Published on Sun, 09/11/2011

വാഷിങ്ടണ്‍ : അമേരിക്ക ഒരിക്കലും ഇസ്്‌ലാമിനെതിരെ യുദ്ധം നടത്തിയിട്ടില്ലെന്നും ഇനി ഒരു കാലത്തും യുദ്ധം നടത്തില്ലെന്നും പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. നിരവധി രാജ്യങ്ങളെ ആക്രമിക്കുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരകണക്കിന് ആളുകളെ കൊന്നൊടുക്കുകയും ചെയുന്ന അല്‍ഖാഇദക്കെതിരെയാണ് അമേരിക്കയും സഖ്യരാജ്യങ്ങളും യുദ്ധം ചെയ്യുന്നത്. അല്‍ഖാഇദയുടെ ആക്രമണങ്ങളില്‍ കൂടുതലും കൊല്ലപ്പെടുന്നത് മുസ്്‌ലീങ്ങളാണെന്നും ഒബാമ ചൂണ്ടികാട്ടി.
കൂട്ടായ പ്രവര്‍ത്തനം വഴി അല്‍ഖാഇദയുടെ നിരവധി ആക്രമണ പദ്ധതികള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തലവന്‍ ഉസാമ ബിന്‍ ലാദിനെ കൊലപ്പെടുത്തിയതിലൂടെ അല്‍ഖാഇദയെ തോല്‍വിയുടെ പാതയിലെത്തിക്കാനും സാധിച്ചിട്ടുണ്ട്- 9/11 ഭീകരാക്രമണത്തിന്റെ 10ാം വാര്‍ഷികദിനത്തില്‍ ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ കോളത്തില്‍ ഒബാമ പറഞ്ഞു.
2001 സെപ്റ്റംബര്‍ 11ന് നടന്ന ഭീകരാക്രമണം അനുസ്മരിക്കുമ്പോള്‍ അല്‍ഖാഇദയുടെ ആക്രമണം യുഎസിനു നേര്‍ക്കു മാത്രമായിരുന്നില്ല, ലോകത്തോടും മാനുഷിക മൂല്യങ്ങളോടുമുള്ള വെല്ലുവിളിയായിരുന്നുവെന്ന് ഒബാമ പറഞ്ഞു. 90ലധികം രാജ്യങ്ങളില്‍ നിന്നുള്ള നിരപരാധികളായ 3000 പേരാണ് അന്നു കൊല്ലപ്പെട്ടത്. ഇതില്‍ വിവിധ മതത്തില്‍പെട്ടവരും വ്യത്യസ്ത സംസ്‌കാരങ്ങളുള്ളവരും സ്ത്രീകളും യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടും. 9/11 ഭീകരാക്രമണം 10 വര്‍ഷം പിന്നിടുമ്പോള്‍ ഇവരുടെ ഓര്‍മയില്‍ രാജ്യം പങ്കുചേരുന്നു. -ഒബാമ പറഞ്ഞു.
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ഈ സംഭവത്തെ ലോകം ഒറ്റക്കെട്ടായാണ് ഓര്‍ക്കുക. ഭീകരാക്രമണത്തിനു ഇരയായവര്‍ക്കു വേണ്ടി വിവിധ രാജ്യങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും മറ്റും നടക്കും. ദാരുണമായ ഈ സംഭവത്തില്‍ നിന്ന് കരകയറുന്നതില്‍ ലോകത്തിന്റെ പല കോണുകളിലുള്ളവരും അമേരിക്കയെ പിന്തുണച്ച കാര്യം ഒരിക്കലും വിസ്മരിക്കില്ല.
ഈ ആക്രമണത്തിനുശേഷം മുഴുവന്‍ ലോകത്തിന്റെയും പിന്തുണയോട് കൂടിയാണ് അമേരിക്ക ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന് തുടക്കം കുറിച്ചത്. ഈ നടപടിയുടെ ഭാഗമായാണ് അഫ്ഗാനിസ്താനിലെ അല്‍ഖാഇദ പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്തതും താലിബാനെ പരാജയപ്പെടുത്തുകയും ചെയ്തത്. അഫ്ഗാനിസ്താനിലെ ജനങ്ങള്‍ക്ക് തീവ്രവാദത്തില്‍ നിന്ന് മോചനം നല്‍കി ഭയരഹിതമായ ഒരു ജീവിതം സമ്മാനിക്കാനും കഴിഞ്ഞിട്ടുണ്ട്.

Tags:
അമേരിക്ക,
ഇസ്ലാമികപ്രസ്ഥാന സഹകരണം
Leave a comment