Published on Wed, 10/26/2011

തുനീഷ്യ: ഹമദി ജബലി പ്രധാനമന്ത്രി ആയേക്കും
തൂനിസ്: ജനാധിപത്യ രീതിയില്‍ തുനീഷ്യയില്‍ നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായി വിജയിച്ച ‘അന്നഹ്ദ’ പ്രധാനമന്ത്രി പദത്തിലേക്ക് സെക്രട്ടറി ജനറല്‍ ഹമദി ജബലിയെ നാമനിര്‍ദേശം ചെയ്തു. തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തീകരിച്ചെങ്കിലും ഒൗദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവിടാത്തത് അനിശ്ചിതത്വം ഉളവാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, ‘അന്നഹ്ദ’ 40 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍ നല്‍കുന്ന സൂചന. ഒരു മാസത്തിനകം മന്ത്രിസഭ രൂപവത്കരിക്കുമെന്നും ഇടത്-മധ്യപക്ഷ സംഘടനകളായ അത്തകത്തുല്‍, സി.പി.ആര്‍ തുടങ്ങിയവയുമായി നടത്തുന്ന സഖ്യചര്‍ച്ച പുരോഗമിക്കുകയാണെന്നും അന്നഹ്ദ വൃത്തങ്ങള്‍ അറിയിച്ചു.
തുനീഷ്യയിലെ ഏറ്റവും പ്രബല സംഘടനയായ അന്നഹ്ദയുടെ വക്താവ്, സെക്രട്ടറി ജനറല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹമദി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയും നയവിശദീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ശ്രദ്ധ കവര്‍ന്നിരുന്നു. അന്നഹ്ദയുടെ നേതാക്കളെ തിരഞ്ഞുപിടിച്ച് സ്വേച്ഛാധിപത്യ ഭരണകൂടം ജയിലിലടച്ചുകൊണ്ടിരുന്ന 1980കളിലാണ് ഹമദി പാര്‍ട്ടി നേതൃനിരയിലേക്കുയര്‍ന്നത്. പാര്‍ട്ടി ജിഹ്വയായ ‘അല്‍ ഫജ്ര്‍’ വാരികയുടെ പത്രാധിപരായി 90കളില്‍ സേവനമനുഷ്ഠിച്ചു. പ്രസിഡന്‍റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി നിരോധിച്ചതിനെ തുടര്‍ന്ന് ‘അല്‍ ഫജ്റി’ന്‍െറ പ്രസാധനം നിലച്ചു. ഹമദിക്ക് 15 വര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിച്ചു. 11 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചശേഷം സ്വതന്ത്രനായ ഹമദി സജീവമായ പ്രസ്ഥാനപ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയായിരുന്നു.
തുനീഷ്യയില്‍ പ്രസിഡന്‍റ് പദത്തിലിരുന്ന ബുര്‍ഗീബയും സൈനുല്‍ ആബിദീന്‍ ബിന്‍ അലിയും സാധാരണ ജനങ്ങളെ തഴഞ്ഞ് വരേണ്യവിഭാഗത്തിനുവേണ്ടിയുള്ള ഭരണമായിരുന്നു നിര്‍വഹിച്ചതെന്ന് കഴിഞ്ഞ ദിവസം ‘അല്‍ ജസീറ’ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹമദി കുറ്റപ്പെടുത്തി. എന്നാല്‍, രാജ്യത്തിന്‍െറ നട്ടെല്ലായ സാധാരണ ജനതയെ ഭരണത്തില്‍ പങ്കാളികളാക്കണമെന്നാണ് അന്നഹ്ദയുടെ ആഗ്രഹം. മുന്‍കാല ഭരണരീതിക്ക് ഉചിതമായ ബദല്‍രീതി നടപ്പാക്കുകയാണ് തന്‍െറ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
തുനീഷ്യന്‍ വിപ്ളവത്തിന്‍െറ ഫലങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതക്ക് സമ്മാനിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. ഏകപക്ഷീയമായ ഭരണത്തിന് പരിശ്രമിക്കില്ളെന്നും ഇതര പാര്‍ട്ടികളുടെ പിന്തുണയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തിയുള്ള ബഹുകക്ഷി ഭരണം കാഴ്ചവെക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment