മാധ്യമം

കൈറോവിലെ പ്രക്ഷുബ്ധാവസ്ഥ സര്‍ക്കാര്‍ രൂപവത്കരണത്തിലേക്ക് വഴിമാറുമ്പോള്‍ അമേരിക്ക സങ്കീര്‍ണമായൊരു പരീക്ഷണം അഭിമുഖീകരിക്കേണ്ടിവരും. മൂന്നു ദശകങ്ങളായി അമേരിക്കന്‍ നയരൂപവത്കരണ കര്‍ത്താക്കള്‍ ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ ഒരു ദുഷ്ടകഥാപാത്രമാക്കി മാറ്റിയിരിക്കുകയാണ്. അതുപോലെതന്നെ, ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികളെ അടിച്ചമര്‍ത്തിക്കൊണ്ടിരുന്ന ടുനീഷ്യയിലെ സൈനല്‍ ആബിദീനെയും ഈജിപ്തിലെ ഹുസ്‌നി മുബാറക്കിനെയുംപോലുള്ള നേതാക്കളെ അവര്‍ പിന്തുണച്ചുപോരുകയും ചെയ്തു. സര്‍ക്കാറില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് മുഖ്യ പങ്കുവഹിക്കുന്ന ഈജിപ്ത് എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കേണ്ടിവരുന്ന ഒരവസ്ഥയിലാണ് ഇന്നവര്‍.
ഈജിപ്ഷ്യന്‍ പ്രതിസന്ധിക്കുമേല്‍ ഇറാന്റെ ഭൂതം, താടിനീണ്ട മുഖഭാവത്തോടെയുള്ള ആയത്തുല്ല ഖുമൈനിയുടെ ഇറാന്‍ തൂങ്ങിനില്‍ക്കുകയാണ്. മോഹഭംഗത്തിനിരയായ തെരുവുപ്രക്ഷോഭങ്ങള്‍, അഹ്മദി നെജാദിയുടെ ന്യൂക്ലിയര്‍ മോഹം, ഇസ്രായേല്‍ തിരസ്‌കാരം. എന്നാല്‍, ഇൗ ഇറാനുമായല്ല '79-80 കാലത്തെ ഇറാനുമായാണ് ഈജിപ്തിനെ താരതമ്യപ്പെടുത്തേണ്ടത്. കൈറോവില്‍ ഇപ്പോള്‍ നടക്കുന്നതുപോലുള്ള തെരുവ് പ്രക്ഷോഭങ്ങളിലൂടെ ഒരു ഏകാധിപതിയെ അട്ടിമറിച്ച് പകരം ഒരു വിപ്ലവ ഗവണ്‍മെന്റിനെ പ്രതിഷ്ഠിച്ച ഇറാന്‍. കാര്‍ട്ടര്‍ ഭരണകൂടം അവശനായ ഷാക്കും കുടുംബത്തിനും ഇവിടെ അഭയംനല്‍കിയ ആ കാലം.
ബറാക് ഒബാമ മുബാറക്കിനും കുടുംബത്തിനും അഭയംനല്‍കണമെന്ന് ഇന്ന് ആരും നിര്‍ദേശിക്കുന്നില്ല. സ്ഥാനഭ്രഷ്ടനാക്കപ്പെടുന്ന പ്രസിഡന്റു കൂടെ തട്ടിയെടുക്കാനിടയുണ്ടെന്ന് കരുതുന്ന സ്വത്തുവകകള്‍ തിരിച്ചുപിടിക്കുന്നതില്‍നിന്ന് പുതിയ ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിനെ തടയണമെന്നുപോലും ആരും ആവശ്യപ്പെടുന്നില്ല. എന്നാല്‍, അഭയം വാഗ്ദാനം ചെയ്ത് മുബാറക്കിനെയെങ്ങാനും ക്ഷണിച്ചിരുന്നെങ്കില്‍ അത് സൃഷ്ടിക്കുന്ന ജനരോഷത്തെക്കുറിച്ച് ഒന്ന് സങ്കല്‍പിച്ച് നോക്കുക. ഈജിപ്ഷ്യന്‍ ജനതയുടെ അഭിലാഷങ്ങള്‍ക്കെതിരല്ല യു.എസ്. എന്നാല്‍, ഒരു കാല്‍വെപ്പ് പിഴച്ചാല്‍ മതി ഈ കാഴ്ച രായ്ക്കുരാമാനം പിന്നോട്ടടിക്കും.
മൂന്നു ദശകങ്ങളായി മുബാറക്കിന് യു.എസ് പിന്തുണയുണ്ട്; ചിലപ്പോഴൊക്കെ മുബാറക്കിന്റെ കൊടുംഭരണത്തില്‍ നീരസം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ എന്താണ് അമേരിക്കയുടെ നിലപാട് എന്നറിയാന്‍ ആഗ്രഹിക്കുകയാണ് ഈജിപ്ഷ്യന്‍ ജനത. ഇപ്പോഴും ഗവണ്‍മെന്റിന്റെ പ്രഖ്യാപനങ്ങള്‍ യഥാസമയം പുറത്തുവരാതെ വൈകുകയാണ്. വരാനിരിക്കുന്ന സംഭവങ്ങളുടെ പിന്നാലെ പമ്മിനടക്കുകയാണ് ഗവണ്‍മെന്റ്. ഈജിപ്ഷ്യന്‍ ജനത മുബാറക് സ്ഥാനമൊഴിയണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ലോകം മുഴുവന്‍ മനസ്സിലാക്കുമ്പോഴും മുബാറക്കിനെ അതിന് പ്രേരിപ്പിക്കാന്‍ വൈറ്റ് ഹൗസ് തയാറായിട്ടില്ല.
മധ്യപൗരസ്ത്യദേശത്തെ അമേരിക്കന്‍ നയങ്ങള്‍ക്ക് നല്‍കിയ പിന്തുണയോടുള്ള കടപ്പാടിന്റെ പ്രതിഫലനമാണ് മുബാറക്കാനന്തര ഈജിപ്തിനെ സ്വാഗതം ചെയ്യുന്നതില്‍നിന്ന് വാഷിങ്ടണിനെ തടയുന്നത്; അതിനെക്കാളുപരി പുതിയ ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ ഹുഡ് മുന്‍നിര ശക്തിയായി ഉയര്‍ന്നുവരുമെന്ന ഒരു ഭീതി യു.എസിന്റെ മനസ്സിനെ അലട്ടുന്നുണ്ട്. ഷായുടെ പതനം തടയാനും ഷായുടെ സ്വേച്ഛാധിപത്യത്തിന്റെ ഉത്തരവാദിത്തം അയാളില്‍ ചുമത്തണമെന്ന ജനകീയാവശ്യത്തെ നിരാകരിക്കാനുമെടുത്ത അമേരിക്കന്‍ തീരുമാനമാണ് കൃത്യമായും ഇറാനിയന്‍ ബന്ദി പ്രതിസന്ധി രൂക്ഷമാക്കുന്നതിലേക്ക് നയിച്ചതെന്ന് ഇവിടെ ഓര്‍ക്കണം.
444 ദിവസങ്ങളോളം അമേരിക്കന്‍ നയതന്ത്രജ്ഞര്‍ തടവിലായിരുന്നില്ലെങ്കില്‍ ഇറാന്‍ -അമേരിക്കന്‍ ബന്ധങ്ങള്‍ എങ്ങനെ വികസിക്കുമെന്നറിയാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. അമേരിക്കന്‍ നയത്തിനേറ്റ നാടകീയമായ ആ കനത്ത തിരിച്ചടിയാണ് ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ അമേരിക്ക രാക്ഷസവത്കരിക്കാനുണ്ടായ മര്‍മപ്രധാനമായ കാരണമെന്നത് വ്യക്തം; മറിച്ചും അതെ. ആദ്യം രഹസ്യമായും പിന്നീട് പരസ്യമായും സദ്ദാം ഹുസൈന്റെ ഇറാന്‍ അധിനിവേശത്തെ അമേരിക്ക പിന്തുണക്കാന്‍ അത് വഴിവെച്ചു.
സമാനമായ ഒരു സ്ഥിതിവിശേഷമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. അതിനാല്‍, മുബാറക്കാനന്തര ഈജിപ്ത് സര്‍ക്കാറില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് പങ്കാളിയായിരിക്കുമെന്നത് ഒബാമ ഭരണകൂടം മനസ്സുതുറന്ന് കാണണം. ഈജിപ്ഷ്യന്‍ ഏകാധിപത്യത്തിനെതിരെയുള്ള ആദ്യകാല പ്രതിപക്ഷമെന്ന നിലയില്‍ ദീര്‍ഘപാരമ്പര്യം അവകാശപ്പെടുന്ന സംഘടനയാണ് ബ്രദര്‍ഹുഡ്. ഈജിപ്ഷ്യന്‍ സമൂഹത്തിന്റെ അടിത്തട്ടുമുതല്‍ മേല്‍ത്തട്ടുവരെ അതിലെ അംഗങ്ങള്‍ക്ക് വേരുകളുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഒരു കേന്ദ്ര റോള്‍ വഹിക്കാതെതന്നെ അനിശ്ചിതത്വവും പുതിയ അടിച്ചമര്‍ത്തലും ഭാവി സംഘര്‍ഷവും നീട്ടിക്കൊണ്ടുപോകാനുള്ള അരങ്ങൊരുക്കാന്‍ സാധിക്കും.
ഇറാനില്‍ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ ശക്തികളെക്കുറിച്ചുള്ള അജ്ഞത സെക്കുലര്‍ നേതൃത്വത്തെക്കുറിച്ച് അമിതമായ കണക്കുകൂട്ടലിലേക്കും മതനേതൃത്വത്തിന്റെ ഉയിര്‍പ്പിനോട് ആവശ്യത്തിലേറെയുള്ള പ്രതികരണത്തിലേക്കും അമേരിക്കയെ നയിച്ചു. ഈജിപ്തില്‍, നേരാംവണ്ണം സംഘടിതമല്ലാത്തതും അനുഭവപരിചയം കുറഞ്ഞതുമായ സെക്കുലര്‍ പ്രതിപക്ഷത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പിലേക്കുള്ള  മുഖ്യ ബദല്‍ പ്രതീക്ഷയായി ഉയര്‍ത്താനാണ് ശ്രമം. എന്നാല്‍, സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബ്രദര്‍ഹുഡിനത് നിയമാനുസാരിത പ്രദാനംചെയ്യുമെന്നത് തീര്‍ച്ചയാണ്. പാര്‍ലമെന്റ് സീറ്റുകളില്‍ ഉറച്ചൊരു ബ്ലോക്കായി ഇരിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കുകയും ചെയ്യും.
കാര്‍ട്ടര്‍ കാലഘട്ടത്തില്‍ ഖുമൈനിയെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ശക്തികളെയും സംബന്ധിച്ച് തീര്‍ത്തും അജ്ഞരായിരുന്നു നയരൂപവത്കരണകര്‍ത്താക്കള്‍. രാഷ്ട്രീയ വിശകലന വിദഗ്ധര്‍ക്ക് മുസ്‌ലിം ബ്രദര്‍ഹുഡിനെക്കുറിച്ച് ഇന്ന് ധാരാളമറിയാം. അല്‍ഖാഇദക്ക് കയറിയിരിക്കാനുള്ള കുതിരയല്ല അതെന്ന് അവര്‍ക്കറിയാം. ഒരു ഇസ്‌ലാമിക് റിപ്പബ്ലിക്കിനെക്കാളുപരി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രമാണ് അവരുടെ ആവശ്യമെന്നുമറിയാം. എങ്കിലും ബ്രദര്‍ഹുഡ് സമ്മര്‍ദത്തിന് വിധേയമാകുന്ന ഒരു ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് ഇസ്രായേലുമായുള്ള ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിന്റെ ദീര്‍ഘകാല സഹകരണത്തിന് തിരിച്ചടിയായിരിക്കുമെന്ന ഭയം നിലനില്‍ക്കുന്നുണ്ട്.
അയഥാര്‍ഥമല്ല ഈ ഭയം. എന്നാല്‍, ഇസ്രായേലുമായുള്ള ഊഷ്മള ബന്ധങ്ങളുടെയും ഫലസ്തീന്‍ സായുധ പോരാട്ടത്തോടുള്ള എതിര്‍പ്പിന്റെയും നിശ്ചയങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ ഈജിപ്ഷ്യന്‍ സര്‍ക്കാറില്‍ ഒരു രഹസ്യധാരണ അടിച്ചേല്‍പിക്കാന്‍ യു.എസിന് സാധിക്കുകയില്ല.
ഇസ്രായേലും യു.എസും എന്നും സുഹൃത്തുക്കളായിരിക്കും. എന്നാല്‍, ഈജിപ്തിന്റെ സൗഹൃദം നഷ്ടപ്പെടുകയാണെങ്കില്‍ മധ്യ പൗരസ്ത്യദേശത്ത് അരനൂറ്റാണ്ടു നീണ്ടുനിന്ന അമേരിക്കന്‍ നയത്തിന്റെ തകര്‍ച്ചക്ക് അത് നാന്ദി കുറിക്കും.
എന്തുതന്നെയായാലും കാര്യങ്ങള്‍ താറുമാറായേക്കും. അറബ്‌ലോകം ദശകങ്ങളായി ഒരു വന്‍ അഴിച്ചുപണിയലിന് ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
പക്ഷേ, ഭാവി അനിശ്ചിതത്വത്തെക്കുറിച്ചുള്ള ആശങ്കകള്‍ ജീര്‍ണമായ തല്‍സ്ഥിതി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് അടിസ്ഥാനമായിക്കൂടാ. സ്ഥാനമൊഴിയുന്നതിന് മുബാറക്കിനെ സഹായിക്കുന്നതിനും  ഒരു ജനാധിപത്യ സിവില്‍ ഭരണകൂടം നിലവില്‍ വരുന്നതിനനുവദിക്കാന്‍ ഈജിപ്ഷ്യന്‍ ജനറല്‍മാരെ പ്രേരിപ്പിക്കുന്നതിനും മുസ്‌ലിം ബ്രദര്‍ഹുഡിനെ സംബന്ധിച്ച നമ്മുടെ ആശങ്കകള്‍ മാറ്റിവെക്കുന്നതിനും സമയമായിരിക്കുന്നു.
അമേരിക്കന്‍ സൈദ്ധാന്തിക മുന്‍ഗണനകളും പൊതുവായിട്ടുള്ള ഇസ്‌ലാമോഫോബിയയും എന്തുതന്നെയാകട്ടെ, ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാധിപത്യത്തിലേക്കുള്ള അറബ്‌ലോകത്തിന്റെ മാറ്റത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന നിര്‍ണായക ഘട്ടത്തിലാണ്.
ഒരു ബഹുസ്വര തെരഞ്ഞെടുപ്പുവ്യവസ്ഥയില്‍ തങ്ങള്‍ എങ്ങനെ മത്സരിക്കുമെന്നും സാധ്യമായാല്‍ എങ്ങനെ ഭരിക്കുമെന്നും കാണിച്ചുതരുന്നതിന് അവര്‍ ഒരു അവസരം അര്‍ഹിക്കുന്നുണ്ട്. ഒബാമ ഇത് വ്യക്തമാക്കേണ്ടിയിരിക്കുന്നു.
 (കടപ്പാട്: ഗാര്‍ഡിയന്‍, ലണ്ടന്‍)
വിവ: വി.എ. കബീര്‍

These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment