൂടെയാണ് വാര്‍ത്തകളില്‍ ഇടം പിടിക്കാറ്. ഗോത്ര സംസ്‌കാരം പേറുമ്പോഴും ആമസോണിയന്‍ ഗാര്‍ഡുകള്‍ എന്ന പേരില്‍ അവിവാഹിതരായ നാല്‍പതു യുവതികള്‍ അടങ്ങുന്ന സുരക്ഷാഗാര്‍ഡുകളുടെ അകമ്പടിയോടെ ഊരുചുറ്റുന്ന ഖദ്ദാഫിയുടെ പല നടപടികളും വിവാദമുണ്ടാക്കിയിട്ടുണ്ട്. ലോക്കര്‍ബി ദുരന്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന ആരോപണമുയര്‍ന്നപ്പോള്‍ 150 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി തടിയൂരാനും ഒടുവില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സ്വന്തക്കാരനാവാനും ഖദ്ദാഫിക്ക് കഴിഞ്ഞു. ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്നതിന്റെ പേരില്‍ 2006വരെ അമേരിക്കയുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നു.
1978ല്‍ ലിബിയയിലേക്കു പോയ ലബനാനിലെ ശിയാ സംഘടനയായ അമലിന്റെ നേതാവ് മൂസ സദ്‌റും രണ്ട് അനുയായികളും ട്രിപളിയില്‍ അപ്രത്യക്ഷരായി. ഇന്നോളം അവരെക്കുറിച്ച വിവരം ലഭ്യമല്ല. മൂസയെ വധിക്കാന്‍ ഖദ്ദാഫിക്ക് ഉദ്ദേശ്യമുണ്ടായിരുന്നതായി സിറിയന്‍ രഹസ്യാന്വേഷണ തലവന്‍ രിഫ്അത് അസദ് പിന്നീട് വെളിപ്പെടുത്തി. ലിബിയന്‍ പത്രപ്രവര്‍ത്തകനും ബി.ബി.സി അറബിവിഭാഗം അനൗണ്‍സറുമായ മുഹമ്മദ് റമദാനെ ലണ്ടനില്‍ വധിച്ചതും ഖദ്ദാഫിയുടെ ഏജന്റുമാരായിരുന്നു. ഹിസ്ബുത്തഹ്‌രീര്‍ ബന്ധമായിരുന്നു കാരണം. ഇസ്‌ലാമിസ്റ്റുകള്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയപ്രവര്‍ത്തകരെ നിഷ്ഠുരമായി പീഡനങ്ങള്‍ക്ക് ഇരയാക്കി. ഇതൊക്കെ അവഗണിച്ച് ഖദ്ദാഫിയുമായി ചങ്ങാത്തം കൂടിയ യു.എസും ബ്രിട്ടനും ഇപ്പോള്‍ ഏകാധിപതിക്കെതിരെ വാളോങ്ങുന്നതു കാണാന്‍ നല്ല ചന്തമുണ്ട്.
മനുഷ്യാവകാശങ്ങളുടെ പരിപോഷണത്തിന് പ്രവര്‍ത്തിക്കുന്ന ലോകനേതാക്കള്‍ക്ക് അവാര്‍ഡ് (അല്‍ ഖദ്ദാഫി ഇന്റര്‍നാഷനല്‍ പ്രൈസ് ഫോര്‍ ഹ്യൂമന്റൈറ്റ്‌സ്) നല്‍കുന്ന തമാശയും വര്‍ഷങ്ങളായി ഖദ്ദാഫി നടത്തി വരുന്നു. നെല്‍സണ്‍ മണ്ടേല മുതല്‍ തുര്‍ക്കി പ്രധാനമന്ത്രി റജബ് തയ്യബ് ഉര്‍ദുഗാന്‍ വരെയുള്ളവര്‍ അവാര്‍ഡ് കൈപ്പറ്റിയിട്ടുണ്ട്.
ഖദ്ദാഫിയുടെ മക്കളിലൊരാളായ സൈഫുല്‍ ഇസ്‌ലാം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ നാലു വര്‍ഷത്തെ പഠന കാലത്ത് തയാറാക്കിയ 428 പേജുകളുള്ള ഗവേഷണ പ്രബന്ധം ആഗോള ഭരണ സ്ഥാപനങ്ങളിലെ ജനാധിപത്യവത്കരണത്തില്‍ സമൂഹത്തിന്റെ പങ്കിനെക്കുറിച്ചാണ്. ജനാധിപത്യ വിരുദ്ധ പ്രവണതകളെ നിശിതമായി വിമര്‍ശിക്കുകയും ജനാധിപത്യമില്ലാത്ത രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഏകാധിപതികളും ജനങ്ങളുടെ പ്രാതിനിധ്യം അവകാശപ്പെടാനാവാത്തവരുമാണെന്ന് സമര്‍ഥിക്കുകയും ചെയ്യുന്നു പ്രബന്ധം. മൂക്കിനുതാഴെ നടക്കുന്നത് കാണാതെ, ഏകാധിപതിയായ പിതാവിനു വേണ്ടി ജനങ്ങള്‍ക്കെതിരെ ടെലിവിഷനിലൂടെ ആദ്യം യുദ്ധപ്രഖ്യാപനം നടത്തിയത് സൈഫായിരുന്നു!
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati