OCT 2011

അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി

ആഫ്രിക്ക വന്‍കരയിലെ ശക്തിരാജ്യമായ ലിബിയയില്‍ നാല്‌പത്തിരണ്ടു വര്‍ഷം ഭരണം നടത്തിയ മുഅമ്മറുല്‍ ഗദ്ദാഫി എന്ന ഭരണാധികാരിയെ വെടിവെച്ചുകൊല്ലുകയും രക്തരൂഷിത വിപ്ലവത്തിലൂടെ അധികാരം അട്ടിമറിക്കപ്പെടുകയും ചെയ്‌തിരിക്കുകയാണ്‌ (20-10-2011). ആഫ്രിക്കന്‍ അറേബ്യയില്‍ മുല്ലപ്പൂ വിപ്ലവമെന്നും അറേബ്യന്‍ വസന്തം എന്നും പേരുകളില്‍ അറിയപ്പെടുന്ന, ഏകാധിപത്യത്തിനെതിരെ നടക്കുന്ന സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഭാഗമാണ്‌ ഇതെന്നാണ്‌ പറയപ്പെടുന്നത്‌.

അമേരിക്കന്‍ നേതൃത്വത്തിലുള്ള നോര്‍ത്ത്‌ അറ്റ്‌ലാന്റിക്‌ ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) സേനയുടെ നിരന്തരമായ ബോംബ്‌ വര്‍ഷത്തില്‍ പിടഞ്ഞുവീണ്‌ അര്‍ധപ്രാണനായ ഗദ്ദാഫിയെ വെടിവച്ച്‌ രക്തമൊലിച്ച്‌ റോഡിലൂടെ വലിച്ചിഴച്ച്‌ ട്രക്കിലേക്കിടുന്നതും വിമതസേന ആനന്ദനൃത്തം ചെയ്യുന്നതും ലിബിയന്‍ തെരുവോരങ്ങളില്‍ ജനങ്ങള്‍ സന്തോഷം പങ്കുവെക്കുന്നതും ലോകമാധ്യമങ്ങള്‍ ചൂടോടെ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്‌; അല്ല ആഘോഷിക്കുകയാണ്‌.
ഗദ്ദാഫി എന്ന ഏകാധിപതിയെ അട്ടിമറിച്ചതിലുള്ള ആഹ്ലാദം രേഖപ്പെടുത്തുകയോ ഏകാധിപധിയെങ്കിലും അദ്ദേഹത്തിനു നേരിട്ട പതനത്തില്‍ സഹതപിക്കുകയോ ചെയ്യുന്നവരുണ്ടാകും. എന്നാല്‍ ഈ സമകാലിക രാഷ്‌ട്രീയ സംഭവവികാസങ്ങളില്‍ നിന്ന്‌ പാഠം ഉള്‍ക്കൊള്ളുക എന്നതാണ്‌ വിവേകത്തിന്റെ മാര്‍ഗം. `വറചട്ടിയില്‍ നിന്ന്‌ എരിതീയിലേക്ക്‌' എന്നത്‌ പഴമൊഴി. മുസ്‌ലിം അറേബ്യന്‍ രാഷ്‌ട്രങ്ങളില്‍ നിന്ന്‌ കേള്‍ക്കുന്ന വാര്‍ത്തകള്‍ ഈ പഴമൊഴി അന്വര്‍ഥമാക്കുകയാണോ? ഏകാധിപതിയില്‍ നിന്ന്‌ മോചിപ്പിക്കപ്പെടുന്നത്‌ അശാന്തിയിലേക്കും അരാജകത്വത്തിലേക്കുമാണെങ്കില്‍ ആ അനിശ്ചിതാവസ്ഥയില്‍ നിന്ന്‌ മുതലെടുക്കുന്നത്‌ പാശ്ചാത്യ ശക്തികളല്ലാതെ മറ്റാരുമായിരിക്കില്ല. തുനീഷ്യ, ഈജിപ്‌ത്‌ തുടങ്ങിയ `വിപ്ലവം വിജയിച്ച' നാടുകളില്‍ രക്തരഹിതമായ അട്ടിമറിയാണ്‌ നടന്നതെങ്കിലും വിപ്ലവാനന്തരം എന്ത്‌ എന്നതിന്‌ വ്യക്തമായ ഉത്തരം ഇനിയുമായിട്ടില്ല. ഫെയ്‌സ്‌ബുക്ക്‌ ആക്‌ടിവിസത്തിലൂടെ തുടങ്ങിയ സ്വാതന്ത്ര്യ വാഞ്‌ഛ അണപൊട്ടി ഒഴുകിയപ്പോള്‍ പരിണതി മുന്‍കൂട്ടി കണ്ട സൈനുല്‍ ആബിദീനും (തുനീഷ്യ), ഹുസ്‌നി മുബാറകും (ഈജിപ്‌ത്‌) അധികാരം വിട്ടുകൊടുത്ത്‌ മാറിനിന്നു. എന്നാല്‍ ആ പ്രക്ഷോഭങ്ങള്‍ക്ക്‌ വ്യക്തമായ നേതൃത്വമോ നിയതമായ നയപരിപാടികളോ ഇല്ലായിരുന്നു. ജനക്കൂട്ടം അധികാരം കൈയാളാന്‍ പ്രാപ്‌തമല്ലല്ലോ.
എന്നാല്‍ ലിബിയയില്‍ `ദേശീയ പരിവര്‍ത്തനസമിതി' എന്ന പേരില്‍ ഉണ്ടാക്കിയ സംവിധാനത്തിനു കീഴില്‍ യുദ്ധം ചെയ്‌ത്‌ അധികാരം പിടിക്കുകയായിരുന്നു ലക്ഷ്യം. ഗദ്ദാഫിയോട്‌ എതിര്‍പ്പുണ്ടായിരുന്ന ലിബിയയുടെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള പരിവര്‍ത്തനസമിതിയും ഏതാനും വിമത സൈനികരും ചേര്‍ന്നാല്‍ അതിശക്തമായ ഗദ്ദാഫിയെപ്പോലുള്ള ഒരു ഭരണാധികാരിയുടെ ശക്തമായ സേനയെ തോല്‌പിച്ച്‌ അധികാരം പിടിച്ചടക്കാന്‍ കഴിയുമെന്ന്‌ ലോകത്താരും വിചാരിക്കില്ല. അഫ്‌ഗാനിസ്‌താനെയും ഇറാക്കിനെയും ചുട്ടെരിച്ച അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്‌, ജര്‍മനി എന്നീ `തിന്മയുടെ അച്ചുതണ്ട്‌' തന്നെയാണ്‌ ലിബിയയെയും ചോരക്കളമാക്കിയത്‌. ഗദ്ദാഫിയുടെ സൈന്യം സാധാരണ പൗരന്‍മാരെ കൊന്നുടുക്കുന്നു എന്ന `ചെന്നായ ന്യായ'മാണ്‌ നാറ്റോ ലിബിയയില്‍ ഇടപെടാന്‍ കാരണം.
എന്നാല്‍ നാറ്റോ സേന ആകാശത്തു നിന്നുതിര്‍ത്ത തീഗോളത്തില്‍ ആയിരങ്ങള്‍ ചാമ്പലായി. ഏകാധിപതിയെ ഒതുക്കാനൊരുങ്ങിയ വിമതസേനയും ആയിരങ്ങളെ അരിഞ്ഞുവീഴ്‌ത്തി. നാറ്റോ ഇറാക്കിലെ പോലെ നിലത്തിറങ്ങിക്കളിച്ചില്ല. എന്നാല്‍ ആകാശത്തുനിന്ന്‌ എറിഞ്ഞുകൊടുത്ത ആയിരക്കണക്കിന്‌ തോക്കുകള്‍ ഇന്നാരുടെയൊക്കെ കൈവശമാണെന്നതില്‍ ആകുലപ്പെടുകയാണ്‌ വിമതര്‍. ആഗസ്‌ത്‌ മാസത്തില്‍ തലസ്ഥാനനഗരിയായ ട്രിപ്പൊളി പിടിച്ച പരിവര്‍ത്തന സമിതിക്ക്‌ ഭരണത്തിന്റെ ആദ്യാക്ഷരങ്ങള്‍ രചിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഗദ്ദാഫിക്കെതിരെ വര്‍ഷങ്ങളായി അമേരിക്കന്‍ ചാരസംഘടന തീറ്റിപ്പോറ്റിയ ഒരു പറ്റം നേതൃത്വമാണ്‌ `പരിവര്‍ത്തന സമിതി' എന്നാണ്‌ മീഡിയ റിപ്പോര്‍ട്ട്‌. അറേബ്യന്‍ സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെ മറവില്‍ തങ്ങളുടെ അജണ്ട നടപ്പാക്കുകയാണ്‌ പാശ്ചാത്യ ലോബി. തുനീഷ്യയിലും ഈജിപ്‌തിലും നിഷ്‌കാസിതമായ ഭരണകൂടം അമേരിക്കയുടെ അനുകൂലികളായിരുന്നപ്പോള്‍ ജനകീയ പ്രക്ഷോഭത്തിനു നേരെ അവര്‍ മൗനം പാലിച്ചു. അമേരിക്കയുടെ കൂട്ടാളിയായ ബഹ്‌റൈനില്‍ പ്രക്ഷോഭകരെ അടിച്ചമര്‍ത്തിയ ഭരണകൂടത്തെ അമേരിക്ക പിന്തുണച്ചു. അമേരിക്കയുടെയും പാശ്ചാത്യരുടെയും കണ്ണിലെ കരടായ ഗദ്ദാഫിക്കെതിരെ വിമതര്‍ക്കു വേണ്ടി നാറ്റോ യുദ്ധം നയിച്ചു. തള്ളപ്പൂച്ച എലിയെ വേട്ടയാടി പാതിജീവനാക്കി കുട്ടികള്‍ക്ക്‌ `ഇരപിടിക്കാന്‍ വേണ്ടി' എറിഞ്ഞുകൊടുക്കുന്ന പോലെ ഗദ്ദാഫിയുടെ അന്ത്യശ്വാസം ലിബിയക്കാരുടെ കൈക്കാക്കുന്നതില്‍ അമേരിക്കന്‍ തന്ത്രം വിജയിച്ചിരിക്കുകയായിരുന്നു. സദ്ദാം അനുഭവത്തില്‍ നിന്നുള്ള പാഠം.
ഏകാധിപതിയെങ്കിലും സദ്ദാമിന്റെ സമൃദ്ധമായ ഇറാക്ക്‌ യുദ്ധാനന്തരം സ്വാതന്ത്ര്യം കൈവരിക്കുന്നതിനു പകരം പട്ടിണിയുടെയും രോഗങ്ങളുടെയും അരാജകത്വത്തിന്റെയും പിടിയില്‍ അസ്വസ്ഥമായി കഴിയുന്നു. `ഭീകരരില്‍ നിന്ന്‌ മോചിപ്പിച്ച' അഫ്‌ഗാനില്‍ സ്ഥിതി എന്തെന്ന്‌ നാം കാണുന്നു. ഈയടുത്ത മാസങ്ങളില്‍ വസന്തം വിരിഞ്ഞ തുനീഷ്യയിലും ഈജിപ്‌തിലും `ശിശിരം' ആരംഭിച്ചു എന്നാണ്‌ റിപ്പോര്‍ട്ട്‌. വസന്തം ഏറെക്കാലം നീണ്ടുനില്‍ക്കില്ലല്ലോ! ഇതൊക്കെയാണ്‌ കണ്ണുള്ളവര്‍ക്ക്‌ കാണാവുന്ന പച്ചയായ യാഥാര്‍ഥ്യങ്ങള്‍.
പതിറ്റാണ്ടുകള്‍ നീണ്ട പ്രതിപക്ഷമില്ലാത്ത ഭരണത്തില്‍ അനീതിയുണ്ടാവുക സ്വാഭാവികം. മുസ്‌ലിംരാജ്യമെന്ന നിലയില്‍ ഇസ്‌ലാമികമായി നോക്കിയാലും ഈ പ്രവണത ശരിയല്ല. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ കാലക്രമത്തില്‍ അണപൊട്ടിയൊഴുകുമെന്നതും നേര്‌. സോവിയറ്റ്‌ യൂനിയന്റെ ഇരുമ്പു മതിലുകള്‍ പോലും ഛിന്നഭിന്നമായത്‌ ചരിത്രസത്യം.
എന്നാല്‍ ഏകാധിപത്യത്തിലും ഒരു ഭരണമുണ്ടായിരുന്നു. അതിനു നേരെ തിരിയുമ്പോള്‍ വ്യക്തമായ കാഴ്‌ചപ്പാടും ശക്തമായ നേതൃത്വവും സമൂഹത്തിന്റെ പിന്തുണയും മറ്റുള്ളവരുടെ അംഗീകാരവും ആവശ്യമാണ്‌. കൈയൂക്കുള്ളവര്‍ കാര്യം നടത്തുകയായിരുന്നു ലിബിയയിലെങ്കില്‍ അതേ പണി ലോകത്തെമ്പാടും നടപ്പാക്കുന്ന അമേരിക്കയ്‌ക്ക്‌ ഗദ്ദാഫിയെ തള്ളിപ്പറയാന്‍ ന്യായമെന്ത്‌? സമൃദ്ധമായ ലിബിയന്‍ എണ്ണപ്പാടങ്ങളില്‍ മാത്രമാണവരുടെ കണ്ണ്‌. സാമ്രാജ്യത്വത്തിന്റെ ഹുങ്കിനു നേരെ ഒന്നു നിവര്‍ന്നു നില്‌ക്കാന്‍ ധൈര്യം കാണിച്ച ഗദ്ദാഫി നാടിനു വേണ്ടി ഒന്നും ചെയ്‌തില്ലെന്ന്‌ പറയാന്‍ പറ്റുമോ?
വടക്ക്‌ മധ്യധരണ്യാഴിയെങ്കിലും, ലോകത്തിന്റെ `വറച്ചട്ടി'യെന്ന്‌ വിശേഷിക്കപ്പെടുന്ന ഗ്രെയ്‌റ്റ്‌ സഹാറയുടെ മടിത്തട്ടിലാണ്‌ ജനസാന്ദ്രത വളരെ കുറവുള്ള ലിബിയ. മനുഷ്യനിര്‍മിത മഹാനദിയിലൂടെ വെള്ളമെത്തിച്ച്‌ ഊഷര ലിബയയുടെ ചില ഭാഗങ്ങളെങ്കിലും ഉര്‍വരമാക്കിയ ഗദ്ദാഫിയെ കാണാതിരിക്കാമോ? ഇസ്‌ലാമിക ബോധവും അറബ്‌ ദേശീയതാവേശവുമുള്ള ഗദ്ദാഫി, സിറിയ, ഈജിപ്‌ത്‌, തുനീഷ്യ, ലിബിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന്‌ `ആഫ്രിക്കന്‍ ഐക്യനാടുകള്‍' രൂപീകരിക്കാനും ഈജിപ്‌ത്‌ ലിബിയ ലയനത്തിലൂടെ മുസ്‌ലിംരാജ്യം ശക്തിപ്രാപിക്കാനും നടത്തിയ ശ്രമങ്ങള്‍ തന്റെ അധികാരം നിലനിര്‍ത്തുന്നതിലപ്പുറം അറബികള്‍ക്ക്‌ യശസ്സ്‌ ഉണ്ടാക്കുക എന്ന കാഴ്‌ചപ്പാടും ഉയര്‍ത്തിപ്പിടിച്ചിരുന്നു. എന്നാല്‍ ഏകാധിപതികളുടെ ഏതു നീക്കവും സംശയിക്കപ്പെടുക സ്വാഭാവികമാണല്ലോ. ആ ശ്രമങ്ങള്‍ വിജയം കണ്ടില്ല. അറബ്‌ ഭരണാധികളെപ്പറ്റി പ്രചരിപ്പിക്കപ്പെടുന്ന ആരോപണങ്ങളിലധികവും പാശ്ചാത്യ പ്രൊപ്പഗണ്ടയാണെന്നത്‌ മറന്നുകൂടാ.
ഇന്ത്യന്‍ പ്രധാനമന്ത്രി ഇക്കഴിഞ്ഞ സപ്‌തംബര്‍ 24ന്‌ ഐക്യരാഷ്‌ട്ര സഭയില്‍ നടത്തിയ പ്രസംഗത്തില്‍ എടുത്തുപറഞ്ഞ ഇന്ത്യയുടെ നിലപാട്‌ ശ്രദ്ധേയമാണ്‌: `രാജ്യങ്ങളുടെ പരമാധികാരവും അഖണ്ഡതയും ലംഘിക്കാന്‍, ആ രാജ്യങ്ങളില്‍ ജനാധിപത്യമില്ല എന്നത്‌ കാരണമായിക്കൂടാ'.
പാശ്ചാത്യ രാജ്യങ്ങളിലെല്ലാം പൂര്‍ണ ജനാധിപത്യവും അതിന്‌ വിനീത വിധേയമായ ഭരണാധികാരികളുമാണോ ഉള്ളത്‌? ഒരു രാജ്യത്തിന്റെ പരമാധികാരം -തെറ്റും ശരിയും ഉണ്ടാവാം- നിലനില്‌ക്കുമ്പോഴേ അവിടെ ശാന്തിയും സമാധാനവും ഉണ്ടാവൂ. പരമാധികാരം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ പ്രശ്‌നകലുഷിതമാകുന്നത്‌ സ്വാഭാവികം.
അതില്‍ ബാഹ്യ ഇടപെടലുകള്‍ വരുമ്പോള്‍ രൂക്ഷമാവും. തമ്മിലടിപ്പിച്ച്‌ മധ്യസ്ഥത പറയുകയും സ്വന്തം താല്‌പര്യങ്ങള്‍ മനസ്സിലാക്കപ്പെടുകയും ചെയ്യുന്ന സാമ്രാജ്യത്വശക്തികളുടെ മുന്നില്‍ അറബികള്‍ മനസ്സിലാക്കാത്ത ഒരു വസ്‌തുതയുണ്ട്‌. തങ്ങള്‍ക്ക്‌ അവകാശപ്പെട്ട അപ്പം പകുത്തുകിട്ടാന്‍ കുരങ്ങിനെ ഏല്‌പിച്ചുകൂടാ എന്ന യാഥാര്‍ഥ്യമാണത്‌.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment