അന്ത്യം ഇങ്ങനെ

അന്ത്യം ഇങ്ങനെ
ട്രിപളി:  നാല് പതിറ്റാണ്ടിന്‍െറ ചരിത്രം അവസാനിച്ച ആ നിമിഷത്തെക്കുറിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും എല്ലാം വിരല്‍ ചൂണ്ടുന്നത് കടുത്ത തോതിലുള്ള അക്രമത്തിന് ഖദ്ദാഫി ഇരയാക്കപ്പെട്ടു എന്നതിലേക്കാണ്. പിടിക്കപ്പെട്ടു എന്നുറപ്പായപ്പോള്‍ ജീവനുവേണ്ടി കേണപേക്ഷിച്ച ഈ മുന്‍ ഭരണാധികാരിക്കുനേരെ മനുഷ്യാവകാശത്തിന്‍െറ എല്ലാ പരിധികളും ലംഘിച്ച് ക്രൂരമായാണ് വിമത സേന പെരുമാറിയതെന്ന് വീഡിയോ ദൃശ്യങ്ങളും സാക്ഷ്യപ്പെടുത്തുന്നു.  ഖദ്ദാഫിയുടെ മൃതദേഹം വലിച്ചിഴക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നു.
പല ഭാഗങ്ങളില്‍ നിന്നായി വന്ന റിപ്പോര്‍ട്ടുകളെ അപഗ്രഥിക്കുമ്പോള്‍ യുഗാന്ത്യ നിമിഷങ്ങള്‍ ഇങ്ങനെയാകാം: കനത്ത പോരാട്ടം നടക്കുന്ന സിര്‍ത്തില്‍നിന്ന് വ്യാഴാഴ്ച പ്രഭാത നമസ്കാരവും കഴിഞ്ഞ് അംഗരക്ഷകര്‍ക്കും അനുയായികള്‍ക്കുമൊപ്പം ഖദ്ദാഫി പുറപ്പെട്ടു. പടിഞ്ഞാറ് ലക്ഷ്യംവെച്ച് നീങ്ങിയ ആ സംഘത്തിനു നേരെ 8:30 ഓടെ നാറ്റോ വ്യോമാക്രമണം തുടങ്ങി. 15 ട്രക്കുകള്‍ പൂര്‍ണമായും തകര്‍ന്നു.
50 ഓളം പേര്‍ കൊല്ലപ്പെട്ടതായി  ഫ്രഞ്ച് വ്യോമ മന്ത്രാലയം അറിയിച്ചു.
തലനാരിഴക്കു രക്ഷപ്പെട്ട ഖദ്ദാഫിയും കൂട്ടാളികളില്‍ ചിലരും കാടും മരങ്ങളും താണ്ടി പ്രധാന പാതക്കു സമീപമെത്തി അവിടെ കണ്ട ഇടുങ്ങിയ കോണ്‍ക്രീറ്റ് പൈപ്പില്‍ ഒളിക്കുകയായിരുന്നു. ഇവരെ വിടാതെ പിന്തുടര്‍ന്നാണ്എന്‍.ടി.സി ഒളിയിടം കണ്ടെത്തിയത്. സമീപത്തേക്ക് നടന്നടുത്ത് വെടിയുതിര്‍ക്കാന്‍ തുടങ്ങിയ അവര്‍ക്കു നേരെ നോക്കി അരുതെന്ന്  ഖദ്ദാഫി അപേക്ഷിക്കുന്നുണ്ടായിരുന്നു.
ഈ സന്ദര്‍ഭത്തില്‍ പൈപ്പിനു സമീപത്തുനിന്ന് ഖദ്ദാഫി അനുകൂലിയായ ഒരാള്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട് തോക്കുമായി മുന്നോട്ടു കുതിച്ചു.  ‘ ഞങ്ങളുടെ യജമാനന്‍ അകത്തുണ്ട്, അദ്ദേഹത്തിന് മുറിവേറ്റിരിക്കുന്നു’ പരിഭ്രാന്തിയോടെ അയാള്‍ വിളിച്ചു പറഞ്ഞു. ഇതിനിടെ ,ഖദ്ദാഫിയും സംഘവും തിരിച്ച് വെടിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
വിമത സേന പിടികൂടുമ്പോള്‍ ഖദ്ദാഫിക്ക് കാലിലും മുതുകിലും പരിക്കേറ്റിരുന്നു. ഖദ്ദാഫിയെ കാറില്‍ കയറ്റി കൊണ്ടുപോയതായും അദ്ദേഹത്തിന്‍െറ അനുയായി ബഖീര്‍ പറഞ്ഞു.
കൈകള്‍ പിറകിലേക്കു പിരിച്ച് മുഖം മണ്ണിനോടമര്‍ത്തി തോക്കു ചൂണ്ടിയും നിലത്തു വലിച്ചിഴച്ചും എന്‍.ടി.സി അംഗങ്ങള്‍ ആഘോഷിച്ചു. മുഖത്തുനിന്ന് രക്തം വാര്‍ന്നൊഴുകുന്നത് വീഡിയോകളില്‍ വ്യക്തം.
മരണഭീതിയിലും വേദനയിലും പുളഞ്ഞ് തന്നെ ഒന്നും ചെയ്യരുതെന്ന് ഇതിനിടയിലും ഖദ്ദാഫി കേഴുന്നുണ്ടായിരുന്നു.
 പല മാധ്യമങ്ങളും ആ ദയനീയ നിമിഷങ്ങളെയാണ് ഏകാധിപതിയുടെ അന്ത്യം വിളിച്ച് പറയാനായി ഉദ്ധരിച്ചത്.  കൂടുതല്‍ ഉപദ്രവത്തില്‍നിന്ന് അദ്ദേഹത്തെ രക്ഷിക്കുന്നതിന് സ്വന്തം അനുയായി തന്നെ അദ്ദേഹത്തെ വെടിവെച്ചുവെന്ന് വിമതര്‍ ആരോപിക്കുന്നു.
അതല്ല, പിടിക്കപ്പെട്ടശേഷം ആംബുലന്‍സില്‍ മിസ്റതയിലേക്കുള്ള വഴി മധ്യേ മരണം സംഭവിച്ചതായും പറയുന്നു.
ആംബുലന്‍സില്‍ പോകവെയുണ്ടായ വെടിവെപ്പില്‍ ഖദ്ദാഫി കൊല്ലപ്പെടുകയായിരുന്നെന്നാണ് പ്രധാനമന്ത്രി മഹമൂദ് ജിബ്രീല്‍ പറയുന്നത്.
മൃതദേഹം ട്രക്കിലാക്കി അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി മിസ്റതയിലെ എന്‍.ടി.സി ഉദ്യോഗസ്ഥന്‍ മുഹമ്മദ് അബ്ദല്‍ കാഫി പറഞ്ഞു.
ഏകാധിപതിയുടെ അന്ത്യനിമിഷങ്ങള്‍
  • 10.16: നാഷനല്‍ ട്രാന്‍സിഷന്‍ കൗണ്‍സില്‍ കമാന്‍ഡര്‍ കേണല്‍ യൂനിസ് അല്‍ അബ്ദാലി: ‘സിര്‍ത് സ്വതന്ത്രമായി. ഈ പ്രദേശത്ത് എവിടെയും ഇനി ഖദ്ദാഫി സൈന്യമില്ല.’
  • 11.22: സിര്‍ത്തില്‍ സ്വാതന്ത്ര്യത്തിന്‍െറ ആദ്യ പതാക ഉയര്‍ന്നു.
  • പിന്നീടുള്ള നിമിഷങ്ങളില്‍ ഖദ്ദാഫി എന്‍.ടി.സിയുടെ പിടിയിലായെന്ന പൂര്‍ണമായും സ്ഥിരീകരിക്കാനാകാത്ത വാര്‍ത്തകളാലും വിശദാംശങ്ങളാലും ലിബിയന്‍ ചാനലുകളും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും ചാനലുകളും നിറഞ്ഞു.
  • 12.15: എന്‍.ടി.സി വാര്‍ത്താ വിതരണ മന്ത്രി മഹ്മൂദ് ശമാം ഒരു ലിബിയന്‍ ടെലിവിഷന്‍ ചാനലിലൂടെ പ്രഖ്യാപിക്കുന്നു: ‘എങ്ങും ഒരു സംസാരമുണ്ട് ഒരു വലിയ മത്സ്യത്തെ പിടികൂടിയെന്ന്. എന്നാല്‍, എനിക്ക് ഇപ്പോള്‍ അതിനെക്കുറിച്ച് ഒന്നും പറയാന്‍ സാധിക്കില്ല. ജനങ്ങള്‍ പറയുന്നു മിസ്റതയിലേക്കുള്ള വഴിയില്‍ അവര്‍ക്കൊരു വലിയ മത്സ്യത്തെ കിട്ടിയെന്ന്...’
  • ഖദ്ദാഫിയെയാണ് പിടികൂടിയതെങ്കില്‍ എന്തുചെയ്യുമെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞു: ‘ഞങ്ങള്‍ ഖദ്ദാഫിയെ തെരുവില്‍ തൂക്കിലേറ്റില്ല, അദ്ദേഹത്തെ നിയമത്തിന് മുന്നില്‍ ഹാജരാക്കും. മാന്യമായ വിചാരണക്ക് വിധേയനാക്കും.’
  • 12.18: ഖദ്ദാഫിയെ പിടികൂടിയതായി എന്‍.ടി.സി ഉദ്യോഗസ്ഥര്‍ അല്‍ജസീറയോട് സ്ഥിരീകരിക്കുന്നു. കീഴടക്കുന്നതിനിടയില്‍ ഖദ്ദാഫിക്ക് മുറിവേറ്റതായും അല്‍ജസീറ റിപ്പോര്‍ട്ട്.  
  • 12.45: ഖദ്ദാഫിയെ പിടികൂടിയതില്‍ ഒരു വിദേശരാജ്യത്തിന്‍െറ ആദ്യപ്രതികരണം. ലിബിയക്കാര്‍ക്കിത് ശുഭവാര്‍ത്തയെന്ന് ഡച്ച് പ്രധാനമന്ത്രി മാര്‍ക് റൂത്ത്.
  • 1.08: ഖദ്ദാഫിയെ പിടികൂടിയതായി സ്ഥിരീകരിക്കാന്‍ കഴിയില്ളെന്ന് യു.എസ് വിദേശകാര്യമന്ത്രാലയം.
  • 1.18: വ്യോമാക്രമണത്തില്‍ ഖദ്ദാഫി കൊല്ലപ്പെട്ടതായി എന്‍.ടി.സി കമാന്‍ഡര്‍.
  • 1.24: ഖദ്ദാഫിയുടെ മൃതദേഹത്തിന്‍െറ ആദ്യ മൊബൈല്‍ ചിത്രം പുറത്തു വന്നു.
  • 2.13: ഖദ്ദാഫി കൊല്ലപ്പെട്ടതായി എന്‍.ടി.സി വാര്‍ത്താവിതരണ മന്ത്രി മഹ്മൂദ് ശമാം സ്ഥിരീകരിച്ചു.
  • 2.15: ഖദ്ദാഫിയുടെ മകന്‍ മുത്താസിം പിടിക്കപ്പെട്ടതായി റിപ്പോര്‍ട്ട്.
  • 2.18: പുറത്തുവിട്ട ചിത്രങ്ങള്‍ ഖദ്ദാഫിയുടെ തന്നെയെന്ന് റോയിട്ടേഴ്സിന്‍െറ സ്ഥിരീകരണം.
  • 2.57: തെരുവിലൂടെ ഖദ്ദാഫിയുടെ മൃതദേഹം വലിച്ച് കൊണ്ടു പോകുന്നതിന്‍െറ വീഡിയോ ദൃശ്യങ്ങള്‍ സ്കൈ ന്യൂസ് പുറത്തുവിട്ടു.
  • 3.32: ഖദ്ദാഫിയുടെ മരണം ലിബിയയിലെ ഇടക്കാല സര്‍ക്കാറിന്‍െറ പ്രധാനമന്ത്രി മഹ്മൂദ് ജിബ്രീല്‍ സ്ഥിരീകരിച്ചു.
  • ഖദ്ദാഫിയെ കൊലപ്പെട്ടത് വയറിന് വെടിയേറ്റ്!

    ഖദ്ദാഫിയെ കൊലപ്പെട്ടത് വയറിന് വെടിയേറ്റ്!
    ട്രിപളി: കേണല്‍ മുഅമ്മര്‍ ഖദ്ദാഫി കൊല്ലപ്പെട്ടത് ആമാശയത്തിനേറ്റ വെടിയുണ്ട കാരണമെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍. ഖദ്ദാഫിയുടെ മരണത്തിന്ശേഷം മൃതദേഹം പരിശോധിച്ച ഡോ. ഇബ്രാഹിം ടിക്ക അല്‍ അറബിയ ടെലിവിഷനോടാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഖദ്ദാഫിലെ ജീവനോടെയാണ് പിടികൂടിയത്. പിന്നീട് അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. തലയ്ക്ക് കൊണ്ട വെടിയുണ്ട തലച്ചോറ് കടന്ന് പുറത്തേക്ക് പേയെങ്കിലും വയറിനേറ്റ വെടിയുണ്ടയാണ് മരണത്തിന് പ്രധാന കാരണമായതെന്ന് ഡോക്ടര്‍ പറയുന്നു. ആമാശയത്തിന് വെടിയേറ്റ് മരണപ്പെട്ട ശേഷമായിരിക്കാം തലയ്ക്ക് വെടിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
    ഓവുചാല്‍ പോലുള്ള പൈപ്പിനുള്ളില്‍ ഒളിച്ചിരുന്ന ഖദ്ദാഫി വിമത പോരാളികളുമായുള്ള ഏറ്റുമുട്ടലിനിടയില്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഇടക്കാല പ്രധാനമന്ത്രി മഹമൂദ് ജിബ്രീല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങള്‍ പൊളിയുന്നതാണ് ഡോക്ടറുടെ ഈ വെളിപ്പെടുത്തല്‍.
    ഖദ്ദാഫിയുടെ മകന്‍ മുഅ്തസിമിന്റെ മൃതദേഹവും പരിശോധിച്ചത് ഡോ. ഇബ്രാഹിം ടിക്കയായിരുന്നു. ഖദ്ദാഫിയുടെ മരണത്തിനുശേഷമാണ് മകന്‍ കൊല്ലപ്പെട്ടതെന്ന് ഡോ. ഇബ്രാഹിം ടിക്ക പറഞ്ഞു.

    നായകനിൽ നിന്ന് വില്ലനിലേക്ക്
അത്യന്തം വികാരതീവ്രമായിരുന്നു മുസ്തഫ അക്കാദ് സംവിധാനം ചെയ്ത 'ഉമര്‍ മുഖ്താര്‍' എന്ന സിനിമയുടെ അന്ത്യരംഗം. ലിബിയയുടെ വിമോചനത്തിനായി പോരാടിയ ഉമര്‍ മുഖ്താര്‍ എന്ന വൃദ്ധനായ സമരനായകനെ ഇറ്റലിയുടെ അധിനിവേശ സേന പരസ്യമായി തൂക്കിക്കൊല്ലുന്ന രംഗം. തൂക്കുമരത്തെ അക്ഷോഭ്യതയോടെ നേരിട്ട ഉമര്‍ മുഖ്താര്‍ പിടഞ്ഞവസാനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വട്ടക്കണ്ണട സൈനികര്‍ കാണാതെ എടുത്തുകൊണ്ടുപോകുന്നുണ്ട് ഒരു കൊച്ചുകുട്ടി. 'മരുഭൂമിയിലെ സിംഹം' എന്ന് വിശേഷിപ്പിക്കപ്പെട്ട ഉമര്‍ മുഖ്താറിന്റെ പോരാട്ട വീര്യം ലിബിയയുടെ അടുത്ത തലമുറയിലേക്ക് കൈമാറുന്നതിന്റെ പ്രതീകാത്മക ചിത്രമായിരുന്നു ആ കുട്ടിയിലൂടെ മുസ്തഫ അക്കാദ് ആവിഷ്കരിച്ചത്.
1931 സെപ്റ്റംബര്‍ 16ന് നടന്ന ആ സംഭവം കഴിഞ്ഞ് പത്ത് വര്‍ഷം പിന്നിടുമ്പോഴാണ് മുഅമ്മര്‍ മുഹമ്മദ് അബു മിന്‍യാര്‍ അല്‍ ഖദ്ദാഫി എന്ന ഖദ്ദാഫി ജനിക്കുന്നത്. എന്നിട്ടും ഈ കൊച്ചുകേരളത്തില്‍ പോലുമുള്ള ഖദ്ദാഫി ആരാധകര്‍ അടക്കം പറഞ്ഞു, ആ സിനിമയുടെ ക്ലൈമാക്സില്‍ കണ്ണട എടുത്തുകൊണ്ടുപോയ കുട്ടി മുഅമ്മര്‍ ഖദ്ദാഫി ആയിരുന്നുവെന്ന്.
അത്രമേല്‍ പാശ്ചാത്യവിരുദ്ധ വികാരത്തിന്റെ വൈകാരിക അടയാളമായിരുന്നു മുഅമ്മര്‍ ഖദ്ദാഫി. ആധുനിക ലിബിയയെ ലോകഭൂപടത്തില്‍ അന്തസ്സോടെ ഉറപ്പിച്ചുനിര്‍ത്തിയത് ഖദ്ദാഫിയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ലോകമെങ്ങുമുള്ള അമേരിക്കന്‍ വിരുദ്ധ സമരത്തിന്റെ ആവേശകരമായ അടയാളവാക്യമായി നിലകൊള്ളാന്‍ ഖദ്ദാഫിക്ക് കഴിഞ്ഞിരുന്നു.
പക്ഷേ, ഈ വര്‍ഷമാദ്യം ടുണീഷ്യയിലും ഈജിപ്തിലും ആഞ്ഞടിച്ചുയര്‍ന്ന മുല്ലപ്പൂ വിപ്ലവത്തില്‍ അറബ് ദേശങ്ങളില്‍ ഏകാധിപതികളുടെ സിംഹാസനങ്ങള്‍ തകര്‍ന്നുവീണു തുടങ്ങിയപ്പോഴേ ഖദ്ദാഫിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു. കാരണം, സ്വന്തം കുടുംബത്തിന്റെയും ബന്ധുക്കളുടെയും ഇഷ്ടത്തിന് രജ്യത്തിന്റെ ഭരണം തീറെഴുതിയ ഖദ്ദാഫി അപ്പോഴേക്കും നായകനില്‍നിന്ന് വില്ലനിലേക്ക് പരിവര്‍ത്തിക്കപ്പെട്ടിരുന്നു.
ആധുനിക ലോകത്തിന്റെ വികസന വെളിച്ചങ്ങളില്‍ നിന്ന് ലിബിയയെ തടഞ്ഞുനിര്‍ത്തിയിരുന്ന ഇദ്രീസ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് 1969ലായിരുന്നു ഭരണസാരഥ്യത്തിലേക്ക് ഖദ്ദാഫി കടന്നുവന്നത്. അതുവരെ ഇദ്രീസ് രാജാവ് നിഷേധിച്ച പുരോഗതി ലിബിയന്‍ ജനതയ്ക്ക് അനുഭവവേദ്യമാക്കിയത് ഖദ്ദാഫിയായിരുന്നു. അതുവഴി രാജ്യത്തിന്റെയും ജനത്തിന്റെയും പ്രിയപ്പെട്ടവനായി മാറാന്‍ അദ്ദേഹത്തിനായി.
കമ്യൂണിസവും മുതലാളിത്തവും ഇറക്കുമതി ചെയ്യപ്പെട്ട ആശയങ്ങളാണെന്ന് പ്രഖ്യാപിച്ച ഖദ്ദാഫി അറബ് ഐക്യവും ആഫ്രിക്കന്‍ ഐക്യവും തന്റെ ലക്ഷ്യങ്ങളാണെന്ന് പ്രഖ്യാപിച്ചു. ഇസ്ലാമിന്റെ തത്വങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒരു സോഷ്യലിസ്റ്റ് രാജ്യമാണ് താന്‍ സ്വപ്നം കാണുന്നതെന്നും ഖദ്ദാഫി പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു.
ലിബിയയുടെ എണ്ണസമ്പത്ത് ദേശസാത്കരിച്ചുകൊണ്ടായിരുന്നു ഖദ്ദാഫി ലിബിയയെ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് നയിച്ചത്. ഒരേ സമയം അമേരിക്കന്‍ സാമ്രാജ്യത്ത്വത്തിനും അവരെ പരോക്ഷമായി പിന്താങ്ങുന്ന അറബ് ഭരണകൂടങ്ങള്‍ക്കും ഖദ്ദാഫി ഭീഷണിയുയര്‍ത്തി നിലകൊണ്ടു. ലിബിയയെ പ്രബലമായ രാജ്യമായി കെട്ടിപ്പടുക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെ ഏകാധിപത്യവാഴ്ചയുടെ കൊടുമകള്‍ക്കൊടുവില്‍ ഖദ്ദാഫി കൊല്ലപ്പെടുമ്പോഴും ലിബിയയ്ക്ക് മറക്കാന്‍ കഴിയില്ല.
1942 ജൂണ്‍ എഴിന് കടലോര പ്രദേശമായ സിര്‍തിലായിരുന്നു ഖദ്ദാഫിയുടെ ജനനം. അറബ് ഗോത്ര സംസ്കാരത്തിന്റെ പ്രാക്തന സ്വഭാവങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്ന ബദുവിയന്‍ ഗോത്രത്തില്‍ ജനിച്ച ഖദ്ദാഫി ആ സംസ്കാരത്തിന്റെ ചിഹ്നങ്ങള്‍ പേറുന്നതില്‍ അതീവ തല്‍പരനായിരുന്നു. ബെന്‍ഗാസിയ യൂനിവേഴ്സിറ്റിയില്‍ ഭൂമിശാസ്ത്രത്തില്‍ ബിരുദപഠനത്തിലേര്‍പ്പെട്ടുകൊണ്ടിരുന്ന കാലത്ത് പഠനം ഉപേക്ഷിച്ച് പട്ടാളത്തില്‍ ചേര്‍ന്നയാളാണ് ഖദ്ദാഫി. പിന്നീട് ഇദ്രീസ് രാജാവിനെതിരായ പട്ടാള വിപ്ലവത്തിന്റെ നായകനായി തീര്‍ന്നു. 1969ല്‍,  ജനങ്ങള്‍ വെറുത്ത ഇദ്രീസ് രാജാവിനെ രക്തരഹിതമായ സമരത്തിലൂടെ പുറത്താക്കി ലിബിയയുടെ ഭരണാധികാരിയായി തീരുമ്പോള്‍ ഖദ്ദാഫിക്ക് പ്രായം വെറും 27 വയസ്സ്.
പിന്നീട് ലിബിയ എന്നാല്‍ ഖദ്ദാഫി എന്നായി മാറി. എന്തിനും ഏതിനും തന്റേതായ ശൈലി തീര്‍ത്തുകൊണ്ട് മറ്റു ഭരണാധികാരികളില്‍നിന്ന് ഖദ്ദാഫി വേറിട്ടുനിന്നു. സ്വന്തം അംഗരക്ഷകരായി അദ്ദേഹം കണ്ടെത്തിയത് ഒരു പെണ്‍പട്ടാളത്തെയായിരുന്നു. തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും വിശദീകരിക്കാന്‍ ഗ്രീന്‍ബുക്സ് എന്ന പേരില്‍ ഒരു പുസ്തകംതന്നെ അദ്ദേഹം രചിച്ചു.
രാജ്യാന്തര വേദിയില്‍ ഖദ്ദാഫിയുടെ പ്രസംഗങ്ങള്‍ വേറിട്ടുനിന്നു. തന്റെ രാജ്യത്തിന്റെ കാര്യങ്ങള്‍ തങ്ങള്‍തന്നെ തീരുമാനിക്കുമെന്ന് തുറന്നുപറയാന്‍ ഖദ്ദാഫി മടികാണിച്ചില്ല. ആ വാക്കുകള്‍ ലോകം ആകാംക്ഷയോടെ വീക്ഷിച്ചു. ഇസ്രായേലിനെതിരെ എതിര്‍ശബ്ദമായി എന്നും നിലനിന്ന ഖദ്ദാഫി മറ്റ് അറബ് രാജ്യങ്ങളിലെ അമേരിക്കന്‍ ^ ഇസ്രായേല്‍ വിരുദ്ധരുടെയും ആവേശമായിരുന്നു. ഇസ്രായേലുമായി ഈജിപത് അടുക്കുന്നതിനെതിരെ ഖദ്ദാഫി ശക്തമായി നിലകൊണ്ടിരുന്നു.
1986ല്‍ ബെര്‍ലിന്‍ നിശാ ക്ലബിലെ ബോംബ് സ്ഫോടനത്തില്‍ രണ്ട് അമേരിക്കന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ പട്ടാളം ട്രിപ്പോളിക്ക് നേരേ നടത്തിയ ആക്രമണത്തില്‍ നിരവധി ലിബിയക്കാരാണ് കൊല്ലപ്പെട്ടത്. അന്ന് റീഗന്‍ ഖദ്ദാഫിയെ വിശേഷിപ്പിച്ചത് 'ഭ്രാന്തന്‍ നായ' എന്നായിരുന്നു.
1988ല്‍ പാനാം വിമാനം ലോക്കര്‍ബിക്ക് മുകളില്‍ പൊട്ടിത്തെറിച്ചതിനുശേഷം പാശ്ചാത്യലോകവുമായുള്ള ഖദ്ദാഫിയുടെ ബന്ധം വഷളായിരുന്നു. 270 പേര്‍ കൊല്ലപ്പെട്ട ആ സംഭവത്തിനുശേഷം ഭീഷണികളും ഉപരോധങ്ങളുമൊക്കെ മുറപോലെ നടന്നു. സംഭവത്തില്‍ ലിബിയയ്ക്ക് പങ്കില്ലെന്ന് ഖദ്ദാഫി ആവര്‍ത്തിച്ചെങ്കിലും അമേരിക്ക അത് വിശ്വസിക്കാന്‍ തയാറല്ലായിരുന്നു. ഒടുവില്‍ 2003ല്‍ ലിബിയ അത് സമ്മതിക്കുകയും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.
നാല് പതിറ്റാണ്ട് നീണ്ട ഭരണകാലത്തിന്റെ ആദ്യത്തെ പകുതിയില്‍ ഖദ്ദാഫി ലിബിയയ്ക്ക് നല്‍കിയ നേട്ടങ്ങളുടെ പേരിലാണെങ്കില്‍ എക്കാലവും ലിബിയന്‍ ജനത നെഞ്ചേറ്റി നടക്കേണ്ടിയിരുന്ന ഭരണാധികാരിയാണ് ഖദ്ദാഫി. എന്നാല്‍, സ്വന്തം കുടുംബത്തിന്റെ വാഴ്ച ഭരണത്തില്‍ തുടര്‍ന്നുമുണ്ടാകാന്‍ അദ്ദേഹം നടത്തിയ നീക്കങ്ങളും രാജ്യത്തിന്റെ സമ്പത്ത് സ്വന്തക്കാരിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തപ്പോള്‍ ഖദ്ദാഫിക്കെതിരെ ജനങ്ങളില്‍ അസംതൃപ്തി പുകയാന്‍ തുടങ്ങി. മകന്‍ സൈഫുല്‍ ഇസ്ലാമിനെ തന്റെ പിന്‍ഗാമിയായി വാഴിക്കാന്‍ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കെയാണ് ടുണീഷ്യയിലും ഈജിപ്തിലും ആഞ്ഞടിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ കാറ്റുകള്‍ ലിബിയയിലെ വിമതര്‍ക്കും പ്രചോദനമാകുന്നത്. ആഫ്രിക്കന്‍ കൂലിപ്പട്ടാളത്തെയും മകന്‍ മുഅ്തസിന്റെ നേതൃത്വത്തിലുള്ള ഖമീസ് ബ്രിഗേഡിനെയും ഉപയോഗിച്ച് സമരക്കാരെ നിഷ്ഠുരമായി കൊന്നൊടുക്കാനാണ് ഖദ്ദാഫി തുനിഞ്ഞത്. നിരവധിപ്പേര്‍ അങ്ങനെ കൊല്ലപ്പെട്ടു.
ഒടുവില്‍ ട്രിപ്പോളിയും ബെന്‍ഗാസിയയുമെല്ലാം പിടിച്ചടക്കി സമരക്കാര്‍ മുന്നേറി. അതിന് നാറ്റോയുടെ പിന്തുണ കൂടിയായപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതായ ഖദ്ദാഫിക്ക് തലസ്ഥാനം വിട്ട് ഓടേണ്ടിവന്നു.
ഏറ്റവുമൊടുവില്‍ സദ്ദാം ഹുസൈനെപ്പോലെ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് അദ്ദേഹത്തെ പിടികൂടി വധിച്ചിരിക്കുന്നു. പക്ഷേ, സദ്ദാം ഹുസൈന്‍ ലോകമെങ്ങുമുള്ള അധിനിവേശ വിരുദ്ധരുടെ ആവേശമായിട്ടാണ് കൊലമരത്തില്‍ തൂങ്ങിയാടിയത്. അധിനിവേശ സേനയായിരുന്നു സദ്ദാമിനെ നിഷ്കാസിതനാക്കിയതും കെട്ടിത്തൂക്കി കൊന്നതും. അമേരിക്കക്കെതിരെ നിലകൊണ്ട ഖദ്ദാഫിയുടെ അന്ത്യം പക്ഷേ അതില്‍നിന്ന് വ്യത്യസ്തമായി സ്വന്തം ജനതയുടെ കൈകൊണ്ടായിപ്പോയി. ഏകാധിപതികള്‍ക്കായി ലോകം കാത്തുവെച്ചിരിക്കുന്ന ഒരു അന്തിമ വിധിയായിരിക്കാം ഒരുപക്ഷേ ഈ മരണം.

പല മാധ്യമങ്ങള്‍; വ്യത്യസ്ത മുഖങ്ങള്‍

ലണ്ടന്‍: ഖദ്ദാഫിയുടെ മരണ വാര്‍ത്ത ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വ്യത്യസ്ത മുഖങ്ങളോടെ. സിര്‍ത്തിന്‍െറ പതനവും ഖദ്ദാഫി വധവും ലിബിയന്‍ വിമോചന സമരത്തിന്‍െറ നിര്‍ണായക നിമിഷങ്ങളായി ചില മാധ്യമങ്ങള്‍ അടയാളപ്പെടുത്തിയപ്പോള്‍ മറ്റു ചിലത് പ്രതികാരച്ചുവയോടെയും അനിവാര്യമായ പതനമായുമാണ് സംഭവത്തെ വിലയിരുത്തിയത്.
ഈജിപ്തില്‍ന ിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍ അഹ്റാം ദിനപത്രം ഖദ്ദാഫി ‘പോരാട്ട ഭൂമിയില്‍ മരിച്ചുവീണുവെന്ന’ തലക്കെട്ടോടെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ഒപ്പം, തന്നെ കൊല്ലരുതെന്ന ഖദ്ദാഫിയുടെ യാചനയും മൃതദേഹത്തിന്‍െറ ചിത്രത്തോടൊപ്പം നല്‍കി. ‘അറബ് ലോകത്തെ ഏകാധിപതിയുടെ കഥ കഴിഞ്ഞു’വെന്നാണ് മറ്റൊരു അറബ് ദിനപത്രമായ ‘അശര്‍ഖ്’ലോകത്തെ അറിയിച്ചത്. ‘ആസ്ട്രേലിയന്‍’, സിഡ്നി മോണിങ് ഹെറാള്‍ഡ്  എന്നീ പത്രങ്ങള്‍ വിശേഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും മുതിരാതെ ഖദ്ദാഫി മരിച്ചുവെന്ന് നേരിട്ടെഴുതി. ഒപ്പം, സിര്‍ത് പിടിച്ച പോരാളികളുടെ ആഹ്ളാദ പ്രകടനങ്ങളുടെ ചിത്രവും.
ഖദ്ദാഫിക്ക് ക്രൂരവിധിയെന്നാണ് ഇന്‍റര്‍നാഷനല്‍ ഹെറാള്‍ഡ് ട്രൈബ്യൂണും ന്യൂയോര്‍ക് ടൈംസും വാഷിങ്ടണ്‍ പോസ്റ്റും  അറിയിച്ചത്.
ഖദ്ദാഫിയെ ഏകാധിപതിയായി ചിത്രീകരിച്ചായിരുന്നു മിക്ക പത്രങ്ങളും വാര്‍ത്തയെഴുതിയത്. ‘ഏകാധിപതിയുടെ അന്ത്യം’(ഐറിഷ് ഇന്‍ഡിപെന്‍ഡന്‍റ്), ഏകാധിപതിയോട് ദയയില്ല‘ (ഡെയ്ലി ടെലിഗ്രാഫ്), ഏകാധിപതിയുടെ അന്ത്യം (ദി ടൈംസ്, ഇന്‍ഡിപെന്‍ഡന്‍റ്, ദി ഗാര്‍ഡിയന്‍)  തുടങ്ങിയ തലക്കെട്ടുകളിലൂടെ പത്രങ്ങള്‍ തങ്ങളുടെ നിലപാട് കൂടി അറിയിച്ചു. ഖദ്ദാഫിയെ ‘ഭീരു’വെന്ന് ഡെയ്ലി ന്യൂസ്  വിശേഷിപ്പിച്ചപ്പോള്‍  ഡെയ്ലി സ്റ്റാര്‍ ‘ഭ്രാന്തന്‍ നായ’എന്നാണ് എഴുതിയത്. ലോക്കര്‍ബി ദുരന്തത്തിന്‍െറ പ്രതികാരമാണ് ഇപ്പോഴുണ്ടായതെന്നാണ് ദി സണ്‍ അഭിപ്രായപ്പെട്ടത്. മറുവശത്ത് യാങ്കി സേനയുടെ അനുയായികള്‍ ഖദ്ദാഫിയെ വധിച്ചുവെന്ന് മുഖ്യ തലക്കെട്ട് നല്‍കി ന്യൂയോര്‍ക് സിറ്റി പോസ്റ്റ് പാശ്ചാത്യമാധ്യമങ്ങളില്‍ വേറിട്ടുനിന്നു.

ജയിച്ചത് അമേരിക്കയുടെ ‘തിരശ്ശീലക്ക് പിന്നിലെ കളി’

വാഷിങ്ടണ്‍: 42 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിനാണ് ഖദ്ദാഫി വധത്തോടെ അന്ത്യമായതെങ്കിലും അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെ രാഷ്ട്രീയ വിജയം കൂടിയായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. തന്‍െറ രാജ്യം ‘പിറകില്‍ നിന്നുള്ള കളിയില്‍’ ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നുവെന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബി.ബി.സിയോട് പറഞ്ഞത്. മറ്റ് അറബ് രാഷ്ട്രങ്ങളില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങളില്‍നിന്നും വ്യത്യസ്തമായി ലിബിയയിലെ നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിന് (എന്‍.ടി.സി) അമേരിക്ക പിറകില്‍നിന്നും സഹായം ചെയ്തുകൊടുക്കുകയായിരുന്നുവത്രെ. ഈജിപ്ത്, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ സൈബര്‍ ലോകത്തിന്‍െറ സാധ്യതകൂടി ഉപയോഗപ്പെടുത്തിയുള്ള സമരമാണ് നടന്നതെങ്കില്‍ തുടക്കം മുതലേ നാറ്റോ സൈനികരുടെ സഹായത്തോടെയുള്ള വിമത മുന്നേറ്റമാണ് നടന്നത്.  ലിബിയയിലെ തന്ത്രപ്രധാനമായ പല സ്ഥലങ്ങളും എന്‍.ടി.സി പിടിച്ചടക്കിയത് നാറ്റോ സഹായത്തോടെയായിരുന്നു. പ്രക്ഷോഭം ആരംഭിച്ച് ഒരു മാസം കഴിയുന്നതിന് മുമ്പുതന്നെ നാറ്റോ സേന ലിബിയയില്‍ തങ്ങളുടെ ഓപറേഷന്‍ തുടങ്ങിയിരുന്നു. നാറ്റോയുടെ വ്യോമാക്രമണത്തിന്‍െറ അകമ്പടിയോടെയുള്ള വിമത സൈനിക മുന്നേറ്റം എന്ന തന്ത്രമാണ് തുടക്കം മുതലേ എന്‍.ടി.സി സ്വീകരിച്ചു പോന്നത്. വിമതരെ സഹായിക്കുകവഴി അമേരിക്ക തന്ത്രപരമായ ഇടപെടലാണ് ലിബിയയില്‍ നടത്തിയത്. ഏറ്റവുമൊടുവില്‍, സിര്‍ത്തില്‍ നടത്തിയ ഓപറേഷന്‍ പോലും ഇത്തരത്തിലുള്ളതായിരുന്നു. ഖദ്ദാഫിയുടെ വാഹനത്തിന് നേരെ ഫ്രഞ്ച് വിമാനം ആമ്രകണം നടത്തിയാണ് അദ്ദേഹത്തെ പിടികൂടിയതെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. മേഖലയില്‍ നാറ്റോ ഇടപെടലുകള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയ രാഷ്ട്രങ്ങളെയും സംഘടനകളെയും സഖ്യസേനക്ക് നേതൃത്വം നല്‍കിയ അമേരിക്ക അവഗണിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍, ഖദ്ദാഫിയുടെ മരണ വാര്‍ത്ത പുറത്തുവന്നതിന് ശേഷം ഒബാമയുടെ ആദ്യ പ്രതികരണവും ഇത്തരത്തിലുള്ളതാണ്. ലിബിയയില്‍ തന്‍െറ ഭരണകൂടം സ്വീകരിച്ച നിലപാടിന്‍െറ കൂടി വിജയമെന്നാണ് ഒബാമ പ്രസ്താവിച്ചത്. നാറ്റോ സൈന്യത്തെ മേഖലയില്‍നിന്നും പിന്‍വലിക്കുമെന്ന് ഒബാമയില്‍നിന്ന ് സൂചനയുണ്ടെങ്കിലും ഇറാഖിന്‍െറയും അഫ്ഗാന്‍െറയുമെല്ലാം അനുഭവത്തില്‍ അതത്ര എളുപ്പമാവില്ളെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
കഴിഞ്ഞ ആറു മാസത്തിനിടെ, അമേരിക്കയുടെയും ‘ലോകത്തിന്‍െറയും’ മൂന്ന് പ്രധാന ശത്രുക്കളെ ഒബാമ ഭരണകൂടം വകവരുത്തി എന്നാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണം. ഉസാമ ബിന്‍ ലാദിന്‍, യമനിലെ അന്‍വര്‍ അല്‍ ഒൗലാഖി, ഖദ്ദാഫി എന്നിവരെ ഇല്ലാതാക്കി അറബ് ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ വിജയത്തിലേക്ക് അടുക്കുന്നതായാണ് പ്രചാരണം.
ബ്രിട്ടനും ഫ്രാന്‍സിനുമൊപ്പം അമേരിക്ക ലിബിയയില്‍ ഇടപെട്ടത് റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കിടയില്‍ ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ ഈ പ്രചാരണത്തോടെ ഇല്ലാതാകുമെന്നാണ് കരുതേണ്ടത്. 2012ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇക്കാര്യം പ്രതിഫലിക്കുമെന്നതില്‍ സംശയമില്ല. രസകരമായ കാര്യം, അമേരിക്കയുടെ ഒരൊറ്റ സൈനികനും ലിബിയന്‍ ഓപറേഷനില്‍ പങ്കെടുത്തിട്ടില്ല എന്നതാണ്. മറിച്ച്, ബ്രിട്ടന്‍െറയും ഫ്രാന്‍സിന്‍െറയും ട്രൂപ്പുകള്‍ക്ക് സാങ്കേതിക സഹായം ചെയ്യുക മാത്രമാണ് അവര്‍ ചെയ്തത്. അറബ് ലോകത്ത്, പിറകില്‍ നിന്നുള്ള കളിയിലൂടെ ഒരിക്കല്‍കൂടി സാമ്രാജ്യത്വ അജണ്ട വിജയിക്കുകയായിരുന്നു.
ഖദ്ദാഫി വധത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്ത അമേരിക്കക്ക് അടുത്ത കാലംവരെ ലിബിയന്‍ ഏകാധിപതിയുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. 2008ല്‍, അന്നത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ലിബിയന്‍ നേതാവുമായി ഉണ്ടാക്കിയ എണ്ണ  കരാറും ഇതിനുദാഹരണമാണ്. 2006ല്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ ആയുധ ഇടപാടും നടത്തിയതിന് രേഖകളുണ്ട്. ചുരുക്കത്തില്‍, ഏകാധിപതിയെ വളര്‍ത്തി തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് എതിരായപ്പോള്‍ വകവരുത്തുന്ന ഏക്കാലത്തേയും സാമ്രാജ്യത്വ സമീപനം ഖദ്ദാഫിയുടെ കാര്യത്തിലും  ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്.

കടുത്ത ദ്രോഹം -ചാവെസ്

വെനിസ്വേല:  ഖദ്ദാഫിയുടെ മരണവാര്‍ത്ത തന്നെ അങ്ങേയറ്റം ദുഃഖിപ്പിച്ചതായി വെനിസ്വേലന്‍ പ്രസിഡന്‍റ് ഊഗോ ചാവെസ്. ‘കടുത്ത ദ്രോഹം...അവര്‍ അദ്ദേഹത്തെ കൊന്നു’ എന്നായിരുന്നു  ചാവെസിന്‍െറ ആദ്യ പ്രതികരണം.  ശക്തനായ പോരാളി, വിപ്ളവകാരി, രക്തസാക്ഷി  എന്നിങ്ങനെയൊക്കെയാകും അദ്ദേഹം എന്നും ജനങ്ങളുടെ മനസ്സിലുണ്ടാവുക. ലോകത്തെ കീഴടക്കുക എന്ന ലക്ഷ്യത്തോടെ സാമ്രാജ്യശക്തികള്‍ സഖ്യരാജ്യങ്ങളെ തീയിടുകയാണെന്നത് തന്നെ അങ്ങേയറ്റം വേദനിപ്പിക്കുന്നതായി ചാവെസ് പറഞ്ഞു.
ഫെബ്രുവരിയിലാരംഭിച്ച ലിബിയന്‍ പ്രക്ഷോഭത്തിനെതിരെ കടുത്ത വിയോജിപ്പാണ് ചാവെസ് തുടക്കം മുതലേ പ്രകടിപ്പിച്ചിരുന്നത്.  ലിബിയയിലെ എണ്ണ കവരാനുള്ള നാറ്റോ-പാശ്ചാത്യശക്തികളുടെ നാടകമാണിതെന്നും ചാവെസ് ആരോപിച്ചിരുന്നു.
ഖദ്ദാഫിയെ ‘സഹോദരന്‍’ എന്ന് വിശേഷിപ്പിക്കാറുള്ളചാവെസ് വിമത സേനയുടെ എന്‍.ടി.സിയെ അംഗീകരിക്കാന്‍ ഒരുക്കമല്ലായിരുന്നു. ലിബിയന്‍ നവ യു.എന്‍ അംഗത്തെ ‘ഡമ്മി’യെന്നാണ് ചാവെസ് വിശേഷിപ്പിച്ചത്. 2004ല്‍ മനുഷ്യാവകാശത്തിനുള്ള അല്‍ ഖദ്ദാഫി അന്താരാഷ്ട്ര പുരസ്കാരത്തിന്  അര്‍ഹനായിരുന്നു ചാവെസ്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment