Published on Sat, 06/18/2011
രാജാവിന്റെ അധികാരം കുറക്കും; ജൂലൈ ഒന്നിന് ഹിതപരിശോധന
റബാത്: പശ്ചിമേഷ്യന്‍-ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളില്‍ ജനകീയ പ്രക്ഷോഭം വ്യാപകമായ പശ്ചാത്തലത്തില്‍ നിര്‍ണായക ഭരണമാറ്റങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് മൊറോക്കോയിലെ മുഹമ്മദ് ആറാമന്‍ രാജാവ് രംഗത്തുവന്നു. സ്വന്തം അധികാരം വെട്ടിച്ചുരുക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങളാണ് അദ്ദേഹം ഇന്നലെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് അവതരിപ്പിച്ചത്. രാജാവിന്റെ പരിഷ്കരണ നിര്‍ദേശങ്ങള്‍ സ്വീകാര്യമാണോ എന്നറിയാന്‍ ജൂലൈ ഒന്നിന് ജനഹിത പരിശോധന നടത്തും.
പാര്‍ലമെന്റ്, പ്രധാനമന്ത്രി എന്നിവരുടെ അധികാരം വിപുലീകരിക്കുന്ന രീതിയില്‍ ഭരണഘടന പരിഷ്കരിക്കുമെന്ന് രാജാവ് അറിയിച്ചു. പ്രധാനമന്ത്രിയുടെ പദവി പ്രസിഡന്റായി ഉയര്‍ത്തും. ഭരണഘടനാപരമായ നിയന്ത്രണങ്ങള്‍ രാജാവിന് ബാധകമായിരിക്കും.
മൊറോക്കോയിലെ സാമ്പത്തികസ്ഥിതി ദയനീയമാണെന്നും മനുഷ്യാവകാശങ്ങള്‍ രാജ്യത്ത് സംരക്ഷിക്കപ്പെടുന്നില്ലെന്നും രാഷ്ട്രീയ വിശകലന വിദഗ്ധനായ നബീല റമദാനി വിലയിരുത്തി. ഈ സാഹചര്യത്തില്‍ ജനരോഷം ശമിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് രാജാവിന്റെ ഭരണപരിഷ്കരണ പ്രഖ്യാപനമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Tags:
ഗ്ലോബൽ ഇംപാക്ട്,
മൊറോക്കൊ
Leave a comment