നൈനാന്‍ കോശി

അറബ്‌ലോകത്ത് ഇന്ന് നടക്കുന്ന ഇന്‍തിഫാദയുടെ പ്രത്യാഘാതങ്ങള്‍ ആ രാഷ്ട്രങ്ങളില്‍ ഒതുങ്ങിനില്‍ക്കുകയില്ല. പശ്ചിമേഷ്യയില്‍ മുഴുവന്‍ അവ മാറ്റങ്ങള്‍ക്ക് കാരണമാകും. അറബ് രാഷ്ട്രതലസ്ഥാനങ്ങളില്‍ മാത്രമല്ല അങ്കലാപ്പ്. ഒരുപക്ഷേ, അവയില്‍ മിക്കവയിലെയുംകാള്‍ അങ്കലാപ്പ് വാഷിങ്ടണിലും തെല്‍അവീവിലുമാണ്.
അതീവ പ്രാധാന്യമുള്ള എന്തോ ഒന്ന് പശ്ചിമേഷ്യയില്‍ സംഭവിക്കുന്നുവെന്ന് ലോകം തിരിച്ചറിയുന്നു. അറബ് സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ തകരുന്ന അടിത്തറകള്‍, മാറ്റം സാധ്യമാണെന്ന് വിശ്വസിക്കുന്ന ഒരു തലമുറ, അസാധാരണമായ സമരോര്‍ജവും ജനകീയ ഇച്ഛാശക്തിയും -ഇത്ര വ്യാപകമായി ഇത്തരം ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടില്ല. ജനകീയ സമരങ്ങളെ അതിജീവിച്ച് ഇവയില്‍ ചില ഭരണകൂടങ്ങള്‍ കുറെനാള്‍കൂടെ നിലവിലിരുന്നേക്കാം. പക്ഷേ, നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങളോട് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത പ്രതിഷേധം അവഗണിക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയുകയില്ല.
ഓരോ അറബ് രാഷ്ട്രവും വിഭിന്നമാണ്. ഓരോന്നിനും വേറിട്ട രാഷ്ട്രീയ ചരിത്രവും സംവിധാനവും സംസ്‌കാരവുമുണ്ട്. അതുകൊണ്ടുതന്നെ, ജനകീയ സമരത്തിന്റെ ഫലങ്ങള്‍ എല്ലായിടത്തും ഒരുപോലെയായിരിക്കുകയില്ല.
സ്വേച്ഛാധിപതികള്‍ പഴയകാല ചരിത്രത്തില്‍നിന്നുമാത്രമല്ല, പരസ്‌പരവും പഠിക്കുന്നുവെന്ന് നാം മനസ്സിലാക്കണം. ടുനീഷ്യയിലെ ഭരണാധികാരി ബിന്‍ അലി നാടുവിട്ട ഉടന്‍ അറബ് ഉച്ചകോടി ചേര്‍ന്നു. ബിന്‍ അലിയുടെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തീരുമാനമെടുത്തു. 'റെഡ് അലര്‍ട്ട്' നല്‍കി. സാമ്പത്തിക കാര്യങ്ങളില്‍ സൗജന്യങ്ങള്‍, വിലക്കയറ്റ നിയന്ത്രണം, സബ്‌സിഡികളുടെ വര്‍ധന-ഇവയെല്ലാമായിരുന്നു നിര്‍ദേശങ്ങള്‍. അതേസമയം, ജനങ്ങളെ അടിച്ചമര്‍ത്താനുള്ള സജ്ജീകരണങ്ങള്‍ ശക്തമാക്കാനും ഉച്ചകോടി തീരുമാനിച്ചു. അവര്‍ പഠിച്ച പാഠം ഭരണത്തെ ജനാധിപത്യകരമാക്കുകയെന്നല്ല, മര്‍ദനോപകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയെന്നാണ്.
ഈ അറബ് ഇന്‍തിഫാദക്ക് സവിശേഷതകള്‍ പലതുണ്ട്. മാറ്റത്തിന് എന്തുവിലകൊടുക്കാനും തയാറാണെന്ന് ജനങ്ങള്‍ തെളിയിച്ചു. രാഷ്ട്രീയ കക്ഷികളില്‍നിന്ന് വ്യക്തമായ നേതൃത്വമില്ലാതിരുന്നിട്ടും, ഇസ്‌ലാമിക ശക്തികള്‍ സജീവമായി പങ്കെടുക്കാതെതന്നെ ജനങ്ങളുടെ ശക്തിക്ക് വിജയിക്കാമെന്ന് തെളിയിച്ചു. ഇതുവരെയില്ലാതിരുന്ന രാഷ്ട്രീയ സാധ്യതകള്‍ക്ക് വഴിതുറക്കാന്‍ -പുതിയ രാഷ്ടീയ സംവിധാനങ്ങളെപ്പറ്റി വ്യക്തമായ രൂപമില്ലാതിരുന്നിട്ടും -ഈ ജനകീയ സമരങ്ങള്‍ക്ക് ഇതിനകം കഴിഞ്ഞു. അറബ് രാഷ്ട്രങ്ങളുടെ അടിസ്ഥാന ബലഹീനതകള്‍ ഈ സമരങ്ങള്‍ പുറത്തുകാട്ടി: ജനങ്ങളുടെ ആവശ്യങ്ങള്‍ അനുവദിക്കുന്നതിലുള്ള വന്‍ പരാജയം, തൊഴിലില്ലായ്മ, കടിഞ്ഞാണില്ലാത്ത പണപ്പെരുപ്പം, വര്‍ധമാനമായ സാമ്പത്തിക അസമത്വം, വ്യവസ്ഥാപിത രാഷ്ട്രീയ സ്ഥാപനങ്ങളുടെ ഏതാണ്ട് പൂര്‍ണമായ അഭാവം. ഔപചാരിക രാഷ്ട്രീയ സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ പ്രതിരോധങ്ങള്‍ അവക്ക് പുറത്തോ അവക്കെതിരോ ആണ്. ഇവക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമായും രാഷ്ട്രീയ വ്യതിയാനങ്ങള്‍ ആവശ്യപ്പെടുന്ന ഒരു യുവതലമുറയാണ്. മുതിര്‍ന്നവരും നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ പിന്നില്‍ അണിനിരക്കുന്നതിന്റെ ചിത്രമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെയാണ് മാറ്റങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയേറുന്നത്.
സ്വേച്ഛാധിപത്യത്തിനും ജനാധിപത്യത്തിനുമിടക്ക് മധ്യമാര്‍ഗമില്ലെന്ന ശക്തമായ സന്ദേശമാണ് ഈ പ്രക്ഷോഭങ്ങള്‍. ഇപ്പോഴത്തെ ഭരണാധികാരികള്‍ പരിഷ്‌കാരങ്ങളുണ്ടാക്കി ജനാധിപത്യം സ്ഥാപിക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല. പുതിയ തലമുറ രാഷ്ട്രീയ വ്യതിയാനത്തിന് ആധാരമാക്കുന്നത് മതവും പ്രത്യയശാസ്ത്രവുമല്ല, ജനാധിപത്യമാണ്. അറബ് ലോകത്തെപ്പറ്റിയുള്ള ചില ധാരണകള്‍ -മുഖ്യമായും സാമ്രാജ്യത്വം പ്രചരിപ്പിച്ചത്-തെറ്റാണെന്ന് സ്ഥാപിക്കാന്‍ ഈ സമരങ്ങള്‍ക്ക് കഴിയുന്നു. ഭീകരവാദവും മതതീവ്രവാദവുമല്ല, അറബ് ജനതയുടെ ബഹുഭൂരിപക്ഷത്തിന്റെയും രാഷ്ട്രീയത്തിന്റെ അടിസ്ഥാനം.
ടുനീഷ്യ, ഈജിപ്ത്, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ സമരങ്ങള്‍ സൃഷ്ടിച്ച പുതിയ സ്ഥിതിവിശേഷങ്ങളുടെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. ചില സവിശേഷതകള്‍ ചൂണ്ടിക്കാണിക്കുന്നു.
ടുനീഷ്യന്‍ കഥയുടെ അന്ത്യം ഇനിയും എഴുതപ്പെട്ടിട്ടില്ല. മുല്ലപ്പൂവിപ്ലവം മൗലികമായ വ്യതിയാനം ഉണ്ടാക്കുമോ അതോ ഇനിയുമുണ്ടാകുന്നത് നിലവിലുള്ള വ്യവസ്ഥിതിയുടെ മിനുക്കിയ മുഖമാണോ സ്വേച്ഛാധിപത്യത്തിന്റെ പുതിയ ഒരു രൂപമാണോയെന്നൊന്നും വ്യക്തമല്ല. പക്ഷേ, ജനാധിപത്യവിരുദ്ധമായ ഒരു ഭരണകൂടത്തിന് ഇനിയും സ്ഥാനമില്ലായെന്ന ശക്തിയായ സന്ദേശം ടുനീഷ്യന്‍ ജനത നല്‍കിക്കഴിഞ്ഞു.
അറബ്‌ലോകത്തിലെ പ്രതിസന്ധിയെ നേരിടാന്‍ പാശ്ചാത്യശക്തികള്‍ നല്‍കുന്ന ഉപദേശങ്ങളിലൊന്ന് സാമ്പത്തിക പരിഷ്‌കാരമാണ്; എന്നുപറഞ്ഞാല്‍, ഐ.എം.എഫും ലോക ബാങ്കുമൊക്കെ പറയുന്നതുപോലെയുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക.
അത്തരം പരിഷ്‌കാരങ്ങള്‍ പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കാനേ സഹായിക്കൂവെന്നതിന് ടുനീഷ്യതന്നെയാണ് നല്ല ഉദാഹരണം.
ജനകീയ പ്രക്ഷോഭം ഗവണ്‍മെന്റിനെ മറിച്ചിടുന്നതുവരെ ടുനീഷ്യ അറബ്‌ലോകത്തിലെ സാമ്പത്തിക വികസനത്തിന്റെ 'പോസ്റ്റര്‍ ബോയി'യും വിദേശ നിക്ഷേപകര്‍ക്ക് പ്രിയങ്കരമായ രാഷ്ട്രവുമായിരുന്നു. വിദ്യാസമ്പന്നമായ വലിയൊരു മധ്യവര്‍ഗത്തെ സൃഷ്ടിച്ച സാമ്പത്തിക നയങ്ങളും കയറ്റുമതിക്ക് ഊന്നല്‍ നല്‍കിയ സമ്പദ്ക്രമവും ടുനീഷ്യയെ അറബ്‌ലോകത്തില്‍ സവിശേഷമാക്കിയിരുന്നു. പക്ഷേ, സാമ്പത്തിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ മുതലെടുത്തത് ഭരണാധികാരികള്‍തന്നെയായിരുന്നു. അറബ്‌ലോകത്തിലെ ഏറ്റവും നല്ല വളര്‍ച്ച നിരക്ക് ടുനീഷ്യയിലായിരുന്നു. പക്ഷേ, ആഗോളീകരണം നിര്‍ദേശിക്കുന്ന നീതിപൂര്‍വകമായ വിതരണമില്ലാത്ത വളര്‍ച്ചയായിരുന്നു അത്. യുവജനങ്ങളുടെ ഇടയില്‍ തൊഴിലില്ലായ്മ മുപ്പത് ശതമാനത്തില്‍ അധികമായി. ഇതുതന്നെയാണ് അക്ഷരാര്‍ഥത്തില്‍ ടുനീഷ്യയിലെ സമരത്തിന് തിരികൊളുത്തിയത്.
സാര്‍വദേശീയ സംസ്ഥിതി പരിഗണിക്കുമ്പോള്‍, അമേരിക്കയുടെ സുപ്രധാന തന്ത്രപ്രശ്‌നങ്ങള്‍ക്ക് -ഇസ്രായേല്‍, ഇറാന്‍, ഇറാഖ്, എണ്ണ- ടുനീഷ്യ പ്രായേണ അപ്രധാനമാണെങ്കില്‍ ഈജിപ്തും ജോര്‍ഡനുമൊക്കെയങ്ങനെയല്ല. അമേരിക്കയുടെ നേതൃത്വത്തിലുള്ള പശ്ചിമേഷ്യന്‍ ക്രമത്തിന്റെ അടിത്തറയാണ് ഈ ഭരണകൂടങ്ങള്‍.
മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തവിധത്തില്‍ ശക്തമാണ് ഈജിപ്തിലെ ജനകീയ സമരം. ജനങ്ങള്‍ മുബാറക്കിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കുന്നതിന്റെ ചിത്രമാണ് നാം കാണുന്നത്. ഒരു പുതിയതരം ദേശീയതയുടെ ഉജ്ജ്വല പ്രകടനമാണ് ഇന്ന് ഈജിപ്തില്‍.
ഇസ്‌ലാമിക ശക്തികളല്ല സമരത്തിന്റെ മുന്‍പന്തിയില്‍. സമരത്തിന്റെ ഒരു ഘട്ടത്തില്‍ അവര്‍ സ്വാധീനം ഉറപ്പാക്കുകയില്ലെന്ന് പറയാന്‍ നിവൃത്തിയില്ല. ഈ സമരത്തിന്റെ നേതൃത്വം ആര്‍ക്കാണ്, കൂടിയാലോചനകള്‍ നടത്താനും ഒരു ഇടക്കാല സര്‍ക്കാറുണ്ടാക്കാനും ആര്‍ക്കാണ് കഴിയുക എന്ന ചോദ്യങ്ങള്‍ക്ക് കുറെയേറെ തൃപ്തികരമായ ഉത്തരമാണ് സമരത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മുന്‍തലവന്‍ അല്‍ബറാദിയുടെ പങ്ക്. ''മുബാറക്കിന്റെ സമയം കഴിഞ്ഞുവെന്ന് പറയുന്ന അവസാനത്തെ ആളാണെന്ന ധാരണ മാറ്റണമെന്ന്'' പ്രസിഡന്റ് ഒബാമയോട് അല്‍ബറാദി ആവശ്യപ്പെട്ടു.
അധികാരം കൈയൊഴിയാന്‍ മുബാറക് തയാറല്ല. പക്ഷേ, മുബാറക് പുറത്തുപോകാതെ സമരം അവസാനിക്കുകയുമില്ല. അറബ്‌ലോകത്തിലും പുറത്തും ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകാവുന്ന വ്യതിയാനങ്ങളാണ് ഈജിപ്തിലുണ്ടാകാന്‍ പോകുന്നത്.
അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയത്തിലെ നിര്‍ണായക രാഷ്ട്രമായ ഈജിപ്തിലേക്ക് വീണ്ടും വരുന്നതിന് മുമ്പ് യമനെപ്പറ്റി ചില പരാമര്‍ശങ്ങള്‍. ഈജിപ്തിലേതില്‍നിന്ന് വിഭിന്നമായ യമനിലെ സമാധാനപരമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് യുവജനങ്ങളായിരുന്നില്ല. മുഖ്യമായും ഇസ്‌ലാമികവാദികള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത പ്രതിപക്ഷമാണ്. സലേ ഗവണ്‍മെന്റിനെ പുറത്താക്കണമോ അതോ പരിഷ്‌കാരങ്ങള്‍ക്ക് സമ്മര്‍ദം ചെലുത്തുകയാണോ വേണ്ടതെന്നതില്‍ പ്രതിപക്ഷം രണ്ടുതട്ടിലാണ്.
യമന് ഗുരുതരമായ ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്. ഉത്തരഭാഗത്ത് കലാപമാണെങ്കില്‍, ഒരുകാലത്ത് മാര്‍ക്‌സിസ്റ്റ് നേതൃത്വത്തില്‍ സ്വതന്ത്രമായിരുന്ന ദക്ഷിണഭാഗത്ത് വിഘടനത്തിനുള്ള സമരമാണ്. അല്‍ഖാഇദയുടെ സുരക്ഷമായ ഒളിത്താവളങ്ങള്‍ യമനിലാണ്. ഇതാണ് യമനെ സംബന്ധിച്ചിടത്തോളം അമേരിക്കയുടെ വലിയ പ്രശ്‌നം.
അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയങ്ങളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഈജിപ്തിലെ സംഭവവികാസങ്ങള്‍. ഈജിപ്തിലെ സമരത്തെപ്പറ്റി പ്രസിഡന്റ് ഒബാമയും സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ഹിലരി ക്ലിന്റണും പലതവണ പ്രതികരിച്ചു. മുബാറക്കിനോട് ജനകീയ പ്രക്ഷോഭങ്ങള്‍ കണക്കിലെടുത്ത് രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പരിഷ്‌കാരങ്ങള്‍ നടക്കാന്‍ മുബാറക്കിനോട് ആവശ്യപ്പെടുന്നതിന് എന്താണ് അര്‍ഥം? മുബാറക്കിന്റെ കീഴില്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളെല്ലാം ക്രമവിരുദ്ധവും നീതിവിരുദ്ധവുമായിരുന്നു. അവയെ ഒരിക്കലും വിമര്‍ശിച്ചിട്ടില്ലാത്ത അമേരിക്ക ഈജിപ്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്നതിന് വിശ്വാസ്യതയൊന്നുമില്ല.
മുബാറക് പുറത്തായാല്‍ അധികാരത്തില്‍ വരുന്നവര്‍ അമേരിക്കന്‍ വിരുദ്ധത കാട്ടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയാണ് അമേരിക്ക. സര്‍ക്കാറില്‍ ചില മിനുക്കുപണികള്‍ മുബാറക് നടത്തി. പ്രധാനമന്ത്രിയെ മാറ്റി. ഒരു വൈസ് പ്രസിഡന്റിനെ നിയമിച്ചു. ഇവയെ മിനുക്കുപണികള്‍ മാത്രമായി കണ്ട് ജനങ്ങള്‍ അവഗണിക്കുകയാണുണ്ടായത്.
അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയാണ് അറബ് ഇന്‍തിഫാദ വെല്ലുവിളിച്ചിരിക്കുന്നത്. അമേരിക്കക്ക് വേണ്ടത് ഈജിപ്ത് ഉള്‍പ്പെടെയുള്ള ഭരണകൂടങ്ങളുടെ സ്ഥിരതയാണ്. വ്യവസ്ഥിതിയിലുള്ള മാറ്റമല്ല. ഈ സ്ഥിരതക്ക് കൊടുക്കേണ്ട വില അറബ് ജനതയുടെ സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളുമാണ്. ഈ ഗവണ്‍മെന്റുകളെ എതിര്‍ക്കുന്നവരെല്ലാം ഇസ്‌ലാമിക തീവ്രവാദികളാണെന്നായിരുന്നു അമേരിക്കയുടെ പ്രചാരണം. അത് വിലപ്പോകുകയില്ലെന്ന് വ്യക്തമായി.
സ്വേച്ഛാധിപത്യപരമായ അറബ് ഭരണകൂടങ്ങള്‍ തകരുമെന്ന് അമേരിക്കന്‍ നയനിര്‍മാതാക്കള്‍ക്ക് അറിയാമായിരുന്നു. പക്ഷേ, ഇത്രവേഗം ലോകത്തിന്റെ മുഴുവന്‍തന്നെ, തീര്‍ച്ചയായും പശ്ചിമേഷ്യയുടെ ഭാഗധേയ നിര്‍ണയം തങ്ങളുടെ കരങ്ങളിലാണെന്ന് ഉറപ്പിച്ചിരുന്ന ഒരു സന്ദര്‍ഭത്തില്‍ അതുണ്ടാകുമെന്ന് അമേരിക്ക പ്രതീക്ഷിച്ചിരുന്നില്ല. പരാജയപ്പെട്ട ഒരു സമാധാന പ്രക്രിയ, ഇറാഖ്, ഇറാന്‍ തുടങ്ങിയ സുപ്രധാന കാര്യങ്ങളില്‍ ശ്രദ്ധചെലുത്തിയിരുന്ന അമേരിക്കക്ക് പുതിയ സ്ഥിതിവിശേഷത്തോട് ബലഹീനമായി പ്രതികരിക്കാനല്ലാതെ സ്വാധീനിക്കാന്‍ കഴിയാത്ത ഗതികേടാണുണ്ടായിരിക്കുന്നത്.
അറബ് രാജ്യങ്ങളുമായുള്ള അമേരിക്കന്‍ബന്ധം നിര്‍വചിക്കുന്നത്, അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കനുസൃതമായി അവ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ സ്ഥാപനപരമായ അറിവും സമ്പര്‍ക്കവുമെല്ലാം അധികാരത്തിലിരിക്കുന്ന ഭരണകൂടങ്ങളില്‍ കേന്ദ്രീകരിച്ചാണ്. അറബ് ജനതയുമായി സമ്പര്‍ക്കമോ അവരുടെ അഭിവാഞ്ഛകളെപ്പറ്റി അറിവോ ഇല്ല. ഈ ഭരണകൂടങ്ങളുമായി അമേരിക്കയുടെ പ്രതിരോധ വകുപ്പിനും സൈന്യത്തിനും സി.ഐ.എക്കും വ്യാപകവും സുശക്തവുമായ സുരക്ഷാബന്ധങ്ങളാണ് ഉള്ളത്. ഉദാഹരണമായി അമേരിക്ക ഈജിപ്തിന് നല്‍കുന്ന സാമ്പത്തിക സഹായത്തിന്റെ ആറിരട്ടിയിലധികമാണ് -1.3 ബില്യന്‍ ഡോളര്‍ പ്രതിവര്‍ഷം -സൈനിക സഹായം സൗദി അറേബ്യ, ഒമാന്‍, ഈജിപ്ത്, ജോര്‍ഡാന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ സുരക്ഷാസേനകളെ പരിശീലിപ്പിക്കുകയും ആയുധങ്ങള്‍ നല്‍കുകയുമെന്നതാണ് അമേരിക്കയുടെ നയം. അങ്ങനെ ആ രാജ്യങ്ങളുടെ സ്ഥിരത ഉറപ്പാക്കാമെന്ന ധാരണയാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്.
അടുത്തകാലങ്ങളില്‍ അറബ്‌ലോകത്ത് അമേരിക്ക പ്രോത്സാഹിപ്പിച്ചത് ഒരു നവ ലിബറല്‍ മുതലാളിത്ത സാമ്പത്തിക മാതൃകയായിരുന്നു. ആഗോളീകരണത്തിനായി ഐ.എം.എഫ് നല്‍കിയ നിര്‍ദേശങ്ങള്‍ -ഉത്തരവുകള്‍ എന്നുപറയുന്നതായിരിക്കും ശരി -ഈ ഭരണകൂടങ്ങളൊക്കെ അംഗീകരിച്ചു. ഇറാഖ് മാത്രമാണ് ഐ.എം.എഫ് വാഴ്ചയെ അംഗീകരിക്കാതിരുന്നത്. യുദ്ധത്തിലും അധിനിവേശത്തിലും കൂടെ ഐ.എം.എഫിന് കഴിയാതിരുന്ന സമ്പദ്ക്രമമാറ്റം അമേരിക്ക നടത്തി. പക്ഷേ, ഈ ഐ.എം.എഫ് മോഡല്‍ തകര്‍ന്നതിന്റെ കഥയാണ് ടുനീഷ്യയുടേതെന്ന് നാം കണ്ടു.
ഈജിപ്തിന്റെ സ്ഥിരതയില്‍ തന്ത്രപര ലക്ഷ്യങ്ങള്‍ പലതുണ്ട്. അമേരിക്കയെ സംബന്ധിച്ചിടത്തോളം പശ്ചിമേഷ്യയില്‍ ഏറ്റവും നിര്‍ണായകമായ രാഷ്ട്രം ഈജിപ്താണ്. ഇതിന് തന്ത്രപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍ പലതാണ്. സൂയസ്‌കനാല്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. അവിടെകൂടെയുള്ള കപ്പല്‍ഗതാഗതത്തെയോ അമേരിക്കയുടെ അഞ്ചാം നാവികപ്പടയുടെ  പ്രവര്‍ത്തനത്തെയോ പ്രതികൂലമായി ബാധിക്കുന്ന ഒരു ഈജിപ്ഷ്യന്‍ ഭരണകൂടം അമേരിക്കയുടെ പേടിസ്വപ്‌നമാണ്. ഗള്‍ഫ് പ്രദേശത്തുനിന്ന് എണ്ണ സുഗമമായി സഖ്യകക്ഷികളുടെ രാഷ്ട്രങ്ങളില്‍ എത്തിക്കുകയും എണ്ണപ്രദേശങ്ങളുടെമേല്‍ ആധിപത്യം പുലര്‍ത്തുകയുമാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായാണ് അമേരിക്കയുടെ സൈനിക താവളങ്ങളും സൈനിക നടപടികളും.
പശ്ചിമേഷ്യയുടെ എണ്ണസമ്പത്തിനുമേല്‍ അമേരിക്കക്ക് ഇന്നുള്ള ആധിപത്യത്തെ ചോദ്യംചെയ്യുന്ന ഏതെങ്കിലും ഭരണകൂടം ഇപ്പോഴത്തെ സമരങ്ങളുടെ ഫലമായി ഉണ്ടായേക്കുമെന്ന ഭീതി അമേരിക്കക്കുണ്ട്. അത്തരം ഒരു ഭരണകൂടം നാടകീയമായി വില വര്‍ധിപ്പിക്കുകയോ പാശ്ചാത്യ രാഷ്ട്രങ്ങളില്‍ അമിതമായി സമ്മര്‍ദം ചെലുത്തുകയോ ചെയ്യുമെന്ന ഭീതിയുണ്ട്.
അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഇസ്രായേലിന്റെ സുരക്ഷ. ഇത് ഉറപ്പാക്കുന്നതില്‍ ഈജിപ്തിന് അമേരിക്ക ഉണ്ടാക്കുന്ന ചട്ടക്കൂടില്‍ ഒരു വലിയ പങ്കുണ്ട്. ഈജിപ്തിലെ സംഭവവികാസങ്ങള്‍ ഇസ്രായേലിന്റെ ഭരണകൂടം ആകാംക്ഷയോടും ആശങ്കയോടുമാണ് കാണുന്നത്. മുബാറക്കിനെ വിമര്‍ശിക്കരുതെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാഷ്ട്രങ്ങളോട് ഇസ്രായേല്‍ അഭ്യര്‍ഥിച്ചു.
അറബ് ഇന്‍തിഫാദയുടെ ഫലമായി തകരുന്നത് ചില ഭരണകൂടങ്ങള്‍ മാത്രമല്ല, അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയവുമാണ്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment