Published on Fri, 03/11/2011 -

സാമൂഹിക മാധ്യമങ്ങള്‍ ജനകീയ വിപ്ലവങ്ങളില്‍ ഇടപെടുമ്പോള്‍
ബോസ്റ്റണിലെ പ്രശസ്ത എഴുത്തുകാരിയും ബ്ലോഗറും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ജില്ലിയന്‍ യോര്‍ക്ക്  ഈജിപ്ത്, തുനീഷ്യ വിപ്ലവങ്ങളില്‍ സാമൂഹിക മാധ്യമങ്ങള്‍ വഹിച്ച പങ്കിനെ വിലയിരുത്തി അല്‍ജസീറയില്‍ എഴുതിയ ലേഖനം.
2009ലെ വേനല്‍ക്കാലത്ത്  ഇറാനിലുണ്ടായ ഗ്രീന്‍ മൂവ്‌മെന്റിനെ 'ട്വിറ്റര്‍ വിപ്ലവം' എന്ന പേരില്‍ നാം വിളിച്ചു. അന്ന് ഇറാനിലുണ്ടായ ചലനങ്ങള്‍ നിയന്ത്രിക്കുന്നതിലും ഉത്തേജിപ്പിക്കുന്നതിലും ട്വിറ്റര്‍ വഹിച്ച പങ്കിനെ അനുസ്മരിച്ചായിരുന്നു ഇത്. ഇന്ന് 2011ന്റെ ആദ്യപാദങ്ങളില്‍ ലോകത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ അധികാരി വര്‍ഗത്തിനെതിരെ ജനകീയ വിപ്ലവങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങള്‍ സമ്മതിക്കുന്നു,  അവ സമരായുധങ്ങളാണ്് . ഫേസ്ബുക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവ ഈജിപ്ത്-തുനീഷ്യ വിപ്ലവങ്ങളില്‍ വഹിച്ച നിസ്തുലമായ പങ്ക് നാം കണ്ടു. ഇത്തരം സാമൂഹിക മാധ്യമങ്ങള്‍ വിപ്ലവത്തില്‍ വഹിച്ച പങ്കിനെ ഒരു പിശുക്കുമില്ലാതെ പുകഴ്ത്തുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഉത്സാഹം കാണിച്ചു. ഇത്തരം മാധ്യമങ്ങളില്‍നിന്ന് വിപ്ലവമുഖത്തുണ്ടാകുന്ന വിപത്തുകള്‍ മറച്ചുകൊണ്ടു തന്നെ.
ഈ മാധ്യമസാഹസികതകള്‍ ചില അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതിന്റെ   ഉദാഹരണമാണ് അസര്‍ബൈജാനില്‍ ഫേസ്ബുക് വഴി രാജ്യത്ത് വിപ്ലവാഹ്വാനം നടത്തിയ ആള്‍ അറസ്റ്റിലായ  സംഭവം. തുനീഷ്യയില്‍ വിപ്ലവമുഖത്തു നിന്നവരുടെ ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ നശിപ്പിക്കപ്പെട്ടു.
ജനകീയ വിപ്ലവങ്ങള്‍ ആരംഭിച്ചു തുടങ്ങിയ മൊറോക്കോയില്‍ തങ്ങളുടെ ഫേസ്ബുക്-ട്വിറ്റര്‍ അക്കൗണ്ടുകളില്‍  ആരോ നുഴഞ്ഞുകയറിയതായി ജനങ്ങള്‍ പരാതിപ്പെടുന്നു. ഒന്നുറപ്പാണ്- ഒന്നുകില്‍ സര്‍ക്കാറോ, അല്ലെങ്കില്‍ സര്‍ക്കാറനുകൂലികളോ മാത്രമേ ഇങ്ങനെ ചെയ്യൂ.
ഈജിപ്തില്‍ മുബാറക്കിനെതിരെ ജനങ്ങള്‍ നടത്തിയ വിപ്ലവം വിജയിച്ചിരുന്നില്ലെങ്കില്‍..? നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?  വിപ്ലവകാരികള്‍  കൃത്യമായ അഡ്രസ്സോടെ മുബാറക്കിനും ഭരണത്തിനുമെതിരെ ഫേസ്ബുക്കിലിട്ട ഫോട്ടോകളും ചുവരെഴുത്തുകളും അവര്‍ക്കു തന്നെ പാരയായി മാറിയേനെ. വിപ്ലവമുഖങ്ങളില്‍ സജീവമായിരുന്ന വാര്‍ത്താ ഏജന്‍സിയുടെയും സര്‍ക്കാറിന്റെ ഏറാന്‍മൂളികളായ മാധ്യമങ്ങളുടെയും കാമറക്കണ്ണുകളില്‍ പതിഞ്ഞ ഫോട്ടോയിലെ മുഖങ്ങള്‍ തേടി ഭരണകൂട ഭീകരത നാലുപാടും പാഞ്ഞേനെ. മുഖസാദൃശ്യമുള്ളവനെപ്പോലും ചവിട്ടിയരച്ചേനെ. അങ്ങനെ നോക്കിയാല്‍ ഫേസ്ബുക്കിലിടുന്ന ഓരോ ഫോട്ടോയിലെയും ആളുകളെ ഈജിപ്തിലെ പട്ടാളവും പൊലീസും വേട്ടയാടാതിരിക്കില്ലായിരുന്നു. ഫേസ്ബുക്കിന്റെ കാണാപ്പുറത്ത് അജ്ഞാതനായിരുന്ന് ചുവരെഴുത്തു നടത്തുന്നവനെയും ഭരണകൂടം കണ്ടെത്തുകയും ചവിട്ടിയരക്കുകയും ചെയ്യുമെന്നുറപ്പാണ്. ഇതിനൊരുദാഹരണമാണ് 2008ല്‍ മൊറോക്കോ രാജകുമാരനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്കിലെഴുതിയ ഫുവാദ് മുര്‍തസയെ പൊലീസ് പിടികൂടിയത്. ഇയാളുടെ മേല്‍വിലാസം തങ്ങള്‍ അധികൃതര്‍ക്കു കൊടുത്തതല്ലെന്ന് ഫേസ്ബുക്കധികൃതര്‍ അന്ന് പറഞ്ഞിരുന്നു. സൂക്ഷ്മ പരിശോധനയിലൂടെ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. ഫേസ്ബുക് വഴി നിങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നുവെന്നത് അതിന്റെ ഗുണമോ, ദോഷമോ ആകാം. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി  അജ്ഞാതരോട് നടത്തുന്ന ചാറ്റിങ്ങിലും ശ്രദ്ധിക്കാന്‍ ഏറെയുണ്ട്.
 സുഹൃത്തുക്കളെ സ്വീകരിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് സാമൂഹിക പ്രവര്‍ത്തകരാണ്. തങ്ങളുടെ പ്രത്യേക ലക്ഷ്യത്തിനായി ഇവര്‍ ആളുകളെ പെട്ടെന്ന് വിശ്വാസത്തിലെടുക്കുകയും അപകടങ്ങളില്‍ ചെന്ന് ചാടുകയും ചെയ്യുന്നു. ഫേസ്ബുക് ഉപയോഗിക്കുന്നവരില്‍ മിക്കവരും നിങ്ങള്‍ നടത്തിയ യാത്രയുടെ വിവരങ്ങളും ഫോട്ടോകളും ഇടുന്നത് ചിലപ്പോള്‍ നിങ്ങളെ തന്നെ കുരുക്കിലാക്കാന്‍ പര്യാപ്തമായിരിക്കും. സ്വന്തം രാജ്യത്തെ പൗരന്മാരെ രാജ്യവും നിങ്ങളുടെ തന്നെ സുഹൃത്തുക്കളും ഒറ്റിക്കൊടുക്കുന്ന കാലം അതിവിദൂരമല്ല.
സാമൂഹിക മാധ്യമങ്ങള്‍ വഴി സംഭവിക്കുന്ന അപകടങ്ങളും നേട്ടങ്ങളും തുലാസില്‍ വെച്ചാല്‍ ഭാരക്കൂടുതല്‍ നേട്ടങ്ങള്‍ക്കായിരിക്കുമെങ്കിലും അപകടങ്ങളെ കാണാതിരുന്നുകൂടാ. ഞാനിതെഴുതിയതിനാല്‍ വിപ്ലവരംഗത്തുനിന്ന് സാമൂഹിക മാധ്യമങ്ങള്‍ പിന്‍വലിയരുത്. സമരപാതയില്‍ മുന്നേറുമ്പോള്‍ സുരക്ഷിതപാത സ്വീകരിക്കുക.

ഈജിപ്തില്‍ 'ഫേസ്ബുക്'ശിശു

ബോസ്റ്റണ്‍ :    ഈജിപ്ഷ്യന്‍ ദമ്പതികള്‍ തങ്ങളുടെ പെണ്‍കുഞ്ഞിന് 'ഫേസ്ബുക് ' എന്ന് പേരുനല്‍കി. ഹുസ്‌നി മുബാറക്കിന്റെ ഏകാധിപത്യ സര്‍ക്കാറിനെതിരെ നടന്ന പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച സോഷ്യല്‍നെറ്റ്‌വര്‍ക്കായ ഫേസ്ബുക്കിനോടുള്ള സ്‌നേഹപ്രകടനമായാണ് അവര്‍ ശിശുവിന് ഈ പേരു നല്‍കിയത്. ജമാല്‍ ഇബ്രാഹീം എന്ന 20 കാരനാണ് ആദ്യത്തെ പെണ്‍കുഞ്ഞിന് ഫേസ്ബുക്കിന്റെ പേരു നല്‍കിയത്. ജനകീയസമരത്തിലൂടെ മുബാറക്കിനെ തിരിച്ചിറക്കിയതില്‍ ജനങ്ങളോടുള്ള ആദരസൂചകമായാണ് ഈ പേര് കുട്ടിക്ക് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈജിപ്തില്‍ ഇപ്പോള്‍ 50 ലക്ഷം ഫേസ്ബുക് ഉപഭോക്താക്കളുണ്ട്. 

These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment