Posted on: 09 Nov 2011
ഇത്തവണ ക്രിസ്മസ് - പുതുവത്സര രാത്രികൾ ലണ്ടനിലെ ചരിത്ര പ്രസിദ്ധമായ സെന്റ് പോൾസ് കത്തീഡ്രലിൽനിന്ന് അസാധാരണ ദൃശ്യങ്ങളും സന്ദേശവും പകരുമെന്നുറപ്പായി. കത്തീഡ്രലിന്റെ പടവുകളിലും മുറ്റത്തും പരിസരത്തും 'ലണ്ടൻ കീഴടക്കൽ' പ്രക്ഷോഭകാരികളെ തുടരാൻ അനുവദിച്ച സഭാ മേധാവികളുടെയും ലണ്ടൻ നഗരസഭാധികൃതരുടെയും തീരുമാനം അതിന്റെ ഭാഗമാണ്. ലോകജനത ഏറ്റെടുത്തുകഴിഞ്ഞ 'വാൾസ്ട്രീറ്റ്' കീഴടക്കൽ സമരം 2012-ലേക്ക് കടക്കുന്പോൾ സെന്റ് പോൾസ് കത്തീഡ്രൽ സമരമുഖത്തിന്റെ പങ്കാളിത്തം നിർണായകമാകുന്നു.

അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ സുക്കോട്ടി പാർക്കിൽ സപ്തംബർ 17-നായിരുന്നു പ്രക്ഷോഭം ആരംഭിച്ചത്. 70 പ്രമുഖ അമേരിക്കൻ നഗരങ്ങളിലേക്കും അതു പടർന്നുകയറി. ഒക്ടോബർ 15-ന് ആഗോളതലത്തിൽ പിന്തുണ പ്രഖ്യാപിച്ച് ജനമുന്നേറ്റമുണ്ടായി. തകർന്ന മുതലാളിത്തത്തിന് ബദലായി ജനാധിപത്യപരവും ഈടുനിൽക്കുന്നതുമായ ഒരു വ്യവസ്ഥ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അത്.

ആ ദിവസംതന്നെയാണ് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പിടിച്ചെടുക്കാൻ ആയിരങ്ങൾ നീങ്ങിയത്. പോലീസ് പ്രതിരോധിച്ചപ്പോൾ ജനങ്ങൾ നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ചരിത്ര പ്രസിദ്ധമായ സെന്റ് പോൾസ് കത്തീഡ്രലിനു മുന്പിലേക്കുമാറി. കത്തീഡ്രൽ പരിസരത്ത് നൂറുകണക്കിന് ടെന്റുകൾ ഉയർന്നു. പ്രക്ഷോഭകരുടെ ജനറൽ അസംബ്ലി സമ്മേളിച്ച് അംഗീകരിച്ച ആദ്യ പ്രസ്താവന ഇങ്ങനെ വ്യക്തമാക്കി:

''ലോകത്തിന്റെ വിഭവങ്ങൾ സൈന്യങ്ങൾക്കോ കോർപ്പറേറ്റ് ലാഭങ്ങൾക്കോ പോകരുത്. ജനങ്ങളുടെ രക്ഷയ്ക്കും വെള്ളം, ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ സാമൂഹികാവശ്യങ്ങൾക്കും ചെലവഴിക്കണം.'' പിന്നീട് ഒന്പതിന പരിപാടി പ്രക്ഷോഭകർ ബ്രിട്ടീഷ് ജനതയ്ക്കുമുന്പിൽ വെച്ചു.

അനീതിയുടെയും ജനാധിപത്യ വിരുദ്ധതയുടെയും നിലവിലുള്ള സംവിധാനം മാറ്റുക. വംശ-ലിംഗ-തലമുറ ഭേദമില്ലാതെ ഒന്നിച്ചുനിന്ന് ലോകം കീഴടക്കും. ബാങ്കർമാർ സൃഷ്ടിച്ച പ്രതിസന്ധിക്ക് പണമൊടുക്കാൻ തയ്‌യാറല്ല. സർക്കാർ പ്രതിനിധീകരിക്കേണ്ടത് ജനങ്ങളെയാണ്, കോർപ്പറേറ്റുകളെയല്ല. ആഗോളതലത്തിൽ അടിച്ചമർത്തപ്പെടുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഗവണ്മെന്റിന്റെയും മറ്റുള്ളവരുടെയും ഈ അടിച്ചമർത്തൽ അവസാനിപ്പിക്കാൻ നിലകൊള്ളുന്നു. ഇതാണ് ജനാധിപത്യം.

വാൾസ്ട്രീറ്റിനെ തെഹ്‌റീർ സ്‌ക്വയറാക്കി മാറ്റുക, കോടീശ്വരന്മാരെ നിങ്ങളുടെ സമയം അവസാനിച്ചിരിക്കുന്നു, മാർക്‌സ് ശരിയായിരുന്നു. സർവരാജ്യത്തൊഴിലാളികളെ സംഘടിക്കൂ, കണ്ണു തുറക്കൂ ഇതാണ് പുതിയ വിപ്ലവം - തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് വാൾസ്ട്രീറ്റ് കീഴടക്കൽ പ്രക്ഷോഭം അമേരിക്കയിൽ തുടങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ സന്പന്നരാജ്യമെന്ന അമേരിക്കയുടെ മുഖംമൂടി പ്രക്ഷോഭം പറിച്ചുകീറി. ഒരു ശതമാനം പേർ ഒരു ശതമാനത്തിനുവേണ്ടി അമേരിക്കൻ സന്പദ് വ്യവസ്ഥയുടെ 40 ശതമാനം കൈയടക്കിയിരിക്കയാണെന്ന് ജോസഫ് സ്റ്റിഗ്ലിറ്റ്‌സിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടി. ഒരു ശതമാനത്തിന്റെ ആസ്തി 1977-നും 2007-നുമിടയിൽ 275 ശതമാനമായാണ് വർധിച്ചത്. ശേഷിക്കുന്നതിൽ 60 ശതമാനത്തിന്റെ വരുമാനം വെറും 40 ശതമാനമാവും.

അമേരിക്കയിൽ ഇരുപത്തഞ്ചുവയസ്സിന് താഴെയുള്ളവരിൽ 17.1 ശതമാനവും തൊഴിലില്ലാത്തവരാണ്. യൂറോപ്യൻ യൂണിയനിൽ അത് 20.9 ശതമാനം. സ്‌പെയിനിലേക്കു കടന്നാൽ 46.2 ശതമാനം. മധ്യവയസ്‌ക്കരുടെ യഥാർഥ വേതനം ഇടിയുന്നു. പെൻഷൻ അവകാശങ്ങൾ ഇല്ലാതാകുന്നു. സന്പാദ്യം വിലക്കയറ്റം കാർന്നു തിന്നുന്നു. ഈ അവസ്ഥ ചൂണ്ടിക്കാട്ടി ലണ്ടൻ ആസ്ഥാനമായ 'ദി ഇക്കണോമിസ്റ്റ്' പറയുന്നു: ''തെരുവിലുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം സംവിധാനമാണ് തകർന്നിരിക്കുന്നത്. മുഖ്യ പാശ്ചാത്യ മാതൃകകൾക്ക് രാഷ്ട്രീയ പ്രസക്തിയില്ല. യൂറോപ്യൻ സോഷ്യൽ ഡെമോക്രസിയുടെ വാഗ്ദാനം സമൂഹത്തിനു താങ്ങാനാവാത്തതായി. സ്വതന്ത്ര വിപണി അഭിവൃദ്ധി സൃഷ്ടിക്കുമെന്ന ആംഗ്ലോ-സാക്‌സൺ മാതൃകയും വഞ്ചനാപരമായി സന്പന്നരെ സഹായിച്ചു. 99 ശതമാനത്തിന്റെയും ചെലവിൽ ഒരു ശതമാനം നേട്ടമുണ്ടാക്കി. ജനങ്ങളുടെ പരാതിയും രോഷവും ന്യായവും മുന്പെന്നത്തേക്കാളും അപകടവുമാണ്'' എന്ന് 'ദി ഇക്കണോമിസ്റ്റ്' മുന്നറിയിപ്പുനൽകി.

ആഗോളീകരണത്തെയും മൂലധനശക്തികളുടെ കടന്നാക്രമണത്തെയും ആഗോളതലത്തിൽ പ്രതിരോധിക്കുന്ന ജനമുന്നേറ്റമാണ് രൂപപ്പെടുന്നത്. വാൾസ്ട്രീറ്റ് കീഴടക്കലിൽനിന്നു തുടങ്ങി ലണ്ടനിൽ സെന്റ് പോൾസ് കത്തീഡ്രലും ഉത്തരപ്രാന്തത്തിലുള്ള ഫിൻസ്ബറി ചത്വരവും ആഗോളപ്രചോദന കേന്ദ്രങ്ങളായി രൂപപ്പെട്ടിരിക്കയാണ്.

തുടക്കത്തിൽ അമേരിക്കയിൽ ചെയ്തതുപോലെ പോലീസിനെ നിയോഗിച്ച് പ്രക്ഷോഭകരെ കൈകാര്യം ചെയ്‌യാനാണ് ലണ്ടനിലും സെന്റ് പോൾസ് കത്തീഡ്രലിലെ ഡീൻ അടക്കമുള്ള വൈദിക മേധാവികളും കോർപ്പറേഷൻ അധികൃതരും ആലോചിച്ചത്. ആരോഗ്യ - സുരക്ഷിതത്വ കാരണങ്ങൾ പറഞ്ഞ് പ്രതിദിനം 16,000 പവൻ സന്ദർശകവരുമാനമുള്ള ചരിത്രപ്രസിദ്ധമായ കത്തീഡ്രൽ അവർ അടച്ചിട്ടു. അതിശക്തമായ പ്രതിഷേധമാണുയർന്നത്. വൈദികർക്കിടയിൽപ്പോലും വൈരുധ്യം മൂർച്ഛിച്ചു. കത്തീഡ്രൽ മേധാവികൾക്ക് രാജിവെക്കേണ്ടിവന്നു.

സഭാനേതൃത്വം പിൻതിരിയാൻ നിർബന്ധിതമായി. സെന്റ് പോൾസ് കത്തീഡ്രലിനുമുന്പിലെ പ്രതിഷേധം പ്രതീക്ഷിച്ചതിലും വലിയൊരു ജനവിഭാഗത്തിന്റെ നിരാശയുടെ പ്രതിഫലനമാണെന്നു കാന്റർബറി ആർച്ച് ബിഷപ്പ് ന്യായീകരിച്ചു. പുതുവത്സരദിനംവരെ പ്രക്ഷോഭം തുടരാൻ അനുവാദമായി. വൈദിക മേധാവികൾ തിരിച്ചറിവിലൂടെ പ്രക്ഷോഭത്തിനു പരോക്ഷ പിന്തുണ പ്രഖ്യാപിച്ചു. സെന്റ് പോൾസ് കത്തീഡ്രലിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ ഇപ്പോൾ ലോകത്തിന് ഇങ്ങനെ വായിക്കാം : ''ലോകമെങ്ങും അപകടമണികൾ മുഴങ്ങുകയാണ്. സെന്റ് പോൾസും ഇപ്പോൾ ആ വിളി കേൾക്കുന്നു. കത്തീഡ്രലിനു ചുറ്റും തിങ്ങിക്കൂടിയവരുടെ പ്രശ്‌നങ്ങൾ മാത്രമല്ല ഈ രാജ്യത്തും ഭൂഗോളത്തിനു ചുറ്റും നിലകൊള്ളുന്ന ലക്ഷക്കണക്കായ മറ്റുള്ളവരുടെ പ്രശ്‌നങ്ങളും കൈകാര്യം ചെയ്‌യാൻ.'' കത്തീഡ്രൽ വാതിലുകൾ കൂടുതൽ ഊക്കോടെ തുറക്കപ്പെടുമെന്നാണ് ഇന്നത്തെ തീരുമാനം അർഥമാക്കുന്നത്. 1889-ൽ വിക്ടോറിയ രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങൾ നടന്നത് സെന്റ് പോൾസ് കത്തീഡ്രലിലായിരുന്നു.

ലേബർകക്ഷി നേതാവ് ഇ.ഡി.മിലിബാന്റ് പ്രക്ഷോഭത്തോട് ഇങ്ങനെയാണ് പ്രതികരിച്ചത്-''നിസ്സഹായരും നിസ്സാരന്മാരുമായി തീർന്നിരിക്കുകയാണ് ജനങ്ങൾ. നിത്യജീവിതംകൊണ്ട് മറ്റുള്ളവരുടെ തെറ്റിന് അവർ ബലിദാനം നടത്താൻ നിർബന്ധിതരാക്കപ്പെടുന്നു. ഈ വെല്ലുവിളി ലക്ഷക്കണക്കായ ജനങ്ങളെ ഉത്കണ്ഠപ്പെടുത്തുന്ന ഒരു വലിയ പ്രതിസന്ധിയാണ്. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയത്. ജനങ്ങളുടെ മൂല്യവും നമ്മുടെ രാജ്യം ഭരിക്കുന്നവരുടെ സമീപനവും തമ്മിലുള്ള വലിയ വിടവാണ് അത് കാണിക്കുന്നത്.''

വാൾസ്ട്രീറ്റ് കീഴടക്കൽ പ്രക്ഷോഭത്തിനും അതിന്റെ തുടർച്ചകൾക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 1200-ഓളം പ്രമുഖ എഴുത്തുകാർ രംഗത്തുവന്നിട്ടുണ്ട്; നൊബേൽ - പുലിറ്റ്‌സർ സമ്മാന ജേതാക്കളും മറ്റും ഉൾപ്പെടെ. മാർഗരറ്റ് ആറ്റ്‌വുഡ്, സൽമാൻ റുഷ്ദി, നോം ചോംസ്‌കി, നീൽ ഗെയ്മാൻ, പോൾ ക്രൂഗ്മാൻ, ജന്നിഫർ എഗാൻ തുടങ്ങി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രശസ്ത എഴുത്തുകാർ വെബ്‌സൈറ്റും തുടങ്ങി. ഒരു ലക്ഷത്തിൽപ്പരം സന്ദർശകരാണ് ദിവസവും സൈറ്റിൽ എത്തുന്നത്. തുല്യനീതിക്കും ബദൽ വ്യവസ്ഥയ്ക്കും വേണ്ടിയുള്ള ലോകജനതയുടെ പുതിയൊരു പ്രക്ഷോഭപാതയുടെ മുന്നേറ്റത്തിന് 2012 സാക്ഷിയാകും. ലോകസാമ്രാജ്യത്വത്തിന്റെ രണ്ടു മുഖ്യകേന്ദ്രങ്ങളിൽ ശക്തിപ്പെട്ടുവളരുന്ന 99 ശതമാനത്തിന്റെ പ്രക്ഷോഭം അതു വ്യക്തമാക്കുന്നു.

1930-കളിലെപ്പോലുള്ള ആഗോളപ്രതിസന്ധി രൂക്ഷമാവുകയും അതിനെതിരായ ആഗോള പ്രതിരോധം ഉയർന്നുവരികയും ചെയ്‌യുന്പോൾ അതിൽനിന്നു കണ്ണി വേറിട്ടുനില്ക്കുന്ന ഒരു ഇന്ത്യയുടെ ചിത്രം അസ്വസ്ഥമാക്കുന്നു. ഈ വ്യവസ്ഥയോട് ഒട്ടിച്ചേർന്നുനിൽക്കുന്ന നമ്മുടെ പ്രധാനമന്ത്രി 120 കോടിയുടെ 90 ശതമാനത്തിന്റെയും ദുരിതത്തെ പുരോഗതിയെന്നുപറഞ്ഞ് അപമാനിക്കുന്നു. ഇന്ത്യൻ കള്ളപ്പണം കുന്നുകൂടിയിട്ടുള്ള സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലും ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലും മാത്രമല്ല ഹോങ്കോങ്, ടോക്യോ, സാവോപോളോ, മാഡ്രിഡ് തുടങ്ങി ലോകത്തിന്റെ ആയിരത്തിൽപ്പരം നഗരങ്ങളിൽ ഒക്ടോബർ 15-ന് മനുഷ്യസമുദ്രങ്ങളിരന്പി രോഷപ്രകടനം നടത്തി കോർപ്പറേറ്റ് അത്യാർത്തിക്കും മുതലാളിത്ത വ്യവസ്ഥയ്ക്കുമെതിരെ പ്രതിഷേധിച്ചു. പക്ഷേ, ഇടതുപക്ഷങ്ങൾക്കും അവരുടെ വർഗ - ബഹുജന സംഘടനകൾക്കും ഏറെ പ്രസക്തിയുള്ള ഇന്ത്യയിൽ ഈ ആഗോള ചെറുത്തുനിൽപ്പിന് അന്നു നേതൃത്വം നൽകാൻ ആരും മുന്നോട്ടുവന്നില്ല. പിന്നെയും ദിവസമെടുത്താണ് സി.പി.എം. പൊളിറ്റ് ബ്യൂറോ ഈ ആഗോള പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ഇവിടെ ആരംഭിച്ചതും.

കോർപ്പറേറ്റ് ശക്തികളും മുതലാളിത്ത വ്യവസ്ഥയുടെ വക്താക്കളും പ്രക്ഷോഭത്തിൽ അണിചേർന്നവരും ഒരുപോലെ ഇപ്പോൾ ആവർത്തിക്കുന്ന ചില പേരുകൾ ഉണ്ട്. കാറൽ മാർക്‌സ്, ലെനിൻ തുടങ്ങി. മുതലാളിത്തത്തിന്റെ ഏറ്റവും ഉയർന്ന രൂപമായ സാമ്രാജ്യത്വവും മൂലധനത്തിന്റെ ആഗോളീകരണമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പുതിയ ബദലിനുവേണ്ട സമീപനങ്ങളും ചർച്ചയാകുന്നു. സാമ്രാജ്യത്വത്തിന്റെ ഗതിവിഗതികളും മൂലധനത്തിന്റെ ചലനങ്ങളും നിരീക്ഷിച്ച് ദേശീയ രാഷ്ട്രീയത്തിന്റെ ഗതിയിൽ ഇടപെടാൻ ശ്രമിച്ചിരുന്ന ഇ.എം.എസ്സിനെ ഇപ്പോൾ കേരളവും ഓർക്കാതിരിക്കില്ല. 13 വർഷംമുന്പ് മരണത്തിലേക്ക് വഴുതിവീഴുംമുന്പ് ഇ.എം.എസ്. എഴുതിയത് വരാൻപോകുന്ന ഈ ലോക പ്രതിഭാസത്തെക്കുറിച്ചാണ്. ആഗോളീകരണത്തിനെതിരെ ആഗോളതലത്തിൽ ഉയർന്നുവരേണ്ട പോരാട്ടം. അതിനോട് ഇന്ത്യൻ ജനതയെ അണിചേർക്കാനുള്ള തെഴിലാളിവർഗത്തിന്റെ ഉത്തരവാദിത്വം. അപ്പോൾമാത്രമേ നമ്മുടെ സമരം ഫലപ്രാപ്തിയിലെത്തൂ. പക്ഷേ, ഇന്നതിന്റെ പട കേരളത്തിലും ഇന്ത്യയിലും എത്തുന്പോൾ ഇടതുപക്ഷമെന്തേ ഉറങ്ങിപ്പോയത്? രാഷ്ട്രീയമായി ആഴത്തിൽ അത് പരിശോധിക്കേണ്ടിയിരിക്കുന്നു. 

http://www.mathrubhumi.com/mobile/malayalam/news.php?id=1267231&cat=PrintEdition&sub=36


These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment