Published on Sun, 08/21/2011

ട്രിപളി: രാജ്യത്ത് നടക്കുന്നത്മുഖംമൂടി ധരിച്ച വിപ്ലവമാണെന്നും അതിനെ തകര്‍ക്കാന്‍ പതിനായിരങ്ങള്‍ അണിനിരക്കണമെന്നും ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ ഖദ്ദാഫി. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വഞ്ചകര്‍, ചാരന്മാര്‍, പെരുച്ചാഴികള്‍ എന്നൊക്കെ വിശേഷിപ്പിച്ച് വിമതര്‍ക്ക് നേരെ ശകാരവര്‍ഷം തുടര്‍ന്ന ഖദ്ദാഫി രാജ്യത്തെ ഇവര്‍ തകര്‍ക്കുകയാണെന്നും ആരോപിച്ചു. അവര്‍ വൃത്തികെട്ടവരാണ്, പള്ളികള്‍പോലും അവര്‍ തകര്‍ക്കുന്നു'. ലിബിയയുടെ സമ്പത്തില്‍ കണ്ണും നട്ട് ഫ്രഞ്ച് പ്രസിഡന്റ് നികളസ് സര്‍കോസിയെപ്പോലുള്ളവരാണ് രാജ്യത്തേക്ക് ചാരന്മാരെ കടത്തുന്നത്- ഖദ്ദാഫി ആരോപിച്ചു
കലാപകാരികള്‍ക്കെതിരായ പോരാട്ടം അവസാനിക്കില്ലെന്ന് ഖദ്ദാഫിയുടെ മകന്‍ സെയ്ഫുല്‍ ഇസ്‌ലാമും മറ്റൊരു ടെലിവിഷന്‍ സംപ്രേഷണത്തിലൂടെ വ്യക്തമാക്കി.
അതിനിടെ, പുലര്‍ച്ചെ തന്നെ നാറ്റോയുടെ യുദ്ധവിമാനങ്ങള്‍ നഗരത്തിനുമുകളില്‍ ചീറിപ്പായുന്നത് കാണാമായിരുന്നെന്ന് ബി.ബി.സി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ നാല് വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായി. സൗജോമ, അറാന, താജുറ, ഫശ്‌ലൂ തുടങ്ങിയ നഗരപ്രാന്തങ്ങളിലും പോരാട്ടം രൂക്ഷമാണ്. കാല്‍ നടയായും ട്രക്കുകളിലും തോക്കുകളുമായി പോവുന്ന ചെറു സംഘങ്ങളെ നഗരത്തില്‍ എവിടെയും കാണാമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
'അവര്‍ ചകിതരാണെന്ന് ഞങ്ങള്‍ക്ക് ഖദ്ദാഫിയുടെ അഭ്യന്തര വൃത്തങ്ങളില്‍ നിന്ന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ദൈവ സഹായത്താല്‍, എല്ലാ സൂചനകളും വിരല്‍ ചൂണ്ടുന്നത് അവരുടെ പതനം അടുത്തെന്നാണ്.' വിമത ഭരണസമിതിയായ റെബല്‍ നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍(എന്‍.ടി.സി) ചെയര്‍മാന്‍ മുസ്തഫ ജലീല്‍ പറഞ്ഞു.
ഇവിടങ്ങളില്‍ രാവിലെ മുതല്‍തന്നെ പള്ളികളിലൂടെ മൈക് അനൗണ്‍സ്‌മെന്റ് നടത്തിയാണ് തെരുവുകളില്‍ ആളെ കൂട്ടുന്നത്. പലയിടങ്ങളിലായി ടയര്‍ അടക്കമുള്ളവ കൂട്ടിയിട്ട് കത്തിക്കുന്നതിനാല്‍ എങ്ങും കനത്ത പുകയാണ്. ഖദ്ദാഫി അനുകൂലികളാവട്ടെ എസ്.എം.എസ് പ്രചാരണമാണ് ശക്തമാക്കിയത്. 'ചതിയന്മാരെ തുരത്തുക, രാജ്യത്തെ രക്ഷിക്കുക' തുടങ്ങിയ ഗ്രൂപ്പ് മെസേജുകളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.
ട്രിപളി വീഴുമെന്ന പ്രതീതി ഉയര്‍ന്നതോടെ അവശേഷിക്കുന്ന തങ്ങളുടെ പൗരന്മാരെ രക്ഷിച്ചെടുക്കാന്‍ വിവിധ രാജ്യങ്ങള്‍ ശ്രമം തുടങ്ങി. മാള്‍ട്ടയില്‍നിന്ന് ബോട്ടുവഴി കുറെ ബ്രിട്ടീഷ് പൗരന്മാരെ കഴിഞ്ഞ ദിവസം കൊണ്ടുപോയിരുന്നു. ലിബിയയില്‍ താമസിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി.
തലസ്ഥാനത്തേക്കുള്ള എണ്ണ, വാതക കുഴലുകള്‍ പ്രക്ഷോഭകര്‍ തകര്‍ത്തതും ഖദ്ദാഫി ഭരണകൂടത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. അതേസമയം, ചെറിയ പോരാട്ടം മാത്രമാണ് നടക്കുന്നതെന്ന് പറഞ്ഞ ഗവണ്‍മെന്റ് വക്താവ് മൂസ ഇബ്രാഹീം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അവകാശപ്പെട്ടു.

Tags:
മുഅമ്മറുല്‍ ഖദ്ദാഫി,
ലിബിയ
Leave a comment