തുനീഷ്യയില്‍ അന്നഹ്ദക്ക് വിജയം

തുനീഷ്യയില്‍ അന്നഹ്ദക്ക് വിജയം
തൂനിസ്: തുനീഷ്യയിലെ 217 അംഗ കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ളിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ റാശിദ് ഗനൂശിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക് പാര്‍ട്ടിയായ അന്നഹ്ദ വിജയിച്ചു. ഫലം പ്രഖ്യാപിച്ച സീറ്റുകളില്‍ തങ്ങള്‍ക്ക് 30 ശതമാനം ലഭിച്ചതായി പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം മാനേജര്‍ അബ്ദുല്‍ ഹമീദ് അല്‍ജലാസി അറിയിച്ചു. പ്രമുഖ സംഘടനകളിലൊന്നായ പ്രോഗ്രസിവ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി)  പരാജയം സമ്മതിച്ചിട്ടുണ്ട്. പുതിയ ഭരണഘടനാ നിര്‍മാണ സഭ രൂപവത്കരിക്കുന്നതിന് വേണ്ടിയാണ് തെരഞ്ഞെടുപ്പ്.
അന്നഹ്ദ ദേശീയ തലത്തില്‍ ഏറ്റവും വലിയ കക്ഷിയായിരിക്കുകയാണെന്ന് അല്‍ജലാസി പറഞ്ഞു. എന്നാല്‍, സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഒൗദ്യോഗിക ഫല പ്രഖ്യാപനം നടത്തിയിട്ടില്ല. മുസ്തഫ ബിന്‍ ജഅ്ഫര്‍ നേതൃത്വം നല്‍കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇടതു പാര്‍ട്ടിയായ കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ റിപ്പബ്ളിക്കും അന്നഹ്ദയുടെ പിന്നിലാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു.
അറബ് - ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ട തുനീഷ്യയില്‍ നടന്ന തെരഞ്ഞെടുപ്പ് ചരിത്രപരമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ വിജയം നേടിയ അന്നഹ്ദയാണ് പ്രധാനമന്ത്രിയെ തീരുമാനിക്കുക. ഭരണഘടന മാറ്റിയെഴുതുന്നതുവരെയുള്ള ഇടക്കാല സര്‍ക്കാറിനെയും താല്‍ക്കാലിക പ്രസിഡന്‍റിനെയും അവര്‍ നിയമിക്കും.
ജനകീയ പ്രക്ഷോഭം നടന്ന് 10 മാസത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ് രേഖപ്പെടുത്തിയിരുന്നു.
തുനീഷ്യയില്‍ ഏകാധിപത്യ ഭരണം നടത്തിയ മുന്‍ പ്രസിഡന്‍റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി ജനുവരി 14ന് പലായനം ചെയ്യുകയായിരുന്നു.

Published on Tue, 10/25/2011

തൂനിസ്: ആഫ്രിക്കന്‍ രാഷ്ട്രമായ തുനീഷ്യയില്‍ ഭരണഘടനാ അസംബ്ളിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റ് കക്ഷിയായ ‘അന്നഹ്ദ’ 40 ശതമാനം വോട്ടുകള്‍ നേടിയതായി വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. ഒൗദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവന്നില്ളെങ്കിലും 217 അംഗ സഭയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി അന്നഹ്ദ അംഗീകാരം നേടിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇതേ തുടര്‍ന്ന് 20 ശതമാനം വോട്ടുകള്‍ നേടി രണ്ടാമത്തെ വലിയ കക്ഷിയായ അത്തകത്തുല്‍ (സോഷ്യല്‍ ഫോറം ഫോര്‍ ലേബര്‍ ആന്‍റ് ലിബര്‍ട്ടി), മനുഷ്യാവകാശ പ്രവര്‍ത്തകനായ മുന്‍സിഫ് മര്‍സൂഖി നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ ദ റിപ്പബ്ളിക് (സി.പി.ആര്‍) എന്നിവയുമായി ‘അന്നഹ്ദ’ സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചു. ഈ രണ്ട് സംഘടനകളും അന്നഹ്ദക്ക് പിന്തുണ വാഗ്ദാനം ചെയ്തതോടെ അന്നഹ്ദ സഖ്യം അധികാരത്തിലേറുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ ജനുവരിയില്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനഭ്രഷ്ടനായ പ്രസിഡന്‍റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ ഭരണകാലത്ത് നിരോധിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്ത സംഘടനകളാണ് അന്നഹ്ദ, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, അത്തകത്തുല്‍ എന്നിവ. തീവ്രമതേതരവാദികളായ പ്രോഗ്രസീവ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) 16 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയത്.
ബിന്‍ അലിയുടെ നിയമപാലകരുടെ പീഡനത്തിനിരയായ അന്നഹ്ദ നേതാവ് റാശിദ് ഗനൂശി 22 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ ജനുവരിയിലാണ് ജന്മദേശത്ത് തിരിച്ചെത്തിയത്. തന്‍െറ പാര്‍ട്ടി മതേതര വ്യവസ്ഥയെ അട്ടിമറിക്കുമെന്ന പ്രചാരണങ്ങളെ  ശക്തിയായി നിരാകരിച്ച ഗനൂശി ബഹുസ്വര ജനാധിപത്യത്തിന് കളങ്കംചാര്‍ത്തുന്ന നീക്കങ്ങള്‍ക്ക് ഒരിക്കലും അന്നഹ്ദ കൂട്ടുനില്‍ക്കില്ളെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കി. അന്നഹ്ദ ചരിത്ര വിജയമാണ് കാഴ്ചവെച്ചതെന്ന് മേഖലയിലെ മാധ്യമങ്ങള്‍ വിലയിരുത്തി. മുസ്തഫ ബിന്‍ ജഅ്ഫറാണ് അത്തകത്തുല്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നത്.
സൈനുല്‍ ആബിദീന്‍ സ്ഥാനഭ്രഷ്ടനായ ശേഷം ആരോഗ്യ മന്ത്രിയായി നിയമിക്കപ്പെട്ട ഇദ്ദേഹം ഇടക്കാല പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുമെന്ന് അനൗദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. പാര്‍ലമെന്‍ററി ജനാധിപത്യ വ്യവസ്ഥ നടപ്പാക്കുന്നതിന് സഖ്യം പുതിയ ഭരണഘടന തയാറാക്കും. പുതുയുഗപ്പിറവി വിളംബരം ചെയ്യുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തില്‍ അന്നഹ്ദ പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം ആഹ്ളാദപ്രകടനം നടത്തി.

ജനാധിപത്യത്തിന്‍െറ നിറവും മണവും

ജനാധിപത്യത്തിന്‍െറ  നിറവും മണവും
ജനാധിപത്യത്തില്‍ മുല്ലപ്പുവിന്‍െറ പ്രസക്തിയെന്താണ് ?    ഭരണവിരുദ്ധ പ്രക്ഷോഭത്തിനു തുനീഷ്യക്കാര്‍   ദേശീയ പുഷ്പത്തിന്‍െറ പേരിട്ടതായിരിക്കില്ല.  മുല്ലപ്പൂവിന്‍െറ നറുമണം പോലെ  ജനാധിപത്യ പ്രക്ഷോഭങ്ങള്‍  ലോകം മുഴുവന്‍ വ്യാപിക്കണമെന്ന ആഗ്രഹമായിരിക്കാം അതിനു പിന്നില്‍.  സുഗന്ധവും വെള്ള നിറവുമാണ് ജനാധിപത്യത്തിന്‍േറത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ തര്‍ക്കിച്ചിട്ട് കാര്യമില്ല. മൂന്ന് രാജ്യങ്ങളില്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. അര്‍ജന്‍റിന,ജമൈക്ക, തുനീഷ്യ എന്നിവിടങ്ങളിലായിരുന്നു അത്. അറബ് വസന്തത്തിനു വിത്തിട്ട തുനീഷ്യയായിരുന്നു ഇവയില്‍ ലോക ശ്രദ്ധയാകര്‍ഷിച്ചത്.  സേച്ഛാധിപതിയായ ഭരണാധികാരിയെ പുറത്താക്കി അവര്‍ തന്നെ അടുത്ത ഭരണാധികാരിയെ തെരഞ്ഞെടുക്കുന്ന  മനോഹര കാഴ്ച ജനാധിപത്യത്തില്‍ തന്നെ അപൂര്‍വമായിരിക്കും.
ഞായറാഴ്ച ആരംഭിച്ച പൊതു തെരഞ്ഞെടുപ്പില്‍ 100ലേറെ പാര്‍ട്ടികളും അതിലേറെ വ്യക്തികളും മാറ്റുരക്കുന്നുണ്ട് . 217 അംഗ അസംബ്ളിയില്‍ ഭൂരിപക്ഷം നേടുന്നവര്‍ക്ക് ഇടക്കാല മന്ത്രിസഭ രൂപവത്കരിക്കാം. കൂടാതെ , ഭരണഘടന കരടു നിര്‍മാണത്തില്‍ ശ്രദ്ധേയ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യാം.
മുന്‍ ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ ഭരണത്തില്‍ കൊടിയ പീഢനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന റാശിദ് ഗനൂഷിയുടെ നേതൃത്വത്തിലുള്ള അന്നഹ്ദക്കാണ്  ഏറെ സാധ്യതയെന്ന് അമേരിക്ക പോലും സമ്മതിക്കുന്നു.ജനാധിപത്യത്തിനും സ്ത്രി വിമോചനത്തിനും അണിചേരാന്‍ ആഹ്വാനം ചെയ്തിരുന്ന അന്നഹ്ദയുടെ കീഴില്‍ ഒരുമിക്കാന്‍ തങ്ങള്‍ക്ക് യാതൊരു മടിയുമില്ളെന്ന്  മുല്ലപ്പൂ വിപ്ളവത്തിന് തിരികൊളുത്താന്‍ സ്വയം ആത്മഹുതി ചെയ്ത മുഹമ്മദ് ബൊവാസിയുടെ മാതാവ് പറയുന്നു.
ഇസ്ലാമിക പാര്‍ട്ടിയായ അന്നഹ്ദയുടെ മുഖ്യ  എതിരാളി പ്രോഗസീവ് ഡെമോക്രാറ്റിക്  പാര്‍ട്ടി [പി.ഡി.പി] യാണ്.
അതേസമയം, പോളിങ് ബൂത്ത് അടക്കാനുള്ള സമയം കഴിഞ്ഞിട്ടും തുനിഷ്യന്‍ തെരുവുകളില്‍ നീണ്ട ക്യുവാണുള്ളതെന്ന് എ.്ഫപി. റിപ്പോര്‍ട്ട് ചെയ്യുന്നു.തുടക്കത്തിലേ കനത്ത പോളിങാണുണ്ടായതെണ്  തെരഞ്ഞെടുപ്പ് കമീഷന്‍ സെക്രട്ടറി ജനറല്‍  ബുബ്കര്‍ ബെതബെറ്റിന്‍െറ സാക്ഷ്യം. ലിബിയയില്‍ ഭരണ അസ്ഥിരതയുണ്ടാവുമോയെന്ന ആശങ്കക്കിടെ തുനീഷ്യന്‍ ജനതയുടെ പുതിയ ജനാധിപത്യ വിശേഷങ്ങള്‍ ലോകത്തിനു മാതൃകയാവുകയാണ്.

2012ഓടെ തുനീഷ്യയില്‍ പുതിയ ഭരണഘടന -പ്രധാനമന്ത്രി

തൂനിസ്: തുനീഷ്യയില്‍ 2012ഓടെ പുതിയ ഭരണഘടന നിലവില്‍ വരുമെന്ന് പ്രധാനമന്ത്രി ബാജി ഖാഇദ് സബ്‌സി പറഞ്ഞതായി ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭരണഘടന കൂടുതല്‍ ജനാധിപത്യവത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ്. പുതിയ ഭരണഘടന നിലവില്‍ വരുന്നതോടെ തുനീഷ്യയില്‍ ജനാധിപത്യവും നിയമസംവിധാനവും നിലവില്‍ വരുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഭരണഘടന നിലവില്‍ വന്നതിനു ശേഷം രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുനീഷ്യയില്‍ കനത്ത പോളിങ്

തുനീഷ്യയില്‍ കനത്ത പോളിങ്
തൂനിസ്: അറബ് വസന്തത്തിന് പ്രാരംഭം കുറിച്ച തുനീഷ്യയില്‍ പുതിയ ഭരണഘടനാ നിര്‍മാണ സഭ രൂപവത്കരിക്കുന്നതിനുവേണ്ടി നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വന്‍തോതില്‍ ബൂത്തുകളിലെത്തി. ദശകങ്ങള്‍ ഏകാധിപതിയായി വാണ സൈനുല്‍ ആബിദീന്‍ ബിന്‍ അലി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ ഒമ്പതു മാസം മുമ്പ് (ജനുവരി 14) പലായനം ചെയ്തതോടെ അറബ് ഭൂപടം മാറ്റിവരക്കുന്ന ജനകീയ വിപ്ളവം ഭാഗികമായി സാക്ഷാത്കരിക്കപ്പെടുകയായിരുന്നു. സൈനുല്‍ ആബിദീന്‍ പടിയിറങ്ങിയ ശേഷവും രാജ്യത്ത് സൈന്യവും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു.
ഒടുവില്‍ അന്താരാഷ്ട്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച ഭരണഘടനാ നിര്‍മാണ സഭയിലെ 217 സീറ്റുകളിലേക്ക് ഞായറാഴ്ച പോളിങ് നടന്നു. റാശിദ് ഗനൂശി നേതൃത്വം നല്‍കുന്ന അന്നഹ്ദ എന്ന ഇസ്ലാമിസ്റ്റ് കക്ഷി തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന സൂചന. ബിന്‍ അലിയുടെ ഭരണ കാലത്ത് നിരോധിക്കപ്പെട്ട സംഘടനയാണിത്. മുസ്തഫ ബിന്‍ ജഅ്ഫര്‍ നേതൃത്വം നല്‍കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പ്രോഗ്രസീവ് ഡെമോക്രാറ്റിക് പാര്‍ട്ടി, കോണ്‍ഗ്രസ് ഫോര്‍ ദി റിപ്പബ്ളിക് തുടങ്ങിയ ചില പ്രമുഖ സംഘടനകള്‍ക്കൊപ്പം മുന്‍ ഭരണകൂടത്തെ അനുകൂലിക്കുന്ന വിഭാഗങ്ങളും തെരഞ്ഞെടുപ്പ് യുദ്ധത്തില്‍ പങ്കെടുക്കുന്നു. അന്നഹ്ദയുടെ വിജയം രാജ്യത്തെ ജനാധിപത്യ സ്വാതന്ത്ര്യമുല്യങ്ങളെ തകിടം മറിക്കുമെന്ന പ്രചാരണം റാഷിദ് ഗനൂശി ശക്തിയായി തള്ളിക്കളയുകയുണ്ടായി.
 
സമകാലിക ബഹുസ്വരതയെ മാനിക്കുന്ന സംഘടനയാണ് തന്‍േറതെന്നും സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങളും അവകാശങ്ങളും അനുവദിക്കാന്‍ അന്നഹ്ദ സദാ സന്നദ്ധമായിരിക്കുമെന്നും പ്രചാരണ സമാധാന റാലിയില്‍ അദ്ദേഹം ഉറപ്പു നല്‍കി.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment