കുത്തകവിരുദ്ധ സമരം പടരുന്നു


Published on Mon, 10/17/2011

കുത്തകവിരുദ്ധ സമരം പടരുന്നു
ന്യൂയോര്‍ക്: കുത്തകവത്കരണത്തിനും സാമ്പത്തിക അസമത്വത്തിനും തൊഴിലില്ലായ്മക്കുമെതിരെ അമേരിക്കയില്‍ ആരംഭിച്ച വാള്‍സ്ട്രീറ്റ് പ്രക്ഷോഭം പടരുന്നു. കുത്തകകള്‍ക്കെതിരെ ലോകവ്യാപകമായി പ്രതിഷേധിക്കണമെന്ന ആഹ്വാനം ചെവിക്കൊണ്ടാണ് ആയിരങ്ങള്‍ വന്‍ നഗരങ്ങളില്‍ ഉള്‍പ്പെടെ തെരുവില്‍ ഇറങ്ങിയത്. മാന്ദ്യത്തെപോലെ തന്നെ പ്രതിഷേധവും രാജ്യാതിര്‍ത്തികള്‍ കടക്കുന്നതിന്‍െറ സൂചനയായാണ് പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തപ്പെടുന്നത്.  കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലും ആസ്ട്രേലിയയിലെ സിഡ്നിയിലും നടന്ന സമരങ്ങളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് സമരം ഞായറാഴ്ച ജര്‍മനിയിലെ ബര്‍ലിനിലേക്കും ലണ്ടനിലേക്കും  കത്തിപ്പടര്‍ന്നു. മെക്സികോ സിറ്റി, ബ്വേനസ് എയ്റിസ്, സാന്‍റിയാഗോ എന്നീ ലാറ്റിനമേരിക്കന്‍ നഗരങ്ങളിലും ആയിരങ്ങള്‍ കുത്തകവിരുദ്ധ പ്രക്ഷോഭങ്ങളില്‍ അണിചേര്‍ന്നു. ഇതിനകം, 80 രാജ്യങ്ങളിലെ 950ലധികം നഗരങ്ങളില്‍ പ്രതിഷേധത്തിന്‍െറ തീജ്വാലകള്‍ എത്തി.  പ്രക്ഷോഭത്തിന്‍െറ പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്കില്‍ ഞായറാഴ്ച 70ഓളം സമരക്കാരെ അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ പ്രതിഷേധപ്രകടനം നടത്തിയവരെയാണ് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട്പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.    കഴിഞ്ഞ ദിവസം പ്രക്ഷോഭം രൂക്ഷമായ റോമിലും 20 സമരക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധ പ്രകടനത്തിനിടെ ഇവിടെ വ്യാപകമായി ആക്രമണങ്ങള്‍  നടന്നു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടു. ആക്രമണങ്ങളുടെ ഉത്തരവാദികളെ പിടികൂടുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോനി പറഞ്ഞു.  ലണ്ടനിലും സമരം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവിടെ സെന്‍റ് പോള്‍സ് കത്തീഡ്രല്‍ ചര്‍ച്ചിന് സമീപം 250ഓളം സമരക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി.  വിഖ്യാത എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദി, പുലിറ്റ്സര്‍ ജേതാവ് ജെന്നിഫര്‍ ഇഗാന്‍, മൈക്കിള്‍ കണ്ണിങ്ഹാം തുടങ്ങിയ പ്രമുഖരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.  അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിതം ദുസ്സഹമായി തുടങ്ങിയതാണ് പ്രതിഷേധ സമരങ്ങള്‍ക്ക് വ്യാപക സ്വീകാര്യത ഉണ്ടാക്കിയത്. സ്പെയിനില്‍ സമീപകാലത്ത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇതിന് പുറമെ മാന്ദ്യത്തെ തുടര്‍ന്ന് കോര്‍പറേറ്റുകള്‍ നിരവധിപേരെ പിരിച്ചുവിട്ടതും  പ്രതിഷേധത്തിന് ആക്കംകൂട്ടി. റോമില്‍ പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നവര്‍ ഫെറാരി, ബെന്‍സ് തുടങ്ങിയ വിലകൂടിയ കാറുകള്‍ തിരഞ്ഞുപിടിച്ചാണ് ആക്രമിച്ചത്. ഇതിനു പുറമെ ബാങ്കുകള്‍ക്കും ആഡംബര ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും നേരെ ആക്രമണം നടന്നു.
അതേസമയം, പൊലീസ് ഇടപെടലാണ് റോമില്‍ വ്യാപക അക്രമത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും ആരോപണമുണ്ട്.

കുത്തക വിരുദ്ധ സമരം: പ്രക്ഷോഭകരെ ഒഴിപ്പിക്കുന്ന നീക്കം ഉപേക്ഷിച്ചു

കുത്തക വിരുദ്ധ സമരം: പ്രക്ഷോഭകരെ ഒഴിപ്പിക്കുന്ന നീക്കം ഉപേക്ഷിച്ചു
ന്യൂയോര്‍ക്: കുത്തക വിരുദ്ധ സമരം ശക്തിപ്പെടുന്ന അമേരിക്കയില്‍ ഒക്കുപൈ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ തമ്പടിച്ച പാര്‍ക്ക് ഒഴിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്മാറി. ന്യൂയോര്‍ക്കിലെ സുക്കോട്ടി പാര്‍ക്കില്‍ നടത്താനിരുന്ന വൃത്തിയാക്കല്‍ പെട്ടെന്നാണ് മാറ്റിയതായി വിവരമുണ്ടായത്. പൊതു ആവശ്യങ്ങള്‍ക്കായി പാര്‍ക്ക് വൃത്തിയായിരിക്കുമെന്ന ഉറപ്പ് പ്രക്ഷോഭകരില്‍നിന്ന് നേടുമെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ബ്രൂക്ഫീല്‍ഡ് ഓഫിസ് പ്രോപര്‍ട്ടീസ് എന്ന പേരില്‍ സ്വകാര്യ വ്യക്തിയുടേതാണ് പാര്‍ക്ക്. സെപ്റ്റംബര്‍ 17 നാണ് ഒക്കുപൈ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ആരംഭിച്ചത്. യു.എസിലെ സാമ്പത്തിക-രാഷ്ട്രീയ ചൂഷണങ്ങള്‍ക്കെതിരെയാണ് പ്രക്ഷോഭം. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്‍െറ ഭാഗമായാണ് പാര്‍ക്ക് ഒഴിപ്പിക്കാന്‍ നീക്കമുണ്ടായത്. ന്യൂയോര്‍ക് മേയര്‍ മൈക്കല്‍ ബ്ളൂംബര്‍ഗാണ് പദ്ധതിക്കു പിന്നിലെന്നും സംഘം ഫേസ്ബുക്കിലൂടെ ആരോപിച്ചു.
പാര്‍ക്ക് തീര്‍ത്തും വൃത്തിഹീനമായതിനാലാണ് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടതെന്ന് ബ്രൂക്ഫീല്‍ഡ് പറഞ്ഞു. പദ്ധതി വേണ്ടെന്നുവെച്ചതിന്‍െറ ആഘോഷങ്ങളിലാണ് അവിടെ അണിനിരന്ന പ്രക്ഷോഭക സംഘങ്ങള്‍.
ഒക്കുപൈ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം അറ്റ്ലാന്‍റ, ഷികാഗോ, ഫിലഡെല്‍ഫിയ, സിയാറ്റില്‍, ലോസ് ആഞ്ജലസ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇന്ന് അമേരിക്കന്‍ നഗരങ്ങള്‍ക്കു പുറമെ കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കുത്തകവിരുദ്ധ പ്രകടനങ്ങള്‍ നടത്താന്‍ സന്നദ്ധ സംഘടനകള്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment