സൈഫുല്‍ ഇസ്ലാം പിടിയില്‍


Published on Sat, 11/19/2011 -

 സൈഫുല്‍ ഇസ്ലാം പിടിയില്‍
ട്രിപളി: ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്ലാം ഖദ്ദാഫി പിടിയിലായതായി ഇടക്കാല സര്‍ക്കാറിന്‍െറ സൈനികവൃത്തങ്ങള്‍ അറിയിച്ചു.ദക്ഷിണ ലിബിയയിലെ വാദി അല്‍ഹയാ ജില്ലയിലെ ഉബരിയില്‍നിന്നാണ് നൈജറിലേക്ക് കടക്കാന്‍ ശ്രമിക്കവെ അദ്ദേഹം പിടിക്കപ്പെട്ടത്. സൈഫുല്‍ ഇസ്ലാമിനൊപ്പം അദ്ദേഹത്തിന്‍െറ അംഗരക്ഷകരെയും സൈന്യം പിടികൂടിയിട്ടുണ്ട്.ഇവരെ വടക്കുപടിഞ്ഞാറന്‍ ലിബിയയിലെ സിന്‍താനിലേക്ക് കൊണ്ടുവരുമെന്ന് ഇവിടത്തെ ഫീല്‍ഡ് കമാന്‍ഡര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സൈഫുല്‍ ഇസ്ലാമിനെ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി രാജ്യത്തിനകത്തുതന്നെ വിചാരണ ചെയ്യുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ അലഖി അല്‍ ജസീറയോട് പറഞ്ഞു.വിചാരണ വേളയില്‍ അന്താരാഷ്ട്ര നിരീക്ഷകരുടെ സാന്നിധ്യമുണ്ടാകുന്നത് കാര്യമാക്കുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ, 39കാരനായ സൈഫുല്‍ ഇസ്ലാം ഖദ്ദാഫിക്ക് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ലിബിയയില്‍ നടന്ന മനുഷ്യാവകാശലംഘനങ്ങളെ തുടര്‍ന്നാണ് ഖദ്ദാഫിക്കും അദ്ദേഹത്തിന്‍െറ രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന അബ്ദുല്ല സനൂസിക്കുമൊപ്പം സൈഫുല്‍ ഇസ്ലാമിനും അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്.ഖദ്ദാഫി കൊല്ലപ്പെട്ടതോടെ സൈഫുല്‍ ഇസ്ലാം അന്താരാഷ്ട്ര കോടതിയുടെ വിചാരണ നേരിടുന്നതിനും കീഴടങ്ങുന്നതിനും സന്നദ്ധത അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് പ്രോസിക്യൂട്ടറുമായി അദ്ദേഹത്തിന്‍െറ ദൂതന്മാര്‍ ചര്‍ച്ച നടത്തിയതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാല്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലല്ല, ലിബിയയില്‍തന്നെയാണ് സൈഫുല്‍ ഇസ്ലാമിന്‍െറ വിചാരണ നടക്കേണ്ടത് എന്നായിരുന്നു ലിബിയയിലെ ദേശീയ ഭരണമാറ്റ കൗണ്‍സിലിന്‍െറ നിലപാട്.ഇപ്പോള്‍ ഇദ്ദേഹത്തെ പിടികൂടിയതോടെ രാജ്യത്തിനകത്തുതന്നെ വിചാരണക്കുള്ള സാഹചര്യമാണ് കൈവന്നിരിക്കുന്നത്. സൈഫുല്‍ ഇസ്ലാമിനെ പിടികൂടിയ വാര്‍ത്ത പുറത്തുവന്നതോടെ രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും ആഹ്ളാദപ്രകടനങ്ങള്‍ നടന്നു.

സൈഫുല്‍ ഇസ്ലാമിനെ ലിബിയയില്‍ വിചാരണ ചെയ്യണം -എന്‍.ടി.സി

ട്രിപളി: കൊല്ലപ്പെട്ട ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്ലാമിനെ ലിബിയയില്‍ തന്നെ വിചാരണ ചെയ്യണമെന്ന് ദേശീയ ഭരണമാറ്റ സമിതി (എന്‍.ടി.സി ) ആവശ്യപ്പെട്ടു. സൈഫുല്‍ ഇസ്ലാമിനെ വിചാരണ ചെയ്യാനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ശ്രമം വിജയം കാണാന്‍ പോകുന്നില്ളെന്ന് എന്‍.ടി.സി സൈനിക തലവവന്‍ കേണല്‍ അഹ്മദ് ബനീ പറഞ്ഞു. അദ്ദേഹത്തെ ആദ്യം വിചാരണ ചെയ്യേണ്ടത് ലിബിയയില്‍ വെച്ചാണ്.  ഇവിടെ ചെയ്തുകൂട്ടിയ കാര്യങ്ങളുടെ അനന്തരഫലങ്ങള്‍ അദ്ദേഹം അനുഭവിക്കുക തന്നെ വേണം. ലിബിയയില്‍ കാര്യക്ഷമമായ നീതിന്യായ വ്യവസ്ഥയുണ്ടെന്ന് ലോകജനതയെ ബോധ്യപ്പെടുത്താനുള്ള അവസരമാണിതെന്നും  അഹ്മദ് ബനീ പറഞ്ഞു.
ഇതിനു വിരുദ്ധമായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടത്തുന്ന നീക്കങ്ങള്‍ ലിബിയയുടെ സ്വയംഭരണത്തിന് മേലുള്ള കടന്നുകയറ്റമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment