ലണ്ടന്‍: ബ്രിട്ടനിലെ എറ്റവും വലിയ ടൂര്‍ ഓപ്പറേറ്ററായ തോമസ് കുക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. യു.കെ യിലെ 22 .5 മില്യണ്‍ ജനങ്ങള്‍ ആശ്രയിക്കുന്ന തോമസ് കുക്കിന്റെ ഷെയര്‍ വില 75 ശതമാനം ഇടിഞ്ഞു. തോമസ് കുക്കിന്റെ പ്രധാന ട്രിപ്പ് നടക്കുന്ന ടുണിഷ്യയിലെയും ഈജിപ്തിലെയും വിപ്ലവങ്ങള്‍ കാരണം ഫ്രാന്‍സില്‍ നിന്നും റഷ്യയില്‍ നിന്നും ഉള്ള വിനോദ സഞ്ചാരികള്‍ ബുക്കിംഗ് നിര്‍ത്തിയതും യു.കെ യിലെ മറ്റു ആഭ്യന്തര പ്രശ്‌നങ്ങളുമാണ് പ്രതിസന്ധിക്ക് പ്രധാനകാരണം.
യു.കെയിലാകമാനമുള്ള 1300 തോമസ് കുക്ക് ടൂര്‍സ് & ട്രാവല്‍ ഓപ്പറേറ്റിംഗ് ഷോപ്പുകളില്‍ 200 എണ്ണം പൂട്ടുവാന്‍ തീരുമാനിച്ചതായി കമ്പനി പ്രതിനിധി അറിയിച്ചു. യു.കെയിലെ വിവിധ ഹൈ സ്ട്രീറ്റുകളില്‍ ഉള്ള 200 ഷോപ്പുകളാണ് കമ്പനി അടച്ചുപൂട്ടാന്‍ തീരുമാനിച്ചിട്ടുള്ളതെന്നറിയുന്നു. ഈ ഷോപ്പുകളില്‍ ജോലിചെയ്യുന്ന ആയിരത്തോളം പേര്‍ക്ക് ഇതോടെ ജോലി നഷ്ടപ്പെടും. ഈ വ്യാഴാഴ്ച ഇതുസംബന്ധിച്ച തീരുമാനം കമ്പനി ഔദ്യാഗികമായി പ്രഖ്യാപിക്കുമെന്നറിയുന്നു.
സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് കടംകൊടുത്തവരില്‍ നിന്നെല്ലാം പുതിയ കരാര്‍ ഉണ്ടാക്കുവാനാണ് കമ്പനിയുടെ തീരുമാനം. ശീതകാലത്തോടുകൂടി പുതിയ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്താനാവും എന്നാണ് അവരുടെ പ്രതീക്ഷ.
നേരത്തെ ബുക്ക് ചെയ്ത യാത്രകള്‍ നടത്താനാവുമെന്ന വിശ്വാസത്തിലാണ് കമ്പനി. എന്നാല്‍ ബ്രിട്ടനിലെ അവധികാലം തുടങ്ങിയാല്‍ എന്തുചെയ്യുമെന്ന ധാരണ അവര്‍ക്കില്ല. 2008ലെ സാമ്പത്തിക പ്രതിസന്ധി ബ്രിട്ടനിലെ പല ട്രാവല്‍ ഏജന്‍സികളെയും ബാധിച്ചിരുന്നു. എന്നാല്‍ അന്നൊന്നും യാതൊരു പ്രതിസന്ധിയും തോമസ് കുക്ക് ഗ്രൂപ്പിന് നേരിട്ടിരുന്നില്ല.
ലണ്ടനില്‍ നിരവധി ട്രാവല്‍ ഏജന്‍സികള്‍ ഉണ്ടെങ്കില്‍ കൂടി അധികയാത്രക്കാരും തോമസ്‌കുക്കിനെയാണ് യാത്രകള്‍ക്കായി തിരഞ്ഞെടുക്കാറ്. കാരണം സുരക്ഷിതമായ യാത്രയെന്നൊരു വിശ്വാസം യാത്രക്കാരില്‍ ഉണ്ടാക്കാന്‍ കമ്പനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.











Leave a comment