15.10.2011 പ്രബോധനം
_1_
''ഞാന്‍ മാത്രമായിരുന്നില്ല അങ്ങനെ കരുതിയത്; എങ്കിലും അബദ്ധം എന്റേതു കൂടിയാണ്. 'ജനാധിപത്യം, സ്വാതന്ത്ര്യം...'എന്ന് അലറിക്കൊണ്ട് ജനക്കൂട്ടം തഹ്‌രീര്‍ സ്‌ക്വയറില്‍ വന്നു നിറഞ്ഞപ്പോള്‍ മറ്റു പലരെയും പോലെ ഞാനും വിചാരിച്ചു, അറബ് നാട്ടില്‍ പുതിയ പ്രഭാതം പുലര്‍ന്നുവെന്ന്. അവര്‍ അമേരിക്കന്‍, ഇസ്രയേലീ പതാകകള്‍ കത്തിക്കുന്നുണ്ടായിരുന്നില്ല. എന്തൊരത്ഭുതം! - ഞാനോര്‍ത്തു പോയി. വെറുപ്പിന്റെ നായ്ക്കള്‍ കുരക്കുന്നില്ല. അതിശയകരമാം വിധം അചിന്ത്യമായ നിമിഷങ്ങള്‍. ജനങ്ങളെ സ്വതന്ത്രരാക്കൂ; എങ്കില്‍ അമേരിക്കന്‍-ഇസ്രയേലീ വിരുദ്ധത എന്ന മയക്കുമരുന്നില്‍ നിന്ന്  അവര്‍ സ്വയം മുക്തരായിക്കൊള്ളും. അവരുടെ സര്‍വമാന യാതനകള്‍ക്കും അടിച്ചമര്‍ത്തലിനും കാരണക്കാരായ തമ്പുരാക്കന്മാര്‍ അവരില്‍ കുത്തിയിറക്കിയതാണ് ഈ മയക്കുമരുന്ന്. പക്ഷേ, അതൊരു പൊട്ടന്‍ പ്രഭാതമായിരുന്നുവെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. കഴിഞ്ഞയാഴ്ച കയ്‌റോവിലെ ഇസ്രയേല്‍ എംബസി കുടിയൊഴിപ്പിച്ചത് കൊണ്ട് മാത്രമല്ല ഞാനിത് പറയുന്നത്. ഇപ്പോള്‍ എന്റെ മേശപ്പുറത്ത് മെയ് 13-ന് എടുത്ത റോയ്‌ട്ടേഴ്‌സിന്റെ ഒരു ഫോട്ടോ ഇരിപ്പുണ്ട്. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ വായിക്കാം: 'തഹ്‌രീര്‍ സ്‌ക്വയറില്‍ നടന്ന പ്രകടനത്തിനിടെ ജനങ്ങള്‍ ഇസ്രയേല്‍ പതാക കത്തിക്കുന്നു'. ജനുവരിയില്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ അറബ് അമര്‍ഷത്തിന്റെ ഇത്തരം അടയാളങ്ങളൊന്നും കാണാനുണ്ടായിരുന്നില്ല.'' ന്യൂയോര്‍ക്കില്‍ നിന്നിറങ്ങുന്ന ദ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ ജോസഫ് ജോഫ് എഴുതിയ (സെപ്തംബര്‍ 16) 'അറബ് വസന്തത്തെക്കുറിച്ച ശുഭചിന്തകര്‍ക്ക് തെറ്റി' (Optimists were wrong about Arab Spring) എന്ന ലേഖനത്തിന്റെ ആദ്യ ഖണ്ഡികയാണിത്.
അറബ് വസന്തമോ, അതോ ഇസ്‌ലാമിസ്റ്റ് ശൈത്യമോ? (Arab Spring or Islamist Winter?)- അറബ് നാടുകളില്‍ നടന്നുകൊണ്ടിരിക്കുന്ന ജനകീയ മുന്നേറ്റങ്ങളെ, പുറമേക്ക് പിന്തുണക്കുകയും അകമേ അസ്വസ്ഥപ്പെടുകയും ചെയ്യുന്ന പടിഞ്ഞാറന്‍ നിരീക്ഷകരുടെ നിരവധി വിശകലനങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ട ചോദ്യമാണിത്. 'ലിബറല്‍ മതേതരവാദി'കളും യാഥാസ്ഥിതിക ഇടതുപക്ഷവും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അറബ് ജനമുന്നേറ്റത്തില്‍ 'രാഷ്ട്രീയ ഇസ്‌ലാമി'നുള്ള പങ്ക് ഇന്നൊരു യാഥാര്‍ഥ്യമാണ്. അമേരിക്കയിലെ കൗണ്‍സില്‍ ഫോര്‍ ഫോറിന്‍ റിലേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ലോക പ്രശസ്ത ദൈ്വമാസികയാണ് ഫോറിന്‍ അഫയേഴ്‌സ്. അമേരിക്കന്‍ വിദേശനയം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഈ പ്രസിദ്ധീകരണത്തിന്റെ 2011 മെയ്/ജൂണ്‍ ലക്കത്തില്‍ ഷാദി ഹാമിദ് എഴുതിയ The Rise of the Islamists; How Islamists will Change Politics and Vice Versa എന്ന ലേഖനത്തില്‍ നിന്ന്: ''ദശാബ്ദങ്ങളായി 'ഇസ്‌ലാമിസ്റ്റ് ധര്‍മസങ്കട'ത്തില്‍ പെട്ട് തളര്‍വാതം പിടിപെട്ട് കിടക്കുകയായിരുന്നു പശ്ചിമേഷ്യയിലെ അമേരിക്കന്‍ വിദേശനയം. അതായത്, ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലെത്തിയേക്കാവുന്ന 'അപകടം' ഒഴിവാക്കിക്കൊണ്ട് എങ്ങനെ മേഖലയില്‍ ജനാധിപത്യം നടപ്പാക്കാം എന്നതായിരുന്നു അവരുടെ ആലോചനാ വിഷയം. ഇപ്പോള്‍ അമേരിക്കക്ക് മറ്റൊരു സാധ്യതയുമില്ല എന്ന അവസ്ഥയാണ്. അമേരിക്കന്‍ പിന്തുണയുള്ള സ്വേഛാധിപത്യ ഭരണകൂടങ്ങള്‍ ജനകീയ മുന്നേറ്റത്തിന് മുന്നില്‍ തൂത്തുമാറ്റപ്പെട്ടിരിക്കുന്നു. അവിടങ്ങളില്‍ യഥാര്‍ഥ ജനാധിപത്യ ഭരണകൂടങ്ങള്‍ രൂപപ്പെടുകയാണെങ്കില്‍ മുഖ്യധാരാ ഇസ്‌ലാമിസ്റ്റുകള്‍ക്ക് അതില്‍ സുപ്രധാന പ്രാതിനിധ്യം ഉണ്ടാവുമെന്നതില്‍ സംശയമില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 'രാഷ്ട്രീയ ഇസ്‌ലാമു'മായി ഒത്തുപോവാന്‍ അമേരിക്ക ശീലിക്കേണ്ടി വരും. ജനാധിപത്യം, ബഹുസ്വരത, സ്ത്രീകളുടെ അവകാശം തുടങ്ങിയ കാര്യങ്ങളും ഇസ്‌ലാമിസ്റ്റുകളുടെ മതപ്രമാണങ്ങളും പൊരുത്തപ്പെടുമോ എന്നൊരു സംശയ പ്രതീതി സൃഷ്ടിക്കാന്‍ വാഷിംഗ്ടന്‍ ശ്രമിച്ചേക്കാം. പക്ഷേ, സത്യത്തില്‍ ഈ വക കാര്യങ്ങളൊന്നുമല്ല അമേരിക്കയെ അസ്വസ്ഥമാക്കുന്നത്. ഇസ്‌ലാമിസ്റ്റുകള്‍ പിന്തുടരാനിടയുള്ള വിദേശനയം തന്നെയാണ് അവരുടെ ആശങ്കയുടെ അടിസ്ഥാനം. പടിഞ്ഞാറനുകൂല ഏകാധിപതികളില്‍ നിന്ന് വ്യത്യസ്തമായി വ്യതിരിക്തവും ആത്മവിശ്വാസമുള്ളതും സ്വതന്ത്രവും അറബ് അതിരുകള്‍ ഭേദിക്കാന്‍ പോവുന്നതുമായ വിദേശ നയം ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകള്‍ക്കുണ്ട്-അതില്‍ ചില വ്യക്തതക്കുറവുകള്‍ കണ്ടേക്കാമെങ്കിലും. പുതിയ, അതിശീഘ്രം മാറിക്കൊണ്ടിരിക്കുന്ന പശ്ചിമേഷ്യയെ തങ്ങള്‍ക്ക് ഗുണപരമായ ദിശയിലേക്ക് നയിക്കാന്‍ അമേരിക്ക ഇസ്‌ലാമിസ്റ്റ് സംഘടനകളുമായി തന്ത്രപരമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ട്.''
അറബ് വസന്തത്തിന് പിന്നില്‍ പാശ്ചാത്യ 'ഗൂഢശക്തി'കളുണ്ടെന്ന പ്രചാരണം ചിലരെങ്കിലും നടത്തുന്നുണ്ട്. ലിബിയയില്‍ പടിഞ്ഞാറന്‍ ശക്തികള്‍ നടത്തിയ പരസ്യമായ സൈനിക ഇടപെടല്‍, പാശ്ചാത്യ മാധ്യമങ്ങള്‍ അറബ് ജനമുന്നേറ്റങ്ങള്‍ക്ക് നല്‍കിയ വര്‍ധിച്ച പിന്തുണ എന്നിവയാണ് ഇതിന്റെ തെളിവുകളായി അവര്‍ എടുത്തുകാണിക്കുന്നത്. മുസ്‌ലിം രാജ്യങ്ങളെ വിഭജിക്കാനും അവിടങ്ങളില്‍ അസ്ഥിരത സൃഷ്ടിക്കാനുമുള്ള അമേരിക്കന്‍ അജണ്ടയാണ് 'വസന്ത'മായി വിരിയുന്നതെന്ന് അവര്‍ പറയുന്നു. ഒറ്റനോട്ടത്തില്‍ കാര്യമുണ്ടെന്ന് തോന്നുന്ന ഈ നിരീക്ഷണം ഗൗരവപ്പെട്ട വിശകലനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.
ഭരണകൂട അനുകൂല സലഫികളാണ് ഈ വാദം ഉന്നയിക്കുന്നതില്‍ പ്രധാനപ്പെട്ടൊരു വിഭാഗമെന്നതാണ് തമാശ. കാലങ്ങളായി അമേരിക്കയുടെ പിന്തുണയോടെ ജനങ്ങളെ അടക്കിവാണ ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്ക് സര്‍വപിന്തുണയും നല്‍കിയവര്‍ പുതിയ അമേരിക്കന്‍ വിരുദ്ധ നയവുമായി രംഗത്ത് വരുന്നത് ചിരിക്ക് വകനല്‍കുന്നത് തന്നെയാണ്. ജനകീയ മുന്നേറ്റങ്ങളെക്കുറിച്ച് അവിശ്വാസം ജനിപ്പിക്കാനും അതുവഴി ഭരണകൂടങ്ങളെ സഹായിക്കാനുമാണ് യഥാര്‍ഥത്തില്‍ ഇവര്‍ ഈ വാദം ഉന്നയിക്കുന്നത്. പ്രതിസന്ധി മൂര്‍ഛിച്ചപ്പോള്‍ ഖദ്ദാഫി പോലും ഇതേ നമ്പറാണ് എടുത്തുപയോഗിച്ചത് എന്നും നാം ശ്രദ്ധിക്കുക.
അറബ് വിപ്ലവത്തില്‍ പല ഘടകങ്ങളുണ്ടെന്നത് ശരിയാണ്. ഇടതുപക്ഷവും ലിബറല്‍ മതേതരവാദികളും നവസാമൂഹിക ഗ്രൂപ്പുകളുമെല്ലാം അതില്‍ പങ്കുവഹിച്ചിട്ടുണ്ട്. എല്ലാവരും ചേര്‍ന്ന ഈ ജനമുന്നേറ്റത്തിന്റെ ചാലക ശക്തിയാവാനും ദിശ നിര്‍ണയിക്കാനും സാധിച്ചുവെന്നതാണ് ഇസ്‌ലാമിസ്റ്റുകളുടെ പ്രത്യേകത. തങ്ങള്‍ ഒറ്റക്ക് നിര്‍വഹിക്കുന്ന/നിര്‍വഹിക്കേണ്ട വിപ്ലവമാണിതെന്ന് അവര്‍ തന്നെയും അവകാശപ്പെട്ടിട്ടില്ല. ബഹുസ്വരമായ ഒരു രാഷ്ട്രീയക്രമത്തിന് വേണ്ടിയുള്ള പല സ്വരങ്ങള്‍ ഒത്തുചേര്‍ന്ന വിപ്ലവം എന്നുതന്നെയാണ് അവര്‍ അതിനെ വിശേഷിപ്പിച്ചത്. അത് തങ്ങളുടെ ഒരു നിസ്സഹായാവസ്ഥയായിട്ടല്ല ഇസ്‌ലാമിസ്റ്റുകള്‍ മനസ്സിലാക്കുന്നത്. ഇസ്‌ലാമിസ്റ്റുകള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകളുടെ തന്നെ പ്രായോഗികാവിഷ്‌കാരമാണത്. രാജ്യത്തിന്റെ പുരോഗതിയും പൊതുനന്മയും മുന്നില്‍ വെച്ച് എല്ലാവരും ഒത്തുചേരണമെന്നത് ഇസ്‌ലാമിക പാര്‍ട്ടികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. 'അതു പാടില്ല, ഇസ്‌ലാമിസ്റ്റുകളുമായി അടുത്തു പോകരുത്' എന്ന നിലപാട് സ്വീകരിച്ചത് ലിബറലുകളും മതേതരവാദികളും ഇടതുപക്ഷവുമായിരുന്നു. ഇസ്‌ലാമിസ്റ്റുകളെ ഒറ്റപ്പെടുത്തുക എന്ന രാഷ്ട്രീയം അവര്‍ക്ക് കൈയൊഴിക്കേണ്ടി വന്നുവെന്ന് മാത്രമല്ല, ഇസ്‌ലാമിസ്റ്റുകള്‍ക്ക് മുന്‍കൈയുള്ള വിപ്ലവ പ്രക്രിയയില്‍ അവര്‍ കൂടി ഭാഗഭാക്കാകേണ്ടി വന്നുവെന്നതാണ് അറബ് വിപ്ലവങ്ങളുടെ രാഷ്ട്രീയ പ്രസക്തി. ജനകീയ സംസ്‌കാരവും ജനകീയ രാഷ്ട്രീയവും പ്രതിനിധീകരിക്കാനുള്ള ഇസ്‌ലാമിന്റെ ചരിത്രപരമായ ശേഷിയെ വീണ്ടും അവര്‍ പ്രയോഗവല്‍ക്കരിക്കുകയായിരുന്നു. 'മാറ്റിനിര്‍ത്തുക' എന്ന ലിബറല്‍/മതേതര/ഇടതുപക്ഷ അജണ്ടക്കു മേല്‍ 'ഒന്നിച്ചു നിര്‍ത്തുക' എന്ന ഇസ്‌ലാമിക രാഷ്ട്രീയ അജണ്ട നേടിയ വിജയമായി നമുക്ക് അറബ് വസന്തത്തെ വിശദീകരിക്കാം.
പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ അറബ് മുന്നേറ്റത്തെ മഹത്വവല്‍ക്കരിച്ചതിന് നിരവധി കാരണങ്ങളുണ്ട്. തങ്ങള്‍ തമസ്‌കരിച്ചാലും അറബ് ജനതയുടെ നിശ്വാസങ്ങളെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന മാധ്യമ സംരംഭങ്ങള്‍ അറബ് ലോകത്ത് വളര്‍ന്നുകഴിഞ്ഞുവെന്നതാണ് അതില്‍ പ്രധാനം. പുതിയ മാധ്യമരീതികളും സംരംഭങ്ങളും വികസിപ്പിക്കുന്നതില്‍ അറബികള്‍ വിജയിച്ചു. ഈ പ്രവണതയുടെ ഏറ്റവും തിളങ്ങുന്ന ഉദാഹരണമാണ് അല്‍ജസീറ. റിപ്പോര്‍ട്ടര്‍മാരെ തടവിലാക്കിയും ഓഫീസുകള്‍ തകര്‍ത്തും ഭരണകൂടങ്ങള്‍ എല്ലാ നിലക്കും ഞെക്കിക്കൊല്ലാന്‍ ശ്രമിച്ചിട്ടും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി അല്‍ജസീറക്ക് എത്തിച്ചു കൊടുക്കാന്‍ ആയിരക്കണക്കിന് 'റിപ്പോര്‍ട്ടര്‍'മാര്‍ അറബ് തെരുവുകളില്‍ അല്‍ജസീറക്ക് ലഭിച്ചു. നാളെ അല്‍ജസീറ സമ്പൂര്‍ണമായി അടച്ചുപൂട്ടിയാലും വിശേഷിച്ചും ഒരു ശൂന്യതയും സംഭവിക്കാനിടയില്ലാത്ത വിധം പുതിയൊരു മാധ്യമ സംസ്‌കാരം അറബ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ കൊണ്ടുവരാന്‍ ആ മാധ്യമ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. ഇങ്ങനെയൊരവസ്ഥയില്‍ അറബ് രോഷത്തെ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ തമസ്‌കരിച്ചാല്‍ അവരുടെ വിശ്വാസ്യത നഷ്ടപ്പെടുകയല്ലാതെ വിശേഷിച്ചൊന്നും സംഭവിക്കില്ല എന്ന് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ക്കറിയാമായിരുന്നു.
തരിമ്പും ജനപിന്തുണയില്ലാത്ത ഭരണകൂടങ്ങളെ പിന്തുണക്കുന്നതിലെ അപകട സാധ്യത പടിഞ്ഞാറന്‍ ബുദ്ധികേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അനിവാര്യമായും സംഭവിക്കുന്ന ഒരു വിപ്ലവത്തില്‍ തങ്ങളുടെ പങ്ക് ഇല്ലാതെ പോവുന്നത് അവര്‍ ആഗ്രഹിക്കുന്നില്ല. തുനീഷ്യയിലും ഈജിപ്തിലും തങ്ങളുടെ പിന്തുണയില്ലാതെ വിപ്ലവം നടന്നത് അവരുടെ കണ്ണു തുറപ്പിച്ചു. അതുകൊണ്ടു കൂടിയാണ് പിന്നീട് വന്ന ലിബിയന്‍ മുന്നേറ്റത്തില്‍ അവര്‍ വളരെ പ്രത്യക്ഷമായിത്തന്നെ ഇടപെട്ടത്. മറ്റു രണ്ട് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലിബിയയിലെ വര്‍ധിച്ച എണ്ണ ശേഖരവും അവരെ ആകര്‍ഷിച്ചിരിക്കണം. ആദ്യം അമേരിക്കയെയും ഇപ്പോള്‍ യൂറോപ്പിനെയും പിടികൂടിയിരിക്കുന്ന സാമ്പത്തിക മാന്ദ്യം പടിഞ്ഞാറന്‍ ശക്തികളുടെ പ്രഹരശേഷിയെ കാര്യമായി ഉലച്ചതും ഇവിടെ ചേര്‍ത്തു വായിക്കുക. അത്തരമൊരു സന്ദര്‍ഭത്തില്‍ പരമാവധി സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കുക എന്നതാണ് അവരുടെ അജണ്ട. വിപ്ലവാനന്തര ഭരണകൂടങ്ങളുടെ 'പടിഞ്ഞാറന്‍ വിരോധം' കുറച്ചുകൊണ്ടുവരാന്‍ തങ്ങളുടെ ഇടപെടല്‍ ഗുണകരമാവുമെന്ന് അവര്‍ പ്രതീക്ഷിച്ചു. വിപ്ലവകാരികള്‍ക്ക് അമേരിക്ക ആവശ്യമാണ് എന്നതിനേക്കാള്‍ കൂടുതല്‍ അമേരിക്കക്ക് വിപ്ലവാനന്തര ഭരണകൂടങ്ങളുമായുള്ള ബന്ധം ആവശ്യമാണ് എന്നതാണ് സത്യം. വിപ്ലവകാരികളുടെ പ്രഹര സാധ്യത പരമാവധി കുറക്കുക എന്നത് തന്നെയായിരുന്നു അവരുടെ ആഗ്രഹം. ലേഖനത്തിന്റെ തുടക്കത്തില്‍ എടുത്തു ചേര്‍ത്ത ജോസഫ് ജോഫിന്റെ വാള്‍ സ്ട്രീറ്റ് ലേഖനം ആ ആഗ്രഹചിന്തയും അത് നഷ്ടപ്പെട്ടതിലെ കുണ്ഠിതവുമാണ് പ്രകടമാക്കുന്നത്. ഒരു കാര്യത്തിലും പ്രസക്തമായ ഒരു പങ്കും വഹിക്കാന്‍ കഴിയാത്ത, ആത്മവിശ്വാസമില്ലാത്ത ആളുകളാണ് എപ്പോഴും ദുരൂഹമായ ഗൂഢാലോചന സിദ്ധാന്തങ്ങളില്‍ അഭയം കണ്ടെത്തുക. ലോക ഇസ്‌ലാമിക സമൂഹം ഇന്ന് ആ അവസ്ഥയെ മറികടന്നിരിക്കുന്നു. സ്വന്തമായി അജണ്ടകള്‍ രൂപപ്പെടുത്താനും അതിനനുസരിച്ച് ജനകീയ സംഘാടനം നിര്‍വഹിക്കാനും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അതിനോട് മറ്റുള്ളവര്‍ എന്തു നിലപാട് സ്വീകരിക്കുന്നുവെന്നത് അവരെക്കാള്‍ മറ്റുള്ളവര്‍ക്കാണ് കൂടുതല്‍ നിര്‍ണായകമായിട്ടുള്ളത്. ആത്മനിന്ദ കൊണ്ടുനടക്കുന്ന പല ഇസ്‌ലാമിക പ്രവര്‍ത്തകരും ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത സുപ്രധാനമായൊരു പാരഡൈം ഷിഫ്റ്റ് ആണിത്. ഫോറിന്‍ അഫയേഴ്‌സ് ലേഖനം സൂചിപ്പിക്കുന്നതു പോലെ പന്ത് ഇപ്പോള്‍ ഇസ്‌ലാമിസ്റ്റുകളുടെ കോര്‍ട്ടിലാണ്. അത് എങ്ങനെ തട്ടണമെന്ന് അവര്‍ തന്നെയാണ് തീരുമാനിക്കുക.
ലോകം ഒട്ടുവളരെ മാറിയിരിക്കുന്നു. ദമസ്‌കസിലെയും ബഗ്ദാദിലെയും യൂനിവേഴ്‌സിറ്റികളില്‍ പോലും തട്ടമിട്ട ഒരു പെണ്‍കുട്ടി പോലുമില്ലാതിരുന്ന കാലത്താണ് ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നത്. ഇന്ന് പാരീസിലും ലണ്ടനിലുമെല്ലാം സര്‍വകലാശാല കാമ്പസുകളില്‍ മഫ്ത ധരിച്ച പെണ്‍കുട്ടികള്‍ പ്രകടനങ്ങള്‍ നയിക്കുന്ന അവസ്ഥയിലേക്ക് ലോക, സാംസ്‌കാരിക രാഷ്ട്രീയ ചിത്രത്തില്‍ മറിച്ചിലുകള്‍ വന്നിട്ടുണ്ട്. ആ മാറ്റങ്ങളുടെ ഏറ്റവും ചടുലമായ ബഹിസ്ഫുരണം എന്ന നിലക്കാണ് അറബ് വസന്തത്തെ നാം കാണേണ്ടത്.
(തുടരും)
 _2_
വേട്ടമൃഗത്തിന്റെ പല്ലുകള്‍ കൊഴിയുന്നു
സി. ദാവൂദ്


അറബ് വസന്തം മുസ്‌ലിം നാടുകളില്‍ മാത്രമല്ല, ലോകത്തെങ്ങും തിരയിളക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നമ്മുടെ അണ്ണാ ഹസാരെയുടെ നാടകം പോലും തഹ്‌രീര്‍ സ്‌ക്വയറില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് ഉണ്ടായി വന്നതാണെന്ന് പലരും എഴുതിയിട്ടുണ്ട്. എന്നാല്‍, ആരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഇസ്രയേലിലെ ചെറുപ്പക്കാരും അറബ് യുവാക്കളെ പിന്‍പറ്റി തെരുവുകളില്‍ ഇറങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ജൂലൈ ഒടുവിലും സെപ്റ്റംബര്‍ ആദ്യത്തിലുമായി ലോകം കണ്ടത്. തെല്‍അവീവിലെ റോത്ഷില്‍ ബോല്‍വാര്‍ഡ് എന്ന നഗര ചത്വരം അവര്‍ ശരിക്കും മറ്റൊരു തഹ്‌രീര്‍ സ്‌ക്വയറാക്കി മാറ്റി. ടെന്റുകള്‍ കെട്ടി ലക്ഷക്കണക്കിന് യുവാക്കളാണ് ദിവസങ്ങളോളം അവിടെ തടിച്ചുകൂടിയത്. നിത്യജീവിത ചെലവുകളിലെ, പ്രത്യേകിച്ചും വീട് വാടകയിലെ വര്‍ധനവാണ് അവരെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. 'യൂറോപ്യന്‍ ആധുനിക' നിലവാരത്തിലുള്ള ഇസ്രയേല്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളുടെയും ആഭ്യന്തര സമ്മര്‍ദങ്ങളുടെയും ശക്തമായ അടയാളമായിരുന്നു ആ പ്രക്ഷോഭങ്ങള്‍. വലിയ പ്രയാസങ്ങളുണ്ടാക്കാതെ പ്രസ്തുത പ്രക്ഷോഭത്തെ 'മാനേജ്' ചെയ്യാന്‍ ഭരണകൂടത്തിന് സാധിച്ചു. എന്നാല്‍, അറബ് വസന്തം കൊണ്ടുവന്ന രാഷ്ട്രീയ മാറ്റങ്ങള്‍ ഇസ്രയേലിനു മേല്‍ ഏല്‍പിക്കുന്ന ആഘാതങ്ങള്‍ അത്രയെളുപ്പം മറികടക്കാന്‍ കഴിയില്ല.
ടിം ലിസ്റ്റര്‍, കെവിന്‍ ഫ്‌ളവര്‍ എന്നിവര്‍ ചേര്‍ന്ന് സി.എന്‍.എന്‍ വെബ്‌സൈറ്റില്‍ സെപ്റ്റംബര്‍ 22-ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട് തന്നെ ഇങ്ങനെയാണ്: Israel Faces Regional Tsunami Set off by Arab Spring. ഇസ്രയേല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ പ്രതിസന്ധിയിലൂടെ കടന്നുപോവുന്നുവെന്നാണ് ലേഖകര്‍ സമര്‍ഥിക്കുന്നത്. അറബ് ലോകത്തെ തങ്ങളുടെ പ്രിയപ്പെട്ട ദാസന്മാര്‍ തൂത്തെറിയപ്പെട്ടത് തന്നെയാണ് അവരെ ഏറ്റവും പ്രയാസപ്പെടുത്തുന്നത്. 'മുബാറക് എത്ര നല്ലവനായിരുന്നു'വെന്ന് ഇസ്രയേലി നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ഈ നഷ്ടബോധം കാരണമാണ്. സെപ്റ്റംബര്‍ 9-ന് കയ്‌റോവിലെ ഇസ്രയേല്‍ എംബസി ചെറുപ്പക്കാര്‍ വളഞ്ഞു തകര്‍ത്തതും എംബസി ഉദ്യോഗസ്ഥര്‍ക്ക് ഇസ്രയേലിലേക്ക് മടങ്ങിപ്പോവേണ്ടി വന്നതും അവരെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. തങ്ങളുടെ ദീര്‍ഘകാല സുഹൃത്തായിരുന്ന ഈജിപ്ത് കൈവിട്ടുപോയതായി അവര്‍ മനസ്സിലാക്കുന്നു. 1978-ല്‍ ക്യാമ്പ് ഡേവിഡ് കരാര്‍ ഒപ്പുവെച്ചതു മുതല്‍ ഈജിപ്തുമായുണ്ടായിരുന്ന ബന്ധം ഇനി പഴയതുപോലെയാവുമെന്ന് ഇസ്രയേല്‍ വിചാരിക്കുന്നില്ല. 'ക്യാമ്പ് ഡേവിഡ് കരാര്‍ വിശുദ്ധ പുസ്തകമൊന്നുമല്ല. മേഖലയിലെ യഥാര്‍ഥ സമാധാനത്തിന് ഗുണകരമാവുമെങ്കില്‍ അതിനെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ ആകാവുന്നതാണ്. ആവശ്യമാണെങ്കില്‍ മാറ്റത്തിന് വിധേയമാക്കുകയും ചെയ്യാം' എന്ന് എംബസി ആക്രമണത്തിന്റെ അടുത്ത ദിവസം ഒരു തുര്‍ക്കിഷ് ടെലിവിഷനുമായുള്ള അഭിമുഖത്തില്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി ഇസ്വാം ഷറഫ് പ്രസ്താവിച്ചത് ഇസ്രയേലി നേതൃത്വം വലിയ ആഘാതത്തോടെയാണ് സ്വീകരിച്ചത്. ഇറാന്‍ വിപ്ലവത്തിന് ശേഷം വിദ്യാര്‍ഥികള്‍ അമേരിക്കന്‍ എംബസി 'പിടിച്ചെടുത്ത'തിനോടാണ് കയ്‌റോ സംഭവത്തെ വിപ്ലവാനുകൂല വിദ്യാര്‍ഥികള്‍ വിശേഷിപ്പിച്ചത്.
ഇസ്രയേലുമായി ഔദ്യോഗിക ബന്ധമുള്ള ഏറ്റവും ശക്തമായ മുസ്‌ലിം രാജ്യമായിരുന്നു തുര്‍ക്കി. ഗസ്സയിലേക്ക് സഹായവുമായി പോയ തുര്‍ക്കി കപ്പല്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് അവരുമായുള്ള ബന്ധം ഉലഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുക, നഷ്ട പരിഹാരം നല്‍കുക, ഗസ്സാ ഉപരോധം പിന്‍വലിക്കുക എന്നീ തുര്‍ക്കി ആവശ്യങ്ങളെ ഇസ്രയേല്‍ നിരാകരിച്ചതോടു കൂടി തുര്‍ക്കി-ഇസ്രയേല്‍ ബന്ധം സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നീങ്ങി. അങ്കാറയിലെ ഇസ്രയേല്‍ അംബാസഡറെ പുറത്താക്കിയും തെല്‍ അവീവിലെ തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിച്ചും ശക്തമായ നീക്കമാണ് തുര്‍ക്കി നടത്തിയത്. ഗസ്സയിലേക്ക് ഇനിയും സഹായക്കപ്പലുകളെ അയക്കുമെന്നും സുരക്ഷക്ക് തുര്‍ക്കി നാവിക സേന അകമ്പടി സേവിക്കുമെന്നും തുര്‍ക്കി പ്രധാനമന്ത്രി ഉര്‍ദുഗാന്‍ പറഞ്ഞതോടെ തുര്‍ക്കി-ഇസ്രയേല്‍ ബന്ധം ചരിത്രത്തിലെ ഏറ്റവും വഷളായ അവസ്ഥയിലെത്തി.
ഇസ്രയേലിന് ഔദ്യോഗിക നയതന്ത്രബന്ധമുള്ള മേഖലയിലെ മറ്റൊരു രാജ്യം ജോര്‍ദാനാണ്. കയ്‌റോ എംബസി ആക്രമിക്കപ്പെട്ടതിന് ശേഷം സമാനമായൊരു റാലി ജോര്‍ദാനിലെ ഇസ്രയേല്‍ എംബസിയിലേക്ക് പ്രതിപക്ഷ കക്ഷികള്‍ സംഘടിപ്പിച്ചു. അപകടം മണത്ത ഇസ്രയേല്‍ തലേദിവസം തങ്ങളുടെ ഉദ്യോഗസ്ഥരെ നാടുകടത്തുകയായിരുന്നു. കഴിഞ്ഞ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പതിവിന് വിപരീതമായി ജോര്‍ദാന്‍ രാജാവ് ഇസ്രയേല്‍ നയങ്ങളെ വിമര്‍ശിച്ചത് നല്ല സൂചനയായല്ല ഇസ്രയേല്‍ കാണുന്നത്. പ്രതിപക്ഷമായ ഇസ്‌ലാമിസ്റ്റുകളുടെ സമ്മര്‍ദത്തിന് വിധേയമായിട്ടാണെങ്കിലും ജോര്‍ദാന് അങ്ങനെയൊരു നിലപാട് എടുക്കേണ്ടിവന്നുവെന്നത് പ്രധാനമാണ്. ജോര്‍ദാനുമായുള്ള ബന്ധം അപകടത്തിലാവുന്നത് വളരെ കരുതലോടെയാണ് ഇസ്രയേല്‍ കാണുന്നത്. ഇസ്രയേലി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പോളിസി ആന്റ് മിലിട്ടറി അഫയേഴ്‌സിന്റെ ഡയറക്ടര്‍ അമോസ് ഗാലിദ് സി.എന്‍.എന്‍ വെബ്‌സൈറ്റിനോട് പറയുന്നത് ശ്രദ്ധിക്കുക: ''ജോര്‍ദാനുമായുള്ള സമാധാനം നിലനില്‍ക്കേണ്ടതുണ്ട്. ഇസ്രയേലിന് അത്യധികം തന്ത്രപ്രാധാന്യമുള്ള കാര്യമാണത്. അവരുമായുള്ള സമാധാന ബന്ധം ഏറെ വിലപ്പെട്ടതാണ്. ജോര്‍ദാനുമായി ബന്ധമില്ലാതെ നിലനില്‍ക്കുകയെന്നത് ഇസ്രയേലിന് തീര്‍ത്തും അചിന്ത്യമാണ്.''
മേഖലയില്‍ സമ്പൂര്‍ണമായി ഒറ്റപ്പെടുന്നുവെന്നതാണ് ഇസ്രയേല്‍ അനുഭവിക്കുന്ന പ്രശ്‌നം. മധ്യപൂര്‍വ ദേശത്തെ ജനങ്ങള്‍ നേരത്തെ തന്നെ ഇസ്രയേലിനെയും അവരുടെ കിരാത നടപടികളെയും വെറുത്തിരുന്നെങ്കിലും അതിലും കിരാതന്മാരായ അറബ് ഭരണാധികാരികളുടെ പിന്തുണ അവര്‍ക്കുണ്ടായിരുന്നു. ഈ പാവകളെ നഷ്ടപ്പെടുകയും അറബ് തെരുവുകള്‍ കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്നുവെന്നതാണ് ഇസ്രയേലിനെ അലോസരപ്പെടുത്തുന്നത്. അമേരിക്കയിലെ പ്യൂ റിസര്‍ച്ച് ഫോറം ഈജിപ്തുകാര്‍ക്കിടയില്‍ കഴിഞ്ഞ മാസം നടത്തിയ സര്‍വേയില്‍ ഇസ്രയേലുമായുള്ള സമാധാന ഉടമ്പടി അവസാനിപ്പിക്കണമെന്നാണ് 54 ശതമാനം ജനങ്ങളും ആവശ്യപ്പെട്ടത്. അകത്തും പുറത്തും ഒരു പോലെ സമ്മര്‍ദങ്ങളില്‍ പെട്ടിരിക്കുകയാണ് ഒരുകാലത്ത് മേഖലയെ വിറപ്പിച്ച ഈ സാമ്രാജ്യത്വ സന്തതി. ഈജിപ്തില്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടക്കുകയും ബ്രദര്‍ഹുഡിന് നിര്‍ണായക വിജയം കൈവരികയും ചെയ്യുന്ന അവസ്ഥയെ ഞെട്ടലോടു കൂടിയാണ് ഇസ്രയേല്‍ നോക്കിക്കാണുന്നത്.
ഇസ്രയേലിലെ രണ്ടാമത്തെ ഏറ്റവും വലിയ പത്രമായ മആരിഫില്‍ സെപ്റ്റംബര്‍ 7-ന് പ്രസിദ്ധീകരിച്ച നദവ് എയാലിന്റെ ലേഖനം- 'ദൗര്‍ബല്യത്തിന്റെ യുഗം' (Age of Weakness) തുടങ്ങുന്നതിങ്ങനെയാണ്: ''കാലാവസ്ഥാ നിരീക്ഷകര്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു. അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ കൊടുങ്കാറ്റ് ആഞ്ഞു വീശിയില്ല. അത് വീശിയടിച്ചത് ഇവിടെയാണ്. അമേരിക്കയിലെ കൊടുങ്കാറ്റ് പ്രവചനങ്ങളെപ്പോലെയല്ല, ഇസ്രയേലിലെ രാഷ്ട്രീയ ചുഴലികള്‍ ഏറ്റവും വലിയ അശുഭചിന്തകനെയും നിരാശപ്പെടുത്തിയില്ല. ഇസ്രയേലിനെ സംബന്ധിച്ചേടത്തോളം, നിരവധി അന്തര്‍ദേശീയ സംഭവവികാസങ്ങള്‍- അവ  പരസ്പരം തെളിഞ്ഞ ബന്ധമുള്ളതും അല്ലാത്തതുമാവാം- അസുഖകരമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. വന്നുകൊണ്ടിരിക്കുന്ന വാര്‍ത്താ പരമ്പരകള്‍, ഒരു കാക്കക്കൂട്ടത്തെയെന്ന വണ്ണം ജറൂസലമിലെ വാതിലുകളില്‍ വന്നു കൊത്തിക്കൊണ്ടിരിക്കുന്നു.''
'ഇസ്രയേലിന്റെ ഒറ്റപ്പെടല്‍' (Isolation of Israel) എന്നത് കഴിഞ്ഞ ഏതാനും ആഴ്ചകളായി സാര്‍വദേശീയ മാധ്യമങ്ങള്‍ ഇഴകീറി പരിശോധിച്ചു കൊണ്ടിരിക്കുന്ന ആശയമാണ്. പൂര്‍ണ രാഷ്ട്ര പദവിക്ക് വേണ്ടി ഫലസ്ത്വീന്‍ അതോറിറ്റി നടത്തുന്ന ശ്രമങ്ങള്‍ക്ക് ആഗോളതലത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വര്‍ധിച്ച പിന്തുണ ഇസ്രയേലിന് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ലോകത്തെ മഹാഭൂരിപക്ഷം ജനങ്ങളും ഫലസ്ത്വീന്റെ രാഷ്ട്ര പദവിയെ അനുകൂലിക്കുന്നതായി ബി.ബി.സി സര്‍വേ വെളിപ്പെടുത്തുകയും മഹ്മൂദ് അബ്ബാസിന്റെ യു.എന്‍ ശ്രമങ്ങള്‍ക്ക് വര്‍ധിച്ച പിന്തുണ ലഭിക്കുകയും ചെയ്തതോടു കൂടി നയതന്ത്ര രംഗത്ത് ഇസ്രയേലിന് വമ്പിച്ച തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് മുന്‍ സി.ഐ.എ ഡയറക്ടറും ഇപ്പോഴത്തെ അമേരിക്കന്‍ പ്രതിരോധ വകുപ്പ് സെക്രട്ടറിയുമായ ലിയോന്‍ പെനേറ്റ ഒക്‌ടോബര്‍ മൂന്നിന് ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയത്. തെല്‍അവീവില്‍ എത്തിയ പെനേറ്റ, ഇസ്രയേല്‍ പ്രതിരോധ മന്ത്രി എഹൂദ് ബറാകുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാണ്: ''ഒരു കാര്യം പൂര്‍ണമായും ശരിയാണ്. പശ്ചിമേഷ്യയിലെ നാടകീയമായ മാറ്റങ്ങളെത്തുടര്‍ന്ന്, കാര്യങ്ങള്‍ ഇസ്രയേലിന് ഗുണകരമായ രീതിയിലല്ല; ഇസ്രയേല്‍ വര്‍ധിച്ച തോതില്‍ ഒറ്റപ്പെട്ടിരിക്കുന്നു... തുര്‍ക്കിയും ഈജിപ്തുമായുള്ള ബന്ധങ്ങള്‍ നല്ല നിലയിലാക്കാന്‍ ഞങ്ങള്‍ കഴിയാവുന്നതൊക്കെയും ചെയ്യും. അത് വളരെ പ്രധാനമാണെന്ന് ഞങ്ങള്‍ കരുതുന്നു. മേഖലയില്‍ ഇസ്രയേലിന് സൈനികമായ മുന്‍കൈ ഉണ്ടായിരിക്കാം. പക്ഷേ, നിങ്ങള്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. നയതന്ത്രപരമായി ഒറ്റപ്പെട്ടു നില്‍ക്കെ, സൈനികമായ മേല്‍ക്കൈ കൊണ്ട് മാത്രം കാര്യമുണ്ടോ?'' ഇതേ പത്രസമ്മേളനത്തില്‍ എഹൂദ് ബറാക് ഇങ്ങനെ പറഞ്ഞു: ''ഇസ്രയേലിനെ മൂലക്കിരുത്തി ഒറ്റപ്പെടുത്താന്‍ ലോകത്ത് പലരും ശ്രമിക്കുന്നുവെന്നത് ശരിയാണ്. കാര്യങ്ങളെ മയപ്പെടുത്തി എടുക്കുകയും പ്രശ്‌നങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നതും ശരിയാണ്.'' ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം ഫലസ്ത്വീനും ഈജിപ്തുമായിരുന്നു പെനേറ്റയുടെ അടുത്ത ലക്ഷ്യ കേന്ദ്രങ്ങള്‍. എഹൂദ് ബറാക് പറഞ്ഞതു പോലെ ഇസ്രയേലിന് വേണ്ടി, ഫലസ്ത്വീനെയും ഈജിപ്തിനെയുമൊക്കെ 'മയപ്പെടുത്തി'ക്കൊടുക്കുകയെന്നതായിരുന്നു പെനേറ്റയുടെ അജണ്ട. ഒപ്പം ഫലസ്ത്വീന്‍ രാഷ്ട്ര പദവിക്ക് വേണ്ടിയുള്ള യു.എന്‍ ശ്രമത്തെ എതിര്‍ത്തതിന്റെ പേരില്‍ അറബ് രാജ്യങ്ങള്‍ അകന്നുപോവാതിരിക്കാനുള്ള ശ്രമവും. പക്ഷേ, അറബ് ഭരണകൂടങ്ങളെ എത്ര മയക്കാന്‍ സാധിച്ചാലും അറബ് തെരുവുകളെ അവര്‍ക്ക് കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്നതാണ് കഴിഞ്ഞയാഴ്ചകളിലെ അനുഭവം. ആ തെരുവുകളാണ്, അവിടെ തടിച്ചു കൂടുന്ന ചെറുപ്പക്കാരാണ് ഇപ്പോള്‍ ലോക രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നത്.
ഉര്‍ദുഗാന്റെ യാത്രകള്‍
സി. ദാവൂദ്‌

_3_

പ്രമുഖ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയില്‍ തുര്‍ക്കി സര്‍ക്കാറിന്റെ വിദേശകാര്യനയം വിശദീകരിക്കുന്ന അധ്യായത്തില്‍ കൗതുകകരമായ ഒരു ലോകഭൂപടം എടുത്തുചേര്‍ത്തിട്ടുണ്ട്. തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സന്ദര്‍ശിച്ച രാജ്യങ്ങളും സന്ദര്‍ശിക്കാത്ത രാജ്യങ്ങളും യഥാക്രമം നീല, ചാര നിറങ്ങളില്‍ വേര്‍തിരിച്ചിരിക്കുകയാണ് ആ ഭൂപടത്തില്‍. ചാരനിറം ആ ഭൂപടത്തില്‍ വളരെ കുറച്ചേ നിങ്ങള്‍ക്ക് കാണാന്‍ കഴിയൂ. ഉര്‍ദുഗാന്‍ എത്തിപ്പെടാത്ത ലോകരാജ്യങ്ങള്‍ നന്നെക്കുറച്ചേ വരൂ എന്നര്‍ഥം. തലസ്ഥാനങ്ങളില്‍ നിന്ന് തലസ്ഥാനങ്ങളിലേക്കുള്ള നിരന്തര യാത്രകള്‍ ഉര്‍ദുഗാന്റെയും സൈദ്ധാന്തികനായ അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി അഹ്മദ് ദാവോദ് ഒഗ്‌ലുവിന്റെയും ഹരമാണെന്ന് പറയാം. ഇത് വെറും യാത്രകളല്ല; 'യൂറോപ്പിലെ രോഗി' എന്ന് പരിഹസിക്കപ്പെട്ടിരുന്ന തുര്‍ക്കി സാര്‍വദേശീയ രാഷ്ട്രീയത്തില്‍ നേടിയെടുത്തിരിക്കുന്ന പദവിയുടെയും ആദരവിന്റെയും സൂചകങ്ങളാണ്. ആഗോള നയതന്ത്രരംഗത്ത് അസൂയാര്‍ഹമായ പദവിയാണിന്ന് എ.കെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള തുര്‍ക്കി സര്‍ക്കാര്‍ വഹിക്കുന്നത്.
എ.കെ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 'ഹെദഫ് 2023' എന്ന പേരില്‍ ഒരു പേജുണ്ട്. 2023ല്‍ ആധുനിക തുര്‍ക്കി റിപ്പബ്ലിക് നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്. 2023 ആവുമ്പോഴേക്ക് നേടിയെടുക്കേണ്ട ലക്ഷ്യങ്ങള്‍ (ടാര്‍ഗറ്റ്) ആണ് 'ഹെദഫി'ല്‍ വിവരിച്ചിരിക്കുന്നത്. പുരോഗതി പ്രാപിച്ച ജനാധിപത്യം, ശക്തമായ സമ്പദ്‌വ്യവസ്ഥ, ഊര്‍ജസ്വലമായ സമൂഹം, താമസയോഗ്യമായ പരിസ്ഥിതിയും അറിയപ്പെട്ട നഗരങ്ങളും, നായകരാജ്യം എന്നിവയാണ് ഹെദഫില്‍ എണ്ണിപ്പറഞ്ഞിരിക്കുന്ന പ്രമുഖ അഞ്ച് ലക്ഷ്യങ്ങള്‍. സാമ്പത്തിക രംഗത്ത് തുര്‍ക്കി ഇപ്പോള്‍ തന്നെ യൂറോപ്പിലെ ഏറ്റവും വളര്‍ച്ചയുളള സമ്പദ്ഘടനയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ഉഴലുമ്പോഴാണ് തുര്‍ക്കി വളര്‍ച്ചാനിരക്കില്‍ വന്‍ മുന്നേറ്റം നടത്തുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 2023 ആകുമ്പോഴേക്ക് ലോകത്തെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന 10 സമ്പദ്ശക്തികളില്‍ ഒന്ന് തുര്‍ക്കിയായിരിക്കും എന്ന് എ.കെ പാര്‍ട്ടി ലക്ഷ്യമിടുന്നു. വിദേശകാര്യ രംഗത്ത് നായക പദവിയില്‍ നില്‍ക്കുന്ന രാജ്യം എന്നതാണ് അവരുടെ ലക്ഷ്യം. ഇനിയും പത്ത് വര്‍ഷം കൂടി മുന്നില്‍ കണ്ട് കൊണ്ടുള്ള ടാര്‍ഗറ്റുകളാണ് ഇവയെങ്കിലും, പശ്ചിമേഷ്യയുടെ കാര്യത്തിലെങ്കിലും തുര്‍ക്കി ഇന്ന് നായകസ്ഥാനത്താണെന്ന് മേഖലയിലെ രാഷ്ട്രീയം നിരീക്ഷിക്കുന്ന ആരും സമ്മതിക്കും.
കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ ഉര്‍ദുഗാന്‍ നടത്തിയ ചില യാത്രകള്‍ ഈ വിശകലനത്തില്‍ പ്രത്യേകം എടുത്തുപറയേണ്ടതാണ്. ആഫ്രിക്കന്‍ മുസ്‌ലിം രാജ്യമായ സോമാലിയ പട്ടിണിയിലേക്ക് കൂപ്പ് കുത്തിയ സന്ദര്‍ഭം. ഐക്യരാഷ്ട്ര സഭയും പശ്ചാത്യ സമ്പന്ന രാഷ്ട്രങ്ങളും പ്രസ്താവനകള്‍ മാത്രം നടത്തി കാഴ്ചക്കാരായി നോക്കിനില്‍ക്കവെയാണ് ആഗസ്റ്റ് 9-ന് ഉര്‍ദുഗാന്‍ കുടുംബസമേതം സോമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവില്‍ വിമാനമിറങ്ങുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ആദ്യമായി ഒരു വിദേശ രാജ്യത്തലവന്‍ അങ്ങനെ മൊഗാദിശുവിലെത്തി. സോമാലിയക്ക് വേണ്ടി വന്‍ സഹായപദ്ധതികളാണ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചത്. അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, കുടിവെള്ളം, വീടുനിര്‍മാണം എന്നീ മേഖലകളില്‍ നിരവധി പദ്ധതികള്‍ തുര്‍ക്കി ഏറ്റെടുത്തു. ആഗസ്റ്റ് 1 മുതല്‍ 9 വരെ തുര്‍ക്കിയില്‍ നടത്തിയ സോമാലിയന്‍ കാമ്പയിനിലൂടെ ശേഖരിച്ച 201 മില്യന്‍ ഡോളര്‍ സോമാലിയക്ക് കൈമാറുകയും ചെയ്തു. ഉര്‍ദുഗാനും ഭാര്യ അമീനയും ചേര്‍ന്ന് മൊഗാദിശുവിലെ അഭയാര്‍ഥി ക്യാമ്പുകളിലെ പട്ടിണിക്കോലങ്ങളായ കുട്ടികളെ എടുത്ത് ലാളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അറബ്/മുസ്‌ലിം ബഹുജനങ്ങളില്‍ വര്‍ധിച്ച ആവേശവും പ്രേരണയും ചെലുത്തി. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി സോമാലിയന്‍ പ്രശ്‌നത്തോട് അറബ് ലോകം ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന് പിന്നില്‍ ഉര്‍ദുഗാന്‍ എഫക്റ്റ് വളരെ വലുതായിരുന്നു. തന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇസ്തംബൂളില്‍ അദ്ദേഹം സോമാലി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം രാഷ്ട്ര നേതാക്കളുടെ സമ്മേളനവും വിളിച്ചു ചേര്‍ത്തിരുന്നു. അമേരിക്കന്‍ പ്രസിദ്ധീകരണമായ 'ഫോറിന്‍ പോളിസി'യുടെ ഏറ്റവും പുതിയ ലക്കത്തില്‍ 'സോമാലിയയുടെ കണ്ണുനീര്‍' എന്ന തലക്കെട്ടില്‍ അദ്ദേഹം വിശദമായ ഒരു ലേഖനവും എഴുതി. തുര്‍ക്കിക്ക് സോമാലിയയില്‍ എന്തെങ്കിലും സാമ്പത്തിക, സൈനിക ലക്ഷ്യങ്ങള്‍ ഉണ്ടാവുമെന്ന് ആരും പറയില്ല. തകര്‍ന്ന് തരിപ്പണമായി, പരസ്പരം പോരടിക്കുന്ന ഗ്രൂപ്പുകളെക്കൊണ്ട് നിറഞ്ഞ, അലമ്പു പിടിച്ച ആ രാജ്യത്ത് പോകാന്‍ തന്നെ പലരും അറക്കുകയും ഭയക്കുകയുമായിരുന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍ മൊഗാദിശുവില്‍ പോകുവാനും അവിടെ തുര്‍ക്കിയുടെ എംബസി തുറക്കാനുമുള്ള ഉര്‍ദുഗാന്റെ തീരുമാനം വലിയൊരു ധാര്‍മിക മുന്‍കൈ ആയിരുന്നു. ഇസ്തംബൂളിലെ സോമാലി സമ്മേളനത്തില്‍ നടത്തിയ ആമുഖ പ്രഭാഷണത്തില്‍ മുതലാളിത്ത സാമ്പത്തിക വളര്‍ച്ചയില്‍ നഷ്ടമാകുന്ന മാനുഷികവും ധാര്‍മികവുമായ ഭാവങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു.
അറബ്/മുസ്‌ലിം ലോകത്തെ പ്രേരണാശക്തി എന്ന അവസ്ഥയിലേക്ക് തുര്‍ക്കിയും ഉര്‍ദുഗാനും പടിപടിയായി ഉയരുകയായിരുന്നു. അറബ് തെരുവുകള്‍ ഏറ്റവും ആദരിക്കുന്ന വ്യക്തിയായി അദ്ദേഹം മാറിക്കഴിഞ്ഞു. അമേരിക്കയുടെയും ഇസ്രയേലിന്റെയും നയങ്ങള്‍ക്കെതിരെ തുറന്നടിക്കുന്ന ഇറാനിയന്‍ പ്രസിഡന്റ് അഹ്മദീ നിജാദായിരുന്നു അറബ് തെരുവുകളില്‍ നേരത്തെ ആവേശം വിതറിയിരുന്നത്. എന്നാല്‍ നിജാദിനെപ്പോലെ രൂക്ഷമായ വാക്പ്രയോഗങ്ങളോ അട്ടഹാസങ്ങളോ മുഴക്കാന്‍ ഉര്‍ദുഗാന്‍ തയാറല്ല. പതിഞ്ഞ സ്വരത്തില്‍ മൃദുവായി കാര്യങ്ങള്‍ പറഞ്ഞ്, പടിപടിയായി പ്രായോഗിക ചുവടുകള്‍ വെക്കുന്നതാണ് അദ്ദേഹത്തിന്റെ നയം. എല്ലാവരോടും അടുത്ത സൗഹൃദം പുലര്‍ത്തുക, ആരുമായും യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുക, വിയോജിപ്പ് നയചാതുരിയോടെ പ്രകടിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലൈന്‍. ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ക്ക് അസാമാന്യ സ്വീകാര്യത ലഭിക്കുന്നു; അതിനാല്‍ തന്നെ ഭരണകൂടങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ പലപ്പോഴും നിസ്സഹായരാവുകയും ചെയ്യുന്നു.
തഹ്‌രീര്‍ സ്‌ക്വയറില്‍ പ്രക്ഷോഭകാരികള്‍ വന്നു നിറയവെ, ഫെബ്രുവരി ഒന്നിന് അങ്കാറയില്‍ ചേര്‍ന്ന എ.കെ പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ ഉര്‍ദുഗാന്‍ നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ പ്രഭാഷണത്തില്‍ നിന്ന്: ''ഇവിടെ നിന്ന് വളരെ ലളിതമായ, എന്നാല്‍ ആത്മാര്‍ഥമായ ഒരു ചെറുനിര്‍ദേശം ഹുസ്‌നി മുബാറകിന് മുമ്പാകെ വെക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. നമ്മളെല്ലാം മനുഷ്യരാണ്. നമ്മള്‍ നശ്വരരാണ്. കാലാകാലം നാമിവിടെ ജീവിച്ചിരിക്കില്ല. നാമെല്ലാം മരിക്കും. ജീവിതത്തില്‍ ചെയ്തുവെച്ചതിനെക്കുറിച്ച് നാമെല്ലാം ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. മുസ്‌ലിംകളെന്ന നിലക്ക്, രണ്ട് ക്യൂബിക് മീറ്റര്‍ കുഴിയില്‍ ഒടുങ്ങാനുള്ളതാണ് നമ്മുടെ ജീവിതങ്ങള്‍. നാം നശ്വരര്‍. അനശ്വരമായിട്ടുള്ളത് നാം നമുക്ക് പിന്നില്‍ വിട്ടേച്ചു പോകുന്ന പൈതൃകമൂല്യങ്ങളാണ്. ആദരവോടെ ഓര്‍മിക്കപ്പെടുന്ന കാര്യങ്ങളാണ് പ്രധാനമായിട്ടുള്ളത്. വരപ്രസാദമായി അവ ഓര്‍ത്തുവെക്കപ്പെടും. നാം ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു. നാം നമ്മുടെ ദൗത്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പൂര്‍ത്തീകരിക്കുന്നു. നാം മരിക്കവെ, ഇമാം നമ്മുടെ മൃതശരീരത്തിന് അടുത്തേക്ക് വരുന്നു. രാഷ്ട്രത്തലവനെന്നോ പ്രധാനമന്ത്രിയെന്നോ മന്ത്രിയെന്നോ ഉള്ള നിലക്കല്ല ഇമാം നമ്മെ അഭിസംബോധന ചെയ്യുന്നത്. വെറുമൊരു പുരുഷന്‍, അല്ലെങ്കില്‍ സ്ത്രീ എന്ന നിലയിലാണ് ഇമാം നമ്മെ കാണുന്നത്. നിങ്ങളുടെ കൂടെ അപ്പോള്‍ ഒപ്പമുണ്ടാവുക വെറുമൊരു ശവക്കച്ച മാത്രം, മറ്റൊന്നുമില്ല. അതിനാല്‍ ആ ശവക്കച്ചയുടെ വില നാം മനസ്സിലാക്കണം. നാം നമ്മുടെ മനസ്സാക്ഷിയുടെയും ജനങ്ങളുടെയും വിളി കേട്ടേ മതിയാവൂ. ഒന്നുകില്‍ ജനങ്ങളുടെ പ്രാര്‍ഥന, അല്ലെങ്കില്‍ അവരുടെ ശാപമൊഴി-അതിന് നാം വിധേയരാവുക. അതിനാല്‍ ഞാന്‍ തീര്‍ത്തു പറയുന്നു, ജനങ്ങളുടെ മാനുഷികമായ ആവശ്യങ്ങള്‍, അവരുടെ ആര്‍ത്തനാദങ്ങള്‍ നിങ്ങള്‍/നമ്മള്‍ കേട്ടേ മതിയാവൂ. മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹത്തെ മടികൂടാതെ നിവര്‍ത്തിച്ചുകൊടുക്കുക. നമ്മുടെയീ ലോകത്ത്, ഈ കാലത്ത് സ്വാതന്ത്ര്യം എന്ന ആവശ്യത്തെ നമുക്ക് അവഗണിക്കാനോ മറ്റൊരു സമയത്തേക്ക് മാറ്റിവെക്കാനോ കഴിയില്ല തന്നെ.'' ഈജിപ്ഷ്യന്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പരസ്യമായി പ്രക്ഷോഭകാരികളോടൊപ്പം നിന്നുകൊണ്ടുള്ള ഒരു വിദേശ രാഷ്ട്രത്തലവന്റെ ആദ്യ സംസാരമായിരുന്നു ഇത്. ഏതാണ്ടെല്ലാ പ്രമുഖ അറബ് ചാനലുകളും ഈ പ്രഭാഷണം തല്‍സമയം സംപ്രേഷണം ചെയ്യുകയുണ്ടായി.
തഹ്‌രീര്‍ സ്‌ക്വയര്‍ സംഭവിക്കുകയും ഹുസ്‌നി മുബാറക് കിരീടം വിട്ടോടുകയും ചെയ്ത ശേഷം ഉര്‍ദുഗാന്‍ ഈജിപ്തിലേക്ക് പുറപ്പെട്ടു. 'അറബ്  വസന്ത പര്യടനം' എന്ന് പേരുവിളിക്കപ്പെട്ട ആ യാത്രയില്‍ ഈജിപ്ത്, തുനീഷ്യ, ലിബിയ എന്നീ രാജ്യങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. സെപ്തംബര്‍ 12ന് അര്‍ധ രാത്രിയാണ് ഉര്‍ദുഗാന്‍ കയ്‌റോവില്‍ വിമാനമിറങ്ങുന്നത്. വിമാനത്താവളത്തിന് പുറത്ത് പതിനായിരങ്ങള്‍ പാതിരാവില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഒത്തുചേര്‍ന്നു. യൂനിഫോമിട്ട പട്ടാളക്കാര്‍ നല്‍കുന്ന ഔദ്യോഗിക സ്വീകരണമാണ് സാധാരണഗതിയില്‍ രാഷ്ട്രത്തലവന്മാര്‍ക്ക് അന്യരാജ്യങ്ങളില്‍ ലഭിക്കാറ്. എന്നാല്‍ സി.എന്‍.എന്‍ വിശേഷിപ്പിച്ചത് പ്രകാരം ഒരു 'റോക്ക് സ്റ്റാറി'നെപ്പോലെ കയ്‌റോ നഗരവാസികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവള പരിസരത്ത് അദ്ദേഹം ഹ്രസ്വമായ ഒരു പ്രഭാഷണം നടത്തി. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ നേതൃത്വവുമായി പ്രത്യേക ചര്‍ച്ച നടത്താനും ഉര്‍ദുഗാന്‍ സമയം കണ്ടെത്തി. തൊട്ടടുത്ത ദിവസങ്ങളിലെ തുനീഷ്യന്‍, ലിബിയന്‍ സന്ദര്‍ശനങ്ങളിലും സമാനമായ അനുഭവങ്ങള്‍ അരങ്ങേറി. തൂനിസിലെ കാര്‍ത്തേജ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ പതിനായിരങ്ങള്‍ക്കിടയില്‍ അന്നഹ്ദയുടെ നേതാവ് റാശിദുല്‍ ഗനൂശിയുമുണ്ടായിരുന്നു. ഗനൂശിയെ ആശ്ലേഷം ചെയ്യുന്ന ഉര്‍ദുഗാന്റെ പടങ്ങള്‍ പത്രങ്ങളില്‍ നിറഞ്ഞു. തുര്‍ക്കി മോഡലാണ് തുനീഷ്യയില്‍ താന്‍ ഉദ്ദേശിക്കുന്നതെന്ന് ഗനൂശി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിപ്ലവകാരികള്‍ ട്രിപളി കീഴടക്കിയതിന്റെ തൊട്ടടുത്ത ആഴ്ചയായിരുന്നു ഉര്‍ദുഗാന്റെ ലിബിയന്‍ സന്ദര്‍ശനം. പുതിയ ലിബിയന്‍ നേതൃത്വത്തോടും ലക്ഷക്കണക്കിന് ജനങ്ങളോടുമൊപ്പം അദ്ദേഹം ട്രിപളി നഗരചത്വരത്തിലെ ജുമുഅ നമസ്‌കാരത്തില്‍ പങ്കുകൊണ്ടു. കയ്‌റോവില്‍ നിന്ന് ഉര്‍ദുഗാന്‍ ഗസ്സയിലേക്ക് പോകുമെന്നൊരു അഭ്യൂഹം പ്രചരിക്കപ്പെട്ടിരുന്നു. ഉര്‍ദുഗാന് സ്വാഗതമോതിക്കൊണ്ട് ഗസ്സയില്‍ കുട്ടികള്‍ റാലി നടത്തുകയും ചെയ്തു. എന്നാല്‍ ഗസ്സാ സന്ദര്‍ശനം ഇല്ല എന്ന് ഉര്‍ദുഗാന്‍ തന്നെ അവസാന നിമിഷം പ്രഖ്യാപിച്ചു. അതിന് അദ്ദേഹം പറഞ്ഞ കാരണമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ''ഗസ്സയിലേക്ക് വരാന്‍ ഞാന്‍ മഹ്മൂദ് അബ്ബാസിനെ ക്ഷണിച്ചിരുന്നു. പക്ഷേ, തിരക്കുകള്‍ കാരണം വരാന്‍ പറ്റില്ലെന്ന് അദ്ദേഹം അറിയിച്ചു. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ നമുക്ക് മൂന്ന് പേര്‍ക്കും (ഉര്‍ദുഗാന്‍, ഇസ്മാഈല്‍ ഹനിയ്യ, മഹ്മൂദ് അബ്ബാസ്) കൂടിയിരുന്ന് കാര്യങ്ങള്‍ ആലോചിക്കാമായിരുന്നു. അതിനാല്‍ ഗസ്സാ സന്ദര്‍ശനം നമുക്ക് മറ്റൊരിക്കലാവാം'-ഗാസയിലെ പ്രധാനമന്ത്രി ഹനിയ്യക്കുള്ള സന്ദേശമെന്ന നിലയില്‍ അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ ഗ്രൂപ്പുകള്‍ക്കിടയിലെ രഞ്ജിപ്പിനെക്കുറിച്ച തുര്‍ക്കിയുടെ ശക്തമായ നിലപാട് ഇതിലൂടെ പ്രഖ്യാപിക്കാനും ഉര്‍ദുഗാന് കഴിഞ്ഞു.
ഉര്‍ദുഗാന്റെ 'അറബ് വസന്ത പര്യടന'ത്തെക്കുറിച്ച വിശകലനങ്ങള്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഇനിയും അവസാനിച്ചിട്ടില്ല. മിഡിലീസ്റ്റിലെ 'പുതിയ ജമാല്‍ അബ്ദുന്നാസിര്‍' എന്നാണ് ഇസ്രയേല്‍ മീഡിയ ഉര്‍ദുഗാനെ വിശേഷിപ്പിച്ചത്. സന്ദര്‍ശന പരമ്പരക്ക് ഉര്‍ദുഗാന്‍ തെരഞ്ഞെടുത്ത സമയമാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. യു.എന്‍ രാഷ്ട്രപദവിക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ ലോകത്തെങ്ങും ഫലസ്തീന്‍ അനുകൂല ജനകീയ തരംഗം സൃഷ്ടിച്ച സന്ദര്‍ഭം, ഇസ്രയേലുമായുള്ള ബന്ധം തുര്‍ക്കി വെട്ടിക്കുറക്കുകയും അംബാസഡറെ പുറത്താക്കുകയും ചെയ്തതിന്റെ തൊട്ടടുത്ത ആഴ്ച, കയ്‌റോവിലെ ഇസ്രയേല്‍ എംബസി തകര്‍ത്ത ചെറുപ്പക്കാരുടെ സംഘം നയതന്ത്ര ഉദ്യോഗസ്ഥരെ 'നാടുകടത്തി'യതിന്റെ രണ്ടാമത്തെ ദിവസം എന്നീ കാരണങ്ങളാല്‍ അറബ് തലസ്ഥാനങ്ങള്‍ രാഷ്ട്രീയ ഉഷ്ണത്തിന്റെ ഉച്ചിയില്‍ നില്‍ക്കുന്ന സമയത്താണ് ഉര്‍ദുഗാന്‍ തന്റെ ചരിത്രപരമായ യാത്ര തുടങ്ങുന്നത്. ഇസ്രയേലിനെതിരെ തുര്‍ക്കി എടുത്ത നിലപാട് അദ്ദേഹത്തിന് അറബ് മനസ്സില്‍ നായകപരിവേഷം നല്‍കിയിരുന്നു. കയ്‌റോവിലെ അറബ് ലീഗ് സമ്മേളനത്തില്‍ ഇസ്രയേല്‍ നിലപാടുകളെ നിശിതമായി വിചാരണ ചെയ്തു കൊണ്ട് അദ്ദേഹം സംസാരിച്ചു. ''യു.എന്‍ ആസ്ഥാന മന്ദിരത്തില്‍ ഫലസ്ത്വീന്‍ പതാക പാറുകയെന്നത് നമ്മുടെയെല്ലാം ആവശ്യമാണ്''-കരഘോഷങ്ങള്‍ക്കിടെ അദ്ദേഹം പറഞ്ഞു. വിപ്ലവാനന്തരം രൂപവത്കരിക്കപ്പെട്ട താല്‍ക്കാലിക ഭരണകൂടങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയ സന്ദേശം നല്‍കുന്നതിലും അദ്ദേഹം വിജയിച്ചു. ജനങ്ങളുടെ ജനാധിപത്യ ആവശ്യങ്ങള്‍ വേഗത്തില്‍ നിവര്‍ത്തിച്ചു കൊടുക്കാനുള്ള സമ്മര്‍ദമായിട്ടാണ് താല്‍ക്കാലിക ഭരണകൂടങ്ങള്‍ക്ക് ഉര്‍ദുഗാന്റെ യാത്രയും സംസാരങ്ങളും അനുഭവപ്പെട്ടത്.
അറബ് ജനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കുമിടയില്‍ തുര്‍ക്കിയും ഉര്‍ദുഗാനും സ്വീകരിക്കപ്പെടുന്നുവെന്നതിനെക്കാള്‍ പ്രധാനം, മേഖലയുടെ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന യൂറോപ്യന്‍-അമേരിക്കന്‍ ശക്തികള്‍ക്ക് മേല്‍ക്കൈ നഷ്ടപ്പെടുന്നുവെന്നതാണ്. യു.എസ് വിദേശകാര്യ വകുപ്പായിരുന്നു പശ്ചമേഷ്യന്‍ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന ഏറ്റവും സുപ്രധാന ഘടകം. എന്നാല്‍ ആ സ്ഥാനം അറബ് തെരുവുകളും അവരുടെ പ്രേരണാശക്തിയായ തുര്‍ക്കിയും ഏറ്റെടുക്കുന്നുവെന്നതാണ് കഴിഞ്ഞ ആഴ്ചകളില്‍ നാം കണ്ടത്. സാര്‍വദേശീയ രാഷ്ട്രീയ രംഗത്ത് സുപ്രധാനമായ പാരഡൈം ഷിഫ്റ്റ് ആയി ഇത് മനസ്സിലാക്കാം. യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിന് വേണ്ടി കെഞ്ചിയിരുന്ന തുര്‍ക്കി ഇപ്പോള്‍ അവരോട് പോലും വിലപേശലിന്റെ ഭാഷയില്‍ സംസാരിക്കുന്നത് നമുക്ക് കാണാം. ഇറാനുമായുള്ള തുര്‍ക്കിയുടെ ബന്ധത്തെ വിമര്‍ശിച്ച അമേരിക്കയോട് 'പത്ത് വര്‍ഷം മുമ്പുള്ള തുര്‍ക്കിയല്ല ഇത് എന്ന് അമേരിക്ക മനസ്സിലാക്കണമെന്നാണ്' തുര്‍ക്കി ഉപപ്രധാനമന്ത്രി അലി ബാബകാന്‍ പ്രതികരിച്ചത്. തുര്‍ക്കിക്ക് യൂറോപ്യന്‍ യൂനിയനെയും അമേരിക്കയെയും ആവശ്യമാണ് എന്നതിനെക്കാള്‍ അവര്‍ക്ക് തുര്‍ക്കിയെ ആവശ്യമാണ് എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതാണ് പുതിയ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെ സൂചനകള്‍.
ഹമാസ് പിടികൂടിയ ഇസ്രയേലി ഭടന്‍ ഗിലാദ് ഷാലിതിന് പകരം, മുന്‍നിര ഹമാസ് പ്രവര്‍ത്തകരടക്കമുള്ള, ആയിരത്തില്‍പരം ഫലസ്ത്വീന്‍ തടവുകാരെ വിട്ടയക്കാന്‍ ഇസ്രയേല്‍ സമ്മതിച്ച വാര്‍ത്തയാണ് ഇതെഴുതുമ്പോള്‍ വരുന്നത്. ഈ ഷാലിതിനെ പിടികൂടാനാണ് ഇസ്രയേല്‍ ടണ്‍കണക്കിന് ബോംബുകള്‍ ഗസ്സക്ക് മേല്‍ വര്‍ഷിച്ചതെന്നും 2006 മുതല്‍ ആ നഗരത്തെ ഉപരോധിക്കുന്നതെന്നും നാം ഓര്‍ക്കുക. സര്‍വ പീഡനപരമ്പരകളെയും നിശ്ചയദാര്‍ഢ്യത്തോടെ മറികടക്കാന്‍ ഹമാസിന് കഴിഞ്ഞിരിക്കുന്നു. അങ്ങനെയാണ് അവസാനം ഒരു ഷാലിതിന് പകരം ഒരായിരം ഫലസ്ത്വീനികളെ വിട്ടയക്കാന്‍ ഇസ്രയേല്‍ സന്നദ്ധമാകേണ്ടി വന്നത്. തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് ദമസ്‌കസില്‍ ഖാലിദ് മിശ്അലും ജറുസലേമില്‍ ബെഞ്ചമിന്‍ നെതന്യാഹുവും പത്രസമ്മേളനം നടത്തുകയാണ്. അത്രയൊന്നും പ്രസന്നമല്ലാത്ത മുഖവുമായി നെതന്യാഹു പറഞ്ഞ കാര്യം ശ്രദ്ധേയമാണ്: ''അറബ് ലോകത്ത് പലതും നടന്നു കൊണ്ടിരിക്കുകയാണ്. ഷാലിതിനെ ഇപ്പോള്‍ നമുക്ക് ലഭിച്ചില്ലെങ്കില്‍ പിന്നീട് ഒരിക്കലും ലഭിച്ചെന്ന് വരില്ല.'' നെതന്യാഹു പറഞ്ഞത് പല നിലക്കും ശരിയാണ്. അറബ് ലോകത്തെ ഘടികാര സൂചികള്‍ എങ്ങോട്ട് തിരിയുന്നുവെന്ന് ഇസ്രയേലിന് ഇപ്പോള്‍ നല്ല ബോധ്യമുണ്ട്.
(തുടരും)
ലിബിയയില്‍ സാമ്രാജ്യത്വം വിതച്ചത് കൊയ്യുമോ? 
സി. ദാവൂദ്
_4_
 
2011 ഫെബ്രുവരി 24. കിഴക്കന്‍ ലിബിയന്‍ നഗരമായ ബെയ്ദയിലെ ഒരു ഹാളില്‍ ചെറിയൊരു യോഗം നടക്കുകയാണ്. പുതിയ ലിബിയന്‍ സര്‍ക്കാറിന്റെ തലവനായ മുസ്ത്വഫാ അബ്ദുല്‍ ജലീലാണ് യോഗാധ്യക്ഷന്‍. മുഅമ്മര്‍ ഖദ്ദാഫി ഭരണകൂടത്തിലെ നീതിന്യായ മന്ത്രിയായിരുന്ന ജലീല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആ സ്ഥാനം രാജിവെച്ചതും ഖദ്ദാഫിവിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമിട്ടതും. ഹാളിലെ പ്രസംഗപീഠം ഒരു പതാക കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മുകളില്‍ ചുവപ്പും നടുവില്‍ കറുപ്പും താഴെ പച്ചയും നിറമുള്ള, നക്ഷത്രാങ്കിത ചന്ദ്രിക ആലേഖനം ചെയ്ത ആ പതാകക്ക് വലിയ ചരിത്ര പ്രാധാന്യമുണ്ട്. 1951 ഡിസംബര്‍ 24-ന് സാമ്രാജ്യത്വശക്തികളില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ ഇദ്‌രീസ് മഹ്ദി അസ്സനൂസിയുടെ (ഇദ്‌രീസ് ഒന്നാമന്‍) നേതൃത്വത്തിലുള്ള ലിബിയന്‍ ഭരണകൂടം ഉയര്‍ത്തിയ പതാകയായിരുന്നു അത്. പിന്നീട് സൈനിക അട്ടിമറിയിലൂടെ ഖദ്ദാഫി അധികാരമേല്‍ക്കുന്നത് വരെയും ഇത് തന്നെയായിരുന്നു ലിബിയയുടെ ദേശീയ പതാക. ഖദ്ദാഫി 42 വര്‍ഷത്തെ തന്റെ ഭ്രാന്തന്‍ ഭരണത്തിനിടയില്‍ രണ്ട് തവണ ദേശീയപതാക മാറ്റിയിട്ടുണ്ട്. ഫെബ്രുവരി 24-ലെ ആ യോഗത്തില്‍ വെച്ചാണ് ലിബിയന്‍ വിപ്ലവത്തിന് നായകത്വം വഹിച്ച ലിബിയന്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ (എന്‍.ടി.സി) ഔദ്യോഗികമായി ആരംഭിക്കുന്നത്. അന്ന് ആ ചെറു യോഗത്തില്‍ നിന്ന് തുടങ്ങിയ മുന്നേറ്റം പല ഘട്ടങ്ങള്‍ പിന്നിട്ട് ഇന്ന് പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണ്.
 
ആധുനിക ലോകത്ത് സമാനതകളില്ലാത്തവിധം, 42 വര്‍ഷം തുടര്‍ച്ചയായി, എണ്ണസമ്പന്നമായ ആ രാജ്യത്തെ ഖദ്ദാഫി പൂര്‍ണാര്‍ഥത്തില്‍ അടക്കി ഭരിച്ചു. ഖദ്ദാഫിക്കെതിരെ ഉച്ചയുറക്കത്തില്‍ സ്വപ്നം കാണുന്ന ചെറുപ്പക്കാര്‍ പോലും അബൂസലീം ജയിലില്‍ അകപ്പെടുന്ന തരത്തില്‍ നാടുനീളെ വ്യാപിച്ച ഇന്റലിജന്‍സ് സംവിധാനത്തിലൂടെയും സൈനിക വിന്യാസത്തിലൂടെയും ഒരു ജനതയെ കൈവെള്ളയില്‍ വെച്ച് അമ്മാനമാടുകായിരുന്നു ഖദ്ദാഫി. 1996-ല്‍ ലിബിയന്‍ ഇസ്‌ലാമിക് ഗ്രൂപ്പുമായി ബന്ധം പുലര്‍ത്തുന്ന 1200 തടവുകാരെ ഖദ്ദാഫി ഭരണകൂടം കുപ്രസിദ്ധമായ അബൂസലീം ജയിലില്‍ വെച്ച് വെറും മൂന്ന് മണിക്കൂര്‍ നേരം കൊണ്ട് കൊന്നൊടുക്കിയതിനെക്കുറിച്ച് ഗ്രൂപ്പിന്റെ തലവന്‍ അബ്ദുല്‍ ഹകീം ബെല്‍ഹാജ് ഗാര്‍ഡിയന്‍ പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട് (2011 സെപ്തംബര്‍ 27). ഖദ്ദാഫിയുടെ ഉരുക്കുമുഷ്ടി എത്രത്തോളമുണ്ടെന്നറിയാന്‍ ഈ സംഭവം മാത്രം മതി. തന്റെ നിഷ്ഠുരമായ ചെയ്തികള്‍ക്ക് മറയിടാന്‍ ആഗോളതലത്തില്‍ ഒരുതരം ഇസ്‌ലാമിക് ഹീറോയിസം സൃഷ്ടിച്ചെടുക്കുകയായിരുന്ന അയാള്‍. അമേരിക്കക്കും സാമ്രാജ്യത്വത്തിനുമെതിരെ വാക് താണ്ഡവം നടത്തിക്കൊണ്ടാണ് മുസ്‌ലിം ലോകത്ത് ഹീറോ ആകാന്‍ അദ്ദേഹം ശ്രമിച്ചത്. അതേ സമയം, മേശക്കടിയിലൂടെ അമേരിക്കന്‍, ബ്രിട്ടീഷ് ഭരണകൂടങ്ങളുമായി പല രഹസ്യ ഇടപാടുകളും അദ്ദേഹം നടത്തി.
 
അബ്ദുല്‍ ഹകീം ബെല്‍ഹാജിന്റെ കഥ ശ്രദ്ധിക്കുക. ഖദ്ദാഫിയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ ലിബിയന്‍ ഇസ്‌ലാമിക് ഫൈറ്റിംഗ് ഗ്രൂപ്പ് എന്ന സംഘടന രൂപവത്കരിച്ചത് ഈ ചെറുപ്പക്കാരനായിരുന്നു. ഖദ്ദാഫി ഭരണകൂടത്തിന്റെ പീഡനങ്ങളെത്തുടര്‍ന്ന് 1998-ല്‍ അദ്ദേഹം നാടുവിട്ടു. പലനാടുകളില്‍ അലഞ്ഞ ബെല്‍ഹാജ് 2004-ല്‍ തായ്‌ലന്റില്‍ വെച്ച് സി.ഐ.എയുടെ പിടിയിലായി. സി.ഐ.എ അദ്ദേഹത്തെ ഖദ്ദാഫി ഭരണകൂടത്തിന് കൈമാറി. ഖദ്ദാഫിയുടെ തടവറയില്‍ മരണത്തെ മുഖാമുഖം കണ്ട പീഡനങ്ങള്‍ക്ക് ബെല്‍ഹാജ് വിധേയനായി. 2010-ല്‍ സെയ്ഫുല്‍ ഇസ്‌ലാം ഖദ്ദാഫിയുടെ മുഖംമിനുക്കല്‍ നടപടികളുടെ ഭാഗമായി ബെല്‍ഹാജ് മോചിക്കപ്പെട്ടെങ്കിലും അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ല. പുതിയ ലിബിയന്‍ വിപ്ലവത്തില്‍ സൈനിക രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ബെല്‍ഹാജായിരുന്നുവെന്ന് ഏവരും സമ്മതിക്കും. ട്രിപളി കീഴടക്കുന്നതില്‍ അദ്ദേഹത്തിന്റെ സൈനികദളം നിര്‍ണായകമായ പങ്കാണ് വഹിച്ചത്. വിപ്ലവാനന്തര ഭരണസംവിധാനത്തില്‍ ട്രിപളിയുടെ സൈനിക സുരക്ഷാ ചുമതല ബെല്‍ഹാജിനാണ്. ട്രിപളി മുന്നേറ്റത്തിനിടെ ഖദ്ദാഫിയുടെ ആഭ്യന്തര മന്ത്രാലയം കീഴടക്കിയ പോരാളികള്‍ അവിടെയുള്ള നിരവധി ഫയലുകള്‍ കൈക്കലാക്കിയിരുന്നു. 9/11-ന് ശേഷം അമേരിക്കയുടെ നേതൃത്വത്തിലുള്ള 'ഭീകരതാ വിരുദ്ധ യുദ്ധ'ത്തില്‍ ഖദ്ദാഫി ഭരണകൂടം എത്രത്തോളം സഹകരിച്ചിരുന്നുവെന്നതിന്റെ രേഖകള്‍ അവര്‍ പുറത്തുകൊണ്ടുവന്നു. ബെല്‍ഹാജിനെ പിടികൂടുന്നതും ലിബിയക്ക് കൈമാറുന്നതുമെല്ലാം ഈ സഹകരണത്തിന്റെ ഭാഗമായിരുന്നു. ഖദ്ദാഫിയുടെ അമേരിക്കന്‍വിരുദ്ധ വാക് താണ്ഡവങ്ങള്‍ ആളെപ്പറ്റിക്കാനുള്ള ഉപായങ്ങള്‍ മാത്രമായിരുന്നു എന്നര്‍ഥം.
 
തുനീഷ്യയില്‍ തുടങ്ങിയ അറബ് വസന്തത്തിന്റെ തുടര്‍ച്ചയായാണ് ലിബിയയിലും പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ മറ്റു അറബ് പ്രക്ഷോഭങ്ങളില്‍നിന്ന് ലിബിയന്‍ അനുഭവത്തിന് ചില വ്യത്യാസങ്ങളുണ്ട്. ലിബിയയില്‍ വിപ്ലവം ജനകീയമാണ് എന്നതോടൊപ്പം തന്നെ സൈനികവുമായിരുന്നു. പ്രക്ഷോഭം നയിക്കുന്ന ജനങ്ങള്‍ക്കെതിരെ വ്യോമാക്രമണം വരെ നടത്തിയ ഖദ്ദാഫിയുടെ ഭ്രാന്തന്‍ നടപടിയാണ് വിപ്ലവകാരികളെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചത്. മറ്റു അറബ് വിപ്ലവങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുറം ശക്തികളുടെ പ്രത്യക്ഷമായ ഇടപെടലുണ്ടായി എന്നതാണ് ലിബിയന്‍ വിപ്ലവത്തിന്റെ മറ്റൊരു പ്രത്യേകത. ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ പ്രത്യക്ഷമായി തന്നെ ഖദ്ദാഫിവിരുദ്ധ നീക്കത്തില്‍ പങ്കുവഹിച്ചു. അമേരിക്ക ഉള്‍പ്പെടുന്ന 'നാറ്റോ' മൊത്തം 6,500 വ്യോമാക്രമണങ്ങളാണ് ഖദ്ദാഫി കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയത്. വിപ്ലവകാരികള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തിന് ശേഷമാണ് നാറ്റോ ഇടപെടലുണ്ടായത് എന്നതിനാല്‍ അതിന് വ്യക്തമായും നിയമപ്രാബല്യമുണ്ടെന്നത് ശരിയാണ്. അതേസമയം, എണ്ണ സമ്പന്നമായ ലിബിയയില്‍ തങ്ങളുടെ ഭാവി സാധ്യതകള്‍ മുന്നില്‍ കണ്ട് സാമ്രാജ്യത്വം നടത്തിയ മുന്‍കൂര്‍ നിക്ഷേപമായിരുന്നു ഈ ഇടപെടല്‍ എന്നതും സത്യമാണ്. ഖദ്ദാഫി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഒക്‌ടോബര്‍ 23-ന് ബെന്‍ഗാസിയില്‍ ചേര്‍ന്ന 'വിമോചന പ്രഖ്യാപന റാലി'യില്‍ താല്‍ക്കാലിക ഭരണ സംവിധാനത്തിന്റെ തലവന്‍ മുസ്ത്വഫാ അബ്ദുല്‍ ജലീല്‍ നടത്തിയ പ്രഭാഷണത്തില്‍ പുതിയ ഭരണകൂടം ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചായിരിക്കും മുന്നോട്ട് പോവുക എന്ന് പ്രഖ്യാപിച്ചിരുന്നു. ശരീഅത്ത് വിരുദ്ധമായ ഖദ്ദാഫിയുടെ നിയമങ്ങള്‍ മാറ്റിയെഴുതുമെന്നും പലിശരഹിത സാമ്പത്തിക വ്യവസ്ഥക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ റാലി തത്സമയം റിപ്പോര്‍ട്ട് ചെയ്ത സി.എന്‍.എന്‍ ലേഖകന്‍ ബ്രയാന്‍ ടോഡ് അബ്ദുല്‍ ജലീലിന്റെ പ്രഭാഷണത്തെ ആശങ്കയോടെയാണ് കണ്ടത്. ലിബിയയിലെ 'വെസ്റ്റേണ്‍ ഇന്‍വെസ്റ്റ്‌മെന്റ്' (ലേഖകന്‍ ഉപയോഗിച്ച പദം) വെറുതെയായിപ്പോവുമോ എന്ന ആശങ്ക അദ്ദേഹം ഇടക്കിടെ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അതായത്, നാറ്റോവിന്റെ ലിബിയന്‍ ഇടപെടല്‍ മനുഷ്യാവകാശവും ജനാധിപത്യവും സംരക്ഷിക്കാനായിരുന്നില്ല, ഭാവി ലിബിയയില്‍ മണ്ണൊരുക്കാന്‍ (എണ്ണയൊരുക്കാന്‍?!) വേണ്ടിയായിരുന്നുവെന്ന് സ്പഷ്ടം.
 
തുനീഷ്യയിലെയും ഈജിപ്തിലെയും ജനകീയ മുന്നേറ്റത്തില്‍ തങ്ങള്‍ക്ക് പങ്കില്ലാതെ പോയതിന്റെ വൈക്ലബ്യം പടിഞ്ഞാറന്‍ ശക്തികള്‍ക്കുണ്ട്. ആ അബദ്ധം ലിബിയയില്‍ ആവര്‍ത്തിക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധവുമുണ്ടായിരുന്നു. അങ്ങനെയാണ് നാറ്റോവിന്റെ പ്രത്യക്ഷമായ ഇടപെടല്‍ അവിടെ നടക്കുന്നത്. ലിബിയന്‍ വിപ്ലവത്തിന്റെ ആകര്‍ഷകത്വം നഷ്ടപ്പെടുന്നതും ഇവിടെയാണ്. ലിബിയയിലെ പടിഞ്ഞാറന്‍ സാന്നിധ്യം എങ്ങനെയെല്ലാമാണ് രാജ്യത്തിന്റെ ഭാവിയെ ബാധിക്കാന്‍ പോവുന്നതെന്നത് നിര്‍ണായകമായ വിഷയമാണ്. ലിബിയന്‍ വിപ്ലവത്തെ പൂര്‍ണതയിലെത്തിക്കാതെ അതിനെ സ്ഥിരമായി പാതിവഴിയില്‍ കിടത്തുക എന്നൊരു അജണ്ട നാറ്റോവിനുണ്ടായിരുന്നുവെന്ന നിരീക്ഷണം പലരും പങ്കുവെച്ചിട്ടുണ്ട്. ബെന്‍ഗാസി കേന്ദ്രീകരിച്ച് വിമതരുടെ ഒരു ലിബിയയും ട്രിപളി കേന്ദ്രീകരിച്ച് ഖദ്ദാഫിയുടെ ലിബിയയുമായിരുന്നുവത്രെ അവരുടെ ഉന്നം. എണ്ണസമ്പുഷ്ടമായ ഒരു മുസ്‌ലിം രാജ്യത്തെ രണ്ടായി വിഭജിക്കുന്നതിലൂടെ സാമ്രാജ്യത്വത്തിന്റെ ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ നേടിയെടുക്കാന്‍ കഴിയും. പക്ഷേ പോരാളികള്‍ ട്രിപളി കീഴടക്കിയതോടെ പടിഞ്ഞാറന്‍ ശക്തികള്‍ ശരിക്കും അമ്പരന്നു പോയി. ട്രിപളിയെ വീഴ്ത്തുന്നതില്‍ ഇസ്‌ലാമിസ്റ്റ് സൈനിക കമാണ്ടറായ അബ്ദുല്‍ ഹകീം ബെല്‍ഹാജ് നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.
 
വിപ്ലവകാരികളുടെ ഭരണ സമിതിയായി എന്‍.ടി.സിയില്‍ ലിബിയയിലെ എല്ലാ രാഷ്ട്രീയ ധാരകള്‍ക്കും പ്രാതിനിധ്യമുണ്ടെന്നത് ശുഭകരമായ സൂചനയാണ്. സെക്യുലറിസ്റ്റുകള്‍, ഇസ്‌ലാമിസ്റ്റുകള്‍, പ്രമുഖ ഗോത്രങ്ങളുടെ പ്രതിനിധികള്‍, വിവിധ നഗരങ്ങളുടെ പ്രതിനിധികള്‍ എന്നിങ്ങനെ രാഷ്ട്രീയവും ഭൂമിശാസ്ത്രപരവും വംശീയവുമായ പ്രാതിനിധ്യം കൊണ്ട് സമ്പന്നമാണ് എന്‍.ടി.സി. വിപ്ലവനാന്തരം ആഭ്യന്തര യുദ്ധത്തിലേക്ക് ലിബിയ നീങ്ങുമോ എന്ന ആശങ്കയെ ജാഗ്രതയോടെയുള്ള നടപടികളിലൂടെ എന്‍.ടി.സി മറികടന്നിരിക്കുന്നു. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതാവ് അമീന്‍ ബെല്‍ഹാജും എന്‍.ടി.സി പരമോന്നത സമിതിയില്‍ അംഗമാണ്. ഖദ്ദാഫിയുടെ പീഡനങ്ങളെത്തുടര്‍ന്ന് ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയ അമീന്‍ ബെല്‍ഹാജ് ബ്രിട്ടനില്‍ ഇഖ്‌വാന്‍ അനുകൂല സംഘടനയായ എം.എ.ബി (മുസ്‌ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍) കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ നിന്നയാളാണ്.
 
നാറ്റോ ലിബിയയില്‍ ഇറങ്ങിക്കളിച്ചുവെങ്കിലും മുസ്‌ലിം രാജ്യങ്ങള്‍ കൈയുംകെട്ടി നോക്കി നില്‍ക്കുകയായിരുന്നില്ല എന്നതും ലിബിയയുടെ കാര്യത്തില്‍ ആശാവഹമായ കാര്യമാണ്. അറബ് ലീഗ് പ്രത്യക്ഷമായി തന്നെ വിപ്ലവകാരികളോടൊപ്പം നിന്നു. ബെന്‍ഗാസി കേന്ദ്രീകരിച്ച് എന്‍.ടി.സിയുടെ താല്‍ക്കാലിക ഭരണകൂടം നിലവില്‍ വന്നപ്പോള്‍ അതിന് ഔദ്യോഗിക അംഗീകാരം നല്‍കിയ ആദ്യ രാജ്യം ഖത്തര്‍ ആയിരുന്നു. വിപ്ലവകാരികളെ സായുധമായും സാമ്പത്തികമായും ഖത്തര്‍ ഏറെ സഹായിച്ചിട്ടുണ്ട്. ബെന്‍ഗാസിയിലേക്ക് നിരന്തരം ഭക്ഷണമെത്തിക്കുന്നതില്‍ പോലും ഖത്തര്‍ ഏറെ ഉത്സാഹിച്ചു. മൊത്തം 400 മില്യന്‍ ഡോളറിന്റെ സഹായമാണത്രെ ഖത്തര്‍ വിപ്ലവകാരികള്‍ക്ക് നല്‍കിയത്. നൂറുകണക്കിന് ഖത്തര്‍ സൈനികര്‍ ലിബിയയില്‍ ചെന്ന് വിപ്ലവകാരികളോടൊപ്പം പോരാടിയിരുന്നുവെന്ന വെളിപ്പെടുത്തല്‍ ഖദ്ദാഫിയുടെ പതനത്തിന് ശേഷം ഖത്തര്‍ സൈനികത്തലവനായ ഹമദ് ബിന്‍ അലി അല്‍ അത്വിയ്യ നടത്തുകയുണ്ടായി. ബെന്‍ഗാസി കേന്ദ്രീകരിച്ച് താല്‍ക്കാലിക ഭരണകൂടം രൂപവത്കരിക്കപ്പെട്ട ഉടനെത്തന്നെ തുര്‍ക്കി വിദേശകാര്യ മന്ത്രി അഹ്മദ് ദാവൂദ് ഒഗ്‌ലു അവിടെ സന്ദര്‍ശിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
 
പടിഞ്ഞാറന്‍ ശക്തികള്‍ മുസ്‌ലിം രാജ്യങ്ങളില്‍ ഇഷ്ടം പോലെ മേയുകയും മുസ്‌ലിം രാജ്യങ്ങള്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയും ചെയ്യുന്ന പഴയ അവസ്ഥ മാറുന്നുവെന്നതിന്റെ സാക്ഷ്യമാണ് ലിബിയ. നാറ്റോ ഇടപെടല്‍ വിപ്ലവകാരികള്‍ക്ക് ഗുണകരമാവുമ്പോള്‍ തന്നെ അതിന്റെ പേരില്‍ വിപ്ലവാനന്തര ലിബിയയെ ഹൈജാക്ക് ചെയ്യാന്‍ അവര്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. ജാഗ്രത്തായ പ്രസ്ഥാനങ്ങളും രാഷ്ട്രങ്ങളും അറബ്, മുസ്‌ലിം പ്രദേശങ്ങളില്‍ ഇന്ന് സജീവമാണ്. സി.എന്‍.എന്നിന്റെ ബ്രയാന്‍ ടോഡ് ആശങ്കിച്ചത് പോലെ, നാറ്റോവിന്റെ ലിബിയയിലെ 'നിക്ഷേപം' സമ്പൂര്‍ണമായി വെറുതെയാവില്ലെങ്കിലും അത് അവര്‍ ഉദ്ദേശിച്ച ഗൂഢലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഉപകരിക്കുകയില്ല എന്നുറപ്പിക്കാം.
 
cdawud@gmail.com
 
(തുടരും
 



These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment