Published on Fri, 10/07/2011 

വിപ്ലവത്തിന്റെ മാതാവിനെ തേടി നൊബേല്‍
സ്‌റ്റോക്‌ഹോം: 'ഇത് വിപ്ലവത്തിന് പൊരുതിയ യമനി ജനതക്കുള്ള സമ്മാനമാണ്. ഇതില്‍നിന്ന് കിട്ടുന്ന തുകയും രാജ്യത്തിന് തന്നെ.'' സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് തവക്കുല്‍ കര്‍മാന്റെ വാക്കുകള്‍ ഇങ്ങനെ.
യമനി വിപ്ലവത്തിന്റെ അമ്മയെന്നും ഉരുക്ക് വനിതയെന്നുമൊക്കെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന കര്‍മാന് പുതിയ പുരസ്‌കാരവും പോരാട്ടത്തിനുള്ള ഊര്‍ജം മാത്രം.
മൂന്നു മക്കളുടെ അമ്മയും പത്രപ്രവര്‍ത്തകയും ആയ കര്‍മാനെ മനുഷ്യാവകാശ പോരാളിയാക്കിയത് യമനിലെ ഭരണകൂടമാണ്. സാലിഹിന്റെ പിന്തുണയോടെ ഗോത്ര തലവന്മാര്‍ ദരിദ്ര കുടുംബങ്ങളെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നതുകണ്ടാണ് കര്‍മാന്‍ വളര്‍ന്നത്.
തുനീഷ്യയില്‍ ആരംഭിച്ച 'അറബ് വസന്തം' യമനിലെത്തിയപ്പോള്‍ കര്‍മാനെ പോലുള്ളവര്‍ സന്തോഷിച്ചു. സന്‍ആ യൂനിവേഴ്‌സിറ്റിയുടെ കവാടത്തില്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചിരുന്ന ഈ അബായ ധാരിയെ യമന്‍ പ്രതിരോധത്തിന്റെ ചിഹ്‌നം എന്നാണ് റോയിട്ടര്‍ വിശേഷിപ്പിച്ചത്.
വനിതകളുടെ ശാക്തീകരണം-അതായിരുന്നു കര്‍മാന്റെ ലക്ഷ്യം. അതിലൂടെ സഞ്ചരിച്ചപ്പോള്‍ 'വഴി തെറ്റി' മനുഷ്യാവകാശ പ്രവര്‍ത്തകയായി. അതോടെ സാലിഹ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി അവര്‍ മാറി. ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമായി 2005ല്‍ അവര്‍ മുന്‍കൈയെടുത്ത് 'ചങ്ങലകളില്ലാത്ത വനിതാ പത്രപ്രവര്‍ത്തകര്‍' എന്ന സംഘടന രൂപവത്കരിച്ചു. തടവില്‍ കിടക്കുന്ന പത്രപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പുറത്തിറക്കാന്‍ കഠിനാധ്വാനം ചെയ്തു. അതോടെ പ്രലോഭനങ്ങളും ഭീഷണികളും ഫോണുകളിലൂടെയും കത്തുകളിലൂടെയും കര്‍മാനെ തേടിയെത്തി. അതിനിടെ, ഒരു പത്രം തുടങ്ങാനുള്ള കര്‍മാന്റെ അപേക്ഷ സര്‍ക്കാര്‍ ചവറ്റുകുട്ടയിലിട്ടു. സന്‍ആയിലെ സ്വതന്ത്ര ചത്വരത്തില്‍ കര്‍മാന്‍ നടത്തിയ സമരം യമനിഗോത്രങ്ങളിലെ സ്ത്രീകളെ ഉണര്‍ത്തി.
അതിനിടെ, നിരവധി ആക്ഷേപങ്ങളും കര്‍മാനെതിരില്‍ ഉണ്ടായി. സമരത്തെ വഴിക്ക് തിരിച്ചുവിടുന്നു. ആക്ഷേപങ്ങളെ അവഗണിച്ച് മുന്നോട്ടുപോവുകയായിരുന്നു. പലതവണ വധശ്രമങ്ങള്‍ക്കും ഇവര്‍ വിധേയയായി.
കഴിഞ്ഞ ജനുവരി 23ന് കര്‍മാനെ അറസ്റ്റ് ചെയ്തതാണ് ഖമന്‍ വോമാടംംംത്തില്‍ വഴിത്തിരിവായത്. ഇതോടെ പ്രക്ഷോഭം ആളിക്കത്തി. ഒടുവിലിത് ഭരണകൂടത്തിന്റെ പതനത്തില്‍ തന്നെ കലാശിച്ചു.
യമനി സ്ത്രീകളുടെ നിലമെച്ചപ്പെടുത്തിയതാണ് തന്റെ ഏറ്റവും വലിയ നേട്ടമായി കര്‍മാന്‍ പറയുന്നത്. 'രാത്രി ഏഴുമണിക്കുശേഷം സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തതായിരുന്നു യമനിലെ സ്ത്രീകളുടെ അവസ്ഥ. മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും അവര്‍ക്ക് വേണ്ടത്ര കിട്ടിയിരുന്നില്ല. ഇന്ന് ആ അവസ്ഥ എത്രയോ മതി -കര്‍മാന്‍ ചൂണ്ടിക്കാട്ടി.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment