
Published on Thu, 10/27/2011 ട്രിപളി: കൊല്ലപ്പെട്ട മുന്‍ ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ കൈവശമുണ്ടായിരുന്ന രാസായുധങ്ങള്‍ കണ്ടെടുത്തതായി ദേശീയ ഭരണമാറ്റ സമിതി(എന്‍.ടി.സി )അറിയിച്ചു. യു.എന്‍ സംഘത്തിന്‍െറ സഹായത്തോടെയാണ് കണ്ടെത്തിയതെന്ന് എന്‍.ടി.സി അവകാശപ്പെട്ടു. ലിബിയന്‍ ജനതയുടെ പണം കേവലം ആയുധ വിതരണക്കാര്‍ക്ക് മാത്രമായി ഖദ്ദാഫി ചെലവഴിക്കുകയായിരുന്നുവെന്നതിന്‍െറ തെളിവാണ് വലിയ അളവില്‍ കണ്ടെടുക്കപ്പെട്ട രാസായുധ ശേഖരമെന്ന് യു.എന്‍ പ്രതിനിധി ഇയാന്‍ മാര്‍ട്ടിന്‍ പറഞ്ഞു. ഇനിയും ഇത്തരത്തിലുള്ള ആയുധശേഖരങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, രാസായുധങ്ങള്‍ നശിപ്പിക്കുകയോ നിരുപാധികം കൈമാറുകയോ ചെയ്യാമെന്ന് ഖദ്ദാഫി പ്രസ്താവിച്ചിരുന്നു. എന്നാല്‍, വലിയ തോതിലുള്ള ആയുധ ശേഖരം അദ്ദേഹം രഹസ്യമായി കൈവശം വെക്കുകയായിരുന്നുവെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്.
ഖദ്ദാഫിക്ക് ചൈന ആയുധങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ട്
Published on Tue, 09/06/2011 - 00:44 ( 12 weeks 11 hours ago)
ട്രിപളി: ലിബിയന്‍ വിമതസേന ട്രിപളി പിടിച്ചടക്കിയതിന് ദിവസങ്ങള്‍ക്ക് മുമ്പ് വരെ ഖദ്ദാഫി ഭരണകൂടത്തിന് ചൈന ആയുധങ്ങള്‍ വിറ്റതായി റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസം, ടൊറന്‍േറായില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഡെയ്‌ലി ഗ്ലോബ് ആന്‍ഡ് മെയില്‍ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. ആയുധ ഇടപാട് സംബന്ധിച്ച് നടന്ന ചര്‍ച്ചകളുടെയും മറ്റും രേഖകള്‍ പത്രത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 16ന് ലിബിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബെയ്ജിങ്ങിലേക്ക് നടത്തിയ യാത്രയുടെയും 200 ദശലക്ഷം ഡോളറിന്റെ ആയുധ ഇടപാട് സംബന്ധിച്ച് നടത്തിയ ചര്‍ച്ചകളുടെയും വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ട രേഖകളില്‍പെടുന്നു. റോക്കറ്റ് ലോഞ്ചറുകളും ആന്റിടാങ്ക് മിസൈലുകളുമടക്കമുള്ള ആയുധങ്ങളുടെ രഹസ്യ ഇടപാടാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഖദ്ദാഫി ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന ട്രിപളിക്കടുത്ത ബാബുല്‍ അഖാറയിലെ ഓഫിസില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് രേഖകള്‍ കണ്ടെത്തിയതെന്ന് ഡെയ്‌ലി ഗ്ലോബ് ആന്‍ഡ് മെയില്‍ ലേഖകന്‍ പറഞ്ഞു. ചൈനീസ് ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുധ കമ്പനിയുമായാണ് ഖദ്ദാഫി ഭരണകൂടം ചര്‍ച്ച നടത്തിയത്. ലിബിയക്ക് ആയുധങ്ങള്‍ നല്‍കുന്നതിന് യു.എന്നിന്റെ വിലക്കുള്ളതിനാല്‍, മൂന്നാമതൊരു രാജ്യത്തിന്റെ സഹായത്തോടെ ആയുധങ്ങള്‍ കയറ്റി അയക്കാന്‍ ചര്‍ച്ചയില്‍ ചൈന നിര്‍ദേശിച്ചുവത്രെ.
ദക്ഷിണാഫ്രിക്ക, അല്‍ജീരിയ എന്നിവയില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ സഹായം തേടാനായിരുന്നു ചൈനയുടെ നിര്‍ദേശം. ഇരു രാജ്യങ്ങളും നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിനെ (എന്‍.ടി.സി)ഇതുവരെ അംഗീകരിച്ചിട്ടില്ല. ആയുധക്കച്ചവടം സംബന്ധിച്ച് പുറത്തുവന്ന രേഖകള്‍ തീര്‍ത്തും ആധികാരികമാണെന്ന് എന്‍.ടി.സി നേതാക്കള്‍ പറഞ്ഞു. ചൈനയുമായി കരാറുറപ്പിച്ച ആയുധങ്ങള്‍ ലിബിയയിലെത്തിയിട്ടുണ്ടെന്നും അത് പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം പ്രയോഗിക്കുകയും ചെയ്തതായി എന്‍.ടി.സിയുടെ സൈനിക തലവന്‍ ഉമര്‍ ഹരീരി പറഞ്ഞു. എന്‍.ടി.സിയോടുള്ള ചൈനയുടെ സമീപനത്തില്‍ നേരത്തേ തന്നെ സംശയമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ചൈനയുമായി നടത്തിയ ആയുധ ഇടപാടിന് തങ്ങളുടെ പക്കല്‍ വേറെയും തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മറ്റൊരു വിമത നേതാവായ അബ്ദുര്‍റഹ്മാന്‍ ബസിന്‍ പറഞ്ഞു. എന്നാല്‍, വാര്‍ത്ത ചൈന നിഷേധിച്ചു. നേരിട്ടോ അല്ലാതെയോ ലിബിയുമായി ആയുധ ഇടപാട് നടത്തിയിട്ടില്ലെന്ന് ചൈന വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ജിയാങ് യു തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചൈനയുമായി നടത്തിയ ആയുധ ഇടപാട് സംബന്ധിച്ച് തങ്ങള്‍ക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് യു.എന്‍ അധികൃതര്‍ പറഞ്ഞു.

Tags:
മുഅമ്മറുല്‍ ഖദ്ദാഫി,
ലിബിയ
Leave a comment