ഇസ്രയേല്‍ സൈനികന്‍ ജല്‍ആദ് ഷാലിത്തിന് പകരമായി 1027 ഫലസ്ത്വീന്‍ തടവുകാരെ ജൂതരാഷ്ട്രത്തിന്റെ ജയിലുകളില്‍ നിന്ന് മോചിപ്പിക്കുന്ന കരാറിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയായി. 477 ഫലസ്ത്വീന്‍ തടവുകാരാണ് ആദ്യം മോചിതരായത്. അഞ്ച് വര്‍ഷമായി ഹമാസ് ബന്ദിയാക്കി വെച്ചിരുന്ന ഷാലിത്തിനെ ഉഭയധാരണ പ്രകാരം ഇസ്രയേലിന് വിട്ടുകൊടുക്കുകയും ചെയ്തു. കരാറനുസരിച്ച് 550 തടവുകാര്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ മോചിതരാവുമെന്ന് ധാരണക്ക് മധ്യസ്ഥം വഹിച്ച ഈജിപ്ത് അധികൃതര്‍ വ്യക്തമാക്കി.
ഹമാസിന്റെ വന്‍ നേട്ടമായാണ് തടവുകാരുടെ മോചനം മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഹമാസും ഫത്ഹും വിവിധ വേദികളില്‍ ഒന്നിച്ചാണ് തടവുകാരുടെ മോചനം ആഘോഷിച്ചത്. ഹമാസുമായി ഫലസ്ത്വീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വേദി പങ്കിടാനും സംഭവം കാരണമായി. ഹമാസിന് ഇസ്രയേല്‍ സര്‍ക്കാറില്‍ നിന്നുള്ള അംഗീകാരമായും കരാറിനെ മാധ്യമങ്ങള്‍ വിലയിരുത്തി. ഗസ്സക്ക് മേലുള്ള ഉപരോധം പടിപടിയായി നീക്കാനും കരാര്‍ കാരണമായേക്കുമെന്നാണ് പ്രതീക്ഷ.
കരാറിലെ വ്യവസ്ഥയനുസരിച്ച് മോചിതരായ 477 തടവുകാരില്‍ 247 പേരാണ് സ്വന്തം വീടുകളിലേക്ക് മടങ്ങുക. കരാറില്‍ ഇസ്രയേല്‍ നിബന്ധന വെച്ചതിനാല്‍ മറ്റുള്ളവര്‍ വിവിധ അയല്‍രാജ്യങ്ങളിലേക്ക് പോകേണ്ടിവരും. ആജീവനാന്ത തടവിലായിരുന്ന ഇവരെ 'ഖബ്റുകളില്‍ നിന്നാണ് നാം മോചിപ്പിച്ച് ജീവിതത്തിലേക്ക് തരിച്ചുകൊണ്ടുവന്ന'തെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. അതേസമയം പ്രമുഖ ഫത്ഹ്, ഹമാസ് നേതാക്കള്‍ മോചിപ്പിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തത് വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മോചിതനായ ഷാലിത്തിന്റെ അഭിമുഖം ഈജിപ്ത് ചാനല്‍ പുറത്തുവിട്ടത് ഇസ്രയേലിനെ ചൊടിപ്പിക്കുകയും ചെയ്തു.
Leave a comment