Published on Thu, 11/03/2011 -

തുനീഷ്യയിലെ ഗുരുതര പ്രശ്നം തൊഴിലില്ലായ്മ
ദോഹ: തുനീഷ്യ അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം തൊഴിലില്ലായ്മ ആണെന്നും അത് പരിഹരിക്കാനുള്ള തീവ്രശ്രമമാണ് പുതിയ ഭരണകൂടം നടത്തുകയെന്നും അന്നഹ്ദ പാര്‍ട്ടി ചെയര്‍മാന്‍ റാശിദുല്‍ ഗനൂശി. ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ‘ഗള്‍ഫ്മാധ്യമ’ത്തിനനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ ഭരണകൂടം നടത്തിയ അഴിമതിയുടെ ഫലമായി ഗുരുതരമായ പ്രശ്നങ്ങളാണ് രാഷ്ട്രം അനുഭവിക്കുന്നത്. പത്തു ദിവസത്തിനകം അന്നഹ്ദയുടെ നേതൃത്വത്തില്‍ നിലവില്‍വരുന്ന ഭരണകൂടത്തിന് അനേകം പ്രശ്നങ്ങള്‍ നേരിടേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടാണ് തങ്ങള്‍ നേടിയത്. തൊട്ടടുത്ത് നില്‍ക്കുന്ന കക്ഷികളുമായി മന്ത്രിസഭാ രൂപവത്കരണത്തെക്കുറിച്ച ചര്‍ച്ച നടന്നുവരുകയാണ്. തങ്ങള്‍ക്ക് ലഭിച്ച ജനപിന്തുണ ഈ കക്ഷികളൊക്കെ അംഗീകരിക്കുന്നുണ്ട്.
സ്ത്രീസ്വാതന്ത്ര്യം, ടൂറിസം വികസനം തുടങ്ങിയ വിഷയങ്ങളില്‍ അന്നഹ്ദയുടെ വിജയത്തോടെ രാഷ്ട്രം പിന്നോട്ടുപോകുമെന്ന പ്രചാരണത്തെ പരാമര്‍ശിച്ച്, സ്ത്രീകളുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുമെന്നും ജനങ്ങളുടെ ഭക്ഷണ, വസ്ത്രധാരണ രീതികള്‍ നിയന്ത്രിക്കുകയോ വ്യക്തിനിയമങ്ങളില്‍ കൈകടത്തുകയോ ചെയ്യില്ളെന്നും ഗനൂശി വ്യക്തമാക്കി.
 തൊഴിലില്ലായ്മ പരിഹരിക്കാനും ആഭ്യന്തര സുരക്ഷയും നീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കാനുമാണ് മുന്‍ഗണന. ഭരണഘടനാ അസംബ്ളി തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടന്നത്. ഒരു വര്‍ഷം കഴിഞ്ഞാല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കും. തുനീഷ്യയിലെ ഫലം ഈജിപ്ഷ്യന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് പരിസര രാഷ്ട്രങ്ങളിലെല്ലാം ഇതിന്‍െറ ശക്തമായ പ്രതിഫലനം കാണാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തെ മാഫിയകളാണ് ചില ഭാഗങ്ങളില്‍ നടക്കുന്ന കുഴപ്പങ്ങള്‍ക്കു പിന്നില്‍. ഈ കലാപങ്ങള്‍ അവസാനിപ്പിക്കുകതന്നെ ചെയ്യും.
കഴിഞ്ഞ ഭരണകാലത്തെ അധികാരികളോടോ ഉദ്യോഗസ്ഥരോടോ പകപോക്കല്‍ നയം ഉണ്ടാകില്ല. എന്നാല്‍, ചെയ്ത കുറ്റങ്ങള്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടിവരും. അല്‍ജസീറ ചാനലും ഡോ. യൂസുഫുല്‍ ഖറദാവിയും മാത്രമല്ല ഖത്തര്‍ ഭരണകൂടം തന്നെ അറബ് വിപ്ളവങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയിരുന്നു.
തുനീഷ്യ ഉള്‍പ്പെടെ അറബ് വസന്തം വിജയിച്ച രാഷ്ട്രങ്ങളിലെല്ലാം വന്‍ നിക്ഷേപത്തിന് ഖത്തര്‍ തയാറാണെന്ന് അമീര്‍  ശൈഖ് ഹമദ് ബിന്‍ ഖലീഫ ഉറപ്പുനല്‍കിയതായി ഗനൂശി അറിയിച്ചു. രാഷ്ട്രഭരണത്തില്‍ ഏതെങ്കിലും പദവിയോ ആത്മീയാചാര്യസ്ഥാനമോ വഹിക്കുമോ എന്ന ചോദ്യത്തിന് വിജയിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മാത്രമായിരിക്കും താനെന്നായിരുന്നു മറുപടി.
ഖത്തര്‍ അമീറിന് പുറമെ കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, ഉപപ്രധാനമന്ത്രി അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതിയ്യ എന്നിവരുമായി സംഭാഷണം നടത്തിയ ഗനൂശി അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവിയെയും സന്ദര്‍ശിച്ചു.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment