Published on Fri, 10/21/2011
വാഷിങ്ടണ്‍: അറബ് ലോകത്തെ ഏകാധിപതികള്‍ക്കുള്ള മുന്നറിയിപ്പാണ് ഖദ്ദാഫിയുടെ മരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. മേഖലയിലെ മര്‍ക്കട മുഷ്ടിക്കാരായ നേതാക്കളുടെ ആധിപത്യം അവസാനിക്കാന്‍ സമയമായിരിക്കുന്നു. തന്റെ ഭരണകൂടം ലിബിയക്ക് മേല്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെ വിജയം കൂടിയാണ് വിമതരുടെ മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ സംഭവം ലിബിയയുടെ നീണ്ടകാലത്തെ വേദനാജനകമായ അനുഭവങ്ങളില്‍നിന്നുള്ള മോചനമാണ്. ലിബിയക്കാര്‍ക്ക് പുതിയ ജനാധിപത്യക്രമത്തിന് തുടക്കം കുറിക്കാനുള്ള അവസരംകൂടിയാണിത്. ഈ വിജയത്തെ തന്റെ രാജ്യത്തോടൊപ്പം സ്വാഗതം ചെയ്യുന്നു ഒബാമ വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അസദ് സിവിലിയന്മാര്‍ക്കെതിരെ നടത്തുന്ന സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു. ലിബിയയിലെ നാറ്റോ ദൗത്യം ഉടന്‍ അവസാനിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment