റാശിദുല്‍ ഗനൂശി
തുനീഷ്യയില്‍ ഒക്‌ടോബര്‍ അവസാനം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദയുടെ ചെയര്‍മാന്‍ ശൈഖ് റാശിദുല്‍ ഗനൂശിയുമായി അശ്ശര്‍ഖുല്‍ ഔസത്ത് പത്രം നടത്തിയ അഭിമുഖം.



 തെരഞ്ഞെടുപ്പില്‍ അന്നഹ്ദ നേരിടുന്ന പ്രധാന വെല്ലുവിളിയെന്താണ്?

തുനീഷ്യ നേരിടുന്ന പൊതുവായ വെല്ലുവിളി വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് സുതാര്യവും സംശുദ്ധവുമാക്കുക, സര്‍ക്കാര്‍ രൂപവത്കരിക്കുക, നിയമവ്യവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ്. തെരഞ്ഞെടുപ്പ് നടത്താനനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം.
 രാഷ്ട്രീയംരഗത്തെ അവ്യക്തത ഇലക്ഷന്‍ രജിസ്‌ട്രേഷനില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ?
തെരഞ്ഞെടുപ്പ് അടുത്തുവരുന്തോറും രജിസ്‌ട്രേഷന്‍ പ്രക്രിയക്ക് ഗതിവേഗം വര്‍ധിക്കുന്നുണ്ട്. എന്നാലും പ്രതീക്ഷിച്ച നിലവാരത്തിലേക്കുയര്‍ന്നിട്ടില്ല. തുനീഷ്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായമായ വോട്ടിംഗ് കൃത്രിമങ്ങള്‍ ഇതോടെ പിഴുതെറിയപ്പെടുമെന്നാണ് ജനത വിശ്വസിക്കുന്നത്.
 തുനീഷ്യയിലെ പൊതുജനാഭിപ്രായം പലതരത്തിലാണ്. അന്നഹ്ദയില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കുന്നവരുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും സാംസ്‌കാരിക-ടൂറിസം മേഖലകളിലും പാര്‍ട്ടിയുടെ നയത്തെ ഏറെ ഭയപ്പെടുന്നവരുണ്ട്?
പുറത്താക്കപ്പെട്ട ബിന്‍ അലി രാഷ്ട്രത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി അന്നഹ്ദയെ താറടിച്ചുകാണിക്കാന്‍ നടത്തിയ ശ്രമത്തിന്റെ സ്വാധീനവലയത്തില്‍ അകപ്പെട്ടവരാണ് അന്നഹ്ദയെ ഭയപ്പെടുന്നത്. അന്നഹ്ദയുടെ നല്ലൊരു ശതമാനം പ്രവര്‍ത്തകര്‍ സ്ത്രീജനങ്ങളാണ്. പലരും ഉന്നത സ്ഥാനം അലങ്കരിക്കുന്നവര്‍. സാമൂഹിക പുരോഗതിയില്‍ സ്ത്രീക്ക് മഹത്തായ പങ്ക് വഹിക്കാനുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. ടൂറിസത്തിന് രാഷ്ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന പങ്കുണ്ട്. ഞങ്ങളുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ ടൂറിസത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്.
 നിങ്ങള്‍ അധികാരത്തിലെത്തിയാല്‍ ജനാധിപത്യത്തിന് തിരിച്ചടിയാവുമെന്ന അഭ്യൂഹം പരക്കുന്നുണ്ട്. സൈന്യം നിങ്ങളെ അംഗീകരിക്കുമോ?
തങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് സൈന്യം പലവുരു വ്യക്തമാക്കിയിട്ടുണ്ട്. ജനവികാരം സൈന്യം മാനിക്കുമെന്നാണ് പ്രതീക്ഷ. വിപ്ലവത്തെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്ത സൈന്യം അതട്ടിമറിക്കുകയോ?
 പാര്‍ട്ടിയും പട്ടാളവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്?
സൈന്യം രാജ്യത്തിന്റെ സുരക്ഷക്കുവേണ്ടി ഉറക്കമൊഴിക്കുന്നവരാണ്. സൈന്യത്തിന്റെ പ്രവര്‍ത്തനം ആദരവോടെയാണ് ഞങ്ങള്‍ നോക്കിക്കാണുന്നത്.
 ഇലക്ഷനോടെ പുതിയ വിപ്ലവം പൊട്ടിപ്പുറപ്പെട്ട് അത് സംഘട്ടനങ്ങള്‍ക്ക് വഴിമാറുമെന്ന രാഷ്ട്രീയ നിരീക്ഷണത്തെക്കുറിച്ച്?
തുനീഷ്യക്കാര്‍ തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നുവെന്നോ? എനിക്കറിയില്ല. തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടത് ജനങ്ങളാണ്. നേരത്തെ പറഞ്ഞ രാഷ്ട്രീയ നിരീക്ഷണത്തിന് ഒരടിസ്ഥാനവുമില്ല. തുനീഷ്യന്‍ വിപ്ലവം തികച്ചും സമാധാനപരമായിരുന്നു. പൗരന്മാര്‍ സമാധാനകാംക്ഷികളാണ്. സംഘട്ടനങ്ങള്‍ക്കും പകപോക്കലിനും അവിടെ സ്ഥാനമില്ല.
 ഇലക്ഷന്‍ പ്രക്രിയ സമാധാനപരമായി നടന്നാല്‍ ഇടക്കാല സര്‍ക്കാര്‍ മുഴുവന്‍ അധികാരവും കൈയൊഴിയണമെന്നില്ല. എന്നല്ല, ചില വകുപ്പുകള്‍ ഇടക്കാല സര്‍ക്കാര്‍ കൈയടക്കുമെന്ന പ്രചാരണത്തെക്കുറിച്ച്?
ഇടക്കാല സര്‍ക്കാര്‍ ഇലക്ഷനോടെ അധികാരം കൈയൊഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ വാക്ക് പാലിക്കുമെന്ന് പ്രതീക്ഷിക്കുക. നിയമനിര്‍മാണസഭക്കാണ് പരമാധികാരം. നിലവിലെ സര്‍ക്കാറിനെ മുഴുവനായോ ഭാഗികമായോ നിലനിര്‍ത്താന്‍ സഭക്ക് അധികാരമുണ്ട്. ഞങ്ങള്‍ പലവുരു വ്യക്തമാക്കിയ പോലെ അന്നഹ്ദക്ക് ഭൂരിപക്ഷം ലഭിച്ച് സ്വതന്ത്ര സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞാല്‍ പോലും മറ്റു പാര്‍ട്ടികളെ കൂടെ നിര്‍ത്തി ദേശീയ ഗവണ്‍മെന്റ് രൂപവത്കരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുക.
 വിപ്ലവാനന്തരം ക്രമസമാധാനം തകര്‍ന്നുവെന്ന ആരോപണം സത്യമോ അതോ വിപ്ലവത്തെ ഹൈജാക്ക് ചെയ്യാനുള്ള തല്‍പരകക്ഷികളുടെ ജല്‍പനങ്ങളോ?
ക്രമസമാധാന തകര്‍ച്ചക്കു പിന്നില്‍ തല്‍പരകക്ഷികളാണ്. വിപ്ലവം ഹൈജാക്ക് ചെയ്യലാണ് അവരുടെ ലക്ഷ്യം. ജനം ജാഗരൂകരാവണമെന്നും ഒരു തരത്തിലുള്ള സംഘട്ടനത്തിലേക്കും വഴുതിപോവരുതെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
 പടിഞ്ഞാറ് അന്നഹ്ദയെ എങ്ങനെ കാണുന്നു? ഇലക്ഷനില്‍ പാര്‍ട്ടി വിജയിക്കുന്ന പക്ഷം പടിഞ്ഞാറിന്റെ നിലപാട് എന്തായിരിക്കും?
ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള പടിഞ്ഞാറിന്റെ സമീപനം സന്തുലിതമല്ല. മുല്ലപ്പൂ വിപ്ലവത്തോടെയും തുര്‍ക്കിയുടെ ജനാധിപത്യ പരീക്ഷണത്തോടെയും മിതവാദ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള പടിഞ്ഞാറിന്റെ സമീപനത്തില്‍ മാറ്റമുണ്ട്. പടിഞ്ഞാറടക്കമുള്ള നയതന്ത്ര പ്രതിനിധികളെ ഞങ്ങള്‍ കണ്ടിരുന്നു. അന്നഹ്ദയുടെ വലുപ്പവും ഇലക്ഷനാനന്തര തുനീഷ്യയില്‍ അന്നഹ്ദക്കുള്ള സുപ്രധാന റോളും പടിഞ്ഞാറിന്നറിയാം.
 തുനീഷ്യന്‍ തെരുവുകളിലെ പൂര്‍ണ പര്‍ദാധാരിണികളുടെ സാന്നിധ്യം, പര്‍ദ കൈയൊഴിച്ചവരോട് വീട്ടില്‍ ഒതുങ്ങിക്കൂടാനുള്ള മുറവിളി- ഇതൊക്കെ പ്രസിഡന്റ് ബൂറഖീബയുടെ കാലം മുതല്‍ സ്ത്രീവിമോചനത്തിനായി നിലകൊണ്ടവരെ വിറളി പിടിപ്പിക്കില്ലേ?
ഞാനും ഇപ്പോള്‍ തുനീഷ്യയിലാണല്ലോ താമസം. നിങ്ങള്‍ ആരോപിച്ച തരത്തിലുള്ള ഒന്നും ഞാന്‍ കേള്‍ക്കുകയോ കാണുകയോ ചെയ്തിട്ടില്ല. പര്‍ദയും താടിയുമൊക്കെ മുസ്‌ലിം സമൂഹത്തില്‍ കണ്ടില്ലെങ്കിലാണത്ഭുതം. നിഖാബ് ധാരിണികള്‍ പര്‍ദാധാരിണികളെ അപേക്ഷിച്ച് വളരെ കുറവാണ്. അഴിച്ചിട്ട് നടക്കുന്നവരും വിരളം. തുനീഷ്യന്‍ വനിതക്ക് അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാം. മുന്‍ ഭരണാധികാരികളെപോലെ ശക്തിയുപയോഗിച്ച് ഹിജാബ് അഴിക്കാനോ അണിയിക്കാനോ ഞങ്ങള്‍ ആളല്ല. അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.
 അന്നഹ്ദയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച്?
പ്രവര്‍ത്തകരുടെ സംഭാവനകളും വരിസംഖ്യയുമാണ് പാര്‍ട്ടിയുടെ ഫണ്ട്. മറിച്ച് ആരോപിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ. രാജ്യത്തെ പ്രബല പാര്‍ട്ടിയാണ് അന്നഹ്ദ.
 രാഷ്ട്രീയ രംഗത്ത് നിന്ന് വൈകാതെ വിടവാങ്ങുമെന്ന് താങ്കള്‍ പറഞ്ഞിരുന്നുവല്ലോ. പാര്‍ട്ടിയില്‍ താങ്കള്‍ ഒരു പ്രതീകമായി നിലകൊള്ളുന്നതു കൊണ്ടല്ലേ ഈ ശക്തിയും അംഗീകാരവും. താങ്കളുടെ വിരമിക്കലും പുതുമുഖങ്ങളുടെ അരങ്ങേറ്റവും പാര്‍ട്ടിയെ പിറകോട്ടടിപ്പിക്കില്ലേ?
അന്നഹ്ദ പതിറ്റാണ്ടിന്റെ പോരാട്ട ചരിത്രമുള്ള ഒരു ആദര്‍ശ പ്രസ്ഥാനമാണ്. പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ പുതുമുഖങ്ങളല്ല. ഉസ്താദ് അലി ഉറൈദ്, ഹമാദ് അല്‍ജിബാലിയെപ്പോലുള്ളവര്‍ അറിയപ്പെടുന്നവരും പാര്‍ട്ടിയെ നയിച്ച് പരിചയമുള്ളവരുമാണ്. ഭാവി നേതൃത്വത്തെക്കുറിച്ച ആശങ്കക്കടിസ്ഥാനമില്ല. ശൂറാടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. കൂട്ടായ്മയാണ് അതിന്റെ ശക്തി. ഏതെങ്കിലും ശൈഖിന് ചുറ്റും കറങ്ങുന്നതല്ല ഈ പാര്‍ട്ടി. അന്നഹ്ദ ഏകവ്യക്തിയായിരുന്നുവെങ്കില്‍ അതെന്നോ ചരമമടഞ്ഞേനെ. മൂന്നു പതിറ്റാണ്ടിന്റെ അടിച്ചമര്‍ത്തലിനു ശേഷവും പാര്‍ട്ടി നിലനില്‍ക്കുന്നത് പാര്‍ട്ടിയുടെ ഘടനാവിശേഷം കൊണ്ടാണ്.
വിവ: മുഹമ്മദലി ശാന്തപുരം

സ്ത്രീശാക്തീകരണത്തിന് പ്രതിജ്ഞാബദ്ധം -ഗനൂശി

തൂനിസ്: തെരഞ്ഞെടുപ്പിന് മുമ്പ് തുനീഷ്യന്‍ വനിതകള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളത്രയും പുതിയ സര്‍ക്കാര്‍ പാലിക്കുമെന്ന് അന്നഹ്ദ തലവന്‍ റാശിദുല്‍ ഗനൂശി വ്യക്തമാക്കി. ‘സ്ത്രീശാക്തീകരണത്തിന് അന്നഹ്ദ പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രീയ രംഗത്ത് അവരുടെ ഇടപെടല്‍ ശക്തമാക്കും. സ്ത്രീകളുടെ സാമൂഹിക പദവി ഉയര്‍ത്താന്‍ അത് ആവശ്യമാണ്’-ഗനൂശി പറഞ്ഞു.
 രാജ്യത്ത് നിലവിലുള്ള ജീവിത സാഹചര്യങ്ങളെ മാറ്റിമറിക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്നും  മുഖപടം ധരിച്ചവരെയും അല്ലാത്തവരേയും ഉള്‍പ്പെടുത്തിയുള്ള ഒരു ഭരണത്തിനാണ് രാജ്യം ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്നഹ്ദയുടെ 90 പാര്‍ലമെന്‍റ് അംഗങ്ങളില്‍ 42ഉം സ്ത്രീകളാണെന്നും ഗനൂശി അറിയിച്ചു. ആകെ 49 വനിതകളെയാണ് അന്നഹ്ദ മത്സര രംഗത്തിറക്കിയത്.
ഇപ്പോള്‍, സീദീ ബൂസീദില്‍ നടക്കുന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ നിന്ന് പോപുലര്‍ പെറ്റീഷന്‍ പാര്‍ട്ടി പിന്മാറണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും ഒന്നിക്കണമെന്നും ഗനൂശി ആവശ്യപ്പെട്ടു.

തുനീഷ്യ എല്ലാവരുടേയും -ഗനൂശി

തുനീഷ്യ എല്ലാവരുടേയും -ഗനൂശി
ഗനൂശി (ഇടത്) പാര്‍ട്ടിയോഗത്തില്‍ സംസാരിക്കുന്നു










വിപ്ളവം അവസാനിക്കുന്നില്ല
തൂനിസ്: തെരഞ്ഞെടുപ്പ് വിജയത്തോടെ രാജ്യത്ത് വിപ്ളവം അവസാനിക്കുന്നില്ളെന്നും പുതിയ തുനീഷ്യ എല്ലാവരുടേതുമായിരിക്കുമെന്നും അന്നഹ്ദ പാര്‍ട്ടി തലവനും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ റാശിദുല്‍ ഗനൂശി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഫലം ഒൗദ്യോഗികമായി പുറത്തുവന്നതിനുശേഷം തൂനിസിലെ പാര്‍ട്ടി ആസ്ഥാനത്ത് തടിച്ചുകൂടിയ അനുയായികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പ്രക്ഷോഭത്തിലൂടെ ലക്ഷ്യമിട്ട കാര്യങ്ങളെല്ലാം സാക്ഷാത്കരിക്കുംവരെ സമരം തുടരും. മത വിശ്വാസികളും മതരഹിതരുമായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പ്രവാചകനും ദൈവത്തിനുമെല്ലാം അംഗീകാരമുള്ള സ്വതന്ത്ര തുനീഷ്യയാണ് നമ്മുടെ ലക്ഷ്യം. അത് യാഥാര്‍ഥ്യമാകുംവരെ ഈ വിപ്ളവത്തിന് അവസാനമില്ല’-ഗനൂശിയുടെ വാക്കുകള്‍ നിറഞ്ഞ ആരവങ്ങളോടെയാണ് തൂനിസ് ജനത ഏറ്റുവാങ്ങിയത്. പ്രക്ഷോഭത്തിനിടെ  കൊല്ലപ്പെട്ടവരെ അദ്ദേഹം ദൈവമാര്‍ഗത്തില്‍ ജീവന്‍ ത്യജിച്ചവര്‍ എന്നാണ് വിശേഷിപ്പിച്ചത്.
വ്യാഴാഴ്ച രാത്രിയോടെയാണ് തെരഞ്ഞെടുപ്പ് ഫലം ഒൗദ്യോഗികമായി പുറത്തുവിട്ടത്. നേരത്തേ ഇസ്ലാമിക പാര്‍ട്ടിയായ അന്നഹ്ദ അവകാശപ്പെട്ടതുപോലെതന്നെയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. 41.5 ശതമാനം വോട്ടുകള്‍ നേടി അന്നഹ്ദ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 217ല്‍ 90 സീറ്റുകളാണ് അന്നഹ്ദക്ക് ലഭിച്ചത്. ഇടതുപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഫോര്‍ ദ റിപ്പബ്ളിക് (സി.പി.ആര്‍)13.8 ശതമാനം വോട്ടുകള്‍ നേടി 30 സീറ്റുകള്‍ കരസ്ഥമാക്കിയപ്പോള്‍ അത്തകത്തുല്‍ പാര്‍ട്ടിക്ക് 9.7 ശതമാനം വോട്ടുകളോടെ 21 സീറ്റുകളാണ് ലഭിച്ചത്. സി.പി.ആര്‍, അത്തകത്തുല്‍ എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് കൂട്ടുകക്ഷി ഭരണം നടത്തുമെന്ന് അന്നഹ്ദ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. രാജ്യത്ത് പുതിയ ഭരണഘടനക്ക് രൂപംനല്‍കുക, പ്രസിഡന്‍റിനെ നിയമിക്കുക, ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുക എന്നീ ചുമതലകളായിരിക്കും പുതിയ ഭരണകൂടത്തിന് പ്രധാനമായും ചെയ്യാനുണ്ടാവുകയെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍ കാമില്‍ ജിന്ദൂബി പറഞ്ഞു.
അതിനിടെ, ഫലപ്രഖ്യാപനത്തില്‍ തിരിമറി ആരോപിച്ച്  പോപുലര്‍ പെറ്റീഷന്‍ ഫോര്‍ ജസ്റ്റിസ്  ആന്‍ഡ് ഡെവലപ്പ്മെന്‍റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തുനീഷ്യന്‍ വിപ്ളവത്തിന് തുടക്കമിട്ട സീദീ ബൂസിദില്‍ പ്രകടനം നടത്തി.
ഇവിടെയുള്ള അന്നഹ്ദയുടെ കാര്യാലയം ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇലക്ഷന്‍ കമീഷനുമുന്നില്‍ തെറ്റായ കണക്കുകള്‍ നല്‍കിയതിന് പാര്‍ട്ടിയുടെ ആറോളം മത്സരാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യത കല്‍പിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. സീദീ ബൂസിദില്‍ വിജയിച്ച പാര്‍ട്ടി സ്ഥാനാര്‍ഥികളെ പിന്‍വലിക്കാനും പോപുലര്‍ ലിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. പുറത്താക്കപ്പെട്ട തുനീഷ്യന്‍ ഏകാധിപതി ബിന്‍ അലിയെ പിന്തുണക്കുന്ന പാര്‍ട്ടിയാണ് പോപുലര്‍ പെറ്റീഷന്‍ . ലണ്ടനില്‍ വ്യാപാരിയായ ഹാഷ്മി ഹംദിയാണ് പാര്‍ട്ടിയുടെ നേതാവ്.

അന്നഹ്ദയെ പൂര്‍ണവിശ്വാസം -സിബ്സി

അന്നഹ്ദയെ പൂര്‍ണവിശ്വാസം -സിബ്സി
കൈറോ: രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി തെരഞ്ഞെടുക്കപ്പെട്ട അന്നഹ്ദയെ പൂര്‍ണവിശ്വാസമെന്ന് തുനീഷ്യയിലെ  നിലവിലെ പ്രധാനമന്ത്രി  അല്‍ ബാജി ഖാഇദ് അല്‍ സിബ്സി പറഞ്ഞു. ഇസ്ലാമിക പാര്‍ട്ടിയായ അന്നഹ്ദയുടെ മതേതര രാഷ്ട്ര സങ്കല്‍പത്തോടും ജനാധിപത്യത്തോടും  തനിക്ക് പൂര്‍ണ യോജിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൈറോയിലെ അല്‍ അഹ്റാം ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടുള്ള ഒരു സമീപനമായിരിക്കും അന്നഹ്ദയുടേത്. ഒരു ഇരുണ്ട ശക്തിയായി അവര്‍ മാറുമെന്ന് വിചാരിക്കുന്നില്ല. കൂടുതല്‍ തീവ്രമായ നിലപാടുകളിലേക്ക് അവര്‍ കടക്കുമെന്നും കരുതുന്നില്ല. തെരഞ്ഞെടുപ്പിനുശേഷം രാജ്യത്തെ സലഫി വിഭാഗവും ഭരണകൂടവും തമ്മില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാര്യമില്ളെന്നും സിബ്സി പറഞ്ഞു.
 ബിന്‍ അലി മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സിബ്സി കഴിഞ്ഞ മാര്‍ച്ച് മുതല്‍ തുനീഷ്യയിലെ താല്‍ക്കാലിക പ്രധാനമന്ത്രിയായി തുടരുകയാണ്.

These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment