ഈജിപ്ത് ജനത പോളിങ് ബൂത്തില്‍


Published on Mon, 11/28/2011 - 22:21 

ഈജിപ്ത് ജനത പോളിങ് ബൂത്തില്‍
കൈറോ: കൈറോയിലെ തഹ്രീര്‍ സ്ക്വയറിലെ പ്രതിഷേധങ്ങള്‍ക്കിടെ, ഈജിപ്തില്‍ പാര്‍ലമെന്‍റിന്‍െറ അധോസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നു.
കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെ നടന്ന തെരഞ്ഞെടുപ്പില്‍ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണപ്പെട്ടത്. എന്നാല്‍, സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പലയിടങ്ങളിലും വോട്ടിങ് ഏറെ നേരം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ബാലറ്റ് പേപ്പറുകള്‍ എത്താന്‍ വൈകിയതാണ് പോളിങ് തടസ്സപ്പെടാന്‍ കാരണമായത്.
ഈജിപ്തിന്‍െറ അധികാരം സിവിലിയന്‍ സര്‍ക്കാറിന് കൈമാറണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരങ്ങള്‍ ശക്തമായ കൈറോ, അലക്സാന്‍ഡ്രിയ, അസിയൂത് തുടങ്ങിയ മേഖലകളിലാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്.
50ഓളം രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആവേശത്തോടെയാണ് പോളിങ് ബൂത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
‘ മുമ്പ് വോട്ട് ചെയ്തതു കൊണ്ട് കാര്യമില്ലായിരുന്നു. ഞങ്ങള്‍ അടിമത്വത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ഈ വോട്ട് സ്വാതന്ത്ര്യത്തിന്‍േറതാണ്’- കൈറോയിലെ വോട്ടിങ് കേന്ദ്രത്തിലെത്തിയ വനിത ബി.ബി.സിയോട് പറഞ്ഞു.
തിങ്കളാഴ്ചയിലെ വോട്ടെടുപ്പോടെ , രാജ്യത്ത് ജനാധിപത്യ പ്രക്രിയകള്‍ ആരംഭിച്ചതായി പ്രസിഡന്‍റ് സ്ഥാനാര്‍ഥി അമീര്‍ മൂസ പറഞ്ഞു. മേഖലയിലെ പല വോട്ടിങ് കേന്ദ്രങ്ങളും ഈജിപ്ത് സൈനിക തലവന്‍ ഹുസൈന്‍ തന്‍ത്വാവി സന്ദര്‍ശിച്ചു.
തെരഞ്ഞെടുപ്പ്
ഇങ്ങനെ
ഈജിപ്ത് പാര്‍ലമെന്‍റിന്‍െറ അധോ സഭയിലേക്കുള്ള (പീപ്ള്‍ അസംബ്ളി) 498 അംഗങ്ങളെയാണ്  മൂന്ന് ഘട്ടങ്ങളിലൂടെ തെരഞ്ഞെടുക്കുന്നത്. ആദ്യ ഘട്ടത്തില്‍ കൈറോ, അലക്സാന്‍ഡ്രിയ, അസിയൂത് തുടങ്ങിയ മേഖലകളില്‍നിന്നുള്ള 168 അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെടുക. ഇതിന്‍െറ ഫലം ബുധനാഴ്ചയോടെ പുറത്തുവരും. രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 14 ന് നടക്കും. ഗിസ, ബനീ സിയൂഫ്, സൂയസ് തുടങ്ങിയ മേഖലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. ഡിസംബര്‍ 21നാണ് വോട്ടണ്ണല്‍. മൂന്നാം ഘട്ട വോട്ടെടുപ്പ് ജനുവരി മൂന്നിന് സിനാ, ഗര്‍ബിയ തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കും. ഇവിടുത്തെ തെരഞ്ഞെടുപ്പ് ഫലം ജനുവരി 10നാണ് പുറത്തുവരിക. മൂന്ന് ഘട്ടങ്ങളിലായി  488 അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെടുക. ബാക്കി 10 ആളുകളെ സൈനിക തലവനാണ് നിര്‍ദേശിക്കുക. ഈ  അംഗങ്ങളുടെകൂടി നാമനിര്‍ദേശം കഴിഞ്ഞ് ജനുവരി 13നാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍െറ അന്തിമ ഫലം പുറത്തുവിടുക. തുടര്‍ന്ന് ശൂറ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 29 നാണ് നടക്കുക.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment