Published on Sat, 08/06/2011 

ക്രെഡിറ്റ് റേറ്റിങ് കുറച്ചു ; അമേരിക്കയില്‍ ആശങ്ക
വാഷിങ്ടണ്‍: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യു.എസ് സമ്പദ്‌വ്യവസ്ഥയുടെ നില ഭദ്രമല്ലെന്ന് പ്രമുഖ ധനകാര്യ റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍. ഇതേതുടര്‍ന്ന് യു.എസ് സര്‍ക്കാര്‍ ഇറക്കുന്ന കടപ്പത്രങ്ങളുടെ സുരക്ഷാ നിലവാരം ചരിത്രത്തിലാദ്യമായി 'ട്രിപ്പ്ള്‍ എ'യില്‍ നിന്ന് 'ഡബ്ള്‍ എ പ്ലസ്' ആയി താഴ്ത്തി. യു.എസ് സര്‍ക്കാറിന്റെ കടപ്പത്രങ്ങളുടെ വിശ്വാസ്യത കുറക്കുന്നതാണ് ഈ നടപടി.
ഇന്ത്യ ഉള്‍പ്പെടെയുള്ള പല വിദേശ രാജ്യങ്ങളും അവരുടെ വിദേശ നാണയ ശേഖരത്തില്‍ നല്ലൊരു പങ്കും നിക്ഷേപിക്കുന്നത് യു.എസ് സര്‍ക്കാര്‍ ഇറക്കുന്ന കടപ്പത്രങ്ങളിലാണ്. എസ് ആന്‍ഡ് പി കടപ്പത്രങ്ങളുടെ  റേറ്റിങ് കുറച്ചത് ഈ രാജ്യങ്ങളില്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്.
ചെലവ് ചുരുക്കുകയും അതേസമയം വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യേണ്ട ആവശ്യകതയിലേക്കാണ് ക്രെഡിറ്റ് റേറ്റിങ് കുറച്ച നടപടി വിരല്‍ചൂണ്ടുന്നതെന്ന് യു.എസ് സെനറ്റ് അംഗം ഹാരി റീഡ് പറഞ്ഞു.
ഏറെ എതിര്‍പ്പുകള്‍ക്കു ശേഷമാണ് യു.എസ് സെനറ്റ് വായ്പാ പരിധി ഉയര്‍ത്താന്‍ കഴിഞ്ഞ ദിവസം സര്‍ക്കാറിന് അനുമതി നല്‍കിയത്. പരിധി ഉയര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ കടപ്പത്രങ്ങളിലെ നിക്ഷേപ തുക തിരികെ നല്‍കല്‍ പ്രയാസമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എസ് ആന്‍ഡ് പിയുടെ നടപടി.
അമേരിക്കയുടെ രാഷ്ട്രീയ വ്യവസ്ഥയുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് 'വാഷിങ്ടണ്‍ പോസ്റ്റ്' അഭിപ്രായപ്പെട്ടു.
ക്രെഡിറ്റ് റേറ്റിങ് കുറച്ചത് അമേരിക്കയിലെ ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. മുഖ്യ സൂചികയായ ഡൗ ജോണ്‍സ് 61 പോയന്റ് ഉയര്‍ന്നു. അതേസമയം, മറ്റൊരു സൂചികയായ നാസ്ഡാക് 24 പോയന്റ് താഴ്ന്നാണ് ക്ലോസ് ചെയ്തത്. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചതും യൂറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യതയും ഓഹരി വിപണികളില്‍ ആശങ്ക പരത്തുകയാണ്.
യു.എസ് കടപ്പത്രങ്ങളുടെ റേറ്റിങ് കുറച്ച നടപടി പൊടുന്നനെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും കയറ്റുമതി രംഗത്ത് തിരിച്ചടി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്ക കടബാധ്യതകള്‍ കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ കടപ്പത്രങ്ങളുടെ റേറ്റിങ് കുറയ്ക്കുമെന്ന് മൂഡീസ്, ഫ്‌ളിച്ച് എന്നീറേറ്റിങ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍ടിയിട്ടുമുണ്ട്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment