Published on Sat, 10/15/2011
ടോക്യോയില്‍ നടന്ന കുത്തകവിരുദ്ധറാലി
ന്യൂയോര്‍ക്/സിഡ്നി: കോര്‍പറേറ്റ് ദുരാര്‍ത്തിക്കും സാമ്പത്തിക അസമത്വത്തിനും തൊഴിലില്ലായ്മക്കുമെതിരെ സെപ്റ്റംബര്‍ 17ന് അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ എന്ന പേരില്‍ ആരംഭിച്ച പ്രക്ഷോഭം ആഗോള ജനമുന്നേറ്റമായി രൂപം പ്രാപിച്ചു. ശനിയാഴ്ച അമേരിക്കന്‍ നഗരങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍ തലസ്ഥാനങ്ങളിലും സിഡ്നി, മെല്‍ബണ്‍, ടോക്യോ, തായ്പെയ് തുടങ്ങിയ ഏഷ്യന്‍ നഗരങ്ങളിലും ജനങ്ങള്‍ കുത്തകവിരുദ്ധ റാലികള്‍ നടത്തി. ലണ്ടനിലെ ഗോള്‍ഡ്മാന്‍ സാച്ചസ് എന്ന ബാങ്കിന് മുമ്പാകെയാണ് കഴിഞ്ഞ ദിവസം മാര്‍ച്ച് നടന്നത്. ആസ്ട്രേലിയന്‍ നഗരമായ സിഡ്നിയില്‍ നടന്ന മാര്‍ച്ചില്‍ ആദിവാസി പ്രതിനിധികളും ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകരും ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. മെല്‍ബണിലെ റാലിയില്‍ 1000 പേര്‍ പങ്കെടുത്തു. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ്, വെലിങ്ടണ്‍, ക്രൈസ്റ്റ് ചര്‍ച്ച് എന്നീ നഗരങ്ങളിലായിരുന്നു റാലി. ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ പൊലീസും പ്രകടനക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. കണ്ണീര്‍വാതകം പ്രയോഗിച്ചാണ് പൊലീസ് പ്രകടനക്കാരെ നേരിട്ടത്. ടോക്യോ, തായ്പെയ്, ഹോങ്കോങ്, സോള്‍, മനില തുടങ്ങിയ നഗരങ്ങളിലെ റാലികളിലും നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. 82 രാജ്യങ്ങളിലായി 951 നഗരങ്ങളിലാണ് പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചതെന്ന് പ്രക്ഷോഭകരുടെ വെബ്സൈറ്റ് അവകാശപ്പെടുന്നു. തങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം ആഗോളാടിസ്ഥാനത്തില്‍ സംഭവിക്കുന്നതിന് തുടക്കം കുറിക്കുക എന്നതാണ് റാലികളുടെ ലക്ഷ്യമെന്ന് വെബ്സൈറ്റ് വിശദീകരിച്ചു. ‘രാഷ്ട്രീയ നേതൃത്വത്തോടും സാമ്പത്തിക വരേണ്യ വിഭാഗങ്ങളോടും ഏകസ്വരത്തില്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു, ഭാവി ഭാഗധേയം നിര്‍ണയിക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് വിട്ടുതരുക’ -സൈറ്റുകള്‍ വഴി പ്രക്ഷോഭകര്‍ ഈ സന്ദേശമാണ് ലോക ജനതക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിക്കെതിരെ സ്പെയിനിലെ മഡ്രിഡില്‍ കഴിഞ്ഞ മേയില്‍തന്നെ പ്രക്ഷോഭകര്‍ സംഘടിച്ചിരുന്നു. സ്പെയിനിലെ സാമ്പത്തിക നയരൂപകര്‍ത്താക്കളോട് നയപരിപാടികള്‍ തിരുത്തിക്കുറിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകര്‍ ‘ഇന്‍ഡിഗ്നന്‍റ്’ എന്ന പേരില്‍ സംഘടനക്ക് രൂപംനല്‍കുകയും ചെയ്തു.
കുത്തക വിരുദ്ധ സമരം: പ്രക്ഷോഭകരെ ഒഴിപ്പിക്കുന്ന നീക്കം ഉപേക്ഷിച്ചു
Published on Sat, 10/15/2011
ന്യൂയോര്‍ക്: കുത്തക വിരുദ്ധ സമരം ശക്തിപ്പെടുന്ന അമേരിക്കയില്‍ ഒക്കുപൈ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ തമ്പടിച്ച പാര്‍ക്ക് ഒഴിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്മാറി. ന്യൂയോര്‍ക്കിലെ സുക്കോട്ടി പാര്‍ക്കില്‍ നടത്താനിരുന്ന വൃത്തിയാക്കല്‍ പെട്ടെന്നാണ് മാറ്റിയതായി വിവരമുണ്ടായത്. പൊതു ആവശ്യങ്ങള്‍ക്കായി പാര്‍ക്ക് വൃത്തിയായിരിക്കുമെന്ന ഉറപ്പ് പ്രക്ഷോഭകരില്‍നിന്ന് നേടുമെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ബ്രൂക്ഫീല്‍ഡ് ഓഫിസ് പ്രോപര്‍ട്ടീസ് എന്ന പേരില്‍ സ്വകാര്യ വ്യക്തിയുടേതാണ് പാര്‍ക്ക്. സെപ്റ്റംബര്‍ 17 നാണ് ഒക്കുപൈ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ആരംഭിച്ചത്. യു.എസിലെ സാമ്പത്തിക-രാഷ്ട്രീയ ചൂഷണങ്ങള്‍ക്കെതിരെയാണ് പ്രക്ഷോഭം. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്‍െറ ഭാഗമായാണ് പാര്‍ക്ക് ഒഴിപ്പിക്കാന്‍ നീക്കമുണ്ടായത്. ന്യൂയോര്‍ക് മേയര്‍ മൈക്കല്‍ ബ്ളൂംബര്‍ഗാണ് പദ്ധതിക്കു പിന്നിലെന്നും സംഘം ഫേസ്ബുക്കിലൂടെ ആരോപിച്ചു.
പാര്‍ക്ക് തീര്‍ത്തും വൃത്തിഹീനമായതിനാലാണ് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടതെന്ന് ബ്രൂക്ഫീല്‍ഡ് പറഞ്ഞു. പദ്ധതി വേണ്ടെന്നുവെച്ചതിന്‍െറ ആഘോഷങ്ങളിലാണ് അവിടെ അണിനിരന്ന പ്രക്ഷോഭക സംഘങ്ങള്‍.
ഒക്കുപൈ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം അറ്റ്ലാന്‍റ, ഷികാഗോ, ഫിലഡെല്‍ഫിയ, സിയാറ്റില്‍, ലോസ് ആഞ്ജലസ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇന്ന് അമേരിക്കന്‍ നഗരങ്ങള്‍ക്കു പുറമെ കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കുത്തകവിരുദ്ധ പ്രകടനങ്ങള്‍ നടത്താന്‍ സന്നദ്ധ സംഘടനകള്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാര്‍ക്ക് തീര്‍ത്തും വൃത്തിഹീനമായതിനാലാണ് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടതെന്ന് ബ്രൂക്ഫീല്‍ഡ് പറഞ്ഞു. പദ്ധതി വേണ്ടെന്നുവെച്ചതിന്‍െറ ആഘോഷങ്ങളിലാണ് അവിടെ അണിനിരന്ന പ്രക്ഷോഭക സംഘങ്ങള്‍.
ഒക്കുപൈ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം അറ്റ്ലാന്‍റ, ഷികാഗോ, ഫിലഡെല്‍ഫിയ, സിയാറ്റില്‍, ലോസ് ആഞ്ജലസ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇന്ന് അമേരിക്കന്‍ നഗരങ്ങള്‍ക്കു പുറമെ കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കുത്തകവിരുദ്ധ പ്രകടനങ്ങള്‍ നടത്താന്‍ സന്നദ്ധ സംഘടനകള്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.











Leave a comment