അമേരിക്കയുടെ ദുഷ്ടലാക്ക്; ഇസ്രാഈലിന്റെയും
http://www.dubaiskssf.com/ 2011/01/blog-post_9084.html
പിണങ്ങോട് അബൂബക്കര്‍
പിണങ്ങോട് അബൂബക്കര്‍
ലോകവ്യവസ്ഥകള്‍ നിയന്ത്രിക്കുന്നത് ആര് എന്തൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും അമേരിക്കന്‍ താല്പര്യങ്ങള്ക്കനുസരിച്ചാണെ ന്ന് സമ്മതിക്കാത്തവരുണ്ടാവില്ല. യു.എസി.ന്റെ സൈനിക, സാമ്പത്തിക താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള ഭരണകൂടങ്ങളെ പ്രതിഷ്ഠിക്കാന്‍ വിപുലപദ്ധതികള്‍ തന്നെ അവര്‍ക്കുണ്ട്.
ഇയ്യിടെ ചില അറബ് രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവങ്ങള്‍ കേവലം ജനാധിപത്യാവകാശങ്ങളുടെ പേരില്‍ മാത്രം കാണാനാവുകയില്ല. അറബ് മുസ്ലിം രാജ്യങ്ങളില്‍ ജനാധിപത്യം ഒട്ടും ഇല്ലെന്ന വിധമാണ് പലമാധ്യമങ്ങളും വിഷയങ്ങളെ സമീപിച്ചത്. മൂന്ന് പതിറ്റാണ്ട് കാലം ഇക്കാര്യങ്ങള്‍ എന്തുകൊണ്ട് ചര്‍ച്ചക്ക് വന്നില്ലെന്ന അന്വേഷണം ഉത്തരമില്ലാതെ അവശേഷിക്കുന്നു.
ടുനീഷ്യയിലെ സൈനുല്‍ആബിദീന്‍ ബിന്‍ അലി, ഈജിപ്തിലെ ഹുസ്നിമുബാറക്, യമനിലെ അലിസാലിഹ്, ലിബിയയിലെ കേണല്‍ മുഅമ്മര്‍ ഗദ്ദാഫി, ജോര്‍ദ്ദാനിലെ തലാല്‍ഹുസൈന്‍, ബഹ്റൈനിലെ ഹമദ് ബിന്‍ ഈസാ, ഇറാനിലെ നജാദ് തുടങ്ങിയവരൊക്കെ പൂര്‍ണ്ണ ഏകാധിപതികളായിരുന്നുവെങ്കില്‍ ഇത്രയും കാലം എന്തുകൊണ്ട് മാധ്യമ വിചാരണകള്‍ ഉണ്ടായില്ല. അന്താരാഷ്ട്ര വേദികളില്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല. ഇടപെടലുകള്‍ നടന്നില്ല.
ഇസ്രാഈലിന്നാവശ്യമുള്ള ഗ്യാസിന്റെ 80 ശതമാനവും നല്‍കുന്നത് ഈജിപ്താണ്. സയണിസ്റ്റ്, താല്‍പര്യങ്ങള്‍ രക്ഷിക്കുന്നവരാണ് ഭരണാധികാരികളിലും പട്ടാളമേധാവികളിലും പലരും തൊഴില്‍രംഗത്ത് വലിയമാന്ദ്യം, ശമ്പള നിരക്ക് നന്നേ കുറവ്, തൊഴില്‍രഹിതരുടെ വലിയ പട പടര്‍ന്ന് പിടിച്ച അഴിമതി, മികച്ച പ്ലാനിംഗിന്റെ അഭാവം, യു.എസി.ന്റെ വന്‍ സാമ്പത്തിക സഹായങ്ങള്‍ കൈപറ്റി സുഖ സുഷുപ്തിയില്‍ കൊട്ടാരവാസികളായി കഴിയുന്നതാണ് പല അറബ് ഭരണാധികാരികള്‍ക്കും സംഭവിച്ച അപചയം.
ഹുസ്നി മുബാറക്കിനെ ഇപ്പോള്‍ കരിംപട്ടികയില്‍ പെടുത്തുന്നവര്‍ അദ്ദേഹത്തിന്റെ പല നല്ലവശങ്ങളും കാണാന്‍ മടിക്കുകയാണ്. അധികമൊന്നും സാമ്പത്തിക ഭദ്രതയില്ലാത്ത ഈജിപ്തിനെ മധ്യപൗരസ്ത്യ നാടുകളുടെ അവസാനവാക്കായി ഉയര്‍ത്തിക്കൊണ്ടുവരാനും അറബ് ലീഗ് ആസ്ഥാനം കൈറോവില്‍ കൊണ്ടുവരാനും അയല്‍പക്കരാഷ്ട്രങ്ങളുമായി സംഘര്‍ഷം പരമാവധി ഒഴിവാക്കി രാജ്യസുരക്ഷയിലൂടെ പൗരന്മാര്‍ക്ക് സമാധാനം ഉറപ്പുവരുത്താനും പരിശ്രമിച്ചിരുന്നത് മുബാറക്കാണ്. എന്നാല്‍ ഭരണകാലത്തിന്റെ ദൈര്‍ഘ്യവും മികച്ച അഡ്മിനിസ്ട്രേറ്റിന്റെ അഭാവവും, ആലസ്യവും, സാമ്രാജ്യത്വ ഇടപെടലുകളും സ്വന്തം പൗരന്മാരുടെ ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിച്ചു നല്‍കാനദ്ദേഹത്തിന്ന് കഴിയാതെവന്ന കാരണങ്ങളാണ്. വീണുകിട്ടിയ വടിയായി കണക്കാക്കി മുസ്ലിം രാജ്യങ്ങളില്‍ ജനാധിപത്യം ഒട്ടുമില്ലെന്ന് പ്രചരിപ്പിക്കുന്നത് സദുദ്ദേശത്തോടെയല്ല എന്നുറപ്പ്.
പതിനെട്ട് ദിവസം നീണ്ടുനിന്ന സമരം എത്ര മാതൃകാപരമാണ്. പ്രാദേശിക നേതൃത്വത്തിന്റെ പക്വമായ സമീപനങ്ങള്‍ പ്രശംസാര്‍ഹമാണ്. അക്രമം, സ്വത്ത് നാശം, കടുത്ത പദപ്രയോഗങ്ങള്‍ ഇതൊന്നുമുണ്ടായില്ല. ലോക പ്രശസ്തനായ അല്‍ബറാദിയെ പോലുള്ളവരുടെ സമീപനങ്ങള്‍ പരിഷ്കൃത സമൂഹത്തിന്റെ പരിഷ്കൃത മുഖം തന്നെയാണല്ലോ പ്രകടമാക്കുന്നത്.
തഹ്രീര്‍ സ്ക്വയറിലെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ സമരക്കാര്‍ സ്വയം നിര്‍വ്വഹിച്ചു. വെള്ളിയാഴ്ച മുസ്ലിം സമരക്കാര്‍ക്ക് ജുമുഅ നിസ്കാരങ്ങള്‍ക്ക് പോകാന്‍ ക്രിസ്ത്യന്‍ സമരയോദ്ധാക്കളും ഞായറാഴ്ച ക്രിസ്ത്യാനികള്‍ക്ക് പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പോകാന്‍ മുസ്ലിംകളും ചെയ്ത് കൊടുത്ത സൗകര്യങ്ങള്‍ മാധ്യമ വാര്‍ത്തയില്‍ പ്രധാന ഇടം നേടിയതുമില്ല.
ഈജിപ്തിലും ടുനീഷ്യയിലും ഇതരരാജ്യങ്ങളിലും അധിവസിക്കുന്നവരില്‍ ഭൂരിപക്ഷം മുസ്ലിംകളാണെങ്കിലും അന്നാടുകളില്‍ മതവര്‍ഗ്ഗീയതകള്‍ ഒരുഘട്ടത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. മുസ്ലിം ബ്രദര്‍ഹുഡ് പോലുള്ള മതാഭിമുഖ്യമുള്ള സംഘടനക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 30 ശതമാനം വോട്ടുകളേ നേടാനായിരുന്നുള്ളൂ. അപ്പോള്‍ പ്രശ്നം മതപരമായിരുന്നില്ല. ഭരണാധികാരികളുടെ വീഴ്ചകള്‍ മാത്രമായിരുന്നു കാരണങ്ങള്‍.
ബഹ്റൈനില്‍ പതിറ്റാണ്ടുകളായി ശിയാസുന്നി ഭിന്നതകള്‍ നിലവിലുണ്ട്. നേരത്തെ അമീരി ഭരണമായിരുന്ന ബഹ്റൈനില്‍ ഇപ്പോള്‍ രാജഭരണമാണ്. ""അല്‍ഖലീഫ'' കുടുംബമാണവിടെ ഭരണം നടത്തുന്നത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലിമെന്റ് നിലവിലുണ്ട്. പൗരന്മാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭ്യമാണ്. വിദ്യാഭ്യാസം, തൊഴില്‍, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ ഒരു പരാതിയുമില്ലാത്തവിധം വന്‍വികസനങ്ങള്‍ നടന്ന രാജ്യം. യു.എസ്.ന്റെ ഏഴാം നാവികപ്പടയുടെ ആസ്ഥാനമെന്ന നിലക്ക് അമേരിക്കക്ക് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ഈ കൊച്ചു ദ്വീപ് സമൂഹം. അമേരിക്കക്കും ഇസ്രാഈലിനും ഒരു പോലെ പ്രാധാന്യമുള്ളതാണ് ഈ രാഷ്ട്രങ്ങള്‍. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പരസ്പരം യുദ്ധമോ, ആഭ്യന്തര യുദ്ധങ്ങളോ ഇവര്‍ സംഘടിപ്പിക്കുന്നത് സ്വാഭാവികം മാത്രം.
യമനില്‍ സാമ്പത്തിക പുരോഗതികള്‍ ഒട്ടും വന്നുതുടങ്ങിയിട്ടില്ല. അയല്‍പക്കത്തുള്ള സമ്പന്ന രാഷ്ട്രങ്ങളില്‍ തൊഴില്‍ ചെയ്തും വ്യാപാരം ചെയ്തുമായിരുന്നു യമനില്‍ കഴിഞ്ഞുകൂടിയത്. ഇറാഖ് യുദ്ധാവസരം സഊദി അറേബ്യക്കെതിരില്‍ നിലപാട് സ്വീകരിച്ചതിനാല്‍ യമനികളെ സഊദി ഒന്നടങ്കം പുറത്താക്കി. ഇത് യമനിന്റെ സാമ്പത്തിക നട്ടെല്ലൊടിച്ചു. തൊഴിലില്ലായ്മ വര്‍ദ്ധിച്ചു. ദരിദ്രരുടെ ശതമാനം 40ലേക്കുയര്‍ന്നു. മികച്ച ഭരണത്തിന്റെയും ആസൂത്രണത്തിന്റെയും അഭാവം ഇരു യമനുകളും ഒന്നിച്ചിട്ടും അവിടെ നിലനിന്നു. പൊതുവെ കാര്‍ഷിക പ്രധാന്യമുള്ള നടാണ് യമന്‍. യു.എ.ഇ. ഉള്‍പ്പെടെയുള്ള സമ്പന്ന രാഷ്ട്രങ്ങളുടെ സഹായങ്ങള്‍ കൊണ്ടാണവര്‍ പല പദ്ധതികളും (സന്‍ആ അണക്കെട്ടുള്‍പ്പെടെ) പൂര്‍ത്തിയാക്കിയത്. പൗരന്മാര്‍ക്ക് മതിയായ ജീവിത സൗകര്യങ്ങള്‍ നല്‍കുന്നതില്‍ യമന്‍ ഭരണകൂടം വിജയിച്ചില്ല. ഈ അനുകൂലഘടകം ഉപയോഗപ്പെടുത്തി അമേരിക്കന്‍ താല്‍പര്യങ്ങള്‍ രക്ഷിക്കുന്ന സാഹചര്യം സൃഷ്ടിക്കാനാണ് യാങ്കികളുടെ നീക്കം.
ലിബിയ, യമന്‍, ഇറാന്‍ തുടങ്ങിയ നാടുകള്‍ പൊതുവില്‍ അമേരിക്കന്‍വിരുദ്ധ പക്ഷത്തും ഇജിപ്ത്, ഗള്‍ഫ് നാടുകള്‍, ടുനീഷ്യ, ജോര്‍ദ്ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ യു.എസ്. പക്ഷത്തുമാണ് നിലകൊണ്ടിരുന്നത്. ഇപ്പോള്‍ ഫലസ്തീനിലും വിപ്ലവകൊടുങ്കാറ്റുകള്‍ ഉയര്‍ന്നു. ഈ ആഭ്യന്തര ശൈഥില്യങ്ങള്‍ യു.എസ്., ഇസ്രാഈല്‍ താല്‍പര്യങ്ങള്‍ക്കാണ് കൂടുതല്‍ ഉപകരിക്കുന്നത്.
ഇസ്രാഈലുമായി ഉണ്ടാക്കിയ കരാര്‍ തുടരുമെന്നും, സൈനിക, സൈനികേതര സഹകരണം ശക്തിപ്പെടുത്തുമെന്നുമാണ് പട്ടാള ഭരണാധികാരികള്‍ പറയുന്ന ഉറപ്പ്. ഇതിന്നര്‍ത്ഥം ഒരു രഹസ്യവും ഇല്ലാത്ത തുറന്ന പ്രതിരോധമാണവര്‍ തുടരുക. യു.എസില്‍ നിന്നും ഇസ്രാഈലില്‍ നിന്നും അവര്‍ക്കൊന്നും മറച്ചുവെക്കാനാവില്ല. ആയുധങ്ങള്‍ പോലും യു.എസ്., ഇസ്രാഈല്‍ ബ്രാന്റുകളായിരിക്കുമെന്ന് വ്യക്തം.
ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട സ്വതന്ത്രനിലപാടുകള്‍ മുളയിലെ നുള്ളി വീണ്ടും യു.എസ്. താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭരണകൂടങ്ങളെ സ്ഥാപിക്കുകയെന്ന ലക്ഷ്യമാണവര്‍ നേടുന്നത്. ഇറാന്‍ മാത്രമാണ് പിടികൊടുക്കാത്ത മുസ്ലിം രാജ്യം. അവിടെ എന്ത് നടക്കുന്നു. എത്രത്തോളം അവര്‍ ശക്തിനേടി. സ്വയം വിഭവങ്ങളുടെ അളവും ശേഷിയുമെത്ര ഇതൊന്നും ഇപ്പോഴും യു.എസിനും ഇസ്രാഈലിനും തിട്ടപ്പെടുത്താനായിട്ടില്ല.
ഗള്‍ഫ് രാഷ്ട്രങ്ങളെ അണിനിരത്തി ഇറാഖിനെ നിലംപരിശാക്കിയ ആനന്ദാനുഭവത്തില്‍ നിന്ന് മറ്റൊരു പരീക്ഷണത്തിലാണോ അമേരിക്ക എന്ന് സംശയിക്കണം. മധ്യപരൗസ്ത്യ നാടുകളില്‍ പരക്കെ അരാജകത്വം സൃഷ്ടിച്ചു ആഭ്യന്തരകലഹങ്ങളാല്‍ സ്വയം തകര്‍ന്നു ദുര്‍ബലമായാല്‍ യു.എസിന്റെ പിടി കൂടുതല്‍ മുറുക്കാന്‍ എളുപ്പമാവും.
അറബ് മുസ്ലിം രാജ്യമാണ് അമേരിക്കന്‍ വിപണി. യു.എസ്. ഉല്‍പ്പന്നങ്ങള്‍ പ്രത്യേകിച്ച് ആയുധങ്ങള്‍ വിറ്റഴിക്കാന്‍ മറ്റ് പ്രധാനവിപണി വേറെ ഇല്ല. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊള്ളയടിച്ചു കൊണ്ടുപോകാനും കഴിയുന്നു. ഒരു ഉപകാരവും ഇല്ലാത്തതും എന്നാല്‍ പരസ്പരം കൊന്നുകൂട്ടാന്‍ പറ്റുന്നതുമായ ആയുധങ്ങള്‍ നല്‍കി പകരം എണ്ണയും ഗ്യാസും കൊണ്ടുപോയി യു.എസും ഇസ്രാഈലും വ്യാവസായിക വളര്‍ച്ച ത്വരിതരപ്പെടുത്തുകയാണ്.
പൊതുസമൂഹത്തില്‍ വളര്‍ന്നുവരുന്ന സ്വതന്ത്രചിന്തകളും ധര്‍മ്മ വിചാരങ്ങളും സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി വീണ്ടുമത് അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ച് തിരിച്ചുവിടാനാവുന്നു എന്നതാണ് വൈരുദ്ധ്യവും ഏറെ ഖേദകരവുമായിട്ടുള്ളത്.
പ്രാദേശികവും ദേശീയവുമായ വികാരങ്ങള്‍ ഊതി വീര്‍പ്പിച്ചാണിത് സാധിക്കുന്നത്. സദ്ദാംഹുസൈനെ അന്ധമായ അറബ് ദേശീയതയുടെ വക്താവായി വളര്‍ത്തി യുവാക്കളില്‍ ഒരുതരം അറബ് ദേശീയതാ ജ്വരം വളര്‍ത്തിയെടുത്താണ് സദ്ദാമിനെ പ്രബലപ്പെടുത്തി പിന്നെ ദുര്‍ബലപ്പെടുത്തിയത്. മാധ്യമങ്ങള്‍ പകര്‍പ്പെഴുത്തുകാരാവുന്നു എന്നതും അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍തന്നെ. യാഥാര്‍ത്ഥ്യങ്ങള്‍ ഇനിയും അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്. ജനാധിപത്യം ഒട്ടും ഇല്ലാത്തതല്ല കാരണങ്ങള്‍. ഉള്ള ജനാധിപത്യങ്ങള്‍ യു.എസ്., ഇസ്രാഈല്‍ താല്‍പര്യങ്ങള്‍ക്ക് മതിയാവുന്നില്ലെന്ന തോന്നലുകളാണ് പ്രധാനം
അറബ് വസന്തം : ജമാഅത്തെ ഇസ്ലാമിയുടെ നീക്കം മുതലെടുപ്പിന്ന് :എസ്.വൈ.എസ്
കോഴിക്കോട് : ചില അറബ് രാജ്യങ്ങളില്‍ നടന്ന വിപ്ലവവും തുടര്‍ന്നുണ്ടായ ഭരണമാറ്റവും ഉയര്‍ത്തിക്കാട്ടി ഇന്ത്യയിലും സമാന വിപ്ലവത്തിന് യുവ ജനങ്ങളെ സജ്ജമാക്കാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ പരീക്ഷണം വെല്‍ഫയര്‍ പര്‍ട്ടിയുടെ ഭാവി ലക്ഷ്യം വെച്ചാണെന്ന് സുന്നി യുവജന സംഘം സെക്രട്ടരിമാരായ പി.പി. മുഹമ്മദ് ഫൈസി, ഉമ്മര്‍ ഫൈസി മുക്കം, ഹജി കെ മമ്മദ് ഫൈസി , പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ്ഫൈസി അമ്പലക്കടവ്, കെ.എ.റഹ്മാന്‍ ഫൈസി എന്നിവര്‍ പുറപ്പെടുവുച്ച സം യുക്ത പ്രസ്താവനയില്‍ പറഞ്ഞു.
തഹ്രീര്‍ സ്ക്വയര്‍ സ്വയം വ്ര്ത്തിയാക്കി മാത്രക കാണിച്ച പ്രക്ഷോപകരെ പകര്‍ത്താനല്ല , മറിച്ച് ഹുസ്നി മുബാരക്കെന്ന ഏകാദിപധിയുടെ പ്രതിഭിംബങ്ങളായി ഭരണാധികാരികളെ പരിചയപ്പെടുത്താനാണ് ജമാ അത്ത് ശ്രമം. ഭരണകൂട ഭീകരതയുടെ അടയാളമായി കോടതികളെ പോലും അവതരിപ്പിച്ച് തീവ്ര മനസ്സുകളെ സ്രഷ്ടിക്കനും അവരിലൂടെ രാഷ്ട്രീയ അക്ക സംഖ്യ ഒപ്പിച്ച് രാഷ്ട്രീയ ഇടം നേടാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ നീക്കം പ്രബുദ്ധ കേരളത്തില്‍ വിലപോകില്ലെന്നും, നവ സമൂഹം വഞ്ചിതരാകെരുതെന്നും നേതാക്കള്‍ പറഞ്ഞു.
http://www.dubaiskssf.com/ 2011/11/blog-post_14.html
http://www.dubaiskssf.com/

Leave a comment