Published on Sun, 12/18/2011

അവസാന യു.എസ് സൈനികനും പിന്‍വാങ്ങി
ഒമ്പതു വര്‍ഷത്തെ ഇറാഖ് അധിനിവേശത്തിന് വിരാമം
ബഗ്ദാദ്: ഒമ്പതു വര്‍ഷം നീണ്ട പ്രത്യക്ഷ അധിനിവേശത്തിന് വിരാമമിട്ട് അവസാന യു.എസ് സൈനികനും ഇറാഖില്‍നിന്ന് പിന്‍വാങ്ങി. ഇറാഖില്‍ അവശേഷിച്ച അവസാന നിലയത്തില്‍നിന്ന് 110ഓളം വാഹനങ്ങളിലായി 500ഓളം സൈനികര്‍ കുവൈത്തിലേക്ക് കടന്നതോടെ അമേരിക്കയുടെ ഇറാഖ് അധിനിവേശം ഒൗദ്യോഗികമായി അവസാനിച്ചു. ഡിസംബര്‍ 31ന് മുമ്പായി അമേരിക്കയുടെ സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കുമെന്ന് യു.എസ് ഭരണകൂടം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബഗ്ദാദിലെ എംബസി പ്രവര്‍ത്തനങ്ങള്‍ക്കായി  157 യു.എസ് സൈനികര്‍ മാത്രമാണ് ഇപ്പോള്‍ ഇറാഖില്‍ അവശേഷിക്കുന്നത്.  
ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 7.30നാണ് സൈനികര്‍ ഇറാഖ് അതിര്‍ത്തി കടന്നത്. ‘ഇതൊരു ചരിത്ര നിമിഷമാണ്. ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇക്കാലംകൊണ്ടായി’ -അധിനിവേശ കാലം മുഴുവന്‍ ഇറാഖില്‍ ചെലവഴിച്ച ക്രിസ്റ്റ്യന്‍ ഷൂല്‍റ്റ്സ് എന്ന സൈനികന്‍ പറഞ്ഞു.
യു.എസ് സൈനിക പിന്മാറ്റം ഇറാഖില്‍ നേരിയ ആശ്വാസത്തിന് വകനല്‍കുന്നുണ്ടെങ്കിലും പലരും കനത്ത ആശങ്കയോടെയാണ് സംഭവത്തെ നോക്കിക്കാണുന്നത്. രാജ്യത്തിന്‍െറ ഭാവിയെക്കുറിച്ച് ഇനിയും വ്യക്തമായ ചിത്രം രൂപപ്പെട്ടിട്ടില്ല. മാത്രമല്ല, ഇറാഖില്‍ വംശീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായതും സ്ഥിരതയാര്‍ന്ന ഭരണകൂടത്തിന്‍െറ അഭാവവും വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം, സൈനിക പിന്മാറ്റത്തില്‍ ഇറാഖിലെ പല സ്ഥലങ്ങളിലും ആഹ്ളാദപ്രകടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്.
2003ലെ അധിനിവേശ സമയത്ത് ഇറാഖില്‍ അമേരിക്കയുടെ ഒന്നേമുക്കാല്‍ ലക്ഷത്തോളം സൈനികരാണുണ്ടായിരുന്നത്. 500ലധികം സൈനികനിലയങ്ങളും അമേരിക്ക ഇവിടെ സ്ഥാപിച്ചിരുന്നു. ഒമ്പതു വര്‍ഷത്തിനിടെ 4500 സൈനികര്‍ ഇറാഖില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇക്കാലയളവിനുള്ളില്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാഖികളുടെ എണ്ണം ലക്ഷത്തിലേറെ വരും. അമേരിക്കയുടെ യുദ്ധച്ചെലവ് കണക്കാക്കിയിരിക്കുന്നത് ട്രില്യന്‍ യു.എസ് ഡോളറാണ്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment